എന്റെ ചിന്തകൾ

Tuesday, April 5, 2011

ഈ പ്രാർത്ഥന ആരോട്?

അനന്തപുര് (ഹൈദരാബാദ്): ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്ന്ന് പുട്ടപര്ത്തിയിലെ ആസ്പത്രിയില് പ്രവേശിപ്പിച്ച ശ്രീസത്യസായിബാബയുടെ ആരോഗ്യസ്ഥിതിയില് നേരിയ പുരോഗതി. ബാബ വെന്റിലേറ്ററില്ത്തന്നെയാണുള്ളത്. ഇതേത്തുടര്ന്ന് രാജ്യത്തിന് അകത്തും പുറത്തുമുള്ള ബാബയുടെ വിശ്വാസികള് പ്രാര്ഥനയിലാണ്.
=======================

സായിബാബ എന്ന വ്യക്തിയോട് എനിക്ക് വിരോധമൊന്നുമില്ല, സായിബാബ എന്ന ദൈവത്തോട്, ആ സങ്കല്പത്തോട്, വിയോജിപ്പുണ്ട്, വിയോജിപ്പ് മാത്രമേയുള്ളൂ.

മാതൃഭൂമിയിൽ വന്ന വാർത്തയാണ് മുകളിൽ കൊടുത്തത്. സായിബാബയുടെ ആരോഗ്യനില അത്ര മെച്ചമല്ല, നേരിയ പുരോഗതിയുണ്ട്, ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്, പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട് എന്നൊക്കെ വാർത്തയുണ്ട്.

സാധിക്കാവുന്നിടത്തോളം അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ വൈദ്യശാസ്ത്രം ശ്രമിക്കട്ടെ, ഓരോ മനുഷ്യജീവനും (എന്നല്ല, ഏതൊരു ജീവനും) അമൂല്യമാണ്, കാരണം ഓരോ ജീവിയ്ക്കും, അറിയാവുന്നിടത്തോളം, ഒരു ജീവനേയുള്ളൂ, അത് നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാവുന്ന ഒന്നല്ല. അന്നിലയ്ക്ക് സായിബാബയും അദ്ദേഹത്തിന്റെ ശരീരം അനുകൂലമായി പ്രതികരിയ്ക്കുംവരെ ജീവനോടെ തന്നെ തുടരട്ടെ.

പക്ഷെ, സായിബാബയെക്കുറിച്ച് അദ്ദേഹത്തിന്റെ വിശ്വാസികളുടെ നിലപാടെന്താണ്?
കുറച്ചുകാലം മുൻപ് ഓഫീസിൽ ഉച്ചഭക്ഷണത്തിനിടെ ഒരു സഹപ്രവർത്തക (തെലുഗു കുട്ടിയാണ്) സായിബാബയെക്കുറിച്ച് പറയുകയുണ്ടായി. ചർച്ചയ്ക്ക് തുടക്കമിട്ടത് ഞാനല്ലെങ്കിലും അതിൽ ഒരു കേൾവിക്കാരനായി ഞാനും ഇരുന്നു. ഒരു പാവം കുട്ടിയായതുകാരണം ഞാനായിട്ട് ഒന്നും പറഞ്ഞില്ല.

അവളുടെ അഭിപ്രായത്തിൽ ബാബ എന്നാൽ ദൈവം തന്നെയാണ്. ഈ ലോകത്ത് എന്തു നടക്കുന്നുവെന്നും ആരൊക്കെ വന്നുവെന്നും എല്ലാം അറിയുന്ന ദൈവം. ഭക്തരെ കാണുന്നമാത്രയിൽ തന്നെ അവരുടെ വിഷമങ്ങൾ എല്ലാം അറിയുന്ന ദൈവം. എല്ലാ സങ്കടങ്ങൾക്കും പരിഹാരം.

ഇപ്പോൾ ഇതേ ഭക്തർ പ്രാർത്ഥനയിലാണ് എന്നാണ് പത്രവാർത്ത.

ഇവർ എന്താണ് പ്രാർത്ഥിക്കുന്നത്?

പ്രാർത്ഥന സായിബാബയുടെ ആരോഗ്യത്തിനുവേണ്ടിയായിരിക്കാം, അദ്ദേഹത്തിന്റെ ആയുസ്സിനുവേണ്ടിയായിരിക്കാം, അസുഖം പെട്ടെന്ന് മാറേണമേ എന്നായിരിക്കാം.

അപ്പോഴൊരു കുഞ്ഞു സംശയം.

ഇവരേത് ദൈവത്തെ വിളിച്ചാണ് പ്രാർത്ഥിക്കുന്നത്?
സായിബാബ ഭക്തരെ സംബന്ധിച്ചിടത്തോളം ദൈവം സായിബാബ തന്നെയാണ് (എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്). അപ്പോൾ ഈ ദൈവത്തിന്റെ ആയുസ്സിനുവേണ്ടിയുള്ള പ്രാർത്ഥന ആരോടായിരിക്കാം?
പ്രാർത്ഥന കേൾക്കേണ്ടയാൾ അസുഖമായി കിടപ്പാണ്, പ്രാർത്ഥന കേൾക്കുമോ എന്നുറപ്പൊന്നുമില്ല.
പ്രാർത്ഥനയാകട്ടെ, പ്രാർത്ഥന കേൾക്കേണ്ടയാളുടെ തന്നെ ആരോഗ്യത്തിനുവേണ്ടിയാണ്.

അപ്പോൾ ഈ ദൈവം പ്രാർത്ഥന കേട്ടു എന്നുതന്നെയിരിക്കട്ടെ, എന്തായിരിക്കാം ദൈവത്തിന്റെ തുടർനടപടി?

സ്വന്തം തടി രക്ഷിക്കലോ?
അതിനുപോലും സാധിക്കാത്ത ദൈവമാണോ ഭൂമി ഭരിക്കുന്ന ദിവ്യശക്തിയുള്ള അമാനുഷൻ?
മീശമാധവൻ സിനിമയിൽ മാധവൻ വിഗ്രഹം മോഷ്ടിക്കുമോ എന്ന സംശയം തോന്നിയ പൂജാരി പറയുന്ന ഡയലോഗ് ആണ് ഓർമ വരുന്നത്.


ഭഗവാനേ… നിന്നെ നീ തന്നെ കാത്തോളണേ


Friday, January 21, 2011

നിയമങ്ങളൊന്നും ബാധകമല്ലാത്തവയ്ക്കായി...

കഴിഞ്ഞ രണ്ട്‌ ദിവസമായി ഞാൻ കണ്ട ദൃശ്യങ്ങളാണ്‌ ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്‌. ഒന്നോ രണ്ടോ ഫോട്ടോ കൂടി കൊടുത്താൽ ഇതൊന്ന് പൊലിപ്പിയ്ക്കാം എന്ന് അറിയാഞ്ഞിട്ടല്ല, പക്ഷെ ആ സമയത്തെ എന്റെ മാനസികാവസ്ഥ ഒരു ചിത്രമെടുക്കാൻ എന്നെ അനുവദിച്ചില്ല. കൂടാതെ മരണമടക്കം എന്തിനേയും മൊബൈൽ ക്യാമറയിലേയ്ക്ക്‌ പതിപ്പിയ്ക്കാനുള്ള മലയാളിയുടെ "ഔചിത്യം" ഇതുവരെ സ്വായത്തമാക്കിയിട്ടില്ലാത്തതിനാൽ ക്ഷമിക്കൂ..


സാധാരണഗതിയിൽ ഒരു വ്യക്തി പ്രായപൂർത്തിയായിട്ടില്ലാത്ത ഒരാളുടെ ദേഹത്ത്‌ സാമാന്യം മോശമല്ലാത്ത ഒരു പരിക്കേൽപ്പിച്ചു എന്നിരിയ്ക്കട്ടെ. എന്തായിരിക്കും അയൽവാസികളുടെ പ്രതികരണം? നിയമത്തിന്റെ മുന്നിലേയ്ക്ക്‌ ഈ കേസ്‌ എത്തിയാൽ എന്തായിരിക്കും നിയമനടപടി? ഏറെ വിഷമിയ്ക്കാതെ തന്നെ നമുക്ക്‌ ഉത്തരം കിട്ടും, അയാൾ ശിക്ഷിക്കപ്പെടും.

പക്ഷെ, ഇത്‌ ബാധകമല്ലാത്ത കേസുകളുമുണ്ട്‌. നമ്മുടെ ന്യായപീഠം നടപടിയെടുക്കാൻ മടിയ്ക്കുന്ന, അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങളുണ്ടെങ്കിലും ആരും വകവെയ്ക്കാത്ത ചില പ്രത്യേക അവസരങ്ങൾ, fully insulated from law!!


ഇന്നലെ (വ്യാഴാഴ്ച, ജനുവരി 20 2011) തൈപ്പൂയം, കുഞ്ഞന്‌ ഒരു ദിവസം ക്ലാസില്ല.

ബുധനാഴ്ച (മിനിയാന്ന്) രാവിലെ ഓഫീസിലേയ്ക്ക്‌ പോകുമ്പോഴാണ്‌ ആദ്യദൃശ്യം കണ്ടത്‌. നേരിട്ട്‌ കാണുന്നത്‌ ആദ്യമായാണ്‌, ഫോട്ടൊ പോലും എനിയ്ക്കെന്നും ഏറെ അമർഷമുണ്ടാക്കുന്ന ഒന്നാണ്‌.

ഒരു പെട്ടിഓട്ടോറിക്ഷവണ്ടിയിൽ മുന്നിൽ നിന്നും പിന്നിലേയ്ക്കായി രണ്ടുമൂന്ന് മുളന്തടികൾ കെട്ടിയിട്ടുണ്ട്‌. ഓരോന്നിലും ഓരോരുത്തർ വീതം തൂങ്ങിക്കിടക്കുന്നു. മുതുകത്തും കാലിലുമായി ചില കൊളുത്തുകൾ ശരീരത്തിലേയ്ക്ക്‌ തറച്ചുകയറ്റിയാണ്‌ അവരെ തൂക്കിയിട്ടിരിക്കുന്നത്‌. ഇത്‌, എന്നെപ്പോലൊരാൾക്ക്‌, ഒരിക്കലേ നോക്കാനാവൂ, ഭക്തി തലയ്ക്ക്‌ കയറിയവരുടെ കാര്യം എനിയ്ക്കറിയില്ല.

ഇന്നലെ രാവിലെ കണ്ടത്‌ അതിലും വിശേഷമായ കാഴ്ചയാണ്‌.

ശ്രീകാര്യം ജങ്ങ്ഷൻ മുതൽ നീണ്ടൊരു ജാഥ മട്ട്‌ നീങ്ങുന്ന ജനം. അത്യാവശ്യം മ്യൂസിക്‌ ഒക്കെയുണ്ട്‌. വാഹനങ്ങൾ അൽപം പതുക്കെയാണ്‌ നീങ്ങുന്നത്‌. ട്രാഫിക്‌ നിയന്ത്രണത്തിനായി പോലീസ്‌ ഉണ്ട്‌, ഒരു വഴിയ്ക്ക്‌ മാത്രമേ വണ്ടികൾ നീങ്ങുന്നുള്ളൂ.

പതുക്കെയാണെങ്കിലും വാഹനങ്ങൾ പോകുന്നതിനാൽ കാഴ്ച ഏതാണ്ടൊക്കെ നന്നായിത്തന്നെ കാണാം.

ജാഥയിൽ പലരുടേയും കവിളുകൾ തുളച്ച്‌ ശൂലമിട്ടിട്ടുണ്ട്‌. ചില ശൂലങ്ങൾ ചെറുതാണ്‌, ഏതാണ്ട്‌ ഒരു ചെറിയ സ്കെയിലിന്റെ നീളം വരും. ചിലത്‌ സാമാന്യം നീളമുള്ളതാണ്‌. ഇരുഭാഗത്തും നിലം മുട്ടുന്നില്ല എന്നേയുള്ളു. ഒരു രണ്ട്‌ മീറ്ററോളം (അതോ അതിലധികമോ) വരും ചില "ശൂലങ്ങൾ". (ഇതിനൊക്കെ ശൂലം എന്ന് പറയാമോ ആവോ).

ഇതിലെ ഏറ്റവും വിശേഷപ്പെട്ട കാര്യം ഇതുവരെ പറഞ്ഞില്ല.

നൂറുപേരെങ്കിലും കാണുമായിരിക്കും ഇത്തരത്തിൽ കവിളിൽ ശൂലമുള്ളവർ (ദേഹത്തും തുളച്ചിരിക്കുന്ന ചില ആളുകളേയും കണ്ടു ഇതിനിടയിൽ). ചിലരൊക്കെ മറ്റുള്ളവരുടെ താങ്ങിലാണ്‌ നടക്കുന്നതുതന്നെ, താങ്ങുന്നയാളുടെ ബന്ധുവായതിനാലാണോ അതോ സത്യത്തിൽ ഏറെ ക്ഷീണിതനായതിനാലാണോ എന്നറിയില്ല. ഉന്മാദത്തോടെ ആടുന്ന ചിലരും ഉണ്ട്‌ കൂട്ടത്തിൽ, അവരെ ശ്രദ്ധിക്കാനായി ഒന്നിലധികം ആൾക്കാരുണ്ട്‌.

ഞാൻ കണ്ട ആൾക്കാരിൽ അധികവും പ്രായപൂർത്തിയാകാത്തവാരാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാവുന്നവരാണ്‌. മീശ പോലും മുളയ്ക്കാത്തവരാണ്‌ ഭൂരിപക്ഷം. ഒരു 15-20 റേഞ്ചിൽ പെടും. അതിലും കഷ്ടം പത്തുവയസുപോലും തികയാത്ത കുട്ടികളും ഇതിനിടയിൽ ഉണ്ട്‌ എന്നതാണ്‌.

നൂറുപേർ ഇത്തരത്തിൽ തുളച്ചിട്ടുണ്ടെങ്കിൽ എഴുപതോളം (അതിലധികവും ഉണ്ടായിരിക്കാം, ഞാൻ കണ്ടത്‌ ഈ ജാഥയുടെ അവസാനഭാഗം മാത്രമാണ്‌) പേർ മൈനറുകളാണ്‌, പകുതിയോളം തീരെ കുട്ടികളും.

ഈ വൈകൃതം ആർക്ക്‌ വേണ്ടിയാണ്‌?


ദൈവത്തിനുവേണ്ടിയല്ല, നിശ്ചയം, ഒരു എട്ടുവയസുകാരന്റെ കവിളിൽ മുറിവേറ്റാൽ സന്തോഷിക്കുന്നവനാവാനിടയില്ല മുരുകൻ.

മനുഷ്യനന്മയ്ക്ക്‌ വേണ്ടിയോ? നൂറുപേർ ചോരയൊലിപ്പിച്ചാൽ മനുഷ്യനെന്ത്‌ ഗുണം?

സ്വയം വല്ല ഗുണവുമുണ്ടോ? അതിന്‌ നല്ല ദൈവവിശ്വാസവുമായി ജീവിച്ചാൽ പോരെ, എന്തിന്‌ സ്വയം കുത്തിക്കീറണം? എന്തിന്‌ സ്വന്തം മകന്റെ കവിൾ കുത്തിമുറിയ്ക്കണം? പീഡിപ്പിച്ചുവേണോ പുണ്യം? മുറിവേൽപ്പിച്ചുവേണോ ദൈവപ്രസാദം?


സ്വന്തം മകൻ അല്ലെങ്കിൽ മകൾ ചോരയൊലിപ്പിച്ചോ മറ്റേതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടിയോ കണ്ടിട്ടും മാതാപിതാക്കൾ പരിഭ്രമിച്ചുകാണാത്ത അവസരങ്ങൾ മിക്കവാറും (എല്ലാമെന്നുതന്നെ പറയാം) ദൈവവിശ്വാസവുമായി ബന്ധപ്പെട്ടതായിരിക്കും.


ഇനി വീണ്ടും എന്റെ ആദ്യപരാമർശത്തിലേയ്ക്ക്‌ വരട്ടെ.


പ്രായപൂർത്തിയാകാത്ത ഒരാളുടെ അനുവാദത്തോടെയാണെങ്കിലും പീഡിപ്പിക്കപ്പെട്ടാൽ അത്‌ forceful abuse ആയാണ്‌ നിയമം കണക്കാക്കാറ്‌. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയാൽ, ഏത്‌ സാഹചര്യത്തിലായാലും, അത്‌ ബലാൽസംഗമായാണ്‌ നിയമം വിലയിരുത്തുന്നത്‌. എന്നുവെച്ചാൽ ഇത്തരം കാര്യങ്ങളിൽ victim's consent പരിഗണിക്കാറില്ലെന്നർത്ഥം.

കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ ഒരു കുട്ടിയുടെ കവിൾ കുത്തി മുറിവേൽപ്പിച്ചാൽ നിയമദൃഷ്ട്യാ അത്‌ ശിക്ഷാർഹമാണ്‌.

ഇന്നലെ നടന്ന സംഭവത്തിൽ നിയമം എന്തുചെയ്തു? പോലീസുകാർ നിന്ന് ജാഥയ്ക്ക്‌ പോകാനുള്ള വഴിയൊരുക്കിക്കൊടുത്തു.




ഇത്തരത്തിൽ ഒരു legal immunity ഉള്ള ഒരേയൊരു സാധനമാണ്‌ വിശ്വാസം. ആചാരങ്ങൾ എന്ന പേരിൽ എന്ത്‌ വൃത്തികേടും ന്യായീകരിക്കാനുള്ള ഒരു സാധനമാണ്‌ വിശ്വാസം. ജല്ലിക്കെട്ട്‌ പോലുള്ള പ്രാകൃതാഘോഷങ്ങൾ നിരോധിയ്ക്കാനുള്ള ശ്രമങ്ങളെ തുടക്കത്തിൽ തന്നെ നുള്ളിക്കളയാൻ ഇത്തരം വിശ്വാസിക്കൂട്ടങ്ങൾക്ക്‌ സാധിച്ചിട്ടുണ്ട്‌. വിശ്വാസം, ആചാരം, സംസ്കാരം തുടങ്ങിയ പദങ്ങൾ മനുഷ്യനന്മയ്ക്ക്‌ യാതൊന്നും നൽകാത്ത ഇത്തരം കൃത്യങ്ങൾക്ക്‌ വരെ ഉപയോഗിയ്ക്കാൻ ഇവർക്ക്‌ യാതൊരു മടിയുമില്ല. അദൃശ്യമായൊരു വിശ്വാസലോബി ഇത്തരം കാര്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്‌, അതിനെ മറികടന്ന് പ്രവർത്തിക്കാൻ കോടതികൾക്കുപോലും സാധിയ്ക്കില്ല. It is immutable, and that is it.

ഇന്നലെ നടന്ന സംഭവത്തിൽ നിയമം എന്തുചെയ്തു? പോലീസുകാർ നിന്ന് ജാഥയ്ക്ക്‌ പോകാനുള്ള വഴിയൊരുക്കിക്കൊടുത്തു.



ഇത്തരത്തിൽ ഒരു legal immunity ഉള്ള ഒരേയൊരു സാധനമാണ്‌ വിശ്വാസം. ആചാരങ്ങൾ എന്ന പേരിൽ എന്ത്‌ വൃത്തികേടും ന്യായീകരിക്കാനുള്ള ഒരു സാധനമാണ്‌ വിശ്വാസം. ജല്ലിക്കെട്ട്‌ പോലുള്ള പ്രാകൃതാഘോഷങ്ങൾ നിരോധിയ്ക്കാനുള്ള ശ്രമങ്ങളെ തുടക്കത്തിൽ തന്നെ നുള്ളിക്കളയാൻ ഇത്തരം വിശ്വാസിക്കൂട്ടങ്ങൾക്ക്‌ സാധിച്ചിട്ടുണ്ട്‌.

വിശ്വാസം, ആചാരം, സംസ്കാരം തുടങ്ങിയ പദങ്ങൾ മനുഷ്യനന്മയ്ക്ക്‌ യാതൊന്നും നൽകാത്ത ഇത്തരം കൃത്യങ്ങൾക്ക്‌ വരെ ഉപയോഗിയ്ക്കാൻ ഇവർക്ക്‌ യാതൊരു മടിയുമില്ല. അദൃശ്യമായൊരു വിശ്വാസലോബി ഇത്തരം കാര്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്‌, അതിനെ മറികടന്ന് പ്രവർത്തിക്കാൻ കോടതികൾക്കുപോലും സാധിയ്ക്കില്ല. It is immutable, and that is it.

ഇത്‌ വിശ്വാസികളല്ലേ ചെയ്യുന്നത്‌, നിങ്ങൾക്കെന്ത്‌ നഷ്ടം എന്നൊരു ചോദ്യവും വന്നേയ്ക്കാം. പൊതുസ്ഥലത്ത്‌ ആളുകൾക്ക്‌ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള ദൃശ്യമാണെങ്കിൽ, സാധാരണനിലയിൽ, ജനം എന്ത്‌ ചെയ്യും? മറ്റുമതസ്ഥർക്കടക്കം പലർക്കും കുട്ടികളുടെ കവിൾ കുത്തിത്തുളച്ച്‌ കാണുന്നത്‌ അത്ര സുഖമുള്ള കാര്യമൊന്നുമായിരിക്കില്ല. വിശ്വാസത്തിന്റെ കാര്യമായതിനാൽ (സ്വന്തം തടി രക്ഷിക്കാനുള്ളതിനാലും) ഞാനടക്കം പലരും നേരിട്ട്‌ എതിർപ്പ്‌ പ്രകടിപ്പിക്കുന്നില്ല എന്നേയുള്ളു. വിശ്വാസത്തിന്റെ അദൃശ്യശക്തിയ്ക്ക്‌ ഇതിൽക്കൂടുതൽ തെളിവ്‌ വേണമെന്നില്ല.


ദൈവവിശ്വാസത്തിന്റെ പേരിൽ എന്തും ന്യായീകരിക്കപ്പെടേണ്ടതുണ്ടോ? നിയമവും നിയമപാലകരും അതിന്‌ മൗനാനുവാദം നൽകേണ്ടതുണ്ടോ?

=======================================
ഇപ്പോഴും പറയാം, പറഞ്ഞുകൊണ്ടേയിരിക്കാം: വിശ്വാസം, അതല്ലേ എല്ലാം. എത്രകാലം ഈ സ്വർണ്ണക്കടക്കാരന്റെ കച്ചവടബുദ്ധിയിൽ തെളിഞ്ഞ വാചകം പൊക്കിപ്പിടിച്ചുനടക്കാം?