എന്റെ ചിന്തകൾ

Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Tuesday, April 5, 2011

ഈ പ്രാർത്ഥന ആരോട്?

അനന്തപുര് (ഹൈദരാബാദ്): ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്ന്ന് പുട്ടപര്ത്തിയിലെ ആസ്പത്രിയില് പ്രവേശിപ്പിച്ച ശ്രീസത്യസായിബാബയുടെ ആരോഗ്യസ്ഥിതിയില് നേരിയ പുരോഗതി. ബാബ വെന്റിലേറ്ററില്ത്തന്നെയാണുള്ളത്. ഇതേത്തുടര്ന്ന് രാജ്യത്തിന് അകത്തും പുറത്തുമുള്ള ബാബയുടെ വിശ്വാസികള് പ്രാര്ഥനയിലാണ്.
=======================

സായിബാബ എന്ന വ്യക്തിയോട് എനിക്ക് വിരോധമൊന്നുമില്ല, സായിബാബ എന്ന ദൈവത്തോട്, ആ സങ്കല്പത്തോട്, വിയോജിപ്പുണ്ട്, വിയോജിപ്പ് മാത്രമേയുള്ളൂ.

മാതൃഭൂമിയിൽ വന്ന വാർത്തയാണ് മുകളിൽ കൊടുത്തത്. സായിബാബയുടെ ആരോഗ്യനില അത്ര മെച്ചമല്ല, നേരിയ പുരോഗതിയുണ്ട്, ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്, പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട് എന്നൊക്കെ വാർത്തയുണ്ട്.

സാധിക്കാവുന്നിടത്തോളം അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ വൈദ്യശാസ്ത്രം ശ്രമിക്കട്ടെ, ഓരോ മനുഷ്യജീവനും (എന്നല്ല, ഏതൊരു ജീവനും) അമൂല്യമാണ്, കാരണം ഓരോ ജീവിയ്ക്കും, അറിയാവുന്നിടത്തോളം, ഒരു ജീവനേയുള്ളൂ, അത് നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാവുന്ന ഒന്നല്ല. അന്നിലയ്ക്ക് സായിബാബയും അദ്ദേഹത്തിന്റെ ശരീരം അനുകൂലമായി പ്രതികരിയ്ക്കുംവരെ ജീവനോടെ തന്നെ തുടരട്ടെ.

പക്ഷെ, സായിബാബയെക്കുറിച്ച് അദ്ദേഹത്തിന്റെ വിശ്വാസികളുടെ നിലപാടെന്താണ്?
കുറച്ചുകാലം മുൻപ് ഓഫീസിൽ ഉച്ചഭക്ഷണത്തിനിടെ ഒരു സഹപ്രവർത്തക (തെലുഗു കുട്ടിയാണ്) സായിബാബയെക്കുറിച്ച് പറയുകയുണ്ടായി. ചർച്ചയ്ക്ക് തുടക്കമിട്ടത് ഞാനല്ലെങ്കിലും അതിൽ ഒരു കേൾവിക്കാരനായി ഞാനും ഇരുന്നു. ഒരു പാവം കുട്ടിയായതുകാരണം ഞാനായിട്ട് ഒന്നും പറഞ്ഞില്ല.

അവളുടെ അഭിപ്രായത്തിൽ ബാബ എന്നാൽ ദൈവം തന്നെയാണ്. ഈ ലോകത്ത് എന്തു നടക്കുന്നുവെന്നും ആരൊക്കെ വന്നുവെന്നും എല്ലാം അറിയുന്ന ദൈവം. ഭക്തരെ കാണുന്നമാത്രയിൽ തന്നെ അവരുടെ വിഷമങ്ങൾ എല്ലാം അറിയുന്ന ദൈവം. എല്ലാ സങ്കടങ്ങൾക്കും പരിഹാരം.

ഇപ്പോൾ ഇതേ ഭക്തർ പ്രാർത്ഥനയിലാണ് എന്നാണ് പത്രവാർത്ത.

ഇവർ എന്താണ് പ്രാർത്ഥിക്കുന്നത്?

പ്രാർത്ഥന സായിബാബയുടെ ആരോഗ്യത്തിനുവേണ്ടിയായിരിക്കാം, അദ്ദേഹത്തിന്റെ ആയുസ്സിനുവേണ്ടിയായിരിക്കാം, അസുഖം പെട്ടെന്ന് മാറേണമേ എന്നായിരിക്കാം.

അപ്പോഴൊരു കുഞ്ഞു സംശയം.

ഇവരേത് ദൈവത്തെ വിളിച്ചാണ് പ്രാർത്ഥിക്കുന്നത്?
സായിബാബ ഭക്തരെ സംബന്ധിച്ചിടത്തോളം ദൈവം സായിബാബ തന്നെയാണ് (എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്). അപ്പോൾ ഈ ദൈവത്തിന്റെ ആയുസ്സിനുവേണ്ടിയുള്ള പ്രാർത്ഥന ആരോടായിരിക്കാം?
പ്രാർത്ഥന കേൾക്കേണ്ടയാൾ അസുഖമായി കിടപ്പാണ്, പ്രാർത്ഥന കേൾക്കുമോ എന്നുറപ്പൊന്നുമില്ല.
പ്രാർത്ഥനയാകട്ടെ, പ്രാർത്ഥന കേൾക്കേണ്ടയാളുടെ തന്നെ ആരോഗ്യത്തിനുവേണ്ടിയാണ്.

അപ്പോൾ ഈ ദൈവം പ്രാർത്ഥന കേട്ടു എന്നുതന്നെയിരിക്കട്ടെ, എന്തായിരിക്കാം ദൈവത്തിന്റെ തുടർനടപടി?

സ്വന്തം തടി രക്ഷിക്കലോ?
അതിനുപോലും സാധിക്കാത്ത ദൈവമാണോ ഭൂമി ഭരിക്കുന്ന ദിവ്യശക്തിയുള്ള അമാനുഷൻ?
മീശമാധവൻ സിനിമയിൽ മാധവൻ വിഗ്രഹം മോഷ്ടിക്കുമോ എന്ന സംശയം തോന്നിയ പൂജാരി പറയുന്ന ഡയലോഗ് ആണ് ഓർമ വരുന്നത്.


ഭഗവാനേ… നിന്നെ നീ തന്നെ കാത്തോളണേ


Thursday, June 24, 2010

പുരോഗമിക്കാനും "നോ ഒബ്‌ജെക്ഷൻ" സർട്ടിഫിക്കറ്റ്‌ വേണം.

മിസിസ്‌ കേരള സൗന്ദര്യമൽസരം നടക്കുന്നുവത്രെ. എവിടെവെച്ച്‌, എന്നാണ്‌ ഈ മൽസരം എന്നതിനെക്കുറിച്ച്‌ കൃത്യമായ വിവരമൊന്നും സൈറ്റിലില്ല (ഞാൻ കണ്ടില്ല, വേണ്ടവണ്ണം അരിച്ചുപെറുക്കാതിരുന്നതിനാലാവാം).
പക്ഷെ ഇതുകൊണ്ട്‌ എന്താണ്‌ സംഘാടകർ ഉദ്ദേശിക്കുന്നത്‌ എന്ന് അവർ "വളരേ വ്യക്തമായിത്തന്നെ" പറയുന്നുണ്ട്‌.

കൺസെപ്റ്റ്‌ എന്താണെന്ന് വ്യക്തമാക്കുന്ന വാചകം ഇങ്ങിനെ.


The Mrs Kerala Beauty Pageant is a celebration of women, symbolizing transformation of the Malayalee housewife from a meek individual with a conservative mindset to one with an achievement-oriented attitude
 
എത്ര നല്ല, സോറി, ഉദാത്തമായ സങ്കൽപം


സൗന്ദര്യമൽസരം നടത്തിയതുകൊണ്ട്‌ ഒരു സ്ത്രീ ഒതുങ്ങിക്കൂടുന്ന യാഥാസ്ഥിതിക മനസ്ഥിതിയിൽ നിന്നും പുരോഗമനചിന്തയും വിജയതൃഷ്ണയും ഒക്കെ നേടിയെടുക്കുമോ എന്നത്‌ വേറെ വിഷയം. ഒരുപക്ഷെ, അങ്ങിനെ ഒരു പബ്ലിക്‌ ഫോറത്തിൽ പങ്കെടുത്താൽ കുറച്ച്‌ ആത്മവിശ്വാസം ലഭിച്ചേയ്ക്കും എന്ന് കരുതാം.

സൈറ്റിൽ ഒന്ന് പരതിയാൽ കിട്ടുന്ന വേറൊരു ഐറ്റം ഉണ്ട്‌.

നിയമങ്ങൾ "ദേ ദിങ്ങിനെ" (നിയമാവലിയിലെ നാലാമത്തെ ഐറ്റം)
 
4. Each Contestant shall enclose a “No Objection Certificate” from her husband along with the application
 
ഇവിടെ നിയമപ്രശ്നം വല്ലതും ഉള്ളതായി അറിവില്ല. ഭാര്യ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ ഭർത്താവിന്റെ അനുവാദം കൂടിയേ തീരൂ എന്ന് നിയമം എവിടെയും പറയുന്നതായി കണ്ടിട്ടില്ല. സൗന്ദര്യമൽസരത്തിൽ പങ്കെടുത്തു എന്നുപറഞ്ഞ്‌ ഭർത്താവ്‌ സംഘാടകർക്കെതിരെ കേസ്‌ കൊടുക്കും എന്നതല്ല സംഘാടകരുടെ പ്രശ്നം.


പിന്നെ, കുടുംബപ്രശ്നങ്ങൾ ഒഴിവാക്കാനാണോ? പാവം സ്ത്രീ, സൗന്ദര്യമൽസരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഭർത്താവ്‌ മർദ്ദിച്ചാലോ? അപ്പോഴും "പരാതിയില്ല" സർട്ടിഫിക്കറ്റ്‌ എന്ത്‌ ഗുണം ചെയ്യാനാണ്‌? അത്‌ കൊടുത്തുകഴിഞ്ഞും ഭർത്താവിന്‌ അലമ്പുണ്ടാക്കാം.

Very simple....
പുരോഗമനചിന്തയ്ക്കും വിജയതൃഷ്ണയ്ക്കും ഒക്കെ ഭർത്താവിന്റെ സമ്മതം വേണം. എന്നുവെച്ചാൽ അങ്ങിനെ പരാതിയുള്ള ഭർത്താവുണ്ടെങ്കിൽ പഴയ മീക്ക്‌ ഇൻഡിവിഡ്വൽ വിത്ത്‌ കൺസർവേറ്റീവ്‌ മൈൻഡ്‌സെറ്റ്‌ അതേപടി ഇരുന്നോട്ടെ എന്ന്. (മൂരാച്ചികളുടെ ഭാര്യമാർ വരണ്ടാ!!).
ഇനി അഥവാ അൽപസ്വൽപം അച്ചീവ്‌മന്റ്‌ ഓറിയന്റേഷൻ നേരത്തേ ഉള്ള ഭാര്യയാണെങ്കിലും ഭർത്താവ്‌ സമ്മതിച്ചാലേ ഭാര്യയ്ക്ക്‌ അത്‌ പ്രകടിപ്പിക്കാനാവൂ.


പുരോഗമിക്കാനും വേണമേ ഒരു കാലുപിടുത്തം. കൺസർവേറ്റീവ്‌ മൈൻഡ്‌സെറ്റ്‌ ഉള്ളവർ പുരോഗമനപരിപാടി നടത്തിയാൽ ഇതുപോലിരിക്കും.

Outrageous, to say the least


OT: ഇത്‌ പ്രതികരണമായി ലേബൽ ചെയ്യുന്നില്ല. നർമ്മമെന്നോ മറ്റോ വിളിക്കാം. തനി മണ്ടന്മാരുടെ (അല്ലെങ്കിൽ മണ്ടികളുടെ) ചെയ്തികൾ അങ്ങിനെയല്ലേ വിലയിരുത്താവൂ.

കടപ്പാട്‌: കുളത്തിൽ കല്ലിട്ട കുരുത്തം കെട്ടവന്റെ പോസ്റ്റിന്‌. സൈറ്റിലേയ്ക്കുള്ള ലിങ്ക്‌ അവിടെനിന്നാണ്‌ ലഭിച്ചത്‌.
 

Wednesday, September 9, 2009

പറഞ്ഞതും പറയാതെ വിട്ടതും

പലതും കാണുന്നു, പലതും കേൾക്കുന്നു.
ചിലപ്പോൾ തോന്നും എഴുതണമെന്ന്, പ്രതികരിക്കണമെന്ന്, എന്റെ ചിന്തകൾ പറയണമെന്ന്.
ചിലത്‌ പറയും, ചിലപ്പോൾ വിട്ടുകളയും.
എന്നാലും എന്റെ ചിന്തകൾ ഇല്ലാതാകുന്നില്ലല്ലൊ.

അതെല്ലാമൊന്ന് കുറിച്ചുവെയ്ക്കാൻ ഒരിടം, അത്രമാത്രം.
കാരണം The most stupid questions are those which are not asked

എന്തെഴുതണമെന്ന് ആലോചിച്ചുതുടങ്ങിയിട്ടില്ല. സമയമാകട്ടെ......