എന്റെ ചിന്തകൾ

Monday, August 29, 2011

വഴിയോരക്കാഴ്ചകൾ, ചില മനുഷ്യജീവിതങ്ങളും

യാത്രകൾ പൊതുവെ എനിക്കത്ര താല്പര്യമുള്ള കാര്യമല്ല. സാധിക്കുമെങ്കിൽ ഒരു കോണിൽ മടിപിടിച്ചിരിക്കാനാണ് താല്പര്യം. പക്ഷെ നാം കരുതുന്നതുപോലെത്തന്നെയാകണമെന്നില്ലല്ലൊ ജീവിതം, യാത്രകൾ അനിവാര്യമാകുന്നു.



ഈയടുത്തായി ക്യാമറ കുറേക്കൂടി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു ഞാൻ.
പല യാത്രകളിലായി ഞാൻ ക്യാമറാക്കണ്ണിലൂടെ കണ്ട ചില ദൃശ്യങ്ങളാണിവ. ബസിലും കാറിലും തീവണ്ടിയിലുമൊക്കെ ജനാലക്കടുത്തിരുന്ന് എടുത്തതാണിവ. കേരളവും തമിഴ്നാടും ബാംഗ്ലൂരുമൊക്കെയുണ്ടിതിൽ.
വാഹനത്തിന്റെ സ്പീഡ് മൂലം അത്ര നല്ല ചിത്രങ്ങളായി ഇവ വന്നിട്ടൊന്നുമില്ല. ഫോക്കസ് ചെയ്യാൻ പോലും സമയം കിട്ടിയിട്ടുമില്ല. എങ്കിലും, ചില ചെറിയ ശ്രമങ്ങൾ.



വികസനം വരുന്ന വഴികൾ, പക്ഷെ ദൂരമേറെ താണ്ടാനുണ്ടിനിയും....




വികസനം വന്നുവന്ന് ഈ നിലയിലെത്തേണ്ടേ നമുക്ക്?




അങ്ങിനെ, കാര്യങ്ങൾ ഇവിടം വരെയെത്തി. പക്ഷെ മനുഷ്യാവസ്ഥകളോ???







സ്വപ്നങ്ങളൊരുപാട് ബാക്കിയെങ്കിലും മനുഷ്യൻ മുന്നോട്ട്....





നിലനിൽപ്പിന് അവന് അദ്ധ്വാനം മാത്രം








ഭാവി സ്വപ്നം കണ്ട് ചില യാത്രകൾ





ഭാവി വാഗ്ദാനം ചെയ്യുന്നവരും




ഇതിനിടയിൽ അക്ഷമയോടെ കാത്തിരിക്കുന്നവരും ഓട്ടപ്പാച്ചിലിലേർപ്പെടുന്നവരും





ഒരല്പം സാവകാശമുള്ളവരും...







ബാക്കിയായവ....







കൂട്ടിന് പ്രകൃതിയും





പ്രകൃതിയുടെ ശത്രുവും..



പിന്നെ അപ്പൂട്ടനും

Monday, August 8, 2011

Natural Selection and Natural Process



പർവതങ്ങൾ ഉണ്ടാകുന്നത് Natural Selection മൂലമാണോ എന്നൊരു സംശയം സുബൈർ എന്ന ബ്ലോഗർ ഉന്നയിച്ചിരുന്നു. ഇത് കുറച്ചുകാലമായി നടക്കുന്ന ഒരു ചർച്ചയാണ്. എന്റെ ഓർമ ശരിയാണെങ്കിൽ കാളിദാസൻ എന്ന ബ്ലോഗറുമായുള്ള ചൂടുപിടിച്ച സംവാദങ്ങൾക്കിടയിൽ എപ്പോഴോ വന്ന ഒരു വിഷയമാണിത്. പല ബ്ലോഗുകളിലും പല പോസ്റ്റുകളിലും സുബൈർ ഇടയ്ക്കിടെ ഈയൊരു സംശയവുമായി വന്നിരുന്നു. പലയിടത്തും Natural Selection ആണോ Natural Process, രണ്ടും ഒന്നാണോ എന്നിങ്ങിനെയുള്ള സംശയങ്ങൾ ചോദിച്ചിരുന്നു. രവിചന്ദ്രന്റെ ബ്ലോഗിലും ഇതേ സംശയം സുബൈർ ചോദിക്കുകയുണ്ടായി. രവിചന്ദ്രന്റെ ഉത്തരത്തിൽ തൃപ്തനാകാഞ്ഞിട്ടായിരിക്കാം, സുബൈർ ആ ചർച്ചാശകലങ്ങൾ സ്വന്തം ബ്ലോഗിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനുള്ള ഒരു ഉത്തരം നൽകാനായി ഞാൻ മറുപടി എഴുതിത്തുടങ്ങിയതായിരുന്നു. ഏറെ വലുതായതിനാലും കമന്റ് ബോക്സിൽ ഉൾക്കൊള്ളിക്കാൻ ബുദ്ധിമുട്ടുള്ളതിനാലും അതൊരു പോസ്റ്റ് ആക്കുന്നു.

പ്രധാനമായും സുബൈറിന്റെ ചോദ്യങ്ങൾ ഇവയാണ്.
Natural Selection ആണോ Natural Process, അഥവാ Natural Process ആണോ Natural Selection.
Natural Selection ഒരു Random Process ആണോ?
Natural Selection വഴിയാണോ പർവതങ്ങൾ ഉണ്ടായത്? ജീവൻ ഉണ്ടായത്?
ലോകത്ത് Natural Selection വഴിയല്ലാതെ ഒന്നും നടക്കുന്നില്ല എന്ന പ്രസ്താവന ശരിയാണോ?

നാച്ചുറൽ സെലക്ഷൻ എന്നതിനെക്കുറിച്ച് ഡാർവിൻ എന്തു പറഞ്ഞിരിക്കുന്നു എന്നത് നോക്കാം. കൂടുതൽ എഴുതുന്നില്ല, പ്രസക്തമായ ഭാഗം മാത്രം എടുത്തെഴുതുന്നു.

But if variations useful to any organic being do occur, assuredly individuals thus characterised will have the best chance of being preserved in the struggle for life; and from the strong principle of inheritance they will tend to produce offspring similarly characterised. This principle of preservation, I have called, for the sake of brevity, Natural Selection. Natural selection, on the principle of qualities being inherited at corresponding ages, can modify the egg, seed, or young, as easily as the adult.

ഇതാണ് ഡാർവിൻ നൽകുന്ന നിർവചനം. എന്നുവെച്ചാൽ, നിലനിൽപ്പിനെ സഹായിക്കുന്ന ഈ തത്വത്തെ ചുരുക്കത്തിൽ നാച്ചുറൽ സെലക്ഷൻ എന്ന് ഡാർവിൻ വിളിക്കുന്നു.

ഒരു phrase നാം പലയിടത്തും ഉപയോഗിക്കാറില്ലേ? ഓരോയിടത്തും തത്വം ഒന്നാണെങ്കിലും പ്രവർത്തനം വ്യത്യസ്തരീതിയിലായിരിക്കാം. Stress എന്ന പദം മാനസികമാകാം, ശാരീരികമാകാം, മെക്കാനിക്കൽ ആകാം. ഇവിടെയൊക്കെ stress ഉണ്ടാക്കുന്ന, അല്ലെങ്കിൽ ഉണ്ടാകുന്ന, രീതി വ്യത്യസ്തമായിരിക്കാം. പക്ഷെ തത്വത്തിൽ stress എന്ന് പറയുമ്പോൾ നാം ഉദ്ദേശിക്കുന്നത് അതനുഭവിക്കുന്ന entity അതിന്റെ പരമാവധി endurance capacity-യുടെ അടുത്തെവിടെയൊ ഉള്ള അവസ്ഥയിൽ ചൂഷണം ചെയ്യപ്പെടുകയാണ് എന്നതല്ലേ?

What’s a Process? 
ഒരു പ്രോസസിനെ കുറേ സബ്‌-പ്രോസസുകളായും അവയെത്തന്നെ വീണ്ടും വിഭജിക്കാം, finally, സാധിക്കുമെങ്കിൽ, വിഭജിക്കാനാവാത്തവിധം individual steps ആക്കാം. ചുരുക്കത്തിൽ ഒരു പ്രോസസ് എന്നാൽ നിരവധി (എണ്ണിയാലൊടുങ്ങാത്ത എന്നും പറയാം) സ്റ്റെപ്പുകളുടെ ഒരു കളക്ഷൻ ആണ്. 

നിങ്ങൾ ചുവരിൽ ആണിയടിക്കുകയാണെന്നു കരുതുക. അതൊരു പ്രോസസ് ആണ്. ആണികളുടെ പാക്കറ്റ് തയ്യാറാക്കി വെയ്ക്കുക, ചുറ്റിക സൗകര്യത്തിന് റെഡിയാക്കി വെയ്ക്കുക, ചുവരിൽ സ്ഥാനം നിർണയിക്കുക, ആണിയെടുക്കുക, ചുറ്റികയെടുക്കുക, ചുവരിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥാനത്ത് ആണി വെയ്ക്കുക, ചുറ്റികയുപയോഗിച്ച് (example) 10 തവണ ആണിയിലടിക്കുക, അവസാനം ആണിയുടെ ഉറപ്പ് പരിശോധിക്കുക. ചുരുങ്ങിയത് ഇത്രയും സബ്‌പ്രോസസുകളെങ്കിലും ഇവിടെയുണ്ട്. 
ഇതിലോരോന്നിനേയും വീണ്ടും വിഭജിക്കാം.ആണികളുടെ പാക്കറ്റ് എവിടെയാണ് വെച്ചിരിക്കുന്നത് എന്നത് ഓർത്തെടുക്കുക, അങ്ങോട്ട് നടക്കുക, പാക്കറ്റ് കണ്ടെത്തുക, പാക്കറ്റിനു നേരെ കൈ നീട്ടുക, പാക്കറ്റ് പിടിക്കുക, പാക്കറ്റ് പൊക്കുക, സ്വന്തം ശരീരത്തിനടുത്തേക്ക് കൊണ്ടുവരിക എന്നിങ്ങിനെ പല സബ്‌പ്രോസസുകളും ആദ്യത്തെ സബ്‌പ്രോസസിൽ തന്നെയുണ്ട്. 

ഇങ്ങിനെ വിഭജിച്ച് വിഭജിച്ച് അവസാനം സ്റ്റെപ്പുകളിലേക്കെത്താം (കൂടുതൽ നീട്ടുന്നില്ല, വിസ്താരഭയം!!!)

ഇതിലേതെങ്കിലുമൊക്കെ, ഒന്നോ അതിലധികമോ, സ്റ്റെപ്പുകൾ റാൻഡം ആയേക്കാം. ഉദാഹരണത്തിന്, ആണിയെവിടെ വെച്ചിരിക്കുന്നു എന്നത് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ തലച്ചോറിൽ തെളിയുന്ന ഇടങ്ങൾ റാൻഡം ആയി പ്രത്യക്ഷപ്പെടാം. എന്നാൽ ഓരോ സാധ്യതയേയും പരിഗണിച്ച് തലച്ചോറ് ഉചിതമായ തീരുമാനം പറയും, തെറ്റായ സാധ്യതകളെ തള്ളിക്കളയും (ചിലപ്പോൾ ആയിടത്തേക്ക് ചെന്നു നോക്കിയിട്ട് വേണ്ടിവന്നേയ്ക്കാം ഇത്). Which means, there is a selection involved there. റാൻഡം ആയ നിരവധി സാധ്യതകൾ പരിഗണിച്ച് തെറ്റായ (നിലനിൽക്കാത്ത) സാധ്യതകളെ തള്ളിക്കളഞ്ഞ് അവസാനം ശരിയായ (നിലനിൽക്കുന്ന) സാധ്യതയെ തെരഞ്ഞെടുക്കുന്നു.

Coming to the big question, what is Natural Selection and Natural Process?

നാച്ചുറൽ സെലക്ഷൻ എന്നത് ഒരു നാച്ചുറൽ പ്രോസസിന്റെ ഭാഗമാകാം, അതിലെ ഒരു സ്റ്റെപ് ആയി പരിഗണിക്കാമെന്നർത്ഥം. നാച്ചുറൽ സെലക്ഷനകത്ത് നാച്ചുറൽ പ്രോസസുകൾ പലതും ഉണ്ടാകാം. നമ്മുടെ അളവുകോൽ ഏത് എന്നതിനനുസരിച്ചിരിക്കും ഒന്ന് മറ്റൊന്നിന്റെ ഭാഗമാകുന്നത്.

Is it random?
There is no process which is purely random. പരിപൂർണമായും റാൻഡം ആയ സ്റ്റെപ്പുകൾ വെച്ച് ഒരു പ്രോസസ് ഉണ്ടാകില്ല. നേരത്തെ പറഞ്ഞതുപോലെ, ഒരു പ്രോസസിൽ ഒന്നോ അതിലധികമോ റാൻഡം സ്റ്റെപ്പുകൾ ഉണ്ടാകാം. പക്ഷെ അവയ്ക്ക് സാഹചര്യമൊരുക്കുന്നതോ പിന്തുടരുന്നതോ ആയ സ്റ്റെപ്പുകൾ, almost always, non-random ആയിരിക്കും. ഒരു റാൻഡം സ്റ്റെപ്പ് സംഭവിക്കുമ്പോൾ അതനുഭവിക്കുന്ന entity നിലനിൽക്കാനോ നശിച്ചുപോകാനോ ആയി പല non-random സ്റ്റെപ്പുകളും ഉണ്ടാവും. ആ sub-process terminate ചെയ്യണമെങ്കിൽ നടന്ന random step mitigate ചെയ്യാനായി ഒരു non-random step കൂടിയേ തീരൂ. (ഈ termination എന്നത് entity-യുടെ termination അല്ല എന്നതുകൂടി പറയട്ടെ) ഒരു റാൻഡം സ്റ്റെപ്പിനെ തുടർന്നുവരുന്ന non-random steps ആണ് പിന്നീടുള്ള പ്രോസസ് നിർണയിക്കുന്നത്. It could end up in the improvement, deterioration or even termination of the entity. ചുരുക്കിപ്പറഞ്ഞാൽ ഏത് പ്രോസസും, എത്രമാത്രം random steps അടങ്ങിയവയാണെങ്കിലും, മുന്നോട്ടു നീങ്ങണമെങ്കിൽ Natural Selection കൂടിയേ തീരൂ. പ്രസ്തുത entity ഇല്ലാതാകുന്നതുപോലും ഒരു Natural Selection step ആണ്. Even if we use the term abnormal termination, it’s not as unnatural as we think. It’s just that there is no recovery possible.

Natural Selection എന്നാൽ നിരവധി സാധ്യതകളിൽ നിലനിൽക്കാനിടയുള്ള ഒരു സാധ്യതയുടെ തെരഞ്ഞെടുപ്പാണ് എന്ന് രവിചന്ദ്രൻ പറയുകയുണ്ടായി. ആ അർത്ഥത്തിലേ ഇതിനെ കാണേണ്ടതുള്ളൂ. ഡാർവിൻ for the sake of brevity എന്ന് പറയുന്നു, അത് മറ്റൊരു സാഹചര്യത്തിൽ ഉപയോഗിക്കരുത് എന്ന അർത്ഥം വരുന്നേയില്ല.

പർവതങ്ങൾ ഉണ്ടായത് Natural Selection മൂലമാണോ?
Plate tectonics ഒന്നും എനിക്ക് വലിയ പിടിയുള്ള വിഷയമല്ല. പർവതങ്ങൾ ഉണ്ടാകുന്നതിന് നിരവധി പ്രോസസുകൾ ഉണ്ട് എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അതിലേതായാലും underlying principle, in terms of executing the process, വ്യത്യാസമില്ല. 
Tectonic Plate interactions ആണ്, ultimately, പർവതരൂപീകരണത്തിൽ കലാശിക്കുന്നത് എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത് (തെറ്റുണ്ടെങ്കിൽ അറിവുള്ളവർ തിരുത്തുക) ഇവയ്ക്കിടയിൽ non-random ആയി എന്തെങ്കിലും സംഭവിയ്ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷെ ഏതെല്ലാം സ്റ്റെപ് random ആയാലും ഉണ്ടായ formation നിലനിൽക്കണമെങ്കിലും നശിച്ചുപോകണമെങ്കിലും പിന്നീടൊരു non-random step-എങ്കിലും വേണം. 
ഒരു ഉദാഹരണം നോക്കാം. പ്ലേറ്റുകൾക്കിടയിൽ ഒരു thrust ഉണ്ടാകുമ്പോൾ അതിനെ നേരിടാനായി എന്തെങ്കിലുമൊരു മെക്കാനിസം ആവശ്യമാണ്. അതിലൊന്നാണ് thrust ഉണ്ടാകുന്നിടത്ത് പ്ലേറ്റ് ഒന്നു മടങ്ങി ഉയർന്നു നിൽക്കുക എന്നത്. മറ്റു സാധ്യതകളും ഉണ്ടാകാം, ഉദാഹരണമായി, ചിലപ്പോൾ ആ പ്രഷർ വെച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാം. പക്ഷെ അതെല്ലാം ഈ പ്ലേറ്റുകളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിലുള്ളവ ആണെങ്കിൽ, ഏറ്റവും അനുയോജ്യമായ മെക്കാനിസം folding ആണെന്നുവരും. സ്വാഭാവികമായും പ്രതലത്തിൽ ഒരു ഉയർന്ന ഭാഗം നിലവിൽ വരും. ഈ മെക്കാനിസം തെരഞ്ഞെടുക്കപ്പെടുകയാണ് സംഭവിയ്ക്കുന്നത്. So, where do we stand?
ആദ്യജീവൻ ഉണ്ടായത് ഒറ്റയടിക്ക് ചില molecules കൂടിച്ചേർന്നതിനാലല്ലല്ലൊ. ഓരോ building block-ഉം നിലനിന്നിരുന്നെങ്കിൽ മാത്രമേ അവയ്ക്ക് മുന്നോട്ട് പോകാനാകുമായിരുന്നുള്ളൂ. Unstable ones would’ve got discarded soon, or would not have replicated to survive and expand. അവിടെയും ഒരു നാച്ചുറൽ സെലക്ഷൻ നടക്കാതിരിക്കാൻ സാധിക്കില്ലതന്നെ. ഇനി അഥവാ ഒറ്റയടിക്ക് ഒരു molecule ഉണ്ടായതാണെങ്കിൽത്തന്നെ അതിന് നിലനിക്കണമെങ്കിൽ നാച്ചുറൽ സെലക്ഷന്റെ scrutiny അതിജീവിച്ചേ മതിയാകൂ. അങ്ങിനെ അതിജീവിച്ചതാണ് നാം ഇക്കാണുന്ന ജീവന്റെയെല്ലാം തുടക്കം. മറ്റുസാദ്ധ്യതകൾ, (molecules) ഇപ്പോൾ പ്രസക്തമല്ല, കാരണം അവ അതിജീവിച്ചില്ല, സ്വാഭാവികമായും അവ ആദ്യജീവനായി പരിഗണന അർഹിക്കുന്നുമില്ല.

കൽക്കി എന്ന ബ്ലോഗറുടെ ഒരു സംശയം കൂടി ഇവിടെ പ്രതിപാദിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.

പ്രകൃതിനിർദ്ധാരണത്തിൽ തെരഞ്ഞെടുപ്പ് ആരാണ് നടത്തുന്നത് എന്നൊരു സംശയം അദ്ദേഹം ചോദിച്ചിരുന്നു. എന്നുവെച്ചാൽ ഇതാണ് അനുയോജ്യമായത് എന്ന തീരുമാനം ആരു നടത്തുന്നു?
ഇതിനുത്തരമായി ഞാൻ പറയുകയുണ്ടായി അനുയോജ്യമായത് തെരഞ്ഞെടുക്കുക എന്നതിലല്ല, യോഗ്യമല്ലാത്തത് തള്ളിക്കളയുക എന്നതിലാണ് Natural Selection പ്രവർത്തിക്കുന്നത് എന്ന്.

Selection എന്നത്, നാം പൊതുവെ കാണുന്നത്, ഒന്ന് എടുക്കുക എന്ന തരത്തിലാണ്. പക്ഷെ ശരിയായ അർത്ഥത്തിൽ നാം എടുക്കുക അല്ല ചെയ്യുന്നത്, തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഷർട്ടിനനുയോജ്യമായ ടൈ തെരഞ്ഞെടുക്കുക എന്ന പ്രവൃത്തി നാം ചെയ്യുമ്പോൾ സത്യത്തിൽ എന്താണ് സംഭവിയ്ക്കുന്നത്. കൈയിലുള്ള മൂന്നോ നാലോ ടൈകളിൽ ഏതെങ്കിലുമൊന്ന് എടുക്കുന്നതായാണ് അതിന്റെ end result നമുക്കനുഭവപ്പെടുക. പക്ഷെ നാം ചെയ്യുന്നത് സത്യത്തിൽ ചേരാത്ത ടൈകളെ ഒഴിവാക്കുകയാണ്. കൈയിലുള്ള options നോക്കി ഓരോന്നും ഷർട്ടിനോട് ചേർത്തുവെച്ച് (യഥാർത്ഥത്തിൽ ചേർത്തുവെച്ചോ അല്ലെങ്കിൽ ഭാവനയിൽ കണ്ടോ) യോജിക്കില്ല എന്ന് മനസിലാക്കുമ്പോൾ options ഓരോന്നായി തള്ളിക്കളഞ്ഞ് അവസാനം ഏറ്റവും യോഗ്യമായത് എടുക്കുന്നു. അതും ഉള്ളതിൽ മെച്ചം എന്നേയുള്ളൂ, അല്ലാതെ ഒരു perfect match ഇവിടെ ഇല്ലതന്നെ. അതുതന്നെ, പ്രസ്തുത സാഹചര്യത്തിൽ മാത്രം പ്രസക്തമാകുന്നതാണുതാനും. നാളെ കുറേക്കൂടി അനുയോജ്യമായ ടൈ കിട്ടിയാൽ ഇന്നത്തെ സെലക്ഷൻ ആകില്ല നാളെ, ഇന്നത്തെ സെലക്ഷൻ തള്ളിപ്പോകാം.

Natural Selection also works out the same way. ഒരു മാറ്റത്തിന് (ആന്തരികമോ ബാഹ്യമോ ആകാം) മുന്നോട്ടുള്ള പോക്ക് നിശ്ചയിക്കുക എന്ന പ്രക്രിയയിൽ സംഭവിയ്ക്കുന്നത് ആ മാറ്റം പ്രസ്തുതജീവിയ്ക്ക് നിലനിൽപ്പിനെ ഏതുതരത്തിൽ ബാധിക്കുന്നു എന്നതിനനുസരിച്ചിരിക്കും. മാറ്റം മൂലം നിലനിൽപ്പ് അപകടത്തിലാകുകയാണെങ്കിൽ ആ മാറ്റം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ല. മാറ്റത്തിന് വിധേയമായ ജീവികളുടെ (ചില തലമുറകൾ ഈ മാറ്റം ഏറ്റെടുത്തുവെങ്കിൽ) മരണത്തോടെ ആ മാറ്റവും തമസ്കരിക്കപ്പെടും. അവസാനം ബാക്കിയാവുന്നത് പ്രസ്തുതജീവിവർഗത്തിന്റെ നിലനിൽപ്പിനെ സഹായിക്കുന്ന (കുറഞ്ഞപക്ഷം പ്രതികൂലമായി ബാധിക്കാത്ത) മാറ്റങ്ങൾ മാത്രമായിരിക്കും.

A footnote:


ചില വാക്കുകൾ പ്രയോഗിച്ച് അങ്ങോട്ടുമിങ്ങോട്ടും വാഗ്വാദങ്ങൾ നടത്തുന്നതുകാണുമ്പോൾ അല്പം വിഷമം തോന്നാറുണ്ട്. അതാണോ ഇത്, ഇതുതന്നെയോ മറ്റിടത്തും എന്നൊക്കെ വാക്കുകളിൽ പിടിച്ച് സംവാദം നടത്തുന്നതിൽ, അത് "ഇയാൾക്ക് ഒന്നുമറിയില്ലേ" എന്ന് വിലയിരുത്തുവാൻ പ്രയോഗിക്കുന്നതിൽ, പ്രത്യേകിച്ച് ആർക്കും ഗുണമൊന്നും ഞാൻ കാണുന്നില്ല. നാച്ചുറൽ സെലക്ഷൻ ഇല്ലാത്ത പ്രോസസ് എന്തെങ്കിലും പ്രപഞ്ചത്തിൽ നടക്കുന്നുണ്ടോ എന്ന ചോദ്യം വരുന്നതിനുമുൻപ് നാച്ചുറൽ സെലക്ഷൻ എന്തെന്നും പ്രോസസ് എന്തെന്നും വിശദീകരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി, അത്രയേ ഞാൻ ഇവിടെ ഉദ്ദേശിച്ചിട്ടുമുള്ളൂ.



Monday, July 4, 2011

അമിതമായാൽ??

ഭാഗ്യവാൻ എന്ന പേരുള്ള ഒരു സിനിമ കണ്ടിട്ടുണ്ട്. അലഭ്യലഭ്യശ്രീ എന്ന ഒരു പ്രത്യേക ജാതകവിശേഷമുള്ള ഒരു കഥാപാത്രത്തിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളാണ് സിനിമയുടെ പ്രമേയം. അയാളിരിക്കുന്നിടത്ത് അയാൾക്കൊഴിച്ച് മറ്റെല്ലാവർക്കും ഭാഗ്യം വരും, നിധി കിട്ടാം, ദോഷങ്ങൾ മാറിക്കിട്ടാം, മറ്റുരീതികളിൽ ഭാഗ്യം വരാം… ചുരുക്കിപ്പറഞ്ഞാൽ അവനവനൊഴിച്ച് മറ്റുള്ളവർക്കെല്ലാം ഇയാളെക്കൊണ്ട് ഗുണമുണ്ട്. അയാളെ തടവിൽ വെക്കാൻ വരെ ചിലർ ശ്രമിക്കുന്നതും മറ്റും കാണുമ്പോൾ ഒരു പാവം മനുഷ്യന് വരാനുള്ളതിൽ വെച്ച് ഏറ്റവും വലിയ ഗതികേടാണ് എന്ന് ആർക്കും തോന്നിപ്പോകും.


ഭാഗ്യം പോലും അമിതമായാലും ബുദ്ധിമുട്ടാണ്. ധനത്തിന്റെ കാര്യമാണെങ്കിൽ പറയാനുമില്ല.

കുറച്ചുനാളായി തിരുവനന്തപുരത്ത് ആരെക്കണ്ടാലും പറയാൻ ഒരു വർത്തമാനമേയുള്ളൂ, ഇന്നത്തെ സ്കോർ. ഓരോ ദിവസവും വരുന്ന കണക്കനുസരിച്ച് ചർച്ച ചെയ്യുക എന്നത് ഈയടുത്തായി തിരുവനന്തപുരത്തുകാർക്ക് ഒരു ശീലം പോലെയായിരിക്കുന്നു. പുതിയ കണക്കുകൾ വരുന്നതിനനുസരിച്ച് ചർച്ചകളും പ്രസ്താവനകളും ഭീഷണികളും ആക്രമണങ്ങൾ വരെയും നടക്കുന്നുണ്ട്.

ശ്രീപത്മനാഭാ... ഇത്രയും കാലം നീ ഇക്കണ്ട സ്വത്തിന് മുഴുവൻ എങ്ങിനെ കാവലിരുന്നു (കിടന്നു എന്നും പറയാം) എന്നെനിക്കറിയില്ല, ഇനി കാര്യം കൈവിട്ടുപോയീ.
നിലവറകളിൽ സൂക്ഷിച്ചിട്ടുള്ള സമ്പത്തിന്റെ മൂല്യം ഞെട്ടിക്കുന്നതാണ്. 90,000 കോടി എന്നത് ഒരു ചെറിയ തുകയൊന്നുമല്ലല്ലൊ. ഇന്നത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ (അതോ ലോകത്തിലെ തന്നെയോ) ഏറ്റവും ധനവാനായ ദൈവമാണ് ശ്രീപത്മനാഭൻ. (ലേറ്റസ്റ്റ് സ്കോർ അറിയില്ല, ശ്രദ്ധിച്ചുമില്ല)

ഇതിൽ പുലിവാല് പിടിച്ചത് കേരളസർക്കാർ തന്നെയാണ്. ഇത്രയുമധികം ധനം കൊണ്ട് എന്ത് ചെയ്യാം എന്നതിന് പലരും അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു (അതിലേക്ക് പിന്നെ വരാം). ഇതെങ്ങിനെ സൂക്ഷിക്കും എന്നതും ഒരു വിഷയം തന്നെയാണ്. ദൈവത്തിന്റെ (ദൈവത്തിന്റെ മാത്രം) സ്വത്താണ് എന്ന വാദം അംഗീകരിച്ചാൽ ഒരുമാതിരി നിധി കാക്കുന്ന ഭൂതത്തിന്റെ അവസ്ഥയാവും സർക്കാരിന്റേത്. ഒരു ഗുണവുമില്ല, എന്നാൽ ബാധ്യതകൾ ധാരാളമുണ്ടുതാനും. ഇതിനൊക്കെ കാവലേർപ്പെടുത്തണം, കൃത്യം സമയങ്ങളിൽ ഓഡിറ്റ് നടത്തണം, കണക്കുകൾ കൃത്യമാകണം (ഒരു നയാസ്വർണപ്പൈസ പോലും നഷ്ടമാകരുത്)…..
ശരിക്കും അലഭ്യലഭ്യശ്രീ... (ഞാനൊന്ന് ചിരിച്ചോട്ടെ)

ആദ്യം ചില ന്യൂസ് ബിറ്റുകൾ (എല്ലാം മാതൃഭൂമിയിലേത്)


ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുവകകള് ഹിന്ദുക്കളുടെ പൊതുക്ഷേമത്തിന് ഉപയോഗപ്പെടുത്തണം - ഐക്യവേദി

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകളില് നിന്നും കണ്ടെടുത്ത വസ്തുവകകള് ക്ഷേത്രത്തിന്റെ സ്വത്താകയാല് സുരക്ഷിതമായി അതേസ്ഥാനത്ത് സൂക്ഷിക്കുകയും ഹിന്ദുക്കളുടെ പൊതുക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്ന് ഹിന്ദുഐക്യവേദി ജനറല് സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
എണ്ണിത്തിട്ടപ്പെടുത്തിയവ സര്ക്കാരിലേക്ക് മുതല് കൂട്ടുവാന് നടത്തുന്ന ഏതൊരു ശ്രമത്തേയും സര്വശക്തിയുമുപയോഗിച്ച് എതിര്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില് പൂജയ്ക്കും നിത്യാനുഷ്ഠാനങ്ങള്ക്കും വേണ്ടി മഹാരാജാവ് സ്വരൂപിച്ചവയും ഭക്തജനങ്ങള് വഴിപാടായി സമര്പ്പിച്ചവയുമാണ് കല്ലറയില് സൂക്ഷിച്ചിട്ടുള്ള വസ്തുവകകളെല്ലാം. വര്ഷങ്ങള്ക്ക് മുമ്പ്ഭാവിതലമുറയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തില് വളരെ സുരക്ഷിതമായി അറകളില് സൂക്ഷിച്ചുവെച്ചിട്ടുള്ള ഈ സ്വത്തുവകകള് അര്ഹിക്കുന്ന പ്രാധാന്യത്തോടും ഗൗരവത്തോടും കൂടി തുടര്ന്നും പരിരക്ഷിക്കേണ്ടത് ക്ഷേത്രത്തിന്റെയും ഭക്തജനങ്ങളുടെയും താല്പര്യ സംരക്ഷണത്തിന് അനിവാര്യമാണ്.
അറയില് സൂക്ഷിച്ചുവെച്ചിരുന്നത് നിധിയല്ല, മറിച്ച് ക്ഷേത്രത്തിലെ ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചുവന്ന പൂജാസാധനങ്ങളും തിരുവാഭരണങ്ങളും വസ്തുവകകളും മാത്രമാണ്. നിധിയാണെന്നു പ്രചരിപ്പിച്ച് അവ സര്ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് ചില ബാഹ്യശക്തികള് ശ്രമിച്ചുവരികയാണ്. അറയില് സൂക്ഷിച്ചിട്ടുള്ള എല്ലാ വസ്തുവകകളും ക്ഷേത്രത്തിനും ക്ഷേത്രഭരണാധികാരികള്ക്കും ഭക്തജനങ്ങള്ക്കും മാത്രം അവകാശപ്പെട്ടതാണ്.

നിധിശേഖരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് തന്നെ സൂക്ഷിക്കണം - യോഗക്ഷേമസഭ



ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള അമൂല്യമായ നിധി ശേഖരം ശക്തമായ സുരക്ഷയോടെ ക്ഷേത്രത്തില് തന്നെ സൂക്ഷിക്കണമെന്ന് യോഗക്ഷേമസഭ ആവശ്യപ്പെട്ടു. പദ്മനാഭദാസന്മാരായി അറിയപ്പെട്ടിരുന്ന തിരുവിതാംകൂര് രാജവംശത്തിന്റെ സത്യസന്ധതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും ഈ കരുതല്നിധിയിലൂടെ ജനങ്ങള്ക്ക് ബോധ്യപ്പെടുന്നതായി യോഗക്ഷേമസഭ വിലയിരുത്തി. ഇക്കാലത്ത് ഭരണകര്ത്താക്കള്ക്ക് ഇതൊരു മാതൃകയാണ്. അഴിമതിയും അനീതിയും കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തില് ഇത്രയധികം സമ്പത്ത് സ്വാര്ഥലാഭത്തോടെ വിനിയോഗിക്കാതെ ആഡംബരം കാണിക്കാതെ, പരസ്യപ്പെടുത്താതെ, ഭദ്രമായി ക്ഷേത്രത്തില് തന്നെ സൂക്ഷിച്ചതിന് തിരുവിതാംകൂര് രാജവംശത്തെ യോഗക്ഷേമസഭ ആത്മാര്ഥമായി പ്രശംസിക്കുന്നതായി സഭാ പ്രസിഡന്റ് അക്കീരമന് കാളിദാസന് ഭട്ടതിരിപ്പാട് അറിയിച്ചു. ഈ നിധിശേഖരം ഇവിടെത്തന്നെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും മറിച്ച് ജനമനസ്സുകളെ വ്രണപ്പെടുത്തരുതെന്നും സഭ ആവശ്യപ്പെട്ടു.


വിശ്വാസികളോടുള്ള വെല്ലുവിളി -സ്യാനന്ദൂര വൈഷ്ണവസഭ



പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകള് തുറക്കുമ്പോള് അവിടത്തെ നിധിശേഖരത്തിന്റെ വിവരങ്ങള് മാധ്യമങ്ങളെ മുന്നിര്ത്തി പരസ്യപ്പെടുത്തുന്നത് അപകടകരമാണ്. ഇത് വൈഷ്ണവ ജനതയോടുള്ള വെല്ലുവിളിയാണെന്ന് സ്യാനന്ദൂര വൈഷ്ണവസഭ അഭിപ്രായപ്പെട്ടു.


പദ്മനാഭസ്വാമി ക്ഷേത്രവും സ്വത്തുക്കളും സംരക്ഷിക്കണം - ബ്രാഹ്മണ സഭ



നൂറ്റാണ്ടുകളായി ശ്രീ പദ്മനാഭസ്വാമിയുടെ സമ്പത്ത് പരിപാവനമായും സത്യസന്ധമായും കാത്തുസൂക്ഷിച്ച തിരുവിതാംകൂര് രാജവംശത്തിനുമുന്നില് ലോകം നമിക്കേണ്ടിയരിക്കുന്നുവെന്ന് കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതി പറഞ്ഞു. ഭാരതത്തില് ഇതര രാജവംശങ്ങളില് നിന്ന് വ്യത്യസ്തമായി രാജ്യത്തെ ഭഗവാന് മുന്നില് സമര്പ്പിച്ച് പദ്മനാഭ ദാസരായി, പ്രജാക്ഷേമ തല്പരരായി, ലളിതജീവിതം നയിച്ച തിരുവിതാംകൂര് രാജവംശം ഹൈന്ദവസമുദായത്തിന്റെ സത്യസന്ധമായ പാരമ്പര്യത്തിന്റെ പര്യായമാണ്. ക്ഷേത്രം വക സമ്പത്തും നിധിയും വിലയിരുത്തപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയും ആവശ്യവുമാണ്. ഈ പ്രക്രിയയ്ക്ക് കാരണഭൂതരായ എല്ലാ ശക്തികളെയും അനുമോദിക്കുന്നതായി സഭ ചൂണ്ടിക്കാട്ടി.


ശ്രീപത്മനാഭന്റെ നിധിശേഖരം: ഹിന്ദുനേതാക്കളുടെ യോഗം വിളിക്കണം - വെള്ളാപ്പള്ളി



ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം എന്തുചെയ്യണമെന്ന് തീരുമാനിക്കാന് ഹിന്ദുസംഘടനാ നേതാക്കളുടെ യോഗം സര്ക്കാര് വിളിച്ചുചേര്ക്കണമെന്ന് എസ്.എന്.ഡി.പി. യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു. മോതിരവയല് ഗുരുദേവക്ഷേത്ര സമര്പ്പണത്തിനെത്തിയതായിരുന്നു അദ്ദേഹം. തിരുവിതാംകൂര് രാജകുടുംബത്തിന്റെ പ്രതിനിധികളെയും ചര്ച്ചയ്ക്ക് വിളിക്കണം. ഭക്തര് ശ്രീപത്മനാഭന് സമര്പ്പിച്ച നിധി എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഹിന്ദുക്കള്ക്കുണ്ട്.


തീരുമാനം ഉണ്ടാകുംവരെ ഇതിന്റെ പൂര്ണ സംരക്ഷണം ഈശ്വരവിശ്വാസികളും മാന്യന്മാരുമായ ഉദ്യോഗസ്ഥരെ ഏല്പിക്കണം. എ.ഡി.ജി.പി.ഹേമചന്ദ്രനും അഡീഷണല് ചീഫ് സെക്രട്ടറി കെ.ജയകുമാറും ഇതിന് യോഗ്യരാണ്. ക്ഷേത്രത്തില് ദേവപ്രശ്നവും ശുദ്ധികലശവും നടത്തണം.


ഈ സമ്പത്ത് വികസനപ്രവര്ത്തനങ്ങള്ക്ക് ചെലവഴിക്കണമെന്ന് ചിലര് പറയുന്നുണ്ട്. മറ്റേതെങ്കിലും സമുദായത്തിന്‍േറതാണ് ഈ സമ്പത്തെങ്കില് ഇത് പറയാന് ആരുടെയെങ്കിലും നാവ് പൊങ്ങുമായിരുന്നുവോയെന്ന് ജനറല് സെക്രട്ടറി ചോദിച്ചു.


നിധിശേഖരം പൊതുസ്വത്താക്കാന് ചില കഴുകന്മാര് നോട്ടമിട്ടിട്ടുണ്ട്. ഇതിനെ ഹിന്ദുക്കള് ഒറ്റക്കെട്ടായി എതിര്ക്കണം. ക്ഷേത്രത്തില്നിന്ന് ഒരു മണ്തരിപോലും പുറത്തുകൊണ്ടുപോകാതെ ശ്രീപത്മനാഭന്റെ സമ്പത്ത് കാത്തുസൂക്ഷിച്ചവരാണ് തിരുവിതാംകൂര് രാജാക്കന്മാര്. തീരുമാനമെടുക്കുമ്പോള് രാജകുടുംബത്തെ ഒഴിവാക്കരുത്. രാജാക്കന്മാരുടെ സത്യസന്ധതയെയും വലിയ മനസ്സിനെയും വിസ്മരിക്കരുത്. നിധിശേഖരം മ്യൂസിയത്തില് വയ്ക്കുന്നതിനോട് യോജിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
(ഇടയ്ക്കെവിടെയോ ആത്മാഹുതി എന്ന വാക്ക് കേട്ടുവോ ആവോ)
 
സ്വത്ത് ക്ഷേത്രത്തിന്റേത്: സുരക്ഷ സര്ക്കാര് ഉറപ്പാക്കും - മുഖ്യമന്ത്രി


ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില് മൂല്യം നിശ്ചയിച്ചുവരുന്ന സ്വത്ത് ക്ഷേത്രത്തിന്റേതുതന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന് വിളിച്ചുചേര്ത്ത ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
***************************************************
 
ഇതാരുടെ സമ്പത്താണ് എന്നതാണ് തിരോന്തരം ചർച്ചകളിലെ ഒരു വിഷയം. പൊതുവെ കേൾക്കാറുള്ള ചില മുടന്തനും ആരോഗ്യവാനുമായ ചില വാദങ്ങൾ…


സമ്പത്ത് രാജവംശത്തിന്റേതാണ്. അവരല്ലേ (ആപത്തുകാലത്ത് ഉപകാരപ്പെട്ടാലോ എന്നു കരുതി) ഇതെല്ലാം സ്വരുക്കൂട്ടി വെച്ചത്. സ്വന്തം ഇഷ്ടത്തിന് ചെലവഴിക്കാതെ, അധികം ആർഭാടമൊന്നും കാണിക്കാതെ അവർ തങ്ങൾക്ക് കിട്ടിയത് പത്മനാഭന് കാഴ്ചവെച്ചു.

വാസ്തവത്തിൽ സംഗതി അങ്ങിനെയാണോ? രാജാക്കന്മാർ അത്ര ലളിതജീവിതമാണ് നയിച്ചതെന്ന് തോന്നുന്നില്ല. കൊട്ടാരങ്ങളും മറ്റ് ആർഭാടങ്ങളും അത്ര മോശമൊന്നുമായിരുന്നില്ല. പിന്നെ, അന്നത്തെ ശാസ്ത്രപുരോഗതിക്കനുസരിച്ച് അത്രയൊക്കെയേ പറ്റൂ (ഏസി പിടിപ്പിക്കാനൊന്നും സാധിക്കില്ലല്ലൊ അന്ന്).
അങ്ങിനെ നോക്കിയാൽ, ഇത്രയും നീക്കിയിരുപ്പ് സാധ്യമാകണമെങ്കിൽ, എന്തുമാത്രം ധനം അന്ന് ലഭ്യമായിരുന്നിരിക്കണം?

ഈ രാജാക്കന്മാരുടെ ദീർഘവീക്ഷണവും മറ്റും വലിയൊരു സംഭവമാക്കി എഴുതിക്കണ്ടു, പലയിടത്തും. ചില ചിന്തകൾ അങ്ങോട്ടും പോയിനോക്കട്ടെ...

ചില മാർവാഡികളുടെ കഥ കേട്ടിട്ടുണ്ട്. അവർ പൊതുവെ ലളിതജീവിതം നയിക്കുന്നവരായിരിക്കും, ജോലി പണം പലിശയ്ക്ക് കടം കൊടുക്കലും. മുടക്കുന്നതിലും ചെലവാക്കുന്നതിലും അധികം പണം ഈ റോളിങ്ങിലൂടെ അവർ സമ്പാദിക്കുന്നുണ്ടാവും. ജീവിതത്തിലെ അവരുടെ സംതൃപ്തി എന്നത് എന്നും ദിവസം പണപ്പെട്ടി തുറന്നുനോക്കി നോട്ടുകെട്ടുകൾ കാണുക എന്നതാണ്. അതിലൂടെ അവർ അനുഭവിയ്ക്കുന്ന നിർവൃതി എന്തെന്ന് എനിക്കറിയില്ല, പക്ഷെ അതാണ് അവർക്ക് ഏറ്റവുമധികം സന്തോഷം നൽകുന്നത് എന്നത് വ്യക്തം.

പല രാജാക്കന്മാരും (കുറഞ്ഞത് ഈ ശേഖരണയജ്ഞത്തിന്റെ ചില കണ്ണികളെങ്കിലും) ഇത്തരത്തിൽ ഒരു ആത്മരതിക്കാരായിരുന്നു എന്ന് തോന്നിക്കുന്നവിധത്തിലാണ് കണക്കുകളുടെ വരവ്. 10 കിലൊ ഭാരമുള്ള ആഭരണം കൊണ്ട് ആർക്ക് എന്ത് പ്രയോജനം?

കുറച്ച് ധനം മിച്ചം പിടിക്കുന്നത് ഒരു കരുതലാണ്. അത്യാവശ്യത്തിന് ഉപയോഗിക്കാം. കുറച്ച് കൂടുതലാണെങ്കിൽ ഒരു investment ആണ്. അടുത്ത തലമുറയ്ക്കോ മറ്റോ എടുത്തുപയോഗിക്കാവുന്നത്. ഒരു പരിധി കഴിഞ്ഞാൽ പിന്നെ വെറും വൾഗാരിറ്റിയാണ്, കുറേ ധനം കണ്ട് മഞ്ഞളിക്കുക എന്നതിലുപരിയായി ഒന്നും ഇല്ലിവിടെ.

ധനം എങ്ങിനെ രാജവംശത്തിന്റേത് മാത്രമാകും? രാജാവ് സമ്പാദിച്ച സ്വത്താണെങ്കിലല്ലെ രാജാവിന്റേത് എന്ന് പറയാനാവൂ.
നിരവധി സാധ്യതകളുണ്ടിവിടെ. (പിന്നീട് വന്ന പല രാജാക്കന്മാരും ഇതൊന്നും അറിഞ്ഞിട്ടുണ്ടാകണമെന്നില്ല, കുറെ സ്വത്ത് ഉണ്ട് എന്നല്ലാതെ ഇത്രയും വലിയൊരു ഭൂതം കുപ്പിക്കുള്ളിലുണ്ടെന്നത് അവർക്ക് അജ്ഞമായിരിക്കാം)

പലതവണകളായി പലയിടത്തുനിന്നും കിട്ടുന്ന സമ്മാനങ്ങൾ, ദാനം എന്നിവയൊക്കെ സൂക്ഷിക്കാൻ ഒരു നിലവറ എന്ന രീതിയിൽ ഉപയോഗിച്ചതാവാം. സ്വത്ത് കളവുപോകാതെ, ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി വെയ്ക്കാൻ ഏറ്റവും യോഗ്യമായ ഇടം ഒരുപക്ഷെ ആരാധനാലയം തന്നെയായിരിക്കും. ബ്രിട്ടീഷ് ഭരണാധികാരികൾ പൊതുവെ അമ്പലങ്ങളെ കൊള്ളയടിച്ചിട്ടില്ല എന്നതും ഒരുപക്ഷെ ഇത്തരം നിധികൾ സൂക്ഷിച്ചുവെയ്ക്കാൻ സഹായിച്ചിരിക്കാം. ഭരണാധികാരികൾക്ക് മാത്രം പ്രവേശനം സാധിക്കാവുന്ന ഒരു നിലവറയിൽ ധനം സൂക്ഷിച്ചുവെന്നത് ഒരു മഹത്തായ കാര്യമായി കണക്കാക്കാവുന്നതാണോ? (ഇന്നും ദൈവാരാധനാലയങ്ങൾ തന്നെയാണ് പഴുത്ത് പൊട്ടിയൊലിക്കുന്ന ധനം സൂക്ഷിക്കാൻ പറ്റിയ ഇടം, തിരുപ്പതിയും ശബരിമലയും ഗുരുവായൂരും ഒക്കെ ആഡംബരത്തിന്റെ ഒരു ലൈവ് ഷോ ആണ്, ഭക്തർക്കുള്ള സൗകര്യങ്ങൾ എത്ര ശോചനീയമാണെങ്കിലും ഇതിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല). കുറെ ധനം കുഴിച്ചിട്ട് അതിനുമുകളിൽ ഒരമ്പലം പണിതാൽ അതിനേക്കാൾ സേഫ്റ്റി (അക്കാലത്തെങ്കിലും) വേറെയൊന്നിനുമുണ്ടാവില്ല.

രാജാക്കന്മാരുടെ ധനം എന്നത് സത്യത്തിൽ രാജാക്കന്മാരുടെ തന്നെ ധനമാണോ? പൊതുജനം കരമായി നൽകുന്ന ധനം, മറ്റ് നാടുവാഴികളോ ഭരണാധികാരികളോ നൽകുന്ന ധനം, വെട്ടിപ്പിടിച്ച രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ധനം, സ്വന്തം രാജ്യാതിർത്തിയിൽ കുഴിച്ചെടുത്ത ധനം, എന്നിവയല്ലാതെ ഒരു രാജാവിന് സ്വത്തുണ്ടാകാൻ വേറെ വലുതായി വഴികളില്ല. ഇതിൽ അവസാനത്തേതൊഴികെ മറ്റെല്ലാം മനുഷ്യാധ്വാനത്തിന്റെ നേരിട്ടുള്ള ഫലം രാജാവ്, ജന്മം കൊണ്ട് ഭരണാധികാരിയായതിനാൽ, എടുത്തുപയോഗിക്കുകയാണ് ചെയ്യുന്നത്. ഏത് തരത്തിൽ നോക്കിയാലും പണിയെടുത്തവന്റെ ധനമാണ് അത്. രാജകുടുംബത്തിന്റേതാണ് ഇതെല്ലാം എന്ന് പറയുന്നത് ഏതളവുകോൽ വെച്ചുനോക്കിയാലും ശരിയായി വരുന്നില്ല.



ചുരുക്കിപ്പറഞ്ഞാൽ, രാജകുടുംബത്തിന്റേതാണ് ധനം എന്ന വാദം വെറും രാജഭക്തിയിൽ നിന്നും വരുന്നതാണ്. അതിനപ്പുറം അതിനൊരു ലോജിക് ഞാൻ കാണുന്നില്ല.

ഇനി, അഥവാ, രാജകുടുംബത്തെ ഇത് ഏൽപ്പിച്ചുവെന്നുതന്നെയിരിക്കട്ടെ, എന്തായിരിക്കും ഫലം? രാജകുടുംബത്തിന് അത് ഉപയോഗിക്കാൻ സാധിക്കില്ല, എന്നുമാത്രമല്ല, അതിന്റെ സൂക്ഷിപ്പ് നോക്കിനടത്താനുള്ള ശേഷി അവർക്കുണ്ടാകുമെന്ന് ആരും പറയുമെന്നും തോന്നുന്നില്ല. സർക്കാർ എന്ന ഭൂതം പോലും അന്തിച്ചുനിൽക്കുന്ന സമയത്താണ് പഴയൊരു പ്രതാപം അയവിറക്കുന്ന കുറച്ച് ദുർബലശരീരർ….

സമ്പത്ത് ദൈവത്തിന്റേതാണ്, അതിലാർക്കും അവകാശമില്ല.


ദൈവത്തിന്റെ സ്വത്ത് എന്നാൽ എന്താണ്? ഈ പ്രപഞ്ചം തന്നെ ദൈവത്തിന്റേതാണെന്ന് പറയുമ്പോൾ കുറെ സ്വർണവും മരതകവും ഒക്കെ ദൈവം private asset ആക്കി വെച്ചിരിക്കുകയാണോ? ദൈവം എന്നെങ്കിലും ഇത് ഉപയോഗിക്കുമോ?

ഇത് ദൈവത്തിന്റേത് എന്നുപറഞ്ഞ് മാറ്റി വെച്ചാൽ എന്താണ് സംഭവിക്കാൻ പോകുന്നത്? ഒരു സർക്കാർ സൂക്ഷിപ്പും ദൈവസൂക്ഷിപ്പും തമ്മിൽ ഇക്കാലത്ത് എന്താണ് വ്യത്യാസം വരാൻ പോകുന്നത്?

ഇതിൽ കയ്യിട്ടാൽ വെവരമറിയും ആത്മാഹുതി നടത്തും ഒലത്തിക്കളയും എന്നിങ്ങിനെ പല ഭീഷണികളും നിലവിലുണ്ട്. പട്ടിണിക്കാരുടെ, ഭിക്ഷക്കാരുടെ നീണ്ട നിര ഓരോ അമ്പലത്തിലും കാണാം (അല്പം ബിസിനസ് കൂടി ഇവിടെയുണ്ടെന്നത് സത്യം), അവരെ പരിഗണിക്കാതെ സ്വർണക്കൊടിമരവും മേൽക്കൂരയും പണിത് പുനഃപ്രതിഷ്ഠയ്ക്ക് വേറെ പണപ്പിരിവ് നടത്തി ധനാഢ്യരായി ഇരിക്കുകയാണ് മിക്ക ദൈവങ്ങളും. അശ്ലീലത്തിന്റെ തലത്തിലേക്കുയർന്നിട്ടുള്ള ഈ ശേഖരം കൂടി വേണോ ദൈവത്തിന് പിത്തം പിടിക്കാൻ?

സമ്പത്ത് ഹിന്ദുക്കളുടെ പൊതുക്ഷേമത്തിന് ഉപയോഗിക്കണം.


ഇതിന്റെ ലോജിക് ആണ് എനിക്ക് തീരെ മനസിലാകാത്തത്. ഹിന്ദു രാജാവായിരുന്നതിനാൽ ഹിന്ദു ക്ഷേത്രത്തിന്റെ മറവിൽ കുറേ സമ്പത്ത് സൂക്ഷിച്ചു. മുഗൾ വംശജരായിരുന്നെങ്കിൽ മുസ്ലിം വിഭാഗക്കാർക്ക് മാത്രം കൊടുക്കണം എന്നു പറഞ്ഞാൽ അംഗീകരിക്കാനാവുമോ?

ഏത് ഹിന്ദു? ഈ സൂക്ഷിപ്പ് തുടർന്നിരുന്ന കാലത്ത് അല്പമെങ്കിലും access ഉണ്ടായിരുന്നത് രാജാവിനും സവർണരായ ചില ശിങ്കിടിമാർക്കും കുറെ ബ്രാഹ്മണർക്കും മാത്രമായിരുന്നില്ലേ. അപ്പോൾ അവർക്ക് മാത്രം കൊടുത്താൽ മതിയെന്ന് വാദം വന്നാൽ നാട്ടുകാർ എന്ത് ചെയ്യും?

കിട്ടിയത് ശ്രീപത്മനാഭന്റെ ക്ഷേത്രത്തിൽ നിന്നല്ലേ? അപ്പോൾ ശൈവവിശ്വാസികൾക്ക് കൊടുക്കേണ്ടതില്ലല്ലൊ. അപ്പടിയും സൊല്ലലാം!!!

പൊതുജനം കരം കൊടുത്താണ് ഇതെല്ലാം പണിതുയർത്തിയതും സ്വർണമാക്കി ശേഖരിച്ചതും. രാജാവ് ഹിന്ദുദൈവവിശ്വാസിയായി എന്നേയുള്ളൂ. ഇതിൽ രാജാവോ ദൈവമോ ഒന്നും പങ്കുകാരല്ല. പിന്നെയെന്തിന് ഹിന്ദുക്ഷേമം മാത്രം പരിഗണിക്കണം?

ഇവർ പറയുന്ന ഹിന്ദു ഏതാണെന്നറിഞ്ഞാലും ഇവർ പറയുന്ന ഹിന്ദുക്ഷേമം എന്താണെന്നെനിക്കറിയില്ല. ഓരോ ഹിന്ദുവിനേയും വിളിച്ചിരുത്തി ഓരോ രത്നം വീതം കൊടുക്കുമായിരിക്കും!!!

സമ്പത്ത് നാടിന്റെ പൊതുക്ഷേമപരിപാടികൾക്ക് ഉപയോഗിക്കണം.


This is better. പക്ഷെ പ്രായോഗികമായ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട് ഇവിടെ.

ഒന്നാമത് കുറെ പണം കുമിഞ്ഞുകൂടിയാൽ പണപ്പെരുപ്പം ഉണ്ടാകും എന്നല്ലാതെ ജീവിതനിലവാരം ഉയരണമെന്നില്ല.

ഫേസ്ബുക്കിലൊരിടത്ത് എഴുതിക്കണ്ടു, കൊച്ചി മെട്രൊ മാത്രമല്ല തിരുവനന്തപുരം മെട്രൊ, കോഴിക്കോട് മെട്രൊ എന്നിവയും ആകാം എന്ന് (കൊല്ലവും തൃശൂരും ആ സുഹൃത്ത് വിട്ടുകളഞ്ഞതെന്താണാവൊ). കണക്ക് കണ്ടാൽ നഗരങ്ങളിൽ മാത്രമല്ല, പോക്കണംകോട് മെട്രൊ വരെ ഉണ്ടാക്കാം.

പൊതുജനോപകാരപ്രദമായ പല കാര്യങ്ങളും വെറും ബജറ്റില്ലാത്തതിനാൽ മാത്രം നടക്കാത്തതല്ല, രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടേയും കടമ്പകൾ പലതാണ്.

എനിക്ക് തോന്നുന്നത് വേറൊന്നാണ്, മണ്ടത്തരമാണോ എന്നറിയില്ല, എന്നാലും ഇത്രയും എഴുതിയനിലയ്ക്ക് ഇതുകൂടി കിടക്കട്ടെ..

കേരളത്തിന്റെ പൊതുകടം എത്രയെന്ന് എനിക്കറിയില്ല, എന്നാലും ഇപ്പറഞ്ഞ തുകയുടെയത്രയും വരില്ല എന്നാണ് ഒരു പ്രത്യാശ. ഇത് കമ്പ്ലീറ്റ് അങ്ങ് വീട്ടിയാലൊ? അടുത്ത തലമുറയെങ്കിലും സമാധാനമായി ഉറങ്ങാൻ ശീലിക്കട്ടെ.

ധനാഢ്യനായ ഒരു ദൈവത്തെക്കൊണ്ട് അത്രയെങ്കിലും ഉപകാരമുണ്ടാകട്ടെ. അത്രയും നന്ന്...

===========================================
ഒരു ഓഫ് ഇടട്ടെ,


ഇതൊക്കെ ഒരു മോഹം മാത്രമാണെന്നറിയാം. ഈ രാജ്യം ഇന്ത്യാക്കാർ തന്നെ കൊള്ളയടിച്ചത് ഇതിനുമപ്പുറം വരും. അതൊന്നും തിരിച്ച് ഈടാക്കാനോ ജനനന്മയ്ക്ക് ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയുള്ളപ്പോൾ ദൈവത്തിന്റെ ആസ്തി (അസ്ഥിയെങ്കിലും) തൊടാൻ ആർക്ക് സാധിക്കും? സായിബാബയുടെ സ്വത്ത് പോലും തൊടാൻ സർക്കാരിന് ധൈര്യമില്ല, അപ്പോഴാണോ കുറച്ചുകൂടി ഒറിജിനാലിറ്റി അവകാശപ്പെടുന്ന പത്മനാഭന്റെ സ്വത്ത്.

 
അല്പം നസ്യം കൂടി ആവാം എന്ന് തോന്നുന്നു….


ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്ന് (ആധിപത്യം സ്ഥാപിക്കാൻ സാധിച്ചതിനാൽ) ജനത്തിനായി ചെയ്ത കാര്യങ്ങൾ വിദ്യാഭ്യാസം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയായിരുന്നു. നാം അങ്ങോട്ട് ചെന്നപ്പോഴൊ? കിട്ടാവുന്നിടത്തെല്ലാം ഓരോ അമ്പലം പണിതു. ബ്രിട്ടനിൽ പട്ടേലുമാർ നടത്തുന്ന 12 സ്വാമിനാരായൺ സ്ഥാപനങ്ങളുണ്ടത്രെ

Source – (of the idea as well): Article by Akar Patel, received through mail

Tuesday, April 5, 2011

ഈ പ്രാർത്ഥന ആരോട്?

അനന്തപുര് (ഹൈദരാബാദ്): ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്ന്ന് പുട്ടപര്ത്തിയിലെ ആസ്പത്രിയില് പ്രവേശിപ്പിച്ച ശ്രീസത്യസായിബാബയുടെ ആരോഗ്യസ്ഥിതിയില് നേരിയ പുരോഗതി. ബാബ വെന്റിലേറ്ററില്ത്തന്നെയാണുള്ളത്. ഇതേത്തുടര്ന്ന് രാജ്യത്തിന് അകത്തും പുറത്തുമുള്ള ബാബയുടെ വിശ്വാസികള് പ്രാര്ഥനയിലാണ്.
=======================

സായിബാബ എന്ന വ്യക്തിയോട് എനിക്ക് വിരോധമൊന്നുമില്ല, സായിബാബ എന്ന ദൈവത്തോട്, ആ സങ്കല്പത്തോട്, വിയോജിപ്പുണ്ട്, വിയോജിപ്പ് മാത്രമേയുള്ളൂ.

മാതൃഭൂമിയിൽ വന്ന വാർത്തയാണ് മുകളിൽ കൊടുത്തത്. സായിബാബയുടെ ആരോഗ്യനില അത്ര മെച്ചമല്ല, നേരിയ പുരോഗതിയുണ്ട്, ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്, പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട് എന്നൊക്കെ വാർത്തയുണ്ട്.

സാധിക്കാവുന്നിടത്തോളം അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ വൈദ്യശാസ്ത്രം ശ്രമിക്കട്ടെ, ഓരോ മനുഷ്യജീവനും (എന്നല്ല, ഏതൊരു ജീവനും) അമൂല്യമാണ്, കാരണം ഓരോ ജീവിയ്ക്കും, അറിയാവുന്നിടത്തോളം, ഒരു ജീവനേയുള്ളൂ, അത് നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാവുന്ന ഒന്നല്ല. അന്നിലയ്ക്ക് സായിബാബയും അദ്ദേഹത്തിന്റെ ശരീരം അനുകൂലമായി പ്രതികരിയ്ക്കുംവരെ ജീവനോടെ തന്നെ തുടരട്ടെ.

പക്ഷെ, സായിബാബയെക്കുറിച്ച് അദ്ദേഹത്തിന്റെ വിശ്വാസികളുടെ നിലപാടെന്താണ്?
കുറച്ചുകാലം മുൻപ് ഓഫീസിൽ ഉച്ചഭക്ഷണത്തിനിടെ ഒരു സഹപ്രവർത്തക (തെലുഗു കുട്ടിയാണ്) സായിബാബയെക്കുറിച്ച് പറയുകയുണ്ടായി. ചർച്ചയ്ക്ക് തുടക്കമിട്ടത് ഞാനല്ലെങ്കിലും അതിൽ ഒരു കേൾവിക്കാരനായി ഞാനും ഇരുന്നു. ഒരു പാവം കുട്ടിയായതുകാരണം ഞാനായിട്ട് ഒന്നും പറഞ്ഞില്ല.

അവളുടെ അഭിപ്രായത്തിൽ ബാബ എന്നാൽ ദൈവം തന്നെയാണ്. ഈ ലോകത്ത് എന്തു നടക്കുന്നുവെന്നും ആരൊക്കെ വന്നുവെന്നും എല്ലാം അറിയുന്ന ദൈവം. ഭക്തരെ കാണുന്നമാത്രയിൽ തന്നെ അവരുടെ വിഷമങ്ങൾ എല്ലാം അറിയുന്ന ദൈവം. എല്ലാ സങ്കടങ്ങൾക്കും പരിഹാരം.

ഇപ്പോൾ ഇതേ ഭക്തർ പ്രാർത്ഥനയിലാണ് എന്നാണ് പത്രവാർത്ത.

ഇവർ എന്താണ് പ്രാർത്ഥിക്കുന്നത്?

പ്രാർത്ഥന സായിബാബയുടെ ആരോഗ്യത്തിനുവേണ്ടിയായിരിക്കാം, അദ്ദേഹത്തിന്റെ ആയുസ്സിനുവേണ്ടിയായിരിക്കാം, അസുഖം പെട്ടെന്ന് മാറേണമേ എന്നായിരിക്കാം.

അപ്പോഴൊരു കുഞ്ഞു സംശയം.

ഇവരേത് ദൈവത്തെ വിളിച്ചാണ് പ്രാർത്ഥിക്കുന്നത്?
സായിബാബ ഭക്തരെ സംബന്ധിച്ചിടത്തോളം ദൈവം സായിബാബ തന്നെയാണ് (എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്). അപ്പോൾ ഈ ദൈവത്തിന്റെ ആയുസ്സിനുവേണ്ടിയുള്ള പ്രാർത്ഥന ആരോടായിരിക്കാം?
പ്രാർത്ഥന കേൾക്കേണ്ടയാൾ അസുഖമായി കിടപ്പാണ്, പ്രാർത്ഥന കേൾക്കുമോ എന്നുറപ്പൊന്നുമില്ല.
പ്രാർത്ഥനയാകട്ടെ, പ്രാർത്ഥന കേൾക്കേണ്ടയാളുടെ തന്നെ ആരോഗ്യത്തിനുവേണ്ടിയാണ്.

അപ്പോൾ ഈ ദൈവം പ്രാർത്ഥന കേട്ടു എന്നുതന്നെയിരിക്കട്ടെ, എന്തായിരിക്കാം ദൈവത്തിന്റെ തുടർനടപടി?

സ്വന്തം തടി രക്ഷിക്കലോ?
അതിനുപോലും സാധിക്കാത്ത ദൈവമാണോ ഭൂമി ഭരിക്കുന്ന ദിവ്യശക്തിയുള്ള അമാനുഷൻ?
മീശമാധവൻ സിനിമയിൽ മാധവൻ വിഗ്രഹം മോഷ്ടിക്കുമോ എന്ന സംശയം തോന്നിയ പൂജാരി പറയുന്ന ഡയലോഗ് ആണ് ഓർമ വരുന്നത്.


ഭഗവാനേ… നിന്നെ നീ തന്നെ കാത്തോളണേ


Friday, January 21, 2011

നിയമങ്ങളൊന്നും ബാധകമല്ലാത്തവയ്ക്കായി...

കഴിഞ്ഞ രണ്ട്‌ ദിവസമായി ഞാൻ കണ്ട ദൃശ്യങ്ങളാണ്‌ ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്‌. ഒന്നോ രണ്ടോ ഫോട്ടോ കൂടി കൊടുത്താൽ ഇതൊന്ന് പൊലിപ്പിയ്ക്കാം എന്ന് അറിയാഞ്ഞിട്ടല്ല, പക്ഷെ ആ സമയത്തെ എന്റെ മാനസികാവസ്ഥ ഒരു ചിത്രമെടുക്കാൻ എന്നെ അനുവദിച്ചില്ല. കൂടാതെ മരണമടക്കം എന്തിനേയും മൊബൈൽ ക്യാമറയിലേയ്ക്ക്‌ പതിപ്പിയ്ക്കാനുള്ള മലയാളിയുടെ "ഔചിത്യം" ഇതുവരെ സ്വായത്തമാക്കിയിട്ടില്ലാത്തതിനാൽ ക്ഷമിക്കൂ..


സാധാരണഗതിയിൽ ഒരു വ്യക്തി പ്രായപൂർത്തിയായിട്ടില്ലാത്ത ഒരാളുടെ ദേഹത്ത്‌ സാമാന്യം മോശമല്ലാത്ത ഒരു പരിക്കേൽപ്പിച്ചു എന്നിരിയ്ക്കട്ടെ. എന്തായിരിക്കും അയൽവാസികളുടെ പ്രതികരണം? നിയമത്തിന്റെ മുന്നിലേയ്ക്ക്‌ ഈ കേസ്‌ എത്തിയാൽ എന്തായിരിക്കും നിയമനടപടി? ഏറെ വിഷമിയ്ക്കാതെ തന്നെ നമുക്ക്‌ ഉത്തരം കിട്ടും, അയാൾ ശിക്ഷിക്കപ്പെടും.

പക്ഷെ, ഇത്‌ ബാധകമല്ലാത്ത കേസുകളുമുണ്ട്‌. നമ്മുടെ ന്യായപീഠം നടപടിയെടുക്കാൻ മടിയ്ക്കുന്ന, അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങളുണ്ടെങ്കിലും ആരും വകവെയ്ക്കാത്ത ചില പ്രത്യേക അവസരങ്ങൾ, fully insulated from law!!


ഇന്നലെ (വ്യാഴാഴ്ച, ജനുവരി 20 2011) തൈപ്പൂയം, കുഞ്ഞന്‌ ഒരു ദിവസം ക്ലാസില്ല.

ബുധനാഴ്ച (മിനിയാന്ന്) രാവിലെ ഓഫീസിലേയ്ക്ക്‌ പോകുമ്പോഴാണ്‌ ആദ്യദൃശ്യം കണ്ടത്‌. നേരിട്ട്‌ കാണുന്നത്‌ ആദ്യമായാണ്‌, ഫോട്ടൊ പോലും എനിയ്ക്കെന്നും ഏറെ അമർഷമുണ്ടാക്കുന്ന ഒന്നാണ്‌.

ഒരു പെട്ടിഓട്ടോറിക്ഷവണ്ടിയിൽ മുന്നിൽ നിന്നും പിന്നിലേയ്ക്കായി രണ്ടുമൂന്ന് മുളന്തടികൾ കെട്ടിയിട്ടുണ്ട്‌. ഓരോന്നിലും ഓരോരുത്തർ വീതം തൂങ്ങിക്കിടക്കുന്നു. മുതുകത്തും കാലിലുമായി ചില കൊളുത്തുകൾ ശരീരത്തിലേയ്ക്ക്‌ തറച്ചുകയറ്റിയാണ്‌ അവരെ തൂക്കിയിട്ടിരിക്കുന്നത്‌. ഇത്‌, എന്നെപ്പോലൊരാൾക്ക്‌, ഒരിക്കലേ നോക്കാനാവൂ, ഭക്തി തലയ്ക്ക്‌ കയറിയവരുടെ കാര്യം എനിയ്ക്കറിയില്ല.

ഇന്നലെ രാവിലെ കണ്ടത്‌ അതിലും വിശേഷമായ കാഴ്ചയാണ്‌.

ശ്രീകാര്യം ജങ്ങ്ഷൻ മുതൽ നീണ്ടൊരു ജാഥ മട്ട്‌ നീങ്ങുന്ന ജനം. അത്യാവശ്യം മ്യൂസിക്‌ ഒക്കെയുണ്ട്‌. വാഹനങ്ങൾ അൽപം പതുക്കെയാണ്‌ നീങ്ങുന്നത്‌. ട്രാഫിക്‌ നിയന്ത്രണത്തിനായി പോലീസ്‌ ഉണ്ട്‌, ഒരു വഴിയ്ക്ക്‌ മാത്രമേ വണ്ടികൾ നീങ്ങുന്നുള്ളൂ.

പതുക്കെയാണെങ്കിലും വാഹനങ്ങൾ പോകുന്നതിനാൽ കാഴ്ച ഏതാണ്ടൊക്കെ നന്നായിത്തന്നെ കാണാം.

ജാഥയിൽ പലരുടേയും കവിളുകൾ തുളച്ച്‌ ശൂലമിട്ടിട്ടുണ്ട്‌. ചില ശൂലങ്ങൾ ചെറുതാണ്‌, ഏതാണ്ട്‌ ഒരു ചെറിയ സ്കെയിലിന്റെ നീളം വരും. ചിലത്‌ സാമാന്യം നീളമുള്ളതാണ്‌. ഇരുഭാഗത്തും നിലം മുട്ടുന്നില്ല എന്നേയുള്ളു. ഒരു രണ്ട്‌ മീറ്ററോളം (അതോ അതിലധികമോ) വരും ചില "ശൂലങ്ങൾ". (ഇതിനൊക്കെ ശൂലം എന്ന് പറയാമോ ആവോ).

ഇതിലെ ഏറ്റവും വിശേഷപ്പെട്ട കാര്യം ഇതുവരെ പറഞ്ഞില്ല.

നൂറുപേരെങ്കിലും കാണുമായിരിക്കും ഇത്തരത്തിൽ കവിളിൽ ശൂലമുള്ളവർ (ദേഹത്തും തുളച്ചിരിക്കുന്ന ചില ആളുകളേയും കണ്ടു ഇതിനിടയിൽ). ചിലരൊക്കെ മറ്റുള്ളവരുടെ താങ്ങിലാണ്‌ നടക്കുന്നതുതന്നെ, താങ്ങുന്നയാളുടെ ബന്ധുവായതിനാലാണോ അതോ സത്യത്തിൽ ഏറെ ക്ഷീണിതനായതിനാലാണോ എന്നറിയില്ല. ഉന്മാദത്തോടെ ആടുന്ന ചിലരും ഉണ്ട്‌ കൂട്ടത്തിൽ, അവരെ ശ്രദ്ധിക്കാനായി ഒന്നിലധികം ആൾക്കാരുണ്ട്‌.

ഞാൻ കണ്ട ആൾക്കാരിൽ അധികവും പ്രായപൂർത്തിയാകാത്തവാരാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാവുന്നവരാണ്‌. മീശ പോലും മുളയ്ക്കാത്തവരാണ്‌ ഭൂരിപക്ഷം. ഒരു 15-20 റേഞ്ചിൽ പെടും. അതിലും കഷ്ടം പത്തുവയസുപോലും തികയാത്ത കുട്ടികളും ഇതിനിടയിൽ ഉണ്ട്‌ എന്നതാണ്‌.

നൂറുപേർ ഇത്തരത്തിൽ തുളച്ചിട്ടുണ്ടെങ്കിൽ എഴുപതോളം (അതിലധികവും ഉണ്ടായിരിക്കാം, ഞാൻ കണ്ടത്‌ ഈ ജാഥയുടെ അവസാനഭാഗം മാത്രമാണ്‌) പേർ മൈനറുകളാണ്‌, പകുതിയോളം തീരെ കുട്ടികളും.

ഈ വൈകൃതം ആർക്ക്‌ വേണ്ടിയാണ്‌?


ദൈവത്തിനുവേണ്ടിയല്ല, നിശ്ചയം, ഒരു എട്ടുവയസുകാരന്റെ കവിളിൽ മുറിവേറ്റാൽ സന്തോഷിക്കുന്നവനാവാനിടയില്ല മുരുകൻ.

മനുഷ്യനന്മയ്ക്ക്‌ വേണ്ടിയോ? നൂറുപേർ ചോരയൊലിപ്പിച്ചാൽ മനുഷ്യനെന്ത്‌ ഗുണം?

സ്വയം വല്ല ഗുണവുമുണ്ടോ? അതിന്‌ നല്ല ദൈവവിശ്വാസവുമായി ജീവിച്ചാൽ പോരെ, എന്തിന്‌ സ്വയം കുത്തിക്കീറണം? എന്തിന്‌ സ്വന്തം മകന്റെ കവിൾ കുത്തിമുറിയ്ക്കണം? പീഡിപ്പിച്ചുവേണോ പുണ്യം? മുറിവേൽപ്പിച്ചുവേണോ ദൈവപ്രസാദം?


സ്വന്തം മകൻ അല്ലെങ്കിൽ മകൾ ചോരയൊലിപ്പിച്ചോ മറ്റേതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടിയോ കണ്ടിട്ടും മാതാപിതാക്കൾ പരിഭ്രമിച്ചുകാണാത്ത അവസരങ്ങൾ മിക്കവാറും (എല്ലാമെന്നുതന്നെ പറയാം) ദൈവവിശ്വാസവുമായി ബന്ധപ്പെട്ടതായിരിക്കും.


ഇനി വീണ്ടും എന്റെ ആദ്യപരാമർശത്തിലേയ്ക്ക്‌ വരട്ടെ.


പ്രായപൂർത്തിയാകാത്ത ഒരാളുടെ അനുവാദത്തോടെയാണെങ്കിലും പീഡിപ്പിക്കപ്പെട്ടാൽ അത്‌ forceful abuse ആയാണ്‌ നിയമം കണക്കാക്കാറ്‌. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയാൽ, ഏത്‌ സാഹചര്യത്തിലായാലും, അത്‌ ബലാൽസംഗമായാണ്‌ നിയമം വിലയിരുത്തുന്നത്‌. എന്നുവെച്ചാൽ ഇത്തരം കാര്യങ്ങളിൽ victim's consent പരിഗണിക്കാറില്ലെന്നർത്ഥം.

കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ ഒരു കുട്ടിയുടെ കവിൾ കുത്തി മുറിവേൽപ്പിച്ചാൽ നിയമദൃഷ്ട്യാ അത്‌ ശിക്ഷാർഹമാണ്‌.

ഇന്നലെ നടന്ന സംഭവത്തിൽ നിയമം എന്തുചെയ്തു? പോലീസുകാർ നിന്ന് ജാഥയ്ക്ക്‌ പോകാനുള്ള വഴിയൊരുക്കിക്കൊടുത്തു.




ഇത്തരത്തിൽ ഒരു legal immunity ഉള്ള ഒരേയൊരു സാധനമാണ്‌ വിശ്വാസം. ആചാരങ്ങൾ എന്ന പേരിൽ എന്ത്‌ വൃത്തികേടും ന്യായീകരിക്കാനുള്ള ഒരു സാധനമാണ്‌ വിശ്വാസം. ജല്ലിക്കെട്ട്‌ പോലുള്ള പ്രാകൃതാഘോഷങ്ങൾ നിരോധിയ്ക്കാനുള്ള ശ്രമങ്ങളെ തുടക്കത്തിൽ തന്നെ നുള്ളിക്കളയാൻ ഇത്തരം വിശ്വാസിക്കൂട്ടങ്ങൾക്ക്‌ സാധിച്ചിട്ടുണ്ട്‌. വിശ്വാസം, ആചാരം, സംസ്കാരം തുടങ്ങിയ പദങ്ങൾ മനുഷ്യനന്മയ്ക്ക്‌ യാതൊന്നും നൽകാത്ത ഇത്തരം കൃത്യങ്ങൾക്ക്‌ വരെ ഉപയോഗിയ്ക്കാൻ ഇവർക്ക്‌ യാതൊരു മടിയുമില്ല. അദൃശ്യമായൊരു വിശ്വാസലോബി ഇത്തരം കാര്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്‌, അതിനെ മറികടന്ന് പ്രവർത്തിക്കാൻ കോടതികൾക്കുപോലും സാധിയ്ക്കില്ല. It is immutable, and that is it.

ഇന്നലെ നടന്ന സംഭവത്തിൽ നിയമം എന്തുചെയ്തു? പോലീസുകാർ നിന്ന് ജാഥയ്ക്ക്‌ പോകാനുള്ള വഴിയൊരുക്കിക്കൊടുത്തു.



ഇത്തരത്തിൽ ഒരു legal immunity ഉള്ള ഒരേയൊരു സാധനമാണ്‌ വിശ്വാസം. ആചാരങ്ങൾ എന്ന പേരിൽ എന്ത്‌ വൃത്തികേടും ന്യായീകരിക്കാനുള്ള ഒരു സാധനമാണ്‌ വിശ്വാസം. ജല്ലിക്കെട്ട്‌ പോലുള്ള പ്രാകൃതാഘോഷങ്ങൾ നിരോധിയ്ക്കാനുള്ള ശ്രമങ്ങളെ തുടക്കത്തിൽ തന്നെ നുള്ളിക്കളയാൻ ഇത്തരം വിശ്വാസിക്കൂട്ടങ്ങൾക്ക്‌ സാധിച്ചിട്ടുണ്ട്‌.

വിശ്വാസം, ആചാരം, സംസ്കാരം തുടങ്ങിയ പദങ്ങൾ മനുഷ്യനന്മയ്ക്ക്‌ യാതൊന്നും നൽകാത്ത ഇത്തരം കൃത്യങ്ങൾക്ക്‌ വരെ ഉപയോഗിയ്ക്കാൻ ഇവർക്ക്‌ യാതൊരു മടിയുമില്ല. അദൃശ്യമായൊരു വിശ്വാസലോബി ഇത്തരം കാര്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്‌, അതിനെ മറികടന്ന് പ്രവർത്തിക്കാൻ കോടതികൾക്കുപോലും സാധിയ്ക്കില്ല. It is immutable, and that is it.

ഇത്‌ വിശ്വാസികളല്ലേ ചെയ്യുന്നത്‌, നിങ്ങൾക്കെന്ത്‌ നഷ്ടം എന്നൊരു ചോദ്യവും വന്നേയ്ക്കാം. പൊതുസ്ഥലത്ത്‌ ആളുകൾക്ക്‌ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള ദൃശ്യമാണെങ്കിൽ, സാധാരണനിലയിൽ, ജനം എന്ത്‌ ചെയ്യും? മറ്റുമതസ്ഥർക്കടക്കം പലർക്കും കുട്ടികളുടെ കവിൾ കുത്തിത്തുളച്ച്‌ കാണുന്നത്‌ അത്ര സുഖമുള്ള കാര്യമൊന്നുമായിരിക്കില്ല. വിശ്വാസത്തിന്റെ കാര്യമായതിനാൽ (സ്വന്തം തടി രക്ഷിക്കാനുള്ളതിനാലും) ഞാനടക്കം പലരും നേരിട്ട്‌ എതിർപ്പ്‌ പ്രകടിപ്പിക്കുന്നില്ല എന്നേയുള്ളു. വിശ്വാസത്തിന്റെ അദൃശ്യശക്തിയ്ക്ക്‌ ഇതിൽക്കൂടുതൽ തെളിവ്‌ വേണമെന്നില്ല.


ദൈവവിശ്വാസത്തിന്റെ പേരിൽ എന്തും ന്യായീകരിക്കപ്പെടേണ്ടതുണ്ടോ? നിയമവും നിയമപാലകരും അതിന്‌ മൗനാനുവാദം നൽകേണ്ടതുണ്ടോ?

=======================================
ഇപ്പോഴും പറയാം, പറഞ്ഞുകൊണ്ടേയിരിക്കാം: വിശ്വാസം, അതല്ലേ എല്ലാം. എത്രകാലം ഈ സ്വർണ്ണക്കടക്കാരന്റെ കച്ചവടബുദ്ധിയിൽ തെളിഞ്ഞ വാചകം പൊക്കിപ്പിടിച്ചുനടക്കാം?

Saturday, January 8, 2011

വെളിച്ചം കാണാൻ ഭാഗ്യമില്ലാത്ത ചിലകാര്യങ്ങൾ.

ശ്രീ ഹുസൈന്റെ ഡോക്കിൻസ്‌ ഖണ്ഡനം ഏറെ വഴിപിരിഞ്ഞ്‌ അദ്ദേഹത്തിന്റെ ബ്ലോഗും കടന്ന് നിൽക്കുകയാണ്‌. ഇപ്പോൾ ചർച്ച ഏറെയും അദ്ദേഹത്തിന്റെ ബ്ലോഗിലല്ല നടക്കുന്നത്‌, സത്യാന്വേഷിയുടെ ബ്ലോഗിലാണ്‌.

എന്റെ കഴിഞ്ഞ പോസ്റ്റ്‌ സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച്‌ ഹുസൈനോടുള്ള ചോദ്യങ്ങൾ സമാഹരിച്ചുകൊണ്ടുള്ള ഒന്നായിരുന്നു. ആ പോസ്റ്റ്‌ വന്ന് ഏതാണ്‌ രണ്ടാഴ്ചയ്ക്ക്‌ ശേഷം ഹുസൈൻ ആ വിഷയത്തിൽ ഒരു പോസ്റ്റ്‌ ഇട്ടു (For easier access to comments, follow this link). പ്രസ്തുതപോസ്റ്റ്‌ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമല്ല എന്ന നിലപാടായിരുന്നു എന്റേത്‌, ഏറെ വിശദീകരിക്കാതെ തന്നെ അത്‌ മനസിലാക്കാനാവുമെന്ന് ഞാൻ കരുതി. പക്ഷെ ഇരുനൂറ്‌ കമന്റ്‌ കഴിഞ്ഞിട്ടും സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത വിശദീകരിച്ചു എന്ന നിലപാടാണ്‌ ഹുസൈന്റേത്‌ എന്നറിഞ്ഞപ്പോൾ ഞാൻ വിശദമായിത്തന്നെ കമന്റെഴുതാൻ തീരുമാനിച്ചു.

അതിനിടെ തന്നെ ഹുസൈൻ തന്റെ ബ്ലോഗിൽ കമന്റ്‌ മോഡറേഷൻ ആരംഭിച്ചിരുന്നു. പലരും വിഷയേതരമായി കമന്റെഴുതുന്നു, അതുമൂലം മറുപടിയെഴുതാൻ ഹുസൈന്‌ ബുദ്ധിമുട്ടുണ്ട്‌ എന്നതായിരുന്നു അദ്ദേഹം പറഞ്ഞ കാരണം. കമന്റ്‌ മോഡറേഷൻ ഏർപ്പെടുത്തിയത്‌ ജനുവരി ഒന്ന്, ശനിയാഴ്ചയായിരുന്നു. അതിനുശേഷം ഏകദേശം 15 കമന്റുകൾ ആ പോസ്റ്റിൽ വന്നിട്ടുണ്ട്‌, അതിനടുത്ത പോസ്റ്റിൽ 12-ഉം. ഇത്‌ ജനുവരി 8-ലെ കണക്കാണ്‌, കമന്റ്‌ മോഡറേഷന്‌ ഒരാഴ്ചയ്ക്ക്‌ ശേഷമുള്ളത്‌.

ജനുവരി 4 ചൊവ്വാഴ്ചയാണ്‌ ഞാൻ എന്റെ കമന്റുകൾ പോസ്റ്റ്‌ ചെയ്യുന്നത്‌.

എന്റെ കമന്റ്‌, 5 ഭാഗമായിട്ടാണ്‌ എന്നാണ്‌ എന്റെ ഓർമ്മ, താഴെക്കൊടുക്കുന്നു.


================================================

ശ്രീ ഹുസൈൻ,

I'm sticking to the subject on how creationism is scientific, I'm not delving into evolution and your criticisms. ഒരുപാട് വിഷയങ്ങൾ കൂട്ടിക്കുഴച്ച് എഴുതിയിട്ട് ഏതിന് മറുപടി നൽകണം എന്ന കൺഫ്യൂഷൻ ഏതായാലും വേണ്ട. പരിണാമത്തെക്കുറിച്ച് പലരും പറയുന്നുണ്ടുതാനും. അതിനോടൊപ്പം ഞാനും എഴുതുന്നതിൽ പ്രത്യേകിച്ചൊരു ഗുണവും ഞാൻ കാണുന്നില്ല.

പോയിന്റുകളായി താങ്കൾ എഴുതിയിട്ടുണ്ട്, പക്ഷെ ഞാൻ അങ്ങിനെയല്ലാതെ തിരിച്ച് എഴുതുന്നതിൽ ക്ഷമിക്കൂ. ഏഴ് പോയിന്റുകളായി താങ്കൾ എഴുതിയിട്ടുണ്ടെങ്കിലും അതിൽ തന്നെ എത്ര വൈരുദ്ധ്യങ്ങൾ ഉണ്ട് എന്ന് താങ്കൾക്ക് തന്നെ വായിച്ചുനോക്കാവുന്നതാണ്. എന്തുകൊണ്ട് ഇത് എനിക്കുള്ള മറുപടിയല്ല എന്നതും ഞാൻ വിശദീകരിക്കാം. താങ്കളുടെ പോസ്റ്റിലെ ചില കാര്യങ്ങൾ കൂടി പരാമർശിക്കുന്നതിൽ വിരോധമില്ലെന്ന് കരുതുന്നു.


ഒന്ന്, സൃഷ്ടിവാദത്തിന് താങ്കൾ നൽകിയ വിശദീകരണം മുഴുവൻ സുസ്ഥിരതാവാദവുമായി ബന്ധപ്പെട്ടതാണ്. Let's be clear..
ഒരു ജീവിവർഗ്ഗം ഒരു മനുഷ്യായുസ്സിൽ, അല്ലെങ്കിൽ ഒരു നൂറ്റാണ്ടിൽത്തന്നെ, വലുതായി മാറ്റങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിൽ (അതുതന്നെ subjective ആയൊരു കാര്യമാണ്) അതിനർത്ഥം അത് ആ ജീവിവർഗ്ഗത്തിന്റെ lifespan മുഴുവൻ അങ്ങിനെത്തന്നെ ആയിരിയ്ക്കും എന്നത് ഒരു ശരിയായ നിരീക്ഷണമല്ല. മാറ്റങ്ങൾ എന്ത് എന്നതിനെക്കുറിച്ചാണ് താങ്കൾ പരിണാമസിദ്ധാന്തത്തെ എതിർക്കുന്നത്. താങ്കളുദ്ദേശിക്കുന്ന മാറ്റം ദൃശ്യമായില്ല എന്നതിനർത്ഥം തിയറി തെറ്റാണെന്നല്ലല്ലൊ. പുതിയൊരു ജീവിവർഗ്ഗമായി മാറുന്നതായി നിരീക്ഷിക്കപ്പെടുന്നില്ല എന്നതാണ് താങ്കൾ തെളിവായി പറയുന്നതും, അല്ലാതെ മാറ്റങ്ങൾ ഉണ്ടാകുന്നില്ല എന്നല്ല.

കാര്യം ഇങ്ങിനെയായിരിക്കെ ഈ സുസ്ഥിരത തന്നെ ചോദ്യപ്പെടുന്നതാണ്.

രണ്ട്, ഈ സുസ്ഥിരത തെളിയിയ്ക്കാനായി താങ്കൾ ഇവിടെ എടുത്തുപറഞ്ഞ ഉദാഹരണങ്ങൾ എന്താണ്?


മോർഗന്റെ പരീക്ഷണം, ലെൻസ്കിയുടെ പരീക്ഷണം....

ഈ വിഷയങ്ങളിൽ ആദ്യം മുതൽക്കെ ഞാൻ ഉന്നയിച്ചിരുന്ന ഒരു കാര്യമാണ് സൃഷ്ടിവാദത്തിൽ സ്വതന്ത്രമായി ഗവേഷണം ഒന്നും നടക്കുന്നില്ല എന്നത്. ലഭ്യമായ ചില വിവരങ്ങൾ വെച്ച് തങ്ങളുടെ വാദം ഉന്നയിയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പറഞ്ഞിരുന്നു. താങ്കൾ തന്നെ വാദിച്ചപ്രകാരം ഏതൊരു ശാസ്ത്രജ്ഞനും പരിണാമം നടക്കുന്നില്ല എന്ന് തെളിയിയ്ക്കാൻ ഒരു ലാബ് സെറ്റപ് ചെയ്യാൻ സാധിയ്ക്കും എന്നായിരുന്നു. അന്നുതന്നെ ഞാൻ ചോദിച്ചിരുന്നതാണ് സൃഷ്ടി നടക്കുന്നുണ്ട് എന്ന് തെളിയിയ്ക്കാൻ ഒരു ലാബ് സെറ്റപ് ചെയ്യാൻ സാധിയ്ക്കുമോ എന്ന്. അന്ന് താങ്കൾ അതിന് വ്യക്തമായൊരു മറുപടി പറഞ്ഞതുമില്ല.

ഇന്നും താങ്കൾ ചെയ്യുന്നത് ഇതുതന്നെയല്ലേ? പരിണാമസംബന്ധമായ ഗവേഷണത്തിന് ചിലർ സെറ്റപ് ചെയ്ത പരീക്ഷണങ്ങളിൽ നിന്നും തങ്ങളുടെ കൺക്ലൂഷൻ ഉണ്ടാക്കുന്നു. അതല്ലാതെ സുസ്ഥിരത തെളിയിയ്ക്കാനോ സൃഷ്ടി തെളിയിയ്ക്കാനോ ഉള്ള ഒരു പരീക്ഷണത്തേയും താങ്കൾ ഇവിടെ പരാമർശിച്ചിട്ടില്ല. ഞാൻ Specific Independent Process ആവശ്യപ്പെട്ടതിൽ എന്താണ് അൽഭുതം?

സൃഷ്ടിയായാലും സുസ്ഥിരതയായാലും അത് തെളിയിയ്ക്കാനുള്ള ഒരു പരീക്ഷണവും ഇവിടെ താങ്കൾ പരാമർശിച്ചിട്ടില്ല എന്നത് താങ്കൾക്കെങ്കിലും അറിയാവുന്നതല്ലേ?

മൂന്ന്, താങ്കൾ ഇവിടെ Null Hypothesis, Research Hypothesis എന്നിവയെക്കുറിച്ച് എഴുതി. (സൗകര്യത്തിന് H0, H1 എന്നുതന്നെ ഉപയോഗിക്കട്ടെ) Null Hypothesis-നോടൊപ്പം ഉപയോഗിക്കുന്ന പദം Alternate Hypothesis എന്നാണ് എന്റെ അറിവ്, Research Hypothesis അല്ല, തെറ്റാണെങ്കിൽ അറിവുള്ളവർ പറഞ്ഞുതരുമല്ലൊ.

അതിവിടെ പ്രയോഗിയ്ക്കാനാവുമോ? പ്രയോഗിച്ചാൽ സൃഷ്ടിവാദത്തിനുള്ള തെളിവാകുമോ? താങ്കൾ ഇവിടെ പ്രയോഗിക്കുന്ന ലോജിക് തന്നെ തെറ്റാണ്.

ഇവിടെ ജീവിവർഗ്ഗങ്ങൾ സുസ്ഥിരമാണ് എന്ന H1 തെറ്റാണെന്ന് തെളിയിയ്ക്കണമെന്നിരിക്കട്ടെ. അതിനുള്ള ശ്രമം നടത്തേണ്ടത് H0-ലാണ്, ശരിയാണ്. സുസ്ഥിരമല്ല എന്നത് തെളിഞ്ഞ കാര്യമാണ്, ജീവിവർഗ്ഗം മാറിയില്ല എന്നത് വേറെ വിഷയം. Worst case, എങ്ങിനെ പോയാലും H0 തെറ്റാണെന്ന് മാത്രമേ ഇവിടെ തെളിയൂ, H1 ശരിയാണെന്ന് തെളിയില്ല. Standard Research Methodology അങ്ങിനെയാണ് പറയുന്നത് എന്നാണ് എന്റെ അറിവ്.

ഇനി തിരിച്ചാണ് കാര്യമെങ്കിലോ?

ജീവിവർഗ്ഗങ്ങൾ സുസ്ഥിരമല്ല എന്ന H1 തെറ്റാണെന്ന് തെളിയിയ്ക്കാൻ H0 പരീക്ഷണങ്ങൾ താങ്കൾ ഒന്നും ചൂണ്ടിക്കാണിച്ചിട്ടില്ല. അപ്പോൾ മറിച്ചും ടെസ്റ്റ് ചെയ്യാം എന്ന വാദം നിലനിൽക്കുന്നുമില്ല. എന്നുമാത്രമല്ല, ഈ നൾ ഹൈപോതെസിസ് വളരെ vague ആണ്, ഒട്ടും സ്പെസിഫിക് അല്ല. (ജീവിവർഗ്ഗങ്ങൾ പരിണമിയ്ക്കുന്നില്ല എന്ന ഒരു vague statement ആണിവിടെ H0)

ചുരുക്കിപ്പറഞ്ഞാൽ, Research Methodology ഇക്കാര്യത്തിൽ കാര്യമായി താങ്കളെ സഹായിയ്ക്കുന്നില്ല. അത് ഇവിടെ applicable അല്ല, എന്നുമാത്രമല്ല, പ്രയോഗിച്ചാലും സൃഷ്ടിവാദത്തെ സഹായിയ്ക്കുകയുമില്ല.

നാല്, സൃഷ്ടിവാദത്തിലെ ശാസ്ത്രീയത വിശദീകരിക്കുന്ന ധാരാളം പുസ്തകങ്ങൾ ഉണ്ടെന്ന് താങ്കൾ പറയുന്നു. താങ്കൾ തന്നെ എടുത്തുപറഞ്ഞ ഒരു പുസ്തകം ഹെൻറി മോറിസിന്റെ സയന്റിഫിക് ക്രിയേഷനിസം എന്ന പുസ്തകമാണ്. അതൊരു യങ്ങ് എർത്ത് ക്രിയേഷനിസ്റ്റിന്റെ പുസ്തകവുമാണ്. യങ്ങ് എർത്ത് തിയറിയൊക്കെ തെറ്റാണെന്ന് എപ്പോഴേ തെളിയിയ്ക്കപ്പെട്ടതാണ്, എന്നിട്ടും അത് താങ്കൾ ഇവിടെ പരാമർശിക്കുന്നുണ്ടെങ്കിൽ താങ്കൾ തന്നെ ശാസ്ത്രീയസൃഷ്ടിവാദത്തിലുള്ള പുസ്തകങ്ങളെക്കുറിച്ച് അത്രയധികം ചിന്തിച്ചിട്ടില്ല എന്നല്ലേ അർത്ഥമാക്കുന്നത്? അല്ലായിരുന്നെങ്കിൽ നിഷ്പ്രയാസം നല്ലരീതിയിൽ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങൾ താങ്കൾക്ക് പരാമർശിക്കാൻ സാധിക്കുമായിരുന്നു എന്നാണ് എന്റെ വിലയിരുത്തൽ.

അത് താങ്കൾക്ക് തന്നെ സാധ്യമല്ലെന്നിരിയ്ക്കെ ഞാനെന്തിന് വിഷമിയ്ക്കണം?

അതവിടെ നിൽക്കട്ടെ. ജീവികൾ സുസ്ഥിരമാണെന്നുതന്നെ വന്നാലും അത് സൃഷ്ടിവാദത്തിനുള്ള തെളിവാകുന്നതെങ്ങിനെ? നാം നിരീക്ഷിക്കുന്ന കാലയളവിൽ നിലവിലുള്ള ജീവികളിൽ നിന്നും പുതുതായി ഒന്നും വന്നില്ലെങ്കിൽ അത് സൃഷ്ടിയ്ക്കുള്ള തെളിവാകുമോ?


സൃഷ്ടിവാദത്തിന്റെ ആധാരം സൃഷ്ടിയാണ്. ഒരു പ്രപഞ്ചാതീതശക്തി സൃഷ്ടിച്ചതാണ് നാം ഇക്കാണുന്ന എല്ലാം. സുസ്ഥിരത എന്നത് അതിന്റെ ഒരു derived attribute മാത്രമാണ്. എന്നുവെച്ചാൽ ജീവികൾ സൃഷ്ടിക്കപ്പെട്ടതായതിനാൽ അവ സുസ്ഥിരമാണ് എന്നാണ് പറയേണ്ടത്. ഈ derived attribute വെച്ച് ആധാരത്തിലേയ്ക്ക് എത്താൻ കഴിയില്ല. വീട്ടിൽ നിന്നും ഇറങ്ങി തെക്കോട്ട് നടന്നാൽ ബസ്സ്റ്റോപ്പിലെത്താം, പക്ഷെ ബസ്സ്റ്റോപ്പിൽ എന്നെ കണ്ടു എന്നത് ഞാൻ വീട്ടിൽ നിന്നാണ് ഇറങ്ങിയത് എന്നതിന് തെളിവല്ല. (ഒരു ചെറിയ ഉദാഹരണം പറഞ്ഞതാണ്, ഉദാഹരണത്തിൽ ചർച്ച വേണമെന്നില്ല)


സൃഷ്ടിവാദത്തെക്കുറിച്ച് താങ്കളുടെ ഈ പോസ്റ്റിൽ (meaning, Hussain's postഒരു കമന്റാണ് ചുവടെ.

"സൃഷ്ടിവാദത്തിലെ എല്ലാ വീക്ഷണങ്ങളും ടെസ്റ്റബ്ല് ആണെന്ന് ആരും വാദിച്ചിട്ടില്ലല്ലോ"

എല്ലാം ടെസ്റ്റബിൾ ആണെന്ന് തെളിയിയ്ക്കേണ്ട, കുറഞ്ഞപക്ഷം സൃഷ്ടിയെങ്കിലും? അതിനും സാധ്യത താങ്കൾക്ക് തന്നെ കാണാൻ കഴിയുന്നില്ല.

പക്ഷെ താങ്കളുടെ മുൻകമന്റുകൾ അങ്ങിനെയൊരു വാദം ഉണ്ടായിട്ടേയില്ല എന്ന പ്രതീതി അല്ല നൽകുന്നത് എന്നുകൂടി പറയട്ടെ.

ഇനി, FYI,

താങ്കളുടെ തന്നെ ഉത്തരങ്ങളാണ്. എന്നെ പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ച വാദഗതികളിൽ പ്രധാനം ഇവയാണ്.

Firstly, there are a lot things in detail about creationism.
Secondly, There are clear timelines.
Thirdly, there is clear methodology.
Fourthly, there are clear explanations.
Fifthly, there are a number of observations that are testable.

പ്രധാനമായും ശ്രദ്ധിക്കുക, താങ്കൾ എഴുതിയ അഞ്ചാമത്തെ പോയിന്റ് പ്രകാരം testable ആയ ധാരാളം നിരീക്ഷണങ്ങളുണ്ട് സൃഷ്ടിവാദത്തിൽ. ഇവിടെ താങ്കൾ പറഞ്ഞത് ഒരു പോയിന്റ് ആണ്, അതുതന്നെ സൃഷ്ടിവാദവുമായി നേരിട്ട് ബന്ധമുള്ളതുമല്ല.


ഇനി, ഞാനെഴുതിയ കാര്യങ്ങൾ കൂടി. (താങ്കളുടെ പ്രതികരണം "എനിക്ക് എന്ത് സാധിക്കുകയില്ലെന്ന് താങ്കൾ എങ്ങിനെ മനസ്സിലാക്കി?" എന്നായിരുന്നു)

1. സൃഷ്ടി നടക്കണമെങ്കിൽ സ്രഷ്ടാവ് മനസ് വെയ്ക്കണം. ഉദാഹരണത്തിന് പുതിയൊരു ജീവിവർഗ്ഗം ഉണ്ടാകണമെങ്കിൽ സ്രഷ്ടാവ് നേരത്തെ അതിന് തീരുമാനമെടുത്തിരിയ്ക്കണം.

2. സൃഷ്ടികൾ എപ്പോഴാണ് സൃഷ്ടിയ്ക്കപ്പെടേണ്ടത് എന്നത് സ്രഷ്ടാവാണ് തീരുമാനിക്കുന്നത്. (ഒരു പ്രത്യേകസാധനം സൃഷ്ടിയ്ക്കപ്പെടേണ്ടതില്ല എന്ന തീരുമാനം എന്തായാലും ഇല്ല, കാരണം ഇല്ലാത്ത ഒരു വസ്തു ഉണ്ടാകേണ്ടതില്ല എന്ന് തീരുമാനിയ്ക്കേണ്ടതില്ലല്ലൊ) പ്രപഞ്ചം ആകെമൊത്തം എടുത്താലും ഇഴജന്തുക്കൾ പോലൊരു broad category എടുത്താലും കഥ ഇതുതന്നെ.

3. സൃഷ്ടികൾ എങ്ങിനെയാണ് ഉണ്ടായിവരേണ്ടത് എന്നത് സ്രഷ്ടാവാണ് തീരുമാനിയ്ക്കുന്നത്. ചില വിശ്വാസങ്ങൾ പ്രകാരം ഉണ്ടാവട്ടെ എന്ന് പറഞ്ഞപ്പോൾ ഉണ്ടായതാണ് മിക്ക വസ്തുക്കളും. മനുഷ്യന്റെ കാര്യത്തിൽ മാത്രം അൽപം ഭേദഗതി ഉണ്ട്, മണ്ണ് കുഴച്ചാണ് മനുഷ്യനെ ഉണ്ടാക്കിയത്.

4. ഓരോ വസ്തുവും എത്രകാലം നിലനിൽക്കും എന്നത് സ്രഷ്ടാവിന്റെ തീരുമാനമാണ്. ഒരു പ്രത്യേകജീവിവർഗ്ഗം എത്രകാലം ഭൂമിയിൽ (തലമുറകളായി) ജീവിയ്ക്കും എന്നത് സ്രഷ്ടാവ് തീരുമാനിച്ചിരിയ്ക്കുന്നു. എന്തുകൊണ്ട് ജീവിവർഗ്ഗങ്ങൾ നാമാവശേഷമാകണം, എപ്പോൾ വംശം ഇല്ലാതാകണം എന്നതൊക്കെ സ്രഷ്ടാവിന് മാത്രം അറിയാവുന്ന രഹസ്യമാണ്. ഏത് ഗ്രഹം, ഏത് നക്ഷത്രം എന്നുവരെ നിലനിൽക്കണം എന്നതും സ്രഷ്ടാവ് തീരുമാനിയ്ക്കുന്നതാണ്.

ഇനി താങ്കൾ പറയേണ്ടതാണ്, എന്റെ ഭാഗം ഞാൻ വിശദീകരിച്ചു.
 
==============================================
 
എന്റെ ഈ കമന്റ്‌ ഇതുവരെ പബ്ലിഷ്‌ ചെയ്ത്‌ കണ്ടിട്ടില്ല. വിട്ടുപോകേണ്ട എന്നുകരുതി ഞാൻ വെള്ളിയാഴ്ച (ജനുവരി 7) ഒരു റിമൈൻഡർ ഇടുകയും ചെയ്തിരുന്നു. എന്നിട്ടും അവസ്ഥയ്ക്ക്‌ മാറ്റമൊന്നുമില്ല.


ബ്ലോഗിൽ സാധാരണയായി ഒരു കമന്റ്‌ പബ്ലിഷ്‌ ചെയ്യപ്പെടാതിരിക്കണമെങ്കിൽ ബ്ലോഗുടമയ്ക്കുള്ള കാരണങ്ങൾ കമന്റുകളിലെ അസഭ്യമോ വിഷയം മനപൂർവ്വം മാറ്റാനുള്ള ശ്രമമോ ആയിരിയ്ക്കും.
എന്റെ കമന്റിൽ അത്തരം എന്തെങ്കിലും ഉണ്ടെന്ന് എനിയ്ക്ക്‌ തോന്നുന്നില്ല.

ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽപ്പോലും മറ്റൊരാൾ ഇട്ട മാന്യമായ കമന്റ്‌ പബ്ലിഷ്‌ ചെയ്യുക എന്നതാണ്‌ മാന്യമായ നടപടി. ഉത്തരം ഇപ്പോൾ പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ആയിക്കോട്ടെ, സമയമെടുത്ത്‌ എഴുതിയാൽ മതി, എഴുതിയില്ലെങ്കിലും എനിയ്ക്ക്‌ പ്രത്യേകിച്ച്‌ ബുദ്ധിമുട്ടുകളൊന്നുമില്ലതാനും. പക്ഷെ അത്‌ കമന്റ്‌ റിലീസ്‌ ചെയ്യാതിരിയ്ക്കുന്നതിന്‌ (within a reasonable span of time) ന്യായീകരണമല്ല.

ചിലപ്പോൾ തിരക്ക്‌ മൂലം സ്വന്തം ബ്ലോഗ്‌ ശ്രദ്ധിയ്ക്കാൻ സമയം കിട്ടാതെ വന്നേയ്ക്കാം. ഹുസൈൻ അത്രയ്ക്ക്‌ തിരക്കിലാണെന്ന് പറയാൻ കാരണമൊന്നും കാണുന്നില്ല. അദ്ദേഹം ഇപ്പോഴും സത്യാന്വേഷിയുടെ ബ്ലോഗിൽ സജീവമായിത്തന്നെ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്‌, തന്റെ ബ്ലോഗിൽത്തന്നെ ചൊവ്വാഴ്ചയ്ക്ക്‌ ശേഷം കമന്റുകൾ റിലീസ്‌ ചെയ്തിട്ടുമുണ്ട്‌.

എന്റെ കമന്റ്‌ റിലീസ്‌ ചെയ്യപ്പെടേണ്ടതാണ്‌ എന്നത്‌ എന്റെ ഭാഗത്തുനിന്നുള്ള ന്യായമായ ഒരു ആവശ്യമായി ഞാൻ കാണുന്നു. അതിന്‌ ഹുസൈൻ മറുപടി പറയുകയോ മിണ്ടാതിരിയ്ക്കുകയോ ചെയ്തോട്ടെ, അതെന്റെ വിഷയമല്ല.


Before I finish.....
ഇത്‌ ശ്രീ ഹുസൈനെ വ്യക്തിപരമായി കുറ്റപ്പെടുത്താനല്ല, മറിച്ച്‌ എന്നെത്തന്നെ സംരക്ഷിക്കാനാണ്‌. ഒരു മറുപടി നൽകാതെ മാറിനിന്നു എന്ന് മറ്റുള്ളവർ കരുതാനും ഭാവിയിൽ ഹുസൈന്റെ തന്നെ ബ്ലോഗിൽ ചർച്ചകൾക്ക്‌ (ഞാൻ പങ്കെടുക്കുകയാണെങ്കിൽ) തടസമുണ്ടാകാതിരിയ്ക്കാനും വേണ്ടി മാത്രം.

വ്യക്തികളെ സംബന്ധിയ്ക്കുന്ന പോസ്റ്റുകൾ എഴുതാൻ എനിയ്ക്ക്‌ വലിയ താൽപര്യമില്ല, പക്ഷെ ഇവിടെ ഞാൻ നിർബന്ധിതനാവുകയാണ്‌. ക്ഷമിയ്ക്കൂ