എന്റെ ചിന്തകൾ

Thursday, December 24, 2009

ധ്യാനചിന്തകൾ മാത്രം മതി

മനോരമയിൽ ഒരു കടുകട്ടി ലേഖനം പ്രത്യക്ഷപ്പെട്ടു, സികെ ബാബുവിന്റെ ബ്ലോഗ്‌ പോസ്റ്റിൽ നിന്നാണ്‌ ഞാൻ ഈ ലേഖനത്തിൽ എത്തിയത്‌.

ശാസ്ത്രം വഴി ദൈവവിശ്വാസത്തെ (അതും സ്വന്തം വേദപുസ്തകത്തിലെ ദൈവത്തിലുള്ള വിശ്വാസത്തെ) പ്രചരിപ്പിക്കുക എന്നത്‌ ശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം തന്നെ കണ്ടുതുടങ്ങിയ ഒരു പരിപാടിയാണ്‌. ശാസ്ത്രം കണ്ടെത്തുന്ന ഓരോ കാര്യവും എങ്ങിനെ തങ്ങൾക്കനുകൂലമാക്കാമെന്ന് ഇത്തരം 'ഗവേഷണം' നടത്തുന്നവർ കണ്ടുപിടിച്ചുകൊണ്ടേയിരിക്കും. കുറെ പേർ ശാസ്ത്രത്തിന്റെ ഗ്യാപ്പുകളിലാണ്‌ ദൈവത്തെ കയറ്റിയിരുന്നതെങ്കിൽ ചിലർ ശാസ്ത്രത്തിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ്‌ ദൈവത്തിന്റെ ശക്തിയുടെ ഉദാഹരണമായി കാണിക്കുന്നത്‌. പരിണാമസിദ്ധാന്തം പ്രതിപാദിക്കുന്ന കഥകളും ബിഗ്‌ബാങ്ങ്‌ വിശദീകരിക്കുന്ന വചനവും എന്നുവേണ്ട ഗ്രഹങ്ങളുടെ പരസ്പാരാകർഷണവും ജിയോളജിയും ബയോളജിയും വരെ പുസ്തകത്തിൽ അല്ലെങ്കിൽ കഥകളിൽ കാണിച്ചുതരും.

മനോരമയിലെ പ്രസ്തുതലേഖനവും ഇത്തരത്തിലുള്ള ഒന്നാണ്‌. കേട്ടറിവോ വായിച്ചറിവോ, ഏതാണ്‌ ഈ ലേഖകന്‌ കൂടുതൽ ഉള്ളതെന്നറിയില്ല, എന്തായാലും കുറെ ശാസ്ത്രപദങ്ങൾ പ്രയോഗിച്ചിട്ടുണ്ട്‌ അദ്ദേഹം, പക്ഷെ ദൈവം എന്ന് വെച്ചുകെട്ടാവുന്നവ മാത്രം.
ബാബു അതേക്കുറിച്ച്‌ വിശദമായി തന്നെ അദ്ദേഹത്തിന്റെ പോസ്റ്റിൽ ഇട്ടിട്ടുണ്ട്‌. അധികം പരിജ്ഞാനം ഇല്ലാത്ത വിഷയങ്ങൾ ആയതിനാൽ ഞാൻ അവയൊന്നും ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല.

എന്നെ ഏറെ ആകർഷിച്ചത്‌ അതിലെ ആദ്യഭാഗമാണ്‌.

പ്രത്യക്ഷത്തിൽ ശാസ്തൃം ഭാവിയിൽ എത്തിപ്പിടിച്ചേക്കാവുന്ന നേട്ടങ്ങൾ പറഞ്ഞാണ്‌ തുടക്കം. ക്ലോണിങ്ങ്‌ ഫലപ്രദമായി ഉപയോഗിക്കാൻ ശാസ്ത്രത്തിനു കഴിയുമെന്നും ആവാസയോഗ്യമായ മറ്റുഗ്രഹങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞേക്കുമെന്നും ഒക്കെ പറയുമ്പോൾ മനുഷ്യന്റെ, ശാസ്ത്രത്തിന്റെ സാധ്യതകളെക്കുറിച്ചായിരിക്കാം ലേഖകൻ പറയാൻ പോകുന്നത്‌ എന്നൊരു ഫീലിങ്ങ്‌ വന്നേയ്ക്കും.

അപ്പോൾ, പറഞ്ഞുവന്നപ്രകാരം, മനുഷ്യൻ ക്ലോണിങ്ങ്‌ ഫലപ്രദമായി വികസിപ്പിക്കുന്നു, ആവാസയോഗ്യമായ അന്യഗ്രഹങ്ങളിലൊന്നിൽ എത്തുന്നു, ക്ലോണിങ്ങ്‌ ടെക്നിക്‌ ഉപയോഗിച്ച്‌ അവിടെ മനുഷ്യനെ സൃഷ്ടിക്കുന്നു. മനുഷ്യൻ നടത്തുന്ന ഇത്തരം ക്ലോണിങ്ങ്‌ മൂലം ഉണ്ടാകുന്നത്‌ ആ ഗ്രഹത്തിലെ ആദവും ഹവ്വയും ആയിരിക്കും.

പെട്ടെന്നാണ്‌ നടന്നുപോകുന്നയാൾ റോക്കറ്റിലേയ്ക്ക്‌ ചാടിക്കയറുന്നത്‌.
ദൈവം ആദ്യമായി ഭൂമിയിൽ ആദം-ഹവ്വ ദമ്പതിമാരെ സൃഷ്ടിച്ചതുപോലെ.

കലക്കി.

ഒരു ഉപദേശം കൂടി വരുന്നുണ്ട്‌. ശാസ്ത്രത്തിന്റെ വളർച്ച ദൈവസങ്കൽപത്തിന്‌ എതിരല്ല എന്ന തിരിച്ചറിവ്‌ ഉണ്ടാക്കാനാണ്‌ ഇത്രയും പറഞ്ഞത്‌.

നാം ഈ ചെയ്യുന്ന (ചെയ്യാൻ പോകുന്ന) കാര്യം വെറും കെട്ടുകഥയല്ലെന്നും (സാധ്യമാണെന്നർത്ഥം), അതിനാൽ തന്നെ ഉൽപത്തിപുസ്തകത്തിലെ മനുഷ്യോൽപത്തിയുടെ കഥ കെട്ടുകഥയല്ലെന്നുമാണ്‌ പറഞ്ഞുവരുന്നതെന്ന് ലേഖകൻ!!!!

ചുരുക്കിപ്പറഞ്ഞാൽ ലോജിക്‌ ഏതാണ്ട്‌ ഈ വഴിക്ക്‌ പോകും.
മനുഷ്യൻ ക്ലോണിങ്ങ്‌ കണ്ടുപിടിക്കുന്നു.
മനുഷ്യൻ ആവാസയോഗ്യമായ മറ്റൊരു ഗ്രഹം കണ്ടുപിടിക്കുന്നു.
ക്ലോണിങ്ങ്‌ പ്രയോഗിച്ച്‌ മനുഷ്യൻ അവിടെ ഒരു പെയർ മനുഷ്യജീവികളെ ഉണ്ടാക്കിയെടുക്കുന്നു.
അവരായിരിക്കും ആ ഗ്രഹത്തിലെ ആദവും ഹവ്വയും.
നമ്മുടെ ഉൽപത്തിപുസ്തകത്തിലും ആദവും ഹവ്വയും എന്നുപറയുന്നുണ്ട്‌.
ഉൽപത്തിപുസ്തകം പറയുന്നത്‌ ശരിയാണെന്നതിനു തെളിവായി.

ഞാനവിടെ ഒരു കമന്റ്‌ ഇട്ടു. അവരത്‌ പബ്ലിഷ്‌ ചെയ്യും എന്ന് പ്രതീക്ഷിച്ചല്ല, എന്നാലും ഇത്തരം ലേഖനങ്ങൾ കണ്ടാൽ മിണ്ടാതിരിക്കാൻ കഴിയില്ലല്ലൊ.

ഞാനിട്ട കമന്റ്‌ ഇപ്രകാരം.
Amazing logic!!!!Man invents cloning, man invents a planet suitable for life to sustain, man tries out cloning in that planet, those become the Adam & Eve of that planet, and, surprisingly, lo!!, we have God!!!!
I'm surprised by the sheer ignorance of the writer here. How did God come in the full sequence explained in the first part of the article? Just because he could find an alternate for Adam & Eve?
BTW, does this mean that the Adam & Eve that we've heard of is also an act of cloning by a set of scientists from some other planet? Then what has God to do in this? Isn't it better to worship those scientists? Or are we doing it now?

ഇതിൽ വൃത്തികേടായി എന്തെങ്കിലുമുണ്ടോ? ഞാൻ നോക്കിയിട്ട്‌ ഒന്നും കണ്ടില്ല.
As expected മനോരമയിൽ എന്റെ കമന്റ്‌ വെളിച്ചം കണ്ടില്ല.

ഏതാണ്ട്‌ പത്ത്മുക്കാലിനാണ്‌ ഞാനെന്റെ കമന്റ്‌ ഇട്ടത്‌, 10.41-ലെ മെസേജിനുശേഷം പിന്നെ കാണുന്നത്‌ 11.41-ലെ മെസേജ്‌ ആണ്‌.

സന്തോഷം.
എഴുതിയതിലെ അബദ്ധം ചൂണ്ടിക്കാണിക്കുന്ന കമന്റുകൾ ഒഴിവാക്കണമെന്ന് അവർക്ക്‌ നിർബന്ധമുണ്ടാവാം. ഞാൻ പഴയ കമന്റുകൾ ഒന്നോടിച്ചുവായിച്ചുനോക്കി. ഗുഡ്‌, എക്സലന്റ്‌, ഗ്രേറ്റ്‌ തുടങ്ങിയ കാര്യങ്ങൾ മാത്രമേ അവിടെ കണ്ടുള്ളു. എത്ര എതിർപ്പുകൾ മുങ്ങിപ്പോയിട്ടുണ്ടെന്നറിയില്ല.

ധ്യാനചിന്തകൾ പങ്കുവെയ്ക്കാം എന്നാണ്‌ കമന്റ്ബോക്സിനു മുകളിലെ വാചകം തന്നെ, എന്നുവെച്ചാൽ ഇതുമായി യോജിക്കുന്നവർ മാത്രം മിണ്ടിയാൽ മതിയെന്നർത്ഥം. ധ്യാനചിന്തകൾ മാത്രം മതി, അല്ലാതുള്ളവർ മിണ്ടണ്ട എന്നെഴുതിവെച്ചിരുന്നെങ്കിൽ സമയമെങ്കിലും ലാഭിക്കാമായിരുന്നു.

കൂടെ പറയട്ടെ.... ശാസ്ത്രവും ദൈവവിശ്വാസവും പരസ്പരം പോരടിക്കണമെന്നൊന്നും എനിക്കഭിപ്രായമില്ല. നാം നേടുന്ന അറിവുകൾക്കനുസരിച്ച്‌ നമ്മുടെ സങ്കൽപങ്ങളും രീതികളും മാറണം, മാറിയേ തീരൂ. മനുഷ്യന്റെ നിസാരതയെ ഏറ്റവും നന്നായി നമ്മെ പഠിപ്പിച്ചത്‌ ശാസ്ത്രമാണ്‌, വിശാലമായൊരു ദൈവസങ്കൽപത്തിന്‌ സഹായകമാകാൻ ശാസ്ത്രത്തിനേക്കാൾ കഴിവ്‌ മറ്റൊന്നിനുമില്ലതാനും.
അറിവിനെ എതിർക്കുന്നവർ പിന്തള്ളപ്പെട്ടുപോയേയ്ക്കും.
പക്ഷെ അതിലും അപകടമാണ്‌ പുറകോട്ടുവലിയ്ക്കാൻ തന്നെ അറിവിനെ പ്രയോഗിക്കുന്നത്‌. അറിവില്ലായ്മയേക്കാൾ അപകടം ചെയ്യും അത്‌.

Tuesday, December 15, 2009

ഡിഫിയ്ക്ക്‌ തെറ്റിയാൽ???

ഒരു വലിയ തെറ്റുതന്നെയായേയ്ക്കും.

രാവിലെ നടക്കാനിറങ്ങിയപ്പോൾ (ഹൊ, ഈ 'ബാഡി'യിലും കൊളസ്ട്രോളുണ്ടേ... സന്തോഷിച്ചാട്ടെ) കണ്ട ഒരു പോസ്റ്ററാണ്‌ വിഷയം. എന്റെ മൊബൈലിലെ ക്യാമറ വല്യ ഗുണമുള്ളതല്ലാത്തതിനാൽ ഫോട്ടോ പിടിക്കാൻ പറ്റിയില്ല.
DYFI സംസ്ഥാന സമ്മേളനം.
ജനുവരി 8-11.
നല്ല വെള്ള പോസ്റ്ററിൽ ചുവന്ന വലിയ അക്ഷരങ്ങളിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്‌. ചെ ഗ്വേരയുടെ പടം (ക്യാരിക്കേച്ചർ) താഴെ ചെറിയ അക്ഷരങ്ങളിൽ കാര്യപരിപാടികൾ

കലാപരിപാടികൾ, കായികമൽസരങ്ങൾ, ചർച്ചകൾ, പൊതുസമ്മേളനം, പൊതുയാഗം, മാർച്ച്‌.

ഉള്ളൂർ ഏരിയാകമ്മിറ്റിയുടെ വക പോസ്റ്റർ. (പരിപാടികളുടെ മുഴുവൻ ലിസ്റ്റ്‌ ഓർമ്മയില്ല, ഫോട്ടോ എടുത്തുമില്ല, ക്ഷമിക്കണം)

അലക്ഷ്യമായി വായിച്ച്‌ നടന്നുനീങ്ങവെ പെട്ടെന്നൊരു പുനർചിന്ത.
വീണ്ടും പോസ്റ്റർ ചെന്നുവായിച്ചു. ഞാൻ വായിച്ചതിന്റെ കുഴപ്പമായിരിക്കുമോ?

അല്ല, നല്ല തെളിവുള്ള അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്‌.
പൊതുയാഗം തന്നെ.

ഡിഫി യാഗം നടത്താൻ പോകുന്നെന്നോ? ആരായിരിക്കുമാവോ യാഗത്തിന്റെ യജമാനൻ?

അധികം ആലോചിക്കാനൊന്നുമില്ലെന്നറിയാം. സംഗതി മറ്റേ പിശാശ്‌ തന്നെ, അച്ചടിപിശാശ്‌.

പൊതുയോഗം എന്നത്‌ പൊതുയാഗം ആയിപ്പോയി.

ചില്ലറ തെറ്റുകൾ ആർക്കും പറ്റാം. എഴുതുമ്പോൾ കൃത്യമായി സ്പെല്ലിങ്ങും മറ്റും നോക്കി എഴുതുന്നത്‌ അത്ര എളുപ്പമല്ല. മൈക്രോസോഫ്റ്റിന്റെ ഓട്ടോകറക്റ്റ്‌ ഉള്ളതിൽ പിന്നെ ഇംഗ്ലീഷിലെ ഒരു വാക്കിന്റെ കൃത്യമായ സ്പെല്ലിങ്ങ്‌ ആർക്കും അറിയാതായിരിക്കുന്നു, കുറഞ്ഞപക്ഷം സോഫ്റ്റ്വെയർ വയറന്മാർക്ക്‌.

പക്ഷെ നല്ലരീതിയിൽ പ്രൂഫ്‌റീഡിങ്ങ്‌ കഴിഞ്ഞല്ലെ ഇത്തരം ഫ്ലെക്സുകൾ പബ്ലിഷ്‌ ചെയ്യേണ്ടത്‌, പ്രത്യേകിച്ചും പൊതുജനം കാണുന്നുണ്ട്‌ എന്ന അവസ്ഥയിലെങ്കിലും. അതും പത്രങ്ങളിലേതുപോലെ നെടുനെടുങ്കൻ ലേഖനമൊന്നുമല്ലല്ലൊ ഇത്‌, വിട്ടുപോകാൻ. അപ്പോൾ തെറ്റുകൾ വെറും തെറ്റുകളല്ല, മാപ്പില്ലാത്ത അശ്രദ്ധയാണ്‌, വിവരക്കേടാണ്‌.

അശ്രദ്ധ എന്നുപറഞ്ഞ്‌ തള്ളാം, പക്ഷെ വാക്കിന്റെ അർത്ഥം തന്നെ മാറിയാലോ? ഒരു അക്ഷരം മാറിയോ വിട്ടുപോയോ അർത്ഥമില്ലാത്ത വേറൊരു വാക്കാവാം, പക്ഷെ അർത്ഥം തന്നെ മാറിപ്പോകുന്ന, വിപരീതാർത്ഥം വരുന്ന മറ്റൊരു വാക്കായി പരിണമിച്ചാലോ?

അതും പോട്ടെ, പ്രസ്ഥാനത്തിന്റെ പ്രഖ്യാപിതനിലപാടുകൾക്ക്‌ വിരുദ്ധമായൊരു അർത്ഥം വന്നാലോ?

കഷ്ടം എന്നേ പറയാനാവൂ. വിവരമില്ലായ്മ ക്ഷമിക്കാം, അന്തമില്ലായ്മ?

നോട്ടീസുകളിലും പബ്ലിക്‌ ബോർഡുകളിലും ഉള്ള വങ്കത്തരങ്ങൾ പലതവണ നേരിട്ടും ഫോർവേർഡ്‌ മെയിലുകളായും കണ്ടിട്ടുണ്ട്‌. പബ്ലിക്‌ ബോർഡുകൾ അധികവും കൈ കൊണ്ട്‌ എഴുതുന്നതാണെന്നതിനാൽ തെറ്റുകൾ സഹജം. എഴുതുന്നയാളുടെ പ്രസ്തുത ഭാഷയിലുള്ള അക്ഷരാഭ്യാസവും തെറ്റുകൾക്ക്‌ കാരണമാവാം.
ഭാഷയിലെ അക്ഷരങ്ങൾ അറിയില്ലെങ്കിൽ സാധാരണയായി ബോർഡെഴുത്തുകാർ ആശ്രയിക്കുന്നത്‌ ലോക്കലി ലഭ്യമായ ഭാഷയറിയാവുന്ന ഒരാളെയായിരിക്കും. അയാൾ 'വരച്ചുകൊടുക്കുന്ന' അക്ഷരങ്ങൾ അതേപടി ബോർഡിൽ കലാപരമായി എഴുതുക എന്നതായിരിക്കും ബോർഡെഴുത്തുകാർ ചെയ്യുക.

കർണാടക ആർടിസിയുടെ ബസിൽ ഏർനകുലം എന്നെഴുതിക്കണ്ടിട്ടുണ്ട്‌. കന്നഡിഗൻ പറഞ്ഞുകൊടുത്തത്‌ അത്തരത്തിലായിരിക്കാം, പക്ഷെ ഏതു മലയാളിയാണാവോ എറണാകുളം എന്നാണ്‌ ആ സ്ഥലത്തിന്‌ പറയുക എന്നറിയാത്ത മഹാൻ?

പഴനിയിൽ കണ്ടിട്ടുള്ള ഒരു ബോർഡാണ്‌. സ്ത്രീകളുടെ ടോയ്‌ലെറ്റിലേയ്ക്കുള്ള വഴി കാണിച്ചുകുണ്ടുള്ള ബോർഡിൽ എഴുതിയത്‌ വായിച്ചാൽ ഗ്നൂക്കൾ എന്നെഴുതിയതുപോലിരിക്കും. (ഇപ്പോഴത്‌ ശരിയാക്കിയോ എന്നറിയില്ല, അങ്ങോട്ടൊക്കെ പോയിട്ട്‌ കൊല്ലം പത്തിരുപത്‌ കഴിഞ്ഞു) സ്ത്രീ എന്ന് കൂട്ടക്ഷരത്തിൽ മലയാളി എഴുതിക്കൊടുത്തത്‌ പാവം തമിഴന്റെ തലകറക്കിയത്‌ മനസിലാക്കാം. അത്‌ തിരുത്താനറിയാവുന്നവർ ആ പ്രദേശത്ത്‌ ഇല്ലായിരിക്കാം എന്നതും മനസിലാക്കാം

വന്നുവന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ പോലും ഇത്തരം വങ്കത്തരങ്ങൾ കാണാതെ പോകുന്നുണ്ട്‌, അത്‌ വിദ്യയ്ക്കുതന്നെ അപമാനമാണ്‌. ബാംഗ്ലൂരിലെ പല സ്കൂളുകളുടെയും ബോർഡുകൾ വായിച്ചാൽ ചിരിച്ചു മണ്ണു മാത്രമല്ല, ഭൂമിയുടെ അടിയിലുള്ള പെട്രോൾ വരെ കപ്പും.
Clasass I-XI എന്നുവരെ എഴുതിക്കണ്ടിട്ടുണ്ട്‌.

ഒരു ചെറിയ കാര്യം കൂടി പറഞ്ഞ്‌ നിർത്താം.
ബാംഗ്ലൂരിലുണ്ടായിരുന്ന കാലത്ത്‌ കോറമംഗലയിലെ ഒരു സ്കൂളിന്റെ ബോർഡ്‌ (പരസ്യമല്ല, സ്കൂളിന്റെ മുന്നിൽ വെച്ചിരിക്കുന്ന ബോർഡ്‌ തന്നെ) കാണാറുണ്ടായിരുന്നു. ആ സ്കൂൾ ഇപ്പോഴും അതേ ബോർഡ്‌ വെച്ചുതന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ്‌ എന്റെ വിശ്വാസം.
സ്കൂളിന്റെ പേര്‌ ലിറ്റിൽ ഫീറ്റ്‌ എന്നാണ്‌. മോണ്ടിസോറി, എൽകെജി, യുകെജി തുടങ്ങിയവ ആയിരിക്കാം അവിടെ. കുഞ്ഞിക്കാലുകൾ എന്നർത്ഥം ആയിരിക്കാം ഉദ്ദേശ്യം.

ഈ ബോർഡ്‌ കാണിച്ച്‌ ഞാനെന്റെ ഭാര്യയോട്‌ പറഞ്ഞിട്ടുണ്ട്‌, ഫീസില്ല എന്നുപറഞ്ഞാൽപ്പോലും എന്റെ മകനെ ഞാനിവിടെ ചേർത്തില്ല.
ഇംഗ്ലീഷിലെ വാക്കുകളുടെ അർത്ഥം പോലും അറിയാത്ത ഈ സ്കൂളിൽ ചേർന്നാൽ എന്റെ മകനെ അവരെന്താണ്‌ പഠിപ്പിക്കുക?

പ്രശ്നം വിശദീകരിക്കാം.

ലിറ്റിൽ ഫീറ്റ്‌ എന്നുപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ഫീറ്റ്‌ എന്നതിന്റെ സ്പെല്ലിങ്ങ്‌ ആണ്‌ പ്രശ്നക്കാരൻ.അവരുപയോഗിച്ചിരിക്കുന്ന വാക്ക്‌ FEAT എന്നാണ്‌.

FEETഉം FEATഉം തമ്മിലുള്ള വ്യത്യാസം അറിയാത്ത ഇവർ എന്താണ്‌ കുട്ടികളെ പഠിപ്പിക്കുക?

തെറ്റുപറ്റാം, പക്ഷെ അശ്രദ്ധമൂലമുള്ള തെറ്റുകൾ, പ്രത്യേകിച്ചും അവ പരിഹരിക്കാതെ കിടക്കുമ്പോൾ, മാപ്പില്ല.

Wednesday, November 11, 2009

വിധി..... അഥവാ ദൈവേച്ഛ

ലതീഫിന്റെ ബ്ലോഗിൽ ദൈവേച്ഛയും മനുഷ്യന്റെ പ്രവർത്തനങ്ങളും എന്ന പേരിൽ ഒരു പോസ്റ്റ്‌ വായിച്ച്‌ അതിൽ കമന്റിടുവാൻ ഇടയായി. വിധിയെ കുറിച്ച്‌ ഒരു പോസ്റ്റ്‌ ഇടണമെന്ന് കുറച്ചുകാലമായി ചിന്തിക്കുന്നു, ഇപ്പോൾ ഏതായാലും അവിടെ പറഞ്ഞതും വിധി എന്ന സങ്കൽപത്തെക്കുറിച്ച്‌ എന്റെ ചിന്തകളും എല്ലാം ചേർത്ത്‌ ഒരു പോസ്റ്റ്‌ ആക്കിയിടാൻ തീരുമാനിച്ചു.

എന്റെ ജീവിതത്തിലെ ഒരു സംഭവത്തോടെ തുടങ്ങട്ടെ.

ഇത്‌ 2001-ലെ കാര്യമാണ്‌. ഞാനന്ന് ബാംഗ്ലൂരിൽ ജോലിയെടുക്കുന്ന കാലം. വിവാഹം കഴിഞ്ഞ്‌ നാലാഴ്ച കഴിഞ്ഞു. എന്റെ ഭാര്യയുടെ ചില ബന്ധുക്കൾ തങ്ങളുടെ ആദ്യസന്ദർശനത്തിനായി വരുന്നു. അതിരാവിലെ ഞാൻ എന്റെ ഒരു കസിനോടൊപ്പം രണ്ടു ബൈക്കുകളിലായി അവരെ പിക്‌ ചെയ്യാൻ മഡിവാളയിലേക്ക്‌ യാത്ര ചെയ്യുകയായിരുന്നു.
പോകുന്ന വഴിക്ക്‌ ഒരു Y ആകൃതിയിൽ റോഡ്‌ രൂപപ്പെടുന്ന ഇടമുണ്ട്‌ (ബാംഗ്ലൂരുകാർക്ക്‌ കോറമംഗലയിലെ കൃപാനിധി കോളേജ്‌ ജങ്ങ്ഷൻ അറിയുമായിരിക്കും). അതിന്റെ വാൽഭാഗത്തുനിന്നാണ്‌ എന്റെ യാത്ര. എതിരെ Y-ടെ വലതുഭാഗത്തുനിന്നും (എന്റെ വലതുഭാഗം, എതിരെ വരുന്നയാൾക്ക്‌ ഇടതുഭാഗത്തുള്ള റോഡ്‌) ഒരു ലോറി (അതന്നെ.... പാണ്ടിലോറി) വരുന്നു. ഞാൻ കാണുമ്പോൾ അയാൾ വലത്തോട്ട്‌ തിരിക്കുകയാണ്‌, അതായത്‌ Y-ടെ മറ്റേ വാലിലേയ്ക്ക്‌ പോകാൻ തീരുമാനിക്കുകയാണ്‌. സ്വാഭാവികമായും എന്റെ യാത്രയിൽ ഞാൻ വലത്തോട്ടൊന്ന് തിരിക്കണം, എന്നാൽ എനിക്ക്‌ അയാളുടെ ഇടത്തുഭാഗത്തുകൂടി യാത്ര ചെയ്യാൻ സാധിക്കും. ഞാൻ അപ്രകാരം തന്നെ ചെയ്തു.

ലോറിയുടെ ഡ്രൈവർക്ക്‌, എന്തുകൊണ്ടോ, ഒരു മനംമാറ്റം. വലത്തോട്ട്‌ തിരിച്ച വണ്ടി അയാൾ വീണ്ടും ഇടത്തോട്ട്‌ തിരിച്ച്‌ യാത്ര നേരെയാക്കി, അതും സ്പീഡിൽ അധികമൊന്നും കുറവുവരുത്താതെ.
ഫലം..... ആക്സിഡന്റ്‌. ഞാൻ കാലൊടിഞ്ഞ്‌ അഞ്ചാഴ്ച കിടപ്പിൽ.

ഈ അഞ്ചാഴ്ചയ്ക്കിടയിൽ ഞാൻ ധാരാളം കേട്ട ചില പദങ്ങളുണ്ട്‌.
കഷ്ടകാലം (കിടപ്പായില്ലേ), ഭാഗ്യം (തട്ടിപ്പോയില്ലല്ലൊ, ലോറിക്കടിയിലേക്കല്ലേ ഓടിക്കയറിയത്‌), വിധി (തലയിലെഴുതിയതല്ലേ നടക്കൂ)...വണ്ടിയുടെ നിർഭാഗ്യം എന്ന് പറഞ്ഞവരുമുണ്ട്‌ (ചരിത്രം അത്തരത്തിലാണ്‌)

ഇത്‌ വിധിയാണോ? ഈ ആക്സിഡന്റ്‌ എന്റെ തലയിൽ (അല്ലെങ്കിൽ ദൈവമോ മലക്കോ ചിത്രഗുപ്തനോ സൂക്ഷിക്കുന്ന എന്റെ വിധിപുസ്തകത്തിൽ) എഴുതിവെയ്ക്കപ്പെട്ടിട്ടുള്ളതാണോഎന്റെ ജീവിതത്തിൽ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും സെക്കന്റ്‌ വിടാതെ എഴുതിവെച്ചിരിക്കും എന്റെ വിധിയിൽ എന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്‌. സർവ്വേശ്വരൻ കാലാതീതമായി കാര്യങ്ങൾ അറിയുന്നവനാണെന്നും എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും എന്ന് ദൈവത്തിനറിയാം എന്നുമാണ്‌ പലരും പറയുന്നത്‌.

എന്നുവെച്ചാൽ ഞാൻ അപകടത്തിൽ പെടും എന്നതും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്‌. എന്നെ ഇടിക്കും എന്നത്‌ ആ ഡ്രൈവറുടെ വിധിയിൽ എഴുതപ്പെട്ടതാണ്‌.

കാര്യം സിമ്പിൾ... ഞങ്ങളുടെ രണ്ടുപേരുടേയുമായി വിധിയിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു.

 1. ഡ്രൈവർക്ക്‌ വലത്തോട്ട്‌ തിരിക്കാൻ തോന്നുന്നു.
 2. അയാൾ തിരിക്കുന്നു, അത്‌ ഞാൻ കാണുന്നു.
 3. എനിക്ക്‌ എന്റെ വലത്തോട്ട്‌ തിരിക്കാൻ തോന്നുന്നു.
 4. ഡ്രൈവർക്ക്‌ മനസ്‌ മാറാൻ തോന്നുന്നു, അയാൾ തന്റെ ഗതി മാറ്റുന്നു.
 5. പക്ഷെ അയാൾക്ക്‌ സ്പീഡ്‌ കുറയ്ക്കാൻ തോന്നുന്നില്ല
 6. എനിക്ക്‌ എന്റെ ദിശ മാറ്റാൻ തോന്നുന്നില്ല.

ഇത്രയും കാര്യങ്ങൾ ഒന്നിച്ച്‌ വന്നാലേ എന്റെയും ആ ഡ്രൈവറുടേയും വിധിയനുസരിച്ച്‌ കാര്യങ്ങൾ നടക്കൂ. ഒരെണ്ണം മാറിയാൽ എന്റെയും ആ ഡ്രൈവറുടേയും വിധി മറ്റൊന്നായിരിക്കും.

എന്നുവെച്ചാൽ ഞാൻ എപ്പോൾ, എന്ത്‌ ചിന്തിക്കും എന്നും എന്റെ വിധിയിൽ ഉണ്ടായിരിക്കും. എല്ലാവരുടേയും കഥ ഇതുതന്നെ.

അപ്പോൾ നേരത്തെ എഴുതിവെയ്ക്കപ്പെടുന്ന നാടകം ആടുന്ന നൂലറ്റത്തെ പാവകളാണോ മനുഷ്യൻ? ഇത്തരം നാടകമാടാൻ മാത്രമായാണോ ഇക്കണ്ട ആയിരം ബില്യണിലധികം മനുഷ്യർ (ഇതുവരെ ജീവിച്ച മനുഷ്യർ, കണക്ക്‌ തെറ്റാണെന്നറിയാം, എളുപ്പത്തിന്‌ ഇട്ടെന്നേയുള്ളു) ഇവിടെ ജീവിച്ചത്‌, തൊണ്ണൂറു ശതമാനത്തിനും ചരിത്രത്തിൽ പ്രസക്തിയില്ലാതെ.

ഈ നാടകം വേറൊരു രീതിയിൽ കണ്ടുനോക്കിയാലൊ.

സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച്‌ കാര്യങ്ങൾ നേടിയെടുത്തവരെ ചരിത്രത്തിൽ നാം ധാരാളം കണ്ടിട്ടുണ്ട്‌. കപിൽദേവ്‌, യേശുദാസ്‌, അംബേദ്കർ, ചാപ്ലിൻ തുടങ്ങിയവർ ആരംഭകാലത്ത്‌ അവഗണന സഹിച്ചും സ്വപ്രയത്നത്താൽ ഉയർന്നുവന്നവരാണ്‌. അബ്രഹാം ലിങ്കൺ ഒരു self-made man ആയാണ്‌ നാം അറിയുന്നത്‌. എഡിസനും ഐൻസ്റ്റീനും ശാരീരികവൈകല്യങ്ങളെ വകവെയ്ക്കാതെ പരിശ്രമിച്ചവരാണ്‌.
നാമറിയുന്ന കേവലവിധിവിശ്വാസത്തെ ചോദ്യം ചെയ്യുന്നവയാണ്‌ ഇത്തരം അറിവുകൾ. എഴുതിവെയ്ക്കപ്പെട്ട സ്വന്തം വിധി (അങ്ങിനെയൊന്നുണ്ടെങ്കിൽ) സ്വയം തിരുത്തിയെഴുതുവാനുള്ള കഴിവ്‌ മനുഷ്യനുണ്ടെന്ന്‌ ഇത്തരം വ്യക്തികൾ നമ്മെ പഠിപ്പിക്കുന്നു. സ്വന്തം ഇച്ഛ പരിശ്രമത്തിലൂടെ നേടിയെടുത്തവരാണിവർ.

ഇതിൽ യേശുദാസിന്റെ കാര്യം എടുക്കാം.
സംഗീതാഭിനിവേശവുമായി ജീവിക്കുന്ന അദ്ദേഹത്തിന്റെ ആരംഭകാലത്ത്‌ സംഗീതപഠനം എന്ന മോഹത്തെ പുച്ഛിച്ചുതള്ളിയവരുണ്ട്‌, ആകാശവാണി അദ്ദേഹത്തിന്റെ ശബ്ദം റിജക്റ്റ്‌ ചെയ്തിട്ടുണ്ട്‌. അത്തരം സംഭവങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെ തളർത്തിയില്ല, മറിച്ച്‌ കൂടുതൽ ആവേശത്തോടെ അദ്ദേഹം മറ്റുവഴികൾ അന്വേഷിക്കുകയാണുണ്ടായത്‌, സംഗീതപഠനവും ആലാപനവും തുടരുകയാണുണ്ടായത്‌. ശേഷം ചരിത്രമാണ്‌.
ഇവിടെ വിധി എങ്ങിനെയാണ്‌ യേശുദാസിന്റെ ജീവിതത്തിൽ?

രണ്ടു വ്യാഖ്യാനങ്ങൾ കേട്ടിട്ടുണ്ട്‌.
ഒന്ന്‌ - യേശുദാസ്‌ അവഗണനകളിൽ തളരാതെ പ്രയത്നിച്ചു. ആ പ്രയത്നത്തിൽ സന്തുഷ്ടനായി ദൈവം അദ്ദേഹത്തിന്റെ വിധി നാം ഇന്നുകാണുന്ന തരത്തിലാക്കി.
രണ്ട്‌ - യേശുദാസ്‌ അവഗണനകളെ എതിർത്തുതോൽപ്പിക്കും എന്നതും ദൈവനിശ്ചയമാണ്‌. അതും അദ്ദേഹത്തിന്റെ വിധിയിൽ പെടും.

ആദ്യത്തെ കേസിൽ വിധി തിരുത്തിയെഴുതപ്പെടാനുള്ള സാധ്യതയുണ്ട്‌. എന്നുവെച്ചാൽ വിധി മാറ്റമില്ലാത്തവിധം എഴുതപ്പെട്ട ഒന്നല്ലെന്നർത്ഥം. നമ്മുടെ ശ്രമമനുസരിച്ചുള്ള ഫലം നമുക്കു ലഭിക്കുന്നു. നീതി നടപ്പിലാക്കപ്പെടുന്നു. പക്ഷെ ഇവിടെ സർവ്വജ്ഞനായ ദൈവത്തിന്റെ കാലാതീതമായ അറിവ്‌ എന്ന സങ്കൽപം തെറ്റും. യേശുദാസ്‌ ഇച്ഛിക്കുമോ ഇല്ലയോ എന്നത്‌ അറിഞ്ഞതിനുശേഷമല്ലേ ദൈവം തീരുമാനമെടുക്കുന്നുള്ളു.
രണ്ടാമത്തേത്‌ ആപൽക്കരമായ ഒരു വിശ്വാസമായാണ്‌ എനിക്ക്‌ തോന്നുന്നത്‌. നേരത്തെ പറഞ്ഞ നൂൽപ്പാവയുടെ അവസ്ഥ. എന്റെ മാനസികാവസ്ഥ, ശുഭാപ്തിവിശ്വാസം എന്നിവയൊക്കെ എപ്പോൾ വരുമെന്നുവരെ എഴുതിവെക്കപ്പെട്ടിട്ടുണ്ടെങ്കിൽ നല്ലൊരു അവസ്ഥ വരുന്നതുവരെ കാത്തിരിക്കാനും ഞാൻ തയ്യാറായേയ്ക്കും. ഫലം.... ഞാൻ പറയേണ്ടതില്ലല്ലൊ.

നൂൽപ്പാവയാവാൻ ആർക്കും താൽപര്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ പ്രയത്നം കൊണ്ടുമാത്രം കാര്യമുണ്ടൊ?

ഇതിനു സമാനമായ ഒരു ഉദാഹരണം കൂടി നോക്കാം
അതിയായ ഇച്ഛാശക്തി ഉണ്ടായിട്ടും ഫലപ്രാപ്തി നേടാനാവാതെ പോയ എത്രയോ പേരെ നാം കണ്ടിട്ടുണ്ട്‌. ഇന്ത്യയ്ക്കു വേണ്ടി കളിക്കുക എന്ന അഭിലാഷവുമായി ക്രിക്കറ്റ്‌ കളിയിൽ പരിപൂർണസമർപ്പണം ചെയ്തവരുണ്ട്‌, പക്ഷെ എത്തിയവർ വളരെ കുറവ്‌. ആഭ്യന്തരക്രിക്കറ്റിൽ ഏറ്റവുമധികം വിക്കെറ്റെടുത്തിട്ടുള്ള രജീന്ദർ ഗോയൽ എന്ന ബൗളർ രാജ്യാന്തരക്രിക്കറ്റ്‌ കളിച്ചിട്ടേയില്ല, കാരണം അദ്ദേഹം കളിച്ചത്‌ ബേഡി/ചന്ദ്ര/പ്രസന്ന/വെങ്കട്ട്‌ എന്നിവർ കളിച്ചിരുന്ന അതേ കാലയളവിലാണ്‌.

അപ്പോൾ ഇച്ഛാശക്തി മാത്രം പോരാ.
അപ്പോൾ വിധി എന്നത്‌ ഒന്നുകൂടി ചികഞ്ഞുനോക്കേണ്ടിവരും. വീണ്ടും ദൈവനിശ്ചയം എന്നത്‌ പുറത്തേയ്ക്കെടുക്കേണ്ടിവരും. അന്തുമതീരുമാനം ദൈവേച്ഛയനുസരിച്ചാണ്‌ എന്നാണ്‌ ഇക്കാര്യത്തിൽ അഭിപ്രായം കാണാറ്‌.

നാം ഇച്ഛിച്ചാൽ മാത്രം പോരാ, ദൈവം കൂടി ഇച്ഛിക്കണമെന്ന് സാരം.
അപ്പോൾ ഇവിടെ രണ്ട്‌ കാര്യങ്ങളുണ്ട്‌, മനുഷ്യന്റെ ഇച്ഛയും ദൈവത്തിന്റെ ഇച്ഛയും.

ഇവയുടെ കോമ്പിനേഷൻ ഒന്ന് നോക്കാം.

 1. മനുഷ്യൻ ഇച്ഛിക്കുന്നില്ല, ദൈവവും ഇച്ഛിക്കുന്നില്ല.
  ഇവിടെ ഞാൻ ആഗ്രഹിക്കാത്തത്‌ എനിക്കു കിട്ടുന്നില്ല, പരാതിയുമില്ല.
 2. മനുഷ്യൻ ഇച്ഛിക്കുന്നില്ല, പക്ഷെ ദൈവം ഇച്ഛിക്കുന്നു, അതായത്‌ മനുഷ്യൻ ഇച്ഛിക്കാത്ത ഒരു കാര്യം (ഭാഗ്യം) ദൈവം അവന്‌ കൊടുക്കുന്നു.
  നല്ലകാര്യമാണെങ്കിൽ അസുലഭഭാഗ്യം എന്നൊക്കെ പറയാം. പക്ഷെ അർഹിക്കാത്തത്‌ കിട്ടുമ്പോൾ ചിലപ്പോൾ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലെയാവും.
  നമുക്ക്‌ ദോഷകരമായൊരു കാര്യമാണെങ്കിലോ. ആക്സിഡന്റ്‌ പോലൊരു കാര്യം ആരും ഇച്ഛിക്കാറില്ലല്ലൊ. ഇതും നിനച്ചിരിക്കാതെ വരുന്ന ഒന്നുതന്നെ. സഹിക്കുക, അത്രയേ വഴിയുള്ളു.
 3. മനുഷ്യൻ ഇച്ഛിക്കുന്നു, ദൈവം ഇച്ഛിക്കുന്നില്ല.
  ഭാഗ്യം കെട്ട ജന്മം.പണ്ട്‌ കാരണവന്മാർ പറഞ്ഞതുപോലെ "യോഗല്ല്യ കുട്ടിക്ക്‌". വീണ്ടും സഹിക്ക്യന്നെ.
 4. മനുഷ്യൻ ഇച്ഛിക്കുന്നു, ദൈവവും ഇച്ഛിക്കുന്നു.

ഇവിടെ ദൈവം എന്തെല്ലാം നിയന്ത്രിക്കുന്നുണ്ട്‌ എന്നതാണ്‌ പ്രധാനപ്രശ്നം. ഈ പോസ്റ്റിൽ കൂടുതൽ പറയാനാഗ്രഹിക്കുന്നതും ഇതിലേയ്ക്ക്‌ തന്നെ.
നേരത്തെ കണ്ടതുപോലെ സ്വന്തം ഇച്ഛയെ അല്ലെങ്കിൽ ജീവിതാഭിലാഷത്തെ ആവേശപൂർവ്വം പിന്തുടർന്ന് ലക്ഷ്യത്തിലെത്തിയവർ ധാരാളമുണ്ട്‌, അതിൽ പരാജയപ്പെട്ടവരുമുണ്ട്‌.
ഇവിടെ ദൈവം നേരത്തെ നിശ്ചയിച്ചാലും കണ്ടറിഞ്ഞ്‌ നൽകിയാലും ദൈവത്തിന്റേതാണ്‌ അന്തിമതീരുമാനം.

ഇസ്ലാം തത്വചിന്തയിൽ പറഞ്ഞുകേൾക്കാറുള്ള ഒന്നാണ്‌ Freewill.
ഇച്ഛിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്‌, പക്ഷെ അന്തിമമായ തീരുമാനം ദൈവത്തിന്റേതാണ്‌.

ഇവിടെയും നേരത്തെ നിശ്ചയിക്കപ്പെട്ടതാണോ അതോ കണ്ടറിഞ്ഞു തരുന്നതാണോ എന്ന സംശയം വരാം. ലതീഫിന്റെ പോസ്റ്റിൽ കണ്ട കമന്റ്‌ പ്രകാരം ദൈവത്തിന്‌ മുൻകൂട്ടി അറിയും, പക്ഷെ അത്‌ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതിനാലല്ല, കാലാതീതമായി ദൈവം അറിയുന്നു എന്നതിനാലാണ്‌.

ഇത്‌ രണ്ടും തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന് എനിക്കുറപ്പില്ല. ഞാൻ എന്ത്‌ ഇച്ഛിച്ചാലും, തിരഞ്ഞെടുത്താലും അത്‌ ദൈവത്തിനു മുൻകൂട്ടി അറിയാം, ആ അറിവിന്‌ വിരുദ്ധമായി എനിക്കൊരു തീരുമാനമെടുക്കാനാവില്ല, കാരണം ആ അറിവിന്‌ തെറ്റുപറ്റാൻ സാധിക്കില്ലല്ലൊ.
യേശുദാസ്‌ പ്രയത്നിക്കുമെന്നും ഹിറ്റ്ലർ വംശീയവികാരം ഇളക്കിവിടുമെന്നും ഒക്കെ ദൈവം മുൻകൂട്ടി അറിഞ്ഞിട്ടുണ്ട്‌. ആ അറിവിന്‌ വിരുദ്ധമായൊന്നും അവർ തിരഞ്ഞെടുത്തതുമില്ല.

ഏതായാലും ഈ വിഷയത്തിൽ ദൈവത്തിന്‌ അറിവേയുള്ളു എന്ന് തന്നെ അംഗീകരിക്കാം. മനുഷ്യന്റെ ഇച്ഛയെ ദൈവം നിയന്ത്രിക്കുന്നില്ല, പക്ഷെ അതിന്റെ ഫലപ്രാപ്തി ദൈവത്തിന്റെ അനുമതിയോടുകൂടി മാത്രമേ സിദ്ധിക്കൂ. Freewill സിദ്ധാന്തത്തിന്റെ രത്നച്ചുരുക്കം ഇതാണ്‌.

ഇച്ഛ, അതിനോടനുബന്ധമായ പ്രവൃത്തി, അതിന്റെ ഫലം.. ഈ മൂന്നു ഘടകങ്ങളായാണ്‌ ജീവിതത്തിലെ എല്ലാ പ്രധാനസംഭവങ്ങളും നടക്കുന്നത്‌.
ഇവിടെ ദൈവം ആദ്യത്തേത്‌, അതായത്‌ ഇച്ഛ, നിയന്ത്രിക്കുന്നില്ല. അത്‌ മനുഷ്യന്‌ വിട്ടുകൊടുത്തിരിക്കുന്നു.

പ്രവൃത്തിയോ? അത്‌ നിയന്ത്രിക്കപ്പെടുന്നുണ്ടോ? എനിക്കതിന്റെ ഉത്തരം അറിയില്ല. പക്ഷെ നിയന്ത്രിച്ചില്ലെങ്കിൽ?
ഒരാൾ കൊലപാതകം നടത്താൻ ഉദ്ദേശിക്കുന്നുവെന്നിരിക്കട്ടെ. ആ ഇച്ഛ ദൈവം നിയന്ത്രിക്കുന്നില്ല. പ്രവൃത്തി നിയന്ത്രിക്കുന്നില്ലയെങ്കിൽ ഇര കൊല്ലപ്പെടാം, കുറഞ്ഞത്‌ മാരകമാം വിധം പരിക്കേൽപ്പിക്കപ്പെടാം. ഏതുതന്നെയായാലും ഈ ഒരു ഇച്ഛയിലൂടെ ഇരയുടെ കാര്യം കഷ്ടത്തിലാവും, ഫലം എന്നത്‌ മുഴുവനായി നടന്നില്ലെന്നേയുള്ളു.

ഇനി പ്രവൃത്തിയെ ദൈവം നിയന്ത്രിക്കുന്നുണ്ടെന്നിരിക്കട്ടെ. പ്രവൃത്തിയെ എങ്ങിനെ നിയന്ത്രിക്കുന്നു ദൈവം? തക്കസമയത്ത്‌ ആയുധം കിട്ടാതെ വരാം, ഇര പ്രതീക്ഷിച്ച സമയത്ത്‌ എത്തിയില്ലെന്നുവരാം, ഇത്തരം സാധ്യതകൾ ഉണ്ടാവാം. പക്ഷെ കത്തിയും ഇരയും മുന്നിൽ കാണുമ്പോഴാണ്‌ കൊലയാളിക്ക്‌ ഇച്ഛ ഉണ്ടാവുന്നതെങ്കിൽ?

അപ്പോൾ ഇച്ഛ നിയന്തിച്ചില്ലെങ്കിൽപ്പോലും ചിലയിടത്തെങ്കിലും പ്രവൃത്തി നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് മനസിലാക്കാം.

അപ്പോൾ അടുത്ത പ്രശ്നം വരികയായി

ചരിത്രത്തിലെ പല സുപ്രധാനവഴിത്തിരിവുകളും സംഭവിച്ചിട്ടുള്ളത്‌ ചില പ്രമുഖരുടെ ഇച്ഛ മൂലമാണെന്ന് നാം മനസിലാക്കിയിട്ടുണ്ട്‌. പലപ്പോഴും സ്വന്തം ഇച്ഛ മറ്റൊരാളുടേതുകൂടി ആക്കിയാണ്‌ പലരും ചരിത്രം രചിച്ചിട്ടുള്ളത്‌.
ഗാന്ധിജിയും ഹിറ്റ്ലറുമൊക്കെ സ്വന്തം ഇച്ഛ ഒരു രാജ്യത്തിന്റെ ഇച്ഛയാക്കിയവരാണ്‌, അതിലൂടെയാണ്‌ ചരിത്രം മാറിയിട്ടുള്ളത്‌.
ഇവിടെ പ്രവർത്തനഫലം എന്നതുതന്നെ മറ്റൊരാളിൽ ഇച്ഛ ഉണ്ടാക്കുക എന്നതാണല്ലൊ. ഇപ്പറയുന്ന മറ്റൊരാളുടേയും ഇച്ഛ ദൈവം നിയന്ത്രിക്കുന്നില്ല, അപ്പോൾ ദൈവം നിയന്ത്രിക്കാതെ തന്നെ ഒരു ചരിത്രമാറ്റത്തിന്‌ തിരികൊളുത്തപ്പെടും. ഇത്തരത്തിൽ ചരിത്രവ്യതിയാനം വരെ സംഭവിച്ചിട്ടുള്ള പല കാര്യങ്ങളിലും ഇച്ഛ നിയന്ത്രിക്കാത്ത ദൈവം എങ്ങിനെയാണ്‌ ചരിത്രം നിയന്ത്രിച്ചത്‌?
ചിലപ്പോൾ എന്റെ ഇച്ഛ മാത്രം മതിയാവും മറ്റൊരാളുടെ വിധി മാറ്റി മറിക്കാൻ. ഞാൻ ഇന്റർവ്യൂ ചെയ്ത ഒരാളെ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്റെ ഇച്ഛ മാത്രം മതിയാവും. അപ്പോൾ എന്റെ ഇച്ഛയിൽ നിയന്ത്രണം ഇല്ലെങ്കിൽ ദൈവം എങ്ങിനെ മറ്റൊരാളുടെ വിധി നിർണ്ണയിക്കും?

വിധിവിശ്വാസത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രശ്നമെന്നത്‌ നാമറിയുന്ന പല സംഭവങ്ങളിൽ ചിലതിനുമാത്രമേ ഇവ വിശദീകരണം തരുന്നുള്ളൂ എന്നതാണ്‌. പലതിനും കൃത്യമായൊരു ഉത്തരം ഇല്ലതന്നെ. വിശ്വാസികളുടെ എളുപ്പത്തിന്‌ തന്റെ നിയന്ത്രണത്തിലില്ലാത്തതെല്ലാം ദൈവത്തിൽ അർപ്പിക്കുന്നു എന്നുമാത്രം. അതാണ്‌ സത്യത്തിൽ വിധി എന്നപേരിൽ നാം അറിയുന്നത്‌, വലിയൊരു അടിത്തറയില്ലാത്ത സങ്കൽപം. സ്വാഭാവികമായും വൈരുദ്ധ്യങ്ങളും ധാരാളം.

താൻതാൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻതാൻ അനുഭവിച്ചീടുകെന്നേ വരൂ എന്നു പറയുന്നവർ തന്നെ കർമ്മത്തിനപ്പുറം ദൈവവിധിയെ കാണും. എല്ലാം ദൈവം അറിയുന്നു എന്നു പറയുമ്പോൾ തന്നെ ദൈവം കോപിച്ച കഥകളും സമൂഹത്തെ ഒന്നടങ്കം നശിപ്പിച്ച കഥകളും പറയും.

----------------------------------------------------------
ഇനി ഇതിലെ എന്റെ ചില ചിന്തകൾ പറയാം. എല്ലാത്തിനും ഉത്തരം എനിക്കുമില്ല, പക്ഷെ എന്നെ ജീവിതത്തിൽ മുന്നോട്ടു പോകാൻ ഇത്‌ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌, ദൈവവിശ്വാസമില്ലാതെ തന്നെ.

വിധി എന്ന പദം നാം ഉപയോഗിക്കുന്നതെപ്പോഴാണ്‌? ദൈവപ്രാർത്ഥനയുടെ സമയത്ത്‌, അല്ലെങ്കിൽ താത്വികമായ ചിന്തകളോ ചർച്ചകളോ വരുമ്പോൾ ആണ്‌ നിത്യജീവിതത്തിൽ നാം വിധിയെക്കുറിച്ചോർക്കുന്നത്‌.

പിന്നീട്‌ വിധി എന്ന പ്രയോഗം വരുന്നത്‌ ജീവിതത്തിൽ അസാധാരണമായ സംഭവങ്ങൾ ഉണ്ടാകുമ്പോഴാണ്‌. പ്രതീക്ഷിക്കാതെ (അല്ലെങ്കിൽ ഏറെ പ്രതീക്ഷിച്ച്‌ പ്രയത്നിച്ച്‌) കിട്ടുന്ന ഭാഗ്യമോ അല്ലെങ്കിൽ നിരാശയോ ആണ്‌ സാധാരണയായി വിധി എന്ന പദത്തിൽ നാം ചേർത്തുവായിക്കുന്നത്‌. സ്വാഭാവികമായും നമ്മുടെ പരിമിതികൾ മനസിലാക്കിത്തരുന്ന, ഏറെക്കാലം മനസിൽ തങ്ങിനിൽക്കുന്ന സംഭവങ്ങളായിരിക്കും ഇവ.
ഇത്രയും പറയുമ്പോൾ നമുക്ക്‌ മനസിലാക്കാവുന്ന ഒരു കാര്യം നിത്യജീവിതത്തിൽ വിധിയുടെ പ്രയോഗം (അഥവാ കളി) വളരെ കുറവാണെന്നുള്ളതാണ്‌. ജീവിതത്തിന്റെ ഏറിയപങ്കും സംഭവരഹിതമാണ്‌ എല്ലാവർക്കും.

ഞാൻ ദിവസവും ഓഫീസിൽ പോകുന്നു, വരുന്നു, അതൊന്നും വിധിയായി ആരും കാണില്ലല്ലൊ (ജോലി കിട്ടിയത്‌ വിധി എന്നു പറയാം, പക്ഷെ അത്‌ ഞാൻ നേരത്തെ പറഞ്ഞതിൽ പെടും). ഞാനോടിക്കുന്ന വണ്ടി ഏറിയപങ്കും അപകടമില്ലാതെ പോകുന്നു, അത്‌ ഇടിച്ചാലാണ്‌ വിധിയാവുന്നത്‌. എന്റെ നിയന്ത്രണത്തിലുള്ളവ വിധിയല്ലാതാകുമ്പോൾ അതിനപ്പുറം എല്ലാം വിധി.

ആകസ്മികതകൾ ജീവിതത്തിൽ വിരളമല്ല. ഞാൻ ആദ്യം പറഞ്ഞ ആക്സിഡന്റ്‌ ഉദാഹരണത്തിലെ 6 ഘടകങ്ങൾ ഒന്നിച്ചുവന്നത്‌ ഒരു ആകസ്മികമായ സംഭവമാണ്‌. അതില്ലാതെ എത്രയോ തവണ ഞാൻ വണ്ടിയോടിച്ചിട്ടുണ്ട്‌. ഈ സംഭവത്തിനൊരു Surprise element ഉണ്ട്‌. ഈ സംഭവം എന്റെയും എന്നെ അറിയുന്നവരുടേയും മനസിൽ ഉണ്ടെന്നതിനാൽ അതെന്റെ വിധിയായി വ്യാഖ്യാനിക്കപ്പെടുന്നു. അതിനപ്പുറം വിധി എന്നതിന്‌ എന്റെ ജീവിതത്തിൽ വാച്യാർത്ഥത്തിൽ സ്ഥാനമില്ല.

എന്റെ ഇച്ഛകളും ആശയങ്ങളും വരുന്നത്‌ ഞാൻ ജീവിക്കുന്ന സമൂഹത്തിൽ നിന്നാണ്‌. സ്വാഭാവികമായും എന്റെ ഇച്ഛയുടേയും പ്രവൃത്തിയുടേയും ഫലപ്രാപ്തിയും അതിനോട്‌ ബന്ധപ്പെട്ടുകിടക്കുന്ന വ്യക്തികളുടെ ഇച്ഛ, പ്രവൃത്തി എന്നിവയുമായി ബന്ധമുണ്ടായിരിക്കും. പ്രകൃതി പോലും ഇവിടെ ഘടകമായി വരും. ഇതിലൊക്കെ എനിക്ക്‌ നിയന്ത്രിക്കാവുന്നതിന്‌, എന്തിന്‌, അറിയാവുന്നതിനുവരെ, പരിധിയുണ്ട്‌. ഇവയെല്ലാം നല്ലൊരുതോതിൽ അനുകൂലമായി വന്നാലെ എന്റെ പ്രവൃത്തിയുടെ ഫലം ഞാനുദ്ദേശിച്ച രീതിയിൽ വരൂ.
ആകസ്മികമായി തന്നെ ഇവ ഒന്നിച്ചുവരാം, വരാതിരിക്കാം. ഇത്‌ ഭൗതികമായി കാണണോ അതോ ദൈവനിശ്ചയമായി കാണണോ എന്നത്‌ വ്യക്തിപരമായ ഇഷ്ടം.

എനിക്കു ചെയ്യാവുന്ന കാര്യങ്ങളും എന്റെ പ്രവൃത്തിയുടെ പരിസമാപ്തി വിജയമാണോ പരാജയമാണോ എന്ന്‌ നിശ്ചയിക്കുന്നതിലും അതിനനന്തരം എന്റെ ഭാഗത്തുനിന്നും സ്വീകരിക്കേണ്ട നടപടികളിലുമാണ്‌ എന്റെ നിയന്ത്രണാധീനമായ കാര്യങ്ങൾ. ഈ അനന്തര നടപടികൾക്കു ശേഷവും വ്യക്തമായ, നമുക്കാവശ്യമായ റിസൽറ്റ്‌ കിട്ടണമെന്നില്ല, അപ്പോൾ ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും.

ലതീഫിന്റെ ബ്ലോഗിലെ ചർച്ചയ്ക്കിടയിൽ നന്ദന എന്ന ബ്ലോഗർ വിധിയെക്കുറിച്ചൊരു പരാമർശം നടത്തുകയുണ്ടായി. ഒട്ടകത്തെ കെട്ടിയിട്ടശേഷം വിധിയിൽ അർപ്പിക്കുക, അല്ലാതെ ഒട്ടകത്തെ കെട്ടാതെ അത്‌ ഓടിപ്പോകാതിരിക്കാൻ പ്രാർത്ഥിക്കുകയല്ല വേണ്ടത്‌ എന്നാണ്‌ ആ സുഹൃത്ത്‌ പറഞ്ഞത്‌. ചുരുക്കിപ്പറഞ്ഞാൽ തനിക്ക്‌ ചെയ്യാനുള്ളത്‌ ചെയ്തതിനുശേഷം മാത്രം വിധിയിൽ വിശ്വസിക്കുക.

എന്റെ ചിന്തകൾ പറയാൻ നല്ലൊരു ഉദാഹരണമായി എനിക്കുതോന്നി. അതിപ്രകാരം.

ഒട്ടകത്തെ കെട്ടിയിടൽ മാത്രമല്ല, അത്‌ കെട്ടുപൊട്ടിക്കാതെ ഓടുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കുന്നതിലും ഉണ്ട്‌ കാര്യം. ഇതൊക്കെയായിരുന്നാലും ഒട്ടകം കെട്ടുപൊട്ടിച്ച്‌ പോയേക്കാം, ഒരുപക്ഷെ ഒട്ടകത്തിന്റെ ശക്തിയെക്കുറിച്ച്‌ എനിക്ക്‌ ധാരണയില്ലാത്തതായിരിക്കാം കാരണം. ഞാൻ പിന്നീട്‌ ചെയ്യേണ്ടത്‌ ഒട്ടകം പോയി എന്ന്‌ വിചാരിച്ച്‌ ദു:ഖിച്ചിരിക്കുകയോ അതാണ്‌ വിധി എന്നുപറഞ്ഞ്‌ മിണ്ടാതിരിക്കുകയോ അല്ല. ഒട്ടകത്തെ തേടി പിടിക്കാൻ ശ്രമിക്കണം, എന്നിട്ടും കിട്ടിയില്ലെങ്കിൽ അടുത്ത ഒട്ടകത്തെ വാങ്ങാൻ ശ്രമിക്കണം, പിന്നീട്‌ മുൻപ്‌ പറ്റിയ തെറ്റു ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അപ്പോൾ പുതിയ എന്തെങ്കിലും കാരണമായിരിക്കാം ഒട്ടകം വീണ്ടും ഓടുന്നതിനു കാരണം. അത്‌ കണ്ടുപിടിക്കലും തിരുത്തലുമാണ്‌ അടുത്ത നടപടി. ഇത്തരത്തിൽ തെറ്റിയും തിരുത്തിയുമാണ്‌ നാം മുന്നോട്ട്‌ പോകുന്നത്‌.

വിധിവിശ്വാസികൾ പോലും നിലനിൽപ്പ്‌ അപകടത്തിലാകുന്ന അവസരത്തിൽ വിധിയെ മറികടക്കാൻ പ്രയത്നിക്കാറുണ്ടെന്നതും അറിയേണ്ട ഒരു കാര്യമാണ്‌. അത്‌ ഒന്നുകൂടി മിനുക്കിയെടുത്ത്‌ ജീവിതത്തിന്റെ എല്ലാ അവസ്ഥയിലും പ്രയോഗിക്കേണ്ട ആവശ്യം മാത്രമേ മനുഷ്യൻ ചെയ്യേണ്ടതുള്ളു.
തന്റെ വിധിയെക്കുറിച്ച്‌ അറിയാൻ കവിടി നിരത്തിയും അതിനെ തനിക്കനുകൂലമാക്കാൻ തേങ്ങയുടച്ചും അനുകൂലമായില്ലെങ്കിൽ പൂജ നടത്തിയും ഒക്കെ നാം വിധിയെ നേരിടാൻ ശ്രമിക്കുന്നുണ്ട്‌!!! ഇവയൊക്കെ ആത്മവിശ്വാസത്തിനുവേണ്ടിയോ തകർന്നമനസിന്റെ സമാധാനത്തിനുവേണ്ടിയോ ആശ്വാസത്തിനു വേണ്ടിയോ ഒക്കെ ആണെന്ന് പറയാം. ഒട്ടേറെ പരിമിതികളിൽ സാമൂഹികപ്രതീക്ഷകൾ നിറവേറ്റാൻ പാടുപെട്ട്‌ ജീവിക്കുന്ന മനുഷ്യന്‌ ഇതൊരു സഹായമാണ്‌, ആശ്വാസമാണ്‌ എന്നതും ശരിതന്നെ. പക്ഷെ നമുക്ക്‌ നഷ്ടമാകുന്നത്‌ ഒരുപക്ഷെ നമ്മുടെ തോൽവിയുടെ വസ്തുനിഷ്ഠമായ പഠനത്തിനുള്ള അവസരമായേക്കാം.

അതൊരിക്കലും ദൈവത്തിനുപോലും ഇഷ്ടമായെന്നുവരില്ല.

Friday, October 30, 2009

നിയമത്തിന്റെ കഷ്ടകാലം.

നിയമത്തിനും കഷ്ടകാലം വരാം എന്ന് ഇപ്പോഴാണ്‌ അറിഞ്ഞത്‌.

പോലീസ്‌ സ്റ്റേഷൻ തുടങ്ങിയ അന്നുമുതൽ, ശനിയും ഞായറും ആവണമെന്നില്ല, എല്ലാ ദിവസവും കഷ്ടകാലമാണത്രെ.

ഈ കാലയളവിൽ കള്ളന്മാർ പലതും അപഹരിച്ചുവോ എന്നൊന്നും നോക്കേണ്ടതില്ല, നിയമത്തിന്റെ കഷ്ടകാലത്താണല്ലൊ അവർക്ക്‌ ഗുണം. ഈ അപഹാരങ്ങളെക്കുറിച്ച്‌ ഒന്നും കണ്ടുപിടിച്ചില്ലെങ്കിലും വേണ്ടില്ല, ഗ്രഹങ്ങളുടെ അപഹാരം എങ്ങിനെയെന്നറിഞ്ഞേ തീരൂ.

നാട്ടുകാർ പരാതി നിരത്തിയതൊന്നും നോക്കിയില്ലെങ്കിലും കവിടി നിരത്തിയത്‌ നോക്കിയേ തീരൂ.

എന്തായാലും നിരത്തി പരത്തി പരിശോധിച്ചു.
ദോഷങ്ങളുടെ നീണ്ട ലിസ്റ്റ്‌.സർപ്പദോഷം, വാസ്തുദോഷം, ആരുടെയൊക്കെയോ ശാപം, പ്രേതം, പിശാച്‌, ഒടിയൻ, മാത, മറുത, നീലി, ഡ്രാക്കുള....... മൊത്തത്തിൽ ഇല്ലാത്തതൊന്നുമില്ല.

ഇവരെയൊക്കെ ഒതുക്കാം, പക്ഷെ കന്നിമാസത്തിലാണ്‌ പ്രസ്തുത സ്റ്റേഷൻ ഉൽഘടിച്ചതെന്ന വസ്തുത പോലീസുകാരെ തുറിച്ചുനോക്കുന്നു. ഹാ.... പോലീസിനെ തുറിച്ചുനോക്കി പേടിപ്പിക്കാൻ എന്തെങ്കിലും ഉണ്ടല്ലൊ.

ഭാഗ്യം, പണ്ട്‌ പോലീസുകാർ സ്റ്റേഷനിലിട്ട്‌ ഉരുട്ടിക്കൊന്ന പ്രതിയുടെ പ്രേതം അവിടിവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ട്‌ എന്നൊന്നും ജ്യോത്സ്യൻ പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ അങ്ങേരുടെ പ്രേതത്തിന്റെ ശല്യം കൂടി സ്റ്റേഷനിൽ ഉണ്ടായേനെ

ഏതായാലും പ്രതിവിധികൾ ഉടനെ തുടങ്ങുമായിരിക്കും. പൂജയും വഴിപാടും ബലിയും സർപ്പദോഷമകറ്റാൻ എല്ലാ ലോക്കപ്പിലും ഓരോ മൂർഖനെ വളർത്താനും ഒക്കെ നിർദ്ദേശിച്ചിട്ടുണ്ട്‌ ജ്യോത്സ്യൻ.

നടക്കട്ടെ.......
അതിരാവിലെ ഈറനുടുത്ത്‌ പൂജ നടക്കുന്നിടത്ത്‌ കയ്യും കെട്ടി നിൽക്കുന്ന പോലീസുകാരെ കാണാനും വേണം യോഗം.

ഇനിയങ്ങോട്ട്‌ പോലീസിന്റെ പ്രവർത്തനത്തിലും രീതികളിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ച്‌ ഗസറ്റിൽ ഉടനെ വരുമായിരിക്കും, അല്ലെങ്കിൽ ആഭ്യന്തരമന്ത്രി പത്രസമ്മേളനത്തിൽ അറിയിക്കുമായിരിക്കും. • ഇനി പരാതിയുമായി ചെല്ലുന്നവർക്ക്‌ പ്രശ്നപരിഹാരത്തിനായി എന്ത്‌ പൂജ നടത്തണം എന്ന ഉപദേശം ഫ്രീ (അതിന്‌ കൈക്കൂലി വേണ്ടെന്നർത്ഥം)
 • കൈക്കൂലി ഇനിമുതൽ പൂജച്ചെലവ്‌ എന്ന പേരിൽ അറിയപ്പെടും.
 • കള്ളന്മാർക്ക്‌ വിലങ്ങിനുപകരം പൂജിച്ച യന്ത്രങ്ങളും ഉറുക്കുമൊക്കെ ധരിപ്പിക്കും. അങ്ങിനെ കൈവശം ധാരാളം കാശുവന്നാൽ പിന്നെ കക്കേണ്ടതില്ലല്ലൊ.
 • ലാത്തിച്ചാർജ്ജിന്റെ സ്റ്റൈൽ മാറ്റും, മന്ത്രവാദിയുടെ ചൂരൽ പ്രയോഗം പോലെ, ചമ്രം പടിഞ്ഞിരുന്ന് ആയിരിക്കും. ഒഴിഞ്ഞുപോ ഒഴിഞ്ഞുപോ എന്ന് ഇടയ്ക്കിടെ ആക്രോശിക്കുകയും ചെയ്യും.
 • കുറ്റം തെളിയിക്കാൻ മന്ത്രവാദക്കളത്തിലിരുത്തി ചോദിച്ചാൽ ഏതു കുറ്റവാളിയും സത്യം പറയും. ദുർഘടമായ കേസുകളിൽ മഷിനോട്ടം പോലുള്ള ശാസ്ത്രസങ്കേതങ്ങൾ ഉപയോഗിക്കും.
 • പോലീസ്‌ പ്രൊട്ടെക്ഷൻ എന്നതിനുപകരം ചാത്തൻപ്രൊട്ടെക്ഷൻ നടപ്പിൽ വരുത്തും.
 • ആറ്റുകാൽ രാധാകൃഷ്ണന്‌ ഓണററി ഐപിഎസ്‌ കൊടുക്കും. അദ്ദേഹത്തെ ഡിജിപി ആയി നിയമിക്കും.


ഇതെല്ലാം ലോങ്ങ്‌ ടേം പ്ലാനുകളാണ്‌.
തൽക്കാലം ഒരു ബോർഡ്‌ മാത്രം.


പൂജ നടക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ സ്റ്റേഷനിൽ പരാതികൾ എടുക്കുന്നതല്ല. പരാതികളുമായി വന്ന് പൂജ മുടക്കുന്ന എല്ലാ റാസ്കലുകളേയും ലോക്കപ്പിലിടുന്നതായിരിക്കും.

കാര്യം ഇനിയും മനസിലാകാത്തവർ (മുകളിലെ ലിങ്ക്‌ കാണാത്തവർ) ഇതൊന്നു നോക്കൂ

Wednesday, September 9, 2009

പറഞ്ഞതും പറയാതെ വിട്ടതും

പലതും കാണുന്നു, പലതും കേൾക്കുന്നു.
ചിലപ്പോൾ തോന്നും എഴുതണമെന്ന്, പ്രതികരിക്കണമെന്ന്, എന്റെ ചിന്തകൾ പറയണമെന്ന്.
ചിലത്‌ പറയും, ചിലപ്പോൾ വിട്ടുകളയും.
എന്നാലും എന്റെ ചിന്തകൾ ഇല്ലാതാകുന്നില്ലല്ലൊ.

അതെല്ലാമൊന്ന് കുറിച്ചുവെയ്ക്കാൻ ഒരിടം, അത്രമാത്രം.
കാരണം The most stupid questions are those which are not asked

എന്തെഴുതണമെന്ന് ആലോചിച്ചുതുടങ്ങിയിട്ടില്ല. സമയമാകട്ടെ......