എന്റെ ചിന്തകൾ

Monday, April 12, 2010

കൊലപാതകിക്കെന്ത്‌ മനുഷ്യാവകാശം?

ക്രിസ്റ്റോഫ്‌ കീസ്‌ലോവ്സ്കിയുടെ A short film on Killing എന്നൊരു സിനിമ കണ്ടിട്ടുണ്ട്‌. വ്യക്തിപരമായി വധശിക്ഷ എന്ന ക്രൂരമായ ഏർപ്പാടിനോട്‌ എതിർപ്പ്‌ തോന്നിത്തുടങ്ങിയിരുന്ന ഒരു കാലത്താണ്‌ ഈ സിനിമ ഞാൻ കാണാനിടയായത്‌. സിനിമ കണ്ടുകഴിഞ്ഞപ്പോൾ ആ എതിർപ്പ്‌ വല്ലാതെ കൂടുകയും ചെയ്തു.


കഥ ഒന്ന് ചുരുക്കി പറയാം...

ഇതിലെ നായകൻ (അതോ വില്ലനോ) പണത്തിനുവേണ്ടി ഒരു ടാക്സി ഡ്രൈവറെ കൊല്ലുന്നു. ആദ്യം കഴുത്തിൽ കയറുമുറുക്കിയും അതിൽ നിന്ന് ഡ്രൈവർ രക്ഷപ്പെടുമ്പോൾ ഇരുമ്പ്‌വടികൊണ്ടടിച്ചും അവസാനം മരിച്ചില്ലെന്നറിയുമ്പോൾ കല്ലുകൊണ്ട്‌ തലക്കടിച്ചും ആണ്‌ കൊലപാതകം നിർവ്വഹിക്കുന്നത്‌. അവസാനത്തെ ശ്രമത്തിൽ ഇയാൾ അത്യന്തം വിഷമം അനുഭവിക്കുന്നതായാണ്‌ കാണിക്കുന്നത്‌. കൊലപാതകത്തിനുശേഷമുള്ള അയാളുടെ പ്രവൃത്തികളും വളരെയധികം സംഘർഷത്തിൽപ്പെട്ട്‌ വിഷമിക്കുന്ന ഒരാളുടേതാണ്‌. സ്വന്തം പ്രവർത്തി അയാൾക്കുതന്നെ ഇഷ്ടമല്ലെന്ന് വ്യക്തം.

പക്ഷെ കൊലപാതകം കുറ്റം തന്നെ. അയാൾ പോലീസിന്റെ വലയിലാകുന്നു, മരണശിക്ഷയ്ക്ക്‌ വിധിക്കപ്പെടുന്നു.

വധശിക്ഷ നടപ്പിലാകേണ്ട ദിവസം അയാൾ തന്റെ വക്കീലിനോട്‌ സ്വന്തം കഥ പറയുന്നുണ്ട്‌. തന്റെ ഗ്രാമത്തിൽ സന്തുഷ്ടനായി ജീവിച്ചിരുന്ന അയാൾ തന്റെ സഹോദരിയുടെ ദാരുണമരണത്തിനുശേഷമാണ്‌ സ്വന്തം വാസസ്ഥലത്തേയും അവിടുത്തെ ജനങ്ങളേയും സ്വന്തം ജീവിതത്തെത്തന്നെയും വെറുക്കാൻ തുടങ്ങുന്നത്‌. പട്ടണത്തിലേക്ക്‌ വരുന്നതും അവിടെ അപ്രസക്തനായ തനിക്ക്‌ പണമുണ്ടാക്കാൻ മോഹമുദിക്കുന്നതും അതിനായി താൻ കണ്ടെത്തിയ വഴിയും എല്ലാം അയാൾ വിവരിക്കുന്നുണ്ട്‌. ഒരുപക്ഷെ തന്റെ സഹോദരി ദാരുണമായി കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ അയാൾ തന്റെ ജീവിതം നല്ലരീതിയിൽ തുടർന്നേനെ എന്ന് വ്യംഗ്യമായി സംവിധായകൻ സൂചിപ്പിക്കുന്നുണ്ട്‌.

പിന്നീട്‌ കാണിക്കുന്നത്‌ വധശിക്ഷ നടപ്പിലാക്കുന്ന രംഗമാണ്‌. ഓഫീസർമാർ അത്യന്തം വെറുപ്പോടെയാണ്‌ ഇയാളെ കാണുന്നത്‌. തങ്ങളുടെ അധീനതയിലിരിക്കുന്ന, മരണം മുന്നിൽ കാണുന്ന, ഒരാളോട്‌ പരിഹാസപൂർവ്വം പെരുമാറാനും അവർക്ക്‌ മടിയില്ലതാനും. വധശിക്ഷ നടപ്പിലാക്കുമ്പോഴാകട്ടെ, അവർക്കാർക്കും ഒരു വികാരവുമില്ലതാനും. ഡോക്റ്റർ വന്ന് "ഡീദ്‌" എന്ന് വിധിയെഴുതി പോകുന്നും, എല്ലാവരും രംഗം വിടുന്നു, എല്ലാം യാന്ത്രികം.

ഇവിടെ കീസ്‌ലോവ്സ്കി പ്രേക്ഷകരോട്‌ ചോദിക്കുന്ന ചോദ്യം ഇതാണ്‌ (ഞാൻ മനസിലാക്കിയിടത്തോളം)


ഏത്‌ കൊലപാതകമാണ്‌ കൂടുതൽ ക്രൂരം? മനുഷ്യസഹജമായ എല്ലാ സംഘർഷങ്ങളോടും കൂടി ഒരാൾ നടത്തുന്ന കൊലയോ അതോ തികഞ്ഞ നിർവ്വികാരതയോടെ (ക്രൂരമായൊരു പരിഹാസമൊഴിച്ച്‌) സ്റ്റേറ്റ്‌ നടത്തുന്ന കൊലയോ?

വിക്റ്റർ യൂഗോയുടെ Les Miserables (പാവങ്ങൾ) എന്ന നോവലിനെക്കുറിച്ചും ഴാങ്ങ്‌വാൾഴാങ്ങ്‌ (ജീൻവാൽജീൻ) എന്ന കഥാപാത്രത്തെക്കുറിച്ചും ഞാൻ ആദ്യമായി കേട്ടത്‌ സ്കൂളിൽ പഠിക്കുന്ന കാലത്താണ്‌. പിന്നീടതിന്റെ സംക്ഷിപ്തതർജ്ജമ വായിച്ചു. ഒരിക്കൽ കുറ്റവാളിയായ ഒരാളുടെ ജീവിതത്തിൽ ആ പഴയകുറ്റം പലരീതിയിൽ അയാളെ വേട്ടയാടുന്നതിന്റെ നല്ലൊരു ഉദാഹരണമാണ്‌ ഈ നോവൽ.


എന്നെ ഈ പോസ്റ്റെഴുതാൻ പ്രേരിപ്പിച്ച ബ്ലോഗ്‌പോസ്റ്റിലെ വിഷയവുമായി ഈ സിനിമയ്ക്കോ നോവലിനോ നേരിട്ട്‌ ബന്ധമൊന്നുമില്ല. അത്‌ വായിച്ചപ്പോൾ ആദ്യം മനസിൽ വന്നത്‌ ഇതുരണ്ടുമാണെന്നുമാത്രം. കുറ്റത്തെയാണ്‌ വെറുക്കേണ്ടത്‌, കുറ്റവാളിയേയല്ല എന്ന തത്വം മനുഷ്യർ എത്രമാത്രം ചിന്തിക്കുന്നുണ്ട്‌ എന്നൊരു ചിന്ത കൂടി ഈ സിനിമയിലും നോവലിലും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു എന്ന് പറയാനായിക്കൂടിയാണ്‌ ഞാൻ അത്‌ ഇവിടെ എടുത്തെഴുതിയത്‌.

ഇനി ഞാൻ പരാമർശിച്ച പോസ്റ്റിലേക്കുകൂടി.

ബിജുകുമാർ എന്ന ബ്ലോഗർ തന്റെ നേർക്കാഴ്ചകൾ എന്ന ബ്ലോഗിൽ എഴുതിയ മൂന്നാം മുറയും കൊലപാതകിയുടെ മനുഷ്യാവകാശവും എന്ന പോസ്റ്റിനുള്ള ഒരു പ്രതികരണമാണ്‌ ഈ പോസ്റ്റ്‌. പ്രത്യക്ഷത്തിൽ വെറും ഒരു കാഴ്ചപ്പാട്‌ എന്ന രീതിയിൽ തള്ളിക്കളയാവുന്ന ഒന്നാണെങ്കിലും അതിന്റെ ആ ചിന്താരീതിയുടെ അപകടമെന്തെന്ന് ആ സുഹൃത്ത്‌ എത്രമാത്രം മനസിലാക്കുന്നു എന്നത്‌ ചിന്തിച്ചപ്പോൾ ഇത്‌ പറയാതിരിക്കാൻ തോന്നിയില്ല.

ബിജുകുമാറിന്റെ ലോജിക്‌ പോകുന്നത്‌ ഇപ്രകാരം.


പാലക്കാട്ട്‌ ഒരു സ്ത്രീ ദാരുണമാംവിധം കൊലചെയ്യപ്പെട്ടതിനുശേഷം പോലീസ്‌ ചിലരെ കസ്റ്റഡിയിലെടുത്തു. അതിലൊരാൾ ലോക്കപ്പ്‌ മർദ്ദനത്തിനിടെ മരിച്ചു. സ്വാഭാവികമായും മനുഷ്യാവകാശബോധമുള്ളവർ ഇതിനെതിരെ പ്രതികരിച്ചു. ചില ചാനലുകൾ ഈ "മരിച്ച കൊലപാതകിക്ക്‌" ഒരു താരപരിവേഷവും നൽകി.


പോലീസ്‌ ചെയ്തത്‌ ശരിയായ കാര്യമാണെന്നാണ്‌ ബിജുകുമാറിന്റെ വാദം. ഇത്തരം നിഷ്‌ഠൂരമായ കൊല നടത്തിയവരെ പോലീസ്‌ എന്തുചെയ്യണമായിരുന്നു എന്ന് ബിജു ചോദിക്കുന്നു. ഏത്‌ അവകാശത്തിനാണ്‌ ഇവർക്ക്‌ അർഹത എന്നും ബിജുവിന്‌ ചോദിക്കാനുണ്ട്‌.


പോലീസിൽ മൂന്നാംമുറ അനുവദിക്കില്ല എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും ഒരു ചെറു പരിഹാസത്തോടെയാണ്‌ ബിജു നേരിടുന്നത്‌. മൂന്നാംമുറ ഇല്ലെങ്കിൽ പോലീസിന്‌ കുറ്റം തെളിയിക്കാനാവില്ല എന്നാണ്‌ ബിജുവിന്റെ വാദം. പോലീസിന്റെ ഇടി പേടിച്ചാണ്‌ നല്ലൊരു പങ്കും തെറ്റു ചെയ്യാത്തത്‌ എന്നും ബിജുവിന്റെ വ്യാഖ്യാനമുണ്ട്‌.

ഇനി ബിജുവിന്റെ അടുത്ത വാദം ഇപ്രകാരം പോകുന്നു. ചിലർ ജന്മനാ നന്മയുള്ളവരായി ജനിക്കുന്നു, ചിലർ നന്മയും തിന്മയും ഏറ്റക്കുറച്ചിലുകളോടെ സമ്മേളിച്ചവർ ആയിരിക്കും, ചിലർ ജന്മനാ തിന്മയുള്ളവരായി ജനിക്കുന്നു.രണ്ടാമത്‌ പറഞ്ഞ വിഭാഗക്കാർക്ക്‌ ഒരു കണ്ണുരുട്ടലോ അടിയോ മതിയായിരിക്കും കുറ്റം സമ്മതിക്കാൻ, പക്ഷെ ജന്മനാ തിന്മക്കാർ അടിയോ ഭീഷണിയോ ഭയക്കില്ല. അവർക്ക്‌ മൂന്നാംമുറ തന്നെ ശരണം. അത്‌ തിരിച്ചറിഞ്ഞ്‌ പോലീസ്‌ ആവശ്യക്കാർക്കെതിരെ മാത്രം മൂന്നാംമുറ പ്രയോഗിക്കണം.


ഈ മരിച്ചുപോയ സമ്പത്ത്‌ എന്ന വ്യക്തി (കുറ്റവാളി) മരിക്കാതെ പുറത്തിറങ്ങിയിരുന്നെങ്കിൽ മറ്റൊരാൾ ഇയാളുടെ കത്തിക്കിരയാകുമായിരുന്നേനെ എന്നൊരു സാധ്യത (പ്രവചനം) കൂടി ബിജുകുമാർ നടത്തുന്നുണ്ട്‌.


ഫൈനലി, ഒരു കൊട്ട്‌ കസബിന്റെ വിചാരണയ്ക്കും. നൂറു രൂപയുടെ ബുള്ളറ്റിൽ ഒതുക്കേണ്ട കാര്യത്തിന്‌ എത്ര പണമാണ്‌ നമ്മുടെ ജനാധിപത്യസർക്കാർ കയ്യിട്ടുവാരുന്നത്‌?

ഹൊ, കഷ്ടം തന്നെ, അല്ലേ.... മൂന്നാം മുറ ഇല്ലായിരുന്നെങ്കിൽ ബുദ്ധിമുട്ടിയേനെ, ഒറ്റ കേസ്‌ പോലും തെളിയിക്കാനാകാതെ വന്നേനെ.
പോലീസ്‌ തന്നെ നീതി നടപ്പാക്കിയിരുന്നെങ്കിൽ എത്ര പണം നമുക്ക്‌ ലാഭിക്കാമായിരുന്നേനെ.

വ്യക്തികളെ എടുത്തുപറഞ്ഞ്‌ ചർച്ച ചെയ്യുന്നത്‌ എനിക്ക്‌ വലിയ താൽപര്യമുള്ള കാര്യമല്ല, പക്ഷെ ഇവിടെ വിഷയം പറയണമെങ്കിൽ അതൊഴിവാക്കാനാവാതെവന്നതിനാലാണ്‌ അദ്ദേഹത്തെ പരാമർശിക്കുന്നത്‌. വ്യക്തിപരമായി ബിജുകുമാറിനെ എനിക്കറിയില്ലെന്നും അദ്ദേഹത്തിന്റെ വിവേചനബുദ്ധിയേയോ മറ്റു കഴിവുകളേയോ മോശമായരീതിയിൽ കാണുന്നില്ലെന്നും ഇവിടെ പ്രത്യേകം എടുത്തുപറഞ്ഞുകൊള്ളട്ടെ.ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്‌, സ്വാഭാവികമായും തോന്നുന്നവ.

ആദ്യം സമ്പത്ത്‌ എന്ന നിർഭാഗ്യവാന്റെ (കൊലപാതകിയുടെ) തന്നെ കാര്യമെടുക്കാം.

ഈ സമ്പത്ത്‌ എന്ന വ്യക്തി തന്നെയാണോ നിഷ്‌ഠൂരമായ കൊലപാതകം നടത്തിയത്‌? കേട്ടറിഞ്ഞിടത്തോളം ഇതിൽ പ്രതികളാക്കപ്പെട്ട വേറെയും ആളുകളുണ്ട്‌. അതിൽ ഈ സമ്പത്ത്‌ ആണ്‌ കൊലനടത്തിയയാൾ എന്ന് ആർക്കാണറിയുക?

സമ്പത്ത്‌ എന്ന വ്യക്തി ഇതിനു മുൻപ്‌ എന്തെങ്കിലും കുറ്റകൃത്യം നടത്തിയതായി അറിവുണ്ടോ? ഇയാൾ പുറത്തിറങ്ങിയയുടൻ വേറൊരാളെ കൊല്ലും എന്ന നിഗമനം എങ്ങിനെ സാധൂകരിക്കാൻ കഴിയും?

സമ്പത്തും കൂട്ടരും ചേർന്നാണ്‌ ഈ മോഷണവും കൊലപാതകവും നടത്തിയതെന്ന് നിസ്സംശയം തെളിഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ തന്നെ കൊല്ലാൻ വേണ്ടി കയറി മോഷണം സൈഡിലൂടെ നടത്തിയതാണോ അതോ മോഷണത്തിനിടെ തിരിച്ചറിയപ്പെടും എന്ന ഭയത്താൽ കൊന്നതാണോ?

ഇനി ബിജുകുമാർ ഉയർത്തുന്ന ചില നിയമ/നീതി (മൂന്നാംമുറയെക്കുറിച്ച്‌) പ്രശ്നങ്ങളിലേക്ക്‌


പോലീസ്‌ കസ്റ്റഡിയിലെടുക്കുന്ന എല്ലാവരും കുറ്റവാളികളാണോ? നിരപരാധികൾ പോലീസിന്റെ വലയിൽ പെട്ടിട്ടില്ലേ? സംശയത്തിന്റെ പേരിലും ചോദ്യം ചെയ്യാനുമൊക്കെയായി എത്രയോ പേരെ പോലീസ്‌ കസ്റ്റഡിയിൽ എടുക്കാറുണ്ട്‌, അവരെല്ലാം കുറ്റം ചെയ്തു എന്ന ഉറപ്പിലാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്യുന്നതെന്ന് പോലീസ്‌ പോലും പറയില്ല.

കസ്റ്റഡിയിൽ എടുത്ത പ്രതിയെ മൂന്നാംമുറ ഉപയോഗിച്ചല്ലാതെ കുറ്റം സമ്മതിപ്പിക്കാൻ സാധിക്കില്ലേ? ഉദാഹരണത്തിന്‌, എത്രയോ പേർ വിജിലൻസ്‌ അന്വേഷണത്തിലും മറ്റും കുറ്റം സമ്മതിച്ചിട്ടുണ്ട്‌, അവരെയെല്ലാം ഇടിച്ചാണോ വിജിലൻസ്‌ കുറ്റം സമ്മതിപ്പിക്കുന്നത്‌?

പോലീസുകാർ തന്നെ വൈരാഗ്യബുദ്ധ്യാ ചെയ്തുകൂട്ടിയ അക്രമങ്ങളുടെ വാർത്തകൾ എത്രയോ പുറത്തുവന്നിട്ടുണ്ട്‌. അതുകൂടി കൂട്ടിവായിച്ചാൽ കൊല്ലാനുള്ള അധികാരം പോലീസിനു കൊടുത്താൽ എന്താണുണ്ടാവുകയെന്ന് പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലൊ, അവരും മനുഷ്യരല്ലെ.


നിയമം പരിപാലിക്കാനാണ്‌, നിയമം നടപ്പിലാക്കാനല്ല പോലീസ്‌. വ്യക്തികളോ സംഘങ്ങളോ നിയമം ലംഘിക്കുമ്പോൾ നിയമവാഴ്ച പുനസ്ഥാപിക്കുക എന്നത്‌ താൽക്കാലികമായ ഒരു നടപടിയാണ്‌, ശരിയായ നടപടി (പോലീസിന്റെ ദൗത്യം) നിയമം തെറ്റിച്ചവരെ നിയമത്തിനുമുൻപിൽ കൊണ്ടുവന്ന് വിചാരണയ്ക്ക്‌ വിധേയരാക്കുക എന്നതാണ്‌. എന്നുവെച്ചാൽ, ശിക്ഷിക്കാൻ പോലീസിന്‌ അധികാരമില്ലെന്നർത്ഥം. ഇതിനെത്തന്നെയാണ്‌ ബിജുകുമാർ ആദ്യം ചോദ്യം ചെയ്യുന്നത്‌.

ഒരാളെ പോലീസ്‌ കൊന്നാൽ അത്‌ കൊലപാതകമായേ വിലയിരുത്താനാവൂ. സമ്പത്ത്‌ ചെയ്തതും പോലീസ്‌ ചെയ്തതും തമ്മിൽ വ്യത്യാസമില്ലെന്നർത്ഥം. രണ്ടിടത്തും മുന്നിലുള്ള നിസഹായനായ/നിസഹായയായ വ്യക്തിയെ കൊല്ലുക തന്നെയാണ്‌ നിർവ്വഹിക്കപ്പെട്ട കർമ്മം. ഒരാൾ ചെയ്തത്‌ കുറ്റമെങ്കിൽ മറ്റേതും അതുതന്നെ.

കൊലപാതകിയ്ക്ക്‌ മനുഷ്യാവകാശം നിഷിദ്ധമാണോ? ആണെങ്കിൽ എല്ലാ കൊലപാതകികൾക്കും ആയിരിക്കണം, പോലീസിനും. അപ്പോഴോ? ഇതെവിടെച്ചെന്നവസാനിക്കും?


ഒരാളിൽ കൊലക്കുറ്റം ആരോപിക്കപ്പെട്ടാൽ അത്‌ സംശയലേശമന്യേ തെളിയിക്കപ്പെടേണ്ടത്‌ ആവശ്യമാണ്‌. അതില്ലെങ്കിൽ നിരപരാധികൾ വരെ ശിക്ഷിക്കപ്പെട്ടേയ്ക്കാം. ഇനി, അഥവാ ഒരാൾ കുറ്റം ചെയ്തു എന്നുതന്നെയിരിക്കട്ടെ, തെളിവുകൾ ഉണ്ടെങ്കിൽപ്പോലും ആ വ്യക്തി ജന്മനാ കുറ്റവാസനയുള്ളയാളാണെന്ന് തെളിയില്ല, കിരീടം പോലുള്ള സിനിമകളിലെ നായകൻ ഉദാഹരണം.

ജന്മനാ നന്മ/തിന്മ/ന്യൂട്രൽ എന്ന നിലയിൽ ബിജുകുമാർ നടത്തുന്ന categorization രസകരമാണ്‌. ജന്മനാ തിന്മയോടുകൂടി ജനിക്കുന്നവർക്കാണ്‌ മൂന്നാംമുറ എന്നതാണ്‌ ബിജുവിന്റെ ന്യായം. ഈ സമ്പത്ത്‌ തിന്മയോടെയാണോ ജനിച്ചതുതന്നെ? പോലീസ്‌ എങ്ങിനെയാണ്‌ കണ്ടുപിടിച്ചത്‌? പോട്ടെ, ബിജുകുമാർ എങ്ങിനെയാണ്‌ ഇതറിഞ്ഞത്‌? ഇനി ഈ തിന്മക്കാർക്ക്‌ മൂന്നാംമുറ ആവശ്യമാണെന്നും പോലീസ്‌ അറിഞ്ഞ്‌ പ്രയോഗിച്ചാൽ മതിയെന്നും പറയുന്ന ബിജു അത്‌ തിരിച്ചറിയാൻ പോലീസിന്റെ കയ്യിൽ എന്ത്‌ വഴിയാണ്‌ ഉള്ളതെന്ന് പറയുന്നില്ല.


പോലീസിന്റെ ഇടി പേടിച്ചാണ്‌ ഒരുവിധം ആളുകളെല്ലാം തിന്മ ചെയ്യാതിരിക്കുന്നതെന്നാണ്‌ ബിജു പറയുന്നത്‌. ഇതിൽ എത്ര സത്യമുണ്ട്‌? പോലീസ്‌ ചെക്കിങ്ങ്‌ ഇല്ല എന്ന ധൈര്യത്തിൽ ഹെൽമറ്റ്‌ ഇടാതെ വണ്ടി ഓടിക്കുന്നതുപോലെ ഒന്നാണോ മോഷണവും കൊലപാതകവുമൊക്കെ? ചാൻസ്‌ കിട്ടിയാൽ വെറുതെ ഒരാളെ കൊല്ലാൻ എത്രപേർക്ക്‌ കഴിയും? പോട്ടെ, നാം വണ്ടിയോടിക്കുമ്പോൾ വഴിയിൽ കിടന്നുറങ്ങുന്ന പട്ടിയെ കണ്ടാൽ എത്രപേർ അതിന്റെ മുകളിലൂടെ വണ്ടിയോടിക്കും? (പട്ടിയെ കൊല്ലുന്നതിന്‌ പ്രത്യേകിച്ച്‌ കേസ്‌ ഒന്നുമില്ല)

നീതിനിർവ്വഹണത്തിനുള്ള കോടതികളും വിചാരണകളും അനാവശ്യമാണെന്ന ഒരു ധ്വനിയും തന്റെ പോസ്റ്റിൽ ബിജുകുമാർ പറയുന്നുണ്ട്‌. പണ്ട്‌ രാജാക്കന്മാരുടെ കാലത്തെ കഥയാണിവിടെ പുനരാവിഷ്കരിക്കപ്പെടുന്നത്‌. രാജാവിന്‌ അല്ലെങ്കിൽ പടയാളികൾക്ക്‌ അപ്രീതി തോന്നുന്ന ആരെയും പീഡിപ്പിക്കാനോ വധിക്കാനോ വരെ അധികാരമുണ്ടായിരുന്നതുപോലെ ഇന്ന് പോലീസുകാർക്ക്‌ അധികാരം കൊടുക്കണമെന്ന് പറയുന്നത്‌ ബാലിശമെന്നേ പറയാനാവൂ.

ബിജുകുമാർ ഇപ്പറഞ്ഞതൊക്കെ ഒരു പ്രത്യേകസംഭവത്തിന്റെ പ്രതികരണമാണെന്ന് പറയാം, പക്ഷെ ഒരു നിയമമെന്ന നിലയ്ക്ക്‌, നയമെന്ന നിലയ്ക്ക്‌, ഇത്‌ വിവരക്കേടാണ്‌, അത്യന്തം അപകടകരമാണ്‌. ഒരു കൊലപാതകിയ്ക്ക്‌ മനുഷ്യാവകാശം നിഷിദ്ധമെങ്കിൽ എല്ലാ കൊലപാതകികൾക്കും അത്‌ ബാധകമാകണം, തന്നെ ബലാൽക്കാരം ചെയ്യാൻ വരുന്ന വ്യക്തിയെ കൊല്ലുന്ന പെൺകുട്ടിയ്ക്കടക്കം.
അത്‌ ബിജുകുമാറിന്‌ അംഗീകരിക്കാനാവും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അപ്പോഴത്‌ നിലനിൽപിനുവേണ്ടി ചെയ്ത കുറ്റമാണെന്ന് പറയുമായിരിക്കും, പക്ഷെ അത്‌ തെളിയിക്കണമെങ്കിൽ ആ വ്യക്തിയ്ക്ക്‌ നീതിപൂർവ്വമായൊരു വിചാരണ വേണ്ടേ? ഒരു കൊലപാതകിയ്ക്ക്‌ അത്‌ നൽകാമെങ്കിൽ എല്ലാവർക്കും അത്‌ വേണ്ടതല്ലേ? അത്രയേ നമ്മുടെ ഭരണഘടനയും നിയമവും ചെയ്യുന്നുള്ളു.
*******************

അടിയന്തരാവസ്ഥയെക്കുറിച്ച്‌ കേട്ടിട്ടെങ്കിലുമുണ്ടാവുമല്ലൊ നാമെല്ലാവരും. എന്തൊക്കെ അതിനനുകൂലമായോ പ്രതികൂലമായോ പറയാനുണ്ടെങ്കിലും ഏറ്റവും വലിയ നെഗറ്റീവ്‌ ആയി പറഞ്ഞുകേട്ടിട്ടുള്ളത്‌ അന്ന് വ്യാപകമായ മനുഷ്യാവകാശലംഘനമാണ്‌. പോലീസിന്‌ സംശയം തോന്നുന്നവരെയെല്ലാം (വൈരാഗ്യമുള്ളവരെ എന്നുകൂടി വായിക്കാം) അറസ്റ്റ്‌ ചെയ്യാനും ദിവസങ്ങളോളം പീഡിപ്പിക്കാനും അധികാരമുണ്ടായിരുന്ന കാലം. രാജൻ എന്നു പേരുള്ള ഏതോ ഒരാളാണ്‌ പോലീസ്‌ സ്റ്റേഷൻ ആക്രമണത്തിൽ നേതൃത്വത്തിലുണ്ടായിരുന്നത്‌ എന്നൊരു ശ്രുതിയുടെ ആധാരത്തിൽ ആ ഭാഗത്തുണ്ടായിരുന്ന എല്ലാ രാജന്മാരേയും പിടിച്ച്‌ പീഡിപ്പിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്‌, കോൺഗ്രസ്‌ അനുഭാവികളെയടക്കം. അതിന്റെ ഫലമായാണ്‌ രാജൻ സംഭവം ഇന്നും ഒരു നൊമ്പരമായി നാം ഓർക്കുന്നത്‌. ബിജുകുമാർ പറഞ്ഞതുപോലെ നിയമനിർവ്വഹണത്തിനും മൂന്നാംമുറയ്ക്കും പോലീസിന്‌ free-hand കൊടുത്താൽ എത്ര രാജന്മാർ ഉണ്ടാവും എന്നത്‌ ചിന്തിക്കാവുന്നതേയുള്ളു.

38 comments:

അപ്പൂട്ടൻ said...

വ്യക്തിപരമായി കുറ്റപ്പെടുത്തലല്ല എന്റെ ഉദ്ദേശ്യം, പക്ഷെ ആ സുഹൃത്തിന്റെ ചിന്തകൾ കുറച്ചുകൂടി വിവേകപൂർവ്വമായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയി.

ഷിബു ചേക്കുളത്ത്‌ said...

എന്തൊക്കെ പറഞ്ഞാലും സമ്പത്ത്‌ എന്ന മനുഷ്യമ്രുഗത്തോട്‌ സഹതാപമോ കരുണയോ ആര്‍ക്കും തോന്നെണ്ട കാര്യമില്ല. വാര്‍തകള്‍ ശരിയാണെങ്കില്‍ കുറച്ചു കാലം അവനേ തീറ്റിപ്പോറ്റിയ ആളാണു ഷീല. ആ സ്ത്രീയെയാണു ആ ക്രൂരമ്രുഗം കൊന്നത്‌. സമ്പത്ത്‌ എന്ന മ്രുഗത്തോട്‌ കാട്ടുന്ന സഹതാപം എന്താണു ഷീലയുടെ കുടുംബത്തോട്‌ ആരും കാണിക്കാത്തതു? ഷീലയുടെ അമ്മയുടെയും മക്കളുടെയും കണ്ണുനീര്‍ കാണാന്‍ ഇവിടെ ആരുമില്ലേ?

ചിത്രഭാനു Chithrabhanu said...

ഷിബൂ... സമ്പത്തിനോടുള്ള സഹതാപമല്ല. ഇത്തരം കസ്റ്റഡി മരണങ്ങളോടുള്ള എതിർപ്പാണ് ഇവിടെ വിഷയം.ഇതൊരു രാഷ്ട്രീയ പ്രശ്നമാണ്. അതിനെ സംപത്ത് എന്ന വ്യക്തിയുടെ കളങ്കം കൊണ്ട് ന്യായീകരിക്കുംപോൾ വൻചിക്കപ്പെടുന്നത് നാം എന്ന ജനതയാണ്. സിനിമയിൽ സുരേഷ് ഗോപി ചെയ്യുന്നപോലെ പോലീസ് പ്രതികാരം ചെയ്യണം എന്ന ധ്വനിയാണ് നിങ്ങൾക്കെല്ലാം. ഷീലയുടെ കുടുംബത്തോട് സഹതാപം കാണിക്കേണ്ടത് സംപത്തിനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടാണ് എന്നാണ് താങ്കൾ പറഞ്ഞുവരുന്നതെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ

അനില്‍@ബ്ലോഗ് // anil said...

ഉപരിപ്ലവമായി ചിന്തിക്കുന്ന ഒരു ശരാശരിക്കാരന്റെ ചിന്തകളായെ ആ പോസ്റ്റിനെ കാണാനാവൂ.
എങ്കിലും അപ്പൂട്ടന്റെ ആശങ്കകള്‍ ഞാ‍നും പങ്കുവക്കുന്നു.

അപ്പൂട്ടൻ said...

ഷിബു,
ക്ഷമിക്കൂ, ഇവിടെ വിഷയം വ്യത്യസ്തമാണ്‌.
പോലീസിനാൽ കൊല്ലപ്പെട്ട ഒരാൾക്ക്‌ മനുഷ്യാവകാശം നിഷേധിക്കപ്പെട്ടു എന്നുപറയുന്നതുകൊണ്ട്‌ അയാൾ ചെയ്ത (അല്ലെങ്കിൽ ചെയ്തെന്ന് കരുതപ്പെടുന്ന, അതുതന്നെ വ്യക്തമായിട്ടില്ല) കുറ്റം കുറ്റമല്ലാതാകുന്നില്ല. ഞാൻ ചോദിച്ചത്‌ അത്‌ തെളിയിക്കാൻ ഭരണകൂടം നിറവേറ്റേണ്ട fair trail സമ്പത്ത്‌ എന്ന വ്യക്തിക്ക്‌ ലഭ്യമായോ എന്നതാണ്‌. ആ മനുഷ്യാവകാശലംഘനത്തെക്കുറിച്ച്‌ പറയുന്നതുകൊണ്ട്‌ കൊലയ്ക്കിരയായ സ്ത്രീയോട്‌ സഹതാപമില്ലെന്ന് അർത്ഥമില്ല. ഇത്‌ രണ്ടും കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല.

സമ്പത്ത്‌ കുറ്റവാളിയാണെന്നത്‌ കോടതി വിലയിരുത്തേണ്ട കാര്യമാണ്‌. ആ സാഹചര്യം ചില പോലീസുകാർ ഇല്ലാതാക്കിയെന്നതാണ്‌ വസ്തുത.

ഇനി കൊന്നവനെ കൊന്നാൽ, അല്ലെങ്കിൽ രണ്ടാമത്തെ കൊല ന്യായീകരിച്ചാൽ, സ്ത്രീയോട്‌ കരുണ കാണിക്കുന്നതിനു തുല്യമാകുമോ? (നീതി ലഭിക്കുമോ എന്ന ചോദ്യം തൽക്കാലം വിടുന്നു) ഈ കമന്റെഴുതുമ്പോൾ താങ്കൾക്ക്‌ മനസിൽ എന്താണ്‌ തോന്നിയത്‌? മരിച്ച സ്ത്രീയോടുള്ള കരുണയോ അതോ സമ്പത്തിനോടുള്ള വെറുപ്പോ?

മലമൂട്ടില്‍ മത്തായി said...

As things stand, Sampath is "accused" of a crime. No court anywhere has passed a verdict that he is a criminal. Even if he was a habitual criminal, the Police has no right to take his life.

Then comes the issue of Kasab trial. Every one in India has a right to a fair trial. That is the rule even if it is Kasab. After being convicted, he can be dealt with as the law says - hang him if that is the verdict, do not vacillate there as it happened in the case of Afzal Guru. Hate the crime, and hate the criminal as well, but only after a fair trial.

ഷിബു ചേക്കുളത്ത്‌ said...

ഞാന്‍ ഒരു സാധാരണക്കാരനാണു. നിങ്ങളേ പോലേ ബുജിയല്ല. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏതൊരു സാധാരണക്കാരണ്റ്റെയും മനസ്സില്‍ തോന്നുന്ന്‌ ഒരു വികാരമാണു എനിക്കു തോന്നിയത്‌. നിങ്ങള്‍ക്കു യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്‌.

ഷാജി.കെ said...

അപ്പൂട്ടന്‍, പ്രസക്തമായ പോസ്റ്റ്‌ . പോലിസിന്റെ ഈ നടപടിയെ ഒരു പരിഷ്കൃത സമൂഹത്തിനു ന്യായീകരിക്കാന്‍ കഴിയില്ല.കേരളത്തില്‍ ഇപ്പോള്‍ കാണുന്ന ഒരു പ്രതിഭാസം ആണ് ജനകൂട്ടങ്ങളും മാദ്ധ്യമങ്ങളും പോലീസും ആണ് വിചാരണ നടത്തി നീതി നടപ്പാക്കി കൊണ്ടിരിക്കുന്നത്.

ഓ:ടോ: താങ്കളുടെ പോസ്റ്റുകള്‍ ജാലകം അഗ്രിഗേറ്ററില്‍ കാണുന്നില്ല .അതുകൊണ്ട് പുതിയ പോസ്റ്റുകള്‍ വരുന്നത് ഞാന്‍ അറിയാറില്ല.ഇതിന്റെ നൂലാ മാലകള്‍ എനിക്കറിയാത്തത് കൊണ്ടായിരിക്കും അല്ലേ.

ഷാജി ഖത്തര്‍.

പാമരന്‍ said...

Appoottan, thanks for this post. I too felt the same way when I read Bijukumar's post. Didnt get time to comment then.

Anonymous said...

സമ്പത്തുമാര്‍ക്കൊക്കെ എന്തു മനുഷ്യാവകാശം... അതൊക്കെ കസബുമാര്‍ക്കും ചില പ്രത്യേക വിഭാഗക്കാ‍ാര്‍ക്കും മാത്രമുള്ളതല്ലേ... ബിജു കുമാരന്മാര്‍ നീണാല്‍ വാഴട്ടേ...

Unknown said...

കൊന്നവനെ തല്ലിക്കൊന്നതുകൊണ്ട് മരിച്ചയാളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുകയൊന്നുമില്ല .
കസ്റ്റഡിമരണം ഒരു നാടിനും അലങ്കാരവുമല്ല .

എന്നാലും ............................

അപ്പൂട്ടൻ said...

അനിൽ,
ഒരു സാധാരണ കാഴ്ചപ്പാടെന്ന നിലയിൽ തള്ളിക്കളയാനാണ്‌ ആദ്യം തോന്നിയത്‌, പക്ഷെ ആ പോസ്റ്റ്‌ വായിച്ചുവന്നപ്പോൾ പൊതുസമൂഹത്തിൽ അത്ര ആശാസ്യമല്ലാത്ത രീതിയിൽ ചിന്തകൾ വരുന്നതുകണ്ടപ്പോൾ പ്രതികരിക്കണമെന്നുതോന്നി. അത്രയേ ഉള്ളു.
മലമൂട്ടിൽ മത്തായി,
മിക്കവാറും മനുഷ്യരുടെ ജീവിതത്തിൽ കൊലപാതകം എന്നത്‌ ഒരു one-off incident മാത്രമാണ്‌. അങ്ങിനെ ഒന്ന് സംഭവിച്ചതുകൊണ്ട്‌ അയാൾ എന്നെന്നേയ്ക്കും ക്രിമിനൽ ആകുന്നില്ല. അർഹമായ ശിക്ഷ കഴിഞ്ഞ്‌ പുറത്തുവന്ന കുറ്റവാളിയ്ക്ക്‌ ജീവിക്കാനവകാശമുണ്ട്‌, കുറ്റവാളിയെ വെറുക്കുന്നതിലൂടെ ആ സാധ്യത കൂടി നാം ഇല്ലാതാക്കുകയാണ്‌ ചെയ്യുന്നത്‌.
ഷാജി,
നന്ദി.
ജാലകം അഗ്രിഗേറ്റർ ഞാൻ നോക്കാറില്ല. ചിന്ത അഗ്രിഗേറ്ററിൽ എന്റെ പോസ്റ്റുകൾ വരാറുണ്ട്‌. ജാലകം അഗ്രിഗേറ്ററിൽ വരാൻ എന്താണ്‌ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല, നോക്കട്ടെ.
പാമരൻ,
നന്ദി.
അനോണി,
ബിജുകുമാറിന്റെ അഭിപ്രായത്തിൽ കസബിനും മനുഷ്യാവകാശത്തിനുള്ള അർഹതയില്ല, അതിനാൽ ഇക്കാര്യത്തിൽ അദ്ദേഹത്തെ കുറ്റം പറയേണ്ടതില്ല. മനുഷ്യാവകാശം എന്നത്‌ മനുഷ്യാവകാശം തന്നെയാണ്‌, അത്‌ കസബായാലും സമ്പത്തായാലും കൊല്ലപ്പെട്ട വീട്ടമ്മയായാലു ഞാനായാലും താങ്കളായാലും.
ഷിബു,
ഇതിൽ ഒരു ബുജിയിസം ഒന്നുമില്ല. ബിജുകുമാറും താങ്കളും പ്രകടിപ്പിച്ച രോഷം മനസിലാക്കാം, പക്ഷെ അത്‌ ഒരു സാമൂഹികനീതി എന്ന നിലയ്ക്കോ നിയമമെന്ന നിലയ്ക്കോ നടപ്പിലാക്കാനാകാത്തതാണ്‌. അതിന്റെ അപകടവും ആ പോസ്റ്റ്‌ വായിച്ചപ്പോൾ എനിക്ക്‌ തോന്നിയ ചില ചോദ്യങ്ങളും മാത്രമാണ്‌ ഈ പോസ്റ്റ്‌.
ഇത്‌ ഒരു സാധാരണക്കാരന്റെ മാനസികാവസ്ഥയാണെങ്കിൽ നാം സമൂഹത്തെ ഭയക്കേണ്ടതുണ്ട്‌. അകാരണമായി ഒരാൾ പീഡിപ്പിക്കപ്പെട്ടാൽ പോലും പൊതുജനം ഇതാണ്‌ പറയുക എന്നുണ്ടെങ്കിൽ ജീവിതം എത്ര ഭീകരമായിരിക്കും. ഇതേ സാധാരണക്കാരൻ തന്നെ തനിക്കൊരു നീതിനിഷേധം നടന്നാലോ താൻ അംഗമായതോ അനുഭാവമുള്ളതോ ആയ ഒരു സംഘടനയുടെ നേരെ ലാത്തിച്ചാർജ്ജ്‌ നടന്നാലോ പോലീസ്‌ അതിക്രമം എന്ന് രോഷം കൊള്ളും എന്നതും മറന്നുകൂടാ.

വിനയന്‍ said...

സമ്പത്ത് എന്നാ മനുഷ്യമൃഗത്തോട് സഹതാപത്തിന്റെ ആവശ്യമില്ല...എന്നാലും ഇവിടെ വിഷയം അതല്ല...പിന്നെ പോലീസ് എന്ന വേഷം കെട്ടിയാല്‍ ഇവിടെ ചിലത് ആടിത്തീര്‍ക്കണം എന്ന മട്ടാണ് ജോലി കിട്ടി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും...പണ്ട് കാലം തൊട്ടേ കിട്ടിയവനിട്ടു പെരുമാറുക എന്നത് പോലീസിന്റെ ശീലം. സമ്പത്ത്‌ എന്ന മനുഷ്യന്‍ മരിച്ചെങ്കില്‍ അതില്‍ സന്തോഷം മാത്രം. പക്ഷെ അത് നിയമം കയ്യിലെടുത്തു കൊണ്ട് ഈ രീതിയിലാവുമ്പോള്‍!!...പോലീസ് ഒരാളെ കയ്യില്‍ കിട്ടിയാല്‍ അയാള്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുക എന്നത് ശരിയല്ല. പ്രത്യേകിച്ച് പോലീസിന്റെ മര്‍ദ്ദനം അത് കുറ്റവാളിയാണോ അല്ലയോ എന്ന് തീര്‍ച്ച്ചയാക്കാതെ തന്നെയാണ് എന്നിരിക്കെ...ഉ.ദ: സാഗര്‍ ഹോട്ടലിലെ കാര്യം എടുക്കാം. അവിടെ ആരെയാണ് പോലീസ് മര്‍ദ്ദിച്ചത്? ആ പെണ്‍കുട്ടിയുടെ കൂടെ വന്ന ആളെയല്ലേ..അതാണ്‌ പോലീസ്..അതുകൊണ്ട് തന്നെ അപ്പൂട്ടന്റെ അഭിപ്രായങ്ങളോട് ഏതാണ്ട് യോജിക്കുന്നു... :) പ്രസക്തമായ ലേഖനം...തീര്‍ച്ചയായും ആ പോസ്റ്റിനു ഇങ്ങനെ ഒരു പ്രതികരണം ഇട്ടതു നന്നായി.ടെമ്പ്ലേറ്റ് മോശം എന്നൊരു അഭിപ്രായം പറയട്ടെ...കടുത്ത നിറം ചിലരെയെങ്കിലും ഒരു കാലിക പ്രസക്തിയുള്ള ലേഖനം വായിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തും.

ബിജുകുമാര്‍ alakode said...

എന്റെ “മൂന്നാം മുറയും കൊലപാതകിയുടെ മനുഷ്യാവകാശവും” എന്ന പോസ്റ്റ് ഞാന്‍ വിചാരിച്ചതിലേറെ പ്രതികരണമാണ് സൃഷിച്ചിരിയ്ക്കുന്നത്. അതിനെ നിരൂപണം ചെയ്ത് ഒരു പൊസ്റ്റുണ്ടാവുമെന്ന് സ്വപ്നേപി കരുതിയതുമില്ല. ഒരു കാര്യം ആദ്യമേ വ്യക്തമാക്കട്ടെ, എന്റെ പൊസ്റ്റ് മുഖ്യമായും ഇവിടുത്തെ മാധ്യമങ്ങളോടുള്ള പ്രതികരണമായിരുന്നു; ഒരു കൊലപാതകിയെ ഇത്രയേറെ ഗ്ലോറിഫൈ ചെയ്യണമോ? ഇത് സമൂഹത്തിനെന്തു സന്ദേശമാണ് നല്‍കുക? എന്നോടു പ്രതികരിച്ച ആരും അതേപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല, അപ്പൂട്ടനുള്‍പ്പെടെ. അതിനെതിരെ ഒരു സാധാരണക്കാരന്‍ ഇരയുടെ ഭാഗത്തു നിന്നു പ്രതികരിച്ചു അത്രയേ ഒള്ളൂ.അതിനെ സ്റ്റേറ്റിന്റെ നിയമവ്യവസ്ഥയുമായി കൂട്ടിക്കുഴക്കേണ്ടതില്ല.
കസ്റ്റഡി മരണം അതിന്റെ വാച്യാര്‍ത്ഥത്തില്‍ ഏറ്റവും മോശം തന്നെ, യാതൊരു തര്‍ക്കവുമില്ല. പോലീസിന്റെ സകല പ്രവൃത്തികളെയും ന്യായീകരിയ്കേണ്ട ബാധ്യതയൊന്നും എനിയ്ക്കില്ല.
. ഓരോ കുറ്റത്തിനും അതിന്റേതായ പശ്ചാത്തലവും സ്വഭാവവുമുണ്ട്. വിശന്നിട്ട് അന്യന്റെ വളപ്പില്‍ കയറി ഒരു ചില്ല ആപ്പിള്‍ മോഷ്ടിച്ച ജീന്‍ വാല്‍ ജീനും ആഡംഭരജീവിതത്തിനായി വീടാക്രമിച്ച് മോഷണം നടത്തുന്നവനും ഒരേ കാറ്റഗറിയല്ല. ആത്മരക്ഷാര്‍ത്ഥമോ പെട്ടെന്നുണ്ടായ പ്രകോപനത്താലോ കൊലചെയ്തയാളും മനപ്പൂര്‍വം കരുതിക്കൂട്ടി നിരപരാധിയെ കൊലചെയ്യുന്നവനും ഒരേപോലല്ല. അതുകൊണ്ട് മോഷണം, കൊലപാതകം എന്നിങ്ങനെ സാമാന്യമായി വിലയിരുത്തുന്നതില്‍ യാതൊരു കഴമ്പുമില്ല. ഈ ഒരു വ്യത്യാസം തിരിച്ചറിഞ്ഞ് പോലീസ് തങ്ങളുടെ ഉരുക്കുമുഷ്ടി ഉപയോഗിയ്ക്കുമ്പോഴാണ് സമൂഹത്തില്‍ സമാധാനമുണ്ടാകുക. നമ്മുടെ നാട്ടില്‍ സമാധാനം എന്ന ഒരു സാധനമുണ്ടെങ്കില്‍ അത് നമ്മുടെ നാട്ടുകാരുടെ നിയമവാഴ്ചയോടുള്ള ബഹുമാനം കൊണ്ടുമാത്രമാണെന്ന് കരുതുന്നവരുടെ കൂട്ടത്തിലല്ല ഞാന്‍ .
പോലീസ് കസ്റ്റഡിയിലെടുക്കുന്ന എല്ലാവരും കുറ്റവാളികളാണെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പോലീസ് എല്ലാവരും തനിതങ്കമാണെന്ന അഭിപ്രായവും എനിക്കില്ല. ഒരു സമൂഹം എങ്ങനെയായിരിയ്ക്കുമോ അത്തരത്തിലായിരിയ്ക്കും അവിടുത്തെ പോലീസ് ഉള്‍പ്പെടെയുള്ള ഭരണസംവിധാനവും. പല വിദേശരാജ്യങ്ങളിലും പോലീസ് വളരെ പരിഷ്കൃതരാണ്. പൌരന്മാരോട് ബഹുമാനത്തോടെ ആണ് ഇടപഴകുന്നത്. കാരണം അവിടുത്തെ പൌരന്മാര്‍ സാമൂഹ്യബോധവും പൌരബോധവും ഉള്ളവരായിരിയ്ക്കും. അവര്‍ പെരുവഴിയില്‍ മദ്യപിച്ച് വഴിയെ പോകുന്നവന്റെ മെക്കിട്ടു കേറുകയില്ല. വഴിയെ സ്ത്രീകള്‍ പോയാല്‍ കമന്റടിയ്ക്കുകയില്ല. കുറ്റം തടയാന്‍ പോലീസിനെ സഹായിയ്ക്കും. നമ്മുടെ നാട്ടിലോ?

ബിജുകുമാര്‍ alakode said...

എന്റെ “മൂന്നാം മുറയും കൊലപാതകിയുടെ മനുഷ്യാവകാശവും” എന്ന പോസ്റ്റ് ഞാന്‍ വിചാരിച്ചതിലേറെ പ്രതികരണമാണ് സൃഷിച്ചിരിയ്ക്കുന്നത്. അതിനെ നിരൂപണം ചെയ്ത് ഒരു പൊസ്റ്റുണ്ടാവുമെന്ന് സ്വപ്നേപി കരുതിയതുമില്ല. ഒരു കാര്യം ആദ്യമേ വ്യക്തമാക്കട്ടെ, എന്റെ പൊസ്റ്റ് മുഖ്യമായും ഇവിടുത്തെ മാധ്യമങ്ങളോടുള്ള പ്രതികരണമായിരുന്നു; ഒരു കൊലപാതകിയെ ഇത്രയേറെ ഗ്ലോറിഫൈ ചെയ്യണമോ? ഇത് സമൂഹത്തിനെന്തു സന്ദേശമാണ് നല്‍കുക? എന്നോടു പ്രതികരിച്ച ആരും അതേപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല, അപ്പൂട്ടനുള്‍പ്പെടെ. അതിനെതിരെ ഒരു സാധാരണക്കാരന്‍ ഇരയുടെ ഭാഗത്തു നിന്നു പ്രതികരിച്ചു അത്രയേ ഒള്ളൂ.അതിനെ സ്റ്റേറ്റിന്റെ നിയമവ്യവസ്ഥയുമായി കൂട്ടിക്കുഴക്കേണ്ടതില്ല.
കസ്റ്റഡി മരണം അതിന്റെ വാച്യാര്‍ത്ഥത്തില്‍ ഏറ്റവും മോശം തന്നെ, യാതൊരു തര്‍ക്കവുമില്ല. പോലീസിന്റെ സകല പ്രവൃത്തികളെയും ന്യായീകരിയ്കേണ്ട ബാധ്യതയൊന്നും എനിയ്ക്കില്ല.
. ഓരോ കുറ്റത്തിനും അതിന്റേതായ പശ്ചാത്തലവും സ്വഭാവവുമുണ്ട്. വിശന്നിട്ട് അന്യന്റെ വളപ്പില്‍ കയറി ഒരു ചില്ല ആപ്പിള്‍ മോഷ്ടിച്ച ജീന്‍ വാല്‍ ജീനും ആഡംഭരജീവിതത്തിനായി വീടാക്രമിച്ച് മോഷണം നടത്തുന്നവനും ഒരേ കാറ്റഗറിയല്ല. ആത്മരക്ഷാര്‍ത്ഥമോ പെട്ടെന്നുണ്ടായ പ്രകോപനത്താലോ കൊലചെയ്തയാളും മനപ്പൂര്‍വം കരുതിക്കൂട്ടി നിരപരാധിയെ കൊലചെയ്യുന്നവനും ഒരേപോലല്ല. അതുകൊണ്ട് മോഷണം, കൊലപാതകം എന്നിങ്ങനെ സാമാന്യമായി വിലയിരുത്തുന്നതില്‍ യാതൊരു കഴമ്പുമില്ല. ഈ ഒരു വ്യത്യാസം തിരിച്ചറിഞ്ഞ് പോലീസ് തങ്ങളുടെ ഉരുക്കുമുഷ്ടി ഉപയോഗിയ്ക്കുമ്പോഴാണ് സമൂഹത്തില്‍ സമാധാനമുണ്ടാകുക. നമ്മുടെ നാട്ടില്‍ സമാധാനം എന്ന ഒരു സാധനമുണ്ടെങ്കില്‍ അത് നമ്മുടെ നാട്ടുകാരുടെ നിയമവാഴ്ചയോടുള്ള ബഹുമാനം കൊണ്ടുമാത്രമാണെന്ന് കരുതുന്നവരുടെ കൂട്ടത്തിലല്ല ഞാന്‍ .
പോലീസ് കസ്റ്റഡിയിലെടുക്കുന്ന എല്ലാവരും കുറ്റവാളികളാണെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പോലീസ് എല്ലാവരും തനിതങ്കമാണെന്ന അഭിപ്രായവും എനിക്കില്ല. ഒരു സമൂഹം എങ്ങനെയായിരിയ്ക്കുമോ അത്തരത്തിലായിരിയ്ക്കും അവിടുത്തെ പോലീസ് ഉള്‍പ്പെടെയുള്ള ഭരണസംവിധാനവും. പല വിദേശരാജ്യങ്ങളിലും പോലീസ് വളരെ പരിഷ്കൃതരാണ്. പൌരന്മാരോട് ബഹുമാനത്തോടെ ആണ് ഇടപഴകുന്നത്. കാരണം അവിടുത്തെ പൌരന്മാര്‍ സാമൂഹ്യബോധവും പൌരബോധവും ഉള്ളവരായിരിയ്ക്കും. അവര്‍ പെരുവഴിയില്‍ മദ്യപിച്ച് വഴിയെ പോകുന്നവന്റെ മെക്കിട്ടു കേറുകയില്ല. വഴിയെ സ്ത്രീകള്‍ പോയാല്‍ കമന്റടിയ്ക്കുകയില്ല. കുറ്റം തടയാന്‍ പോലീസിനെ സഹായിയ്ക്കും. നമ്മുടെ നാട്ടിലോ?
കേരളത്തിലെ പല മോഷണങ്ങളും അതിനായുള്ള കൊലപാതകങ്ങളും ചെയ്യുന്നത് തമിഴ്നാട്ടുകാരാണ്. പലപ്പോഴും നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തുവിട്ടാലും പോലീസ് കേസെടുത്താലും അവരിത് ആവര്‍ത്തിച്ച്കൊണ്ടേയിരിയ്ക്കും. കേരളത്തിലെ പല കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും മദ്യത്തിന്റെ സ്വാധീനം പ്രകടമാണ്. കേരളത്തിലെ പുതിയ പ്രവണതയാണ് ക്വൊട്ടേഷന്‍ കൊലപാതകങ്ങള്‍ . പണത്തിനു വേണ്ടിമാത്രം മനുഷ്യരെ വെട്ടിക്കൊല്ലുന്നവര്‍ .ഇത്തരം ആള്‍ക്കാരെ പോലീസ് എങ്ങനെ കൈകാര്യം ചെയ്യണം? അവരുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ആര്‍ക്കാണ് ബാധ്യത? മനുഷ്യത്വം ഉള്ളവര്‍ക്കാണ് മനുഷ്യാവകാശത്തിനു അര്‍ഹത.സഹജീവിയുടെ ജീവിയ്ക്കാനുള്ള അവകാശത്തെ നിഷ്കരുണം ഇല്ലാതാക്കുന്നവര്‍ക്കു വേണ്ടി വാദിയ്ക്കുന്നവരെ ഓര്‍ത്തു സഹതപിക്കാനെ കഴിയൂ.

ബിജുകുമാര്‍ alakode said...

പാലക്കാട്ടെ സമ്പത്തിനെ കൊല്ലാന്‍ വേണ്ടിയായിരിയ്ക്കില്ല പോലീസ് മര്‍ദിച്ചത്. ഒരു സ്ത്രീയോടു ചെയ്ത ക്രൂരതയില്‍ മനസ്സുനൊന്ത, എന്നെപ്പോലെ ചിന്തിയ്ക്കുന്ന വെറും പച്ചമനുഷ്യരായ പോലീസുകാര്‍ കൈത്തരിപ്പു തീര്‍ത്തപ്പോള്‍ ആ മൃഗം മരിച്ചു കാണും. അതവന്റെ സ്വയം കൃതാനര്‍ത്ഥം. ഏതായാലും ഒരു വീട്ടില്‍ അതിക്രമിച്ചുകയറി നിസ്സഹായ ആയ ഒരു സ്ത്രീയെ കൂട്ടം ചേര്‍ന്ന് മൃഗീയമായി കൊലചെയ്തതും(അവരുടെ നിലവിളി എനിക്കിപ്പൊഴും കേള്‍ക്കാം), അതു ചെയ്തവനെ പോലീസ് പിടിച്ച് മര്‍ദ്ദിച്ചപ്പോള്‍ മരണം സംഭവിച്ചതും ഒരേ തുലാസിലിട്ടു തൂക്കുന്ന അപ്പൂട്ടന്റെ ലോജിക് അപാരം തന്നെ. വെറുതെ വഴിയെ പോകുന്നവന്റെ ചെകിട്ടത്തടിച്ചിട്ട് തിരിച്ച് മേടിച്ചാല്‍ രണ്ടും ഒരേപോലാണെന്ന് വാദിയ്ക്കുന്ന ആ ലോജിക്കിന്‍` നല്ല ഒരു നമസ്കാരം.
ബിജുകുമാര്‍ നടത്തിയ കാറ്റഗറൈസേഷന്‍ ശരിയാണോ എന്ന് ക്രിമിനോളജി വിദഗ്ദരോട് അന്വേഷിച്ചാല്‍ ബോധ്യമാ‍കും.(ഞാന്‍ ക്രിമിനോളജിസ്റ്റല്ല. ജയിംസ് വടക്കുംചേരി ആണ് ഈ വിഷയത്തില്‍ ചാനലുകള്‍ പതിവായി അവതരിപ്പിയ്ക്കുന്ന ഒരു വിദഗ്ദന്‍ )
/ / /ഒരു കൊലപാതകിയ്ക്ക്‌ മനുഷ്യാവകാശം നിഷിദ്ധമെങ്കിൽ എല്ലാ കൊലപാതകികൾക്കും അത്‌ ബാധകമാകണം, തന്നെ ബലാൽക്കാരം ചെയ്യാൻ വരുന്ന വ്യക്തിയെ കൊല്ലുന്ന പെൺകുട്ടിയ്ക്കടക്കം./ / /
-----അപ്പൂട്ടാ, താങ്കളോട് കൂടുതലെന്തെങ്കിലും ഇനി പറയണമെന്ന് എനിയ്ക്ക്ല് തോന്നുന്നില്ല. കുറച്ചുനാള്‍ മുന്‍പ് കാശ്മീരില്‍
ഒരു പെണ്‍കുട്ടി തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ വന്ന ഭീകരനെ ധീരയായി നേരിട്ട് കൊലപ്പെടുത്തിയത് താങ്കള്‍ അറിഞ്ഞിരിയ്ക്കുമല്ലോ? (അവള്‍ക്ക് പോലീസില്‍ ജോലിയും ദേശീയ ബഹുമതിയുമൊക്കെ സര്‍ക്കാര്‍ നല്‍കി.)
പാലക്കാട്ടെ സമ്പത്തും അവളും ഒരേ കാറ്റഗറിയില്‍ പെടും!!!! ഞാനൊന്ന് ഉച്ചത്തില്‍ ചിരിച്ചാല്‍ എന്നെ കുറ്റപ്പെടുത്തരുതേ..!
ഇനി മുതല്‍ നമുക്ക് നിയമഭയമുള്ള നല്ല പൌരന്മാരാകാം. നമ്മുടെ സഹൊദരിയെ, അമ്മയെ, ഭാര്യയെ, മകളെ ആരെങ്കിലും കയറിപിടിച്ചാല് അല്ലെങ്കില്‍` മാനഭംഗപ്പെടുത്തിയാല്‍` അല്ലെങ്കില്‍` കൊന്നാല്‍` നമുക്ക് ആ സഹോദരനോട് ക്ഷമിക്കാം അല്ലെങ്കില്‍` അടുത്തുള്ള പോലീസ് സ്റ്റേഷനില് ഒരു പരാതി കൊടുക്കാം. പോലീസ് കാര്‍ പ്രതിയെ സ്വീകരിച്ചിരുത്തി ഒരു ചോദ്യപ്പേപ്പര്‍ (ഒബ്ജക്റ്റീവ് ടൈപ്പ്) നല്‍കും. അദ്ദേഹം അത് വായിച്ച് നോക്കി ശരിയായ ഉത്തരത്തിനു നേരെ “ടിക് “ ചെയ്യേണ്ടതാണ്. അതിനു വിസമ്മതിച്ചാല്‍ പോലീസുകാര്‍ അദ്ദേഹത്തെ ഇക്കിളിയിട്ട് ചിരിപ്പിയ്ക്കും. എന്നിട്ടും പറ്റിയീല്ലെങ്കില്‍ ഒരു ഫുള്‍ബോട്ടില്‍ നല്‍കും. നല്ല ഫിറ്റായാല്‍ ചിലപ്പോള്‍ സത്യങ്ങളൊക്കെ പറയാന്‍ ചാന്‍സുണ്ട്. ചിലര്‍ക്ക് കഞ്ചാവായിരിയ്ക്കും വേണ്ടിവരുക. മറ്റു വിഷയങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് അതുമാകാം. പിന്നീട് ശിക്ഷിക്കപ്പെട്ടാല്‍ അവര്‍ക്ക് ജയിലില്‍ സന്മാര്‍ഗപാഠക്ലാസ്സുണ്ടാകും. ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കേണ്ടതിനെക്കുറിച്ച് അവരെ ബോധവല്‍ക്കരിയ്ക്കും. അവര്‍അതുകേട്ട്മനസ്സലിഞ്ഞ്,മാനസാന്തരംവന്ന്നല്ലപൌരന്മാരായ്സമൂഹത്തിലേയ്ക്കിറങ്ങിവന്ന് മറ്റുള്ളവര്‍ക്കും സന്മാര്‍ഗം ഉപദേശിയ്ക്കും. ചെയിന്‍ റീയാക്ഷന്‍ പോലെ അത് സമൂഹമാകെ പടര്‍ന്ന് ഒടുവില്‍ നമ്മുടെ നാടൊരു സ്വര്‍ഗരാജ്യമായി മാറും.
പുലിവാല്‍ കഷണം: നമ്മുടെ വിളകള്‍ക്കിടയില്‍ വിഷച്ചെടികള്‍ വളര്‍ന്നാല്‍ അതിനെ നശിപ്പിക്കരുത് . പകരം പിഴുതെടുത്ത് വേറൊരു കൃഷിയിടത്തില്‍ വളര്‍ത്തണം. അവയ്ക്കും വെള്ളവും വളവും കൊടുക്കണം. പിന്നെ ആ വിഷം ചെടിയില്‍ നിന്ന് വലിച്ചെടുത്ത് കളയുക (വളരെ നിസ്സാരമായി ചെയ്യാവുന്നത്). അങ്ങനെ അവസാനം ആ ചെടിയും നല്ലൊരു വിളയായി മാറും. പിന്നെ നമുക്ക് അതുമാത്രം വിളയിറക്കാം.

ചിത്രഭാനു Chithrabhanu said...

//പാലക്കാട്ടെ സമ്പത്തിനെ കൊല്ലാന്‍ വേണ്ടിയായിരിയ്ക്കില്ല പോലീസ് മര്‍ദിച്ചത്. ഒരു സ്ത്രീയോടു ചെയ്ത ക്രൂരതയില്‍ മനസ്സുനൊന്ത, എന്നെപ്പോലെ ചിന്തിയ്ക്കുന്ന വെറും പച്ചമനുഷ്യരായ പോലീസുകാര്‍ കൈത്തരിപ്പു തീര്‍ത്തപ്പോള്‍ ആ മൃഗം മരിച്ചു കാണും. അതവന്റെ സ്വയം കൃതാനര്‍ത്ഥം. //
കുറച്ച് കടന്നു പോയി.
കസ്റ്റഡി മരണങ്ങളോടുള്ള എതിർപ്പാണ് ഇവിടെ വിഷയം.ഇതൊരു രാഷ്ട്രീയ പ്രശ്നമാണ്. അതിനെ സംപത്ത് എന്ന വ്യക്തിയുടെ കളങ്കം കൊണ്ട് ന്യായീകരിക്കുംപോൾ വൻചിക്കപ്പെടുന്നത് നാം എന്ന ജനതയാണ്.
ഇത് എന്താണ് മനസ്സിലാക്കാത്തത്. രണ്ട് ദിവസം മുൻപിലത്തെ മാത്രുഭൂമി വായിച്ച് നോക്കുക. ഒരി ദിവസത്തിൽ 5 ഓളം ലോക്കപ് മർദ്ദനവുമായി ബന്ധപ്പെട്ട മരണങ്ങൾ. സംപത്തിന്റെ ലോക്കപ് മരണത്തെ ന്യായീകരിക്കുംപോൾ നിങ്ങൾ ഈ കൊലപാതകങ്ങളെയെല്ലാം ന്യായീകരിക്കുകയാണ്.

ഷൈജൻ കാക്കര said...

അപ്പൂട്ടന്റെ പോസ്റ്റിനോട്‌ നൂറു ശതമാനം യോജിക്കുന്നു.

നാളെ സമ്പത്തല്ല ഷീലയെ കൊന്നത്‌ എന്ന്‌ തെളിഞ്ഞാൽ സമ്പത്തിന്റെ ജീവൻ...

ഗ്രീഷ്മയുടെ ലോകം said...

നമ്മുടെ വിളകള്‍ക്കിടയില്‍ വിഷച്ചെടികള്‍ വളര്‍ന്നാല്‍ അതിനെ നശിപ്പിക്കരുത് . പകരം പിഴുതെടുത്ത് വേറൊരു കൃഷിയിടത്തില്‍ വളര്‍ത്തണം. അവയ്ക്കും വെള്ളവും വളവും കൊടുക്കണം. പിന്നെ ആ വിഷം ചെടിയില്‍ നിന്ന് വലിച്ചെടുത്ത് കളയുക (വളരെ നിസ്സാരമായി ചെയ്യാവുന്നത്). അങ്ങനെ അവസാനം ആ ചെടിയും നല്ലൊരു വിളയായി മാറും. പിന്നെ നമുക്ക് അതുമാത്രം വിളയിറക്കാം

നമ്മുടെ നാട്ടിൽ ജയിലുകളുണ്ടല്ലോ ബിജു കുമാർ. ബിജുകുമാറിന്റെ കാഴച്ചപ്പാടിൽ ജയിലുകൾ വേണ്ട എന്നാണോ?

അപ്പൂട്ടൻ said...

ബിജുകുമാർ,
മറുപടി ഇത്തിരി നീണ്ടതാണ്‌, പക്ഷെ അത്‌ മറ്റൊരു പോസ്റ്റാക്കാൻ താൽപര്യമില്ല, കഴിയുമെങ്കിൽ വിഷയം അതാത്‌ പോസ്റ്റിൽ തന്നെ ചർച്ച ചെയ്യണം എന്നാണ്‌ എന്റെ ആഗ്രഹം.

താങ്കളുടെ പോസ്റ്റിനോടുള്ള എന്റെ പ്രതികരണം മാത്രമാണിത്‌, അതല്ലാതെ താങ്കളെ ഏതെങ്കിലും രീതിയിൽ വിലയിരുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല. കഴിവതും ആശയപരമായി തന്നെ കാര്യങ്ങൾ കാണണമെന്ന് അപേക്ഷിക്കുന്നു.

ഇനി താങ്കളുടെ പോയിന്റുകൾ ഒന്ന് വിശകലനം ചെയ്യാം.
ആദ്യം താങ്കൾ പറഞ്ഞത്‌ താങ്കളുടെ പ്രതികരണം സമ്പത്ത്‌ എന്ന വ്യക്തിയെ മീഡിയ ഗ്ലോറിഫൈ ചെയ്തതിനോടാണെന്നും ആ ചർച്ച തന്നെ അനാവശ്യമായിരുന്നു എന്നാണ്‌ താങ്കളുടെ വിലയിരുത്തൽ എന്നുമാണ്‌.

താങ്കളുടെ പോസ്റ്റ്‌ താങ്കൾ തന്നെ ഒന്നുകൂടി വിലയിരുത്താനപേക്ഷ. ആദ്യഭാഗം താങ്കൾ പറയുന്നതുപോലെ മീഡിയയുടെ ചെയ്തിക്കെതിരാണ്‌, പക്ഷെ പിന്നീട്‌ താങ്കൾ സംസാരിക്കുന്നതു മുഴുവൻ ഒരു ക്രൂരകൊലപാതകിയെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതിനേക്കുറിച്ചാണ്‌. ഇതിലേതിനാണ്‌ താങ്കൾ കൂടുതൽ സ്പേസ്‌ ഉപയോഗിച്ചിരിക്കുന്നതെന്ന് താങ്കൾക്ക്‌ വായിച്ചാൽ മനസിലാകുമെന്ന് കരുതുന്നു.

ഇനി, മീഡിയ എന്ത്‌ ചെയ്യണമായിരുന്നു? ഒറ്റവാചകത്തിൽ "പ്രതി സമ്പത്ത്‌ കസ്റ്റഡിയിൽ മരിച്ചു" എന്നൊരു വാർത്താവായന? അല്ലെങ്കിൽ ചരമക്കോളത്തിൽ ഒരു ചെറിയ വാർത്ത? Come On, ഇതൊരു സാമൂഹിക പ്രശ്നമാണ്‌, അസ്വാഭാവികമരണമാണ്‌, മനുഷ്യനാൽ ഒഴിവാക്കാനാവുമായിരുന്നത്‌. തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണത്‌.

ഇനി, ഈ വിഷയം ചർച്ച ചെയ്താൽ എങ്ങിനെയാണ്‌ അത്‌ പ്രതിയെ ഗ്ലോറിഫൈ ചെയ്യലാകുന്നത്‌? ചർച്ചാവിഷയം പോലീസ്‌ മർദ്ദനമാണ്‌, അത്‌ കുറ്റം ചെയ്തവനായാലും സംശയത്തിന്റെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെട്ടവനായാലും. കുറ്റം സംശയലേശമന്യേ തെളിഞ്ഞാൽ നിയമം ശിക്ഷ നടപ്പിലാക്കട്ടെ, അതിനു മുൻപ്‌ പോലീസ്‌ എന്തിന്‌ അത്‌ ചെയ്യണം? അക്കാര്യം അപലപിക്കപ്പെട്ടാൽ ഇര ചെയ്തത്‌ ശരിയാണെന്ന് വരുന്നില്ല. ആ വ്യത്യാസം താങ്കൾക്ക്‌ മനസിലാക്കാൻ സാധിക്കില്ലെങ്കിൽ ഞാൻ പറഞ്ഞതുകൊണ്ടുമാത്രം താങ്കൾ അഭിപ്രായം മാറ്റും എന്ന് ഞാൻ കരുതുന്നില്ല.

അപ്പൂട്ടൻ said...

Ok, let's get down to what the point is

പോലീസ്‌ മർദ്ദനത്തിൽ ഒരാൾ, കുറ്റവാളി തന്നെ ആയിക്കോട്ടെ, മരിച്ചതിനെ താങ്കൾ ന്യായീകരിക്കുന്നു.

ഇത്‌ ന്യായീകരിക്കപ്പെടണമെങ്കിൽ പോലീസിന്‌ അതിനുള്ള അധികാരമുണ്ടായിരിക്കണം. ഇപ്പോൾ അതില്ല, അതിനാൽ അവർ ചെയ്തത്‌ നിയമവിരുദ്ധമായൊരു കാര്യമാണ്‌. നിയമവിരുദ്ധമായ കാര്യം ആരു ചെയ്താലും ചോദ്യം ചെയ്യപ്പെടണം, അവർ ശിക്ഷിക്കപ്പെടണം. ഭരണകൂടത്തിന്റെ പ്രതിനിധി(കൾ) ആണ്‌ ഇത്തരമൊരു കാര്യം ചെയ്യുന്നതെങ്കിൽ തീർച്ചയായും അത്‌ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയും വേണം. ഇത്രയും ആണ്‌ ഇവിടെ സംഭവിച്ചത്‌.

പോലീസിന്‌ അധികാരം കൊടുക്കണമെങ്കിലോ? നിയമനിർമ്മാണം വേണം, അല്ലെങ്കിൽ നിലവിലുള്ള നിയമങ്ങൾ തിരുത്തിയെഴുതണം. ഇന്നത്തെ ജനാധിപത്യസംവിധാനത്തിൽ എഴുതപ്പെട്ട നിയമങ്ങൾക്കേ വാലിഡിറ്റി ഉള്ളു, അതിനനുസരിച്ചു മാത്രമേ നിയമപരിപാലനവും നിയമവാഴ്ചയും നടത്താനാവൂ.

So, let's look at how that law would look like.

കൊല നടത്തിയ ഒരാളെ, സമൂഹത്തിൽ കൂടുതൽ കൊലപാതകങ്ങൾ നടത്താൻ സാധ്യതയുള്ളയാളാണെന്ന് പോലീസിന്‌ ബോധ്യം വന്നാൽ, കുറച്ചെങ്കിലും തെളിവുണ്ടെങ്കിൽ, വധിക്കാൻ പോലീസിന്‌ അനുമതി നൽകപ്പെട്ടിരിക്കുന്നു.

ഇവിടെ ഏതുതരം കൊലയാണ്‌ ഇതിന്‌ യോഗ്യം എന്ന് പ്രത്യേകം എഴുതേണ്ടിവരും. ഇല്ലെങ്കിൽ കൊലപാതകം എന്നും കൊലപാതകം തന്നെയാണ്‌. എന്നുവെച്ചാൽ, ഞാൻ പോസ്റ്റിൽ പറഞ്ഞതുപോലെ ബലാൽക്കാരം ചെയ്യാൻ വരുന്ന ഒരാളെ കൊല്ലുന്ന സ്ത്രീയും ധനാപഹരണത്തിനുവേണ്ടി കൊല്ലുന്നയാളും സമമാകും. (കൂടെ പറയട്ടെ, എഴുതിയത്‌ കൃത്യമായി വായിക്കാൻ അപേക്ഷ, രണ്ടും ഒന്നാണെന്നല്ല ഞാൻ പറയുന്നത്‌, നിയമം കൃത്യമായി നിർവ്വചിച്ചിട്ടില്ലെങ്കിൽ രണ്ടും കൊല തന്നെയാണെന്നാണ്‌. താങ്കൾ ഉച്ചത്തിൽ ചിരിക്കുന്നതിനു മുൻപ്‌ വായിച്ചതു മനസിലാക്കാൻ കൂടി ശ്രമിക്കേണ്ടതല്ലെ)

അപ്പോൾ ഇതിന്‌ സബ്‌-സെക്ഷനുകൾ എഴുതേണ്ടിവരും. എന്നുവെച്ചാൽ ഏതെല്ലാം കൊലപാതകങ്ങളിൽ പോലീസിന്‌ പ്രതിയെ കൊല്ലാൻ അധികാരമുണ്ടെന്ന് കൃത്യമായി നിർവ്വചിക്കേണ്ടിവരും. എത്ര സബ്‌-സെക്ഷൻ വേണ്ടിവരും എന്നത്‌ ചിന്തിക്കാവുന്നതാണ്‌.

ഇനി, സമൂഹത്തിൽ കൂടുതൽ കൊലപാതകങ്ങൾ ചെയ്യാൻ സാധ്യതയുള്ള ഒരാളാണെന്ന് പോലീസ്‌ എങ്ങിനെ തീരുമാനിക്കും? അയാളുടെ ചരിത്രം അറിയണം, അയാൾക്ക്‌ എന്തെങ്കിലും മാനസികവൈകല്യമുണ്ടോ എന്നറിയണം. താങ്കൾ പറഞ്ഞ കാറ്റഗറികളിൽ "Born Bad" ആണോ എന്നറിയണം. വൈദ്യസഹായം വേണ്ടിവരും എന്നർത്ഥം. വെറും മൂന്നാം മുറയിലൂടെ അറിയാവുന്ന കാര്യങ്ങളല്ല ഇവ.

ഇനി, ഇതെല്ലാം അറിഞ്ഞശേഷം പോലീസ്‌ ഒരാളെ കൊന്നു എന്നിരിക്കട്ടെ, അത്‌ എല്ലാവർക്കും വിശ്വാസയോഗ്യമാകണം. ഇല്ലെങ്കിൽ, കുറഞ്ഞപക്ഷം, മരിച്ചയാളുടെ ബന്ധുക്കളെങ്കിലും, അത്‌ ചോദ്യം ചെയ്തേക്കും. അപ്പോഴോ? ഇതുവരെ പറഞ്ഞതെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം, ഡോക്ടറുടെ റിപ്പോർട്ട്‌ അടക്കം. കൊല്ലാനുള്ള മോട്ടീവ്‌, സാഹചര്യം, പ്രതിയുടെ മുൻകാലകുറ്റകൃത്യങ്ങൾ, ഒരു Anti-social Personality Disorder (ASPD) ഉള്ളയാളാണ്‌ പ്രതി എന്ന ഡോക്ടറുടെ റിപ്പോർട്ട്‌.... ഇങ്ങിനെ ഒരുപാട്‌ കാര്യങ്ങളുണ്ടെങ്കിലേ സംശയത്തിനിടകൊടുക്കാതെ പോലീസിന്റെ കൃത്യം ന്യായീകരിക്കാനാവൂ. (Again, നിയമമായാലുള്ള ബുദ്ധിമുട്ടുകളാണ്‌)

ഇതൊക്കെ തന്നെയല്ലേ സാർ വിചാരണയിലും നാം ചെയ്യുന്നത്‌?

എന്റെ അറിവിൽ ഇന്നത്തെ നിയമത്തിൽ കൊലപാതകത്തിനുള്ള ശിക്ഷ എഴുതപ്പെട്ടിട്ടുണ്ട്‌. ഏതൊക്കെ കേസുകളിൽ സ്റ്റാൻഡേർഡ്‌ ശിക്ഷയിൽ നിന്നും ഇളവ്‌ നൽകാമെന്നും ഏതൊക്കെ കേസുകളിൽ അത്‌ വധശിക്ഷയായി ഉയർത്താമെന്നും ഉള്ള വകുപ്പുകളുണ്ട്‌. ആ തീരുമാനമെടുക്കണമെങ്കിൽ ഏത്‌ വിഭാഗത്തിൽ പെടും പ്രസ്തുത കേസ്‌ എന്ന്‌ വ്യക്തമായി നിർവ്വചിക്കാൻ സാധിക്കണം. അത്‌ പോലീസ്‌ നടത്തേണ്ടതല്ല.
അതിനെ ചോദ്യം ചെയ്യുമ്പോൾ താങ്കൾ ചോദ്യം ചെയ്യുന്നത്‌ നമ്മുടെ നിയമത്തെ തന്നെയാണ്‌, നീതിയെ വ്യാഖ്യാനിക്കുന്ന ഭരണഘടനയെത്തന്നെയാണ്‌.

അപ്പൂട്ടൻ said...

ഈ സംഭവത്തിൽ മേൽപ്പറഞ്ഞ ഒരു കാര്യവും പോലീസ്‌ നടത്തിയിട്ടില്ല എന്നത്‌ വ്യക്തമാണ്‌. നിയമമുണ്ടെങ്കിൽ പോലും അവർ ജോലി കൃത്യമായി ചെയ്തിട്ടില്ല എന്നിരിക്കെ നിയമമില്ലാത്ത അവസ്ഥയിൽ അവർ ചെയ്തത്‌ തെറ്റല്ലേ?

ഇനി താങ്കളുടെ ചില പരാമർശങ്ങളോടുകൂടി പ്രതികരിക്കുന്നു.

Fair trail എന്നത്‌ ഇന്ന് ഏതാണ്ട്‌ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള ഒരു മനുഷ്യാവകാശമാണ്‌. ആ അവകാശം ലംഘിച്ചതിനെതിരേയാണ്‌ വിമർശനമുയർന്നത്‌. അയാളെ ശിക്ഷിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. മരിച്ച സ്ത്രീയുടെ നിലവിളി ഇപ്പോഴും കേൾക്കുന്ന താങ്കൾ ഒരു കൂട്ടം പോലീസുകാരുടെ ഇടയിൽ ഇടി കൊള്ളുന്ന ഒരാളുടെ നിലവിളി കേൾക്കുന്നില്ല, ഞാനിത്‌ രണ്ടും കേൾക്കുന്നുണ്ട്‌. ഈ സംഭവത്തിൽ താങ്കളെ ഏറ്റവും കൂടുതൽ അസ്വസ്ഥനാക്കുന്നത്‌ താങ്കളുടെ മനസിൽ ഉറഞ്ഞുകൂടിയ വെറുപ്പാണ്‌, അത്രയേ എനിക്ക്‌ മനസിലാക്കാനാവൂ.

പോലീസുകാരൻ കൈത്തരിപ്പ്‌ തീർക്കാനുള്ളയാളാണോ? അതെനിക്കൊരു പുതിയ അറിവാണ്‌. ഒരു ജനക്കൂട്ടത്തെപ്പോലെ പെരുമാറാനാണെങ്കിൽ അതിനെ പോലീസ്‌ എന്ന് പേരിട്ട്‌ വിളിക്കണോ?

സമ്പത്തിനെ കൊല്ലണമെന്ന് കരുതിയായിരിക്കില്ല പോലീസ്‌ അത്‌ ചെയ്തത്‌ എന്നത്‌ ഒരു വാദത്തിനുവേണ്ടി അംഗീകരിക്കാം. അതേ ന്യായം തന്നെ കള്ളനും പറയാം. ഞാൻ പണപ്പെട്ടി തുറന്ന് പണമെടുക്കുമ്പോൾ ഗൃഹനാഥ(ൻ) എഴുന്നേറ്റ്‌ വന്നില്ലായിരുന്നെങ്കിൽ ഞാനയാളെ കൊല്ലില്ലായിരുന്നു എന്ന്, അല്ലെങ്കിൽ അയാളെ ഒഴിവാക്കാൻ ഞാൻ തലയ്ക്കൊന്ന് അടിച്ചതേയുള്ളു, അയാൾ മരിക്കണമെന്ന് കരുതി അടിച്ചതല്ലെന്ന്. ഇതൊക്കെ എവിടെ ചെന്ന് നിൽക്കും?

ഇനി പാലക്കാട്ട്‌ സ്ത്രീ മരിച്ചതും ലോക്കപ്പിൽ സമ്പത്ത്‌ മരിച്ചതും ഒരുപോലെയല്ലെന്ന് താങ്കൾ കരുതുന്നുണ്ടോ? രണ്ടിടത്തും സംഭവിച്ചത്‌ ഒരേ കാര്യമാണ്‌, കൊലപാതകം. അതും മുന്നിൽ നിൽക്കുന്ന വ്യക്തിയ്ക്ക്‌ എതിർക്കാനുള്ള കെൽപില്ലെന്ന് വ്യക്തമായി അറിയാവുന്നവർ ചെയ്ത കൃത്യം. പോലീസ്‌ സ്റ്റേഷനിൽ വെച്ച്‌ മർദ്ദിക്കുമ്പോൾ സമ്പത്തിന്‌ എതിർക്കാൻ സാധിക്കില്ല എന്ന് പോലീസുകാർക്ക്‌ നന്നായറിയാം, മാറ്റാർക്കും അറിയില്ലെങ്കിലും. അപ്പോൾ എന്താണ്‌ വ്യത്യാസം? വ്യത്യാസമുണ്ട്‌, പാലക്കാട്ടെ സ്ത്രീ നിമിഷങ്ങൾക്കുള്ളിൽ, ഏറിയാൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ മരിച്ചു, സമ്പത്ത്‌ ദിവസങ്ങളോളം വേദനിച്ചാണ്‌ മരിച്ചത്‌.

നമ്മുടെ സമൂഹം നിയമവാഴ്ചയെ ബഹുമാനിച്ചല്ല വിധേയരായി കഴിയുന്നതെന്ന് താങ്കൾ അഭിപ്രായപ്പെട്ട്‌ കണ്ടു. സമൂഹത്തെ ഇത്ര വിലകുറച്ച്‌ കാണേണ്ടതില്ല എന്നൊരു അഭിപ്രായം എനിക്കുണ്ട്‌. താങ്കളുടെ ഉദാഹരണങ്ങൾ വായിച്ചപ്പോൾ എനിക്ക്‌ ഒരു ചോദ്യമാണ്‌ മനസിൽ വന്നത്‌.
ഇക്കാര്യത്തിൽ പോലീസിന്റെ പങ്ക്‌ എത്രമാത്രം ഉണ്ട്‌? മുന്നിൽ വരുന്നവരെല്ലാം ക്രിമിനലുകൾ ആണെന്ന ധാരണയിൽ പോലീസ്‌ പെരുമാറിയാൽ ജനം പോലീസിനെ എത്രമാത്രം സഹായിക്കാൻ സന്നദ്ധരാവും? ഇടയ്ക്കിടെ ലോക്കപ്പ്‌ മർദ്ദനങ്ങളുടേയും കസ്റ്റഡി മരണങ്ങളുടേയും വാർത്തകൾ വന്നാൽ ജനം പോലീസിന്റെ കൂടെ നിൽക്കുമോ? സ്വന്തം അഭിപ്രായം തന്നെ ഇങ്ങിനെ വിരുദ്ധമായി പറയരുതേ.

അപ്പൂട്ടൻ said...

Born Good, Born Bad, Born Neutral എന്നതൊക്കെ ഇന്ന് സൈക്കോളജിയിൽ വാലിഡ്‌ ആണോ എന്നറിയില്ല.

നന്മതിന്മകൾ ഏറ്റക്കുറച്ചിലോടെ ഉള്ളിൽ ഉണ്ടായി ജനിക്കുക എന്നത്‌ അബദ്ധമാണെന്നറിയാം, കാരണം, നല്ലൊരു പരിധിവരെ, മനുഷ്യന്റെ സ്വഭാവം നിയന്ത്രിക്കുന്നത്‌ അവൻ ജീവിക്കുന്ന സമൂഹമാണ്‌. സമൂഹത്തിൽ നിന്നാണ്‌ അവൻ പഠിക്കുന്നതും. അപ്പോൾ ജന്മനാ ഉള്ള സവിശേഷതകളല്ല ഇതെന്നർത്ഥം.

പിന്നെ, Anti-social personality disorder, bipolar personality disorder എന്നീ വൈകല്യങ്ങളെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌. ചിലരിലെങ്കിലും ഇത്‌ ജന്മനാ ഉള്ള disorder ആണ്‌. ക്രിമിനലുകൾ ആയി നാം മനസിലാക്കുന്ന ആളുകൾ എല്ലാം ഈ വൈകല്യങ്ങൾ ഉള്ളവരാണെന്ന് പറയാനാവില്ല. ഇത്തരം വൈകല്യങ്ങൾ ഉള്ള എല്ലാവരും ആളെക്കൊല്ലികളും ആകണമെന്നില്ല.

ചുരുക്കത്തിൽ, ഏറിയപങ്ക്‌ കേസുകളിലും അവനവൻ ജീവിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ചാണ്‌ ആളുകൾ കുറ്റവാളികളാകുന്നത്‌. നല്ലൊരു ശതമാനം ആളുകളും കാലക്രമേണ മാറുകയും ചെയ്യും, ശിക്ഷ കാരണമോ ഭേദപ്പെട്ട സാഹചര്യങ്ങളിലെത്തിയാലൊ. താങ്കൾ ചെയ്തതുപോലൊരു classification ഒട്ടും ശാസ്ത്രീയമല്ലെന്നർത്ഥം.

കൂടാതെ സമ്പത്ത്‌ എന്ന വ്യക്തി ഒരു born bad/criminal ആണെന്ന് എങ്ങിനെയാണ്‌ താങ്കൾക്ക്‌ മനസിലായത്‌?

ചോദ്യം ചെയ്യാൻ മൂന്നാംമുറ ഒഴിച്ചാൽ സാധ്യതയുള്ള താങ്കളുടെ വഴി വായിച്ചു. അതിലെ പരിഹാസം അവഗണിക്കുന്നു.

പുലിവാൽ കഷ്ണം നന്നായി. ഒന്നുകിൽ വിഷം അല്ലെങ്കിൽ കതിര്‌, കൊള്ളാം. ജീവിതം/ആളുകൾ മുഴുവൻ ബ്ലാക്‌ ഓർ വൈറ്റ്‌ എന്ന നിലയിലേ കാണാനാവൂ എങ്കിൽ കഷ്ടമാണെന്നേ പറയാനാവൂ.

ഷെരീഫ് കൊട്ടാരക്കര said...

കുറ്റം ആരോപീക്കപ്പെട്ടവൻ കുറ്റക്കാരൻ എന്നു തെളിയിക്കപ്പെടുന്നതു വരെ കുറ്റാരോപിതൻ മാത്രമാണു. അതിനു മുമ്പു അവനെ കുറ്റക്കാരൻ എന്നു തീർച്ചയാക്കി പെരുമാറപ്പെട്ടാൽ അതു നിയമ വിരുദ്ധം തന്നെയാണു.

അപ്പൂട്ടൻ said...

അരുൺ,
താങ്കളുടെ എന്നാലും എന്ന അർദ്ധോക്തിയിലാണ്‌ പ്രശ്നങ്ങൾ മുഴുവനും നിൽക്കുന്നത്‌. മദ്ധ്യവർഗ്ഗസമൂഹത്തിന്‌ തീരുമാനമെടുക്കാനാവാത്തതും ഇതേ പോയിന്റിലാണ്‌. പോലീസ്‌ ചെയ്തത്‌ തെറ്റാണെന്ന് തോന്നുന്നുവെങ്കിലും....... മരിച്ചത്‌ കുറ്റവാളിയല്ലേ എന്നതാണ്‌ ഒരു ചിന്താരീതി.
ശിക്ഷ എന്ന തരത്തിൽ സമ്പത്ത്‌ മരണം അർഹിച്ചിരുന്നുവോ എന്നതെല്ലാം നിയമപരമായി തീരുമാനിക്കേണ്ട വിഷയമാണ്‌ (വധശിക്ഷയെ ഞാൻ അനുകൂലിക്കുന്നില്ല എന്നത്‌ ഇവിടെ പ്രസക്തമല്ല, കാരണം നമ്മുടെ നിയമത്തിൽ വധശിക്ഷയ്ക്ക്‌ വകുപ്പുണ്ട്‌). ഈ സംഭവത്തിൽ നമ്മുടെ നിയമം അനുശാസിക്കുന്ന തരത്തിലല്ല അയാൾ മരിച്ചത്‌ എന്നിടത്താണ്‌ വിഷയം തങ്ങിനിൽക്കുന്നത്‌, അതിനാൽ തന്നെ എന്റെ മനസിൽ എന്നാലും എന്നൊരു അർദ്ധോക്തിയില്ല.

വിനയൻ,
മർദ്ദനത്തിനൊടുവിൽ മരിച്ചു എന്നതിനാൽ സമ്പത്ത്‌ സഹതാപം അർഹിക്കുന്നുണ്ട്‌, കോടതി അയാളെ ശിക്ഷിച്ചിരുന്നെങ്കിൽ അയാൾ സഹതാപം അർഹിക്കുന്നില്ലതാനും. എന്നെ സംബന്ധിച്ചിടത്തോളം, അസ്വാഭാവികമായി ആരു മരിച്ചാലും അത്‌ വിഷമം തന്നെയാണ്‌. ആ പാവം വീട്ടമ്മ മരിച്ചതിലും സമ്പത്ത്‌ മരിച്ചതിലും എനിക്ക്‌ വിഷമമുണ്ട്‌.

കാക്കര, ഷെരീഫ്‌ മാഷെ, മണി, ചിത്രഭാനു
കൂടുതൽ കൂട്ടിച്ചേർക്കാനില്ലാത്തതിനാൽ നന്ദി പറഞ്ഞ്‌ നിർത്തട്ടെ.

ബിജുകുമാര്‍ alakode said...

അപ്പൂട്ടന്റെ പോയിന്റുകളോടെല്ലാം യോജിയ്ക്കുന്നു. എല്ലാവരും താങ്കളെപ്പോലെ നിയമബോധവും സാമൂഹ്യബോധവുമുള്ളവരായി മാറട്ടെ.സമൂഹം നന്നാകട്ടെ. അതുവരെ ബിജുകുമാറിനെപ്പോലെ, ഉപരിപ്ലവമായി മാത്രം ചിന്തിയ്ക്കുന്ന ഒരു STUPID COMMON MAN-ന് ഇങ്ങനെയേ ചിന്തിയ്ക്കാനാവൂ. ക്ഷമിച്ചേക്കൂ...

Muhammed Shan said...

അപ്പൂട്ടന്‍ എഴുത്ത് തുടരുക

bright said...

അപ്പൂട്ടാ, ഇത് മറ്റൊരു രീതിയില്‍ കാണാമെന്ന് തോന്നുന്നു.നിയമവ്യവസ്ഥ എന്നാല്‍ തനിക്കുവേണ്ടി പ്രതികാരം ചെയ്യാന്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നതാണ്.ആദ്യകാല ശിക്ഷകളെല്ലാം അപ്രകാരമായിരുന്നല്ലോ.എന്നെ ഉപദ്രവിക്കുന്നവന്റെ കൈവെട്ടാനും കണ്ണ് ചൂഴ്ന്നെടുക്കാനും അല്ലെങ്കില്‍ തൂക്കികൊല്ലാനും മറ്റും എനിക്ക് അവസരം കിട്ടിയാല്‍ പോലും എനിക്ക് അത് ചെയ്യാന്‍ ശാരീരികമായോ മാനസികമായോ പറ്റാത്തതുകൊണ്ടാണ് നിയമവ്യവസ്ഥ എന്ന സംവിധാനം ആവശ്യമാകുന്നത്.പ്രതികാര ദാഹവും സത്യത്തില്‍ നമ്മുടെ ധാര്‍മ്മികതയുടെ ഭാഗമാണ്.At a basic level our sense of justice and need for revenge are one and the same.പിന്നീടാണ് ഇവ രണ്ടും രണ്ടാണ് എന്ന ആശയം വരുന്നത്.അത് സാമൂഹികമായ മാറ്റമാണ്.ജൈവശാസ്ത്രപരമായ മാറ്റമല്ല.ആധുനിക നിയമത്തിന്റെ ഒരു 'ദോഷം' അതിനു നമ്മുടെ പ്രതികാര വാഞ് ചയെ ശമിപ്പിക്കാന്‍ കഴിയില്ല എന്നതാണ്.കാരണം നിയമത്തിന്റെ ശിക്ഷ ഒരിക്കലും ക്രൂരമല്ല.ക്രൂരമല്ലാത്ത ശിക്ഷ ..it's just not satisfying emotionally.അതുകൊണ്ട് നിയമം കൈയ്യിലെടുക്കുന്നവനാണ് നമ്മുടെ ഹീറോ.എത്ര സിനിമയില്‍ നായകന്‍ വില്ലന് നിയമത്തിന്റെ ശിക്ഷ വാങ്ങികൊടുക്കുന്നതായി കാണിക്കുന്നുണ്ട്?അങ്ങിനെ കാണിക്കുന്ന ഒരു സിനിമ എത്ര പേര്‍ കാണും? വീട്ടമ്മയെ കൊന്ന പ്രതിയെ പോലീസുകാര്‍ തല്ലിക്കൊന്നത് ചിലരെങ്കിലും അനുകൂലിക്കുന്നത് (രഹസ്യമായി അനുകൂലിക്കുന്നവര്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വളരെ കൂടും) അയാള്‍ക്ക് കിട്ടാനിടയുള്ള ശിക്ഷ നമ്മുടെ പ്രതികര വാഞ് ചയെ, അതുവഴി നമ്മുടെ സ്വാഭാവിക ധാര്‍മ്മികതയെ തൃപ്തിപ്പെടുത്തുന്നില്ല എന്നതു കൊണ്ടാണ്. (90% ഒരു ശിക്ഷയും കിട്ടില്ല.പരമാവധി ശിക്ഷ, ഏതാനും വര്‍ഷം സുഖമായി ഭക്ഷണം കഴിച്ച്, കാര്യമായ അധ്വാനമൊന്നും കൂടാതെ,ചില്ലറ അസ്വാതന്ത്ര്യം മാത്രം അനുഭവിച്ചു ജയിലില്‍ ജീവിക്കുക.Before you say anything compare this with people living in labor camps in the gulf.This criminal will be enjoying a much better life than most of them for his trouble of killing someone cold blooded.) Justice don't satisfy our need for revenge.

ഇതൊരു രാഷ്ട്രീയ പ്രശ്നമാണ് എന്ന് ചിലര്‍ പറഞ്ഞു.പക്ഷേ ഇത് ജൈവശാസ്ത്രപരമായ പ്രശ്നവുമാണ്.I feel both have merits.

നന്ദന said...

സമ്പത്തിനെ കൊന്നതാണെകിൽ (അതും തെളിയിക്കണമല്ലോ) അത് ഒരിക്കലും ശരിയല്ല, കാരണം അയാൾ കുറ്റവാളിയാണെന്ന് തെളിഞ്ഞിട്ടില്ല. മറ്റൊന്ന് അത് നടപ്പാക്കാൻ പോലീസിൻ അധികാരമില്ലയെന്നുള്ളതും.

"സമ്പത്തിനെ കൊല്ലണമെന്ന് കരുതിയായിരിക്കില്ല പോലീസ്‌ അത്‌ ചെയ്തത്‌ എന്നത്‌ ഒരു വാദത്തിനുവേണ്ടി അംഗീകരിക്കാം. അതേ ന്യായം തന്നെ കള്ളനും പറയാം. ഞാൻ പണപ്പെട്ടി തുറന്ന് പണമെടുക്കുമ്പോൾ ഗൃഹനാഥ(ൻ) എഴുന്നേറ്റ്‌ വന്നില്ലായിരുന്നെങ്കിൽ ഞാനയാളെ കൊല്ലില്ലായിരുന്നു എന്ന്, അല്ലെങ്കിൽ അയാളെ ഒഴിവാക്കാൻ ഞാൻ തലയ്ക്കൊന്ന് അടിച്ചതേയുള്ളു, അയാൾ മരിക്കണമെന്ന് കരുതി അടിച്ചതല്ലെന്ന്. ഇതൊക്കെ എവിടെ ചെന്ന് നിൽക്കും?"

പോലീസുകാർ ഒരിക്കലും കള്ളനെ കൊല്ലാൻ വേണ്ടി അടിക്കുന്നില്ല, പക്ഷെ കള്ളൻ വരുന്നത് രക്ഷപ്പെടാനുള്ള വഴി അടഞ്ഞാൽ കൊല്ലാൻ തന്നെയാണ്.
അപ്പോൾ കള്ളന്റെ ഈ വാദത്തിന് പ്രസക്തിയില്ല.

bright പറഞ്ഞത് വളരെ ശരിയാണ് ഗുൽഫിലെ ലാബർക്യാമ്പിൽ കഴിയുന്നവരേക്കാൾ എത്രയോമുന്നിലാണ് ഇന്ത്യയിലെ കുറ്റവാളികൽ. ഇത്വെച്ച് ജനങ്ങൾ വിലയിരുത്തുമ്പോൾ തല്ലികൊല്ലാൻ ആഗ്രഹിച്ചു പോകുന്നതിൽ അവരെ തെറ്റുപറയാൻ കഴിയില്ല.

ചിത്രഭാനു Chithrabhanu said...

//നിയമവ്യവസ്ഥ എന്നാല്‍ തനിക്കുവേണ്ടി പ്രതികാരം ചെയ്യാന്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നതാണ്//
ഇത്‌ എത്രകണ്ട്‌ അനുകൂലിക്കണം എന്നതിൽ സംശയം. ഒരു വാടക ഗുണ്ടയുടേയും നിയമത്തിന്റേയും ധർമ്മം ഒന്നുതന്നെയോ?
രാഷ്ട്രീയ പ്രശ്നമാണു എന്നു പറയാൻ കാരണം മറ്റോന്നുമല്ല. പോലീസ്‌ എന്നാൽ ഭരണകൂടത്തിന്റെ ആയുധമാണു. ഇത്തരം കസ്റ്റഡി മരണങ്ങൾ അതിന്റെ അഴിഞ്ഞാട്ടത്തിനെ പ്രോൽസാഹിപ്പിക്കുന്നവയാണു. ഭരണകൂട ഭീകരത എന്നത്‌ വർഗ്ഗീയ ലഹളയേക്കാൾ അപകടകരമാണു.
നന്ദന.. നമ്മൾ ന്യായീകരിക്കുന്നത്‌ എന്തിനെയാണു എന്ന ബോധ്യം വേണം.
മനുഷ്യന്റെ അക്രമ വാഞ്ഛയാണു ഇതിനു പിന്നിൽ എന്നു ബ്രൈറ്റ്‌ പറഞ്ഞു. അതിനെ satisfy ചെയ്യിക്കുന്നതാവണമോ നിയമം...?

വിനയന്‍ said...

ഒരു ചോദ്യം.നമ്മുടെ നിയമത്തിലെ പരമാവധി ശിക്ഷ എന്നത് 'മരണം വരെ തൂക്കിക്കൊല്ലല്‍' അല്ലെ..അതെന്തിനാണ്. ശിക്ഷ തെറ്റ് തിരുത്താന്‍ മാത്രം ഉള്ളതാണോ എങ്കില്‍ പിന്നെ ആ ഒരു ശിക്ഷക്ക് പ്രസക്തിയില്ലല്ലോ. ആ ശിക്ഷ കഴിഞ്ഞാല്‍ തെറ്റ് തിരുത്താന്‍ ആളു ബാക്കിയുണ്ടാവില്ല. അപ്പോള്‍. ചിത്രഭാനു പറഞ്ഞ 'അതിനെ satisfy ചെയ്യിക്കുന്നതാവണമോ നിയമം...?' എന്നതോ? തൂക്കിക്കൊല്ലുന്നത് ഒരു തരാം 'satisfy' ചെയ്യലല്ലേ...ഇനി ബ്രൈറ്റ് പറഞ്ഞ കാര്യം. അതിനോട് യോജിക്കുന്നു. മറ്റൊരു ഏജന്‍സി വേണം എന്ന് ബ്രൈറ്റ് പറഞ്ഞതായി വായിച്ചിട്ട് തോന്നിയില്ല. ജൈവശാസ്ത്രപരമായ പ്രശ്നം കൂടിയാണ് എന്ന് പറഞ്ഞു. അതിനോട് യോജിപ്പുണ്ട്. എന്നിരുന്നാലും നമ്മളെല്ലാവരും ഒരു ഇമോഷണല്‍ രീതിയില്‍ പ്രതികാരബുദ്ധിയോടെ സമീപിക്കുന്നു എങ്കില്‍!...നിയമം നിയമമായി നടപ്പക്കുംബോഴേ കാര്യങ്ങള്‍ക്കു ഒരു സ്ഥിരതയുള്. അത് നന്നായി നടക്കണം എന്ന് മാത്രം. പിന്നെ കൊല്ലപ്പെട്ടയാള്‍ അയാള്‍ കൊലപാതകിയെന്കില്‍ സഹതാപമാര്‍ഹിക്കുന്നു എന്ന അപ്പൂട്ടന്റെ വാചകത്തോട് തീരെ ഇപ്പോഴും യോജിക്കാന്‍ കഴിയില്ല. നിയമം നടപ്പകേണ്ടത് തന്നെ. ശരി. പക്ഷെ അങ്ങനെ സംഭവിച്ചു പോയതില്‍ സഹതാപം തീരെ ഇല്ല. അത് ഒരു പക്ഷെ ഈ ജൈവശാസ്ത്രപ്രശ്നം ആകാം...

അപ്പൂട്ടൻ said...

വിനയൻ,
ഒരു ക്വിക്ക്‌ ക്ലാരിഫിക്കേഷൻ. ബാക്കി വിശദമായി പിന്നീടെഴുതാം.

Quoting you....
പിന്നെ കൊല്ലപ്പെട്ടയാൾ അയാൾ കൊലപാതകിയെങ്കിൽ സഹതാപമാർഹിക്കുന്നു എന്ന അപ്പൂട്ടന്റെ വാചകത്തോട്‌ തീരെ ഇപ്പോഴും യോജിക്കാൻ കഴിയില്ല.

"കൊല്ലപ്പെട്ടയാൾ, അയാൾ കൊലപാതകിയെങ്കിൽ പോലും, സഹതാപമാർഹിക്കുന്നു" എന്നാണോ താങ്കൾ ഉദ്ദേശിച്ചതെന്നറിയില്ല. (കോമകളും "പോലും" എന്ന വാക്കും ഞാൻ കൂട്ടിച്ചേർത്തിട്ടുണ്ട്‌)

കൊല്ലപ്പെട്ടയാൾ (സ്വാഭാവികമായല്ലാതെ എങ്ങിനെ മരിച്ചാലും) ആരാണെങ്കിലും അയാൾ സഹതാപമർഹിക്കുന്നു എന്നു തന്നെയാണ്‌ ഞാൻ പറഞ്ഞത്‌. അയാൾ മുൻപ്‌ എന്തു ചെയ്തു എന്നത്‌ പ്രസക്തമല്ല. ഇവിടെ വധശിക്ഷയെക്കുറിച്ച്‌ ഞാൻ പറഞ്ഞില്ല, "കൊല്ലപ്പെടുക" എന്നതിനെക്കുറിച്ചുതന്നെയാണ്‌ പറഞ്ഞത്‌.

ഷൈജൻ കാക്കര said...

ബ്രൈറ്റിന്റെ അഭിപ്രായം പൂർണ്ണമായും ശരിയല്ല. വാദികളുടെ പ്രതികാരത്തിനേക്കാൾ സമൂഹ്യവ്യവസ്ഥയുടെ നിലനില്പായിട്ട്‌വേണം നിയമവ്യവസ്ഥയെ കാണുവാൻ. മാത്രമല്ല, വ്യക്തികൾ ഊഹാപോഹത്തിന്റെയും വികാരത്തിന്റേയും അടിസ്ഥാനത്തിൽ നിയമം കയിലെടുത്താൽ പലപ്പോഴും ശരിയായ പ്രതികൾക്ക്‌ പകരം നിരപരാധികളായിരിക്കും ശിഷിക്കപ്പെടുക. ഇങ്ങനെയുള്ള അവസ്ഥകളും ഒഴിവാക്കുവാനും മൂന്നാമതൊരു ഏജൻസിയ്‌ക്ക്‌ കഴിയും. കാരണം ഇരകൾ പ്രതികാരത്തിന്‌ മുതിരുമ്പോൾ വികാരം ആയിരിക്കും അവരെ നയിക്കുക. പലപ്പോഴും ആരുടെമേലായിരിക്കും സംശയത്തിന്റെ മുന കൂടുതലും എത്തിയത്‌, അവർ മാത്രം പ്രതിയാകും. ശരിയായ പ്രതി ഒളിച്ചിരിക്കും. പക്ഷെ മൂന്നാമതൊരു ഏജൻസിയാണെങ്ങിൽ വികാരത്തിന്‌ മുകളിൽ വിചാരമായിരിക്കും അവരെ നയിക്കുക. ശരിയായ പ്രതികളെ തിരിച്ചറിയാൻ കൂടുതൽ ഉപകരിക്കും. അതിനാൽ തന്നെ നിയമവ്യവസ്ഥ എന്നാൽ ശരിയായ പ്രതിയെ കണ്ടെത്തുക എന്നതുകൂടിയാണ്‌.

ആധുനിക നിയമം നമ്മുടെ പ്രതികാര ദാഹം ശമിപ്പിക്കുന്നില്ല എന്ന്‌ ബ്രൈറ്റ് പറയുന്നതും പൂർണ്ണമായി ഉൾകൊള്ളാനാവില്ല. ശിക്ഷ നേടികൊടുത്തുകഴിഞ്ഞാൽ പലരിലും കത്തി നില്ക്കുന്ന പ്രതികാരം ശമിക്കുമല്ലോ. തീർച്ചയായും കൊലയ്ക്ക്‌ പകരം നേരിട്ടുള്ള കൊലയാണെങ്ങിൽ പ്രതികാരം കൂടുതൽ ശമിക്കും കാരണം സമൂഹത്തിന്റെ മുൻപിൽ എന്റെ സഹോദരനെ കൊന്നവന്റെ വിധി ഞാൻ നിശ്ചയിച്ചു, ആ വിജയത്തിൽ ആർക്കും പങ്കില്ല, പക്ഷെ നിയമവ്യവസ്ഥയിലൂടെയണെങ്ങിൽ വിജയം വീതം വെച്ചുപോകും.... കൊലയ്‌ക്ക്‌ കൊല നടത്തിയ സംഭവങ്ങളിലും പ്രതികാരം ബാക്കിയാവുന്നുണ്ടല്ലോ?

വിനയന്‍ said...

ശരിയാണ്. എഴുത്ത് മലയാളത്തിലാവുകയും സമയം പരിമിതമാവുകയും ചെയ്യുന്നതിന്റെ പരിണിത ഫലമായിരുന്നു ആ 'പോലും' കോമയും വിടാന്‍ കാരണം. :). പിന്നെ വധശിക്ഷ എന്നത് ഞാന്‍ അപ്പൂട്ടന്റെ കമന്റിനെ ഉദ്ധരിച്ചു പറഞ്ഞതല്ല.

Unknown said...

അപ്പൂട്ടന്റെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു....

Unknown said...

@ അപ്പൂട്ടന്‍
എന്റെ അര്‍ധോക്തി ഒട്ടും ന്യായമല്ല എന്ന് എനിക്കു തന്നെ അറിയാം. എന്നാലും കയ്യാലപ്പുറത്തെ തേങ്ങപോലുള്ള ആ അവസ്ഥയിലല്ലാതെ എനിക്ക് സ്വയം സത്യസന്ധനാവാന്‍ കഴിയില്ല.

മുന്‍പൊരിക്കല്‍ തിരുവനന്തപുരത്ത് ഉദയകുമാര്‍ എന്നൊരു യുവാവ് കസ്റ്റഡിയില്‍ വെച്ച് മരിച്ചിരുന്നു.കസ്റ്റഡിമരണത്തെ അനുകൂലിച്ച് അന്ന് ആരും ഒന്നും പറഞ്ഞിരിക്കില്ല. പറയാനും വഴിയില്ല.കസ്റ്റഡിമരണം, വിചാരണകൂടാതെയുള്ള ശിക്ഷ എന്നിവയോടൊന്നും ഭൂരിപക്ഷം പേരും സാധാരണ ഗതിയില്‍ അനുകൂലിക്കില്ല. മാത്രമല്ല, കുറ്റം തെളിയുന്നതുവരെ പ്രതി പ്രതിയല്ല, വെറും കുറ്റാരോപിതന്‍ മാത്രമാണ്.

എന്നാല്‍ പാലക്കാട്ടെ ഈ കസ്റ്റഡിമരണത്തില്‍ ചിലര്‍ക്കെങ്കിലും ഒരു അര്‍ധോക്തി നിലനില്‍ക്കുന്നു എന്നു പറയാതെ വയ്യ. ഇവിടത്തെ കുറ്റാരോപിതന്‍ പ്രതിയാണെന്ന മുന്‍ ധാരണയിലാണ് ആ വെറുപ്പ് കെട്ടിപ്പൊക്കിയിരിക്കുന്നത് എന്നത് വേറെ കാര്യം.

സമൂഹത്തിന്റെ കാഴ്ചകളെ ഇതേ വീക്ഷണകോണില്‍ കാണുമ്പോല്‍ കിട്ടുക വേറൊരു ദൃശ്യമാവും.അബലയായ ഒരു സ്ത്രീയെ കഴുത്തറുത്ത് കൊന്നവന്‍ എന്ന ലേബലാണ് നമ്മുടെ മീഡിയ കുറ്റാരോപിതനുമേല്‍ ആദ്യം ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. അതുകൊണ്ട് പേടികൂടാതെ എങ്ങനെ ജീവിക്കാം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍
കൂടുതല്‍ ഭീതി പരത്തുന്നത് കഴുത്തറുത്ത് കൊല്ലുന്നവനാണ് അല്ലാതെ ഉരുട്ടിക്കൊല്ലുന്നവനല്ല എന്ന് എനിക്ക് നിസ്സംശയം പറയാന്‍ കഴിയും.

ഷൈജൻ കാക്കര said...

പത്ത്‌ വർഷം മുൻപ്‌ ഒരു പാവപ്പെട്ട മധ്യവയസ്കന്റെ ലിംഗത്തിൽ തീപ്പെട്ടി കൊള്ളി കയറ്റി പോലിസ്കാർ ശിക്ഷ നടപ്പാക്കിയിരുന്നു.

ഇദ്ദേഹം ചെയ്ത കുറ്റം എന്താണ്‌? ഒരു വൃദ്ധയെ ബലാൽസംഘം ചെയ്തു! അങ്ങനെയുള്ള ഞരമ്പ്‌രോഗിയുടെ ലിംഗം തന്നെ ചെത്തികളയണം അല്ലെ?

അവസാനം കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടു കാരണം വൃദ്ധയുടെ വീടിന്‌ പരിസരത്ത്‌ ഇദ്ദേഹത്തെ കണ്ടു എന്നത്‌ മാത്രം ബലാൽസംഘത്തിനുള്ള തെളിവ്‌ ആകില്ലല്ലോ!

ശാന്ത കാവുമ്പായി said...

.കുറ്റവാളി എന്ന സംശയം ഉള്ള ആരെയും പോലീസിനു കൊല്ലമെന്നാണോ കുറച്ചു പേര്‍ പറയുന്നത്? അങ്ങനെയാണെങ്കില്‍ ഓണം ആഘോഷിക്കാന്‍ കാശു കൈയില്‍ വെച്ചു എന്ന കുറ്റത്തിന് പോലീസ്‌ ഉരുട്ടി കൊന്ന ഉദയ കുമാര്‍ എന്ന പാവം ചെറുപ്പക്കാരനെ ഓര്‍മയില്ലേ.അങ്ങനെ എത്ര പേര്‍ .എന്തിനു പോലീസ്‌? ജനത്തിന് നേരിട്ടും ആരെയും കൊല്ലാമല്ലോ.ഇഷ്ടം പോലെ അത്തരം സംഭവങ്ങള്‍ ഉണ്ടല്ലോ. ലത്തീഫിന് നല്‍കിയ കമന്റ് വായിച്ചു കയറിയതാണ്.എന്റെ ചിന്തക്ക് യോജിക്കുന്നതായതുകൊണ്ട്.വസ്തുനിഷ്ടമായും മനുഷ്യത്വപരമായും ചിന്തിക്കാന്‍ കഴിയുന്നവര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷമുണ്ട്.
ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതൊക്കെ മറക്കാം.