എന്റെ ചിന്തകൾ

Monday, July 4, 2011

അമിതമായാൽ??

ഭാഗ്യവാൻ എന്ന പേരുള്ള ഒരു സിനിമ കണ്ടിട്ടുണ്ട്. അലഭ്യലഭ്യശ്രീ എന്ന ഒരു പ്രത്യേക ജാതകവിശേഷമുള്ള ഒരു കഥാപാത്രത്തിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളാണ് സിനിമയുടെ പ്രമേയം. അയാളിരിക്കുന്നിടത്ത് അയാൾക്കൊഴിച്ച് മറ്റെല്ലാവർക്കും ഭാഗ്യം വരും, നിധി കിട്ടാം, ദോഷങ്ങൾ മാറിക്കിട്ടാം, മറ്റുരീതികളിൽ ഭാഗ്യം വരാം… ചുരുക്കിപ്പറഞ്ഞാൽ അവനവനൊഴിച്ച് മറ്റുള്ളവർക്കെല്ലാം ഇയാളെക്കൊണ്ട് ഗുണമുണ്ട്. അയാളെ തടവിൽ വെക്കാൻ വരെ ചിലർ ശ്രമിക്കുന്നതും മറ്റും കാണുമ്പോൾ ഒരു പാവം മനുഷ്യന് വരാനുള്ളതിൽ വെച്ച് ഏറ്റവും വലിയ ഗതികേടാണ് എന്ന് ആർക്കും തോന്നിപ്പോകും.


ഭാഗ്യം പോലും അമിതമായാലും ബുദ്ധിമുട്ടാണ്. ധനത്തിന്റെ കാര്യമാണെങ്കിൽ പറയാനുമില്ല.

കുറച്ചുനാളായി തിരുവനന്തപുരത്ത് ആരെക്കണ്ടാലും പറയാൻ ഒരു വർത്തമാനമേയുള്ളൂ, ഇന്നത്തെ സ്കോർ. ഓരോ ദിവസവും വരുന്ന കണക്കനുസരിച്ച് ചർച്ച ചെയ്യുക എന്നത് ഈയടുത്തായി തിരുവനന്തപുരത്തുകാർക്ക് ഒരു ശീലം പോലെയായിരിക്കുന്നു. പുതിയ കണക്കുകൾ വരുന്നതിനനുസരിച്ച് ചർച്ചകളും പ്രസ്താവനകളും ഭീഷണികളും ആക്രമണങ്ങൾ വരെയും നടക്കുന്നുണ്ട്.

ശ്രീപത്മനാഭാ... ഇത്രയും കാലം നീ ഇക്കണ്ട സ്വത്തിന് മുഴുവൻ എങ്ങിനെ കാവലിരുന്നു (കിടന്നു എന്നും പറയാം) എന്നെനിക്കറിയില്ല, ഇനി കാര്യം കൈവിട്ടുപോയീ.
നിലവറകളിൽ സൂക്ഷിച്ചിട്ടുള്ള സമ്പത്തിന്റെ മൂല്യം ഞെട്ടിക്കുന്നതാണ്. 90,000 കോടി എന്നത് ഒരു ചെറിയ തുകയൊന്നുമല്ലല്ലൊ. ഇന്നത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ (അതോ ലോകത്തിലെ തന്നെയോ) ഏറ്റവും ധനവാനായ ദൈവമാണ് ശ്രീപത്മനാഭൻ. (ലേറ്റസ്റ്റ് സ്കോർ അറിയില്ല, ശ്രദ്ധിച്ചുമില്ല)

ഇതിൽ പുലിവാല് പിടിച്ചത് കേരളസർക്കാർ തന്നെയാണ്. ഇത്രയുമധികം ധനം കൊണ്ട് എന്ത് ചെയ്യാം എന്നതിന് പലരും അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു (അതിലേക്ക് പിന്നെ വരാം). ഇതെങ്ങിനെ സൂക്ഷിക്കും എന്നതും ഒരു വിഷയം തന്നെയാണ്. ദൈവത്തിന്റെ (ദൈവത്തിന്റെ മാത്രം) സ്വത്താണ് എന്ന വാദം അംഗീകരിച്ചാൽ ഒരുമാതിരി നിധി കാക്കുന്ന ഭൂതത്തിന്റെ അവസ്ഥയാവും സർക്കാരിന്റേത്. ഒരു ഗുണവുമില്ല, എന്നാൽ ബാധ്യതകൾ ധാരാളമുണ്ടുതാനും. ഇതിനൊക്കെ കാവലേർപ്പെടുത്തണം, കൃത്യം സമയങ്ങളിൽ ഓഡിറ്റ് നടത്തണം, കണക്കുകൾ കൃത്യമാകണം (ഒരു നയാസ്വർണപ്പൈസ പോലും നഷ്ടമാകരുത്)…..
ശരിക്കും അലഭ്യലഭ്യശ്രീ... (ഞാനൊന്ന് ചിരിച്ചോട്ടെ)

ആദ്യം ചില ന്യൂസ് ബിറ്റുകൾ (എല്ലാം മാതൃഭൂമിയിലേത്)


ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുവകകള് ഹിന്ദുക്കളുടെ പൊതുക്ഷേമത്തിന് ഉപയോഗപ്പെടുത്തണം - ഐക്യവേദി

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകളില് നിന്നും കണ്ടെടുത്ത വസ്തുവകകള് ക്ഷേത്രത്തിന്റെ സ്വത്താകയാല് സുരക്ഷിതമായി അതേസ്ഥാനത്ത് സൂക്ഷിക്കുകയും ഹിന്ദുക്കളുടെ പൊതുക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്ന് ഹിന്ദുഐക്യവേദി ജനറല് സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
എണ്ണിത്തിട്ടപ്പെടുത്തിയവ സര്ക്കാരിലേക്ക് മുതല് കൂട്ടുവാന് നടത്തുന്ന ഏതൊരു ശ്രമത്തേയും സര്വശക്തിയുമുപയോഗിച്ച് എതിര്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില് പൂജയ്ക്കും നിത്യാനുഷ്ഠാനങ്ങള്ക്കും വേണ്ടി മഹാരാജാവ് സ്വരൂപിച്ചവയും ഭക്തജനങ്ങള് വഴിപാടായി സമര്പ്പിച്ചവയുമാണ് കല്ലറയില് സൂക്ഷിച്ചിട്ടുള്ള വസ്തുവകകളെല്ലാം. വര്ഷങ്ങള്ക്ക് മുമ്പ്ഭാവിതലമുറയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തില് വളരെ സുരക്ഷിതമായി അറകളില് സൂക്ഷിച്ചുവെച്ചിട്ടുള്ള ഈ സ്വത്തുവകകള് അര്ഹിക്കുന്ന പ്രാധാന്യത്തോടും ഗൗരവത്തോടും കൂടി തുടര്ന്നും പരിരക്ഷിക്കേണ്ടത് ക്ഷേത്രത്തിന്റെയും ഭക്തജനങ്ങളുടെയും താല്പര്യ സംരക്ഷണത്തിന് അനിവാര്യമാണ്.
അറയില് സൂക്ഷിച്ചുവെച്ചിരുന്നത് നിധിയല്ല, മറിച്ച് ക്ഷേത്രത്തിലെ ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചുവന്ന പൂജാസാധനങ്ങളും തിരുവാഭരണങ്ങളും വസ്തുവകകളും മാത്രമാണ്. നിധിയാണെന്നു പ്രചരിപ്പിച്ച് അവ സര്ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് ചില ബാഹ്യശക്തികള് ശ്രമിച്ചുവരികയാണ്. അറയില് സൂക്ഷിച്ചിട്ടുള്ള എല്ലാ വസ്തുവകകളും ക്ഷേത്രത്തിനും ക്ഷേത്രഭരണാധികാരികള്ക്കും ഭക്തജനങ്ങള്ക്കും മാത്രം അവകാശപ്പെട്ടതാണ്.

നിധിശേഖരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് തന്നെ സൂക്ഷിക്കണം - യോഗക്ഷേമസഭ



ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള അമൂല്യമായ നിധി ശേഖരം ശക്തമായ സുരക്ഷയോടെ ക്ഷേത്രത്തില് തന്നെ സൂക്ഷിക്കണമെന്ന് യോഗക്ഷേമസഭ ആവശ്യപ്പെട്ടു. പദ്മനാഭദാസന്മാരായി അറിയപ്പെട്ടിരുന്ന തിരുവിതാംകൂര് രാജവംശത്തിന്റെ സത്യസന്ധതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും ഈ കരുതല്നിധിയിലൂടെ ജനങ്ങള്ക്ക് ബോധ്യപ്പെടുന്നതായി യോഗക്ഷേമസഭ വിലയിരുത്തി. ഇക്കാലത്ത് ഭരണകര്ത്താക്കള്ക്ക് ഇതൊരു മാതൃകയാണ്. അഴിമതിയും അനീതിയും കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തില് ഇത്രയധികം സമ്പത്ത് സ്വാര്ഥലാഭത്തോടെ വിനിയോഗിക്കാതെ ആഡംബരം കാണിക്കാതെ, പരസ്യപ്പെടുത്താതെ, ഭദ്രമായി ക്ഷേത്രത്തില് തന്നെ സൂക്ഷിച്ചതിന് തിരുവിതാംകൂര് രാജവംശത്തെ യോഗക്ഷേമസഭ ആത്മാര്ഥമായി പ്രശംസിക്കുന്നതായി സഭാ പ്രസിഡന്റ് അക്കീരമന് കാളിദാസന് ഭട്ടതിരിപ്പാട് അറിയിച്ചു. ഈ നിധിശേഖരം ഇവിടെത്തന്നെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും മറിച്ച് ജനമനസ്സുകളെ വ്രണപ്പെടുത്തരുതെന്നും സഭ ആവശ്യപ്പെട്ടു.


വിശ്വാസികളോടുള്ള വെല്ലുവിളി -സ്യാനന്ദൂര വൈഷ്ണവസഭ



പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകള് തുറക്കുമ്പോള് അവിടത്തെ നിധിശേഖരത്തിന്റെ വിവരങ്ങള് മാധ്യമങ്ങളെ മുന്നിര്ത്തി പരസ്യപ്പെടുത്തുന്നത് അപകടകരമാണ്. ഇത് വൈഷ്ണവ ജനതയോടുള്ള വെല്ലുവിളിയാണെന്ന് സ്യാനന്ദൂര വൈഷ്ണവസഭ അഭിപ്രായപ്പെട്ടു.


പദ്മനാഭസ്വാമി ക്ഷേത്രവും സ്വത്തുക്കളും സംരക്ഷിക്കണം - ബ്രാഹ്മണ സഭ



നൂറ്റാണ്ടുകളായി ശ്രീ പദ്മനാഭസ്വാമിയുടെ സമ്പത്ത് പരിപാവനമായും സത്യസന്ധമായും കാത്തുസൂക്ഷിച്ച തിരുവിതാംകൂര് രാജവംശത്തിനുമുന്നില് ലോകം നമിക്കേണ്ടിയരിക്കുന്നുവെന്ന് കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതി പറഞ്ഞു. ഭാരതത്തില് ഇതര രാജവംശങ്ങളില് നിന്ന് വ്യത്യസ്തമായി രാജ്യത്തെ ഭഗവാന് മുന്നില് സമര്പ്പിച്ച് പദ്മനാഭ ദാസരായി, പ്രജാക്ഷേമ തല്പരരായി, ലളിതജീവിതം നയിച്ച തിരുവിതാംകൂര് രാജവംശം ഹൈന്ദവസമുദായത്തിന്റെ സത്യസന്ധമായ പാരമ്പര്യത്തിന്റെ പര്യായമാണ്. ക്ഷേത്രം വക സമ്പത്തും നിധിയും വിലയിരുത്തപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയും ആവശ്യവുമാണ്. ഈ പ്രക്രിയയ്ക്ക് കാരണഭൂതരായ എല്ലാ ശക്തികളെയും അനുമോദിക്കുന്നതായി സഭ ചൂണ്ടിക്കാട്ടി.


ശ്രീപത്മനാഭന്റെ നിധിശേഖരം: ഹിന്ദുനേതാക്കളുടെ യോഗം വിളിക്കണം - വെള്ളാപ്പള്ളി



ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം എന്തുചെയ്യണമെന്ന് തീരുമാനിക്കാന് ഹിന്ദുസംഘടനാ നേതാക്കളുടെ യോഗം സര്ക്കാര് വിളിച്ചുചേര്ക്കണമെന്ന് എസ്.എന്.ഡി.പി. യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു. മോതിരവയല് ഗുരുദേവക്ഷേത്ര സമര്പ്പണത്തിനെത്തിയതായിരുന്നു അദ്ദേഹം. തിരുവിതാംകൂര് രാജകുടുംബത്തിന്റെ പ്രതിനിധികളെയും ചര്ച്ചയ്ക്ക് വിളിക്കണം. ഭക്തര് ശ്രീപത്മനാഭന് സമര്പ്പിച്ച നിധി എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഹിന്ദുക്കള്ക്കുണ്ട്.


തീരുമാനം ഉണ്ടാകുംവരെ ഇതിന്റെ പൂര്ണ സംരക്ഷണം ഈശ്വരവിശ്വാസികളും മാന്യന്മാരുമായ ഉദ്യോഗസ്ഥരെ ഏല്പിക്കണം. എ.ഡി.ജി.പി.ഹേമചന്ദ്രനും അഡീഷണല് ചീഫ് സെക്രട്ടറി കെ.ജയകുമാറും ഇതിന് യോഗ്യരാണ്. ക്ഷേത്രത്തില് ദേവപ്രശ്നവും ശുദ്ധികലശവും നടത്തണം.


ഈ സമ്പത്ത് വികസനപ്രവര്ത്തനങ്ങള്ക്ക് ചെലവഴിക്കണമെന്ന് ചിലര് പറയുന്നുണ്ട്. മറ്റേതെങ്കിലും സമുദായത്തിന്‍േറതാണ് ഈ സമ്പത്തെങ്കില് ഇത് പറയാന് ആരുടെയെങ്കിലും നാവ് പൊങ്ങുമായിരുന്നുവോയെന്ന് ജനറല് സെക്രട്ടറി ചോദിച്ചു.


നിധിശേഖരം പൊതുസ്വത്താക്കാന് ചില കഴുകന്മാര് നോട്ടമിട്ടിട്ടുണ്ട്. ഇതിനെ ഹിന്ദുക്കള് ഒറ്റക്കെട്ടായി എതിര്ക്കണം. ക്ഷേത്രത്തില്നിന്ന് ഒരു മണ്തരിപോലും പുറത്തുകൊണ്ടുപോകാതെ ശ്രീപത്മനാഭന്റെ സമ്പത്ത് കാത്തുസൂക്ഷിച്ചവരാണ് തിരുവിതാംകൂര് രാജാക്കന്മാര്. തീരുമാനമെടുക്കുമ്പോള് രാജകുടുംബത്തെ ഒഴിവാക്കരുത്. രാജാക്കന്മാരുടെ സത്യസന്ധതയെയും വലിയ മനസ്സിനെയും വിസ്മരിക്കരുത്. നിധിശേഖരം മ്യൂസിയത്തില് വയ്ക്കുന്നതിനോട് യോജിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
(ഇടയ്ക്കെവിടെയോ ആത്മാഹുതി എന്ന വാക്ക് കേട്ടുവോ ആവോ)
 
സ്വത്ത് ക്ഷേത്രത്തിന്റേത്: സുരക്ഷ സര്ക്കാര് ഉറപ്പാക്കും - മുഖ്യമന്ത്രി


ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില് മൂല്യം നിശ്ചയിച്ചുവരുന്ന സ്വത്ത് ക്ഷേത്രത്തിന്റേതുതന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന് വിളിച്ചുചേര്ത്ത ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
***************************************************
 
ഇതാരുടെ സമ്പത്താണ് എന്നതാണ് തിരോന്തരം ചർച്ചകളിലെ ഒരു വിഷയം. പൊതുവെ കേൾക്കാറുള്ള ചില മുടന്തനും ആരോഗ്യവാനുമായ ചില വാദങ്ങൾ…


സമ്പത്ത് രാജവംശത്തിന്റേതാണ്. അവരല്ലേ (ആപത്തുകാലത്ത് ഉപകാരപ്പെട്ടാലോ എന്നു കരുതി) ഇതെല്ലാം സ്വരുക്കൂട്ടി വെച്ചത്. സ്വന്തം ഇഷ്ടത്തിന് ചെലവഴിക്കാതെ, അധികം ആർഭാടമൊന്നും കാണിക്കാതെ അവർ തങ്ങൾക്ക് കിട്ടിയത് പത്മനാഭന് കാഴ്ചവെച്ചു.

വാസ്തവത്തിൽ സംഗതി അങ്ങിനെയാണോ? രാജാക്കന്മാർ അത്ര ലളിതജീവിതമാണ് നയിച്ചതെന്ന് തോന്നുന്നില്ല. കൊട്ടാരങ്ങളും മറ്റ് ആർഭാടങ്ങളും അത്ര മോശമൊന്നുമായിരുന്നില്ല. പിന്നെ, അന്നത്തെ ശാസ്ത്രപുരോഗതിക്കനുസരിച്ച് അത്രയൊക്കെയേ പറ്റൂ (ഏസി പിടിപ്പിക്കാനൊന്നും സാധിക്കില്ലല്ലൊ അന്ന്).
അങ്ങിനെ നോക്കിയാൽ, ഇത്രയും നീക്കിയിരുപ്പ് സാധ്യമാകണമെങ്കിൽ, എന്തുമാത്രം ധനം അന്ന് ലഭ്യമായിരുന്നിരിക്കണം?

ഈ രാജാക്കന്മാരുടെ ദീർഘവീക്ഷണവും മറ്റും വലിയൊരു സംഭവമാക്കി എഴുതിക്കണ്ടു, പലയിടത്തും. ചില ചിന്തകൾ അങ്ങോട്ടും പോയിനോക്കട്ടെ...

ചില മാർവാഡികളുടെ കഥ കേട്ടിട്ടുണ്ട്. അവർ പൊതുവെ ലളിതജീവിതം നയിക്കുന്നവരായിരിക്കും, ജോലി പണം പലിശയ്ക്ക് കടം കൊടുക്കലും. മുടക്കുന്നതിലും ചെലവാക്കുന്നതിലും അധികം പണം ഈ റോളിങ്ങിലൂടെ അവർ സമ്പാദിക്കുന്നുണ്ടാവും. ജീവിതത്തിലെ അവരുടെ സംതൃപ്തി എന്നത് എന്നും ദിവസം പണപ്പെട്ടി തുറന്നുനോക്കി നോട്ടുകെട്ടുകൾ കാണുക എന്നതാണ്. അതിലൂടെ അവർ അനുഭവിയ്ക്കുന്ന നിർവൃതി എന്തെന്ന് എനിക്കറിയില്ല, പക്ഷെ അതാണ് അവർക്ക് ഏറ്റവുമധികം സന്തോഷം നൽകുന്നത് എന്നത് വ്യക്തം.

പല രാജാക്കന്മാരും (കുറഞ്ഞത് ഈ ശേഖരണയജ്ഞത്തിന്റെ ചില കണ്ണികളെങ്കിലും) ഇത്തരത്തിൽ ഒരു ആത്മരതിക്കാരായിരുന്നു എന്ന് തോന്നിക്കുന്നവിധത്തിലാണ് കണക്കുകളുടെ വരവ്. 10 കിലൊ ഭാരമുള്ള ആഭരണം കൊണ്ട് ആർക്ക് എന്ത് പ്രയോജനം?

കുറച്ച് ധനം മിച്ചം പിടിക്കുന്നത് ഒരു കരുതലാണ്. അത്യാവശ്യത്തിന് ഉപയോഗിക്കാം. കുറച്ച് കൂടുതലാണെങ്കിൽ ഒരു investment ആണ്. അടുത്ത തലമുറയ്ക്കോ മറ്റോ എടുത്തുപയോഗിക്കാവുന്നത്. ഒരു പരിധി കഴിഞ്ഞാൽ പിന്നെ വെറും വൾഗാരിറ്റിയാണ്, കുറേ ധനം കണ്ട് മഞ്ഞളിക്കുക എന്നതിലുപരിയായി ഒന്നും ഇല്ലിവിടെ.

ധനം എങ്ങിനെ രാജവംശത്തിന്റേത് മാത്രമാകും? രാജാവ് സമ്പാദിച്ച സ്വത്താണെങ്കിലല്ലെ രാജാവിന്റേത് എന്ന് പറയാനാവൂ.
നിരവധി സാധ്യതകളുണ്ടിവിടെ. (പിന്നീട് വന്ന പല രാജാക്കന്മാരും ഇതൊന്നും അറിഞ്ഞിട്ടുണ്ടാകണമെന്നില്ല, കുറെ സ്വത്ത് ഉണ്ട് എന്നല്ലാതെ ഇത്രയും വലിയൊരു ഭൂതം കുപ്പിക്കുള്ളിലുണ്ടെന്നത് അവർക്ക് അജ്ഞമായിരിക്കാം)

പലതവണകളായി പലയിടത്തുനിന്നും കിട്ടുന്ന സമ്മാനങ്ങൾ, ദാനം എന്നിവയൊക്കെ സൂക്ഷിക്കാൻ ഒരു നിലവറ എന്ന രീതിയിൽ ഉപയോഗിച്ചതാവാം. സ്വത്ത് കളവുപോകാതെ, ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി വെയ്ക്കാൻ ഏറ്റവും യോഗ്യമായ ഇടം ഒരുപക്ഷെ ആരാധനാലയം തന്നെയായിരിക്കും. ബ്രിട്ടീഷ് ഭരണാധികാരികൾ പൊതുവെ അമ്പലങ്ങളെ കൊള്ളയടിച്ചിട്ടില്ല എന്നതും ഒരുപക്ഷെ ഇത്തരം നിധികൾ സൂക്ഷിച്ചുവെയ്ക്കാൻ സഹായിച്ചിരിക്കാം. ഭരണാധികാരികൾക്ക് മാത്രം പ്രവേശനം സാധിക്കാവുന്ന ഒരു നിലവറയിൽ ധനം സൂക്ഷിച്ചുവെന്നത് ഒരു മഹത്തായ കാര്യമായി കണക്കാക്കാവുന്നതാണോ? (ഇന്നും ദൈവാരാധനാലയങ്ങൾ തന്നെയാണ് പഴുത്ത് പൊട്ടിയൊലിക്കുന്ന ധനം സൂക്ഷിക്കാൻ പറ്റിയ ഇടം, തിരുപ്പതിയും ശബരിമലയും ഗുരുവായൂരും ഒക്കെ ആഡംബരത്തിന്റെ ഒരു ലൈവ് ഷോ ആണ്, ഭക്തർക്കുള്ള സൗകര്യങ്ങൾ എത്ര ശോചനീയമാണെങ്കിലും ഇതിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല). കുറെ ധനം കുഴിച്ചിട്ട് അതിനുമുകളിൽ ഒരമ്പലം പണിതാൽ അതിനേക്കാൾ സേഫ്റ്റി (അക്കാലത്തെങ്കിലും) വേറെയൊന്നിനുമുണ്ടാവില്ല.

രാജാക്കന്മാരുടെ ധനം എന്നത് സത്യത്തിൽ രാജാക്കന്മാരുടെ തന്നെ ധനമാണോ? പൊതുജനം കരമായി നൽകുന്ന ധനം, മറ്റ് നാടുവാഴികളോ ഭരണാധികാരികളോ നൽകുന്ന ധനം, വെട്ടിപ്പിടിച്ച രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ധനം, സ്വന്തം രാജ്യാതിർത്തിയിൽ കുഴിച്ചെടുത്ത ധനം, എന്നിവയല്ലാതെ ഒരു രാജാവിന് സ്വത്തുണ്ടാകാൻ വേറെ വലുതായി വഴികളില്ല. ഇതിൽ അവസാനത്തേതൊഴികെ മറ്റെല്ലാം മനുഷ്യാധ്വാനത്തിന്റെ നേരിട്ടുള്ള ഫലം രാജാവ്, ജന്മം കൊണ്ട് ഭരണാധികാരിയായതിനാൽ, എടുത്തുപയോഗിക്കുകയാണ് ചെയ്യുന്നത്. ഏത് തരത്തിൽ നോക്കിയാലും പണിയെടുത്തവന്റെ ധനമാണ് അത്. രാജകുടുംബത്തിന്റേതാണ് ഇതെല്ലാം എന്ന് പറയുന്നത് ഏതളവുകോൽ വെച്ചുനോക്കിയാലും ശരിയായി വരുന്നില്ല.



ചുരുക്കിപ്പറഞ്ഞാൽ, രാജകുടുംബത്തിന്റേതാണ് ധനം എന്ന വാദം വെറും രാജഭക്തിയിൽ നിന്നും വരുന്നതാണ്. അതിനപ്പുറം അതിനൊരു ലോജിക് ഞാൻ കാണുന്നില്ല.

ഇനി, അഥവാ, രാജകുടുംബത്തെ ഇത് ഏൽപ്പിച്ചുവെന്നുതന്നെയിരിക്കട്ടെ, എന്തായിരിക്കും ഫലം? രാജകുടുംബത്തിന് അത് ഉപയോഗിക്കാൻ സാധിക്കില്ല, എന്നുമാത്രമല്ല, അതിന്റെ സൂക്ഷിപ്പ് നോക്കിനടത്താനുള്ള ശേഷി അവർക്കുണ്ടാകുമെന്ന് ആരും പറയുമെന്നും തോന്നുന്നില്ല. സർക്കാർ എന്ന ഭൂതം പോലും അന്തിച്ചുനിൽക്കുന്ന സമയത്താണ് പഴയൊരു പ്രതാപം അയവിറക്കുന്ന കുറച്ച് ദുർബലശരീരർ….

സമ്പത്ത് ദൈവത്തിന്റേതാണ്, അതിലാർക്കും അവകാശമില്ല.


ദൈവത്തിന്റെ സ്വത്ത് എന്നാൽ എന്താണ്? ഈ പ്രപഞ്ചം തന്നെ ദൈവത്തിന്റേതാണെന്ന് പറയുമ്പോൾ കുറെ സ്വർണവും മരതകവും ഒക്കെ ദൈവം private asset ആക്കി വെച്ചിരിക്കുകയാണോ? ദൈവം എന്നെങ്കിലും ഇത് ഉപയോഗിക്കുമോ?

ഇത് ദൈവത്തിന്റേത് എന്നുപറഞ്ഞ് മാറ്റി വെച്ചാൽ എന്താണ് സംഭവിക്കാൻ പോകുന്നത്? ഒരു സർക്കാർ സൂക്ഷിപ്പും ദൈവസൂക്ഷിപ്പും തമ്മിൽ ഇക്കാലത്ത് എന്താണ് വ്യത്യാസം വരാൻ പോകുന്നത്?

ഇതിൽ കയ്യിട്ടാൽ വെവരമറിയും ആത്മാഹുതി നടത്തും ഒലത്തിക്കളയും എന്നിങ്ങിനെ പല ഭീഷണികളും നിലവിലുണ്ട്. പട്ടിണിക്കാരുടെ, ഭിക്ഷക്കാരുടെ നീണ്ട നിര ഓരോ അമ്പലത്തിലും കാണാം (അല്പം ബിസിനസ് കൂടി ഇവിടെയുണ്ടെന്നത് സത്യം), അവരെ പരിഗണിക്കാതെ സ്വർണക്കൊടിമരവും മേൽക്കൂരയും പണിത് പുനഃപ്രതിഷ്ഠയ്ക്ക് വേറെ പണപ്പിരിവ് നടത്തി ധനാഢ്യരായി ഇരിക്കുകയാണ് മിക്ക ദൈവങ്ങളും. അശ്ലീലത്തിന്റെ തലത്തിലേക്കുയർന്നിട്ടുള്ള ഈ ശേഖരം കൂടി വേണോ ദൈവത്തിന് പിത്തം പിടിക്കാൻ?

സമ്പത്ത് ഹിന്ദുക്കളുടെ പൊതുക്ഷേമത്തിന് ഉപയോഗിക്കണം.


ഇതിന്റെ ലോജിക് ആണ് എനിക്ക് തീരെ മനസിലാകാത്തത്. ഹിന്ദു രാജാവായിരുന്നതിനാൽ ഹിന്ദു ക്ഷേത്രത്തിന്റെ മറവിൽ കുറേ സമ്പത്ത് സൂക്ഷിച്ചു. മുഗൾ വംശജരായിരുന്നെങ്കിൽ മുസ്ലിം വിഭാഗക്കാർക്ക് മാത്രം കൊടുക്കണം എന്നു പറഞ്ഞാൽ അംഗീകരിക്കാനാവുമോ?

ഏത് ഹിന്ദു? ഈ സൂക്ഷിപ്പ് തുടർന്നിരുന്ന കാലത്ത് അല്പമെങ്കിലും access ഉണ്ടായിരുന്നത് രാജാവിനും സവർണരായ ചില ശിങ്കിടിമാർക്കും കുറെ ബ്രാഹ്മണർക്കും മാത്രമായിരുന്നില്ലേ. അപ്പോൾ അവർക്ക് മാത്രം കൊടുത്താൽ മതിയെന്ന് വാദം വന്നാൽ നാട്ടുകാർ എന്ത് ചെയ്യും?

കിട്ടിയത് ശ്രീപത്മനാഭന്റെ ക്ഷേത്രത്തിൽ നിന്നല്ലേ? അപ്പോൾ ശൈവവിശ്വാസികൾക്ക് കൊടുക്കേണ്ടതില്ലല്ലൊ. അപ്പടിയും സൊല്ലലാം!!!

പൊതുജനം കരം കൊടുത്താണ് ഇതെല്ലാം പണിതുയർത്തിയതും സ്വർണമാക്കി ശേഖരിച്ചതും. രാജാവ് ഹിന്ദുദൈവവിശ്വാസിയായി എന്നേയുള്ളൂ. ഇതിൽ രാജാവോ ദൈവമോ ഒന്നും പങ്കുകാരല്ല. പിന്നെയെന്തിന് ഹിന്ദുക്ഷേമം മാത്രം പരിഗണിക്കണം?

ഇവർ പറയുന്ന ഹിന്ദു ഏതാണെന്നറിഞ്ഞാലും ഇവർ പറയുന്ന ഹിന്ദുക്ഷേമം എന്താണെന്നെനിക്കറിയില്ല. ഓരോ ഹിന്ദുവിനേയും വിളിച്ചിരുത്തി ഓരോ രത്നം വീതം കൊടുക്കുമായിരിക്കും!!!

സമ്പത്ത് നാടിന്റെ പൊതുക്ഷേമപരിപാടികൾക്ക് ഉപയോഗിക്കണം.


This is better. പക്ഷെ പ്രായോഗികമായ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട് ഇവിടെ.

ഒന്നാമത് കുറെ പണം കുമിഞ്ഞുകൂടിയാൽ പണപ്പെരുപ്പം ഉണ്ടാകും എന്നല്ലാതെ ജീവിതനിലവാരം ഉയരണമെന്നില്ല.

ഫേസ്ബുക്കിലൊരിടത്ത് എഴുതിക്കണ്ടു, കൊച്ചി മെട്രൊ മാത്രമല്ല തിരുവനന്തപുരം മെട്രൊ, കോഴിക്കോട് മെട്രൊ എന്നിവയും ആകാം എന്ന് (കൊല്ലവും തൃശൂരും ആ സുഹൃത്ത് വിട്ടുകളഞ്ഞതെന്താണാവൊ). കണക്ക് കണ്ടാൽ നഗരങ്ങളിൽ മാത്രമല്ല, പോക്കണംകോട് മെട്രൊ വരെ ഉണ്ടാക്കാം.

പൊതുജനോപകാരപ്രദമായ പല കാര്യങ്ങളും വെറും ബജറ്റില്ലാത്തതിനാൽ മാത്രം നടക്കാത്തതല്ല, രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടേയും കടമ്പകൾ പലതാണ്.

എനിക്ക് തോന്നുന്നത് വേറൊന്നാണ്, മണ്ടത്തരമാണോ എന്നറിയില്ല, എന്നാലും ഇത്രയും എഴുതിയനിലയ്ക്ക് ഇതുകൂടി കിടക്കട്ടെ..

കേരളത്തിന്റെ പൊതുകടം എത്രയെന്ന് എനിക്കറിയില്ല, എന്നാലും ഇപ്പറഞ്ഞ തുകയുടെയത്രയും വരില്ല എന്നാണ് ഒരു പ്രത്യാശ. ഇത് കമ്പ്ലീറ്റ് അങ്ങ് വീട്ടിയാലൊ? അടുത്ത തലമുറയെങ്കിലും സമാധാനമായി ഉറങ്ങാൻ ശീലിക്കട്ടെ.

ധനാഢ്യനായ ഒരു ദൈവത്തെക്കൊണ്ട് അത്രയെങ്കിലും ഉപകാരമുണ്ടാകട്ടെ. അത്രയും നന്ന്...

===========================================
ഒരു ഓഫ് ഇടട്ടെ,


ഇതൊക്കെ ഒരു മോഹം മാത്രമാണെന്നറിയാം. ഈ രാജ്യം ഇന്ത്യാക്കാർ തന്നെ കൊള്ളയടിച്ചത് ഇതിനുമപ്പുറം വരും. അതൊന്നും തിരിച്ച് ഈടാക്കാനോ ജനനന്മയ്ക്ക് ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയുള്ളപ്പോൾ ദൈവത്തിന്റെ ആസ്തി (അസ്ഥിയെങ്കിലും) തൊടാൻ ആർക്ക് സാധിക്കും? സായിബാബയുടെ സ്വത്ത് പോലും തൊടാൻ സർക്കാരിന് ധൈര്യമില്ല, അപ്പോഴാണോ കുറച്ചുകൂടി ഒറിജിനാലിറ്റി അവകാശപ്പെടുന്ന പത്മനാഭന്റെ സ്വത്ത്.

 
അല്പം നസ്യം കൂടി ആവാം എന്ന് തോന്നുന്നു….


ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്ന് (ആധിപത്യം സ്ഥാപിക്കാൻ സാധിച്ചതിനാൽ) ജനത്തിനായി ചെയ്ത കാര്യങ്ങൾ വിദ്യാഭ്യാസം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയായിരുന്നു. നാം അങ്ങോട്ട് ചെന്നപ്പോഴൊ? കിട്ടാവുന്നിടത്തെല്ലാം ഓരോ അമ്പലം പണിതു. ബ്രിട്ടനിൽ പട്ടേലുമാർ നടത്തുന്ന 12 സ്വാമിനാരായൺ സ്ഥാപനങ്ങളുണ്ടത്രെ

Source – (of the idea as well): Article by Akar Patel, received through mail

18 comments:

അപ്പൂട്ടൻ said...

എഴുതിത്തുടങ്ങിയത് ഒരു പോയിന്റ് മനസിൽ കണ്ടുതുടങ്ങിയിട്ടാണ്, പക്ഷെ പിന്നീട് ഒന്ന് നീട്ടാമെന്നുകരുതി. തലക്കെട്ട് മാട്ടിയില്ലെന്നുമാത്രം.

കാവലാന്‍ said...

"എനിക്ക് തോന്നുന്നത് വേറൊന്നാണ്, മണ്ടത്തരമാണോ എന്നറിയില്ല, എന്നാലും ഇത്രയും എഴുതിയനിലയ്ക്ക് ഇതുകൂടി കിടക്കട്ടെ...."

മണ്ടത്തരമായാലും അല്ലെങ്കിലും കേള്‍ക്കാന്‍ രസമുണ്ട്. കേരളത്തിന്‍റെ പൊതുകടം വീട്ടിക്കഴിഞ്ഞാലും കുറച്ചൊക്കെ ബാക്കി കാണും അത് വേണമെങ്കില്‍ കടം വീട്ടാനുള്ള ചെലവായും വകയിരുത്താം.എന്നാലും തീരുന്നില്ലല്ലോ പുകില്! അമ്പതു കൊല്ലം കൊണ്ട് 80000 കോടിയോളം കടമുണ്ടായ ഒരു സംസ്ഥാനത്താണ് പദ്മനാഭന്‍ പള്ളികൊള്ളുന്നത്.പുതിയ രീതിയനുസരിച്ച് ഇന്ത്യയിലെ ഒരഴിമതി തന്നെ രണ്ടു ലക്ഷം കോടി വരെ മൂല്യമുള്ളതാണ്.

ചാർ‌വാകൻ‌ said...

അപ്പൂട്ടാ,കലക്കൻ.
ചിലതു കൂടി കുറിക്കാമെന്നു കരുതുന്നു.
മധ്യകാല ക്ഷേത്രങ്ങൾ ,മതകേന്ദ്രങ്ങൾ എന്നതിനപ്പുറം ഭരണാധികാരികളുടെ അധികാര ചിഹ്നങ്ങളായിരുന്നു.തഞ്ചാവൂരെ ബൃഹദീശ്വര ക്ഷേത്രം ചോളന്മാരുടേയും,മധുര മീനാക്ഷി-നായക്കന്മാരുടേയും അധികാരത്തിന്റേയും സമ്പത്തിന്റേയും തെളിവുകളാണ്,ഇന്ത്യയിൽ മൊത്തം ഇങ്ങനെയാണ്.തിരുവിതാം കൂർ രാക്കന്മാർ സ്വരുകൂട്ടിയ ഈ ഭാരിച്ച സ്വത്ത് കൈമോശം വരാതിരിക്കുവാൻ ബ്രിട്ടിഷുകാരുമായി ഉടമ്പടി വെച്ചു 1705-ൽ.അല്ലങ്കിൽ ടിപ്പു അടിച്ചു മാറ്റിയേനേ.
സ്വാതന്ത്ര്യാനന്തരം സ്വതന്ത്ര രാജ്യത്തിനു വേണ്ടി വാദിച്ചവരാണ്,നമ്മുടെ പൊന്നു തമ്പ്രാക്കൾ.വമ്പിച്ച ജനകീയ സമരം വേണ്ടിവന്നു.തിരോന്തോരത്തെ ചൂദ്രന്മാരുടെ രാജഭക്തി പ്രസിദ്ധമാണല്ലോ(ആരോഗ്യ ശ്രീമാൻ അവിട്ടം തിരുനാൾ--ജഗതി മോഡൽ),വഞ്ചീശ മംഗളം പാടിച്ച്,വൻ നികുതി പിരിച്ച്,അടിമകച്ചവടം നടത്തി(1855-ൽ മാത്രമാണ് നിരോധിച്ചത്,അതും ഒരു റാണീ)സമ്പാദിച്ച മുതലിനു പുറത്ത് പപ്പനാവനെ കെടത്തി.110-ഇനങ്ങളിലായിരുന്നു കരം.വയലിന് ഒരുകരം,പുരയിടത്തിനും അതിലെ വൃക്ഷങ്ങൾക്കും വേറെവേറേ,തലക്,മുലക്,മീശവെക്കാൻ,തലേകെട്ടാൻ എന്നുവേണ്ട..ഏതിനും കരം.മനുഷ്യാവകാശം കേട്ടുകേൾവിയില്ല(പുല്ലിനു വിലയുണ്ടായിരുന്നു).ചുരുക്കിപറഞ്ഞാൽ.,നാടാർ/ചാന്നാർ/ഈഴവ ജാതികൾ മുതൽ താഴോട്ട് അവർണ ജനതയുടെ വിയർപ്പാണ് ഈ സ്വത്തുകളത്രയും.വൈകുണ്ഠസ്വാമി ഇവരെ വിശേഷിപ്പിച്ചത് ‘കരിനീചന്മാർ’ എന്നാണ്.ഇവരുടെ ലളിത ജീവിതം പറഞ്ഞാൽ ഇവിടെങ്ങും നിൽക്കില്ല.ഇവിടുത്തെ നായന്മാർ ദല്ലാൾ ജാതിയായതിനാൽ അവർക്കൊരു നിലപാടുണ്ട്.എന്നാൽ വെള്ളാപ്പള്ളി നടേശഗുരു പറഞ്ഞതാണ് മനസിലാകാതെ പോയത്.രാജകുടുമ്പവും-ഹിന്ദു സംഘടനകളും കൂടിയാലോചിക്കുമ്പോൾ ഈ മന്തനെ വിളിക്കണോ..?എസ്.എൻ.ഡി.പി ഹിന്ദു സംഘടനയാണോ..?

സന്തോഷ്‌ said...

ഇന്നലത്തെ വാര്‍ത്തയില്‍ ഒരു ലക്ഷം കോടി എന്നാണു കേട്ടത്. ഇപ്പോഴത്തെ അവസ്ഥയില്‍ കേരള സമൂഹത്തിനു ഇതില്‍ നിന്നും ഒരു ചില്ലി കാശിന്റെ പോലും പ്രയോജനം ഉണ്ടാവും എന്നു തോന്നുന്നില്ല.

നേതാക്കന്മാരുടെ പ്രസ്ഥാവനകള്‍ക്കിടയില്‍ തമാശയായി തോന്നിയത് വെള്ളാപള്ളി കാണിക്കുന്ന ആവേശം ആണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഈ സമ്പത്ത് ശേഖരണം നടത്തിയിരുന്ന കാലത്ത് വെള്ളാപള്ളിയുടെ സമുദായ അംഗങ്ങള്‍ക്ക് പദ്മനാമസ്വാമി ക്ഷേത്രത്തില്‍ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവോ ആവോ?

ഈ സ്വത്ത് രാജത്തിനു വേണ്ടി ഉപയോഗിക്കുന്നതില്‍ തങ്ങള്‍ക്കു എതിര്‍പ്പില്ല എന്നു തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ പറഞ്ഞാല്‍ (പറയാന്‍ സാധ്യത ഇല്ലെങ്കിലും) "ഹിന്ദുമത പ്രതിനിധികള്‍" എങ്ങനെയാവും പ്രതികരിക്കുക?

ചാർ‌വാകൻ‌ said...

നാട്ടിൽ ജനാധിപത്യ ഭരണക്രമം വന്നതൊന്നും പലരും അറിഞ്ഞമട്ടില്ല.ഇതിൽ രാജാവിനോ,കുടുമ്പാങ്ങൾക്കോ ഒരവകാശവുമില്ല.നിങ്ങളുടെ പറമ്പിൽ നിന്ന് നിധി കിട്ടിയാൽ ആരാണവകാശി..?എന്റെ വല്യപ്പൂപ്പന്മാർ എനിക്കുവേണ്ടി കുഴിച്ചിട്ടതാണന്നു പറയുമോ..?സർക്കാറ് അറിഞ്ഞാൽ പൊക്കും.പിന്നെ വാസം അകത്തുംതീറ്റ ഉണ്ടയും.
പ്രിവിപേഴ്സ് നിർത്തലാക്കാൻ ഇന്ദിരാഗണ്ഡീ തീരുമാനിക്കുകയും,പാർലമെന്റ് നിയമം -നടപ്പാക്കുകയും ച്യ്തില്ലെ.ഇവിടുത്തെ സർക്കാർ ഹിന്ദുക്കളെന്നു കേട്ടാൽ വിരളൂം.അവർണ ജനവിഭാഗം ഹിന്ദുക്കളായത് അവസാനത്തെ രാജാവ്-ചിത്തിര തിരുനാളിന്റെ കാലത്തു മാത്രമാണ്‌,അതും നിവൃത്തിയില്ലാതെ.കേരളത്തിൽ ജനിച്ചു ജീവിക്കുന്ന എല്ലാ മനുഷ്യനും പ്രയോജനപ്പെടണം ആ സ്വത്ത്.ഇതിന്റെ അവകാശി ആരാണന്നു ചോദിച്ചാൽ,ഞാൻ പറയും ,മണ്ണിൽ പണിയെടുത്ത പിന്നോക്ക ജാതികളും,കുല തൊഴിൽ എടുത്ത വിശ്വകർമ്മരും,ഊഴിയം വേലയിൽ ഈ സൌദങ്ങളൊക്കെ പടുത്ത അടിമകളുടെ പിന്മുറക്കാരും.ഈ പറഞ്ഞവർക്കാർക്കും ആർത്തിയില്ലാത്തതിനാൽ,കേരള ജനതയ്ക്ക് അവകാശപെട്ടതുതന്നെയാണ്,ഈ ഭാരിച്ച സ്വത്ത്.

അനില്‍@ബ്ലോഗ് // anil said...

അപ്പൂട്ടാ,
സ്വാശ്രയം പോലെ മറ്റൊരു കുഴഞ്ഞ പ്രശനമായി കേരളത്തില്‍ വളരാന്‍ സാധ്യത ഉള്ള ഒരു പ്രശ്നമാണിത്.
ഏറ്റവും നല്ലത് അത് സര്‍ക്കാര്‍ ഏറ്റെടുത്തു സൂക്ഷിക്കുക എന്നതാണ്, ഒന്നും തൊടാന്‍ നമ്മുടെ വ്യവസ്ഥിതിയില്‍ സാധ്യമാകില്ല.
അതിന്റെ സംരക്ഷണത്തിന് ക്ഷേത്രം ചിലവും വഹിക്കട്ടെ.
അതല്ലാതെ ഇത് വിറ്റു കടം വീട്ടാന്‍ ആരും ശ്രമിക്കണ്ട, പൊള്ളും.

ചിത്രഭാനു Chithrabhanu said...

My suggestion is to start some cooperative industries (let it be in the name of pathmanabhan !) which produce more employments.

Sunil Kumar T K said...

വിയോജിപ്പ് പ്രകടിപ്പിക്കേണ്ടി വന്നതിൽ നിർവ്യാജം ഖേദിക്കുന്നു.
ചില വസ്തുതകൾ,

തിരുവിതാംകൂർ രാജാവ് - ശ്രീ പത്മനാഭൻ ആണ്‌ എന്നായിരുന്നു അന്നത്തെ വിശ്വാസം. രാജാവ് പത്മനാഭ ദാസനും. ഇക്കണ്ട മുതലൊക്കെ പത്മനാഭന്റെ ഖജാന തന്നെ അതെടുത്ത് വിനിയോഗം ചെയ്യാനുള്ള അവകാശം രാജാക്കൻ-മാർക്ക് ഉണ്ടായിരുന്നു. ആ വിശ്വാസം ഉറച്ചതായിരുന്നത് കൊണ്ട് അതെടുത്ത് ധൂർത്തടിക്കാൻ തിരുവിതാംകൂർ രാജാക്കന്മാർ ശ്രമിച്ചതേയില്ല എന്നത് ചരിത്രം. നൈസാമിനെ പോലുള്ളവർ ചെയ്തത് അതല്ല.

ഇതു വിറ്റ് തുലച്ച് ആ സമ്പത്ത് രാഷ്ട്രീയക്കാരുടെ കയ്യിൽ കൊടുത്താൽ കൊച്ചി മെട്രോ അല്ല. ഒരു തെങ്ങ് പോലും വയ്ക്കാൻ ഉതകില്ല. ഇതൊക്കെ വല്ലവന്റെയും അച്ചിയുടെ വീട്ടിലെ അറയിൽ ഒതുക്കും. ബാക്കി വരുന്ന തുക കൊണ്ട് പത്മനാഭന്‌ ഒരു സ്മാരകം പണിഞ്ഞാളയും അവർ.

ഇവയുടെ ചരിത്ര മൂല്യം കൂടി പരിഗണിച്ചാൽ മൂല്യം അതിന്റെ 5ഒ 6ഒ ഇരട്ടി വരും. ഇവ ചരിത്ര പഠനത്തിനു ഉതകും വിധത്തിൽ സംരക്ഷിക്കുകയും ആണ്‌ വേണ്ടത്. ഒരു മ്യൂസിയം ആണ്‌ നല്ലത്. അതിൽ നിന്നുള്ള വരുമാനം അതിന്റെ സംരക്ഷണത്തിനായ് ഉപയോഗിക്കുകയുമാവാം.

ചുമട്ടുകാരൻ said...
This comment has been removed by the author.
ചുമട്ടുകാരൻ said...

എന്റപ്പൂട്ടാ ... താനിത് ഏതു ലോകത്താ ജീവിക്കണെ, ദൈവം പോലും കേസില് കക്ഷി ചേരണ കാലമാ ഇത്, വടക്കേ ഇന്ത്യയില് വാവരു പള്ളിക്കേസിൽ രാം‌ലാലാ ദൈവം കക്ഷി ചേർന്നത് കോടതി പോലും ശരിവെച്ചില്ലേ, പിന്നെ അഭിപ്രായം പറയുന്നവന്റെ അഭിപ്രായം കേട്ടാ പറയുന്നവന്റെ ജാതി ഉടൻ മനസ്സിലാകും, വെള്ളാപ്പള്ളീന്റെ അഭിപ്രായം എന്നും വ്യത്യസ്താ, വ്യത്യസ്തനാമൊരു .... സത്യത്തിൽ നമ്മൾ തിരിച്ചറിയുന്നീലാ,ടിപ്പുസുൽത്താൻ കേരളത്തിലെ അമ്പലങ്ങള് ആക്രമിച്ചിട്ട് എന്താ ഒണ്ടായെ.. അതുവരെ വഴിനടക്കാൻ അവകാശമില്ലാതിരുന്ന ഹിന്ദുക്കൾക്ക് വഴി നടക്കാമെന്നായി, അതില് വെള്ളാപ്പള്ളീന്റെ ജാതിക്കാരും പെടും.. പിന്നെ ഈ മൊതല് സർക്കാർ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം എന്നവാദം, ഒള്ളമൊതല് നേരേചൊവ്വേ നടത്തിക്കൊണ്ടൂ പോകാൻ പറ്റണില്ലാ.. പിന്നാ കാക്കത്തൊള്ളായിരം കോടീന്റെ മൊതല്... ചുമട്ടുകാരന്റെ നാട്ടില് ലക്ഷങ്ങൾ ബാങ്കിലിട്ട് പട്ടിണി കെടന്ന് മരിച്ച ഒരാളുടെ കഥ കാരണോമ്മാര് പറഞ്ഞു കേട്ടിട്ടൊണ്ട്, അവസാനം മൊതല് മുഴുക്കെ ദേവസ്വത്തിന് പോയ കഥ, ഏതാണ്ട് അതേ പോലാ മലയാളീന്റെ കാര്യം, രണ്ടുറുപ്യേന്റെ അരി കിട്ടാതായാ പട്ടിണി കെടന്ന് ചാവണ്ട അവസ്ഥയൊള്ളോര് വരെ പറയുകയ്യാ... മൊതല് ഹിന്ദുക്കളുടെ...മൊതല് ഹിന്ദുക്കളുടെ... എന്ന്, എന്താ കഥ എന്റെ ശ്രീ പത്മനാഭാ... എന്നാ എന്തെങ്കിലും കിട്ടോ.. അതൂല്ലാ.. ചുമട്ടുകാരന് മൊതലു ചുമക്കാൻ ഒരവസരം കിട്ടിയിരുന്നേ... കുറച്ചു ദിവസത്തെ പണി തരായേനേ... ശ്രീ പത്മനാഭാ.. തൽക്കാലം കിട്ടിയ ചുമടുമായി ഞാൻ പോകട്ടെ... വീണ്ടും കാണാം...

സുശീല്‍ കുമാര്‍ said...

പറയാനുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായി അപ്പൂട്ടന്‍ പറഞ്ഞിരിക്കുന്നു.

ചാര്‍വ്വാകന്‍ പറഞ്ഞപോലെ വെള്ളാപ്പള്ളി നടേശഗുരുവിന്റെ കാര്യത്തില്‍ അല്‍ഭുതത്തിനൊട്ടുംതന്നെ പഴുതില്ല. സാക്ഷാല്‍ ഗുരു പണ്ടൊരു ശിവപ്രതിഷ്ഠ നടത്തിയപ്പോള്‍ ആരെടാ നീയെന്ന് ചോദിക്കാന്‍ വന്നവര്‍; അവരോട് 'നാം നമ്മുടെ ശിവനെയാണ്‌ പ്രതിഷ്ഠിച്ച'തെന്ന് പറഞ്ഞ ഗുരുവിന്റെ പേരും പറഞ്ഞ് നടക്കുന്ന നാണം കെട്ടവന്‍ ഹിന്ദുവിന്റെ പിതൃത്വം ഏറ്റെടുത്തു ഞെളിയുന്നു. ഉളുപ്പില്ലാത്തവന്റെ അസ്ഥാനത്ത് ആല്‌ മുളച്ചാല്‍ അതിന്റെ തണലില്‍ കഴിയാന്‍ അസാരം സുഖമുണ്ടാകും.

ചിത്രഭാനു Chithrabhanu said...

it can be taken by RBI by which we can get more currency without inflation. In that case you don't have to loose these wealth neither it can be loot by the politicians. (Somebody told that if it happens the value of dollar will be 20 rupee by which we can have a hype in economy !)

KP said...

പൗരാണികമൂല്യമുള്ള ക്ഷേത്രസ്വത്ത് ഏറ്റെടുത്ത് കടം തീർക്കണം, വികസനം നടപ്പാക്കണം എന്നൊക്കെയുള്ള അഭിപ്രായങ്ങൾ എത്രത്തോളം പ്രായോഗികം ആണെന്ന് സംശയമുണ്ട്..

കാരണം, ഒരു മതേതര രാജ്യത്തിൽ ഒരു സമൂഹത്തിന്റെ മാത്രം മതസ്ഥാപനങ്ങളിൽ നിന്നും സമ്പത്ത് ഏറ്റെടുക്കാൻ സർക്കാർ തയാറാകും എന്നു തോന്നുനില്ല.. എല്ലാ മതങ്ങളുടെയും സമ്പത്തിൽ കൈ വയ്ക്കുന്നത് നിലവിലെ സാഹചര്യത്തിൽ അത്ര എളുപ്പവും അല്ല, അതിനുള്ള നട്ടെല്ലും ഇല്ല..

ഇനി വരുന്ന തലമുറയ്ക്കും കൂടി കാണാൻ കഴിയുന്ന തരത്തിൽ, ഒരു മ്യൂസിയം എന്നത് ഒരു പക്ഷേ നന്നായിരിക്കും. അതല്ലെങ്കിൽ വസ്തുവഹകൾ അന്യാധീനമാകാത്ത രീതിയിൽ, State/Government ഒരു നിക്ഷേപസമാഹരണം നടത്തി വിദ്യാഭ്യാസത്തിലോ, അടിസ്ഥാനസൗകര്യവികസനത്തിലോ ഉപയോഗിക്കാവുന്നതാണ്‌. However, മതസമൂഹത്തിനെ വിശ്വാസത്തിലെടുക്കാതെ ഇതു സാധ്യമല്ല. It is as if the State is getting a loan with zero (or nominal) interest for its development activities. After all, the same wealth is not attracting any interest/income now itself. So, the religious bodies might find this more acceptable also.

I believe that the above might be a good option for State. This provides a way for religious wealth to be used for some constructive purposes. Since it does not involve any liquidation/transfer of ownership of properties, I hope the religions might also agree in principle.


PS1: രാഷ്ട്രീയക്കാർ/beaurocrats നടത്തുന്ന അഴിമതി തടഞ്ഞാൽ തന്നെ കടം, വികസനം എന്ന പ്രശ്നങ്ങൾ മിക്കവാറും തീരും.. 2G ഓർമ്മയില്ലേ?

PS2: Had these been found earlier (like a century), most of this would have reached British museums/palaces. Now that it is found intact, we should be exploring ways to use it without offending the concerned people. Discussions on claims of ownership, how the wealth was amassed, etc. will not lead to anywhere..

KP said...

a discussion on this topic can be found here

അപ്പൂട്ടൻ said...

കാവാലൻ,
ഇതിലുമെത്രയോ വലിയ അഴിമതിക്കണക്കുകൾ ഉണ്ടെന്ന് അറിയാതെയല്ല, അതിനെ നേരിടാൻ ഭരണകൂടത്തിനും സമൂഹത്തിനും ഉള്ള കഴിവുകേട് മറന്നിട്ടുമല്ല. ഇതൊരു solution ആണെന്ന ചിന്തയൊന്നും എനിക്കില്ല. പക്ഷെ വളരെ vague ആയ ചില പ്രസ്താവനകൾ കാണുമ്പോൾ, നടക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും, എന്റെവകയും ഒന്ന് പറയാമല്ലൊ (അല്ലാ, നമ്മള് പറയണതൊക്കെ എന്നെങ്കിലും നടന്നിട്ടുണ്ടോ!!).

സുധാകരേട്ടാ,
തിരുവിതാംകൂർ എന്നൊരു അതിർത്തി ഇല്ലാത്തതിനാലും ഫെഡറൽ സംവിധാനം വെച്ച് ഒരു entity കേരളമാണെന്നതിനാലും കേരളത്തിൽ ജീവിക്കുന്ന സകലർക്കും ഉപകാരപ്പെടേണ്ടതാണ് ഇത്. ഈ ധനം കുമിഞ്ഞുകൂടിയതിന്റെ പ്രധാനകാരണം, പുറമേയ്ക്കെങ്കിലും, വിശ്വാസമാണ്, എന്നാൽ അത് വിനിയോഗയോഗ്യമല്ലാത്ത അവസ്ഥയിലെത്താനുള്ള സാധ്യതയ്ക്ക് തടസവും വിശ്വാസം തന്നെയാണ്. ഒന്നുകിൽ രാജഭക്തി അല്ലെങ്കിൽ വിശ്വാസം, പൊതുപ്രസ്താവനകളിലെല്ലാം ഇതേ കാണാനുള്ളൂ. അതു കാണുമ്പോൾ തോന്നുന്ന ഒരു വികാരം മാത്രമാണിത്.
വെള്ളാപ്പള്ളി ഇതെന്ത് കണ്ടിട്ടാണ് ഒരു പ്രസ്താവനയിറക്കിയതെന്ന് എനിക്കറിയില്ല. ഹൈറാർക്കിയോടുള്ള വിധേയത്വം മനസിൽ ഇപ്പോഴും ഉള്ളതിനാലായിരിക്കാം.
ആർത്തിയുടെ കാര്യത്തിൽ എനിക്ക് ചെറിയൊരു വിയോജിപ്പുണ്ട്. ആർത്തി എന്നും മനുഷ്യനിൽ ഉള്ളതുതന്നെയാണ്, ജീവിതാവസ്ഥയ്ക്കനുസരിച്ച് commodity-ൽ അല്പം മാറ്റം വരുമെന്നുമാത്രം. ഒരു മരതകം കിട്ടിയാൽ, വിൽക്കാമെങ്കിൽ, ആർക്കും നീരസമുണ്ടാവില്ല.

അപ്പൂട്ടൻ said...

അനിൽ,
തൊട്ടാൽ പൊള്ളും, അപാര സഹിഷ്ണുതയല്ലേ!! പൊതുജനക്ഷേമത്തിന് ഇത് ഉപയോഗിക്കാനിടയില്ല എന്നുതന്നെയാണ് എനിക്കും തോന്നുന്നത്

സന്തോഷ്,
ആരെങ്കിലും ഒന്ന് ഏറ്റെടുക്കിൻ…. എന്നായിരിക്കും ഇതിന്റെ പുലിവാലിനെക്കുറിച്ച് അറിയുന്നവർ ചിന്തിക്കുന്നുണ്ടാവുക. അവസാനം സർക്കാർ ചെലവിൽ ഹൈടെക് സെക്യൂരിറ്റി വേണ്ടിവരും.

ചിത്രഭാനു, സുശീൽ,
ആദ്യം ഇത് സാധാരണ മനുഷ്യന്റേതാണെന്ന് പൊതുപ്രസ്താവനയിറക്കുന്ന ആരെങ്കിലും പറയട്ടെ, പിന്നെയല്ലേ ഇത്തിരിയെങ്കിലും മുന്നോട്ട് പോകാനാവൂ. ദൈവത്തിന്റെ സ്വന്തം ആളുകളും ശാഖകളും അത് പറയുമെന്ന് തോന്നുന്നില്ല.

KP,
പ്രായോഗികമായേക്കില്ല എന്നത് അംഗീകരിക്കുന്നു. പലതും പ്രായോഗികമാകാനുള്ള ബുദ്ധിമുട്ട് ഇതിന്റെ stakeholders തന്നെയാണ് സൃഷ്ടിക്കുന്നത്. കേരളത്തിലെ ഏത് പ്രോജക്റ്റ് എടുത്താലും ഏറ്റവും വലിയ കടമ്പ stakeholder management ആണ് എന്ന് ഒരു PMI conference-ൽ മെർവിൻ അലക്സാണ്ടർ പറയുകയുണ്ടായി, കാര്യം അതുതന്നെയാണ്.
വിറ്റുതുലയ്ക്കണം എന്ന അഭിപ്രായമൊന്നും എനിക്കുമില്ല.
Discussions on claims of ownership and how the wealth was amassed come in when the (supposedly) first party gives awkward comments.

ചുമട്ടുകാരൻ,
ഇത് ഏറ്റെടുക്കുന്നത് ആരായാലും ഒരു കൂലിയില്ലാത്ത ചുമടെടുപ്പ് തന്നെയായിരിക്കും.

അപ്പൂട്ടൻ said...

സുനിൽകുമാർ,

ദൈവത്തിനായി ഒരിക്കൽ നൽകിയ ധനം പിന്നീടെടുത്ത് ധൂർത്തടിച്ചില്ല എന്നത് അംഗീകരിക്കുന്നു, എന്റെ ചില ചിന്തകൾ ഇവിടെത്തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. അന്ന് ജനത്തിന്റെ അധ്വാനഫലം തന്നെയല്ലേ ധനമായത്, അല്ലാതെ രാജാവ് അഹോരാത്രം പണിയെടുത്തതൊന്നുമല്ലല്ലൊ, ജന്മം കൊണ്ട് ലഭിച്ച ഒരു പദവി ഉപയോഗിക്കുകയല്ലേ ചെയ്തത്.
അതുകൊണ്ടുമാത്രം ഈ ധനം രാജകുടുംബത്തിന്റേതോ ദൈവത്തിന്റേതോ ആണെന്ന് ഇപ്പോഴും ബഹളമുണ്ടാക്കുന്നതിൽ എന്താണ് ലോജിക് ഉള്ളത്? തുറക്കാവുന്ന അറകളിൽ നിന്നും സ്വർണമെടുത്ത് ക്ഷേത്രം മോടിപിടിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്, ശരിയാണോ എന്നറിയില്ല. അങ്ങിനെയെങ്കിൽ എന്തുകൊണ്ടിത് പൊതുജനോപകാരപ്രദമായി ഉപയോഗിച്ചുകൂടാ എന്നും ചിന്തിക്കാവുന്നതാണ്, നടന്നില്ലെങ്കിലും.
ഇതിൽ ചില അഭിപ്രായങ്ങൾ കണ്ടപ്പോൾ ഒന്ന് പ്രതികരിച്ചു എന്നേയുള്ളൂ. എന്റെ അഭിപ്രായം ശരിയാണെന്നോ പ്രായോഗികമാണെന്നോ ഞാൻ അവകാശപ്പെടുന്നില്ല, പക്ഷെ എന്നേക്കാൾ വിവരമുള്ളവർ (സമൂഹത്തിൽ സ്ഥാനവും ഉള്ളവർ) നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ അത്രയ്ക്കും അബദ്ധമാണ്.
ചരിത്രപഠനം ആവശ്യം തന്നെ, ഈ നിധിയിലെ സ്പെസിമെനുകൾ അതിന് ഒരുപാട് സഹായിക്കുകയും ചെയ്തേക്കാം. പക്ഷെ ഈ നിധിയുടെ അളവ് അമ്പരപ്പിക്കുംവിധം വലുതാണ്. ഒരു കെട്ടിടം തന്നെ വേണ്ടിവരും മ്യൂസിയമായി, അതും എല്ലാ ആധുനികസുരക്ഷാസംവിധാനങ്ങളോടുകൂടിയത്.
ഏതെങ്കിലും രീതിയിൽ ഇത് ഉപയോഗിക്കാവുന്നതാണ് എന്നൊരു ചിന്ത വരുന്നിടത്ത് മാത്രമാണ് എന്റെയും ചിന്തകൾ ഒരു കടുകുമണിയോളമെങ്കിലും പ്രസക്തമാകുന്നത്. അതല്ല, ഇത് ചരിത്രസ്മാരകമായോ തിരിച്ച് നിധിയായി തിരിച്ചുവെച്ചോ ചാപ്റ്റർ ക്ലോസ് ചെയ്യുകയാണെങ്കിൽ, fine, let’s move ahead as if nothing has happened. അതിനിടെ ദൈവത്തിന്റേതാണ്, രാജാവിന്റെതാണ്, ഹിന്ദുക്കളുടേതാണ് എന്നൊക്കെ വാദം വന്നാൽ തിരിച്ചുപറയേണ്ടിവരും.

വിയോജിപ്പുകളാവാം, സന്തോഷമേയുള്ളൂ. I don’t mind if proven wrong.

krishna said...

ഒരു ദേവൻറ്റെ സ്വത്ത് ആർക്കും എടുക്കാൻ പറ്റില്ല വേണക്കിൽ മൂല്യ ഉള്ള amt bankil നിക്ഷേപിക്കാം