എന്റെ ചിന്തകൾ

Friday, October 30, 2009

നിയമത്തിന്റെ കഷ്ടകാലം.

നിയമത്തിനും കഷ്ടകാലം വരാം എന്ന് ഇപ്പോഴാണ്‌ അറിഞ്ഞത്‌.

പോലീസ്‌ സ്റ്റേഷൻ തുടങ്ങിയ അന്നുമുതൽ, ശനിയും ഞായറും ആവണമെന്നില്ല, എല്ലാ ദിവസവും കഷ്ടകാലമാണത്രെ.

ഈ കാലയളവിൽ കള്ളന്മാർ പലതും അപഹരിച്ചുവോ എന്നൊന്നും നോക്കേണ്ടതില്ല, നിയമത്തിന്റെ കഷ്ടകാലത്താണല്ലൊ അവർക്ക്‌ ഗുണം. ഈ അപഹാരങ്ങളെക്കുറിച്ച്‌ ഒന്നും കണ്ടുപിടിച്ചില്ലെങ്കിലും വേണ്ടില്ല, ഗ്രഹങ്ങളുടെ അപഹാരം എങ്ങിനെയെന്നറിഞ്ഞേ തീരൂ.

നാട്ടുകാർ പരാതി നിരത്തിയതൊന്നും നോക്കിയില്ലെങ്കിലും കവിടി നിരത്തിയത്‌ നോക്കിയേ തീരൂ.

എന്തായാലും നിരത്തി പരത്തി പരിശോധിച്ചു.
ദോഷങ്ങളുടെ നീണ്ട ലിസ്റ്റ്‌.സർപ്പദോഷം, വാസ്തുദോഷം, ആരുടെയൊക്കെയോ ശാപം, പ്രേതം, പിശാച്‌, ഒടിയൻ, മാത, മറുത, നീലി, ഡ്രാക്കുള....... മൊത്തത്തിൽ ഇല്ലാത്തതൊന്നുമില്ല.

ഇവരെയൊക്കെ ഒതുക്കാം, പക്ഷെ കന്നിമാസത്തിലാണ്‌ പ്രസ്തുത സ്റ്റേഷൻ ഉൽഘടിച്ചതെന്ന വസ്തുത പോലീസുകാരെ തുറിച്ചുനോക്കുന്നു. ഹാ.... പോലീസിനെ തുറിച്ചുനോക്കി പേടിപ്പിക്കാൻ എന്തെങ്കിലും ഉണ്ടല്ലൊ.

ഭാഗ്യം, പണ്ട്‌ പോലീസുകാർ സ്റ്റേഷനിലിട്ട്‌ ഉരുട്ടിക്കൊന്ന പ്രതിയുടെ പ്രേതം അവിടിവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ട്‌ എന്നൊന്നും ജ്യോത്സ്യൻ പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ അങ്ങേരുടെ പ്രേതത്തിന്റെ ശല്യം കൂടി സ്റ്റേഷനിൽ ഉണ്ടായേനെ

ഏതായാലും പ്രതിവിധികൾ ഉടനെ തുടങ്ങുമായിരിക്കും. പൂജയും വഴിപാടും ബലിയും സർപ്പദോഷമകറ്റാൻ എല്ലാ ലോക്കപ്പിലും ഓരോ മൂർഖനെ വളർത്താനും ഒക്കെ നിർദ്ദേശിച്ചിട്ടുണ്ട്‌ ജ്യോത്സ്യൻ.

നടക്കട്ടെ.......
അതിരാവിലെ ഈറനുടുത്ത്‌ പൂജ നടക്കുന്നിടത്ത്‌ കയ്യും കെട്ടി നിൽക്കുന്ന പോലീസുകാരെ കാണാനും വേണം യോഗം.

ഇനിയങ്ങോട്ട്‌ പോലീസിന്റെ പ്രവർത്തനത്തിലും രീതികളിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ച്‌ ഗസറ്റിൽ ഉടനെ വരുമായിരിക്കും, അല്ലെങ്കിൽ ആഭ്യന്തരമന്ത്രി പത്രസമ്മേളനത്തിൽ അറിയിക്കുമായിരിക്കും.



  • ഇനി പരാതിയുമായി ചെല്ലുന്നവർക്ക്‌ പ്രശ്നപരിഹാരത്തിനായി എന്ത്‌ പൂജ നടത്തണം എന്ന ഉപദേശം ഫ്രീ (അതിന്‌ കൈക്കൂലി വേണ്ടെന്നർത്ഥം)
  • കൈക്കൂലി ഇനിമുതൽ പൂജച്ചെലവ്‌ എന്ന പേരിൽ അറിയപ്പെടും.
  • കള്ളന്മാർക്ക്‌ വിലങ്ങിനുപകരം പൂജിച്ച യന്ത്രങ്ങളും ഉറുക്കുമൊക്കെ ധരിപ്പിക്കും. അങ്ങിനെ കൈവശം ധാരാളം കാശുവന്നാൽ പിന്നെ കക്കേണ്ടതില്ലല്ലൊ.
  • ലാത്തിച്ചാർജ്ജിന്റെ സ്റ്റൈൽ മാറ്റും, മന്ത്രവാദിയുടെ ചൂരൽ പ്രയോഗം പോലെ, ചമ്രം പടിഞ്ഞിരുന്ന് ആയിരിക്കും. ഒഴിഞ്ഞുപോ ഒഴിഞ്ഞുപോ എന്ന് ഇടയ്ക്കിടെ ആക്രോശിക്കുകയും ചെയ്യും.
  • കുറ്റം തെളിയിക്കാൻ മന്ത്രവാദക്കളത്തിലിരുത്തി ചോദിച്ചാൽ ഏതു കുറ്റവാളിയും സത്യം പറയും. ദുർഘടമായ കേസുകളിൽ മഷിനോട്ടം പോലുള്ള ശാസ്ത്രസങ്കേതങ്ങൾ ഉപയോഗിക്കും.
  • പോലീസ്‌ പ്രൊട്ടെക്ഷൻ എന്നതിനുപകരം ചാത്തൻപ്രൊട്ടെക്ഷൻ നടപ്പിൽ വരുത്തും.
  • ആറ്റുകാൽ രാധാകൃഷ്ണന്‌ ഓണററി ഐപിഎസ്‌ കൊടുക്കും. അദ്ദേഹത്തെ ഡിജിപി ആയി നിയമിക്കും.


ഇതെല്ലാം ലോങ്ങ്‌ ടേം പ്ലാനുകളാണ്‌.
തൽക്കാലം ഒരു ബോർഡ്‌ മാത്രം.


പൂജ നടക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ സ്റ്റേഷനിൽ പരാതികൾ എടുക്കുന്നതല്ല. പരാതികളുമായി വന്ന് പൂജ മുടക്കുന്ന എല്ലാ റാസ്കലുകളേയും ലോക്കപ്പിലിടുന്നതായിരിക്കും.

കാര്യം ഇനിയും മനസിലാകാത്തവർ (മുകളിലെ ലിങ്ക്‌ കാണാത്തവർ) ഇതൊന്നു നോക്കൂ