എന്റെ ചിന്തകൾ

Monday, May 31, 2010

ജീവൻ രക്ഷിക്കണോ കൈത്തരിപ്പ്‌ തീർക്കണോ?

ഞായറാഴ്ച ഉച്ചയ്ക്ക്‌ ഷോപ്പിങ്ങടക്കം ചില ചില്ലറ ലക്ഷ്യങ്ങളുമായി വീട്ടിൽ നിന്നും കാറുമെടുത്ത്‌ ഇറങ്ങിയതാണ്‌ ഞങ്ങൾ.


പോങ്ങുമ്മൂട്‌ ജങ്ങ്ഷൻ എത്തിയപ്പോൾ പിന്നിൽ നിന്നും സൈറൻ. ആംബുലൻസ്‌ ചീറിപ്പാഞ്ഞ്‌ വരുന്നു. സ്വാഭാവികമായും ഞാൻ കാറ്‌ അൽപം ഇടത്തോട്ട്‌ ചേർത്ത്‌ സ്പീഡ്‌ കുറച്ച്‌ (കുറച്ചു എന്ന് പറയാൻ ഞാൻ വലിയ സ്പീഡിലൊന്നുമല്ല പോയിരുന്നത്‌) ആംബുലൻസിന്‌ പോകാൻ വഴി കൊടുത്തു. മെഡിക്കൽ കോളേജിലേക്കുള്ള വഴിയാണെന്നതിനാൽ ഇത്തരം സംഭവങ്ങൾ ഒരെണ്ണമെങ്കിലും കാണാതെ ഉള്ളൂർ ജങ്ങ്ഷൻ വരെ പോകാൻ സാധിക്കാറില്ല.

ആംബുലൻസ്‌ ഞങ്ങളെ കടന്നുപോയി, എന്റെ വണ്ടിയുടെ സ്പീഡ്‌ കുറഞ്ഞതിനാൽ ഒരു കാർ എന്നെയും ഓവർടേക്ക്‌ ചെയ്യുകയും ചെയ്തു :)




ഒരു നൂറു മീറ്റർ മുന്നോട്ട്‌ പോയിരിക്കും, അപ്പോൾ ഒരു ചെറിയ ബ്ലോക്ക്‌. എന്റെ മുന്നിൽ രണ്ട്‌ വണ്ടികളുണ്ട്‌, സൈഡിലായി മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നു. അൽപം മുന്നിലായി നേരത്തെ പോയ ആംബുലൻസും. ഒരു നിമിഷം ഒന്നു പേടിച്ചു. ആംബുലൻസ്‌ വല്ലവരേയും ഇടിച്ചോ?


സംഭവം മറ്റൊന്നായിരുന്നു.


ആംബുലൻസിൽ നിന്നും രണ്ടുപേർ ചാടിയിറങ്ങി. സൈഡ്‌ ചേർത്ത്‌ നിർത്തിയിട്ടിരുന്ന കാറിനുനേരെ ഓടിയെത്തി. പിന്നീട്‌ കേട്ടത്‌ നല്ല മുട്ടൻ തെറിയായിരുന്നു. ഇറങ്ങിയ രണ്ടുപേരും കാറിന്റെ ഡ്രൈവറുടെ നേരെ കൈചൂണ്ടി എന്തൊക്കെയോ ഉച്ചത്തിൽ പറയുന്നുണ്ട്‌, ഇറങ്ങിവരാനടക്കമുള്ള ആക്രോശം. ഒരാൾ കാറിന്റെ മുകളിൽ ഗ്ലാസിൽ ശക്തിയായി രണ്ടിടിയും കൊടുത്തു. ഏകദേശം ഒരു മിനിറ്റോളം ഉണ്ടായി ഈ കലാപരിപാടി. അതിനുശേഷം അവർ തിരിച്ച്‌ ആംബുലൻസിൽ കയറി യാത്ര തുടർന്നു.

പ്രശ്നം? കാറുകാരൻ ആംബുലൻസിന്‌ വഴിമാറിക്കൊടുത്തില്ല.


പ്രസ്തുത ഡ്രൈവർ, പാവം, ഈ ആക്രമണമെല്ലാം നിശബ്ദം സഹിച്ചതിനുശേഷം വണ്ടി പതുക്കെ മുന്നോട്ട്‌ നീക്കിത്തുടങ്ങി. അപ്രതീക്ഷിതമായ ഈ സംഭവത്തിലുള്ള ഞെട്ടൽ കാരണമായിരിക്കാം, വണ്ടി ഏറെ പതുക്കെയാണ്‌ പോയിരുന്നത്‌. കാർ കുറച്ചുകൂടി അടുത്ത്‌ കാണാൻ അപ്പോഴാണ്‌ ഞങ്ങൾക്ക്‌ സാധിച്ചത്‌.

പിന്നിലിരിക്കുന്നവരിൽ ഒരാൾ അൽപം പ്രായമുള്ള വ്യക്തിയാണ്‌. സകുടുംബമാണ്‌ യാത്രയെന്ന് മനസിലാക്കാം. മുന്നിലിരിക്കുന്നത്‌ വണ്ടിയോടിക്കുന്നയാളുടെ ഭാര്യയായിരിക്കാനും സാധ്യതയുണ്ട്‌.

കാറിന്റെ ഗ്ലാസ്‌ സാമാന്യം നന്നായിത്തന്നെ ചിന്നിയിട്ടുണ്ട്‌. ഡ്രൈവൗടെ വശം ഏതാണ്ട്‌ മുഴുവനായിത്തന്നെ വിണ്ട്‌ പൊട്ടിയിരിക്കുന്നു. (കാറിന്റെ ഗ്ലാസ്‌ എങ്ങിനെ പൊട്ടിക്കാമെന്ന് അറിയാവുന്നവനാണ്‌ ആംബുലൻസിൽ ഉണ്ടായിരുന്നവനെന്ന് വ്യക്തം)

--------------------------------------------------------------------------------------


ആംബുലൻസ്‌ പോകുമ്പോൾ വഴിയൊരുക്കിക്കൊടുക്കുക എന്നത്‌ ഏതൊരു പൗരന്റേയും കടമയാണ്‌. നാം വഴി മുടക്കിയാൽ നഷ്ടപ്പെടുന്ന സമയം, ഒരുപക്ഷെ, നിർണ്ണായകമാംവിധം രോഗിയുടെ രക്ഷാസാധ്യതയെ സ്വാധീനിക്കാം.



പ്രസ്തുത കാർ വേറൊരു വണ്ടിയെ ഓവർടേക്ക്‌ ചെയ്തതാവാം, അല്ലെങ്കിൽ സൈഡൊതുക്കാൻ അൽപം വൈകിയിരിക്കാം, അല്ലെങ്കിൽ ഇടവഴികളിൽ നിന്നും കയറിവന്നതാകാം (റോഡിലേക്ക്‌ അൽപം കയറിവരുന്നത്‌ സ്വാഭാവികം), സംസാരത്തിനിടയിലോ കാറിൽ പാട്ട്‌ വെച്ചതിനാലോ മറ്റോ ആംബുലൻസിനെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അതുമല്ലെങ്കിൽ ഡ്രൈവർ പരിചയം കുറഞ്ഞയാളായിരിക്കാം..... ചില സാധ്യതകൾ തള്ളിക്കളയാനാവില്ല.

ഇതൊന്നുമല്ലെങ്കിൽ തികഞ്ഞ മര്യാദകേട്‌.


ഇവിടെ ആ കാർ ഡ്രൈവർ ചെയ്തത്‌, അറിഞ്ഞാണെങ്കിലും അല്ലെങ്കിലും, തെറ്റുതന്നെയാണ്‌. അയാൾ വഴിമാറി കൊടുക്കേണ്ടതുതന്നെയായിരുന്നു.



പക്ഷെ ആ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങിയവർ ചെയ്തതോ?

ഈ കാറിന്‌ പിന്നിലായതിനാൽ നഷ്ടപ്പെട്ട സമയത്തേക്കാൾ അധികം സമയം അവർ തങ്ങളുടെ ഈ പ്രവൃത്തിയിലൂടെ നഷ്ടപ്പെടുത്തിയിട്ടുണ്ട്‌. ആംബുലൻസിനുള്ളിൽ കിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാൻ അവർ കാണിക്കുന്നത്‌ പൗരധർമ്മമോ മനുഷ്യസ്നേഹമോ വേണ്ടപ്പെട്ടയാൾക്കായുള്ള കടമയോ ആകട്ടെ, അത്‌ മറന്നാണ്‌ അവർ വെറും ഗുണ്ടായിസത്തിലേക്ക്‌ ഇറങ്ങിയത്‌. ആ സന്ദർഭത്തിൽ അത്യാസന്നനിലയിലുള്ള ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതിനേക്കാൾ അവർക്ക്‌ പ്രധാനമായിത്തോന്നിയത്‌ തങ്ങളെ ഉപദ്രവിച്ചു എന്ന് സങ്കൽപ്പിച്ച്‌ ഒരാളുടെ നേരെ കൈത്തരിപ്പ്‌ തീർക്കുകയാണ്‌.


ഇതാണോ മനുഷ്യസ്നേഹം?

ഇതുകൊണ്ട്‌ അവർ എന്താണ്‌ നേടിയത്‌?


രോഗിയെ സഹായിച്ചോ? - ഇല്ല, പകരം അയാളുടെ രക്ഷാസാധ്യത ഈ സമയനഷ്ടത്തിലൂടെ ഒന്നുകൂടി മങ്ങി.

വേറെയാർക്കെങ്കിലും ഗുണമുണ്ടായോ? - ഇല്ലേയില്ല. ഉണ്ടായത്‌ ഒരു കുടുംബത്തിന്‌ സാമ്പത്തികബാധ്യത മാത്രം. അപ്രതീക്ഷിതമായ ഒരു വാഗ്‌ആക്രമണത്തിലൂടെ വിഷമവും, ഒരുപക്ഷെ, കുറ്റബോധവും.


അൽപനേരത്തെ ഈ പരിപാടിയിലൂടെ അവർ കളഞ്ഞത്‌ അത്രയും നേരത്തെ അവരുടെ മനസിലെ നന്മയാണ്‌.


ഇനി, കാർഡ്രൈവർ അൽപം തടിമിടുക്കുള്ളയാളാണെങ്കിലോ, അയാൾ പുറത്തേക്കിറങ്ങി ഒരു തർക്കത്തിന്‌ മുതിർന്നാലോ? തകർന്ന ചില്ലിന്‌ നഷ്ടപരിഹാരം തരാതെ ആംബുലൻസ്‌ വിടില്ലന്നെങ്ങാനും പറഞ്ഞ്‌ അടിയുണ്ടാക്കിയാലോ? രോഗിയുടെ കാര്യം എന്തായീ?

അൽപം കടന്ന് ചിന്തിക്കട്ടെ, ചോദിക്കട്ടെ.

ഈ ചെറുപ്പക്കാർക്ക്‌ എന്തായിരുന്നു ആവശ്യം? ഒരാളുടെ ജീവൻ രക്ഷിക്കലോ അതോ അങ്ങിനെയൊരാൾ രക്ഷപ്പെട്ടാൽ അവർക്ക്‌ ലഭിച്ചേക്കാവുന്ന അനുമോദനങ്ങളോ (അതുപോലുള്ള ഭൗതികലാഭങ്ങളോ)? ഈ സംഭവം കണ്ടിട്ട്‌ ഉറപ്പിച്ച്‌ പറയാൻ എനിക്കാവില്ല.

Monday, May 3, 2010

ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?

പ്രവാചകൻ ബഹുഭാര്യത്വം സ്വീകരിച്ചു. പാടില്ലെന്ന്‌ ഏത്‌ തത്വശാസ്ത്രത്തിൻരെ അടിസ്ഥാനത്തിലാണ്‌ നിങ്ങൾ പറയുന്നത്‌. നിങ്ങൾ പറയുന്ന ധാർമികമൂല്യങ്ങൾ ഏതൊക്കെ. അതിന്റെ അടിസ്ഥാനമെന്ത്‌. നിങ്ങൾ കരുതുന്ന ഏത്‌ ധാർമികമൂല്യത്തിനാണ്‌ അതിലൂടെ ക്ഷതം പറ്റിയത്‌.



ലതീഫിന്റെ യുക്തിവാദികളും ഇസ്ലാമും എന്ന ബ്ലോഗിലെ പ്രവാചകനും ധാർമികതയും എന്ന പോസ്റ്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യമാണിത്‌. അതിനൊരു മറുപടി എഴുതണമെന്ന്‌ കരുതിയിരുന്നെങ്കിലും ജോലിത്തിരക്കുകൾ കാരണം കുറച്ചു നീണ്ടുപോയി. അവസാനം ഏതായാലും ചുരുക്കിയെഴുതി നിർത്താം എന്നുകരുതി.

ബഹുഭാര്യാത്വത്തിൽ ഏതൊക്കെ മാനുഷികമൂല്യങ്ങളാണ്‌ ക്ഷതം പറ്റുന്നത്‌? എന്റെ അഭിപ്രായത്തിൽ താഴെപ്പറയുന്ന മൂന്നു കാര്യങ്ങൾ നിഷേധിക്കപ്പെടുന്നു, ഏറ്റക്കുറച്ചിലുകളുണ്ടാവാം, എല്ലായിടത്തും പ്രശ്നം രൂക്ഷമാകണമെന്നുമില്ല.

1. തുല്യത, ഏതുപരിഗണനകൾക്കുമപ്പുറം മനുഷ്യജീവികൾക്കിടയിൽ ഉണ്ടാകേണ്ടതെന്ന്‌ ഒരുപാടുപേർ വിശ്വസിക്കുന്ന തുല്യത.
2. സ്വന്തം ജീവിതവഴി തെരഞ്ഞെടുക്കുന്നതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം.
3. വ്യക്ത്യാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം.

ലതീഫിന്റെ പ്രതികരണം to-the-point തന്നെയായിരുന്നു. അക്കമിട്ടെഴുതിയ കാര്യങ്ങൾക്ക്‌ അക്കമിട്ടുതന്നെ അദ്ദേഹം മറുപടി പറഞ്ഞു. തീർത്തും അപ്രതീക്ഷിതമായിരുന്നില്ല ഉത്തരങ്ങൾ, ചില പോയിന്റുകൾ അദ്ദേഹം പറയുമെന്ന് കരുതിയിരുന്നതല്ലെങ്കിലും. അദ്ദേഹത്തിന്റെ മറുപടിയുടെ പ്രമുഖാംശങ്ങൾ ഈ വിധത്തിലായിരുന്നു


1. ഇസ്ലാമിൽ വൈവാഹികരംഗത്ത്‌ പാലിക്കപ്പെടേണ്ടത്‌ തുല്യതയല്ല, സന്തുലിത്വമാണ്‌. തുല്യത എന്നത്‌ ധാർമ്മികമൂല്യങ്ങളിൽ വരുന്നില്ല. സ്ത്രീ സ്ത്രീയുടെ ധർമ്മവും പുരുഷൻ പുരുഷന്റെ ധർമ്മവും നിർവ്വഹിക്കുന്നതിലൂടെ ഉത്തമമായ കുടുംബമാണ്‌ ഇസ്ലാം ലക്ഷ്യമാക്കുന്നത്‌.

2. പരിധി നിശ്ചയിക്കപ്പെട്ട വ്യക്തിസ്വാതന്ത്ര്യം ഇസ്ലാം അനുവദിക്കുന്നുണ്ട്‌. (എന്റെ സ്വാതന്ത്ര്യം അന്യന്റെ മൂക്കുവരെ എന്ന കാര്യവും ലതീഫ്‌ ഇവിടെ പറയുന്നുണ്ട്‌). രണ്ടാമത്തെ ഭാര്യയാകുന്നതിലൂടെ ആരുടെ വ്യക്തിസ്വാതന്ത്ര്യമാണ്‌ ഹനിക്കപ്പെടുന്നത്‌, ആദ്യഭാര്യയുടേതോ അതോ പ്രസ്തുത സ്ത്രീയുടേതോ?

3. മുൻപ്‌ വിവാഹിതനായൊരാളുടെ ഭാര്യയാകുന്നതിൽ അഭിമാനക്ഷതം തോന്നുന്ന സ്ത്രീയ്ക്ക്‌ അതിന്‌ സമ്മതിക്കേണ്ട കാര്യമില്ല. ആദ്യസ്ത്രീ അംഗീകരിച്ചില്ലെങ്കിൽ പുരുഷന്‌ മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കുകയുമില്ല. അഭിമാനം എന്നത്‌ സാഹചര്യങ്ങളുടെ സൃഷ്ടി കൂടിയാണ്‌, ബഹുഭാര്യാത്വം അഭിമാനമായി കാണുന്ന പല കുടുംബങ്ങളുമുണ്ട്‌.

______________________________________________________________
സ്വാഭാവികമായും എന്റെ പോയിന്റുകൾ കൂടുതൽ വിശദമാക്കേണ്ടതുണ്ടെന്ന് എനിക്ക്‌ തോന്നി. ഇവിടെ ഒരു പോസ്റ്റ്‌ ആയി ഇടാൻ ആദ്യം വിചാരിച്ചുവെങ്കിലും വിഷയം കൈകാര്യം ചെയ്യുന്നിടത്തുതന്നെ ചർച്ച ചെയ്യുന്നതാണ്‌ നല്ലതെന്ന ചിന്തയിൽ അവിടെ തന്നെ കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്തു. അതിന്‌ ലതീഫ്‌ മറുപടിയായി പറഞ്ഞത്‌ ബഹുഭാര്യാത്വം അവിടെ പ്രധാനവിഷയം അല്ലെന്നാണ്‌. ആ പറഞ്ഞത്‌ ശരിയല്ലെന്ന വാദം എനിക്കില്ല, പക്ഷെ അങ്ങിനെ ഒരു സാഹചര്യത്തിൽ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ലാതിരുന്നതിനാൽ ഇവിടെ ഒരു പോസ്റ്റ്‌ ആക്കാൻ തീരുമാനിച്ചു.


എന്റെ വിശദീകരണങ്ങൾ എഴുതുന്നതിനുമുൻപ്‌ ചില കാര്യങ്ങൾ പറയട്ടെ (ഒരു ഡിസ്ക്ലൈമർ)

  • ഇത്‌ ലതീഫിനെതിരെയോ ഇസ്ലാമിനെതിരെയോ ഉള്ള മറുപടി അല്ല. ബഹുഭാര്യാത്വം എന്ന വ്യവസ്ഥ, ജാതിമതവ്യത്യാസമില്ലാതെ, എന്ത്‌ നൽകുന്നു എന്നതിനെക്കുറിച്ച്‌ എനിക്കുള്ള അഭിപ്രായം മാത്രമാണിത്‌. ചർച്ച വഴിമാറിപ്പോകരുത്‌ എന്നതിനാലാണ്‌ ലതീഫ്‌ വിഷയം ബഹുഭാര്യാത്വമല്ല എന്നത്‌ എടുത്തുപറഞ്ഞത്‌ എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ പറഞ്ഞുവന്നതും ബഹുഭാര്യാത്വത്തിലെ നിഷേധാത്മകവശങ്ങളെക്കുറിച്ചാണ്‌. എന്നിരിക്കിലും, ലതീഫ്‌ ചർച്ച നിർത്തിയതിൽ എനിക്ക്‌ വിരോധം ഒട്ടുമില്ല. അദ്ദേഹത്തിനെ തോൽപിക്കുക എന്ന ഉദ്ദേശ്യമൊന്നും എനിക്കില്ല. ഇവിടെ ചർച്ച സാധിക്കുമെങ്കിൽ ആകാം എന്ന ഉദ്ദേശ്യത്താൽ മാത്രമാണ്‌ ഈ പോസ്റ്റ്‌.

  • ബഹുഭാര്യാത്വമില്ലെങ്കിലും, സാധാരണ ഭാര്യാഭർത്താക്കന്മാർക്കിടയിലും ഇതൊക്കെ സംഭവിക്കാം, കാരണം പുരുഷമേധാവിത്വം ഇപ്പോഴും ശക്തമാണ്‌. ബഹുഭാര്യാത്വത്തിൽ തത്വത്തിൽ തന്നെ പുരുഷമേധാവിത്വപരമാണ്‌ എന്ന വ്യത്യാസമേയുള്ളു. ഏകഭാര്യാവ്യവസ്ഥയിൽ സ്ത്രീയുടെ വ്യക്തിത്വമോ പുരുഷന്റെ ചിന്താഗതിയോ ഒക്കെ പുരുഷമേധാവിത്വം ഒഴിവാക്കാൻ സഹായിക്കും, ബഹുഭാര്യാത്വത്തിൽ അതെളുപ്പമല്ല.
  • നാലുഭാര്യമാർ എന്നുപറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത്‌ ഒന്നിൽക്കൂടുതൽ ഭാര്യമാർ എന്നുമാത്രമാണ്‌. രണ്ടായാലും മൂന്നായാലും വലിയ വ്യത്യാസം വരില്ല.

ഇത്രയും പറയേണ്ടിവന്നത്‌ അനാവശ്യവാദങ്ങളൊഴിവാക്കാൻ മാത്രമാണ്‌.
ഇനി എന്റെ വിശദീകരണങ്ങളിലേക്ക്‌. ലതീഫിന്റെ പോസ്റ്റിലും ഈ വിശദീകരണങ്ങൾ ഞാൻ കൊടുത്തിരുന്നു. ഇവിടെ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.

നേരത്തെ പറഞ്ഞതുപോലെ, ബഹുഭാര്യാത്വത്തിൽ നിഷേധിക്കപ്പെടുന്ന മാനുഷികമൂല്യങ്ങൾ മൂന്നെണ്ണമാണ്‌ എന്റെ നോട്ടത്തിൽ.

1. തുല്യത, ഏതുപരിഗണനകൾക്കുമപ്പുറം മനുഷ്യജീവികൾക്കിടയിൽ ഉണ്ടാകേണ്ടതെന്ന്‌ ഒരുപാടുപേർ വിശ്വസിക്കുന്ന തുല്യത.


തുല്യത നിലനിൽക്കാത്തിടത്തൊക്കെ സന്തുലിതാവസ്ഥയ്ക്കും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്‌. ചില അസന്തുലിതാവസ്ഥകൾ ജനശ്രദ്ധയിലേക്ക്‌ ഉയർന്നുവരാൻ സമയമെടുക്കുമെന്നുമാത്രം. ജാതിവിവേചനവും മറ്റും തുല്യതയ്ക്കെതിരായി നിന്നവയായിരുന്നു. ഫ്യൂഡലിസം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഈ വശം അത്ര പ്രസക്തമായിരുന്നില്ല, പക്ഷെ ഇന്ന്‌ സാമൂഹികവ്യവസ്ഥകൾ മാറി വരികയാണ്‌, അതുകൊണ്ടുതന്നെ ഇന്ന്‌ ജാതിവേർതിരിവുകൾ സന്തുലിതാവസ്ഥയ്ക്ക്‌ കോട്ടമുണ്ടാക്കുന്നവയാണെന്ന്‌ നാം തിരിച്ചറിയുന്നുണ്ട്‌. ഫെമിനിസം പോലുള്ള ആശയങ്ങളും വന്നത്‌ ഈ തുല്യതയില്ലായ്മയ്ക്കെതിരെ പ്രതിഷേധമായിട്ടു തന്നെയാണ്‌.

ഒരു വിഭാഗത്തിനു മാത്രമായി undue privilege ഉള്ള അവസ്ഥ തുല്യത ഇല്ലാതാക്കും. ഇവിടെ, നിയമപ്രകാരം, പുരുഷന്‌ തന്റെ ഇഷ്ടപ്രകാരം, ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാം. സ്ത്രീയ്ക്കാണെങ്കിൽ പലരിലൊന്നായി ജീവിയ്ക്കാനേ സാധിക്കൂ. ഈ അവസ്ഥ തന്നെയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. (ഇതിനർത്ഥം ബഹുഭർത്തൃത്വം ആണ്‌ പരിഹാരം എന്നല്ല)

സ്ത്രീയുടെ ധർമ്മം എന്നതൊക്കെ പഴയ ഫ്യൂഡൽ ചിന്താഗതിയിൽ വീട്ടിനകത്ത്‌ തളച്ചിടാനുള്ള ഒരു പഴുത്‌ മാത്രമാണ്‌ ഇന്ന്‌ പലർക്കും. വെറും സ്വാർത്ഥാവശ്യങ്ങൾക്കുവേണ്ടി എടുത്തുപ്രയോഗിക്കുന്ന ഒരു റിവൈവലിസ്റ്റ്‌ തിയറി, അത്രമാത്രം. സ്ത്രീകളെ ജോലിക്കയക്കാത്തതുപോലും ഇന്ന്‌ ഈ കാരണം പറഞ്ഞാണ്‌. പുരുഷനു മാത്രമായി തന്റെ ലോകവും സ്ത്രീയ്ക്ക്‌ വീടിനകവും.... വെറും രണ്ടാംകിട പൗരന്മാരാകാൻ. സ്ത്രീ ദേവിയാണ്‌, വീടെന്ന വൃക്ഷത്തിന്റെ വേരാണ്‌..... അങ്ങിനെ പോകും പലരുടേയും വാദങ്ങൾ. സ്വന്തമായ ആശയോ അഭിലാഷമോ വെച്ചുപുലർത്താൻ പോലും അനുവദിക്കാതെയുള്ള ഒരു സാമൂഹികക്രമം. ദൈവവും അതിനു കൂട്ടുനിൽക്കുന്നുവോ? കുറഞ്ഞപക്ഷം, വിശാലലോകത്തെക്കുറിച്ച്‌ ചിന്തിക്കാൻ സാധ്യതയുള്ള എത്രയോ സ്ത്രീകൾ ഈ ഭൂമിയിൽ ജീവിയ്ക്കും എന്നറിയാവുന്ന ദൈവം അവരെ ഒതുക്കാനുതകുന്ന രീതിയിൽ എന്തിന്‌ ഒരു നിയമമുണ്ടാക്കി?

ഇതൊക്കെ സമ്മതിച്ചാലും, ബഹുഭാര്യത്വം എന്ത്‌ സന്തുലിതത്വമാണ്‌ നൽകുന്നതെന്ന്‌ എനിക്കറിയില്ല. സ്ത്രീ സ്ത്രീയുടെ ധർമ്മം നിർവ്വഹിക്കേണ്ടവളാണെങ്കിൽത്തന്നെ ബഹുഭാര്യത്വം എന്തിന്‌? അതിനുത്തരം കിട്ടിയിട്ടില്ല.

2. സ്വന്തം ജീവിതവഴി തെരഞ്ഞെടുക്കുന്നതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം


വ്യക്തിസ്വാതന്ത്ര്യം എന്നത്‌ മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ല. അതിനാൽ കൈവീശുന്നത്‌ മറ്റൊരാളുടെ മൂക്കുവരെ എന്നത്‌ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല.

പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ജീവിതത്തിലെ കാര്യങ്ങൾ മറ്റൊരാൾ നിർബന്ധപൂർവ്വം തീരുമാനിക്കുന്ന, നടത്തിക്കുന്ന ഒരവസ്ഥ പ്രസ്തുതവ്യക്തിയുടെ സ്വാതന്ത്ര്യലംഘനമാണ്‌. എന്നെ മാത്രം ബാധിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്‌ ഞാനല്ലെന്ന്‌ വരുന്ന അവസ്ഥ എനിക്കുതന്നെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്‌.

(നമ്മുടെ സാമൂഹിക സെറ്റപ്‌ മൂലം "എന്നെ മാത്രം ബാധിക്കുന്ന കാര്യം" എന്നത്‌ പൂർണ്ണമായും ശരിയാവില്ല. വർഷങ്ങൾക്കുമുൻപ്‌ ഞാൻ എന്റെ ജോലി രാജിവെച്ചപ്പോൾ എന്റെ അമ്മയോട്‌ അതേപറ്റി പലരും ചോദിച്ചിരുന്നു, അത്‌ അമ്മയ്ക്ക്‌ കുറച്ചധികം വിഷമമുണ്ടാക്കിയിട്ടുണ്ട്‌. പക്ഷെ അത്തരം indirect സംഭവങ്ങൾക്കപ്പുറം അത്‌ എന്റെ ജീവിതത്തെ മാത്രം ബാധിക്കുന്നതാണ്‌, ഞാൻ പറഞ്ഞുവന്നതും അത്തരം കാര്യമാണ്‌)

ഒരു സ്ത്രീ തന്റെ ജീവിതത്തിൽ ഒരു കരിയർ കെട്ടിപ്പെടുക്കണം എന്ന്‌ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അല്ലെങ്കിൽ അക്കാഡമിക്സിലോ റിസർച്ചിലോ താൽപര്യമുണ്ടെന്നിരിക്കട്ടെ. പുരുഷന്‌ അതൊരു ബുദ്ധിമുട്ടല്ല, പക്ഷെ വിവാഹം കഴിയുമ്പോൾ സ്ത്രീയ്ക്ക്‌ അതെത്ര സാധ്യമാകും എന്ന്‌ ആലോചിക്കാവുന്നതേയുള്ളു, പ്രത്യേകിച്ചും പലരും എടുത്തുപറയുന്ന സ്ത്രീധർമ്മം കൂടി പരിഗണനയിൽ വന്നാൽ.

ബഹുഭാര്യാത്വത്തിൽ ഇത്‌ സാധാരണയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. മൂന്നുപേർ അടങ്ങിയൊതുങ്ങി കഴിയുമ്പോൾ ഒരാൾക്ക്‌ ഇത്തരം ആവശ്യങ്ങളുണ്ടെന്ന്‌ വന്നാൽ പ്രശ്നങ്ങൾ എത്രമാത്രം രൂക്ഷമായിരിക്കും എന്നത്‌ ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളു.

That's from the practical side. തത്വത്തിൽ തന്നെ, ഒരു പുരുഷന്റെ കീഴിൽ കഴിയുന്ന "പലരിൽ ഒന്ന്‌" എന്നത്‌ സ്ത്രീയ്ക്ക്‌ എന്ത്‌ സന്ദേശമാണ്‌ നൽകുന്നത്‌? തന്റെ മോഹങ്ങൾക്ക്‌ എന്ത്‌ വിലയുണ്ടാകും എന്ന്‌ ഒരു സ്ത്രീയ്ക്ക്‌ മനസിലാക്കാവുന്നതേയുള്ളു. നാലുപേരിലൊരാൾ എന്നതിലൂടെ സ്വന്തം പാരതന്ത്ര്യം അവളുടെ മനസിൽ എത്രമാത്രം പതിയും എന്നത്‌ മനസിലാക്കാവുന്നതാണ്‌.

ഇതൊന്നും സംഭവിക്കില്ല എന്ന്‌ അഭിപ്രായം വരുമോ എന്നെനിക്കറിയില്ല. വർഷങ്ങളായുള്ള അടിച്ചമർത്തലിൽ പല സമൂഹങ്ങളിലും സ്ത്രീഭൂരിപക്ഷം ഇന്നും ഇതൊന്നും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവണമെന്നില്ല. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതിനോട്‌ സമരസപ്പെടുകയല്ലാതെ വേറെ വഴിയുണ്ടായിക്കൊള്ളണമെന്നുമില്ല.

പക്ഷെ അതാണ്‌ മനുഷ്യകുലത്തിന്‌ ആകമാനമുള്ള നിയമം എന്നുവരുകിൽ അത്‌ തെറ്റാണ്‌, കാരണം ഞാൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ഏതൊരാൾക്കും ലഭ്യമാകണമെന്നാണ്‌ എന്റെ അഭിപ്രായം, അതിന്‌ ജാതി/മത/ലിംഗഭേദമുണ്ടെന്ന്‌ പറഞ്ഞാൽ അംഗീകരിക്കാവുന്നതല്ല.

3. വ്യക്ത്യാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം.


അഭിമാനം എന്നത്‌ പല തലത്തിലുണ്ടാവാം. ഇന്ത്യാക്കാരനാണെന്നതിൽ, കേരളീയനാണെന്നതിൽ, ഏതെങ്കിലും സംഘടനയുടെ/പാർട്ടിയിലെ അംഗമാണെന്നതിൽ, ഇന്നയാളുടെ മകനാണെന്നതിൽ, ഇന്നയാളുടെ ഭാര്യയാണെന്നതിൽ അങ്ങിനെ എന്തിലും ഒരു വ്യക്തിയ്ക്ക്‌ അഭിമാനം തോന്നാം. പക്ഷെ അവിടെയെല്ലാം എന്തിലേക്കെങ്കിലും അറ്റാച്ച്‌ഡ്‌ ആയിട്ടാണ്‌ അഭിമാനം.

ഇതിലുമധികം ആരും വിലമതിക്കുന്നത്‌ സ്വാഭിമാനം തന്നെയാണ്‌. ഞാൻ പ്രയോഗിച്ച പദം വ്യക്ത്യാഭിമാനം എന്നാണ്‌, personal pride. അത്‌ സ്വന്തം കഴിവുകളുടെ, വ്യക്തിത്വത്തിന്റെ ഒക്കെ പ്രതിഫലനമാണ്‌. താൻ ആരേക്കാളും താഴെയല്ല എന്ന അറിവ്‌/വിശ്വാസം ആണ്‌ ഈ സ്വാഭിമാനത്തിന്‌ ആധാരമാകുക, സാധാരണയായി. അതുകൊണ്ടുതന്നെയാണ്‌ സ്വാഭിമാനത്തിന്‌ മുറിവേൽക്കുന്നത്‌ ആർക്കും സഹിക്കാനാവാത്തതും.

വ്യക്തിപരമായ അവഹേളനങ്ങളോ സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായ പ്രവർത്തിക്ക്‌ നിർബന്ധിതനാവുന്ന അവസ്ഥയോ ഒക്കെ വ്യക്ത്യാഭിമാനത്തിന്‌ ഏൽക്കുന്ന ക്ഷതമാണ്‌. (ഭർത്താവിനാലാണെങ്കിൽപ്പോലും ലൈംഗികവേഴ്ചയ്ക്ക്‌ നിർബന്ധിതയാകുന്ന ഒരു സ്ത്രീ അനുഭവിക്കുന്നതും ഇതേ വ്യക്ത്യാഭിമാനക്ഷതം തന്നെയാണ്‌) തന്റെ വ്യക്തിത്വം മറ്റൊരാൾ അംഗീകരിക്കാതിരിക്കുന്ന അവസ്ഥയും വലിയൊരു മുറിവ്‌ തന്നെയാണ്‌ വ്യക്ത്യാഭിമാനത്തിനുണ്ടാക്കുക. ഇതിൽ തനിക്കൊന്നും തന്നെ ചെയ്യാനാവില്ലെന്ന അവസ്ഥ വന്നാൽ ആ വ്യക്തിയുടെ സ്വാഭിമാനത്തിനുണ്ടാകുന്ന മുറിവ്‌ എത്ര വലുതായിരിക്കും എന്ന്‌ ചിന്തിക്കാവുന്നതേയുള്ളു.


നാലുപേരിൽ ഒരാൾ എന്ന അവസ്ഥയിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ അവരുടെ ഭർത്താവ്‌ തന്നെ എങ്ങിനെ നോക്കിക്കാണുന്നു എന്നാണ്‌ അവർ മനസിലാക്കുക?
അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്റെ പ്രാധാന്യം എന്താണെന്നാണ്‌ അവർ മനസിലാക്കുക? നാലുഭാര്യമാരിൽ ഒരാൾ എന്നതിനപ്പുറം തന്റെ വ്യക്തിത്വത്തേയോ സവിശേഷതകളേയോ തന്റെ ഭർത്താവ്‌ അംഗീകരിക്കും എന്ന്‌ അവർക്ക്‌ എത്രമാത്രം പ്രതീക്ഷിക്കാനാവും?
നാലുപേരുള്ള അവസ്ഥയിൽ ഭർത്താവിന്റെ ഗുഡ്ബുക്കിൽ വരേണ്ടതിന്റെ ആവശ്യം സാധാരണയിലും അധികമായിരിക്കും എന്നിരിക്കെ അവഗണനയ്ക്കുള്ള സാധ്യത അവർക്ക്‌ അത്രയെളുപ്പം തള്ളിക്കളയാനാവുമോ, പ്രായമേറുംതോറും പ്രത്യേകിച്ചും?

ഇത്‌ അഭിമാനമായി കാണുന്ന കുടുംബങ്ങളുണ്ടാവാം. ഇവിടങ്ങളിൽ സ്ത്രീകൾക്ക്‌ അതല്ലാതെ എന്ത്‌ ഓപ്‌ഷൻ ഉണ്ട്‌ എന്നുകൂടി ചിന്തിച്ചാൽ ഒരുപക്ഷെ ഉത്തരം ലളിതമായേക്കും.


സ്വന്തം വിധേയത്വം ഭൂഷണമായി കരുതുന്ന എത്രയോ ജനങ്ങളുണ്ട്‌ ലോകത്ത്‌, പക്ഷെ അതൊരു ജനറലൈസേഷന്‌ ഉപയോഗിക്കാൻ കഴിയില്ല. കാര്യം ഇങ്ങിനെയിരിക്കെ, നേരത്തെ പറഞ്ഞതുപോലെ, ചിലർ അഭിമാനിക്കുന്നുണ്ടെന്നതിനാൽ അതൊരു നയമാക്കാൻ സാധിക്കില്ലല്ലൊ. നിയമങ്ങൾ ഉണ്ടാകേണ്ടത്‌ ഏതുതരം ജനത്തിനും ഉപകാരപ്രദമായിട്ടായിരിക്കണം.

ഒരു male dominated സമൂഹത്തിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ തുറന്ന്‌ പ്രകടിപ്പിക്കുന്ന സ്ത്രീയുടെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ആർക്കും അറിയാവുന്നതാണ്‌. വളരെ ചുരുക്കം കേസുകളിൽ മാത്രമാണ്‌ ഇത്‌ അഭിനന്ദിക്കപ്പെടുന്നത്‌, അതും പുറം ലോകം അറിയുന്നവയിലായിരിക്കും അധികവും. അല്ലാത്തവ പെൺകുട്ടിയുടെ ബന്ധുക്കൾ ഒതുക്കുകയാണ്‌ പതിവ്‌. മുൻപ്‌ വിവാഹിതനായ ഒരാളുടെ ഭാര്യയായി കഴിയാൻ താൽപര്യമില്ല എന്ന്‌ ഒരു പെൺകുട്ടി പറഞ്ഞാലുടനെ അവളുടെ ബന്ധുക്കൾ സമ്മതിച്ച എത്ര കേസുകൾ കാണാം?

_____________________________________________________________


ഇത്രയുമാണ്‌ ഞാൻ പറഞ്ഞ കാര്യങ്ങൾ. കൂടുതൽ, ആവശ്യമെങ്കിൽ, ചർച്ചയ്ക്കനുസരിച്ചാവാം.

ലതീഫിന്റെ അഭിപ്രായത്തിൽ ഇതൊന്നും ഇസ്ലാം മനസിലാക്കുന്ന ധാർമ്മികതയുമായി ഒത്തുവരുന്നില്ല എന്നാണ്‌. ബഹുഭാര്യാത്വം ഇസ്ലാം മനസിലാക്കുന്ന ധാർമ്മികതയുമായി ഒരിക്കലും ഏറ്റുമുട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങിനെ വന്നാൽ ഞാൻ മേൽപ്പറഞ്ഞ തുല്യത, വ്യക്തിസ്വാതന്ത്ര്യം, വ്യക്ത്യാഭിമാനം എന്നിവ അപ്രസക്തമാണോ, കുറഞ്ഞപക്ഷം സ്ത്രീകളുടെ കാര്യത്തിലെങ്കിലും?

Note:
ലതീഫിന്റെ വാദം ഞാൻ തെറ്റിയാണ്‌ മനസിലാക്കിയതെങ്കിൽ തിരുത്താൻ തയ്യാറാണ്‌, പക്ഷെ അങ്ങിനെയെങ്കിൽ ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ വ്യക്തമായ മറുപടി കൂടി ആരെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.