എന്റെ ചിന്തകൾ

Sunday, July 4, 2010

മതവും ശാസ്ത്രവും തമ്മിലടിക്കുന്നുണ്ടോ?

മതവും ശാസ്ത്രവും പരസ്പരം എതിർക്കുന്നുവെന്നും ഇല്ലെന്നും ഉള്ള ചർച്ചകൾ ധാരാളം കാണാറുണ്ട്‌.


മതവും ശാസ്ത്രവും പരസ്പരം എതിർക്കുന്നില്ല എന്ന അഭിപ്രായക്കാർ സാധാരണയായി പറയാറുള്ളത്‌ എന്താണ്‌?
മതവും ശാസ്ത്രവും വ്യത്യസ്തമായ രംഗങ്ങളിലാണ്‌ പ്രവർത്തിക്കുന്നത്‌ എന്നാണ്‌ പൊതുവായി കാണാറുള്ള ഒരു അഭിപ്രായം. ഭൗതികമായി അന്വേഷിച്ച്‌ കണ്ടെത്താവുന്ന രംഗങ്ങളിലാണ്‌ ശാസ്ത്രം പ്രവർത്തിക്കുന്നതെന്നും മതം ഭൗതികാതീതമായ കാര്യങ്ങളിലാണ്‌ പ്രവർത്തിക്കുന്നതെന്നും അതിനാൽ തന്നെ അന്യോന്യം ഇടയേണ്ടിവരുന്നില്ലെന്നും പറഞ്ഞുകണ്ടിട്ടുണ്ട്‌. ദൈവാസ്തിക്യം ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്നും അതിനാൽ അത്‌ ശാസ്ത്രത്തിന്റെ ഭൂമികയല്ലെന്നും ആണ്‌ ഒരു നിലപാട്‌ (അതിൽ ശാസ്ത്രവാദികളും മതവാദികളും ഉണ്ട്‌). മതവിശ്വാസികൾ പറഞ്ഞുകാണാറുള്ള ഒരു കാര്യം മതഗ്രന്ഥങ്ങളിലെ കാര്യങ്ങൾ ശാസ്ത്രം, ശരിവെയ്ക്കുന്നില്ലെങ്കിൽപ്പോലും, ഖണ്ഡിക്കുന്നില്ലെന്നും അതിനാൽ തന്നെ പരസ്പരശത്രുതയുടെ ആവശ്യമില്ലെന്നും മറിച്ചുള്ളവയൊക്കെ മനുഷ്യന്റെ മാത്രം ദൗർബല്യമാണെന്നുമാണ്‌. അന്വേഷണം എന്നത്‌ ശാസ്ത്രത്തിന്റെ മാത്രം മേഖലയല്ലെന്നും മതങ്ങൾ അന്വേഷണത്തെ നിരുത്സാഹപ്പെടുത്തിന്നില്ലെന്നും അതിനാൽ തന്നെ ,in a larger sense, ശാസ്ത്രീയാന്വേഷണങ്ങൾ പോലെത്തന്നെ മതവിശ്വാസികളും മനുഷ്യനെക്കുറിച്ചും മനുഷ്യന്റെ നിലനിൽപ്പിനാവശ്യമായ ഘടകങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നുമുണ്ടെന്ന് മതവിശ്വാസികൾ പറഞ്ഞുകാണാറുണ്ട്‌, ഒപ്പം സ്വന്തം യുക്തി പ്രയോഗിക്കേണ്ടതിന്റെ ആവശ്യം മതങ്ങളും എടുത്തുപറയുന്നുണ്ടത്രെ. മറുസങ്കേതത്തെ അവഗണിക്കുകയാണ്‌ നല്ലത്‌ എന്ന് കരുതുന്നവരും, ന്യൂനപക്ഷമാണെങ്കിലും, ഇരുപക്ഷത്തും, ഉണ്ട്‌.രണ്ടും പരസ്പരവിരുദ്ധമാണെന്ന് കരുതുന്ന വിഭാഗം പൊതുവായി പറയുന്ന കാര്യങ്ങളിൽ ചിലത്‌ ഇത്തരത്തിലാണ്‌.
ശാസ്ത്രം കണ്ടെത്തുന്ന കാര്യങ്ങൾ മതവിശ്വാസത്തിനെ ദുർബലമാക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മതം പുറകോട്ടടിക്കുന്നുവെന്നും പലതും അംഗീകരിക്കുന്നില്ലെന്നും അഭിപ്രായങ്ങൾ കാണാം. കോപ്പർനിക്കസിന്റെയും ഗലീലിയോയുടേയും ഒക്കെ അനുഭവങ്ങളും പ്രതിപാദിക്കപ്പെടാറുണ്ട്‌. ശാസ്ത്രം (അല്ലെങ്കിൽ ശാസ്ത്രവാദികൾ) മതത്തിന്റെ സംഭാവനയെ കുറച്ചുകാണുന്നുവെന്നും മതത്തിന്റെ ആധാരവിശ്വാസങ്ങളെ ശാസ്ത്രം ഉപയോഗിച്ച്‌ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും വിശ്വാസികളായ ചിലരുടെ കാഴ്ചപ്പാടിൽ കാണാവുന്നതാണ്‌.

ഇതിലേയ്ക്ക്‌ വ്യക്തമായൊരു ഉത്തരം കണ്ടെത്താനല്ല ഞാനിവിടെ ശ്രമിക്കുന്നത്‌. മതവും ശാസ്ത്രവും ഒരുപോലെ, ഭൂമികയും രീതിയും വ്യത്യസ്തമാണെങ്കിലും, അന്വേഷണത്തിലൂടെ തന്നെ മനുഷ്യാസ്തിത്വവും പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനവും തേടിയുള്ള അന്വേഷണത്തിലാണെന്നും അന്വേഷണത്തെ മതം നിരുത്സാഹപ്പെടുത്തുന്നില്ലെന്നും ഉള്ള പരാമർശങ്ങളാണ്‌ എന്റെ ഈ ചിന്തയ്ക്ക്‌ ആധാരം.ലതീഫിന്റെ ശാസ്ത്രപഠനത്തിലൂടെ ദൈവത്തെ കണ്ടെത്താമോ എന്ന പോസ്റ്റിൽ ഞാനിട്ട കമന്റ്‌ ഒന്ന് മിനുക്കി പോസ്റ്റ്‌ ചെയ്യുകയാണിവിടെ. കമന്റിന്റെ പരിമിതികൾ പോസ്റ്റിനില്ലല്ലൊ.

ഒരു ചെറിയ അനാലജിയാണ്‌ ഞാനിട്ട കമന്റ്‌. ഒരു ഹൈപോത്തെറ്റിക്കൽ സിറ്റുവേഷൻ ആണ്‌ ഞാൻ ഉപയോഗിച്ചത്‌.
 
എന്നൊരാൾ മരിച്ചുകിടക്കുന്നു. ഒറ്റനോട്ടത്തിൽ കൊലപാതകമാണെന്ന് കരുതാവുന്ന രീതിയിലാണ്‌ മൃതദേഹത്തിന്റെ അവസ്ഥ. അതിനടുത്തൊരു കുറിപ്പ്‌ പോലീസ്‌ കണ്ടെടുക്കുന്നു. അതിലെഴുതിയത്‌ ഇപ്രകാരം


ഞാനാണ്‌ ഏ-യെ കൊന്നത്‌.
എന്ന് ബി

ഇവിടെ പോലീസിന്റെ പക്കൽ പല വഴികളുണ്ട്‌.

ഒരു വിഭാഗം പറയുന്നു ബി ആണ്‌ കൊന്നത്‌ എന്ന് വ്യക്തമാണ്‌, ഫയൽ ക്ലോസ്‌ ചെയ്യാം എന്ന്. എവിടെയോ ഉള്ള ബി, നേരിട്ട്‌ കണ്ടെത്താൻ വഴികളൊന്നുമില്ല, എന്തിന്‌ ബുദ്ധിമുട്ടണം. " മരിച്ചു, ബി കൊന്നു, കാര്യം സിമ്പിൾ"

മറ്റൊരു വിഭാഗം ബി ആണ്‌ കൊന്നത്‌ എന്നുതന്നെ തീരുമാനിക്കുന്നു. പക്ഷെ ബി ആര്‌ എന്നതു കണ്ടെത്തിയാലേ ഫയൽ ക്ലോസ്‌ ചെയ്യാനാവൂ. ബി-യ്ക്ക്‌ -യെ കൊല്ലാനുള്ള കാരണം എന്തോ ആകട്ടെ, പക്ഷെ കൃത്യം നടത്തിയത്‌ ബി തന്നെ. അന്വേഷണം നടത്തിയാലേ കൂടുതലറിയാൻ കഴിയൂ. അന്വേഷണത്തിനൊടുവിൽ ബി-യെ കിട്ടിയാൽ അറസ്റ്റ്‌ ചെയ്യാം, ആയുധം, പ്രേരണ എന്നിവയടക്കം കൊലപാതകത്തിന്റെ വിശദാംശങ്ങൾ അറിയാം.

മൂന്നാമതൊരു വിഭാഗം ഏതോ ഒരു ബി ആണ്‌ കൊന്നത്‌ എന്ന് അംഗീകരിക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നു. കൊല്ലപ്പെട്ടതാണോ, ആണെങ്കിൽ ബി ആയാലും വേറെ ആരെങ്കിലും ആയാലും കൊലപാതകി ആര്‌, കൊന്നതിന്‌ ഉപയോഗിച്ച ആയുധങ്ങളെന്ത്‌, കൊല്ലാനുള്ള പ്രേരണ എന്ത്‌ എന്നതൊക്കെ സ്വയം അന്വേഷിച്ച്‌ കണ്ടെത്താൻ ശ്രമിക്കാം എന്ന അഭിപ്രായക്കാരാണ്‌.

എളുപ്പത്തിൽ തീർക്കാവുന്ന ഒരു കാര്യമാണ്‌ കൂടുതൽ അന്വേഷിക്കാതെ ഫയൽ ക്ലോസ്‌ ചെയ്യുക എന്നത്‌. കൂടുതൽ അന്വേഷണം ഒന്നും ആവശ്യമില്ല, കാര്യം പകൽ പോലെ വ്യക്തം. ദുരൂഹമരണം എന്ന് വിധിയെഴുതി കാര്യം ഒതുക്കാം.
ഇത്‌ സാധാരണഗതിയിൽ ഉണ്ടാകാനിടയില്ലാത്തതാണ്‌, പക്ഷെ ലോകത്ത്‌ ഏതൊരു ആശയത്തിനും ഒരു counter instance ഉണ്ടാവുകുമല്ലൊ. ഇങ്ങിനെ ചിന്തിക്കുന്നവർ ഉണ്ടാകാം, പക്ഷെ ന്യൂനപക്ഷമായിരിക്കും. ഈ വിഷയത്തിൽ ഇവരുടെ കാര്യം പരിഗണിക്കുന്നില്ല.

രണ്ടാമത്തെ കേസിൽ അന്വേഷണം നടക്കുന്നുണ്ട്‌, പക്ഷെ എല്ലാം ബി എന്നൊരാളെ ചുറ്റിപ്പറ്റിയാണെന്നേയുള്ളു.


ബി ആരെന്നറിയില്ല, പക്ഷെ ബി എന്നൊരാൾ ഉണ്ടെന്നും എന്നെങ്കിലുമൊരിക്കൽ ബി എന്നൊരാളെ കണ്ടെത്തുമെന്നും പോലീസിന്‌ ആത്മാർത്ഥമായി തന്നെ പ്രതീക്ഷിക്കാം. അല്ലെങ്കിൽ ബി എന്നൊരാളെ അന്വേഷണത്തിലൂടെ കണ്ടെത്താൻ പരമാവധി ശ്രമിക്കാം.

ഇവിടെ തെളിവുകളായി കാണുന്നതെല്ലാം ബി എന്നൊരാളുമായി ബന്ധപ്പെട്ടതാണെന്ന് ഈ വിഭാഗത്തിന്‌ തീർച്ചയാണ്‌. ഒരു ഷർട്ട്‌-ബട്ടൺ കണ്ടെത്തിയാൽ അത്‌ ബി-യുടേതാണ്‌. വേറൊരു ഷർട്ട്‌-ബട്ടൺ കണ്ടെത്തിയാൽ അതും ബി-യുടേത്‌. രണ്ടും വ്യത്യസ്തനിറങ്ങളിലുള്ളതാണെങ്കിൽ ഒന്ന് പിന്നീടെപ്പോഴോ തുന്നിച്ചേർത്തതായിരിക്കും..... ഇങ്ങിനെ പോകും ലോജിക്‌. അന്വേഷണവും ഈ രീതിയിൽത്തന്നെ മുന്നേറും.

ഇനി ബി എന്നൊരാൾ ഒരുനാൾ പ്രത്യക്ഷപ്പെട്ടു എന്നിരിക്കട്ടെ, ഇതേ ബി തന്നെയാണോ കൊലപാതകം നടത്തിയത്‌ എന്ന് ഉറപ്പുവരുത്താൻ കുറച്ച്‌ ബുദ്ധിമുട്ടേണ്ടിവരും. കൊല നടത്തിയത്‌ മറ്റൊരു ബി ആകാനും സാധ്യതയുണ്ടല്ലൊ.


മൂന്നാമത്തെ വിഭാഗം നടത്തുന്നത്‌ കുറച്ചുകൂടി വസ്തുതാപരമായ അന്വേഷണമായിരിക്കും.

മരിച്ചത്‌ കൊലപാതകം മൂലമാണെന്ന് ഇവർ ആദ്യമേ തീരുമാനിക്കുന്നില്ല. മരണകാരണം സംശയലേശമന്യേ തെളിയിക്കപ്പെടേണ്ടതാണ്‌ എന്നതാണ്‌ ഇവരുടെ നിലപാട്‌. ഇനി അഥവാ കൊലപാതകമാണെങ്കിൽത്തന്നെ അത്‌ ബി നടത്തിയതാണെന്ന് ഉറപ്പിക്കുന്നുമില്ല. ലഭ്യമായ തെളിവുകൾ സ്വതന്ത്രമായി വിശകലനം ചെയ്ത്‌ കൊലപാതകിയെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ നേടുന്നതിനാണ്‌ ഇവർ ശ്രമിക്കുന്നത്‌. അവസാനം തെളിയുന്നപ്രകാരം കൊല നടത്തിയത്‌ ബി ആയാലും സി ആയാലും ഇവരുടെ അന്വേഷണത്തിന്‌ ഒന്നും സംഭവിക്കുന്നുമില്ല. നേരത്തെ പറഞ്ഞ രണ്ട്‌ ഷർട്ട്‌-ബട്ടൺ ഇവരെ കുഴക്കുന്ന പ്രശ്നമല്ല. രണ്ടും ഒരാളുടേതാണോ അതോ രണ്ടുപേരുടേതാണോ, രണ്ടും ഒരേ സമയത്താണോ സംഭവസ്ഥലത്ത്‌ വന്നുപെട്ടത്‌, ഇവയ്ക്ക്‌ കൊലപാതകവുമായി എന്തെങ്കിലും രീതിയിൽ ബന്ധമുണ്ടോ ഇത്യാദി കാര്യങ്ങളും ഇവർ അന്വേഷിച്ചേയ്ക്കാം.

ഇവിടെയും റിസൽറ്റ്‌ ഉറപ്പൊന്നുമില്ല. കൊലപാതകം നടത്തിയത്‌ ആരെന്ന് അറിയാൻ സാധിക്കണമെന്നില്ല, കൊലപാതകി ഒരുപക്ഷെ ഒരിക്കലും (അയാളുടെ ജീവിതത്തിൽ) പിടിക്കപ്പെടാതെ പോയേയ്ക്കാം. പക്ഷെ യാഥാർത്ഥ്യത്തിന്റെ വഴിയിലുള്ള പല സാധ്യതകളും ഇത്‌ തുറന്നേയ്ക്കാം. ഈ കൊലപാതകവുമായി ബന്ധമുള്ള പല ദുരൂഹതകളും ഒരുപക്ഷെ വെളിച്ചത്ത്‌ വന്നേയ്ക്കാം. അതൊരുപക്ഷെ ഏ എന്നൊരാളുടെ ജീവിതത്തിലെ തന്നെ കാര്യങ്ങളുമായേയ്ക്കാം.


തത്വത്തിൽ ബി എന്നൊരാൾ പറയുന്നില്ല അന്വേഷണം നിർത്തിക്കൊള്ളാൻ. ബി എന്ന പേരുള്ള ഒരാൾ (probably right, but not sure) ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നേയുള്ളു. ബി എന്ന വ്യക്തിയെക്കുറിച്ച്‌ ആർക്കും വലിയ അറിവൊന്നുമില്ലതാനും.

ഒരു രീതിയിൽ നോക്കിയാൽ ഒന്നാമത്തെ വിഭാഗം ഒഴിച്ചുള്ളവർ അന്വേഷണം നടത്തുന്നുണ്ട്‌. ആരും ബുദ്ധിയില്ലാത്തവരുമല്ല. കുറിപ്പ്‌ തടസപ്പെടുത്തുന്നില്ല അവരുടെ അന്വേഷണത്തെ. വ്യത്യാസമുള്ളത്‌ അന്വേഷണത്തിന്റെ point of interest ആണ്‌.

കുറിപ്പിലുള്ളത്‌ ശരിയാണെന്ന് ഉറച്ച്‌ എല്ലാ അന്വേഷണവും അതിന്റെ ആധാരത്തിൽ നടത്തുന്നവരും കണ്ടെത്താവുന്ന കാര്യങ്ങൾക്ക്‌ പരിധിയുണ്ടാവാം. അവരുടെ കണ്ടെത്തലുകൾ തന്നെ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളും ധാരാളം.

സ്വതന്ത്രാന്വേഷണം നടത്തുന്ന വിഭാഗം, ഒരുപക്ഷെ, പരാജയപ്പെട്ടേയ്ക്കാം, പക്ഷെ അവരുടെ അന്വേഷണത്തിനും കണ്ടെത്തലുകൾക്കും വ്യക്തതയുണ്ട്‌, വസ്തുനിഷ്ഠമായ ആധാരമുണ്ട്‌. പുതിയ അറിവുകൾക്കനുസരിച്ച്‌ പഴയവ ചിലപ്പോൾ അപ്രസക്തമായേയ്ക്കാം. എങ്കിലും അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അവർ എത്തിച്ചേരുന്ന നിഗമനങ്ങൾ ലഭ്യമായ അറിവനുസരിച്ച്‌ ഏറ്റവും യുക്തമായതായിരിക്കും. അവരുടെ കഴിവുകൾ ചോദ്യം ചെയ്യപ്പെട്ടേയ്ക്കാം, പുരോഗതിയിൽ പലർക്കും അതൃപ്തി ഉണ്ടായേയ്ക്കാം, പക്ഷെ കണ്ടെത്തലുകളുടെ ആധാരം ശക്തമാകയാൽ അവയുടെ refutation താരതമ്യേന കുറവായിരിക്കും.
 
ഇവിടെയൊന്നും ആരുടേയും സത്യസന്ധത സംശയിക്കേണ്ടതില്ല. എല്ലാവർക്കും അവരവരുടേതായ ശരികളുണ്ട്‌. അന്വേഷണത്തിന്റെ ലക്ഷ്യം ഒന്നുതന്നെയാണെങ്കിൽപ്പോലും മറ്റൊരാളുടേത്‌ ശരിയല്ലെന്ന് ഇരുവിഭാഗവും നിലപാടെടുക്കും, കാരണം അവരെ സംബന്ധിച്ചിടത്തോളം ശരി തങ്ങളുടെ ഭാഗത്താണ്‌. ബി-യെ ചുറ്റിപറ്റി മാത്രം അന്വേഷിക്കുന്നവർ ബുദ്ധികുറഞ്ഞവരല്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ്‌, പക്ഷെ അവിടെ assumptions കൂടുതലാണെന്ന കാതലായൊരു വ്യത്യാസമുണ്ട്‌.


പ്രശ്നം വരുന്നതും രണ്ടുവിഭാഗത്തിന്റേയും രീതികളിൽ ഉള്ള വ്യത്യാസം മൂലമാണ്‌. കുറിപ്പിന്റെ ആധാരത്തിൽ ബി ആണ്‌ കൊല നടത്തിയത്‌ എന്ന് ഉറപ്പുള്ള വിഭാഗം "ബി ആണ്‌ കൊന്നതെന്ന് അറിയാവുന്നതല്ലെ, പിന്നെന്തിനാണ്‌ സി-യെക്കുറിച്ച്‌ അന്വേഷിക്കുന്നത്‌" എന്നും പറഞ്ഞേയ്ക്കാം, ഗതിമുട്ടിയ അന്വേഷണങ്ങളെക്കുറിച്ച്‌ പരിഹാസപൂർവ്വം സംസാരിച്ചേയ്ക്കാം. മുൻപ്‌ ലഭിച്ച തെളിവുകൾക്ക്‌ വിരുദ്ധമായി പുതിയ തെളിവ്‌ എന്തെങ്കിലും ലഭിച്ചതായി അറിഞ്ഞാൽ അന്വേഷണം തെറ്റി എന്ന് പ്രഖ്യാപിച്ചേയ്ക്കാം. ഇടയ്ക്കെപ്പോഴെങ്കിലും സി എന്നൊരാളുടെ സാന്നിദ്ധ്യത്തെക്കുറിച്ച്‌ അറിവ്‌ ലഭിച്ചാൽപ്പോലും "സി അവിടെ വന്നിരുന്നുവെന്ന് തന്നെ കരുതുക, പക്ഷെ ബി അല്ല കൊന്നത്‌ എന്ന് ഉറപ്പിച്ചുപറയാൻ എങ്ങിനെ സാധിക്കും" എന്നൊരു ചോദ്യം പ്രതീക്ഷിക്കാവുന്നതാണ്‌. ഇങ്ങിനെ പറയുന്ന വിഭാഗത്തിനാണ്‌ മേൽക്കൈയ്യെങ്കിൽ സ്വതന്ത്രമായ അന്വേഷണങ്ങൾക്ക്‌ ഒരു തിരിച്ചടിയാകും സംഭവിക്കുക, കാരണം അവരുടെ അന്വേഷണപരിധി മറ്റേതിനെ അപേക്ഷിച്ച്‌ ചെറുതാണ്‌.

സ്വതന്ത്രമായി അന്വേഷണം നടത്തുന്ന വിഭാഗം, ഒരു പ്രതിക്രിയ ആയെങ്കിലും, തിരിച്ചും മറുവിഭാഗത്തിന്റെ പരിമിതമായ അന്വേഷണത്തെക്കുറിച്ചും പരിഹസിച്ചേയ്ക്കാം. തങ്ങൾ കണ്ടെത്തിയ പുതിയ തെളിവുകൾക്ക്‌ മറുവിഭാഗത്തിന്‌ വ്യക്തമായ മറുപടി ഇല്ലാത്ത അവസ്ഥ ചൂണ്ടിക്കാണിച്ച്‌ തിരിച്ചടിയ്ക്കാം. മറുവിഭാഗത്തിന്റെ വ്യാഖ്യാനങ്ങൾ മലക്കം മറിച്ചിലായി എഴുതിത്തള്ളാം.


ഇരുവിഭാഗവും ശത്രുതാപരമായാണ്‌ വർത്തിക്കുന്നതെന്ന പ്രതീതി ഉണ്ടാകാൻ ഇത്‌ ധാരാളം.

ഇതുതന്നെ മതത്തിലേയ്ക്കും ശാസ്ത്രത്തിലേയ്ക്കും ആയി ചിന്തിച്ചാൽ ചേരിതിരിവിനെക്കുറിച്ച്‌ ഒരു ചിത്രം ലഭിച്ചേയ്ക്കും.