മതവും ശാസ്ത്രവും പരസ്പരം എതിർക്കുന്നില്ല എന്ന അഭിപ്രായക്കാർ സാധാരണയായി പറയാറുള്ളത് എന്താണ്?
മതവും ശാസ്ത്രവും വ്യത്യസ്തമായ രംഗങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്നാണ് പൊതുവായി കാണാറുള്ള ഒരു അഭിപ്രായം. ഭൗതികമായി അന്വേഷിച്ച് കണ്ടെത്താവുന്ന രംഗങ്ങളിലാണ് ശാസ്ത്രം പ്രവർത്തിക്കുന്നതെന്നും മതം ഭൗതികാതീതമായ കാര്യങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ തന്നെ അന്യോന്യം ഇടയേണ്ടിവരുന്നില്ലെന്നും പറഞ്ഞുകണ്ടിട്ടുണ്ട്. ദൈവാസ്തിക്യം ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്നും അതിനാൽ അത് ശാസ്ത്രത്തിന്റെ ഭൂമികയല്ലെന്നും ആണ് ഒരു നിലപാട് (അതിൽ ശാസ്ത്രവാദികളും മതവാദികളും ഉണ്ട്). മതവിശ്വാസികൾ പറഞ്ഞുകാണാറുള്ള ഒരു കാര്യം മതഗ്രന്ഥങ്ങളിലെ കാര്യങ്ങൾ ശാസ്ത്രം, ശരിവെയ്ക്കുന്നില്ലെങ്കിൽപ്പോലും, ഖണ്ഡിക്കുന്നില്ലെന്നും അതിനാൽ തന്നെ പരസ്പരശത്രുതയുടെ ആവശ്യമില്ലെന്നും മറിച്ചുള്ളവയൊക്കെ മനുഷ്യന്റെ മാത്രം ദൗർബല്യമാണെന്നുമാണ്. അന്വേഷണം എന്നത് ശാസ്ത്രത്തിന്റെ മാത്രം മേഖലയല്ലെന്നും മതങ്ങൾ അന്വേഷണത്തെ നിരുത്സാഹപ്പെടുത്തിന്നില്ലെന്നും അതിനാൽ തന്നെ ,in a larger sense, ശാസ്ത്രീയാന്വേഷണങ്ങൾ പോലെത്തന്നെ മതവിശ്വാസികളും മനുഷ്യനെക്കുറിച്ചും മനുഷ്യന്റെ നിലനിൽപ്പിനാവശ്യമായ ഘടകങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നുമുണ്ടെന്ന് മതവിശ്വാസികൾ പറഞ്ഞുകാണാറുണ്ട്, ഒപ്പം സ്വന്തം യുക്തി പ്രയോഗിക്കേണ്ടതിന്റെ ആവശ്യം മതങ്ങളും എടുത്തുപറയുന്നുണ്ടത്രെ. മറുസങ്കേതത്തെ അവഗണിക്കുകയാണ് നല്ലത് എന്ന് കരുതുന്നവരും, ന്യൂനപക്ഷമാണെങ്കിലും, ഇരുപക്ഷത്തും, ഉണ്ട്.
രണ്ടും പരസ്പരവിരുദ്ധമാണെന്ന് കരുതുന്ന വിഭാഗം പൊതുവായി പറയുന്ന കാര്യങ്ങളിൽ ചിലത് ഇത്തരത്തിലാണ്.
ശാസ്ത്രം കണ്ടെത്തുന്ന കാര്യങ്ങൾ മതവിശ്വാസത്തിനെ ദുർബലമാക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മതം പുറകോട്ടടിക്കുന്നുവെന്നും പലതും അംഗീകരിക്കുന്നില്ലെന്നും അഭിപ്രായങ്ങൾ കാണാം. കോപ്പർനിക്കസിന്റെയും ഗലീലിയോയുടേയും ഒക്കെ അനുഭവങ്ങളും പ്രതിപാദിക്കപ്പെടാറുണ്ട്. ശാസ്ത്രം (അല്ലെങ്കിൽ ശാസ്ത്രവാദികൾ) മതത്തിന്റെ സംഭാവനയെ കുറച്ചുകാണുന്നുവെന്നും മതത്തിന്റെ ആധാരവിശ്വാസങ്ങളെ ശാസ്ത്രം ഉപയോഗിച്ച് തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും വിശ്വാസികളായ ചിലരുടെ കാഴ്ചപ്പാടിൽ കാണാവുന്നതാണ്.
ഇതിലേയ്ക്ക് വ്യക്തമായൊരു ഉത്തരം കണ്ടെത്താനല്ല ഞാനിവിടെ ശ്രമിക്കുന്നത്. മതവും ശാസ്ത്രവും ഒരുപോലെ, ഭൂമികയും രീതിയും വ്യത്യസ്തമാണെങ്കിലും, അന്വേഷണത്തിലൂടെ തന്നെ മനുഷ്യാസ്തിത്വവും പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനവും തേടിയുള്ള അന്വേഷണത്തിലാണെന്നും അന്വേഷണത്തെ മതം നിരുത്സാഹപ്പെടുത്തുന്നില്ലെന്നും ഉള്ള പരാമർശങ്ങളാണ് എന്റെ ഈ ചിന്തയ്ക്ക് ആധാരം.
ലതീഫിന്റെ ശാസ്ത്രപഠനത്തിലൂടെ ദൈവത്തെ കണ്ടെത്താമോ എന്ന പോസ്റ്റിൽ ഞാനിട്ട കമന്റ് ഒന്ന് മിനുക്കി പോസ്റ്റ് ചെയ്യുകയാണിവിടെ. കമന്റിന്റെ പരിമിതികൾ പോസ്റ്റിനില്ലല്ലൊ.
ഒരു ചെറിയ അനാലജിയാണ് ഞാനിട്ട കമന്റ്. ഒരു ഹൈപോത്തെറ്റിക്കൽ സിറ്റുവേഷൻ ആണ് ഞാൻ ഉപയോഗിച്ചത്.
ഏ എന്നൊരാൾ മരിച്ചുകിടക്കുന്നു. ഒറ്റനോട്ടത്തിൽ കൊലപാതകമാണെന്ന് കരുതാവുന്ന രീതിയിലാണ് മൃതദേഹത്തിന്റെ അവസ്ഥ. അതിനടുത്തൊരു കുറിപ്പ് പോലീസ് കണ്ടെടുക്കുന്നു. അതിലെഴുതിയത് ഇപ്രകാരം
ഞാനാണ് ഏ-യെ കൊന്നത്.
എന്ന് ബി
ഇവിടെ പോലീസിന്റെ പക്കൽ പല വഴികളുണ്ട്.
ഒരു വിഭാഗം പറയുന്നു ബി ആണ് കൊന്നത് എന്ന് വ്യക്തമാണ്, ഫയൽ ക്ലോസ് ചെയ്യാം എന്ന്. എവിടെയോ ഉള്ള ബി, നേരിട്ട് കണ്ടെത്താൻ വഴികളൊന്നുമില്ല, എന്തിന് ബുദ്ധിമുട്ടണം. "ഏ മരിച്ചു, ബി കൊന്നു, കാര്യം സിമ്പിൾ"
മറ്റൊരു വിഭാഗം ബി ആണ് കൊന്നത് എന്നുതന്നെ തീരുമാനിക്കുന്നു. പക്ഷെ ബി ആര് എന്നതു കണ്ടെത്തിയാലേ ഫയൽ ക്ലോസ് ചെയ്യാനാവൂ. ബി-യ്ക്ക് ഏ-യെ കൊല്ലാനുള്ള കാരണം എന്തോ ആകട്ടെ, പക്ഷെ കൃത്യം നടത്തിയത് ബി തന്നെ. അന്വേഷണം നടത്തിയാലേ കൂടുതലറിയാൻ കഴിയൂ. അന്വേഷണത്തിനൊടുവിൽ ബി-യെ കിട്ടിയാൽ അറസ്റ്റ് ചെയ്യാം, ആയുധം, പ്രേരണ എന്നിവയടക്കം കൊലപാതകത്തിന്റെ വിശദാംശങ്ങൾ അറിയാം.
മൂന്നാമതൊരു വിഭാഗം ഏതോ ഒരു ബി ആണ് കൊന്നത് എന്ന് അംഗീകരിക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നു. ഏ കൊല്ലപ്പെട്ടതാണോ, ആണെങ്കിൽ ബി ആയാലും വേറെ ആരെങ്കിലും ആയാലും കൊലപാതകി ആര്, കൊന്നതിന് ഉപയോഗിച്ച ആയുധങ്ങളെന്ത്, കൊല്ലാനുള്ള പ്രേരണ എന്ത് എന്നതൊക്കെ സ്വയം അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കാം എന്ന അഭിപ്രായക്കാരാണ്.
എളുപ്പത്തിൽ തീർക്കാവുന്ന ഒരു കാര്യമാണ് കൂടുതൽ അന്വേഷിക്കാതെ ഫയൽ ക്ലോസ് ചെയ്യുക എന്നത്. കൂടുതൽ അന്വേഷണം ഒന്നും ആവശ്യമില്ല, കാര്യം പകൽ പോലെ വ്യക്തം. ദുരൂഹമരണം എന്ന് വിധിയെഴുതി കാര്യം ഒതുക്കാം.
ഇത് സാധാരണഗതിയിൽ ഉണ്ടാകാനിടയില്ലാത്തതാണ്, പക്ഷെ ലോകത്ത് ഏതൊരു ആശയത്തിനും ഒരു counter instance ഉണ്ടാവുകുമല്ലൊ. ഇങ്ങിനെ ചിന്തിക്കുന്നവർ ഉണ്ടാകാം, പക്ഷെ ന്യൂനപക്ഷമായിരിക്കും. ഈ വിഷയത്തിൽ ഇവരുടെ കാര്യം പരിഗണിക്കുന്നില്ല.
രണ്ടാമത്തെ കേസിൽ അന്വേഷണം നടക്കുന്നുണ്ട്, പക്ഷെ എല്ലാം ബി എന്നൊരാളെ ചുറ്റിപ്പറ്റിയാണെന്നേയുള്ളു.
ബി ആരെന്നറിയില്ല, പക്ഷെ ബി എന്നൊരാൾ ഉണ്ടെന്നും എന്നെങ്കിലുമൊരിക്കൽ ബി എന്നൊരാളെ കണ്ടെത്തുമെന്നും പോലീസിന് ആത്മാർത്ഥമായി തന്നെ പ്രതീക്ഷിക്കാം. അല്ലെങ്കിൽ ബി എന്നൊരാളെ അന്വേഷണത്തിലൂടെ കണ്ടെത്താൻ പരമാവധി ശ്രമിക്കാം.
ഇവിടെ തെളിവുകളായി കാണുന്നതെല്ലാം ബി എന്നൊരാളുമായി ബന്ധപ്പെട്ടതാണെന്ന് ഈ വിഭാഗത്തിന് തീർച്ചയാണ്. ഒരു ഷർട്ട്-ബട്ടൺ കണ്ടെത്തിയാൽ അത് ബി-യുടേതാണ്. വേറൊരു ഷർട്ട്-ബട്ടൺ കണ്ടെത്തിയാൽ അതും ബി-യുടേത്. രണ്ടും വ്യത്യസ്തനിറങ്ങളിലുള്ളതാണെങ്കിൽ ഒന്ന് പിന്നീടെപ്പോഴോ തുന്നിച്ചേർത്തതായിരിക്കും..... ഇങ്ങിനെ പോകും ലോജിക്. അന്വേഷണവും ഈ രീതിയിൽത്തന്നെ മുന്നേറും.
ഇനി ബി എന്നൊരാൾ ഒരുനാൾ പ്രത്യക്ഷപ്പെട്ടു എന്നിരിക്കട്ടെ, ഇതേ ബി തന്നെയാണോ കൊലപാതകം നടത്തിയത് എന്ന് ഉറപ്പുവരുത്താൻ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും. കൊല നടത്തിയത് മറ്റൊരു ബി ആകാനും സാധ്യതയുണ്ടല്ലൊ.
മൂന്നാമത്തെ വിഭാഗം നടത്തുന്നത് കുറച്ചുകൂടി വസ്തുതാപരമായ അന്വേഷണമായിരിക്കും.
ഏ മരിച്ചത് കൊലപാതകം മൂലമാണെന്ന് ഇവർ ആദ്യമേ തീരുമാനിക്കുന്നില്ല. മരണകാരണം സംശയലേശമന്യേ തെളിയിക്കപ്പെടേണ്ടതാണ് എന്നതാണ് ഇവരുടെ നിലപാട്. ഇനി അഥവാ കൊലപാതകമാണെങ്കിൽത്തന്നെ അത് ബി നടത്തിയതാണെന്ന് ഉറപ്പിക്കുന്നുമില്ല. ലഭ്യമായ തെളിവുകൾ സ്വതന്ത്രമായി വിശകലനം ചെയ്ത് കൊലപാതകിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നേടുന്നതിനാണ് ഇവർ ശ്രമിക്കുന്നത്. അവസാനം തെളിയുന്നപ്രകാരം കൊല നടത്തിയത് ബി ആയാലും സി ആയാലും ഇവരുടെ അന്വേഷണത്തിന് ഒന്നും സംഭവിക്കുന്നുമില്ല. നേരത്തെ പറഞ്ഞ രണ്ട് ഷർട്ട്-ബട്ടൺ ഇവരെ കുഴക്കുന്ന പ്രശ്നമല്ല. രണ്ടും ഒരാളുടേതാണോ അതോ രണ്ടുപേരുടേതാണോ, രണ്ടും ഒരേ സമയത്താണോ സംഭവസ്ഥലത്ത് വന്നുപെട്ടത്, ഇവയ്ക്ക് കൊലപാതകവുമായി എന്തെങ്കിലും രീതിയിൽ ബന്ധമുണ്ടോ ഇത്യാദി കാര്യങ്ങളും ഇവർ അന്വേഷിച്ചേയ്ക്കാം.
ഇവിടെയും റിസൽറ്റ് ഉറപ്പൊന്നുമില്ല. കൊലപാതകം നടത്തിയത് ആരെന്ന് അറിയാൻ സാധിക്കണമെന്നില്ല, കൊലപാതകി ഒരുപക്ഷെ ഒരിക്കലും (അയാളുടെ ജീവിതത്തിൽ) പിടിക്കപ്പെടാതെ പോയേയ്ക്കാം. പക്ഷെ യാഥാർത്ഥ്യത്തിന്റെ വഴിയിലുള്ള പല സാധ്യതകളും ഇത് തുറന്നേയ്ക്കാം. ഈ കൊലപാതകവുമായി ബന്ധമുള്ള പല ദുരൂഹതകളും ഒരുപക്ഷെ വെളിച്ചത്ത് വന്നേയ്ക്കാം. അതൊരുപക്ഷെ ഏ എന്നൊരാളുടെ ജീവിതത്തിലെ തന്നെ കാര്യങ്ങളുമായേയ്ക്കാം.
തത്വത്തിൽ ബി എന്നൊരാൾ പറയുന്നില്ല അന്വേഷണം നിർത്തിക്കൊള്ളാൻ. ബി എന്ന പേരുള്ള ഒരാൾ (probably right, but not sure) ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നേയുള്ളു. ബി എന്ന വ്യക്തിയെക്കുറിച്ച് ആർക്കും വലിയ അറിവൊന്നുമില്ലതാനും.
ഒരു രീതിയിൽ നോക്കിയാൽ ഒന്നാമത്തെ വിഭാഗം ഒഴിച്ചുള്ളവർ അന്വേഷണം നടത്തുന്നുണ്ട്. ആരും ബുദ്ധിയില്ലാത്തവരുമല്ല. കുറിപ്പ് തടസപ്പെടുത്തുന്നില്ല അവരുടെ അന്വേഷണത്തെ. വ്യത്യാസമുള്ളത് അന്വേഷണത്തിന്റെ point of interest ആണ്.
കുറിപ്പിലുള്ളത് ശരിയാണെന്ന് ഉറച്ച് എല്ലാ അന്വേഷണവും അതിന്റെ ആധാരത്തിൽ നടത്തുന്നവരും കണ്ടെത്താവുന്ന കാര്യങ്ങൾക്ക് പരിധിയുണ്ടാവാം. അവരുടെ കണ്ടെത്തലുകൾ തന്നെ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളും ധാരാളം.
സ്വതന്ത്രാന്വേഷണം നടത്തുന്ന വിഭാഗം, ഒരുപക്ഷെ, പരാജയപ്പെട്ടേയ്ക്കാം, പക്ഷെ അവരുടെ അന്വേഷണത്തിനും കണ്ടെത്തലുകൾക്കും വ്യക്തതയുണ്ട്, വസ്തുനിഷ്ഠമായ ആധാരമുണ്ട്. പുതിയ അറിവുകൾക്കനുസരിച്ച് പഴയവ ചിലപ്പോൾ അപ്രസക്തമായേയ്ക്കാം. എങ്കിലും അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അവർ എത്തിച്ചേരുന്ന നിഗമനങ്ങൾ ലഭ്യമായ അറിവനുസരിച്ച് ഏറ്റവും യുക്തമായതായിരിക്കും. അവരുടെ കഴിവുകൾ ചോദ്യം ചെയ്യപ്പെട്ടേയ്ക്കാം, പുരോഗതിയിൽ പലർക്കും അതൃപ്തി ഉണ്ടായേയ്ക്കാം, പക്ഷെ കണ്ടെത്തലുകളുടെ ആധാരം ശക്തമാകയാൽ അവയുടെ refutation താരതമ്യേന കുറവായിരിക്കും.
ഇവിടെയൊന്നും ആരുടേയും സത്യസന്ധത സംശയിക്കേണ്ടതില്ല. എല്ലാവർക്കും അവരവരുടേതായ ശരികളുണ്ട്. അന്വേഷണത്തിന്റെ ലക്ഷ്യം ഒന്നുതന്നെയാണെങ്കിൽപ്പോലും മറ്റൊരാളുടേത് ശരിയല്ലെന്ന് ഇരുവിഭാഗവും നിലപാടെടുക്കും, കാരണം അവരെ സംബന്ധിച്ചിടത്തോളം ശരി തങ്ങളുടെ ഭാഗത്താണ്. ബി-യെ ചുറ്റിപറ്റി മാത്രം അന്വേഷിക്കുന്നവർ ബുദ്ധികുറഞ്ഞവരല്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ്, പക്ഷെ അവിടെ assumptions കൂടുതലാണെന്ന കാതലായൊരു വ്യത്യാസമുണ്ട്.
പ്രശ്നം വരുന്നതും രണ്ടുവിഭാഗത്തിന്റേയും രീതികളിൽ ഉള്ള വ്യത്യാസം മൂലമാണ്. കുറിപ്പിന്റെ ആധാരത്തിൽ ബി ആണ് കൊല നടത്തിയത് എന്ന് ഉറപ്പുള്ള വിഭാഗം "ബി ആണ് കൊന്നതെന്ന് അറിയാവുന്നതല്ലെ, പിന്നെന്തിനാണ് സി-യെക്കുറിച്ച് അന്വേഷിക്കുന്നത്" എന്നും പറഞ്ഞേയ്ക്കാം, ഗതിമുട്ടിയ അന്വേഷണങ്ങളെക്കുറിച്ച് പരിഹാസപൂർവ്വം സംസാരിച്ചേയ്ക്കാം. മുൻപ് ലഭിച്ച തെളിവുകൾക്ക് വിരുദ്ധമായി പുതിയ തെളിവ് എന്തെങ്കിലും ലഭിച്ചതായി അറിഞ്ഞാൽ അന്വേഷണം തെറ്റി എന്ന് പ്രഖ്യാപിച്ചേയ്ക്കാം. ഇടയ്ക്കെപ്പോഴെങ്കിലും സി എന്നൊരാളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് അറിവ് ലഭിച്ചാൽപ്പോലും "സി അവിടെ വന്നിരുന്നുവെന്ന് തന്നെ കരുതുക, പക്ഷെ ബി അല്ല കൊന്നത് എന്ന് ഉറപ്പിച്ചുപറയാൻ എങ്ങിനെ സാധിക്കും" എന്നൊരു ചോദ്യം പ്രതീക്ഷിക്കാവുന്നതാണ്. ഇങ്ങിനെ പറയുന്ന വിഭാഗത്തിനാണ് മേൽക്കൈയ്യെങ്കിൽ സ്വതന്ത്രമായ അന്വേഷണങ്ങൾക്ക് ഒരു തിരിച്ചടിയാകും സംഭവിക്കുക, കാരണം അവരുടെ അന്വേഷണപരിധി മറ്റേതിനെ അപേക്ഷിച്ച് ചെറുതാണ്.
സ്വതന്ത്രമായി അന്വേഷണം നടത്തുന്ന വിഭാഗം, ഒരു പ്രതിക്രിയ ആയെങ്കിലും, തിരിച്ചും മറുവിഭാഗത്തിന്റെ പരിമിതമായ അന്വേഷണത്തെക്കുറിച്ചും പരിഹസിച്ചേയ്ക്കാം. തങ്ങൾ കണ്ടെത്തിയ പുതിയ തെളിവുകൾക്ക് മറുവിഭാഗത്തിന് വ്യക്തമായ മറുപടി ഇല്ലാത്ത അവസ്ഥ ചൂണ്ടിക്കാണിച്ച് തിരിച്ചടിയ്ക്കാം. മറുവിഭാഗത്തിന്റെ വ്യാഖ്യാനങ്ങൾ മലക്കം മറിച്ചിലായി എഴുതിത്തള്ളാം.
ഇരുവിഭാഗവും ശത്രുതാപരമായാണ് വർത്തിക്കുന്നതെന്ന പ്രതീതി ഉണ്ടാകാൻ ഇത് ധാരാളം.
ഇതുതന്നെ മതത്തിലേയ്ക്കും ശാസ്ത്രത്തിലേയ്ക്കും ആയി ചിന്തിച്ചാൽ ചേരിതിരിവിനെക്കുറിച്ച് ഒരു ചിത്രം ലഭിച്ചേയ്ക്കും.
ഒരു കാര്യം കൂടി.
ദൈവവിശ്വാസം, per se ശാസ്ത്രത്തിന് എതിരുനിൽക്കണമെന്നില്ല. മനുഷ്യന്റെ അന്വേഷണത്വരയെ ഒരു മതവും, തത്വത്തിൽ, നിരുത്സാഹപ്പെടുത്തുന്നുമില്ല. പക്ഷെ തത്വത്തിൽ ഉള്ളതല്ലല്ലൊ പലപ്പോഴും നാം കാണാനിടവരുന്നത്.
================================================================
ഈ കമന്റ് ലതീഫിനെ കുറ്റപ്പെടുത്താനായി ഇവിടെ പോസ്റ്റ് ചെയ്തതല്ല. വായിച്ചുനോക്കിയപ്പോൾ വലിയ മോശമില്ലെന്ന് തോന്നി, ഒപ്പം കുറച്ച് മിനുക്കുപണികൾ ആവശ്യമാണെന്നും. അത് ചെയ്യാവുന്ന ഒരിടം എന്റെ ബ്ലോഗ് ആയതിനാൽ ഞാനതിവിടെ ഇട്ടു, അത്രമാത്രം.
ഈ കമന്റിന് ലതീഫിന്റെ മറുപടി ഒന്നും കണ്ടില്ല. ഒരുപക്ഷെ സമയലഭ്യത ഒരു പ്രശ്നമായിരിക്കാം. അല്ലെങ്കിൽ എന്റെ കമന്റ് ഒരു മറുപടി അർഹിക്കുന്നതായി ലതീഫിന് തോന്നിയിരിക്കില്ല. അദ്ദേഹത്തെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. എന്റെ ചിന്തകളെ അംഗീകരിക്കുകയോ എതിർക്കുകയോ ചെയ്യൂ എന്ന് ആവശ്യപ്പെടാൻ എനിക്കാവില്ല.
ഇതിൽ ഏത് പക്ഷത്തുനിൽക്കണം എന്നതിന് എനിക്ക് വ്യക്തമായ നിലപാടുണ്ട്. പക്ഷെ ഈ രണ്ട് രീതികളും തമ്മിൽ മൽസരിക്കണോ വേണ്ടയോ എന്നത് വ്യത്യസ്തമായ വിഷയമാണ്, അതിൽ ഒരു നിലപാടെടുക്കേണ്ടത് ഒരു ഗ്രൂപ്പ് മാത്രമല്ല, രണ്ടുപേരും ചേർന്നാണ്.
ഒരപേക്ഷ
കൊലപാതകം എന്നത് ഉദാഹരണത്തിനായി മാത്രം ഉപയോഗിച്ചതാണ്. മറ്റ് അർത്ഥങ്ങൾ ഒന്നും എടുക്കരുതേ ദയവായി.
17 comments:
ലതീഫിന്റെ ബ്ലോഗിൽ ഇട്ട കമന്റാണ്, ഒന്ന് പരിഷ്കരിച്ച് ഇവിടെ പോസ്റ്റാക്കുന്നു. (വലിയ താൽപര്യമുള്ള പ്രവൃത്തിയല്ലെങ്കിലും)
മതവും ശാസ്ത്രവും തമ്മിലടിക്കുന്നുണ്ടോ, എന്താണ് താങ്കളുടെ അഭിപ്രായം?
അപ്പൂട്ടന്,
പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ ഒരു ചെറിയ തിരുത്തല്‍ നടത്തുകയാണ്. ഇവിടെ എ മരിച്ചുകിടക്കുന്നു; സമീപത്തുനിന്നു ഒരു കുറിപ്പല്ല; പത്തുനൂറു കുറിപ്പുകള്‍ ലഭിക്കുന്നു. ബി മുതല്‍ സെഡ് വരെയുള്ളവരും, ബി-വണ്‍ മുതല്‍ സെഡ് -വണ്‍ വരെയുള്ളവരും ബി -റ്റു മുതല്‍ സെഡ്- റ്റു വരെയുള്ളവരും ബി -ത്രീ മുതല്‍ സെഡ്-ത്രീ വരെയുള്ളവരും ഇങ്ങനെ നീണ്ട ഒരു നിര ആള്ക്കാര് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നു. ചുറ്റും കൂടിയവര്‍, ഉത്തരവാദിത്തം ഏറ്റെടുത്ത ആളെക്കുറിച്ച് വലിയ വിവരമൊന്നുമില്ലാത്തവരാണെങ്കിലും ഓരോരുത്തരുമാണ് അതു ചെയ്തതെന്ന് തീരുമാനിക്കുന്നു. ഇതു സ്വയം അറിവുള്ളതുകൊണ്ടല്ല, തന്റെ വീട്ടുകാരെല്ലാം ആ തീരമാനമാണ് എടുത്തതെന്ന ഒറ്റക്കാരണത്താല്‍ മാത്രമാണ് ഓരോരുത്തരും അക്കൂട്ടത്തില്‍ കൂടുന്നത്. ഇനി നടക്കുന്നത് അവര്‍ തമ്മിലുള്ള വാക്പയറ്റും തുടര്‍ന്ന് കയ്യാങ്കളിയുമാണ്. ഇത് ഇപ്പോഴും തുടാര്ന്നുകൊണ്ടിരിക്കുന്നു. തമ്മില്‍ തല്ലിക്കോണ്ടിക്കുമ്പോഴും മറ്റൊരു (മൂന്നാമത്തെ)കൂട്ടര് ഇതില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടു വന്നാല്‍ അവരെ തെറിപറഞ്ഞോടിക്കുന്ന കാര്യത്തില്‍ എല്ലാ കൂട്ടരും ഒറ്റക്കെട്ടണ്.
ഇനി, 'രണ്ടാമത്തെ' കൂട്ടരുടെ ആത്മാര്‍ത്ഥതയില്‍ എന്നിക്ക് കാര്യമായ സംശയമുണ്ട്. അവര്‍ ഒന്നാമത്തെ കൂട്ടരെക്കാല് ചിലപ്പോള്‍ അപകടം ചെയ്യും. സാധു ദുഷ്ടന്റെ ഫലം ചെയ്യുമെന്നാണല്ലൊ. അവര്‍ ഞാന്‍ ഈ നാട്ടുകാരനേ അല്ല എന്ന് ചിലപ്പോള്‍ പറയും. ഒന്നാമത്തെ കൂട്ടര് പറയുന്നത് ശരിയാകാമെന്ന് ചിലപ്പൊള്‍ പറഞ്ഞുകൊണ്ടിരിക്കും. വസ്തുതകള്‍ക്കുമപ്പുറം 'എന്തോ ചിലതുണ്ടെന്നു്'' അവര്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കും. സ്വത്വബൊധ' മാണ് അവരുടെ അസുഖമെന്ന് തോന്നുന്നു. അതില്‍ നിന്ന് വിടാനൊരു മടി. ബോധപൂര്‍വ്വമായ അഭിനയമല്ലെങ്കില്‍ ചിലപ്പോള്‍ രക്ഷപ്പെടാന്‍ സധ്യതയുണ്ട്.
സ്വതന്ത്രാന്വേഷണം ആവശ്യപ്പെടുന്നവര്‍ക്കാകട്ടെ, മുന്‍വിധികളില്ല. വസ്തുതാപരമായ തെളിവുകളാണ് അവര്‍ തിരയുന്നത്. പക്ഷേ വസ്തുതകള്‍ക്കുമപ്പുറം ഒരിക്കലും അന്വേഷിച്ച് കണ്ടെത്താനാകാത്ത ചില 'അവസ്തുതകള്' ഉണ്ടെന്ന് അവരൊട് ഒന്നാമത്തെ കൂട്ടര് പുലമ്പിക്കൊണ്ടിരിക്കും. എങ്കിലും ഒപ്പം തന്നെ സ്വതന്ത്രാന്വേഷണത്തില്‍ കിട്ടുന്ന ബട്ടനുകള്‍ തങ്ങളുടെ കൊലയാളിയുടേതുതന്നെയാണെന്ന് സ്ഥാപിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ആരു കണ്ടെത്തിയാലുമില്ലെങ്കിലും ശരി അവര്‍ അവരുടെ കൊലയാളിതന്നെയാണ് യഥാര്‍ത്ഥ കൊലയാളിയെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ആ വിശ്വാസം കൊണ്ട് സമൂഹത്തിന് കുഴപ്പമൊന്നുമില്ലെങ്കില് വിരോധമില്ല. പക്ഷേ അതൊന്നുമല്ലല്ലൊ സ്ഥിതി. അവര്‍ക്ക് സ്വതന്ത്രാന്വേഷകരെ കല്ലെറിയുകയും വേണം, അവര്‍ അന്വേഷിക്കുന്നതും തങ്ങള്‍ വിശ്വസിക്കുന്നതും രണ്ടല്ലെന്ന് സ്ഥാപിക്കുകയും വേണം.
പലകാര്യങ്ങളിലും അപ്പൂട്ടന് അഭിനന്ദനം അര്‍ഹിക്കുന്നു. ഒന്ന് വിയോജിപ്പ് മാന്യമായി രേഖപ്പെടുത്തുന്നു. രണ്ട്. എതിര് പക്ഷം പറയുന്നത് അതുപൊലെ മനസ്സിലാക്കുകയും അത് തന്നെ എടുത്ത് എഴുതാന്‍ ധൈര്യം കാണിക്കുകയും ചെയ്യുന്നു. കാര്യം നിസ്സാരമെന്ന് തോന്നാം. പക്ഷെ ഇതുപോലെ അത്യപൂര്‍വം ആളുകളെ തങ്ങള്‍ക്ക് വിയോജിപ്പുള്ളവരുടെ അഭിപ്രായങ്ങള്‍ വക്രിക്കാതെ എഴുതാറുള്ളൂ എന്നത് വലിയ ഒരു പരമാര്‍ഥമാണ്. ഈ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞ വിശകലനം ഈ ധൈര്യത്തിന്റെ തെളിവാണ്. അതില്‍ മതവിശ്വാസികളുടെ വാദം ഏറെക്കുറെ കൃത്യമായി രേഖപ്പെടുത്തി. അതിനോട് യോജിക്കുന്നോ വിയോജിക്കുന്നോ എന്നത് രണ്ടാമത്തെ പ്രശ്നമാണ്.
പേരെടുത്ത് പറയുന്നില്ല. യുക്തിവാദികളില്‍ ഒരു വലിയ വിഭാഗത്തിനും എന്താണ് മതവിശ്വാസികള്‍ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് പറയാന്‍ ശ്രമിക്കുന്നത് എന്നതില്‍ ഒരു ധാരണയുമില്ല. അതുകൊണ്ട് അവര്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസികളുടെ തൊലിപ്പുറം സ്പര്‍ശിക്കുന്നുമില്ല.
പ്രിയ അപ്പൂട്ടന് താങ്കളുടെ അഭിപ്രായത്തിന് ഞാന്‍ പ്രതികരിക്കാതിരുന്നത് സമയക്കുറവ് കൊണ്ടാണ് എന്ന് പറഞ്ഞാല്‍ അത് ശരിയാവില്ല. അപ്രസക്തമായതുകൊണ്ടുമല്ല. എനിക്ക് യോജപ്പുള്ളതുകൊണ്ടുമല്ല. പലപ്പോഴും മറുപടി പറഞ്ഞ ശേഷം ഒരു മുന്നറിയിപ്പു(പിന്നറിയിപ്പു)മില്ലാതെ താങ്കള്‍ കമന്റ് ഡിലീറ്റും അതുകൊണ്ട് ആവശ്യമെങ്കില്‍ പിന്നെ പറയാം എന്ന് കരുതി. രണ്ടാമത്തെ കാരണം. വസ്തുതകളെ യഥാര്‍ഥ്യബോധത്തോടെ കണ്ട് താങ്കളുടെ ഒരു വിയോജിപ്പെന്ന നിലയില്‍ അതവിടെ പ്രതികരണമില്ലാതെ കിടന്നാലും വലിയ പ്രശ്നമില്ലെന്ന് തോന്നി. വിഷയത്തിന്റെ മറ്റൊരുവശവും വായനക്കാരന് ലഭിക്കുമല്ലോ. ആ കമന്റ് വിപുലമാക്കി ഇവിടെ ചേര്‍ത്തതിന് അഭിനന്ദനങ്ങള്‍.
പ്രിയ അപ്പൂട്ടന് ,
താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നതോടൊപ്പം. താങ്കള്‍ പറഞ്ഞിട്ടില്ലെഹ്കിലും മൂന്ന് താങ്കളുടദ്ദേശിക്കുന്ന മൂന്ന് വിഭാഗങ്ങളെയും മനസ്സിലാക്കാന്‍ പ്രയാസമില്ല.
ബി. ആണ് കൊന്നതെന്നും ഫയല്‍ ക്ലോസ് ചെയ്യാം എന്നും വിചാരിക്കുന്നത് മതവിശ്വാസികളെക്കുറിച്ചും
രണ്ടാമത്തെ വിഭാഗകൊണ്ട് ഉദ്ദേശിച്ചത് അവരില്‍ തന്നെ മതവിശ്വാസികളും എന്നാല്‍ അന്വേഷണത്തിലൂടെ സത്യം കണ്ടെത്താം എന്ന് പറയുന്ന എന്നെ പോലെയുള്ളവരാണെന്നും.
മൂന്നാമത്തെ വിഭാഗം ശാസ്ത്രത്തിന്റെ ആളുകളെന്ന് കരുതുന്ന യുക്തിവാദികളുമാണ് എന്ന് കരുതട്ടെ.
വസ്തുതയുമായി ഇതിനുള്ള ബന്ധം പരിഗണിക്കാതെ ഇപ്രകാരം ചിന്തിക്കാനുള്ള താങ്കളുടെ അവകാശം വകവെച്ചുതന്നെ മതിയാകൂ. ഇതിലെ ഉദാഹരണങ്ങളും അതിനോടുള്ള ചേര്‍ച്ചയും താങ്കളുടെതാണ്. സുശീലിന് പോലും അത് ആ നിലക്ക് അംഗീകരിക്കാനാവില്ല. താങ്കള്‍ ഇതില്‍ വിധി തീര്‍പ്പ് എടുത്തിട്ടില്ലെങ്കിലും സുശീല്‍ വ്യക്തമായി വിധിതീര്‍പ്പിലെത്തി ഞാന്‍ സൂചിപ്പിച്ച ചേര്ചയനുസരിച്ചാണെങ്കില് രണ്ടാമത്തെ വിഭാഗത്തില്‍ അദ്ദേഹം വലിയ അപകടം കാണുകയും ചെയ്യുന്നു.
ഇവിടെ എനിക്ക് പറയാനുള്ളത് ശാസ്ത്രത്തെയും മതത്തെയും ബന്ധപ്പെടുത്തി സാഹചര്യത്തെളിവുകളും ഭൗതികമായ പഠനങ്ങളും ശാസ്ത്രീയമായ അന്വേഷണങ്ങളും നടത്തി കണ്ടെത്താവുന്ന ഒരു കോലപാതകത്തെ ഇവിടെ ഉദാഹരിച്ചത് യുക്തിപൂര്വകമായില്ല എന്ന് മാത്രമാണ്.
അതുകോണ്ട് താങ്കളുടെ വാദത്തെ ഞാന്‍ കുറെക്കൂടി മൂര്‍ത്തമായ തലത്തിലേക്ക് മാറ്റുകയാണ്. (തുടരും)
മനുഷ്യരായ നാം ഇവിടെ ജനിക്കുകയും വളരുകയും ചിന്തിക്കാന്‍ പ്രാപ്തിനേടുകയും ചെയ്തു. അവര്‍ക്കറിയാവുന്ന സകല ഉപകരണങ്ങളും സ്വയം രൂപം കൊണ്ടതല്ല വളരെ കഠിനമായ അധ്വോനത്തിന്റെ ഫലമായി രൂപം കൊണ്ടാതാണ് എന്ന് എല്ലാവരും ഏകസ്വരത്തില്‍ പറയുന്നു. എന്നാല്‍ അവര്‍ നിര്‍മിക്കാത്ത അതിസങ്കീര്‍ണമായ ജീവിജാലങ്ങളെയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും ചെയ്യുന്ന തങ്ങളെത്തന്നെയും അവര്‍ കാണുന്നു. ഇവര്‍ മൂന്ന് വിഭാഗമായി തിരിഞ്ഞു.
ഒന്നാമത്തെ കൂട്ടര് പറഞ്ഞു. തങ്ങള്‍ (മനുഷ്യന്) സൃഷ്ടിക്കാത്ത മുഴുവന്‍ വസ്തുക്കളും തനിയെ പരിണമിച്ചുണ്ടായതാണ് അതിന് ഒരു സ്രഷ്ടാവില്ല.
(മനുഷ്യനൊന്നും സൃഷ്ടിക്കുന്നില്ല എന്ന കാര്യം അവഗണിക്കുക. അവന് രൂപഭേതം വരുത്തുന്നതേയുള്ളൂ). തങ്ങള്‍ക്ക് അവയുടെ സ്രഷ്ടാവിനെ പരീക്ഷണ നീരീക്ഷണങ്ങളിലൂടെ കാണാന്‍ കഴിയുന്നില്ല എന്നതുതന്നെ ഏറ്റവും പ്രധാന തെളിവ്.
രണ്ടാമത്തെ വിഭാഗം പറഞ്ഞു. സൃഷ്ടിച്ചത് ദൈവമാണ്. കൂടുതലൊന്നും ഞങ്ങള്‍ക്കറിയില്ല. അതേകുറിച്ച കൂടുതലൊന്നും ഞങ്ങളോട് ചോദിക്കുകയും ചെയ്യരുത്. ചിലരതിന് സ്വന്തം നിലക്കുള്ള ചില വിശേഷണങ്ങള്‍ പറഞ്ഞു. ചിലര്‍ ചില രേഖകള്‍ സമര്‍പിച്ചു. അവയുടെ വിശ്വാസ്യത പരിശോധിക്കുന്നതോ ചോദ്യം ചെയ്യുന്നതോ അവര്‍ വേണ്ടത്ര പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് മാത്രമല്ല. അത് വൈരത്തിനിടയാക്കുമെന്നും. എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും അടിക്കടി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.
മൂന്നാമത്തെ വിഭാഗം പറഞ്ഞു. അത്ഭുതകരമായ ഈ പ്രപഞ്ചം ഇത്രയും സങ്കീര്‍ണവും ആസൂത്രിതവുമായ ഈ വ്യവസ്ഥ ഒരു ആസൂത്രകന്റെയും ഒരു അസ്തിത്വത്തേയും തേടുന്നു. അതാണ് സ്രഷ്ടാവായ ദൈവം. മനുഷ്യരെ പടച്ചതും അവന് ചിന്തയും ബുദ്ധിയും നല്കിയതും അതേ ദൈവമാണ്. ഭൂമിയില്‍ ജീവിക്കാനാവശ്യമായ അവയവങ്ങളും സൗകര്യങ്ങളും നല്കിയ ദൈവം തന്നെ അവന്റെ സന്മാര്ഗദര്ശനത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തിരിക്കുന്നു. അതിനാല്‍ മനുഷ്യരംഭം മുതല്‍ അതിനുള്ള സംവിധാനവും ദൈവം ചെയ്തു. പ്രവാചകന്മാരിലൂടെ ആ ദൗത്യം നിര്‍വഹിക്കപ്പെട്ടു. പക്ഷെ കാലം കടന്നുപോയപ്പോള്‍ മനുഷ്യന് അതില്‍നിന്ന തെന്നിപോയി. അപ്പോഴൊക്കെ പുതിയ പ്രവാചകന്മാരെ അയച്ചു ദൈവം യഥാര്‍ഥ വഴികാണിച്ചു. ആ പരമ്പര ഇന്ന് മുഹമ്മദ് നബി എന്ന പ്രവാചകനില്‍ എത്തിനില്‍ക്കുന്നു. ഈ പറയുന്ന വസ്തുതകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. ചോദ്യം ചെയ്യാം. വിമര്‍ശനമുന്നയിക്കാം. ബുദ്ധിപരവും യുക്തിപരവുമായ സകല സാധ്യതതകളും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം ബോധ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് സ്വീകരിക്കാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് തള്ളിക്കളയാം.
ഇതില്‍ ഒന്നാമത്തെ വിഭാഗം ശാസ്ത്രവിശ്വാസികളായി ദൈവനിഷേധികളാണ്. അവര്‍ക്ക് കൂടുതല്‍ പറയാന്‍ കാണും. പക്ഷെ അവസാനം എത്തിചേരുന്നത് ഞാന്‍ പറഞ്ഞതിലേക്ക് തന്നെയായിരിക്കും.
രണ്ടാമത്തെ വിഭാഗം പൊതുവെ മതവിശ്വാസികളെല്ലാവരുമാണ്.
മൂന്നാമത്തെ വിഭാഗം മതവിശ്വാസികളിലെ ഒരു ന്യൂനപക്ഷമാണ്. അതില്‍ ഞാനും എന്നെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരും ഉള്‍പ്പെടും. കേവലം സംഘടാനടിസ്ഥാനത്തിലല്ല ഞാന്‍ പറഞ്ഞത്. പ്രവാചകത്വത്തെയും ദൈവത്തെയു കുറിച്ച ഈ ചിന്ത പലമതങ്ങളും പൊതുവായി പങ്കുവെക്കുന്നവരാണ്. ജൂതര്‍ ക്രൈസ്തവരുടെ (വിശ്വാസപരമായ) അസ്തിത്വത്തെയും ക്രൈസ്തവര്‍ മുസ്ലിംകളുടെ (വിശ്വാസപരമായ)അസ്തിത്വത്തെയും നിഷേധിക്കുന്നുവെങ്കിലും.
എന്തായാലും ലത്തീഫിന്റെ മൂര്‍ത്തമായ ചിന്തകള്‍ മനസ്സിലാക്കി തന്നതിന് അപ്പുട്ടന് ഒരായിരം നന്ദി.
ലതീഫ്,
ഞാൻ പറഞ്ഞ ഉദാഹരണത്തിനും താങ്കളുടേതിനും വലിയൊരു വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല. അന്വേഷണം എന്നതിന് കുറച്ചുകൂടി എളുപ്പത്തിൽ മനസിലാക്കാൻ കൊലപാതകം ഉദാഹരണമാക്കിയെന്നേയുള്ളു. അത് മോഷണമായാലും സൃഷ്ടി ആയാലും വലിയ വ്യത്യാസമില്ല.
സുശീൽ അതേപടി എന്റെ ഉദാഹരണം അംഗീകരിക്കണമെന്ന് എനിക്ക് നിർബന്ധമില്ല, അദ്ദേഹം അദ്ദേഹത്തിന്റെ യുക്തി പ്രയോഗിച്ചുകൊള്ളട്ടെ. അദ്ദേഹം എന്റെ ഉദാഹരണം തെറ്റാണെന്ന് പറഞ്ഞിട്ടില്ല, മറിച്ച് അതേ ഉദാഹരണത്തെ ഒന്ന് extend ചെയ്തുവെന്നേയുള്ളു.
ഞാൻ പറഞ്ഞത് വസ്തുതകളുമായി one-to-one പൊരുത്തപ്പെടണമെന്നില്ല. ആശയം വ്യക്തമാകുന്നിടത്തോളം എന്റെ ലേഖനത്തിന്റെ ഉദ്ദേശ്യം സഫലമാകും. അതിൽ കൂടുതൽ വിശദീകരണങ്ങൾ ആവശ്യമാകുന്നിടത്ത്, കഴിയാവുന്നവർക്ക് കൂട്ടിച്ചേർക്കാം, അത്രയേ എന്റെ ഉദ്ദേശ്യമുള്ളു.
താങ്കൾ പറയുന്നു പ്രപഞ്ചം സങ്കീർണ്ണമാണെന്ന്. ഞാനത് പാടെ നിഷേധിക്കുന്നില്ല, കാരണം എന്റെ അറിവിനുമപ്പുറത്ത് ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ സങ്കീർണ്ണത എന്നത് വളരെ subjective ആയ ഒരു കാര്യമാണ്. എനിക്ക് സങ്കീർണ്ണമായി തോന്നുന്നത് മറ്റൊരാൾക്ക് അത്ര സങ്കീർണ്ണമാകണമെന്നില്ല. ഭാവിയിലെന്നെങ്കിലും ഈ സങ്കീർണ്ണത ചുരുളഴിക്കാനാവുമോ എന്നാണ് ശാസ്ത്രം ശ്രമിക്കുന്നതും. പക്ഷെ അത് സങ്കീർണ്ണമാണ് എന്ന് ആദ്യമേ വിലയിരുത്തിക്കഴിഞ്ഞാൽ ആ അന്വേഷണത്തിന് പ്രത്യേകിച്ച് ഒന്നും നൽകാനാവില്ല. കാരണം end-result തോൽവി തന്നെയാണെന്ന് ഉറപ്പിക്കലാണ് ഇതിലൂടെ ചെയ്യുന്നത്.
ശാസ്ത്രം താങ്കൾ പറഞ്ഞതിലേക്കാണ് എത്തിച്ചേരുക എന്നത് ശാസ്ത്രം അംഗീകരിക്കുന്ന കാര്യമല്ല എന്നതറിയാമല്ലോ. അന്തിമഫലം എന്തെന്നറിഞ്ഞ് അന്വേഷണം നടത്തുന്നതിന്റെ പരിമിതി മനസിലാക്കാവുന്നതേയുള്ളു. എങ്ങിനെ പോയാലും, എന്ത് അന്വേഷണം നടത്തിയാലും, സങ്കീർണ്ണത നേരിടുന്ന ഓരോ ഘട്ടത്തിലും നിർത്തണോ എന്ന ചിന്ത വരും, കാരണം ultimately ചെന്നെത്തുക നിശ്ചിതഫലത്തിലാണല്ലൊ.
അങ്ങിനെ ഒരു നിശ്ചിതഫലം കാംക്ഷിക്കാതെ നടത്തുന്ന അന്വേഷണത്തിൽ ഏത് കണ്ടെത്തലും വിലപ്പെട്ടതായിരിക്കും. കുറഞ്ഞപക്ഷം മേൽപ്പറഞ്ഞ സങ്കീർണ്ണത പടിപടിയായി അഴിക്കുകയാണ് എന്ന് പ്രത്യാശിക്കാനെങ്കിലും ഇതിലൂടെ സാധിക്കും. കൂടുതൽ സങ്കീർണ്ണതകളിലേക്ക് എത്തിപ്പെടുമ്പോൾ നിർത്താതിരിക്കാനും വാശിയോടെ കൂടുതൽ ശ്രമിക്കാനും ഈ നിലപാടിനേ സാധിക്കൂ.
താങ്കൾ സ്വയം ഉൾപ്പെടുത്തിയ മൂന്നാം വിഭാഗത്തിന്റെ വിശദീകരണത്തിൽ ചോദ്യങ്ങൾ ഒരുപാടുണ്ട്. പക്ഷെ അവ ഈ പോസ്റ്റിന്റെ വിഷയമല്ലാത്തതിനാൽ മാറ്റിവെയ്ക്കുന്നു, പിന്നീടെപ്പോഴെങ്കിലും ചർച്ചയാവാം.
tracking
ലത്തീഫ് പറഞ്ഞു:
"രണ്ടാമത്തെ വിഭാഗകൊണ്ട് ഉദ്ദേശിച്ചത് അവരില്‍ തന്നെ മതവിശ്വാസികളും എന്നാല്‍ അന്വേഷണത്തിലൂടെ സത്യം കണ്ടെത്താം എന്ന് പറയുന്ന എന്നെ പോലെയുള്ളവരാണെന്നും."
സോറി ലത്തീഫ്, എനിക്ക് താങ്കളെ ഒന്നാമത്തെ വിഭാഗത്തല്‍ പെടുത്താനേ കഴിയൂ. രണ്ടാമത്തെ വിഭാഗം 'ഹേമാംഭിക'മാരാണ്.
എന്റെ പൊസ്റ്റില്‍ സൂരജ് ഇട്ടൊരു കമന്റ് ഇവിടേയും പ്രസക്തമാണെന്നു തോന്നുന്നതിനാല്‍ ഇങ്ങോട്ട് ഒട്ടിക്കുന്നു.
suraj::സൂരജ് പറഞ്ഞു...
"പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന അറിവ് എത്ര പരിമിതമാണെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. ഇനിയും ഉത്തരം കണ്ടെത്താൻ കഴിയാത്ത അനേകം പ്രശ്നങ്ങൾ, കണ്ടെത്താനുള്ള കണങ്ങൾ, പൂരിപ്പിക്കേണ്ട സമസ്യകൾ അങ്ങനെ എത്രയോ ചോദ്യങ്ങൾക്ക് ഉത്തരം തെരയുകയാണ് ശാസ്ത്രം."
ഈ വാചകമാണു വെട്ടിയെടുത്ത് ചുമരിൽ ഒട്ടിച്ചുവയ്ക്കേണ്ട സാധനം ! പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന അറിവുകളുടെ “പരിമിതി” ആധുനികശാസ്ത്രം “തെളിയിച്ചുകഴിഞ്ഞു” എന്നാണു വാദം. അതിന്റെ പിന്നിലെ വസ്തുനിഷ്ഠത എത്രയാണെന്നതൊക്കെ പോട്ടെ. ഒരു സംഗതിയിലൂടെ കിട്ടുന്ന അറിവിന്റെ പരിമിതി നിശ്ചയിക്കണമെങ്കിൽ ആ സംഗതിക്കും അപ്പുറം പോയി കാര്യങ്ങളെ കാണാനുള്ള ശേഷി നേടണം. ഇൻഫ്രാറെഡ് ക്യാമറയോ രാത്രികാലക്കാഴ്ചയെ സഹായിക്കുന്ന സാമഗ്രികളോ രൂപകല്പന ചെയ്തത് എപ്പോഴാണു ? ഇരുൾക്കാഴ്ചയും താപോർജ്ജത്തെ ഉപയോഗിച്ചുള്ള കാഴ്ചയെയും പറ്റിയുള്ള “പരിമിതി” കളെ പറ്റി പഠിക്കുകയും അവയെ മറികടക്കാനുള്ള അന്വേഷണങ്ങൾ നടത്തുകയും ചെയ്തപ്പോഴല്ലേ ?
അതായത് പരിമിതികൾ അറിയാനും കൂടിയുള്ള ആന്തരിക ശേഷിയോടെയാണു ശാസ്ത്രം കുതിക്കുന്നത് എന്ന് സാരം...
അതേ സമയം ദൈവജ്ഞാനികൾക്ക് ഒരു പരിമിതിയും ഇല്ല. അവർക്ക് എല്ലാ സൃഷ്ടിയും നിയന്ത്രണവും നടത്തുന്നത് അങ്ങനൊരു ശക്തിയാണെന്ന് പൂർണ ഉറപ്പാണു. പരിമിതിയില്ലാത്ത പരിധികളില്ലാത്ത അന്തമോ ആദിയോ ഇല്ലാത്ത ശക്തിവിശേഷമെന്നൊക്കെ ഉഡായിപ്പിറക്കും... ഇതിന്റെ ഒരു പ്രോപ്പർട്ടിയുമൊട്ട് വിശദീകരിക്കാനും അറിയില്ല...പക്ഷേ പരിധിയും അന്തവുമൊന്നുമില്ലാത്തതാണെന്ന കാര്യം നല്ല തിട്ടമാണു..അതെങ്ങനെ എന്ന് ചോദിച്ചാൽ “ഗ്രന്ധം” പൊക്കിക്കാണിക്കും..അവുത്തേൽ പറഞ്ഞിട്ടൊണ്ടെങ്കീ ഓ...പിന്നെ എല്ലാം ഓക്കെ...
ശാസ്ത്രത്തിന്റെ പരിധിയളക്കാൻ നടക്കുന്നു, കൊറേ മണ്ടശിരോമണികള് !
നൾ ഹൈപ്പോതിസീസും ഓൾട്ടർനേറ്റിവ് ഹൈപ്പോതിസീസും എന്താണെന്ന് പോലും അറിയില്ല..വിഡ്ഢിത്തത്തിനു മാത്രം ഒരു കുറവുമില്ലേനും !! ആവൂ !
വായിച്ചു, നല്ല ലേഖനം. സുശീല്‍ പറഞ്ഞത് പോലെ ലത്തീഫ് ഒന്നാമത്തെ ഗണത്തിലല്ലേ പെടുക? ഓള്‍റെഡി പാറ പോലെ ഉറച്ച ഒരു വിശ്വാസിയും ആ വിശ്വാസത്തിന്റെ പ്രചാരകനുമായ ലത്തീഫെങ്ങിനെയാണ് സത്യം അന്വേഷിക്കുന്നവന്റെ കൂട്ടത്തില്‍പ്പെടുക? ഹഹഹ നല്ല തമാശ. "ഹേമാംഭിക ചേച്ചിയുടെ ഒരു കമന്റ് എവിടെയോ വായിച്ചു ചിരിച്ചതായി ഓര്‍ക്കുന്നു. വല്ല ISRO യിലും ജ്വാലി ചെയ്യുകയായിരിക്കും. :-)
ശാസ്ത്രം ഒരിക്കലും ദൈവമില്ലെന്ന് കണ്ടെത്താൻ പോവുന്നില്ല!!!! കാരണം ദൈവവിശ്വാസി പറയുന്നത് ദൈവം കണ്ടെത്താനാവാത്തതെന്നാണ്! പണ്ട് ഗ്രഹണമെന്നാൽ സൂര്യനെ വിഴുങ്ങുന്ന പാമ്പായിരുന്നു. അന്ന് ഗ്രഹണത്തെ കുറിച്ചുള്ള അറിവ് ശാസ്ത്രലോകത്തിന് ഇല്ലായിരുന്നു. അപ്പൊ പിന്നെ അറിവിനപ്പുറമുള്ളതൊക്കെ ദൈവീകം മാത്രം. ഇന്നും അത് തുടരുന്നു.(ശാസ്ത്രത്തിനു തെളിയിക്കാനാവാത്ത ഡാർക് എനർജി പോലുള്ളവ ഇന്നത്തെ ദൈവം- കോൺഷ്യസ്നസ്സ് എന്നാണ് ഈ ശാസ്ത്രീയ ദൈവത്തിന്റെ പേര്!!!!) ശാസ്ത്രം വികസിക്കുന്തോറും നമ്മുടെ അജ്ഞ്ഞതയുടെ ചക്രവാളങ്ങളും വികശിക്കുന്നു എന്ന് റിച്ചാർഡ് ഫെയ്മാൻ പറഞ്ഞതോർക്കുക(there is an expanding horizon of ignorance). ഇതിനർഥം ശാസ്ത്രം അജ്ഞത പരത്തുന്നു എന്നല്ല!!!! ഒരു വ്രുത്തം സങ്കൽപ്പിക്കുക. വ്രുത്തത്തിനുള്ളിലുള്ളത് ശാസ്ത്ര ലോകവും പുറമെ ഉള്ളത് അജ്ഞമായ ലോകവുമാണെന്ന് വിചാരിക്കുക. വ്രുത്തം വികസിക്കുന്തോറും അതിന്റെ ചുറ്റളവും(അജ്ഞതയുടെ ചക്രവാളം) വികസിക്കുന്നു! വ്രുത്തത്തേയും അതിന്റെ ചുറ്റുപാടുമുള്ള അജ്ഞ ലോകത്തേയും കൂടി കണക്കിലെടുത്ത് പരിശോധിക്കുകയാണെങ്കിൽ നമുക്ക് മനസിലാക്കാം ശാസ്ത്രം/അജ്ഞാതം കൂടിക്കൊണ്ടിരിക്കുകയാണെന്ന്. എന്നാൽ വ്രുത്തത്തിനുള്ളിലുള്ള നാം ഈ വികസിക്കുന്ന ചക്രവാളം മാത്രമേ കാണൂ. അതിനാൽ തന്നെ മത വാദികൾക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നു! കാരണം അറിവിനപ്പുറമെല്ലാം ദൈവീകമാണല്ലോ. ശാസ്ത്രം പുതു കണ്ടെത്തലുകൾ നടത്തുന്നതിനോടൊപ്പം അജ്ഞേയമായ മേഖലകളിലേക്കുള്ള വാതിൽ തുറക്കലും കൂടിയാണ്. അതിനാൽ ഇന്ന് ഒന്ന് കണ്ടെത്തിയാൽ മതവാദി പറയും “കണ്ടോ ശാസ്ത്രം എത്ര അപൂർണ്ണമാണ്; ഇതിനപ്പുറമെല്ലാം പൂർണ്ണനായ ദൈവചൈതന്ന്യമാണ്” !!! അതിനാൽ തന്നെ ദൈവ ശാസ്ത്ര സംവാദങ്ങൾക്ക് ഒരവസാനമുണ്ടാകുമെന്ന പ്രതീക്ഷ വേണ്ട. എന്നാൽ അപ്പൂട്ടൻ പറയുന്ന “ബി” കൾ കൂടി വരുന്ന കാലമാണിത്. റിസൾട്ട് കിട്ടാൻ വേണ്ടി തേങ്ങയുടക്കുകയും റോക്കറ്റ് വിക്ഷേപണത്തിനു മുന്നെ ഗണപതി പൂജ നടത്തുകയും ചെയ്യുന്ന ടീംസാണിവിടെ....!!പഠിക്കുന്ന ശാസ്ത്രവും കോമൺസെൻസും കൂടി ഇത്തിരിയെങ്കിലും ബന്ധിപ്പിക്കാൻ ഇവർ ഭയക്കുന്നതിന്ന് കാരണവും ഈ മതങ്ങൾ തന്നെ.
അപ്പൂട്ടാ,
പല തിരക്കുകൾ കാരണം ഇന്ന് ആണ് ഇവിടെ എത്തിയത്.
മനോഹരമായ പ്രസന്റേഷൻ, കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാം.
അപ്പൂട്ടന്റെ പോസ്റ്റിനോട് യോജിച്ചുകൊണ്ട് ഒരു ട്രാക്കിടുന്നു.
ഹൊ.... എന്തൊരു ചിന്ത തല കറങ്ങുന്നു....aയുംbയും bയുംaയും അയ്യോ ഞാൻ പോകുന്നേ...........
Sounds like a Tarantino movie...
ഇങ്ങനെ ഒരാൾ തിക്കിത്തിരക്കി ഇവിടെ ഒന്നു വന്നുപോയിട്ടുണ്ട്; ഇനിയും വരും!
Post a Comment