എന്റെ ചിന്തകൾ

Monday, May 31, 2010

ജീവൻ രക്ഷിക്കണോ കൈത്തരിപ്പ്‌ തീർക്കണോ?

ഞായറാഴ്ച ഉച്ചയ്ക്ക്‌ ഷോപ്പിങ്ങടക്കം ചില ചില്ലറ ലക്ഷ്യങ്ങളുമായി വീട്ടിൽ നിന്നും കാറുമെടുത്ത്‌ ഇറങ്ങിയതാണ്‌ ഞങ്ങൾ.


പോങ്ങുമ്മൂട്‌ ജങ്ങ്ഷൻ എത്തിയപ്പോൾ പിന്നിൽ നിന്നും സൈറൻ. ആംബുലൻസ്‌ ചീറിപ്പാഞ്ഞ്‌ വരുന്നു. സ്വാഭാവികമായും ഞാൻ കാറ്‌ അൽപം ഇടത്തോട്ട്‌ ചേർത്ത്‌ സ്പീഡ്‌ കുറച്ച്‌ (കുറച്ചു എന്ന് പറയാൻ ഞാൻ വലിയ സ്പീഡിലൊന്നുമല്ല പോയിരുന്നത്‌) ആംബുലൻസിന്‌ പോകാൻ വഴി കൊടുത്തു. മെഡിക്കൽ കോളേജിലേക്കുള്ള വഴിയാണെന്നതിനാൽ ഇത്തരം സംഭവങ്ങൾ ഒരെണ്ണമെങ്കിലും കാണാതെ ഉള്ളൂർ ജങ്ങ്ഷൻ വരെ പോകാൻ സാധിക്കാറില്ല.

ആംബുലൻസ്‌ ഞങ്ങളെ കടന്നുപോയി, എന്റെ വണ്ടിയുടെ സ്പീഡ്‌ കുറഞ്ഞതിനാൽ ഒരു കാർ എന്നെയും ഓവർടേക്ക്‌ ചെയ്യുകയും ചെയ്തു :)
ഒരു നൂറു മീറ്റർ മുന്നോട്ട്‌ പോയിരിക്കും, അപ്പോൾ ഒരു ചെറിയ ബ്ലോക്ക്‌. എന്റെ മുന്നിൽ രണ്ട്‌ വണ്ടികളുണ്ട്‌, സൈഡിലായി മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നു. അൽപം മുന്നിലായി നേരത്തെ പോയ ആംബുലൻസും. ഒരു നിമിഷം ഒന്നു പേടിച്ചു. ആംബുലൻസ്‌ വല്ലവരേയും ഇടിച്ചോ?


സംഭവം മറ്റൊന്നായിരുന്നു.


ആംബുലൻസിൽ നിന്നും രണ്ടുപേർ ചാടിയിറങ്ങി. സൈഡ്‌ ചേർത്ത്‌ നിർത്തിയിട്ടിരുന്ന കാറിനുനേരെ ഓടിയെത്തി. പിന്നീട്‌ കേട്ടത്‌ നല്ല മുട്ടൻ തെറിയായിരുന്നു. ഇറങ്ങിയ രണ്ടുപേരും കാറിന്റെ ഡ്രൈവറുടെ നേരെ കൈചൂണ്ടി എന്തൊക്കെയോ ഉച്ചത്തിൽ പറയുന്നുണ്ട്‌, ഇറങ്ങിവരാനടക്കമുള്ള ആക്രോശം. ഒരാൾ കാറിന്റെ മുകളിൽ ഗ്ലാസിൽ ശക്തിയായി രണ്ടിടിയും കൊടുത്തു. ഏകദേശം ഒരു മിനിറ്റോളം ഉണ്ടായി ഈ കലാപരിപാടി. അതിനുശേഷം അവർ തിരിച്ച്‌ ആംബുലൻസിൽ കയറി യാത്ര തുടർന്നു.

പ്രശ്നം? കാറുകാരൻ ആംബുലൻസിന്‌ വഴിമാറിക്കൊടുത്തില്ല.


പ്രസ്തുത ഡ്രൈവർ, പാവം, ഈ ആക്രമണമെല്ലാം നിശബ്ദം സഹിച്ചതിനുശേഷം വണ്ടി പതുക്കെ മുന്നോട്ട്‌ നീക്കിത്തുടങ്ങി. അപ്രതീക്ഷിതമായ ഈ സംഭവത്തിലുള്ള ഞെട്ടൽ കാരണമായിരിക്കാം, വണ്ടി ഏറെ പതുക്കെയാണ്‌ പോയിരുന്നത്‌. കാർ കുറച്ചുകൂടി അടുത്ത്‌ കാണാൻ അപ്പോഴാണ്‌ ഞങ്ങൾക്ക്‌ സാധിച്ചത്‌.

പിന്നിലിരിക്കുന്നവരിൽ ഒരാൾ അൽപം പ്രായമുള്ള വ്യക്തിയാണ്‌. സകുടുംബമാണ്‌ യാത്രയെന്ന് മനസിലാക്കാം. മുന്നിലിരിക്കുന്നത്‌ വണ്ടിയോടിക്കുന്നയാളുടെ ഭാര്യയായിരിക്കാനും സാധ്യതയുണ്ട്‌.

കാറിന്റെ ഗ്ലാസ്‌ സാമാന്യം നന്നായിത്തന്നെ ചിന്നിയിട്ടുണ്ട്‌. ഡ്രൈവൗടെ വശം ഏതാണ്ട്‌ മുഴുവനായിത്തന്നെ വിണ്ട്‌ പൊട്ടിയിരിക്കുന്നു. (കാറിന്റെ ഗ്ലാസ്‌ എങ്ങിനെ പൊട്ടിക്കാമെന്ന് അറിയാവുന്നവനാണ്‌ ആംബുലൻസിൽ ഉണ്ടായിരുന്നവനെന്ന് വ്യക്തം)

--------------------------------------------------------------------------------------


ആംബുലൻസ്‌ പോകുമ്പോൾ വഴിയൊരുക്കിക്കൊടുക്കുക എന്നത്‌ ഏതൊരു പൗരന്റേയും കടമയാണ്‌. നാം വഴി മുടക്കിയാൽ നഷ്ടപ്പെടുന്ന സമയം, ഒരുപക്ഷെ, നിർണ്ണായകമാംവിധം രോഗിയുടെ രക്ഷാസാധ്യതയെ സ്വാധീനിക്കാം.പ്രസ്തുത കാർ വേറൊരു വണ്ടിയെ ഓവർടേക്ക്‌ ചെയ്തതാവാം, അല്ലെങ്കിൽ സൈഡൊതുക്കാൻ അൽപം വൈകിയിരിക്കാം, അല്ലെങ്കിൽ ഇടവഴികളിൽ നിന്നും കയറിവന്നതാകാം (റോഡിലേക്ക്‌ അൽപം കയറിവരുന്നത്‌ സ്വാഭാവികം), സംസാരത്തിനിടയിലോ കാറിൽ പാട്ട്‌ വെച്ചതിനാലോ മറ്റോ ആംബുലൻസിനെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അതുമല്ലെങ്കിൽ ഡ്രൈവർ പരിചയം കുറഞ്ഞയാളായിരിക്കാം..... ചില സാധ്യതകൾ തള്ളിക്കളയാനാവില്ല.

ഇതൊന്നുമല്ലെങ്കിൽ തികഞ്ഞ മര്യാദകേട്‌.


ഇവിടെ ആ കാർ ഡ്രൈവർ ചെയ്തത്‌, അറിഞ്ഞാണെങ്കിലും അല്ലെങ്കിലും, തെറ്റുതന്നെയാണ്‌. അയാൾ വഴിമാറി കൊടുക്കേണ്ടതുതന്നെയായിരുന്നു.പക്ഷെ ആ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങിയവർ ചെയ്തതോ?

ഈ കാറിന്‌ പിന്നിലായതിനാൽ നഷ്ടപ്പെട്ട സമയത്തേക്കാൾ അധികം സമയം അവർ തങ്ങളുടെ ഈ പ്രവൃത്തിയിലൂടെ നഷ്ടപ്പെടുത്തിയിട്ടുണ്ട്‌. ആംബുലൻസിനുള്ളിൽ കിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാൻ അവർ കാണിക്കുന്നത്‌ പൗരധർമ്മമോ മനുഷ്യസ്നേഹമോ വേണ്ടപ്പെട്ടയാൾക്കായുള്ള കടമയോ ആകട്ടെ, അത്‌ മറന്നാണ്‌ അവർ വെറും ഗുണ്ടായിസത്തിലേക്ക്‌ ഇറങ്ങിയത്‌. ആ സന്ദർഭത്തിൽ അത്യാസന്നനിലയിലുള്ള ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതിനേക്കാൾ അവർക്ക്‌ പ്രധാനമായിത്തോന്നിയത്‌ തങ്ങളെ ഉപദ്രവിച്ചു എന്ന് സങ്കൽപ്പിച്ച്‌ ഒരാളുടെ നേരെ കൈത്തരിപ്പ്‌ തീർക്കുകയാണ്‌.


ഇതാണോ മനുഷ്യസ്നേഹം?

ഇതുകൊണ്ട്‌ അവർ എന്താണ്‌ നേടിയത്‌?


രോഗിയെ സഹായിച്ചോ? - ഇല്ല, പകരം അയാളുടെ രക്ഷാസാധ്യത ഈ സമയനഷ്ടത്തിലൂടെ ഒന്നുകൂടി മങ്ങി.

വേറെയാർക്കെങ്കിലും ഗുണമുണ്ടായോ? - ഇല്ലേയില്ല. ഉണ്ടായത്‌ ഒരു കുടുംബത്തിന്‌ സാമ്പത്തികബാധ്യത മാത്രം. അപ്രതീക്ഷിതമായ ഒരു വാഗ്‌ആക്രമണത്തിലൂടെ വിഷമവും, ഒരുപക്ഷെ, കുറ്റബോധവും.


അൽപനേരത്തെ ഈ പരിപാടിയിലൂടെ അവർ കളഞ്ഞത്‌ അത്രയും നേരത്തെ അവരുടെ മനസിലെ നന്മയാണ്‌.


ഇനി, കാർഡ്രൈവർ അൽപം തടിമിടുക്കുള്ളയാളാണെങ്കിലോ, അയാൾ പുറത്തേക്കിറങ്ങി ഒരു തർക്കത്തിന്‌ മുതിർന്നാലോ? തകർന്ന ചില്ലിന്‌ നഷ്ടപരിഹാരം തരാതെ ആംബുലൻസ്‌ വിടില്ലന്നെങ്ങാനും പറഞ്ഞ്‌ അടിയുണ്ടാക്കിയാലോ? രോഗിയുടെ കാര്യം എന്തായീ?

അൽപം കടന്ന് ചിന്തിക്കട്ടെ, ചോദിക്കട്ടെ.

ഈ ചെറുപ്പക്കാർക്ക്‌ എന്തായിരുന്നു ആവശ്യം? ഒരാളുടെ ജീവൻ രക്ഷിക്കലോ അതോ അങ്ങിനെയൊരാൾ രക്ഷപ്പെട്ടാൽ അവർക്ക്‌ ലഭിച്ചേക്കാവുന്ന അനുമോദനങ്ങളോ (അതുപോലുള്ള ഭൗതികലാഭങ്ങളോ)? ഈ സംഭവം കണ്ടിട്ട്‌ ഉറപ്പിച്ച്‌ പറയാൻ എനിക്കാവില്ല.

20 comments:

അപ്പൂട്ടൻ said...

ഇതൊരു ചെറിയ സംഭവമായിരിക്കാം.

പക്ഷെ ഇതൊരു വികാരപ്രകടനം മാത്രമാണെന്ന് എനിക്ക്‌ തോന്നിയില്ല. പ്രത്യക്ഷത്തിൽ കാണിക്കുന്ന മനുഷ്യസ്നേഹത്തേക്കാൾ വലുതാണ്‌ മനുഷ്യന്‌ സ്വന്തം വാശികൾ എന്ന് ഇതെന്നെ ഓർമ്മിപ്പിച്ചു, ഒരിക്കൽക്കൂടി, വേദനിപ്പിച്ചുകൊണ്ടുതന്നെ.

ടോട്ടോചാന്‍ said...

തെറ്റിനെ തെറ്റുകൊണ്ടെതിര്‍ക്കാന്‍ എല്ലാവര്‍ക്കും എന്താ താത്പര്യം...
കാറിന്റെ ചില്ലിന്റെ പണം ആംബുലന്‍സ്കാരില്‍ നിന്നു തന്നെ ഈടാക്കണം. പിന്നീട്.. രോഗിയെ നോക്കാതെ കൈക്കരുത്ത് തീര്‍ക്കുന്നവരാണ് നമ്മുടെ നാട്ടിലധികവും. (ആക്സിഡന്റ് കേസുകള്‍ തന്നെ നോക്കുക)

//ചാട്ടവാര്‍// said...

അപ്പൂട്ടാ,

ആ ആംബുലന്‍സില്‍ അത്യാസന്ന നിലയില്‍ ഉള്ള രോഗിയോ മറ്റോ ഉണ്ടായിരുന്നു എന്നു അപ്പൂട്ടനു ഉറപ്പാണോ? :-)
ഒന്നുമില്ലാതെ ആലപ്പുഴയിലെ ഒരു ഹോസ്പിറ്റലില്‍ നിന്നും നല്ല തിരക്കുള്ള റോഡിലൂടെ അംബലപ്പുഴ വരെ “ ആ നിലവിളി ശബ്ദം” (കടപ്പാട് :ജഗതി (മിന്നാരം))‌ ഇട്ടോണ്ടു പറന്നു പോയിട്ടുണ്ടു

ഒരു യാത്രികന്‍ said...

അപ്പൂട്ടാ.. ആളുകള്‍ക് ഇത്ര മര്യാദയില്ലാതെ എങ്ങിനെ പെരുമാറാന്‍ തോന്നുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...സസ്നേഹം

jayanEvoor said...

അഹന്ത, ആളാകാനുള്ള ഉൽക്കടമായ ആക്രാന്തം...!
ഇതൊന്നും ചികിത്സിച്ചുമാറ്റുക എളുപ്പമല്ല.
തെറിക്കുത്തരം മുറിപ്പത്തൽ!

bright said...

അപ്പൂട്ടാ ,
താങ്കളുടെ 'കൊലപാതകിക്കെന്തു മനുഷ്യാവകാശം' എന്ന പോസ്റ്റില്‍ ഞാന്‍ ഇട്ട മറുപടിയുടെ ഒരു വരി ഇവിടെ പ്രസക്തമായതുകൊണ്ട് അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു....

......പ്രതികാര ദാഹവും സത്യത്തില്‍ നമ്മുടെ ധാര്‍മ്മികതയുടെ ഭാഗമാണ്.At a basic level our sense of justice and need for revenge are one and the same.......

ആംബുലന്‍സിലുണ്ടായിരുന്നവരുടെ, 'അന്യായം' വച്ചുപൊറുപ്പിക്കാനാവില്ല എന്ന ബോധം അതായത് അവരുടെ ഉയര്‍ന്ന നീതിബോധമാണ് ഇവിടെ പ്രശ്നമുണ്ടാക്കിയത് എന്നത് വിരോധാഭാസമാണ്.പലപ്പോഴും വാശി (a fondness for 'fairness' and a willingness to uphold it no matter what.) തന്നെയാണ് മനുഷ്യ സ്നേഹം.ഇവിടെ സംഭവം അസ്ഥാനത്തായതാണ് പ്രശ്നം.ബഹളമുണ്ടാക്കിയവര്‍ക്ക് അവര്‍ ചെയ്ത രണ്ടു കാര്യവും,രോഗിയെ സഹായിച്ചതും,അതിനു തടസ്സം സൃഷ്ടിച്ചവനെ നിലക്ക് നിര്‍ത്തിയതും ഒരുപോലെ അഭിമാനകരമായി തോന്നുന്നുണ്ടാകാം. മനുഷ്യമനസ്സ് ഒരു വിചിത്രമായ സംഗതി തന്നെ അല്ലെ?എന്തായാലും road rage ഒരു മാനസിക രോഗമായി ഇപ്പോള്‍ അംഗീകരിച്ചിട്ടുണ്ട്.

Muhammed Shan said...

അതി വൈയ്കാരികതയല്ലേ ഇവിടെ പ്രശ്നം?
മനുഷ്യന്‍റെ ചിന്തകളില്‍ നിന്നും,പ്രവര്‍ത്തികളില്‍ നിന്നും ഒരു പരിധി വരെ വൈകാരികത മാറ്റി നിര്‍ത്തേണ്ടത് അത്യാവശ്യം ആണെന്ന് തോനുന്നു.അതിന് വ്യക്തിത്ത്വോവികാസം അല്ലാതെ മറ്റു പോംവഴികള്‍ ഇല്ലെന്നും തോനുന്നു.
എന്തിന്‍റെ പേരിലായാലും അക്രമം നീതീകരിക്കാനുമാകില്ല .

മുഫാദ്‌/\mufad said...

നല്ല ചിന്തകള്‍

ഷൈജൻ കാക്കര said...

ചാട്ടവാർ ചോദിച്ച സംശയം എനിക്കുമുണ്ട്‌.

അത്യാസന്നനിലയിലെ രോഗിയെകൊണ്ടുപോകുന്ന ആംബുലൻസ്‌ ആയിരുന്നുവെങ്ങിൽ, വണ്ടിയിലിരുന്നുകൊണ്ട്‌ ചീത്ത വിളിച്ച്‌ നിറുത്താതെ മുന്നോട്ട്‌പോകുമായിരുന്നു.

സുശീല്‍ കുമാര്‍ said...

ഒരു കാര്യം ചെയ്യുന്നതിനുമമ്പു്‌ അതിന്റെ Net result എന്ത് എന്ന് ചിന്തിക്കാന്‍ അധികമാരും മെനക്കെടാറില്ല. അങ്ങനെ ചിന്തിച്ച ഒരാളെങ്കിലും ആ ആംബുലന്‍സിലുണ്ടായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു. പക്ഷേ പിന്നെയും സംശയം ബാക്കി തന്നെയാണ്‌. ആംബുലന്‍സിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ രോഗിയുണ്ടായിരുന്നോ, അതോ മന്ത്രിയേക്കാല്‍ തിരക്കുള്ള മുറ്റു വല്ലവരുമായിരുന്നോ?

അനില്‍@ബ്ലോഗ് // anil said...

പ്രസക്തമായ ചിന്തകള്‍ തന്നെ അപ്പൂട്ടാ.
ആ ആംബുലന്‍സില്‍ രോഗി ഉണ്ടായാലും ഇതു തന്നെ സംഭവിക്കും , കാരണം രോഗി രക്ഷപ്പെടണം എന്നുള്ള ചിന്തയെക്കാള്‍ റോഡ്‌ ഭരിക്കുന്നവനായി പാഞ്ഞു വന്ന ആംബുലന്‍സിന്റെ അധികാരം വക വെച്ചു കൊടുത്തില്ല എന്നതാണ് പ്രശ്നം.

shaji.k said...

ഇപ്പോള്‍ ഇങ്ങിനെയാണ് അപ്പൂട്ടന്‍ എല്ലാവരും സ്വയം നീതി നടപ്പിലാക്കുകയാണ്.കണ്ണൂരില്‍ നടക്കുന്നതും ഇത് തന്നെയാണ്.ബ്രൈറ്റ്‌ പറഞ്ഞപോലെ ഇതില്‍ സന്തോഷവും അഭിമാനവും കണ്ടെത്തുന്നു.

ചിത്രഭാനു Chithrabhanu said...

രോഗിയെ രക്ഷപ്പെടുത്തുന്നതിനേക്കാൾ മാനസികമായ സംത്രുപ്തിയും ഹീറോയിസവും ഈ തെറി വിളിയിലാണ് അവർ കണ്ടെത്തുന്നത്. മറ്റൊരാളിൽ പഴിചാരുക എന്നത് വളരെ സുഖമുള്ള കാര്യമാണല്ലൊ...we are not bothered about the ultimate out come when selecting a path. This is a serious issue. And certainly i dont know the solution, whether it is political, social or psychological.

കൂതറHashimܓ said...

മ്മ്... ആളാവാനുള്ള ശ്രമത്തിന്റെ ഭാഗമാവാം തെറിയിലൂടെ കാറിനെ നേരിടാന്‍ അയാളെ പ്രേരിപ്പിച്ചത്.. നല്ല രീതിയില്‍ പെരുമാറേണ്ട ഘട്ടത്തില്‍ അതിന് കഴിഞ്ഞില്ലെങ്കില്‍... അത് ഒത്തിരി നഷ്ട്ടങ്ങള്‍ക്ക് കാരണമായെക്കും തീര്‍ച്ച

ഈ സംഭവം സൂചിപ്പിച്ചത് ഉജിതമായി, എനിക്കും മറ്റുള്ളവര്‍ക്കും ഇതൊരു ട്രൈനിങ് ആവട്ടെ..!!

CKLatheef said...

ഉചിതമായ പോസ്റ്റ്, കാലികമായ ചിന്തയും. പരിഹാരമെന്ത് എന്നതും പ്രസക്തം. കാലം ഇനി പഴയ പരസ്‌നേഹത്തിലേക്കും പരസ്പരസഹായമനോഭാവത്തിലേക്കും തിരിച്ചുപോകാനാവാത്തവിധം നഷ്ടപ്പെട്ടുവോ. ഇല്ല എന്നുതന്നെ ഞാന്‍ കരുതുന്നു. ഇവിടെ കമന്റിട്ട ആരും അതിനെ അനുകൂലിച്ചില്ലല്ലോ. അവര്‍ ചെയ്തത് നല്ല ഒരു കാര്യമല്ലെന്ന് വ്യക്തം. അവര്‍ ചെയ്തത് ഒട്ടും ധാര്‍മികതക്ക് നിക്കുന്നതല്ലെന്നാണ് അത് തെളിയിക്കുന്നത്. ചിലര്‍ക്കു തോന്നുന്നല്ല ധാര്‍മികത. ഒരാള്‍ ധാര്‍മികതയുടെ തെറ്റായ വ്യാഖ്യാനം ഉള്‍കൊണ്ടേക്കാം. എന്നാലും ഭൂരിപക്ഷം അതിനെ തിരുത്തും. ഇവിടെയും ബ്രൈറ്റ് സൂചിപ്പിച്ചവിധം ധാര്‍മികയുടെ പേരിലാകാം അവര്‍ കാറ് തല്ലിപ്പൊളിച്ചതെങ്കിലും ധാര്‍മികതയുടെ തെറ്റായ വ്യാഖ്യാനമായിരുന്നു അതെന്ന് ഇവിടെയുള്ള പ്രതികരണം തെളിയിക്കുന്നു. അല്ലായിരുന്നെങ്കില്‍ ആരെങ്കിലും അതിനെ ന്യായീകരിക്കുമായിരുന്നു. അപ്പോള്‍ പ്രശ്‌നം ധാര്‍മികതയല്ല. അതുകൊണ്ട് പ്രതികാരം ധാര്‍മികതയുടെ ഭാഗമാണ് എന്ന് ബ്രൈറ്റിന്റെ പ്രസ്താവനെയെ ഞാന്‍ ചോദ്യം ചെയ്യുന്നു. ദൈവദത്തമായ ധാര്‍മികതയില്‍ വിട്ടുവീഴ്ചയാണ് ധാര്‍മികതയായി അംഗീകരിക്കപ്പെടുന്നത് എന്ന് ഞാന്‍ തിരുത്തുകയും ചെയ്യുന്നു. എന്റെ വാദത്തിന് തെളിവായി വിശുദ്ധഖുര്‍ആനിലെ ഒരു വാക്യം ഇവിടെ നല്‍കുന്നു. 35 തവണ അത് വിട്ടുവീഴ്ചയെക്കുറിച്ചു പറഞ്ഞു. അതിലൊന്ന് ഇങ്ങനെ:

അവര്‍ക്ക് മാപ്പുകൊടുക്കുകയും വിട്ടുവീഴ്ച കാണിക്കുകയുമാണ് വേണ്ടത്. (24:22)

ജിപ്പൂസ് said...

ചാട്ടവാറിന്‍റേയും കാക്കരയുടേയും സംശയം ശരിയാണ്.ആംബുലന്‍സിന്‍റെ ഈ സൈറണ്‍ പലരും തങ്ങളുടെ വ്യക്തിപരമായ ആവശ്യത്തിനായി ദുരുപയോഗം ചെയ്യുന്നുണ്ട്.

"ആ ആംബുലന്‍സില്‍ രോഗി ഉണ്ടായാലും ഇതു തന്നെ സംഭവിക്കും , കാരണം രോഗി രക്ഷപ്പെടണം എന്നുള്ള ചിന്തയെക്കാള്‍ റോഡ്‌ ഭരിക്കുന്നവനായി പാഞ്ഞു വന്ന ആംബുലന്‍സിന്റെ അധികാരം വക വെച്ചു കൊടുത്തില്ല എന്നതാണ് പ്രശ്നം."

അനിലേട്ടന്‍ പറഞ്ഞ ഈയൊരു മനോനില തന്നെയാണെന്ന് തോന്നുന്നു ഇത്തരം ഗുണ്ടായിസത്തിന് ചിലരെ പ്രേരിപ്പിക്കുന്നത്.

പ്രതികരണം പ്രസക്തം അപ്പൂട്ടാ.ആശംസകള്‍

ഹംസ said...

പെരിന്തല്‍മണ്ണ ടൌണിലൂടെ തിരക്കുള്ള സമയത്ത് എന്നും ഒരേ സമയത്ത് ഒരു സ്വകാര്യ ഹോസ്പിറ്റലിലെ ആംബുലന്‍സ് അലറാം മുഴക്കി പോവുന്നത് കണ്ട് സംശയം തോനിയ നാട്ടുകാര്‍ ഒരു ദിവസം തടഞ്ഞപ്പോള്‍ മനസ്സിലായത് ഡ്രൈവര്‍ വീട്ടിലേക്ക് ഊണ് കഴിക്കാന്‍ പോവുന്നതായിരുന്നു എന്നും. ! പാവം വിശപ്പ് സഹിക്കാന്‍ പറ്റാഞ്ഞിട്ടായിരുന്നു. അന്നു നാട്ടുകാര്‍ അവന്‍റെ വിശപ്പ് മാറ്റിയാ വിട്ടത്. അത് ആംബുലന്‍സിന്‍റെ കാര്യമാണെങ്കില്‍ മറിച്ച് അത്യാവശ്യത്തിനു പോവുന്ന ആംബുലന്‍സിനു വഴികൊടുക്കാത്ത “മനുഷ്യ സ്നേഹികളും” ഉണ്ട് എന്നു പറയാതെ വയ്യ.!

ഹരീഷ് തൊടുപുഴ said...

ഈ സേയിം സംഭവം കഴിഞ്ഞയാഴ്ച പാറശാലക്കു സമീപം ഞാന്‍ കണ്ടിരുന്നു.
ആട്ടോയില്‍ അത്യാസന്നനിലയിലെന്ന വണ്ണം ഒരു രോഗിയുമായി ലൈറ്റിട്ടു സ്പീഡില്‍ പോകുന്നു. പുറകേ ഒരു ബൈക്കില്‍ ആരോ രണ്ട് പേര്‍; മദ്യപിച്ചിട്ടുണ്ടെന്നു കാഴ്ചയില്‍ വ്യക്തം. ട്രാഫിക് ഐലന്‍ഡില്‍ വെച്ചു; പൂസായിട്ടു ഡ്രൈവ് ചെയ്യാന്‍ പോലും പറ്റില്ലാത്ത അവസ്ഥയില്‍ ഓടിച്ചിരുന്ന ബൈക്കിന്റെ ഡ്രൈവെര്‍ ആട്ടോയുടെ പുറകിനിട്ടു ഒന്നു കൊടുത്തു. ആട്ടോയില്‍ നിന്നു രണ്ടുമൂന്നു പിള്ളെര്‍ സെറ്റ് ഇറങ്ങി വന്നു; ബൈക്കുകാരനിട്ടും, അയാളുടെ പുറകിലിരുന്നവനിട്ടും ചടപടാ എന്നു അഞ്ചാറിടിയും, ചവിട്ടും.. പിന്നെ പുളിച്ച തെറിയും..
രസമെന്തെന്നു വെച്ചാല്‍; വയ്യാണ്ടു ആട്ടോയില്‍ കിടന്ന രോഗിയും റോഡില്‍ ചാടിയിറങ്ങി രണ്ടെണ്ണം ബൈക്കുകാര്‍ക്കിട്ട് പൊട്ടിച്ചുവെന്നതാണ്..!!

അപ്പോ..
അപ്പൂട്ടൊ..
ഇതൊക്കെ നിങ്ങടെ നട്ടില്‍ നിത്യ സംഭവമാ അല്ലേ..!!
:)

Jishad Cronic said...

പ്രസക്തമായ ചിന്തകള്‍ തന്നെ.

പഞ്ചാരകുട്ടന്‍ -malarvadiclub said...

adipoli
www.malarvadiclub.com