എന്റെ ചിന്തകൾ

Monday, April 12, 2010

കൊലപാതകിക്കെന്ത്‌ മനുഷ്യാവകാശം?

ക്രിസ്റ്റോഫ്‌ കീസ്‌ലോവ്സ്കിയുടെ A short film on Killing എന്നൊരു സിനിമ കണ്ടിട്ടുണ്ട്‌. വ്യക്തിപരമായി വധശിക്ഷ എന്ന ക്രൂരമായ ഏർപ്പാടിനോട്‌ എതിർപ്പ്‌ തോന്നിത്തുടങ്ങിയിരുന്ന ഒരു കാലത്താണ്‌ ഈ സിനിമ ഞാൻ കാണാനിടയായത്‌. സിനിമ കണ്ടുകഴിഞ്ഞപ്പോൾ ആ എതിർപ്പ്‌ വല്ലാതെ കൂടുകയും ചെയ്തു.


കഥ ഒന്ന് ചുരുക്കി പറയാം...

ഇതിലെ നായകൻ (അതോ വില്ലനോ) പണത്തിനുവേണ്ടി ഒരു ടാക്സി ഡ്രൈവറെ കൊല്ലുന്നു. ആദ്യം കഴുത്തിൽ കയറുമുറുക്കിയും അതിൽ നിന്ന് ഡ്രൈവർ രക്ഷപ്പെടുമ്പോൾ ഇരുമ്പ്‌വടികൊണ്ടടിച്ചും അവസാനം മരിച്ചില്ലെന്നറിയുമ്പോൾ കല്ലുകൊണ്ട്‌ തലക്കടിച്ചും ആണ്‌ കൊലപാതകം നിർവ്വഹിക്കുന്നത്‌. അവസാനത്തെ ശ്രമത്തിൽ ഇയാൾ അത്യന്തം വിഷമം അനുഭവിക്കുന്നതായാണ്‌ കാണിക്കുന്നത്‌. കൊലപാതകത്തിനുശേഷമുള്ള അയാളുടെ പ്രവൃത്തികളും വളരെയധികം സംഘർഷത്തിൽപ്പെട്ട്‌ വിഷമിക്കുന്ന ഒരാളുടേതാണ്‌. സ്വന്തം പ്രവർത്തി അയാൾക്കുതന്നെ ഇഷ്ടമല്ലെന്ന് വ്യക്തം.

പക്ഷെ കൊലപാതകം കുറ്റം തന്നെ. അയാൾ പോലീസിന്റെ വലയിലാകുന്നു, മരണശിക്ഷയ്ക്ക്‌ വിധിക്കപ്പെടുന്നു.

വധശിക്ഷ നടപ്പിലാകേണ്ട ദിവസം അയാൾ തന്റെ വക്കീലിനോട്‌ സ്വന്തം കഥ പറയുന്നുണ്ട്‌. തന്റെ ഗ്രാമത്തിൽ സന്തുഷ്ടനായി ജീവിച്ചിരുന്ന അയാൾ തന്റെ സഹോദരിയുടെ ദാരുണമരണത്തിനുശേഷമാണ്‌ സ്വന്തം വാസസ്ഥലത്തേയും അവിടുത്തെ ജനങ്ങളേയും സ്വന്തം ജീവിതത്തെത്തന്നെയും വെറുക്കാൻ തുടങ്ങുന്നത്‌. പട്ടണത്തിലേക്ക്‌ വരുന്നതും അവിടെ അപ്രസക്തനായ തനിക്ക്‌ പണമുണ്ടാക്കാൻ മോഹമുദിക്കുന്നതും അതിനായി താൻ കണ്ടെത്തിയ വഴിയും എല്ലാം അയാൾ വിവരിക്കുന്നുണ്ട്‌. ഒരുപക്ഷെ തന്റെ സഹോദരി ദാരുണമായി കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ അയാൾ തന്റെ ജീവിതം നല്ലരീതിയിൽ തുടർന്നേനെ എന്ന് വ്യംഗ്യമായി സംവിധായകൻ സൂചിപ്പിക്കുന്നുണ്ട്‌.

പിന്നീട്‌ കാണിക്കുന്നത്‌ വധശിക്ഷ നടപ്പിലാക്കുന്ന രംഗമാണ്‌. ഓഫീസർമാർ അത്യന്തം വെറുപ്പോടെയാണ്‌ ഇയാളെ കാണുന്നത്‌. തങ്ങളുടെ അധീനതയിലിരിക്കുന്ന, മരണം മുന്നിൽ കാണുന്ന, ഒരാളോട്‌ പരിഹാസപൂർവ്വം പെരുമാറാനും അവർക്ക്‌ മടിയില്ലതാനും. വധശിക്ഷ നടപ്പിലാക്കുമ്പോഴാകട്ടെ, അവർക്കാർക്കും ഒരു വികാരവുമില്ലതാനും. ഡോക്റ്റർ വന്ന് "ഡീദ്‌" എന്ന് വിധിയെഴുതി പോകുന്നും, എല്ലാവരും രംഗം വിടുന്നു, എല്ലാം യാന്ത്രികം.

ഇവിടെ കീസ്‌ലോവ്സ്കി പ്രേക്ഷകരോട്‌ ചോദിക്കുന്ന ചോദ്യം ഇതാണ്‌ (ഞാൻ മനസിലാക്കിയിടത്തോളം)


ഏത്‌ കൊലപാതകമാണ്‌ കൂടുതൽ ക്രൂരം? മനുഷ്യസഹജമായ എല്ലാ സംഘർഷങ്ങളോടും കൂടി ഒരാൾ നടത്തുന്ന കൊലയോ അതോ തികഞ്ഞ നിർവ്വികാരതയോടെ (ക്രൂരമായൊരു പരിഹാസമൊഴിച്ച്‌) സ്റ്റേറ്റ്‌ നടത്തുന്ന കൊലയോ?

വിക്റ്റർ യൂഗോയുടെ Les Miserables (പാവങ്ങൾ) എന്ന നോവലിനെക്കുറിച്ചും ഴാങ്ങ്‌വാൾഴാങ്ങ്‌ (ജീൻവാൽജീൻ) എന്ന കഥാപാത്രത്തെക്കുറിച്ചും ഞാൻ ആദ്യമായി കേട്ടത്‌ സ്കൂളിൽ പഠിക്കുന്ന കാലത്താണ്‌. പിന്നീടതിന്റെ സംക്ഷിപ്തതർജ്ജമ വായിച്ചു. ഒരിക്കൽ കുറ്റവാളിയായ ഒരാളുടെ ജീവിതത്തിൽ ആ പഴയകുറ്റം പലരീതിയിൽ അയാളെ വേട്ടയാടുന്നതിന്റെ നല്ലൊരു ഉദാഹരണമാണ്‌ ഈ നോവൽ.


എന്നെ ഈ പോസ്റ്റെഴുതാൻ പ്രേരിപ്പിച്ച ബ്ലോഗ്‌പോസ്റ്റിലെ വിഷയവുമായി ഈ സിനിമയ്ക്കോ നോവലിനോ നേരിട്ട്‌ ബന്ധമൊന്നുമില്ല. അത്‌ വായിച്ചപ്പോൾ ആദ്യം മനസിൽ വന്നത്‌ ഇതുരണ്ടുമാണെന്നുമാത്രം. കുറ്റത്തെയാണ്‌ വെറുക്കേണ്ടത്‌, കുറ്റവാളിയേയല്ല എന്ന തത്വം മനുഷ്യർ എത്രമാത്രം ചിന്തിക്കുന്നുണ്ട്‌ എന്നൊരു ചിന്ത കൂടി ഈ സിനിമയിലും നോവലിലും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു എന്ന് പറയാനായിക്കൂടിയാണ്‌ ഞാൻ അത്‌ ഇവിടെ എടുത്തെഴുതിയത്‌.

ഇനി ഞാൻ പരാമർശിച്ച പോസ്റ്റിലേക്കുകൂടി.

ബിജുകുമാർ എന്ന ബ്ലോഗർ തന്റെ നേർക്കാഴ്ചകൾ എന്ന ബ്ലോഗിൽ എഴുതിയ മൂന്നാം മുറയും കൊലപാതകിയുടെ മനുഷ്യാവകാശവും എന്ന പോസ്റ്റിനുള്ള ഒരു പ്രതികരണമാണ്‌ ഈ പോസ്റ്റ്‌. പ്രത്യക്ഷത്തിൽ വെറും ഒരു കാഴ്ചപ്പാട്‌ എന്ന രീതിയിൽ തള്ളിക്കളയാവുന്ന ഒന്നാണെങ്കിലും അതിന്റെ ആ ചിന്താരീതിയുടെ അപകടമെന്തെന്ന് ആ സുഹൃത്ത്‌ എത്രമാത്രം മനസിലാക്കുന്നു എന്നത്‌ ചിന്തിച്ചപ്പോൾ ഇത്‌ പറയാതിരിക്കാൻ തോന്നിയില്ല.

ബിജുകുമാറിന്റെ ലോജിക്‌ പോകുന്നത്‌ ഇപ്രകാരം.


പാലക്കാട്ട്‌ ഒരു സ്ത്രീ ദാരുണമാംവിധം കൊലചെയ്യപ്പെട്ടതിനുശേഷം പോലീസ്‌ ചിലരെ കസ്റ്റഡിയിലെടുത്തു. അതിലൊരാൾ ലോക്കപ്പ്‌ മർദ്ദനത്തിനിടെ മരിച്ചു. സ്വാഭാവികമായും മനുഷ്യാവകാശബോധമുള്ളവർ ഇതിനെതിരെ പ്രതികരിച്ചു. ചില ചാനലുകൾ ഈ "മരിച്ച കൊലപാതകിക്ക്‌" ഒരു താരപരിവേഷവും നൽകി.


പോലീസ്‌ ചെയ്തത്‌ ശരിയായ കാര്യമാണെന്നാണ്‌ ബിജുകുമാറിന്റെ വാദം. ഇത്തരം നിഷ്‌ഠൂരമായ കൊല നടത്തിയവരെ പോലീസ്‌ എന്തുചെയ്യണമായിരുന്നു എന്ന് ബിജു ചോദിക്കുന്നു. ഏത്‌ അവകാശത്തിനാണ്‌ ഇവർക്ക്‌ അർഹത എന്നും ബിജുവിന്‌ ചോദിക്കാനുണ്ട്‌.


പോലീസിൽ മൂന്നാംമുറ അനുവദിക്കില്ല എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും ഒരു ചെറു പരിഹാസത്തോടെയാണ്‌ ബിജു നേരിടുന്നത്‌. മൂന്നാംമുറ ഇല്ലെങ്കിൽ പോലീസിന്‌ കുറ്റം തെളിയിക്കാനാവില്ല എന്നാണ്‌ ബിജുവിന്റെ വാദം. പോലീസിന്റെ ഇടി പേടിച്ചാണ്‌ നല്ലൊരു പങ്കും തെറ്റു ചെയ്യാത്തത്‌ എന്നും ബിജുവിന്റെ വ്യാഖ്യാനമുണ്ട്‌.

ഇനി ബിജുവിന്റെ അടുത്ത വാദം ഇപ്രകാരം പോകുന്നു. ചിലർ ജന്മനാ നന്മയുള്ളവരായി ജനിക്കുന്നു, ചിലർ നന്മയും തിന്മയും ഏറ്റക്കുറച്ചിലുകളോടെ സമ്മേളിച്ചവർ ആയിരിക്കും, ചിലർ ജന്മനാ തിന്മയുള്ളവരായി ജനിക്കുന്നു.



രണ്ടാമത്‌ പറഞ്ഞ വിഭാഗക്കാർക്ക്‌ ഒരു കണ്ണുരുട്ടലോ അടിയോ മതിയായിരിക്കും കുറ്റം സമ്മതിക്കാൻ, പക്ഷെ ജന്മനാ തിന്മക്കാർ അടിയോ ഭീഷണിയോ ഭയക്കില്ല. അവർക്ക്‌ മൂന്നാംമുറ തന്നെ ശരണം. അത്‌ തിരിച്ചറിഞ്ഞ്‌ പോലീസ്‌ ആവശ്യക്കാർക്കെതിരെ മാത്രം മൂന്നാംമുറ പ്രയോഗിക്കണം.


ഈ മരിച്ചുപോയ സമ്പത്ത്‌ എന്ന വ്യക്തി (കുറ്റവാളി) മരിക്കാതെ പുറത്തിറങ്ങിയിരുന്നെങ്കിൽ മറ്റൊരാൾ ഇയാളുടെ കത്തിക്കിരയാകുമായിരുന്നേനെ എന്നൊരു സാധ്യത (പ്രവചനം) കൂടി ബിജുകുമാർ നടത്തുന്നുണ്ട്‌.


ഫൈനലി, ഒരു കൊട്ട്‌ കസബിന്റെ വിചാരണയ്ക്കും. നൂറു രൂപയുടെ ബുള്ളറ്റിൽ ഒതുക്കേണ്ട കാര്യത്തിന്‌ എത്ര പണമാണ്‌ നമ്മുടെ ജനാധിപത്യസർക്കാർ കയ്യിട്ടുവാരുന്നത്‌?

ഹൊ, കഷ്ടം തന്നെ, അല്ലേ.... മൂന്നാം മുറ ഇല്ലായിരുന്നെങ്കിൽ ബുദ്ധിമുട്ടിയേനെ, ഒറ്റ കേസ്‌ പോലും തെളിയിക്കാനാകാതെ വന്നേനെ.
പോലീസ്‌ തന്നെ നീതി നടപ്പാക്കിയിരുന്നെങ്കിൽ എത്ര പണം നമുക്ക്‌ ലാഭിക്കാമായിരുന്നേനെ.

വ്യക്തികളെ എടുത്തുപറഞ്ഞ്‌ ചർച്ച ചെയ്യുന്നത്‌ എനിക്ക്‌ വലിയ താൽപര്യമുള്ള കാര്യമല്ല, പക്ഷെ ഇവിടെ വിഷയം പറയണമെങ്കിൽ അതൊഴിവാക്കാനാവാതെവന്നതിനാലാണ്‌ അദ്ദേഹത്തെ പരാമർശിക്കുന്നത്‌. വ്യക്തിപരമായി ബിജുകുമാറിനെ എനിക്കറിയില്ലെന്നും അദ്ദേഹത്തിന്റെ വിവേചനബുദ്ധിയേയോ മറ്റു കഴിവുകളേയോ മോശമായരീതിയിൽ കാണുന്നില്ലെന്നും ഇവിടെ പ്രത്യേകം എടുത്തുപറഞ്ഞുകൊള്ളട്ടെ.



ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്‌, സ്വാഭാവികമായും തോന്നുന്നവ.

ആദ്യം സമ്പത്ത്‌ എന്ന നിർഭാഗ്യവാന്റെ (കൊലപാതകിയുടെ) തന്നെ കാര്യമെടുക്കാം.

ഈ സമ്പത്ത്‌ എന്ന വ്യക്തി തന്നെയാണോ നിഷ്‌ഠൂരമായ കൊലപാതകം നടത്തിയത്‌? കേട്ടറിഞ്ഞിടത്തോളം ഇതിൽ പ്രതികളാക്കപ്പെട്ട വേറെയും ആളുകളുണ്ട്‌. അതിൽ ഈ സമ്പത്ത്‌ ആണ്‌ കൊലനടത്തിയയാൾ എന്ന് ആർക്കാണറിയുക?

സമ്പത്ത്‌ എന്ന വ്യക്തി ഇതിനു മുൻപ്‌ എന്തെങ്കിലും കുറ്റകൃത്യം നടത്തിയതായി അറിവുണ്ടോ? ഇയാൾ പുറത്തിറങ്ങിയയുടൻ വേറൊരാളെ കൊല്ലും എന്ന നിഗമനം എങ്ങിനെ സാധൂകരിക്കാൻ കഴിയും?

സമ്പത്തും കൂട്ടരും ചേർന്നാണ്‌ ഈ മോഷണവും കൊലപാതകവും നടത്തിയതെന്ന് നിസ്സംശയം തെളിഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ തന്നെ കൊല്ലാൻ വേണ്ടി കയറി മോഷണം സൈഡിലൂടെ നടത്തിയതാണോ അതോ മോഷണത്തിനിടെ തിരിച്ചറിയപ്പെടും എന്ന ഭയത്താൽ കൊന്നതാണോ?

ഇനി ബിജുകുമാർ ഉയർത്തുന്ന ചില നിയമ/നീതി (മൂന്നാംമുറയെക്കുറിച്ച്‌) പ്രശ്നങ്ങളിലേക്ക്‌


പോലീസ്‌ കസ്റ്റഡിയിലെടുക്കുന്ന എല്ലാവരും കുറ്റവാളികളാണോ? നിരപരാധികൾ പോലീസിന്റെ വലയിൽ പെട്ടിട്ടില്ലേ? സംശയത്തിന്റെ പേരിലും ചോദ്യം ചെയ്യാനുമൊക്കെയായി എത്രയോ പേരെ പോലീസ്‌ കസ്റ്റഡിയിൽ എടുക്കാറുണ്ട്‌, അവരെല്ലാം കുറ്റം ചെയ്തു എന്ന ഉറപ്പിലാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്യുന്നതെന്ന് പോലീസ്‌ പോലും പറയില്ല.

കസ്റ്റഡിയിൽ എടുത്ത പ്രതിയെ മൂന്നാംമുറ ഉപയോഗിച്ചല്ലാതെ കുറ്റം സമ്മതിപ്പിക്കാൻ സാധിക്കില്ലേ? ഉദാഹരണത്തിന്‌, എത്രയോ പേർ വിജിലൻസ്‌ അന്വേഷണത്തിലും മറ്റും കുറ്റം സമ്മതിച്ചിട്ടുണ്ട്‌, അവരെയെല്ലാം ഇടിച്ചാണോ വിജിലൻസ്‌ കുറ്റം സമ്മതിപ്പിക്കുന്നത്‌?

പോലീസുകാർ തന്നെ വൈരാഗ്യബുദ്ധ്യാ ചെയ്തുകൂട്ടിയ അക്രമങ്ങളുടെ വാർത്തകൾ എത്രയോ പുറത്തുവന്നിട്ടുണ്ട്‌. അതുകൂടി കൂട്ടിവായിച്ചാൽ കൊല്ലാനുള്ള അധികാരം പോലീസിനു കൊടുത്താൽ എന്താണുണ്ടാവുകയെന്ന് പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലൊ, അവരും മനുഷ്യരല്ലെ.


നിയമം പരിപാലിക്കാനാണ്‌, നിയമം നടപ്പിലാക്കാനല്ല പോലീസ്‌. വ്യക്തികളോ സംഘങ്ങളോ നിയമം ലംഘിക്കുമ്പോൾ നിയമവാഴ്ച പുനസ്ഥാപിക്കുക എന്നത്‌ താൽക്കാലികമായ ഒരു നടപടിയാണ്‌, ശരിയായ നടപടി (പോലീസിന്റെ ദൗത്യം) നിയമം തെറ്റിച്ചവരെ നിയമത്തിനുമുൻപിൽ കൊണ്ടുവന്ന് വിചാരണയ്ക്ക്‌ വിധേയരാക്കുക എന്നതാണ്‌. എന്നുവെച്ചാൽ, ശിക്ഷിക്കാൻ പോലീസിന്‌ അധികാരമില്ലെന്നർത്ഥം. ഇതിനെത്തന്നെയാണ്‌ ബിജുകുമാർ ആദ്യം ചോദ്യം ചെയ്യുന്നത്‌.

ഒരാളെ പോലീസ്‌ കൊന്നാൽ അത്‌ കൊലപാതകമായേ വിലയിരുത്താനാവൂ. സമ്പത്ത്‌ ചെയ്തതും പോലീസ്‌ ചെയ്തതും തമ്മിൽ വ്യത്യാസമില്ലെന്നർത്ഥം. രണ്ടിടത്തും മുന്നിലുള്ള നിസഹായനായ/നിസഹായയായ വ്യക്തിയെ കൊല്ലുക തന്നെയാണ്‌ നിർവ്വഹിക്കപ്പെട്ട കർമ്മം. ഒരാൾ ചെയ്തത്‌ കുറ്റമെങ്കിൽ മറ്റേതും അതുതന്നെ.

കൊലപാതകിയ്ക്ക്‌ മനുഷ്യാവകാശം നിഷിദ്ധമാണോ? ആണെങ്കിൽ എല്ലാ കൊലപാതകികൾക്കും ആയിരിക്കണം, പോലീസിനും. അപ്പോഴോ? ഇതെവിടെച്ചെന്നവസാനിക്കും?


ഒരാളിൽ കൊലക്കുറ്റം ആരോപിക്കപ്പെട്ടാൽ അത്‌ സംശയലേശമന്യേ തെളിയിക്കപ്പെടേണ്ടത്‌ ആവശ്യമാണ്‌. അതില്ലെങ്കിൽ നിരപരാധികൾ വരെ ശിക്ഷിക്കപ്പെട്ടേയ്ക്കാം. ഇനി, അഥവാ ഒരാൾ കുറ്റം ചെയ്തു എന്നുതന്നെയിരിക്കട്ടെ, തെളിവുകൾ ഉണ്ടെങ്കിൽപ്പോലും ആ വ്യക്തി ജന്മനാ കുറ്റവാസനയുള്ളയാളാണെന്ന് തെളിയില്ല, കിരീടം പോലുള്ള സിനിമകളിലെ നായകൻ ഉദാഹരണം.

ജന്മനാ നന്മ/തിന്മ/ന്യൂട്രൽ എന്ന നിലയിൽ ബിജുകുമാർ നടത്തുന്ന categorization രസകരമാണ്‌. ജന്മനാ തിന്മയോടുകൂടി ജനിക്കുന്നവർക്കാണ്‌ മൂന്നാംമുറ എന്നതാണ്‌ ബിജുവിന്റെ ന്യായം. ഈ സമ്പത്ത്‌ തിന്മയോടെയാണോ ജനിച്ചതുതന്നെ? പോലീസ്‌ എങ്ങിനെയാണ്‌ കണ്ടുപിടിച്ചത്‌? പോട്ടെ, ബിജുകുമാർ എങ്ങിനെയാണ്‌ ഇതറിഞ്ഞത്‌? ഇനി ഈ തിന്മക്കാർക്ക്‌ മൂന്നാംമുറ ആവശ്യമാണെന്നും പോലീസ്‌ അറിഞ്ഞ്‌ പ്രയോഗിച്ചാൽ മതിയെന്നും പറയുന്ന ബിജു അത്‌ തിരിച്ചറിയാൻ പോലീസിന്റെ കയ്യിൽ എന്ത്‌ വഴിയാണ്‌ ഉള്ളതെന്ന് പറയുന്നില്ല.


പോലീസിന്റെ ഇടി പേടിച്ചാണ്‌ ഒരുവിധം ആളുകളെല്ലാം തിന്മ ചെയ്യാതിരിക്കുന്നതെന്നാണ്‌ ബിജു പറയുന്നത്‌. ഇതിൽ എത്ര സത്യമുണ്ട്‌? പോലീസ്‌ ചെക്കിങ്ങ്‌ ഇല്ല എന്ന ധൈര്യത്തിൽ ഹെൽമറ്റ്‌ ഇടാതെ വണ്ടി ഓടിക്കുന്നതുപോലെ ഒന്നാണോ മോഷണവും കൊലപാതകവുമൊക്കെ? ചാൻസ്‌ കിട്ടിയാൽ വെറുതെ ഒരാളെ കൊല്ലാൻ എത്രപേർക്ക്‌ കഴിയും? പോട്ടെ, നാം വണ്ടിയോടിക്കുമ്പോൾ വഴിയിൽ കിടന്നുറങ്ങുന്ന പട്ടിയെ കണ്ടാൽ എത്രപേർ അതിന്റെ മുകളിലൂടെ വണ്ടിയോടിക്കും? (പട്ടിയെ കൊല്ലുന്നതിന്‌ പ്രത്യേകിച്ച്‌ കേസ്‌ ഒന്നുമില്ല)

നീതിനിർവ്വഹണത്തിനുള്ള കോടതികളും വിചാരണകളും അനാവശ്യമാണെന്ന ഒരു ധ്വനിയും തന്റെ പോസ്റ്റിൽ ബിജുകുമാർ പറയുന്നുണ്ട്‌. പണ്ട്‌ രാജാക്കന്മാരുടെ കാലത്തെ കഥയാണിവിടെ പുനരാവിഷ്കരിക്കപ്പെടുന്നത്‌. രാജാവിന്‌ അല്ലെങ്കിൽ പടയാളികൾക്ക്‌ അപ്രീതി തോന്നുന്ന ആരെയും പീഡിപ്പിക്കാനോ വധിക്കാനോ വരെ അധികാരമുണ്ടായിരുന്നതുപോലെ ഇന്ന് പോലീസുകാർക്ക്‌ അധികാരം കൊടുക്കണമെന്ന് പറയുന്നത്‌ ബാലിശമെന്നേ പറയാനാവൂ.

ബിജുകുമാർ ഇപ്പറഞ്ഞതൊക്കെ ഒരു പ്രത്യേകസംഭവത്തിന്റെ പ്രതികരണമാണെന്ന് പറയാം, പക്ഷെ ഒരു നിയമമെന്ന നിലയ്ക്ക്‌, നയമെന്ന നിലയ്ക്ക്‌, ഇത്‌ വിവരക്കേടാണ്‌, അത്യന്തം അപകടകരമാണ്‌. ഒരു കൊലപാതകിയ്ക്ക്‌ മനുഷ്യാവകാശം നിഷിദ്ധമെങ്കിൽ എല്ലാ കൊലപാതകികൾക്കും അത്‌ ബാധകമാകണം, തന്നെ ബലാൽക്കാരം ചെയ്യാൻ വരുന്ന വ്യക്തിയെ കൊല്ലുന്ന പെൺകുട്ടിയ്ക്കടക്കം.
അത്‌ ബിജുകുമാറിന്‌ അംഗീകരിക്കാനാവും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അപ്പോഴത്‌ നിലനിൽപിനുവേണ്ടി ചെയ്ത കുറ്റമാണെന്ന് പറയുമായിരിക്കും, പക്ഷെ അത്‌ തെളിയിക്കണമെങ്കിൽ ആ വ്യക്തിയ്ക്ക്‌ നീതിപൂർവ്വമായൊരു വിചാരണ വേണ്ടേ? ഒരു കൊലപാതകിയ്ക്ക്‌ അത്‌ നൽകാമെങ്കിൽ എല്ലാവർക്കും അത്‌ വേണ്ടതല്ലേ? അത്രയേ നമ്മുടെ ഭരണഘടനയും നിയമവും ചെയ്യുന്നുള്ളു.




*******************

അടിയന്തരാവസ്ഥയെക്കുറിച്ച്‌ കേട്ടിട്ടെങ്കിലുമുണ്ടാവുമല്ലൊ നാമെല്ലാവരും. എന്തൊക്കെ അതിനനുകൂലമായോ പ്രതികൂലമായോ പറയാനുണ്ടെങ്കിലും ഏറ്റവും വലിയ നെഗറ്റീവ്‌ ആയി പറഞ്ഞുകേട്ടിട്ടുള്ളത്‌ അന്ന് വ്യാപകമായ മനുഷ്യാവകാശലംഘനമാണ്‌. പോലീസിന്‌ സംശയം തോന്നുന്നവരെയെല്ലാം (വൈരാഗ്യമുള്ളവരെ എന്നുകൂടി വായിക്കാം) അറസ്റ്റ്‌ ചെയ്യാനും ദിവസങ്ങളോളം പീഡിപ്പിക്കാനും അധികാരമുണ്ടായിരുന്ന കാലം. രാജൻ എന്നു പേരുള്ള ഏതോ ഒരാളാണ്‌ പോലീസ്‌ സ്റ്റേഷൻ ആക്രമണത്തിൽ നേതൃത്വത്തിലുണ്ടായിരുന്നത്‌ എന്നൊരു ശ്രുതിയുടെ ആധാരത്തിൽ ആ ഭാഗത്തുണ്ടായിരുന്ന എല്ലാ രാജന്മാരേയും പിടിച്ച്‌ പീഡിപ്പിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്‌, കോൺഗ്രസ്‌ അനുഭാവികളെയടക്കം. അതിന്റെ ഫലമായാണ്‌ രാജൻ സംഭവം ഇന്നും ഒരു നൊമ്പരമായി നാം ഓർക്കുന്നത്‌. ബിജുകുമാർ പറഞ്ഞതുപോലെ നിയമനിർവ്വഹണത്തിനും മൂന്നാംമുറയ്ക്കും പോലീസിന്‌ free-hand കൊടുത്താൽ എത്ര രാജന്മാർ ഉണ്ടാവും എന്നത്‌ ചിന്തിക്കാവുന്നതേയുള്ളു.

Thursday, April 1, 2010

യുക്തിവാദിയെന്നത്‌ വട്ടപ്പേരോ?

എന്റെ ഒരു കൂട്ടുകാരനുണ്ടായിരുന്നു, അവനൊരു വട്ടപ്പേരും (എന്താണെന്ന് പറയുന്നില്ല, ഒരുപക്ഷെ ആളെ ആരെങ്കിലും തിരിച്ചറിഞ്ഞെന്നുവരും). ആറാം ക്ലാസ്‌ മുതൽ പ്രീഡിഗ്രി വരെ ഞങ്ങൾ ഒന്നിച്ചാണ്‌ പഠിച്ചത്‌, സ്കൂളിൽ ആരോ അവനിട്ടതാണ്‌ ആ വട്ടപ്പേര്‌. അദ്ഭുതകരമെന്നു പറയട്ടെ, അവൻ കോഴിക്കോട്‌ ആർഇസിയിൽ ചേർന്നപ്പോഴും ആ പേര്‌ അവനെ തേടിയെത്തി, പ്രീഡിഗ്രി വരെ കൂടെപഠിച്ച ആരും കൂടെയില്ലാതെതന്നെ.


ഒരാൾക്ക്‌ വട്ടപ്പേരിടുന്നതിന്‌ രണ്ട്‌ ലക്ഷ്യങ്ങളേയുള്ളു, നിർഭാഗ്യവശാൽ രണ്ടും രണ്ടറ്റത്താണ്‌. ഒന്നുകിൽ ആരാധന, അല്ലെങ്കിൽ തീരാത്ത പക/വെറുപ്പ്‌/പരിഹാസം. ഒരു വ്യക്തിയുടെ രൂപമോ പെരുമാറ്റമോ പ്രത്യേകസിദ്ധികളോ ഒക്കെയാവാം വട്ടപ്പേരിന്‌ കാരണം. കരടി, മിന്നൽ, ഉടുമ്പ്‌, ഇടിയൻ എന്നിങ്ങിനെ ധാരാളം വട്ടപ്പേരുകൾ കാണാം. പ്രാദേശികമായി കാണുന്ന 'താര'ങ്ങളെയൊക്കെ മേൽപ്പറഞ്ഞ സവിശേഷതകളാൽ ഈ പേരുകൾ ചേർത്തുവിളിക്കും. ഈ വിളിയിലൂടെ നാട്ടുകാർ ആ വ്യക്തിയോടുള്ള തങ്ങളുടെ മനോഭാവമാണ്‌ അറിയിക്കുന്നത്‌. ചിലപ്പോൾ ശരിയായ പേരിനേക്കാൾ നാട്ടുകാർ അറിയുന്നതും ഈ വട്ടപ്പേരായിരിക്കും.
ചിലപ്പോഴെങ്കിലും അകാരണമായും ഒരു വ്യക്തിയെ വട്ടപ്പേരിട്ട്‌ വിളിച്ചുവെന്നുവരാം. ഒരിക്കൽ വീണാൽ ആ പേര്‌ മാറ്റിയെടുക്കാൻ ആ വ്യക്തി എത്രതന്നെ ശ്രമിച്ചാലും കാര്യമുണ്ടാവില്ല. പേരിടുന്നവർക്കും പ്രത്യേകിച്ചൊരു കാരണമുണ്ടാവണമെന്നില്ല, എന്തെങ്കിലും ഒരു ധാരണ മാത്രം മതി ആ പേര്‌ വീഴാൻ



ഈയിടെയായി ധാരാളം കാണാറുള്ള ഒരു പരാമർശമാണ്‌ യുക്തിവാദികളെക്കുറിച്ച്‌. ബ്ലോഗിൽ ഞാൻ സജീവമായതിനുശേഷം യുക്തിവാദി എന്നത്‌ ഒരു വട്ടപ്പേരായും ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് തോന്നിക്കുംവിധം ആണ്‌ പല പരാമർശങ്ങളും. തങ്ങൾക്ക്‌ എതിർപ്പുള്ള പലരേയും, പല സംഭവങ്ങളേയും യുക്തിവാദവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളും കാണാറുണ്ട്‌. മുതലാളിത്തവും ഫാസിസവും കമ്മ്യൂണിസവും എന്നുവേണ്ടാ, ഈ ലോകത്തുള്ള സകല സംഭവങ്ങളും യുക്തിവാദികൾ ഏറ്റെടുക്കേണ്ടിവരുന്നു. ബുഷും സ്റ്റാലിനും ഹിറ്റ്ലറും ഒന്നിച്ച്‌, ഒരേ പോസ്റ്റിൽ, യുക്തിവാദികളായി അവതരിച്ചിട്ടുണ്ട്‌.

ഇനി, സംഭവവുമായി യാതൊരു ബന്ധവും ഇതിനില്ലെങ്കിൽ പോലും ഒരു യുക്തിവാദിയെ അതിലേക്ക്‌ ബന്ധപ്പെടുത്തിയാൽ തീരാവുന്നതേയുള്ളു പ്രശ്നം. മറ്റൊരു മതവിഭാഗത്തെ നേരിട്ട്‌ കുറ്റം പറയാൻ പറ്റിയില്ലെങ്കിൽ അവിടെ ഒരു യുക്തിവാദിയെ ഫിറ്റ്‌ ചെയ്താൽ മതി, കാര്യം ക്ലീൻ. യുക്തിവാദി എന്തെങ്കിലും പറഞ്ഞാൽ തെറ്റ്‌ പറയാൻ ആളുണ്ടാവും (പക്ഷപാതിത്വം/പ്രീണനം), പറഞ്ഞില്ലെങ്കിൽ അവിടെയും കാണും കുറ്റം (പക്ഷപാതിത്വം/പ്രീണനം!!!!).

ഇത്രയൊക്കെ എഴുതാൻ കാരണം ഒരു ബ്ലോഗ്‌ വഴി എത്തിപ്പെട്ട മംഗളത്തിന്റെ സൈറ്റിൽ കണ്ട ലേഖനമാണ്‌. (ലിങ്ക്‌ അവസാനം കൊടുക്കാം, ഇല്ലെങ്കിൽ നിങ്ങൾ വായിക്കാതെ ഓടിയാലോ :))

സംഭവം തൊടുപുഴ കേസുമായി ബന്ധപ്പെട്ടതാണ്‌. ഒരു അദ്ധ്യാപകൻ ചോദ്യക്കടലാസിൽ മതനിന്ദാപരമായ ഒരു ചോദ്യം ഇട്ടു. ചിലർക്ക്‌ മതവികാരം വ്രണപ്പെട്ടു. അദ്ധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നു. സസ്പെൻഷനായി, ലുക്കൗട്ട്‌ നോട്ടീസായി, വിവാദമായി.... ഇനി എന്താണാകാത്തത്‌?

മംഗളത്തിൽ ഈ ലേഖനം എഴുതിയത്‌ ആരാണെന്ന് അറിവില്ല. ലേഖകന്റെ പേര്‌ വെയ്ക്കാത്തത്‌ മംഗളം ഓൺലൈൻ എഡിഷന്റെ നയമാണോ എന്നറിയില്ല (ചോദിക്കാനോ കമന്റിടാനോ ഓപ്ഷൻ ഇല്ല), ഏതായാലും പേരില്ലാസുഹൃത്തിന്റെ ലോജിക്‌ നല്ല രസകരമായ ഒന്നാണ്‌.


അവിടെ എഴുതിയത്‌ അതേപടി കോപ്പി-പേസ്റ്റ്‌ ചെയ്യാൻ താൽപര്യമില്ല, വല്ല കോപ്പിറൈറ്റ്‌ പ്രശ്നങ്ങളുമുണ്ടോ എന്നറിയുകയുമില്ല. അതിനാൽ ഒരു രത്നച്ചുരുക്കം എഴുതാം.


ലേഖകന്‌ ഒരു കാർഡ്‌ വന്നതാണ്‌ വിഷയം, അതിന്റെ തുടക്കം. കാർഡിന്റെ ഉള്ളടക്കം സഭ്യമല്ല, തർക്കമില്ലാത്ത വസ്തുതയാണ്‌.

പിന്നെ നേരെ തിരിയുന്നത്‌ തൊടുപുഴയിലെ സംഭവത്തിലേയ്ക്കാണ്‌.

ഏതായാലും, ലേഖകന്റെ ഭാഷയിൽ തൊടുപുഴ സംഭവം ഒരു ഒറ്റപ്പെട്ട കാര്യമല്ല, ഇതുപോലുള്ള മുസ്ലിം വിരോധം കുറേക്കാലമായി അദ്ദേഹം യുക്തിവാദികളിൽ നിന്നും അനുഭവിക്കുന്നതാണെന്നാണ്‌ പറഞ്ഞുവരുന്നതത്രെ.

ശരിഅത്ത്‌ വിവാദകാലത്തെ ഒരു സംഭവവും അദ്ദേഹം ഓർക്കുന്നുണ്ട്‌. അദ്ദേഹം പത്തുവർഷത്തെ സസ്പെൻഷനുശേഷം (അതെന്തിനാണെന്നറിയില്ല) തിരിച്ചു സ്കൂളിൽ ചെല്ലുമ്പോൾ കാണുന്നത്‌ സാധാരണ സ്കൂൾ സമയത്തിനനുസരിച്ച്‌ അദ്ദേഹത്തിന്റെ സ്കൂൾ സമയവും ക്രമീകരിച്ചതായാണ്‌. അതിനാൽ മതപഠനം കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികൾക്ക്‌ ബുദ്ധിമുട്ടുകൾ. മതപഠനപുസ്തകങ്ങൾ കാണുന്നതുതന്നെ മറ്റ്‌ അദ്ധ്യാപകർക്ക്‌ വെറുപ്പായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു. മദ്രസക്കാർ മുൻകൈയ്യെടുത്ത്‌ ആ പ്രശ്നം പരിഹരിച്ചു. നല്ലത്‌.

വലതുപക്ഷക്കാരോടൊപ്പം ഇടതുപക്ഷക്കാർക്കും ഇസ്ലാം വിരോധം ഉണ്ടെന്ന് അന്ന് മനസിലായെന്ന് അദ്ദേഹം പറയുന്നു, ചില ഉദാഹരണങ്ങളും.


വീണ്ടും തൊടുപുഴയിലേക്ക്‌.

ചോദ്യപ്പേപ്പറിലെ പരാമർശങ്ങൾ കാരണം ചില മുസ്ലിം സുഹൃത്തുക്കൾ പ്രകോപിതരാകുന്നു, സർക്കാർ ഇടപെടുന്നു, അദ്ധ്യാപകന്‌ സസ്പെൻഷൻ, കോളേജ്‌ അധികൃതർ മാപ്പു ചോദിക്കുന്നു. രംഗം ശാന്തമാകേണ്ടതാണ്‌.

പ്രശ്നം പിന്നെയും തുടരുന്നു. മുസ്ലിം രോഷം അടങ്ങുന്നില്ല. ഹിന്ദു വികാരങ്ങളും ഉയരാൻ സാധ്യതയുണ്ട്‌. അപ്പോഴാണ്‌ മുസ്ലിം വിഭാഗത്തിലെ വിവേകികളായ ചിലർക്ക്‌ കാര്യത്തിന്റെ ഗൗരവം മനസിലാകുന്നത്‌. അവർ ആർഎസ്‌എസ്‌ കേന്ദ്രത്തിൽ പോയി അനുരഞ്ജനം നടത്തി. എന്തിന്‌ അവരെ തമ്മിൽ തല്ലിക്കാൻ സെക്കുലർ സഖാക്കളെ അനുവദിക്കണം?

ഇനി ലേഖകന്റെ കൺക്ലൂഷൻ.

മതമൗലികവാദികളേക്കാൾ വിശ്വാസികൾ പേടിക്കേണ്ടത്‌ മതേതരമൗലികവാദികളേയാണ്‌. തട്ടമിടാനും പൊട്ടുതൊടാനും മതേതരരുടെ അനുവാദത്തിനു തലകുനിക്കേണ്ടതിനാലാണ്‌ ലിബറലും ജനാധിപത്യപരവും മതേതരവുമായ ഹിന്ദുത്വം അസാധ്യമാകുന്നത്‌.

കാര്യം ക്ലീൻ.

ചില സംശയങ്ങൾ എന്റെ വക കൂടി കിടക്കട്ടെ. പ്രസ്തുതലേഖകൻ ഇത്‌ വായിക്കുമോ എന്നറിയില്ല, എന്നാലും....

1. തൊടുപുഴയിലെ അദ്ധ്യാപകൻ യുക്തിവാദിയാണോ? എനിക്കറിയില്ല, അറിയാവുന്നവർ പറയട്ടെ.
2. ഇദ്ദേഹത്തിന്‌ കിട്ടിയ കാർഡ്‌ എഴുതിയത്‌ യുക്തിവാദിയാണോ? പേര്‌ പറഞ്ഞിട്ടില്ല, അതിനാൽ എനിക്ക്‌ അറിയില്ല. പേരു പറഞ്ഞാൽ ചിലർക്കൊക്കെ ആളെ മനസിലാകും എന്ന് ലേഖകൻ പറയുന്നുണ്ട്‌. ഏതായാലും എംഎഫ്‌ ഹുസൈനെതിരെ വധഭീഷണി ഉയർന്നതിൽ പ്രത്യേകിച്ച്‌ തെറ്റൊന്നും തോന്നാത്ത, അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന വിശ്വാസമുള്ള ആരോ ആണ്‌ എഴുതിയത്‌ എന്ന് കരുതാം. അതെന്തായാലും, ഒരു പ്രഖ്യാപിത യുക്തിവാദി ആവാൻ ഇടയില്ല എന്നാണ്‌ എന്റെ വിലയിരുത്തൽ.
3. ലേഖകൻ പറയുന്ന മദ്രസാ-സംബന്ധമായ കാര്യങ്ങളിൽ പുസ്തകം വലിച്ചെറിയാനും മറ്റും മുതിർന്നത്‌ യുക്തിവാദികളാണോ?

4. തൊടുപുഴ സംഭവത്തിൽ ഉൾപ്പെട്ട അദ്ധ്യാപകൻ ഒരു കൃസ്തീയനാമമുള്ള വ്യക്തിയാണെന്നാണ്‌ ഞാൻ മനസിലാക്കിയിട്ടുള്ളത്‌. അതിൽ മുസ്ലിം സംഘടനകൾ പ്രതിഷേധിക്കുന്നിടത്ത്‌ ബിജെപിയ്ക്ക്‌, ആർഎസ്‌എസിന്‌ എന്ത്‌ കാര്യം?
5. ഇതൊക്കെ പോകട്ടെ, ഇതിൽ യുക്തിവാദികളുടെ റോൾ എന്താണാവോ? മുസ്ലിം നേതാക്കൾ പ്രകടനം നടത്തിയപ്പോൾ ബിജെപിക്കാരോട്‌ പറഞ്ഞോ പോയി തല്ലുണ്ടാക്കാൻ? ഈ യുക്തിവാദികൾ ഇല്ലായിരുന്നെങ്കിൽ മുസ്ലിം നേതാക്കളും ആർഎസ്‌എസും ഭായി-ഭായി ആയി ഇരിക്കുമായിരുന്നോ? ഈ സംഭവത്തിൽ എന്ത്‌ പ്രകോപനമാണ്‌ സെക്കുലർ സഖാക്കൾ ഉണ്ടാക്കിയത്‌?
6. "സ്വാഭാവികമായും ഹിന്ദുത്വപ്രതികരണങ്ങളും ഉണ്ടാകാൻ പോകുന്നു" എന്ന് പറയുന്ന ലേഖകൻ അതേ ഖണ്ഡികയിൽ തന്നെ "നമ്മെ ഇരുകൂട്ടരേയും പ്രകോപിപ്പിക്കാൻ സെക്കുലർ സഖാക്കളെ എന്തിനനുവദിക്കണം" എന്നു പറയുന്നതിന്റെ ലോജിക്‌ എനിക്ക്‌ എത്രചിന്തിച്ചിട്ടും മനസിലായില്ല. Please help!!!

ഫൈനലി,


7. ഇതെഴുതിയ ആൾ ഏത്‌ മതവിഭാഗത്തിൽ പെട്ടയാളാണെന്ന് അറിയില്ല, ലിബറലും ജനാധിപത്യപരവും മതേതരവുമായ ഹിന്ദുത്വം എന്നൊരു പരിപാടി ഉണ്ടെന്ന് ലേഖകൻ വിശ്വസിക്കുന്നുണ്ടോ? ആ പറഞ്ഞ ഐറ്റം തന്നെയാണോ "എംഎഫ്‌ ഹുസൈനെ തിരിച്ചുവിളിക്കേണ്ടതായിരുന്നു" എന്ന ലേഖനം ഈ ലേഖകനെക്കൊണ്ട്‌ എഴുതിച്ചത്‌?

എനിക്കറിയില്ല, അറിയാത്തതുകൊണ്ട്‌ ചോദിക്കുകയാണ്‌, തെറ്റിദ്ധരിക്കല്ലേ

ലേഖനം വേണമെങ്കിൽ ഇവിടെ വായിക്കാം.

മറ്റൊരു മതവിഭാഗത്തെ കുറ്റപ്പെടുത്തിയാൽ മതവികാരം വ്രണപ്പെട്ടേയ്ക്കും. യുക്തിവാദികൾക്ക്‌ അങ്ങിനെ വ്രണപ്പെടില്ലായിരിക്കാം. ഏതായാലും എന്തും ചാരാവുന്ന ഒരു സാധനമാണ്‌ യുക്തിവാദം.

********************
അതെ, യുക്തിവാദി/യുക്തിവാദം എന്നത്‌ കടുത്ത മതവിശ്വാസികൾക്ക്‌ ഇന്നൊരു വട്ടപ്പേരാണ്‌, എതിർപ്പുള്ള ഏതു സംഭവത്തിനും ഏതു വ്യക്തിക്കും ചാർത്തിക്കൊടുക്കാവുന്ന വട്ടപ്പേര്‌.



കുറിപ്പ്‌ - കുറച്ചുകാലമായി യുക്തിവാദികളെക്കുറിച്ച്‌ എഴുതിക്കാണുന്ന പരാമർശങ്ങൾ എന്നിലുണ്ടാക്കിയ ചിന്തകളാണ്‌ ഈ കുറിപ്പിൽ. പ്രത്യേകമായി ഏതെങ്കിലും സംഭവങ്ങൾക്ക്‌ വിശദീകരണം ചോദിച്ചാൽ തരാൻ എനിക്ക്‌ സാധിക്കില്ല. ഏതെങ്കിലും വ്യക്തിയേയോ സംഘടനയേയോ സംഭവത്തേയോ ന്യായീകരിക്കാനും ഞാനില്ല. എന്റെ ചിന്തകൾ എന്റേതാണ്‌, വിധേയത്വത്തിന്റേതല്ല.