എന്റെ ചിന്തകൾ

Wednesday, August 25, 2010

ഞാൻ നിഷേധിക്കുന്ന ദൈവം ഏതാണ്‌?

നിങ്ങൾ നിഷേധിക്കുന്ന ദൈവം ഏതാണ്‌? (ഒന്നാം ഭാഗം)

ദൈവവിശ്വാസമില്ലാത്തവരോട്‌ വിശ്വാസികൾ സാധാരണയായി നേരിട്ട്‌ ചോദിക്കുന്ന ഒരു ചോദ്യമല്ലിത്‌. ഓരോ വിശ്വാസിക്കും തന്റെ ദൈവം തന്നെയാണ്‌ യഥാർത്ഥ ദൈവം. നിഷേധിക്കുന്നത്‌ താൻ വിശ്വസിക്കുന്ന ദൈവമല്ലെങ്കിൽ പൊതുവെ വലിയ പ്രശ്നമുണ്ടാകാറില്ല, പലപ്പോഴും അവർ തന്നെ ഈ ദൈവത്തെ നിഷേധിച്ചെന്നുവരികയും ചെയ്യും. അയ്യപ്പൻ എന്ന ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞാൽ ഹിന്ദുവിശ്വാസികളിൽ പോലും പൂർണ്ണമായി യോജിക്കുന്നവരുണ്ടാകാം.


ഇതിനോടൊപ്പം ചില ഉപചോദ്യങ്ങൾ, അല്ലെങ്കിൽ ഇതിലേയ്ക്കെത്താവുന്ന ചില അപരചോദ്യങ്ങൾ ഉണ്ടാകാം. അതിൽ തന്നെ പ്രധാനമായ ചോദ്യം "ദൈവമില്ല എന്നതിന്‌ തെളിവെന്ത്‌?" എന്നാണ്‌. അവിടുന്നാകട്ടെ തുടക്കം. ഞാൻ നിഷേധിക്കുന്ന ദൈവമെന്തെന്നും വിശ്വാസികളുടെ തെളിവുകളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളും തുടർന്ന് എഴുതാം.


ആദ്യം ദൈവത്തെ നിർവ്വചിക്കേണ്ടത്‌ ആവശ്യമാണല്ലൊ, അംഗീകരിക്കാനാണെങ്കിലും നിഷേധിക്കാനാണെങ്കിലും.

ഇല്ലാത്തതിനെ നിർവ്വചിക്കുമ്പോൾ


തുടക്കത്തിൽത്തന്നെ "ഒരു വസ്തു ഇല്ല" എന്ന് തെളിയിക്കാൻ യുക്തിപരമായി സാധ്യമല്ല. കാരണം ആ വസ്തു എന്തെന്ന് നിർവ്വചിക്കപ്പെട്ടിട്ടില്ല. നിർവ്വചനമുള്ള വസ്തുവിനെ മാത്രമെ വിശകലനം ചെയ്യാനോ തെളിയിക്കാനോ നിഷേധിക്കാനോ കഴിയൂ.

ഇനി നിർവ്വചിക്കേണ്ടത്‌ ആരാണ്‌? സ്വാഭാവികമായും ഉണ്ട്‌ എന്ന് പറയുന്നവരാണ്‌ ഒരു നിർവ്വചനം തരേണ്ടത്‌. അതും നിഷേധിക്കുന്നവർ തന്നെ നിർവ്വചിക്കണം എന്നത്‌ യുക്തിപരമായി നിലനിൽപുള്ളതല്ല, കാരണം ഇല്ലാത്ത ഒന്നിനെ നിർവ്വചിക്കാൻ സാധിക്കില്ല.

യുക്തിപരമായി നിർവ്വചിക്കാനാവില്ലെങ്കിലും സാധാരണ ഒരു വാദമായി നിർവ്വചിച്ച്‌ നിഷേധിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.

ഉദാഹരണത്തിന്‌ ഗ്ലിംഗ്ലാംഗ്ലൂം (കടപ്പാട്‌: സുശീൽ പി പി) എന്ന ഒരു വസ്തുവിനെക്കുറിച്ച്‌ സംസാരിക്കുകയാണെന്നിരിക്കട്ടെ. ഗ്ലിംഗ്ലാംഗ്ലൂം എന്നൊരു വസ്തു നിർവ്വചിക്കപ്പെട്ടിട്ടില്ല, അതേസമയം അതില്ലെന്ന് തെളിയിക്കുകയും വേണം.

വളരെയെളുപ്പമാണ്‌ ഈ പരിപാടി. ഞാൻ പറയുന്നു ഗ്ലിംഗ്ലാംഗ്ലൂം എന്ന സാധനം മുപ്പത്തിമൂന്ന് കൊമ്പും ഇരുപത്തിരണ്ടര കാലും പതിനേഴ്‌ കണ്ണുമുള്ള, ആനയുടെ വലിപ്പമുള്ള ചലിക്കുന്ന, തിരുവനന്തപുരത്ത്‌ മാത്രം ജീവിയ്ക്കുന്ന, ഒരു ജീവിയാണെന്ന്. ഇല്ലെന്നതിന്‌ തെളിവായി തിരുവനന്തപുരം മുഴുവൻ സഞ്ചരിച്ചിട്ടും എനിക്ക്‌ അങ്ങിനെയൊരു സാധനത്തെ കാണാനായില്ലെന്നുമാത്രമല്ല, ആരും അതേക്കുറിച്ച്‌ സംസാരിച്ച്‌ കേട്ടിട്ടുമില്ല. (ഇഷ്ടത്തിനനുസരിച്ച്‌ സ്പെസിഫിക്കേഷൻ മാറ്റാം, സൗകര്യം പോലെ)

പക്ഷെ, യുക്തിവാദമെന്നത്‌ ഇതല്ല. ഇത്‌ വെറും കുയുക്തിവാദം മാത്രമാണ്‌, ജയിക്കണമെന്ന് വാശിയുള്ളവർക്ക്‌ ഉപയോഗിക്കാവുന്ന ഒരു അടവ്‌.


അപ്പോൾ ആവശ്യമായ കാര്യം ഒരു നിർവ്വചനം ലഭ്യമാകുക എന്നതാണ്‌. ആ നിർവ്വചനം തരേണ്ടത്‌, naturally, ഉണ്ടെന്ന് പറയുന്ന ആളുകളാണ്‌. അതിനെ യുക്തിപൂർവ്വം വിശകലനം ചെയ്ത്‌ എത്തിച്ചേരേണ്ട നിഗമനമാണ്‌ യുക്തിവാദത്തിൽ പ്രധാനം.

ഇല്ലാത്ത വസ്തുവിന്‌ തെളിവ്‌?

ഇടയ്ക്കിടെ ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണ്‌ "ദൈവം ഇല്ല എന്ന് തെളിയിക്കാമോ?" എന്നത്‌. ഉണ്ട്‌ എന്നതിന്‌ തെളിവുകൾ ചോദിക്കപ്പെടുമ്പോൾ വിശ്വാസികളുടെ ഒരു ചോദ്യമാണിത്‌. എല്ലാവരും ചോദിച്ചുകൊള്ളണമെന്നില്ല, പക്ഷെ ഇതത്ര വിരളമല്ല.

Absence of Evidence is Evidence of Absence എന്ന് പൊതുവെ പറയാറുണ്ട്‌. ഒരു വസ്തു ഉണ്ടെന്ന് തെളിവില്ലാത്തിടത്തോളം ഇല്ലെന്നേ പറയാനാവൂ.

ഇതിനെ പലരും ശക്തിയായി എതിർക്കാറുണ്ട്‌.
ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഈയടുത്തേ തെളിഞ്ഞിട്ടുള്ളു. അപ്പോൾ കുറച്ചു കാലം മുൻപിലത്തെ കഥ നോക്കിയാൽ വെള്ളമില്ല എന്ന് തെളിഞ്ഞിരിക്കണം. ആ വാദം തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ? ഒറ്റനോട്ടത്തിൽ യുക്തിഭദ്രമായൊരു വാദം.

ഇതേ ചോദ്യം തിരിച്ചു ചോദിച്ചാൽ കാര്യം കുഴയും. ചന്ദ്രനിൽ വെള്ളമുണ്ടെന്നും ആ ജലസാന്നിദ്ധ്യം ഏതു തരത്തിലാണെന്നും ഒരു മനുഷ്യൻ (ശാസ്ത്രജ്ഞൻ തന്നെയാകട്ടെ) പ്രത്യക്ഷത്തിൽ അടിസ്ഥാനമൊന്നുമില്ലാതെ പറഞ്ഞാൽ വിശ്വാസികളായാലും അംഗീകരിക്കുമോ? ആരായാലും എന്തടിസ്ഥാനത്തിലാണ്‌ ഇത്‌ പറയുന്നത്‌ എന്ന് ചോദിച്ചുപോകും.


ചന്ദ്രനിൽ വെള്ളമില്ല എന്ന് ശാസ്ത്രം എന്നെങ്കിലും പ്രസ്താവിച്ചിട്ടുണ്ടോ എന്നറിയില്ല. ഉണ്ട്‌ അല്ലെങ്കിൽ ഇല്ല എന്നതിന്‌ തെളിവ്‌ ലഭിക്കുന്നതുവരെ അറിവില്ല എന്നേ പറയാറുള്ളു. ചന്ദ്രനിൽ വെള്ളമില്ല എന്നല്ല, വെള്ളമുള്ളതായി അറിവില്ല എന്നതാണ്‌ യുക്തിഭദ്രമായ വാദം.
 
ചന്ദ്രനിലെ വെള്ളത്തിന്റെ കാര്യവും ദൈവകാര്യവും തമ്മിൽ പ്രധാനപ്പെട്ട ഒരു വ്യത്യാസമുണ്ട്‌. ചന്ദ്രനിലെ വെള്ളം എന്നതൊരു ഭൗതികവസ്തുവാണ്‌. ഉണ്ടെന്ന് തെളിയിക്കാൻ സാധ്യമായത്‌. ഒരു ഗ്രഹത്തേയൊ ഉപഗ്രഹത്തേയോ വിശദമായി നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമായാൽ സാധിക്കാവുന്നതേയുള്ളു


ദൈവം എന്ന ശക്തി ഒരു വസ്തുവല്ലെന്ന് പലയിടങ്ങളിൽ വിശ്വാസികൾ തന്നെ പറയാറുണ്ട്‌. ഒരു ഫോട്ടോയെടുക്കാനോ അനുഭവേദ്യമായ തരത്തിൽ സാർവ്വത്രികമായി തെളിവ്‌ തരാനോ ദൈവം നിന്നുതരില്ല. ദൈവത്തെ ആർക്കും കാണാനാവില്ലെന്ന് മതഗ്രന്ഥങ്ങളിൽ കാണാനുമുണ്ട്‌. അപ്പോൾ തെളിവുണ്ടാകും എന്ന പ്രതീക്ഷ തൽക്കാലമില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ്‌ ദൈവം ഉണ്ടെന്ന് പറയുക? എത്രകാലം കാത്തിരുന്നാലും തെളിവ്‌ ലഭിക്കാത്ത ഒരു ശക്തി, അതും കുറച്ചുപേരുടെ വിവരണങ്ങളിൽ നിന്നുമാത്രം അറിവ്‌ ലഭ്യമായ ഒരു ശക്തി, ഉണ്ടാവാം എന്നുപോലും എങ്ങിനെ പറയും?

 
ഇല്ലാ എന്ന് തെളിയിക്കാമോ?


ഏതൊരു കാര്യവും (വസ്തുവും, സംഭവവും) ഇല്ലെന്ന് തെളിയിക്കാനാവുമോ, that too, by direct evidence?

ചെറിയൊരു ഉദാഹരണം നോക്കാം.

മ്‌അദനി കുടകിൽ പോയിട്ടില്ല എന്ന് എങ്ങിനെ തെളിയിക്കും?

പോയിട്ടുണ്ട്‌ എന്ന് തെളിയിക്കാം. അതിന്‌ ഒരു വീഡിയോ ഫൂട്ടേജ്‌ ഉണ്ടെങ്കിൽ, അല്ലെങ്കിൽ വിശ്വാസയോഗ്യമായ സാക്ഷിമൊഴികൾ ഉണ്ടെങ്കിൽ. പക്ഷെ പോയിട്ടില്ല എന്ന് എങ്ങിനെ തെളിയിക്കാം?

ഉത്തരം, തത്വത്തിൽ, എളുപ്പമാണ്‌.

  • മ്‌അദനി കുടകിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സമയത്ത്‌ അദ്ദേഹം വേറൊരിടത്ത്‌ ഉണ്ടായിരുന്നു എന്നതിന്‌ തെളിവ്‌ ഹാജരാക്കാം.
  • അല്ലെങ്കിൽ കുടകിലെ സാക്ഷിമൊഴികൾ വിശകലനം ചെയ്യാം (വീഡിയോ ഫൂട്ടേജ്‌ വ്യാജമാണെന്ന് തെളിയിക്കാനും സാധിച്ചേയ്ക്കും).
  • അല്ലെങ്കിൽ കുടകിലെ ജനസംഖ്യയോട്‌ മുഴുവൻ ചോദിക്കാം ഇന്ന സമയത്ത്‌ മ്‌അദനിയെ കണ്ടുവോ എന്ന്.
  • അല്ലെങ്കിൽ കുടകിലെ (പ്രത്യേകസ്ഥലത്തെയെങ്കിലും) ആ ദിവസത്തെ സംഭവങ്ങൾ മുഴുവൻ എന്തായിരുന്നു എന്നതിന്‌ തെളിവ്‌ (സാക്ഷിമൊഴിയോ വീഡിയോ ഫൂട്ടേജോ) ഹാജരാക്കാം, അതിൽ മ്‌അദനി ഇല്ലെങ്കിൽ അദ്ദേഹം കുടകിൽ പോയിട്ടില്ല.
മൂന്നും നാലും കാര്യങ്ങൾ ആരും outright ആയി തള്ളിക്കളയും, കാരണം പ്രായോഗികമല്ല ആ കാര്യങ്ങൾ. ഇതിൽ ഓരോ സെക്കന്റും, ഓരോ വ്യക്തിയും നിഷേധിക്കണം മ്‌അദനി ചിത്രത്തിലില്ല എന്ന്.

ആദ്യത്തെ രണ്ട്‌ തെളിവുകൾ നേരിട്ടുള്ള തെളിവുകൾ ആണോ?

ആദ്യത്തേത്‌ ഒരു indirect evidence ആണ്‌. ലഭ്യമായ തെളിവുകൾ വെച്ച്‌ ഒരു deduction. ഒരു വ്യക്തിയ്ക്ക്‌ ഒരേ സമയം രണ്ടിടത്ത്‌ ഉണ്ടാകാൻ സാധിക്കില്ല എന്നതിനാൽ സ്വാഭാവികമായി വരുന്ന ഒരു നിഗമനം. പക്ഷെ അതൊരിക്കലും ഒരു direct evidence അല്ല, sufficient evidence ആണെങ്കിലും.

രണ്ടാമത്തേതോ? അതും ലഭ്യമായ തെളിവുകളെ വിശകലനം ചെയ്യലാണ്‌. ഇല്ല എന്നതിനുള്ള തെളിവല്ല, മറിച്ച്‌ ഉണ്ട്‌ എന്നതിനുള്ള തെളിവ്‌ നിഷേധിക്കാനാവശ്യമായ യുക്തി പ്രയോഗിക്കലാണ്‌.

ചുരുക്കിപ്പറഞ്ഞാൽ നിഷേധിക്കുക (അല്ലെങ്കിൽ ഇല്ല എന്ന് തെളിയിക്കുക) എന്നത്‌ ഒരു direct evidence-ലൂടെ സാധ്യമായ കാര്യമല്ല. അതിനായി ഒന്നുകിൽ ലഭ്യമായ തെളിവുകളെ വിശകലനം ചെയ്യണം, അല്ലെങ്കിൽ indirect evidence പരിശോധിച്ച്‌ ഒരു നിഗമനത്തിലെത്തണം.

അപ്പോൾ ദൈവം ഇല്ല എന്ന് തെളിയിക്കാൻ ആവശ്യം എന്താണ്‌?


തീർച്ചയായും, ആദ്യം ആവശ്യം, ഉണ്ടെന്നതിനുള്ള തെളിവുകളാണ്‌. അതുതന്നെയാണ്‌ ഏതൊരു യുക്തിവാദിയും ചോദിക്കുക. ഉണ്ട്‌ എന്നതിന്‌ തെളിവ്‌ ഹാജരാക്കിയാലേ അത്‌ വിശകലനം ചെയ്യാനാവൂ.

അല്ലെങ്കിൽ സാധിക്കാവുന്ന കാര്യം പ്രപഞ്ചത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്ത്‌ അതിൽ ഒരു ദൈവശക്തി ഉണ്ടോ ഇല്ലയോ എന്ന നിഗമനം രൂപീകരിക്കുക എന്നതാണ്‌.

ദൈവവിഷയത്തിലുള്ള നിർവ്വചനങ്ങളെ പരിശോധിക്കുക, ഉണ്ടെന്നതിന്‌ തെളിവുകൾ ഉണ്ടെങ്കിൽ പരിശോധിക്കുക എന്നതാണ്‌ ദൈവത്തെ നിഷേധിക്കാനോ സ്വീകരിക്കാനോ നാം അനുവർത്തിക്കേണ്ട രീതി. ഞാൻ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നതും അതിനാണ്‌.

To the point, ഞാൻ നിഷേധിക്കുന്ന ദൈവം എന്നത്‌ നമുക്കിതുവരെ ലഭ്യമായ അറിവിലുള്ള ദൈവമാണ്‌, എന്നുവെച്ചാൽ മതങ്ങൾ നിർവ്വചിച്ച ദൈവം (ദൈവങ്ങൾ). അത്‌ യഹോവയായാലും കൃസ്തുവായാലും അല്ലാഹുവായാലും മുപ്പത്തിമുക്കോടി ദേവകളായാലും വ്യത്യാസമൊന്നുമില്ല.
ഒരു metaphor എന്ന നിലയിൽ ദൈവത്തെ സമീപിക്കുന്ന രീതിയിൽ പ്രത്യേകിച്ച്‌ ഒന്നും പറയാനില്ലെനിക്ക്‌. കാരണം അത്തരത്തിലൊരു ദൈവം ഈ നിർവ്വചനങ്ങളിൽ ഒതുങ്ങുന്നില്ല, ഒരു സംഘടിതമായ രൂപവും ഈ ദൈവവിശ്വാസികൾക്കില്ല. ഓരോരുത്തനും അവനവന്റെ നിർവ്വചനത്തിനനുസരിച്ച്‌ ദൈവസങ്കൽപമുണ്ടാക്കുന്ന രീതി, അത്‌ മാത്രമാണ്‌ ശരിയെന്ന് ശഠിക്കാത്തിടത്തോളം കാലം, സമൂഹികമായ വിഷയമേയല്ല.
__________________________________________________________
 
ദൈവത്തെക്കുറിച്ച്‌ പറയുമ്പോൾ, ഒരു നിർവ്വചനം എന്ന നിലയ്ക്ക്‌, ദൈവത്തിൽ അടിസ്ഥാനപരമായി അർപ്പിതമായിട്ടുള്ള ശക്തികൾ ഇവയാണ്‌.


സൃഷ്ടി, സ്ഥിതി (നിയന്ത്രണം), സംഹാരം, ത്രികാലജ്ഞാനം.

ഇതിനപ്പുറം ഒരുപാട്‌ കാര്യങ്ങൾ ദൈവം (അഥവാ ദൈവങ്ങൾ) ചെയ്യുന്നുണ്ട്‌. പ്രാർത്ഥന ആവശ്യപ്പെടുക, പ്രാർത്ഥനയിൽ പ്രസാദിക്കുക (അതുവഴി രോഗം മാറ്റുകയോ പരീക്ഷ എളുപ്പമാക്കുകയോ ചെയ്യുക), പ്രാർത്ഥിച്ചില്ലെങ്കിൽ കോപിക്കുക, തെറ്റ്‌ ചെയ്താൽ കോപിക്കുക (പ്രാർത്ഥിക്കാതിരിക്കുന്നതും തെറ്റാണെന്ന് പ്രസ്താവിക്കുക), മനുഷ്യനെ (മാത്രം) നേർവഴിക്ക്‌ നടത്താനാവശ്യമായ ചിട്ടകൾ (നിയമങ്ങൾ) ചില തെരഞ്ഞെടുത്ത മനുഷ്യർ വഴി അറിയിക്കുക, സ്വർഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും ഉള്ളവരെ തീരുമാനിക്കുക തുടങ്ങി ധാരാളം കാര്യങ്ങൾ ദൈവത്തിന്റെ പോർട്ട്ഫോളിയോയിൽ ഉണ്ട്‌. ഈ കാര്യങ്ങൾ തൽക്കാലം മാറ്റിവെച്ച്‌ പ്രാഥമികമായി ദൈവത്തിന്റെ കർത്തവ്യങ്ങളായ സൃഷ്ടി, നിയന്ത്രണം, സംഹാരം തുടങ്ങിയവയിലേയ്ക്കും ത്രികാലജ്ഞാനം എന്ന കഴിവിലേയ്ക്കും മാത്രമാണ്‌ ഞാൻ ശ്രദ്ധിക്കുന്നത്‌.

സൃഷ്ടി, സ്ഥിതി, സംഹാരം, ത്രികാലജ്ഞാനം എന്നിവയെക്കുറിച്ച്‌ മതവിശ്വാസങ്ങളിൽ പറയുന്നതെന്തെന്ന്, ഞാൻ മനസിലാക്കിയിടത്തോളം, ഇപ്രകാരമാണ്‌.

സൃഷ്ടി - ദൈവവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ പ്രപഞ്ചം മുഴുവൻ ദൈവം സൃഷ്ടിച്ചതാണ്‌. മതങ്ങളുടെ ആവിർഭാവകാലത്ത്‌ ഭൂമി മാത്രമായിരുന്നു ദൈവസൃഷ്ടിയുടെ ശ്രദ്ധാകേന്ദ്രം. പിന്നീട്‌ പ്രപഞ്ചത്തിലെ ഭൂമിയുടെ സ്ഥാനം എന്തെന്ന് ശാസ്ത്രം പറഞ്ഞുതന്നപ്പോൾ earth-centric എന്ന വിഷയം പതുക്കെ പ്രധാനമല്ലാതായി. എങ്കിലും സൃഷ്ടി എന്ന സങ്കൽപം ഇപ്പോഴും പ്രപഞ്ചത്തിൽ നാം അറിയുന്നതെല്ലാം (വിശിഷ്യാ ഭൂമി എന്നത്‌ തൽക്കാലം മാറ്റിവെയ്ക്കാം) ദൈവം പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചതാണ്‌, അതും ദൈവത്തിന്റെ സ്വന്തം താൽപര്യപ്രകാരം ഓരോന്നോരോന്നായി, ഉണ്ടാകട്ടെ എന്ന് പറഞ്ഞുതന്നെ, ഉണ്ടാക്കിയതാണ്‌.


സ്ഥിതി - പ്രപഞ്ചത്തിലുള്ള സകലകാര്യങ്ങളും നിയന്ത്രിക്കുന്നത്‌ ദൈവമാണ്‌. ആദ്യകാലങ്ങളിൽ അത്‌ ഭൂമിയിലുള്ളവ മാത്രമായിരുന്നു, കാരണം മറ്റുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം വെറും സപ്പോർട്ടിങ്ങ്‌ റോളിൽ ആയിരുന്നു. ഇന്നും അക്കാര്യത്തിൽ വലിയ മാറ്റമില്ല. നിയന്ത്രിക്കുന്ന വസ്തുക്കളുടെ എണ്ണം കൂടിയെന്നല്ലാതെ പ്രധാന ഫോക്കസ്‌ ഇന്നും ഭൂമിയിൽ നിന്നും മാറിയിട്ടില്ല. ഞാൻ ഈ നിമിഷം എന്ത്‌ ചെയ്യും എന്നതുപോലും ദൈവനിയന്ത്രണത്തിലാണ്‌ എന്നുവരെ പറയുന്നവരുണ്ട്‌, ഫ്രീവിൽ എന്നത്‌ ഇടയ്ക്കിടെ വരുമെങ്കിലും.

സംഹാരം - ദൈവത്തിന്‌ ഇഷ്ടമല്ലാത്ത കാര്യങ്ങൾ സംഭവിയ്ക്കുമ്പോൾ ചിലപ്പോഴൊക്കെ ദൈവം ഇടപെടുന്നതിന്റെ ഭാഗമായാണ്‌ സംഹാരം സംഭവിയ്ക്കുന്നത്‌. ഏതാണ്ട്‌ എല്ലാ മതവിശ്വാസങ്ങളിലും ദൈവം സംഹാരരൂപം എടുക്കുന്നുണ്ട്‌. ഭൂമികുലുക്കമായാലും സുനാമിയായാലും പ്ലേഗ്‌ പോലുള്ള രോഗങ്ങളായാലും എല്ലാം ദൈവത്തിന്റെ സംഹാരക്രിയ തന്നെ. അതിന്‌ കാരണങ്ങളും മതനേതാക്കൾ കണ്ടെത്തും.

ത്രികാലജ്ഞാനം - ദൈവം ത്രികാലജ്ഞാനിയാണെന്ന് വിശ്വാസികൾ പറയുന്നു. എപ്പോൾ എവിടെ എന്ത്‌ സംഭവിയ്ക്കും എന്ന് ദൈവം മുൻകൂട്ടി അറിയുന്നു. ഇതുമായി ചേർന്നുപോകുന്നതല്ല ഇതിനു മുൻപെഴുതിയിട്ടുള്ള ചില കാര്യങ്ങൾ എന്നത്‌ ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിച്ചേയ്ക്കും. എന്നാലും, for clarity, അതുകൂടി നമുക്ക്‌ നോക്കാം.

____________________________________________________________
ഈ ലേഖനം തൽക്കാലം നിർത്തട്ടെ. ദൈവത്തിന്റെ സൃഷ്ടി, നിയന്ത്രണം, സംഹാരം, ത്രികാലജ്ഞാനം തുടങ്ങിയവയെക്കുറിച്ചുള്ള എന്റെ ചിന്തകൾ അടുത്ത ഭാഗത്തിൽ എഴുതാം. ഒരുപാട്‌ വലിയ ലേഖനം എഴുതി വായനക്കാരെ വിഷമിപ്പിക്കാൻ താൽപര്യമില്ല, തൽക്കാലം. :)



ഇതിനോടൊപ്പം ഒരു കാര്യം കൂടി പറയട്ടെ. ഇതിനുമുൻപും പലയിടത്തായി പറഞ്ഞിട്ടുള്ള കാര്യമാണിത്‌, എന്റെ ചിന്തകൾ ക്രോഡീകരിക്കുന്നതിന്റെ ഭാഗമായി ഇവിടെക്കൂടി പറയുന്നു.

ദൈവനിഷേധം മാത്രമാണ്‌ യുക്തിവാദം എന്നൊരു ധാരണ പലരിലും കാണാറുണ്ട്‌. പറഞ്ഞുവരുമ്പോൾ ദൈവവിശ്വാസമില്ലാത്തവർ എല്ലാവരും യുക്തിവാദികളും യുക്തിവാദികൾ എല്ലാവരും നിരീശ്വരവാദികളും (കമ്മ്യൂണിസ്റ്റുകളും) ആയി ഭവിക്കാറുണ്ട്‌. അത്‌ ശരിയല്ലെന്ന പറയേണ്ടിവരുന്നു.


യുക്തി പ്രയോഗിച്ച്‌ എനിക്ക്‌ താൽപര്യമുള്ള കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ഞാൻ എത്തിപ്പെട്ട ഒരു കാര്യം മാത്രമാണ്‌ (നിർവ്വചിക്കപ്പെട്ട) ദൈവമില്ലെന്ന വാദം. അത്‌ എന്റെ ചിന്തകളുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. ഒരു വിശ്വാസിയ്ക്ക്‌ ദൈവചിന്ത എത്ര പ്രധാനപ്പെട്ടതാണോ, അതിന്റെ വളരെ ചെറിയൊരു അംശം മാത്രമേയുള്ളു ദൈവനിഷേധത്തിന്‌ എന്നിലുള്ള പ്രാധാന്യം. ഒരു സാധാരണ വിശ്വാസി ദൈവത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്രയും (വിഷമഘട്ടത്തിലാണ്‌ പലരും ദൈവത്തെ അന്വേഷിക്കാറ്‌ എന്ന അർത്ഥത്തിൽ തന്നെയെടുക്കാം) ഞാൻ ദൈവനിഷേധത്തെക്കുറിച്ച്‌ ചിന്തിക്കാറില്ല.

*****ഡിസ്ക്ലൈമർ ഒന്നും എഴുതേണ്ടതില്ലെന്ന് വിശ്വസിക്കുന്നു*****