എന്റെ ചിന്തകൾ

Friday, January 21, 2011

നിയമങ്ങളൊന്നും ബാധകമല്ലാത്തവയ്ക്കായി...

കഴിഞ്ഞ രണ്ട്‌ ദിവസമായി ഞാൻ കണ്ട ദൃശ്യങ്ങളാണ്‌ ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്‌. ഒന്നോ രണ്ടോ ഫോട്ടോ കൂടി കൊടുത്താൽ ഇതൊന്ന് പൊലിപ്പിയ്ക്കാം എന്ന് അറിയാഞ്ഞിട്ടല്ല, പക്ഷെ ആ സമയത്തെ എന്റെ മാനസികാവസ്ഥ ഒരു ചിത്രമെടുക്കാൻ എന്നെ അനുവദിച്ചില്ല. കൂടാതെ മരണമടക്കം എന്തിനേയും മൊബൈൽ ക്യാമറയിലേയ്ക്ക്‌ പതിപ്പിയ്ക്കാനുള്ള മലയാളിയുടെ "ഔചിത്യം" ഇതുവരെ സ്വായത്തമാക്കിയിട്ടില്ലാത്തതിനാൽ ക്ഷമിക്കൂ..


സാധാരണഗതിയിൽ ഒരു വ്യക്തി പ്രായപൂർത്തിയായിട്ടില്ലാത്ത ഒരാളുടെ ദേഹത്ത്‌ സാമാന്യം മോശമല്ലാത്ത ഒരു പരിക്കേൽപ്പിച്ചു എന്നിരിയ്ക്കട്ടെ. എന്തായിരിക്കും അയൽവാസികളുടെ പ്രതികരണം? നിയമത്തിന്റെ മുന്നിലേയ്ക്ക്‌ ഈ കേസ്‌ എത്തിയാൽ എന്തായിരിക്കും നിയമനടപടി? ഏറെ വിഷമിയ്ക്കാതെ തന്നെ നമുക്ക്‌ ഉത്തരം കിട്ടും, അയാൾ ശിക്ഷിക്കപ്പെടും.

പക്ഷെ, ഇത്‌ ബാധകമല്ലാത്ത കേസുകളുമുണ്ട്‌. നമ്മുടെ ന്യായപീഠം നടപടിയെടുക്കാൻ മടിയ്ക്കുന്ന, അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങളുണ്ടെങ്കിലും ആരും വകവെയ്ക്കാത്ത ചില പ്രത്യേക അവസരങ്ങൾ, fully insulated from law!!


ഇന്നലെ (വ്യാഴാഴ്ച, ജനുവരി 20 2011) തൈപ്പൂയം, കുഞ്ഞന്‌ ഒരു ദിവസം ക്ലാസില്ല.

ബുധനാഴ്ച (മിനിയാന്ന്) രാവിലെ ഓഫീസിലേയ്ക്ക്‌ പോകുമ്പോഴാണ്‌ ആദ്യദൃശ്യം കണ്ടത്‌. നേരിട്ട്‌ കാണുന്നത്‌ ആദ്യമായാണ്‌, ഫോട്ടൊ പോലും എനിയ്ക്കെന്നും ഏറെ അമർഷമുണ്ടാക്കുന്ന ഒന്നാണ്‌.

ഒരു പെട്ടിഓട്ടോറിക്ഷവണ്ടിയിൽ മുന്നിൽ നിന്നും പിന്നിലേയ്ക്കായി രണ്ടുമൂന്ന് മുളന്തടികൾ കെട്ടിയിട്ടുണ്ട്‌. ഓരോന്നിലും ഓരോരുത്തർ വീതം തൂങ്ങിക്കിടക്കുന്നു. മുതുകത്തും കാലിലുമായി ചില കൊളുത്തുകൾ ശരീരത്തിലേയ്ക്ക്‌ തറച്ചുകയറ്റിയാണ്‌ അവരെ തൂക്കിയിട്ടിരിക്കുന്നത്‌. ഇത്‌, എന്നെപ്പോലൊരാൾക്ക്‌, ഒരിക്കലേ നോക്കാനാവൂ, ഭക്തി തലയ്ക്ക്‌ കയറിയവരുടെ കാര്യം എനിയ്ക്കറിയില്ല.

ഇന്നലെ രാവിലെ കണ്ടത്‌ അതിലും വിശേഷമായ കാഴ്ചയാണ്‌.

ശ്രീകാര്യം ജങ്ങ്ഷൻ മുതൽ നീണ്ടൊരു ജാഥ മട്ട്‌ നീങ്ങുന്ന ജനം. അത്യാവശ്യം മ്യൂസിക്‌ ഒക്കെയുണ്ട്‌. വാഹനങ്ങൾ അൽപം പതുക്കെയാണ്‌ നീങ്ങുന്നത്‌. ട്രാഫിക്‌ നിയന്ത്രണത്തിനായി പോലീസ്‌ ഉണ്ട്‌, ഒരു വഴിയ്ക്ക്‌ മാത്രമേ വണ്ടികൾ നീങ്ങുന്നുള്ളൂ.

പതുക്കെയാണെങ്കിലും വാഹനങ്ങൾ പോകുന്നതിനാൽ കാഴ്ച ഏതാണ്ടൊക്കെ നന്നായിത്തന്നെ കാണാം.

ജാഥയിൽ പലരുടേയും കവിളുകൾ തുളച്ച്‌ ശൂലമിട്ടിട്ടുണ്ട്‌. ചില ശൂലങ്ങൾ ചെറുതാണ്‌, ഏതാണ്ട്‌ ഒരു ചെറിയ സ്കെയിലിന്റെ നീളം വരും. ചിലത്‌ സാമാന്യം നീളമുള്ളതാണ്‌. ഇരുഭാഗത്തും നിലം മുട്ടുന്നില്ല എന്നേയുള്ളു. ഒരു രണ്ട്‌ മീറ്ററോളം (അതോ അതിലധികമോ) വരും ചില "ശൂലങ്ങൾ". (ഇതിനൊക്കെ ശൂലം എന്ന് പറയാമോ ആവോ).

ഇതിലെ ഏറ്റവും വിശേഷപ്പെട്ട കാര്യം ഇതുവരെ പറഞ്ഞില്ല.

നൂറുപേരെങ്കിലും കാണുമായിരിക്കും ഇത്തരത്തിൽ കവിളിൽ ശൂലമുള്ളവർ (ദേഹത്തും തുളച്ചിരിക്കുന്ന ചില ആളുകളേയും കണ്ടു ഇതിനിടയിൽ). ചിലരൊക്കെ മറ്റുള്ളവരുടെ താങ്ങിലാണ്‌ നടക്കുന്നതുതന്നെ, താങ്ങുന്നയാളുടെ ബന്ധുവായതിനാലാണോ അതോ സത്യത്തിൽ ഏറെ ക്ഷീണിതനായതിനാലാണോ എന്നറിയില്ല. ഉന്മാദത്തോടെ ആടുന്ന ചിലരും ഉണ്ട്‌ കൂട്ടത്തിൽ, അവരെ ശ്രദ്ധിക്കാനായി ഒന്നിലധികം ആൾക്കാരുണ്ട്‌.

ഞാൻ കണ്ട ആൾക്കാരിൽ അധികവും പ്രായപൂർത്തിയാകാത്തവാരാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാവുന്നവരാണ്‌. മീശ പോലും മുളയ്ക്കാത്തവരാണ്‌ ഭൂരിപക്ഷം. ഒരു 15-20 റേഞ്ചിൽ പെടും. അതിലും കഷ്ടം പത്തുവയസുപോലും തികയാത്ത കുട്ടികളും ഇതിനിടയിൽ ഉണ്ട്‌ എന്നതാണ്‌.

നൂറുപേർ ഇത്തരത്തിൽ തുളച്ചിട്ടുണ്ടെങ്കിൽ എഴുപതോളം (അതിലധികവും ഉണ്ടായിരിക്കാം, ഞാൻ കണ്ടത്‌ ഈ ജാഥയുടെ അവസാനഭാഗം മാത്രമാണ്‌) പേർ മൈനറുകളാണ്‌, പകുതിയോളം തീരെ കുട്ടികളും.

ഈ വൈകൃതം ആർക്ക്‌ വേണ്ടിയാണ്‌?


ദൈവത്തിനുവേണ്ടിയല്ല, നിശ്ചയം, ഒരു എട്ടുവയസുകാരന്റെ കവിളിൽ മുറിവേറ്റാൽ സന്തോഷിക്കുന്നവനാവാനിടയില്ല മുരുകൻ.

മനുഷ്യനന്മയ്ക്ക്‌ വേണ്ടിയോ? നൂറുപേർ ചോരയൊലിപ്പിച്ചാൽ മനുഷ്യനെന്ത്‌ ഗുണം?

സ്വയം വല്ല ഗുണവുമുണ്ടോ? അതിന്‌ നല്ല ദൈവവിശ്വാസവുമായി ജീവിച്ചാൽ പോരെ, എന്തിന്‌ സ്വയം കുത്തിക്കീറണം? എന്തിന്‌ സ്വന്തം മകന്റെ കവിൾ കുത്തിമുറിയ്ക്കണം? പീഡിപ്പിച്ചുവേണോ പുണ്യം? മുറിവേൽപ്പിച്ചുവേണോ ദൈവപ്രസാദം?


സ്വന്തം മകൻ അല്ലെങ്കിൽ മകൾ ചോരയൊലിപ്പിച്ചോ മറ്റേതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടിയോ കണ്ടിട്ടും മാതാപിതാക്കൾ പരിഭ്രമിച്ചുകാണാത്ത അവസരങ്ങൾ മിക്കവാറും (എല്ലാമെന്നുതന്നെ പറയാം) ദൈവവിശ്വാസവുമായി ബന്ധപ്പെട്ടതായിരിക്കും.


ഇനി വീണ്ടും എന്റെ ആദ്യപരാമർശത്തിലേയ്ക്ക്‌ വരട്ടെ.


പ്രായപൂർത്തിയാകാത്ത ഒരാളുടെ അനുവാദത്തോടെയാണെങ്കിലും പീഡിപ്പിക്കപ്പെട്ടാൽ അത്‌ forceful abuse ആയാണ്‌ നിയമം കണക്കാക്കാറ്‌. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയാൽ, ഏത്‌ സാഹചര്യത്തിലായാലും, അത്‌ ബലാൽസംഗമായാണ്‌ നിയമം വിലയിരുത്തുന്നത്‌. എന്നുവെച്ചാൽ ഇത്തരം കാര്യങ്ങളിൽ victim's consent പരിഗണിക്കാറില്ലെന്നർത്ഥം.

കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ ഒരു കുട്ടിയുടെ കവിൾ കുത്തി മുറിവേൽപ്പിച്ചാൽ നിയമദൃഷ്ട്യാ അത്‌ ശിക്ഷാർഹമാണ്‌.

ഇന്നലെ നടന്ന സംഭവത്തിൽ നിയമം എന്തുചെയ്തു? പോലീസുകാർ നിന്ന് ജാഥയ്ക്ക്‌ പോകാനുള്ള വഴിയൊരുക്കിക്കൊടുത്തു.




ഇത്തരത്തിൽ ഒരു legal immunity ഉള്ള ഒരേയൊരു സാധനമാണ്‌ വിശ്വാസം. ആചാരങ്ങൾ എന്ന പേരിൽ എന്ത്‌ വൃത്തികേടും ന്യായീകരിക്കാനുള്ള ഒരു സാധനമാണ്‌ വിശ്വാസം. ജല്ലിക്കെട്ട്‌ പോലുള്ള പ്രാകൃതാഘോഷങ്ങൾ നിരോധിയ്ക്കാനുള്ള ശ്രമങ്ങളെ തുടക്കത്തിൽ തന്നെ നുള്ളിക്കളയാൻ ഇത്തരം വിശ്വാസിക്കൂട്ടങ്ങൾക്ക്‌ സാധിച്ചിട്ടുണ്ട്‌. വിശ്വാസം, ആചാരം, സംസ്കാരം തുടങ്ങിയ പദങ്ങൾ മനുഷ്യനന്മയ്ക്ക്‌ യാതൊന്നും നൽകാത്ത ഇത്തരം കൃത്യങ്ങൾക്ക്‌ വരെ ഉപയോഗിയ്ക്കാൻ ഇവർക്ക്‌ യാതൊരു മടിയുമില്ല. അദൃശ്യമായൊരു വിശ്വാസലോബി ഇത്തരം കാര്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്‌, അതിനെ മറികടന്ന് പ്രവർത്തിക്കാൻ കോടതികൾക്കുപോലും സാധിയ്ക്കില്ല. It is immutable, and that is it.

ഇന്നലെ നടന്ന സംഭവത്തിൽ നിയമം എന്തുചെയ്തു? പോലീസുകാർ നിന്ന് ജാഥയ്ക്ക്‌ പോകാനുള്ള വഴിയൊരുക്കിക്കൊടുത്തു.



ഇത്തരത്തിൽ ഒരു legal immunity ഉള്ള ഒരേയൊരു സാധനമാണ്‌ വിശ്വാസം. ആചാരങ്ങൾ എന്ന പേരിൽ എന്ത്‌ വൃത്തികേടും ന്യായീകരിക്കാനുള്ള ഒരു സാധനമാണ്‌ വിശ്വാസം. ജല്ലിക്കെട്ട്‌ പോലുള്ള പ്രാകൃതാഘോഷങ്ങൾ നിരോധിയ്ക്കാനുള്ള ശ്രമങ്ങളെ തുടക്കത്തിൽ തന്നെ നുള്ളിക്കളയാൻ ഇത്തരം വിശ്വാസിക്കൂട്ടങ്ങൾക്ക്‌ സാധിച്ചിട്ടുണ്ട്‌.

വിശ്വാസം, ആചാരം, സംസ്കാരം തുടങ്ങിയ പദങ്ങൾ മനുഷ്യനന്മയ്ക്ക്‌ യാതൊന്നും നൽകാത്ത ഇത്തരം കൃത്യങ്ങൾക്ക്‌ വരെ ഉപയോഗിയ്ക്കാൻ ഇവർക്ക്‌ യാതൊരു മടിയുമില്ല. അദൃശ്യമായൊരു വിശ്വാസലോബി ഇത്തരം കാര്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്‌, അതിനെ മറികടന്ന് പ്രവർത്തിക്കാൻ കോടതികൾക്കുപോലും സാധിയ്ക്കില്ല. It is immutable, and that is it.

ഇത്‌ വിശ്വാസികളല്ലേ ചെയ്യുന്നത്‌, നിങ്ങൾക്കെന്ത്‌ നഷ്ടം എന്നൊരു ചോദ്യവും വന്നേയ്ക്കാം. പൊതുസ്ഥലത്ത്‌ ആളുകൾക്ക്‌ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള ദൃശ്യമാണെങ്കിൽ, സാധാരണനിലയിൽ, ജനം എന്ത്‌ ചെയ്യും? മറ്റുമതസ്ഥർക്കടക്കം പലർക്കും കുട്ടികളുടെ കവിൾ കുത്തിത്തുളച്ച്‌ കാണുന്നത്‌ അത്ര സുഖമുള്ള കാര്യമൊന്നുമായിരിക്കില്ല. വിശ്വാസത്തിന്റെ കാര്യമായതിനാൽ (സ്വന്തം തടി രക്ഷിക്കാനുള്ളതിനാലും) ഞാനടക്കം പലരും നേരിട്ട്‌ എതിർപ്പ്‌ പ്രകടിപ്പിക്കുന്നില്ല എന്നേയുള്ളു. വിശ്വാസത്തിന്റെ അദൃശ്യശക്തിയ്ക്ക്‌ ഇതിൽക്കൂടുതൽ തെളിവ്‌ വേണമെന്നില്ല.


ദൈവവിശ്വാസത്തിന്റെ പേരിൽ എന്തും ന്യായീകരിക്കപ്പെടേണ്ടതുണ്ടോ? നിയമവും നിയമപാലകരും അതിന്‌ മൗനാനുവാദം നൽകേണ്ടതുണ്ടോ?

=======================================
ഇപ്പോഴും പറയാം, പറഞ്ഞുകൊണ്ടേയിരിക്കാം: വിശ്വാസം, അതല്ലേ എല്ലാം. എത്രകാലം ഈ സ്വർണ്ണക്കടക്കാരന്റെ കച്ചവടബുദ്ധിയിൽ തെളിഞ്ഞ വാചകം പൊക്കിപ്പിടിച്ചുനടക്കാം?

Saturday, January 8, 2011

വെളിച്ചം കാണാൻ ഭാഗ്യമില്ലാത്ത ചിലകാര്യങ്ങൾ.

ശ്രീ ഹുസൈന്റെ ഡോക്കിൻസ്‌ ഖണ്ഡനം ഏറെ വഴിപിരിഞ്ഞ്‌ അദ്ദേഹത്തിന്റെ ബ്ലോഗും കടന്ന് നിൽക്കുകയാണ്‌. ഇപ്പോൾ ചർച്ച ഏറെയും അദ്ദേഹത്തിന്റെ ബ്ലോഗിലല്ല നടക്കുന്നത്‌, സത്യാന്വേഷിയുടെ ബ്ലോഗിലാണ്‌.

എന്റെ കഴിഞ്ഞ പോസ്റ്റ്‌ സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച്‌ ഹുസൈനോടുള്ള ചോദ്യങ്ങൾ സമാഹരിച്ചുകൊണ്ടുള്ള ഒന്നായിരുന്നു. ആ പോസ്റ്റ്‌ വന്ന് ഏതാണ്‌ രണ്ടാഴ്ചയ്ക്ക്‌ ശേഷം ഹുസൈൻ ആ വിഷയത്തിൽ ഒരു പോസ്റ്റ്‌ ഇട്ടു (For easier access to comments, follow this link). പ്രസ്തുതപോസ്റ്റ്‌ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമല്ല എന്ന നിലപാടായിരുന്നു എന്റേത്‌, ഏറെ വിശദീകരിക്കാതെ തന്നെ അത്‌ മനസിലാക്കാനാവുമെന്ന് ഞാൻ കരുതി. പക്ഷെ ഇരുനൂറ്‌ കമന്റ്‌ കഴിഞ്ഞിട്ടും സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത വിശദീകരിച്ചു എന്ന നിലപാടാണ്‌ ഹുസൈന്റേത്‌ എന്നറിഞ്ഞപ്പോൾ ഞാൻ വിശദമായിത്തന്നെ കമന്റെഴുതാൻ തീരുമാനിച്ചു.

അതിനിടെ തന്നെ ഹുസൈൻ തന്റെ ബ്ലോഗിൽ കമന്റ്‌ മോഡറേഷൻ ആരംഭിച്ചിരുന്നു. പലരും വിഷയേതരമായി കമന്റെഴുതുന്നു, അതുമൂലം മറുപടിയെഴുതാൻ ഹുസൈന്‌ ബുദ്ധിമുട്ടുണ്ട്‌ എന്നതായിരുന്നു അദ്ദേഹം പറഞ്ഞ കാരണം. കമന്റ്‌ മോഡറേഷൻ ഏർപ്പെടുത്തിയത്‌ ജനുവരി ഒന്ന്, ശനിയാഴ്ചയായിരുന്നു. അതിനുശേഷം ഏകദേശം 15 കമന്റുകൾ ആ പോസ്റ്റിൽ വന്നിട്ടുണ്ട്‌, അതിനടുത്ത പോസ്റ്റിൽ 12-ഉം. ഇത്‌ ജനുവരി 8-ലെ കണക്കാണ്‌, കമന്റ്‌ മോഡറേഷന്‌ ഒരാഴ്ചയ്ക്ക്‌ ശേഷമുള്ളത്‌.

ജനുവരി 4 ചൊവ്വാഴ്ചയാണ്‌ ഞാൻ എന്റെ കമന്റുകൾ പോസ്റ്റ്‌ ചെയ്യുന്നത്‌.

എന്റെ കമന്റ്‌, 5 ഭാഗമായിട്ടാണ്‌ എന്നാണ്‌ എന്റെ ഓർമ്മ, താഴെക്കൊടുക്കുന്നു.


================================================

ശ്രീ ഹുസൈൻ,

I'm sticking to the subject on how creationism is scientific, I'm not delving into evolution and your criticisms. ഒരുപാട് വിഷയങ്ങൾ കൂട്ടിക്കുഴച്ച് എഴുതിയിട്ട് ഏതിന് മറുപടി നൽകണം എന്ന കൺഫ്യൂഷൻ ഏതായാലും വേണ്ട. പരിണാമത്തെക്കുറിച്ച് പലരും പറയുന്നുണ്ടുതാനും. അതിനോടൊപ്പം ഞാനും എഴുതുന്നതിൽ പ്രത്യേകിച്ചൊരു ഗുണവും ഞാൻ കാണുന്നില്ല.

പോയിന്റുകളായി താങ്കൾ എഴുതിയിട്ടുണ്ട്, പക്ഷെ ഞാൻ അങ്ങിനെയല്ലാതെ തിരിച്ച് എഴുതുന്നതിൽ ക്ഷമിക്കൂ. ഏഴ് പോയിന്റുകളായി താങ്കൾ എഴുതിയിട്ടുണ്ടെങ്കിലും അതിൽ തന്നെ എത്ര വൈരുദ്ധ്യങ്ങൾ ഉണ്ട് എന്ന് താങ്കൾക്ക് തന്നെ വായിച്ചുനോക്കാവുന്നതാണ്. എന്തുകൊണ്ട് ഇത് എനിക്കുള്ള മറുപടിയല്ല എന്നതും ഞാൻ വിശദീകരിക്കാം. താങ്കളുടെ പോസ്റ്റിലെ ചില കാര്യങ്ങൾ കൂടി പരാമർശിക്കുന്നതിൽ വിരോധമില്ലെന്ന് കരുതുന്നു.


ഒന്ന്, സൃഷ്ടിവാദത്തിന് താങ്കൾ നൽകിയ വിശദീകരണം മുഴുവൻ സുസ്ഥിരതാവാദവുമായി ബന്ധപ്പെട്ടതാണ്. Let's be clear..
ഒരു ജീവിവർഗ്ഗം ഒരു മനുഷ്യായുസ്സിൽ, അല്ലെങ്കിൽ ഒരു നൂറ്റാണ്ടിൽത്തന്നെ, വലുതായി മാറ്റങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിൽ (അതുതന്നെ subjective ആയൊരു കാര്യമാണ്) അതിനർത്ഥം അത് ആ ജീവിവർഗ്ഗത്തിന്റെ lifespan മുഴുവൻ അങ്ങിനെത്തന്നെ ആയിരിയ്ക്കും എന്നത് ഒരു ശരിയായ നിരീക്ഷണമല്ല. മാറ്റങ്ങൾ എന്ത് എന്നതിനെക്കുറിച്ചാണ് താങ്കൾ പരിണാമസിദ്ധാന്തത്തെ എതിർക്കുന്നത്. താങ്കളുദ്ദേശിക്കുന്ന മാറ്റം ദൃശ്യമായില്ല എന്നതിനർത്ഥം തിയറി തെറ്റാണെന്നല്ലല്ലൊ. പുതിയൊരു ജീവിവർഗ്ഗമായി മാറുന്നതായി നിരീക്ഷിക്കപ്പെടുന്നില്ല എന്നതാണ് താങ്കൾ തെളിവായി പറയുന്നതും, അല്ലാതെ മാറ്റങ്ങൾ ഉണ്ടാകുന്നില്ല എന്നല്ല.

കാര്യം ഇങ്ങിനെയായിരിക്കെ ഈ സുസ്ഥിരത തന്നെ ചോദ്യപ്പെടുന്നതാണ്.

രണ്ട്, ഈ സുസ്ഥിരത തെളിയിയ്ക്കാനായി താങ്കൾ ഇവിടെ എടുത്തുപറഞ്ഞ ഉദാഹരണങ്ങൾ എന്താണ്?


മോർഗന്റെ പരീക്ഷണം, ലെൻസ്കിയുടെ പരീക്ഷണം....

ഈ വിഷയങ്ങളിൽ ആദ്യം മുതൽക്കെ ഞാൻ ഉന്നയിച്ചിരുന്ന ഒരു കാര്യമാണ് സൃഷ്ടിവാദത്തിൽ സ്വതന്ത്രമായി ഗവേഷണം ഒന്നും നടക്കുന്നില്ല എന്നത്. ലഭ്യമായ ചില വിവരങ്ങൾ വെച്ച് തങ്ങളുടെ വാദം ഉന്നയിയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പറഞ്ഞിരുന്നു. താങ്കൾ തന്നെ വാദിച്ചപ്രകാരം ഏതൊരു ശാസ്ത്രജ്ഞനും പരിണാമം നടക്കുന്നില്ല എന്ന് തെളിയിയ്ക്കാൻ ഒരു ലാബ് സെറ്റപ് ചെയ്യാൻ സാധിയ്ക്കും എന്നായിരുന്നു. അന്നുതന്നെ ഞാൻ ചോദിച്ചിരുന്നതാണ് സൃഷ്ടി നടക്കുന്നുണ്ട് എന്ന് തെളിയിയ്ക്കാൻ ഒരു ലാബ് സെറ്റപ് ചെയ്യാൻ സാധിയ്ക്കുമോ എന്ന്. അന്ന് താങ്കൾ അതിന് വ്യക്തമായൊരു മറുപടി പറഞ്ഞതുമില്ല.

ഇന്നും താങ്കൾ ചെയ്യുന്നത് ഇതുതന്നെയല്ലേ? പരിണാമസംബന്ധമായ ഗവേഷണത്തിന് ചിലർ സെറ്റപ് ചെയ്ത പരീക്ഷണങ്ങളിൽ നിന്നും തങ്ങളുടെ കൺക്ലൂഷൻ ഉണ്ടാക്കുന്നു. അതല്ലാതെ സുസ്ഥിരത തെളിയിയ്ക്കാനോ സൃഷ്ടി തെളിയിയ്ക്കാനോ ഉള്ള ഒരു പരീക്ഷണത്തേയും താങ്കൾ ഇവിടെ പരാമർശിച്ചിട്ടില്ല. ഞാൻ Specific Independent Process ആവശ്യപ്പെട്ടതിൽ എന്താണ് അൽഭുതം?

സൃഷ്ടിയായാലും സുസ്ഥിരതയായാലും അത് തെളിയിയ്ക്കാനുള്ള ഒരു പരീക്ഷണവും ഇവിടെ താങ്കൾ പരാമർശിച്ചിട്ടില്ല എന്നത് താങ്കൾക്കെങ്കിലും അറിയാവുന്നതല്ലേ?

മൂന്ന്, താങ്കൾ ഇവിടെ Null Hypothesis, Research Hypothesis എന്നിവയെക്കുറിച്ച് എഴുതി. (സൗകര്യത്തിന് H0, H1 എന്നുതന്നെ ഉപയോഗിക്കട്ടെ) Null Hypothesis-നോടൊപ്പം ഉപയോഗിക്കുന്ന പദം Alternate Hypothesis എന്നാണ് എന്റെ അറിവ്, Research Hypothesis അല്ല, തെറ്റാണെങ്കിൽ അറിവുള്ളവർ പറഞ്ഞുതരുമല്ലൊ.

അതിവിടെ പ്രയോഗിയ്ക്കാനാവുമോ? പ്രയോഗിച്ചാൽ സൃഷ്ടിവാദത്തിനുള്ള തെളിവാകുമോ? താങ്കൾ ഇവിടെ പ്രയോഗിക്കുന്ന ലോജിക് തന്നെ തെറ്റാണ്.

ഇവിടെ ജീവിവർഗ്ഗങ്ങൾ സുസ്ഥിരമാണ് എന്ന H1 തെറ്റാണെന്ന് തെളിയിയ്ക്കണമെന്നിരിക്കട്ടെ. അതിനുള്ള ശ്രമം നടത്തേണ്ടത് H0-ലാണ്, ശരിയാണ്. സുസ്ഥിരമല്ല എന്നത് തെളിഞ്ഞ കാര്യമാണ്, ജീവിവർഗ്ഗം മാറിയില്ല എന്നത് വേറെ വിഷയം. Worst case, എങ്ങിനെ പോയാലും H0 തെറ്റാണെന്ന് മാത്രമേ ഇവിടെ തെളിയൂ, H1 ശരിയാണെന്ന് തെളിയില്ല. Standard Research Methodology അങ്ങിനെയാണ് പറയുന്നത് എന്നാണ് എന്റെ അറിവ്.

ഇനി തിരിച്ചാണ് കാര്യമെങ്കിലോ?

ജീവിവർഗ്ഗങ്ങൾ സുസ്ഥിരമല്ല എന്ന H1 തെറ്റാണെന്ന് തെളിയിയ്ക്കാൻ H0 പരീക്ഷണങ്ങൾ താങ്കൾ ഒന്നും ചൂണ്ടിക്കാണിച്ചിട്ടില്ല. അപ്പോൾ മറിച്ചും ടെസ്റ്റ് ചെയ്യാം എന്ന വാദം നിലനിൽക്കുന്നുമില്ല. എന്നുമാത്രമല്ല, ഈ നൾ ഹൈപോതെസിസ് വളരെ vague ആണ്, ഒട്ടും സ്പെസിഫിക് അല്ല. (ജീവിവർഗ്ഗങ്ങൾ പരിണമിയ്ക്കുന്നില്ല എന്ന ഒരു vague statement ആണിവിടെ H0)

ചുരുക്കിപ്പറഞ്ഞാൽ, Research Methodology ഇക്കാര്യത്തിൽ കാര്യമായി താങ്കളെ സഹായിയ്ക്കുന്നില്ല. അത് ഇവിടെ applicable അല്ല, എന്നുമാത്രമല്ല, പ്രയോഗിച്ചാലും സൃഷ്ടിവാദത്തെ സഹായിയ്ക്കുകയുമില്ല.

നാല്, സൃഷ്ടിവാദത്തിലെ ശാസ്ത്രീയത വിശദീകരിക്കുന്ന ധാരാളം പുസ്തകങ്ങൾ ഉണ്ടെന്ന് താങ്കൾ പറയുന്നു. താങ്കൾ തന്നെ എടുത്തുപറഞ്ഞ ഒരു പുസ്തകം ഹെൻറി മോറിസിന്റെ സയന്റിഫിക് ക്രിയേഷനിസം എന്ന പുസ്തകമാണ്. അതൊരു യങ്ങ് എർത്ത് ക്രിയേഷനിസ്റ്റിന്റെ പുസ്തകവുമാണ്. യങ്ങ് എർത്ത് തിയറിയൊക്കെ തെറ്റാണെന്ന് എപ്പോഴേ തെളിയിയ്ക്കപ്പെട്ടതാണ്, എന്നിട്ടും അത് താങ്കൾ ഇവിടെ പരാമർശിക്കുന്നുണ്ടെങ്കിൽ താങ്കൾ തന്നെ ശാസ്ത്രീയസൃഷ്ടിവാദത്തിലുള്ള പുസ്തകങ്ങളെക്കുറിച്ച് അത്രയധികം ചിന്തിച്ചിട്ടില്ല എന്നല്ലേ അർത്ഥമാക്കുന്നത്? അല്ലായിരുന്നെങ്കിൽ നിഷ്പ്രയാസം നല്ലരീതിയിൽ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങൾ താങ്കൾക്ക് പരാമർശിക്കാൻ സാധിക്കുമായിരുന്നു എന്നാണ് എന്റെ വിലയിരുത്തൽ.

അത് താങ്കൾക്ക് തന്നെ സാധ്യമല്ലെന്നിരിയ്ക്കെ ഞാനെന്തിന് വിഷമിയ്ക്കണം?

അതവിടെ നിൽക്കട്ടെ. ജീവികൾ സുസ്ഥിരമാണെന്നുതന്നെ വന്നാലും അത് സൃഷ്ടിവാദത്തിനുള്ള തെളിവാകുന്നതെങ്ങിനെ? നാം നിരീക്ഷിക്കുന്ന കാലയളവിൽ നിലവിലുള്ള ജീവികളിൽ നിന്നും പുതുതായി ഒന്നും വന്നില്ലെങ്കിൽ അത് സൃഷ്ടിയ്ക്കുള്ള തെളിവാകുമോ?


സൃഷ്ടിവാദത്തിന്റെ ആധാരം സൃഷ്ടിയാണ്. ഒരു പ്രപഞ്ചാതീതശക്തി സൃഷ്ടിച്ചതാണ് നാം ഇക്കാണുന്ന എല്ലാം. സുസ്ഥിരത എന്നത് അതിന്റെ ഒരു derived attribute മാത്രമാണ്. എന്നുവെച്ചാൽ ജീവികൾ സൃഷ്ടിക്കപ്പെട്ടതായതിനാൽ അവ സുസ്ഥിരമാണ് എന്നാണ് പറയേണ്ടത്. ഈ derived attribute വെച്ച് ആധാരത്തിലേയ്ക്ക് എത്താൻ കഴിയില്ല. വീട്ടിൽ നിന്നും ഇറങ്ങി തെക്കോട്ട് നടന്നാൽ ബസ്സ്റ്റോപ്പിലെത്താം, പക്ഷെ ബസ്സ്റ്റോപ്പിൽ എന്നെ കണ്ടു എന്നത് ഞാൻ വീട്ടിൽ നിന്നാണ് ഇറങ്ങിയത് എന്നതിന് തെളിവല്ല. (ഒരു ചെറിയ ഉദാഹരണം പറഞ്ഞതാണ്, ഉദാഹരണത്തിൽ ചർച്ച വേണമെന്നില്ല)


സൃഷ്ടിവാദത്തെക്കുറിച്ച് താങ്കളുടെ ഈ പോസ്റ്റിൽ (meaning, Hussain's postഒരു കമന്റാണ് ചുവടെ.

"സൃഷ്ടിവാദത്തിലെ എല്ലാ വീക്ഷണങ്ങളും ടെസ്റ്റബ്ല് ആണെന്ന് ആരും വാദിച്ചിട്ടില്ലല്ലോ"

എല്ലാം ടെസ്റ്റബിൾ ആണെന്ന് തെളിയിയ്ക്കേണ്ട, കുറഞ്ഞപക്ഷം സൃഷ്ടിയെങ്കിലും? അതിനും സാധ്യത താങ്കൾക്ക് തന്നെ കാണാൻ കഴിയുന്നില്ല.

പക്ഷെ താങ്കളുടെ മുൻകമന്റുകൾ അങ്ങിനെയൊരു വാദം ഉണ്ടായിട്ടേയില്ല എന്ന പ്രതീതി അല്ല നൽകുന്നത് എന്നുകൂടി പറയട്ടെ.

ഇനി, FYI,

താങ്കളുടെ തന്നെ ഉത്തരങ്ങളാണ്. എന്നെ പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ച വാദഗതികളിൽ പ്രധാനം ഇവയാണ്.

Firstly, there are a lot things in detail about creationism.
Secondly, There are clear timelines.
Thirdly, there is clear methodology.
Fourthly, there are clear explanations.
Fifthly, there are a number of observations that are testable.

പ്രധാനമായും ശ്രദ്ധിക്കുക, താങ്കൾ എഴുതിയ അഞ്ചാമത്തെ പോയിന്റ് പ്രകാരം testable ആയ ധാരാളം നിരീക്ഷണങ്ങളുണ്ട് സൃഷ്ടിവാദത്തിൽ. ഇവിടെ താങ്കൾ പറഞ്ഞത് ഒരു പോയിന്റ് ആണ്, അതുതന്നെ സൃഷ്ടിവാദവുമായി നേരിട്ട് ബന്ധമുള്ളതുമല്ല.


ഇനി, ഞാനെഴുതിയ കാര്യങ്ങൾ കൂടി. (താങ്കളുടെ പ്രതികരണം "എനിക്ക് എന്ത് സാധിക്കുകയില്ലെന്ന് താങ്കൾ എങ്ങിനെ മനസ്സിലാക്കി?" എന്നായിരുന്നു)

1. സൃഷ്ടി നടക്കണമെങ്കിൽ സ്രഷ്ടാവ് മനസ് വെയ്ക്കണം. ഉദാഹരണത്തിന് പുതിയൊരു ജീവിവർഗ്ഗം ഉണ്ടാകണമെങ്കിൽ സ്രഷ്ടാവ് നേരത്തെ അതിന് തീരുമാനമെടുത്തിരിയ്ക്കണം.

2. സൃഷ്ടികൾ എപ്പോഴാണ് സൃഷ്ടിയ്ക്കപ്പെടേണ്ടത് എന്നത് സ്രഷ്ടാവാണ് തീരുമാനിക്കുന്നത്. (ഒരു പ്രത്യേകസാധനം സൃഷ്ടിയ്ക്കപ്പെടേണ്ടതില്ല എന്ന തീരുമാനം എന്തായാലും ഇല്ല, കാരണം ഇല്ലാത്ത ഒരു വസ്തു ഉണ്ടാകേണ്ടതില്ല എന്ന് തീരുമാനിയ്ക്കേണ്ടതില്ലല്ലൊ) പ്രപഞ്ചം ആകെമൊത്തം എടുത്താലും ഇഴജന്തുക്കൾ പോലൊരു broad category എടുത്താലും കഥ ഇതുതന്നെ.

3. സൃഷ്ടികൾ എങ്ങിനെയാണ് ഉണ്ടായിവരേണ്ടത് എന്നത് സ്രഷ്ടാവാണ് തീരുമാനിയ്ക്കുന്നത്. ചില വിശ്വാസങ്ങൾ പ്രകാരം ഉണ്ടാവട്ടെ എന്ന് പറഞ്ഞപ്പോൾ ഉണ്ടായതാണ് മിക്ക വസ്തുക്കളും. മനുഷ്യന്റെ കാര്യത്തിൽ മാത്രം അൽപം ഭേദഗതി ഉണ്ട്, മണ്ണ് കുഴച്ചാണ് മനുഷ്യനെ ഉണ്ടാക്കിയത്.

4. ഓരോ വസ്തുവും എത്രകാലം നിലനിൽക്കും എന്നത് സ്രഷ്ടാവിന്റെ തീരുമാനമാണ്. ഒരു പ്രത്യേകജീവിവർഗ്ഗം എത്രകാലം ഭൂമിയിൽ (തലമുറകളായി) ജീവിയ്ക്കും എന്നത് സ്രഷ്ടാവ് തീരുമാനിച്ചിരിയ്ക്കുന്നു. എന്തുകൊണ്ട് ജീവിവർഗ്ഗങ്ങൾ നാമാവശേഷമാകണം, എപ്പോൾ വംശം ഇല്ലാതാകണം എന്നതൊക്കെ സ്രഷ്ടാവിന് മാത്രം അറിയാവുന്ന രഹസ്യമാണ്. ഏത് ഗ്രഹം, ഏത് നക്ഷത്രം എന്നുവരെ നിലനിൽക്കണം എന്നതും സ്രഷ്ടാവ് തീരുമാനിയ്ക്കുന്നതാണ്.

ഇനി താങ്കൾ പറയേണ്ടതാണ്, എന്റെ ഭാഗം ഞാൻ വിശദീകരിച്ചു.
 
==============================================
 
എന്റെ ഈ കമന്റ്‌ ഇതുവരെ പബ്ലിഷ്‌ ചെയ്ത്‌ കണ്ടിട്ടില്ല. വിട്ടുപോകേണ്ട എന്നുകരുതി ഞാൻ വെള്ളിയാഴ്ച (ജനുവരി 7) ഒരു റിമൈൻഡർ ഇടുകയും ചെയ്തിരുന്നു. എന്നിട്ടും അവസ്ഥയ്ക്ക്‌ മാറ്റമൊന്നുമില്ല.


ബ്ലോഗിൽ സാധാരണയായി ഒരു കമന്റ്‌ പബ്ലിഷ്‌ ചെയ്യപ്പെടാതിരിക്കണമെങ്കിൽ ബ്ലോഗുടമയ്ക്കുള്ള കാരണങ്ങൾ കമന്റുകളിലെ അസഭ്യമോ വിഷയം മനപൂർവ്വം മാറ്റാനുള്ള ശ്രമമോ ആയിരിയ്ക്കും.
എന്റെ കമന്റിൽ അത്തരം എന്തെങ്കിലും ഉണ്ടെന്ന് എനിയ്ക്ക്‌ തോന്നുന്നില്ല.

ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽപ്പോലും മറ്റൊരാൾ ഇട്ട മാന്യമായ കമന്റ്‌ പബ്ലിഷ്‌ ചെയ്യുക എന്നതാണ്‌ മാന്യമായ നടപടി. ഉത്തരം ഇപ്പോൾ പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ആയിക്കോട്ടെ, സമയമെടുത്ത്‌ എഴുതിയാൽ മതി, എഴുതിയില്ലെങ്കിലും എനിയ്ക്ക്‌ പ്രത്യേകിച്ച്‌ ബുദ്ധിമുട്ടുകളൊന്നുമില്ലതാനും. പക്ഷെ അത്‌ കമന്റ്‌ റിലീസ്‌ ചെയ്യാതിരിയ്ക്കുന്നതിന്‌ (within a reasonable span of time) ന്യായീകരണമല്ല.

ചിലപ്പോൾ തിരക്ക്‌ മൂലം സ്വന്തം ബ്ലോഗ്‌ ശ്രദ്ധിയ്ക്കാൻ സമയം കിട്ടാതെ വന്നേയ്ക്കാം. ഹുസൈൻ അത്രയ്ക്ക്‌ തിരക്കിലാണെന്ന് പറയാൻ കാരണമൊന്നും കാണുന്നില്ല. അദ്ദേഹം ഇപ്പോഴും സത്യാന്വേഷിയുടെ ബ്ലോഗിൽ സജീവമായിത്തന്നെ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്‌, തന്റെ ബ്ലോഗിൽത്തന്നെ ചൊവ്വാഴ്ചയ്ക്ക്‌ ശേഷം കമന്റുകൾ റിലീസ്‌ ചെയ്തിട്ടുമുണ്ട്‌.

എന്റെ കമന്റ്‌ റിലീസ്‌ ചെയ്യപ്പെടേണ്ടതാണ്‌ എന്നത്‌ എന്റെ ഭാഗത്തുനിന്നുള്ള ന്യായമായ ഒരു ആവശ്യമായി ഞാൻ കാണുന്നു. അതിന്‌ ഹുസൈൻ മറുപടി പറയുകയോ മിണ്ടാതിരിയ്ക്കുകയോ ചെയ്തോട്ടെ, അതെന്റെ വിഷയമല്ല.


Before I finish.....
ഇത്‌ ശ്രീ ഹുസൈനെ വ്യക്തിപരമായി കുറ്റപ്പെടുത്താനല്ല, മറിച്ച്‌ എന്നെത്തന്നെ സംരക്ഷിക്കാനാണ്‌. ഒരു മറുപടി നൽകാതെ മാറിനിന്നു എന്ന് മറ്റുള്ളവർ കരുതാനും ഭാവിയിൽ ഹുസൈന്റെ തന്നെ ബ്ലോഗിൽ ചർച്ചകൾക്ക്‌ (ഞാൻ പങ്കെടുക്കുകയാണെങ്കിൽ) തടസമുണ്ടാകാതിരിയ്ക്കാനും വേണ്ടി മാത്രം.

വ്യക്തികളെ സംബന്ധിയ്ക്കുന്ന പോസ്റ്റുകൾ എഴുതാൻ എനിയ്ക്ക്‌ വലിയ താൽപര്യമില്ല, പക്ഷെ ഇവിടെ ഞാൻ നിർബന്ധിതനാവുകയാണ്‌. ക്ഷമിയ്ക്കൂ