എന്റെ ചിന്തകൾ

Thursday, June 24, 2010

പുരോഗമിക്കാനും "നോ ഒബ്‌ജെക്ഷൻ" സർട്ടിഫിക്കറ്റ്‌ വേണം.

മിസിസ്‌ കേരള സൗന്ദര്യമൽസരം നടക്കുന്നുവത്രെ. എവിടെവെച്ച്‌, എന്നാണ്‌ ഈ മൽസരം എന്നതിനെക്കുറിച്ച്‌ കൃത്യമായ വിവരമൊന്നും സൈറ്റിലില്ല (ഞാൻ കണ്ടില്ല, വേണ്ടവണ്ണം അരിച്ചുപെറുക്കാതിരുന്നതിനാലാവാം).
പക്ഷെ ഇതുകൊണ്ട്‌ എന്താണ്‌ സംഘാടകർ ഉദ്ദേശിക്കുന്നത്‌ എന്ന് അവർ "വളരേ വ്യക്തമായിത്തന്നെ" പറയുന്നുണ്ട്‌.

കൺസെപ്റ്റ്‌ എന്താണെന്ന് വ്യക്തമാക്കുന്ന വാചകം ഇങ്ങിനെ.


The Mrs Kerala Beauty Pageant is a celebration of women, symbolizing transformation of the Malayalee housewife from a meek individual with a conservative mindset to one with an achievement-oriented attitude
 
എത്ര നല്ല, സോറി, ഉദാത്തമായ സങ്കൽപം


സൗന്ദര്യമൽസരം നടത്തിയതുകൊണ്ട്‌ ഒരു സ്ത്രീ ഒതുങ്ങിക്കൂടുന്ന യാഥാസ്ഥിതിക മനസ്ഥിതിയിൽ നിന്നും പുരോഗമനചിന്തയും വിജയതൃഷ്ണയും ഒക്കെ നേടിയെടുക്കുമോ എന്നത്‌ വേറെ വിഷയം. ഒരുപക്ഷെ, അങ്ങിനെ ഒരു പബ്ലിക്‌ ഫോറത്തിൽ പങ്കെടുത്താൽ കുറച്ച്‌ ആത്മവിശ്വാസം ലഭിച്ചേയ്ക്കും എന്ന് കരുതാം.

സൈറ്റിൽ ഒന്ന് പരതിയാൽ കിട്ടുന്ന വേറൊരു ഐറ്റം ഉണ്ട്‌.

നിയമങ്ങൾ "ദേ ദിങ്ങിനെ" (നിയമാവലിയിലെ നാലാമത്തെ ഐറ്റം)
 
4. Each Contestant shall enclose a “No Objection Certificate” from her husband along with the application
 
ഇവിടെ നിയമപ്രശ്നം വല്ലതും ഉള്ളതായി അറിവില്ല. ഭാര്യ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ ഭർത്താവിന്റെ അനുവാദം കൂടിയേ തീരൂ എന്ന് നിയമം എവിടെയും പറയുന്നതായി കണ്ടിട്ടില്ല. സൗന്ദര്യമൽസരത്തിൽ പങ്കെടുത്തു എന്നുപറഞ്ഞ്‌ ഭർത്താവ്‌ സംഘാടകർക്കെതിരെ കേസ്‌ കൊടുക്കും എന്നതല്ല സംഘാടകരുടെ പ്രശ്നം.


പിന്നെ, കുടുംബപ്രശ്നങ്ങൾ ഒഴിവാക്കാനാണോ? പാവം സ്ത്രീ, സൗന്ദര്യമൽസരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഭർത്താവ്‌ മർദ്ദിച്ചാലോ? അപ്പോഴും "പരാതിയില്ല" സർട്ടിഫിക്കറ്റ്‌ എന്ത്‌ ഗുണം ചെയ്യാനാണ്‌? അത്‌ കൊടുത്തുകഴിഞ്ഞും ഭർത്താവിന്‌ അലമ്പുണ്ടാക്കാം.

Very simple....
പുരോഗമനചിന്തയ്ക്കും വിജയതൃഷ്ണയ്ക്കും ഒക്കെ ഭർത്താവിന്റെ സമ്മതം വേണം. എന്നുവെച്ചാൽ അങ്ങിനെ പരാതിയുള്ള ഭർത്താവുണ്ടെങ്കിൽ പഴയ മീക്ക്‌ ഇൻഡിവിഡ്വൽ വിത്ത്‌ കൺസർവേറ്റീവ്‌ മൈൻഡ്‌സെറ്റ്‌ അതേപടി ഇരുന്നോട്ടെ എന്ന്. (മൂരാച്ചികളുടെ ഭാര്യമാർ വരണ്ടാ!!).
ഇനി അഥവാ അൽപസ്വൽപം അച്ചീവ്‌മന്റ്‌ ഓറിയന്റേഷൻ നേരത്തേ ഉള്ള ഭാര്യയാണെങ്കിലും ഭർത്താവ്‌ സമ്മതിച്ചാലേ ഭാര്യയ്ക്ക്‌ അത്‌ പ്രകടിപ്പിക്കാനാവൂ.


പുരോഗമിക്കാനും വേണമേ ഒരു കാലുപിടുത്തം. കൺസർവേറ്റീവ്‌ മൈൻഡ്‌സെറ്റ്‌ ഉള്ളവർ പുരോഗമനപരിപാടി നടത്തിയാൽ ഇതുപോലിരിക്കും.

Outrageous, to say the least


OT: ഇത്‌ പ്രതികരണമായി ലേബൽ ചെയ്യുന്നില്ല. നർമ്മമെന്നോ മറ്റോ വിളിക്കാം. തനി മണ്ടന്മാരുടെ (അല്ലെങ്കിൽ മണ്ടികളുടെ) ചെയ്തികൾ അങ്ങിനെയല്ലേ വിലയിരുത്താവൂ.

കടപ്പാട്‌: കുളത്തിൽ കല്ലിട്ട കുരുത്തം കെട്ടവന്റെ പോസ്റ്റിന്‌. സൈറ്റിലേയ്ക്കുള്ള ലിങ്ക്‌ അവിടെനിന്നാണ്‌ ലഭിച്ചത്‌.
 

Monday, June 14, 2010

യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?

സുശീൽകുമാറിന്റെ ആരെടാ ഈ യുക്തിവാദി എന്ന പോസ്റ്റിൽ ചർച്ചയായി ഉദ്ദേശിച്ചത്‌ പ്രധാനമായും ഇതാണ്‌.


മതവിശ്വാസികളും നല്ലൊരു ശതമാനം കാര്യങ്ങളിലും യുക്തി പ്രയോഗിക്കുന്നവരാണ്‌, പക്ഷെ സ്വന്തം വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ മാത്രം അവർ യുക്തി പ്രയോഗിക്കാൻ വിമുഖത കാണിക്കുന്നു, പലപ്പോഴും യുക്തി അസാധ്യമാണെന്നുവരെ പ്രസ്താവിക്കുന്നു.

ചർച്ച മുന്നേറവെ കാര്യങ്ങൾ ഒന്ന് ഗതിമാറി. ഒരു ചോദ്യത്തിന്‌ മറുചോദ്യം എന്ന മട്ടിൽ ഒരു പ്രസ്താവന കാണാനിടയായി. തുടർന്നുണ്ടായ ചർച്ചാശൃംഖലയിൽ നിന്നും, മറ്റുബ്ലോഗുകളിലായി പലരും എഴുതിയതിൽ നിന്നും, ചോദ്യങ്ങൾ ഈ വിധം സമാഹരിക്കാം.


യുക്തിവാദികൾ എല്ലായിടത്തും യുക്തി പ്രയോഗിക്കുന്നുണ്ടോ? യുക്തിവാദിയുടെ യുക്തിയ്ക്ക്‌ എന്താണ്‌ ആധാരം? സ്വയം അന്വേഷിച്ച്‌ ബോധ്യപ്പെട്ടതിനുശേഷം മാത്രമേ ഒരു യുക്തിവാദി വിശ്വസിക്കൂ എന്നുണ്ടോ? ശാസ്തൃമാണ്‌ ആധാരമെങ്കിൽ ശാസ്ത്രജ്ഞർ പറഞ്ഞതെല്ലാം യുക്തിവാദികൾ സ്വയം അന്വേഷിച്ച്‌ കണ്ടെത്തിയതിനുശേഷമാണോ വിശ്വസിക്കുന്നത്‌? അങ്ങിനെയല്ലെങ്കിൽ ശാസ്ത്രജ്ഞർ പറഞ്ഞത്‌ വിശ്വസിക്കുകയല്ലേ എല്ലാവരും ചെയ്യുന്നത്‌? അപ്പോൾ യുക്തി പ്രയോഗിക്കുന്നുണ്ട്‌ എന്നു പറയുന്നതിൽ എന്തർത്ഥം? യുക്തി എല്ലാത്തിനുമുള്ള ഉത്തരമാണോ?

ഇതിനോടനുബന്ധിച്ച്‌ ചില പ്രസ്താവനകളും കണ്ടിട്ടുണ്ട്‌, ചിലത്‌ പഴയതാണ്‌.

ഒരു ശാസ്ത്രജ്ഞൻ പറഞ്ഞാൽ, അല്ലെങ്കിൽ നേചർ മാസികയിൽ ലേഖനം വന്നാൽ, യുക്തിവാദി വിശ്വസിക്കും, പക്ഷെ നബി പറഞ്ഞത്‌ വിശ്വസിക്കുന്നില്ല. ശാസ്ത്രജ്ഞർ കളവ്‌ പറയില്ല എന്ന വിശ്വാസം പോലെത്തന്നെയല്ലേ നബി കളവ്‌ പറയില്ല എന്ന് വിശ്വസിക്കുന്നതും?

റേഡിയോ, ടിവി, കമ്പ്യൂട്ടർ എന്നീ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്‌ എങ്ങിനെയെന്ന് ഉപയോഗിക്കുന്നവരിൽ ഭൂരിപക്ഷത്തിനും അറിയില്ല. അത്‌ അവരെ സംബന്ധിച്ചിടത്തോളം നിഗൂഢമായ കാര്യങ്ങളാണ്‌, പക്ഷെ കണ്മുന്നിൽ പ്രവർത്തനക്ഷമമായി കാണുന്നവയുമാണ്‌. അതുപോലെത്തന്നെയാണ്‌ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും.

ഈ ചർച്ച സുശീൽ, ചിന്തകൻ, കൽക്കി, ലതീഫ്‌ എന്നിവരുടെ ബ്ലോഗുകളിൽ സംഭവിച്ച കാര്യങ്ങളാണ്‌. അവയിൽ നിന്ന് ചർച്ച ഇങ്ങോട്ട്‌ പറിച്ചുനടുക എന്നതല്ല എന്റെ ലക്ഷ്യം. ഞാൻ എന്തുകൊണ്ട്‌ ഈ വിഷയം എന്റെ ബ്ലോഗിൽ എഴുതുന്നു എന്നത്‌ അവസാനം പറയാം.


---------------------------------------------------------------------------

അനാലജി ഉപയോഗിച്ച്‌ കാര്യങ്ങൾ പറയുക എന്നത്‌, എന്തുകൊണ്ടോ, മനുഷ്യന്റെ ഒരു ദൗർബല്യമാണ്‌. ഞാനും ആ വഴിക്ക്‌ തന്നെ ശ്രമിക്കട്ടെ.

എന്തുവിശ്വസിക്കണം, എന്ത്‌ വിശ്വസിക്കരുത്‌?

ഗാന്ധിജിയുടെ മരണത്തെക്കുറിച്ച്‌ വിദ്യാഭ്യാസമുള്ള എല്ലാ ഇൻഡ്യാക്കാരും (കുറഞ്ഞത്‌ അവരെങ്കിലും) അറിഞ്ഞിട്ടുണ്ടാവും. നാഥുറാം വിനായക്‌ ഗോഡ്സെ എന്ന വ്യക്തിയാണ്‌ അദ്ദേഹത്തെ വധിച്ചത്‌. ഇതിൽ ആർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. എല്ലാവർക്കും ബോധ്യമുണ്ട്‌, അതിനാൽ ഈ വസ്തുതയിൽ വിശ്വാസവുമുണ്ട്‌.

ഏലിയൻ അബ്‌ഡക്ഷൻ (Alien abduction) എന്നത്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഒരു അനുഭവമാണ്‌. മനുഷ്യരല്ലാത്ത ഏതോ ജീവിവർഗ്ഗം ഏതോ അന്യഗ്രഹങ്ങളിലേക്ക്‌ തട്ടിക്കൊണ്ടുപോയി അവിടെവെച്ച്‌ പലതരം പരീക്ഷണങ്ങൾക്കോ പ്രബോധനങ്ങൾക്കോ വിധേയരാക്കി എന്നാണ്‌ ഇതിന്‌ വിധേയരായ പലരുടേയും അനുഭവസാക്ഷ്യം.


ഈ ബ്ലോഗ്‌ വായിക്കുന്ന ആരും തന്നെ ഗാന്ധിജിയെ വധിക്കുന്നത്‌ കണ്ടിട്ടുണ്ടാവില്ല. അത്രയും പ്രായം ഉള്ളവർ ഉണ്ടെന്നാൽപ്പോലും നേരിട്ട്‌, ഗോഡ്‌സെ നിറയൊഴിച്ച സമയത്ത്‌ അവിടെ സന്നിഹിതരായിരുന്നവർ ഉണ്ടാവില്ല എന്ന് ഏറെക്കുറെ ഉറപ്പായിത്തന്നെ എനിക്ക്‌ പറയാൻ കഴിയും. എന്നിട്ടും നമ്മെ സംബന്ധിച്ചിടത്തോളം അത്‌ വസ്തുതയാണ്‌, അസത്യമല്ലാത്തത്‌, വിശ്വസനീയം.

ഏലിയൻ അബ്‌ഡക്ഷന്‌ വിധേയരായി എന്ന് പറയപ്പെടുന്നവർ നിരവധിയാണ്‌, ഇന്നും അത്തരം "അനുഭവസ്ഥർ" ഉണ്ടെന്നാണ്‌ ഞാൻ അറിഞ്ഞിട്ടുള്ളത്‌. നാം അനുഭവിച്ചതല്ല അതൊന്നും, എങ്കിലും അനുഭവസ്ഥർ ഉണ്ട്‌. പക്ഷെ ഇന്നും അത്‌ വിശ്വസനീയമല്ല.


എന്തുകൊണ്ട്‌ ഈ വ്യത്യാസം?


ഗാന്ധിജിയുടെ മരണം പലരും നേരിട്ട്‌ കണ്ടിട്ടുണ്ട്‌. വാർത്തയായി വരുമ്പോൾ അത്‌ സ്ഥിരീകരിക്കാനായി eye-witness account ധാരാളം ശേഖരിച്ചിട്ടുണ്ട്‌. ആ സ്ഥിരീകരണത്തോടെതന്നെ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇന്ന്, ആവശ്യമില്ലെങ്കിൽപ്പോലും ആ വാർത്തകളുടെ പ്രിന്റുകൾ ലഭ്യമായേക്കും.


ഇവിടെ പ്രധാനം സ്ഥിരീകരണത്തിനാണ്‌. വെറുതെ ഒരാൾ പറഞ്ഞുകേട്ട കഥയല്ലിത്‌, ഒന്നിലധികം പേരുടെ അനുഭവസാക്ഷ്യം കൃത്യമായും document ചെയ്യപ്പെട്ടതാണ്‌. വിശദാംശങ്ങളിൽ ചെറിയ അഭിപ്രായവ്യത്യാസം വന്നേയ്ക്കാം, പക്ഷെ പ്രസക്തഭാഗം (ഗോഡ്‌സെ ആണ്‌ നിറയൊഴിച്ചത്‌ എന്നതിൽ) അഭിപ്രായവ്യത്യാസമൊന്നുമില്ല. സംശയത്തിനിടവരാത്ത രീതിയിൽ അറിവുള്ള കാര്യം, അതുകൊണ്ടുതന്നെ, നേരിട്ട്‌ കണ്ടില്ലെങ്കിലും, നാമത്‌ വിശ്വസിക്കുന്നു, അല്ല, നമുക്കത്‌ ബോധ്യമാണ്‌.


ഏലിയൻ അബ്‌ഡക്ഷൻ എന്നത്‌ ഒരു വ്യക്ത്യാനുഭവമാണ്‌. അവിടെ സ്ഥിരീകരണങ്ങളില്ല. അനുഭവസ്ഥൻ എന്ന് അവകാശപ്പെടുന്നയാൾ പറയുന്ന കാര്യം മാത്രമാണത്‌. വിശകലനം ചെയ്യാൻ രണ്ടാമതൊരാൾ ഇല്ല. സ്വാഭാവികമായും നടന്ന കാര്യം തന്നെയാണോ ഇത്‌ എന്ന് ചോദ്യം വരാം, അതുകൊണ്ടുതന്നെ വിശ്വസനീയമല്ല ഒട്ടും. (ഇത്‌ പൊളിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല എന്നത്‌ വേറെ കാര്യം, തൽക്കാലം അതിലേയ്ക്ക്‌ കടക്കുന്നില്ല)


അപ്പോൾ എന്താണ്‌ ഒരു കാര്യം ബോധ്യപ്പെടാനുള്ള ആധാരം? തീർച്ചയായും വിശകലനസാധ്യതയും വിശകലനത്തെ അതിജീവിക്കാനുള്ള ശേഷിയും ആണ്‌ ആവശ്യം, കുറഞ്ഞപക്ഷം ഈ ഉദാഹരണങ്ങളിൽ നിന്നെങ്കിലും അതാണ്‌ ലഭ്യമായ കൺക്ലൂഷൻ.

------------------------------
ഇനി ശാസ്ത്രത്തിലേയ്ക്ക്‌ വരാം. (ഒരു കുറിപ്പ്‌ :- മലയാളത്തിൽ സമാനമായ പ്രയോഗങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ എന്റെ പദസഞ്ചയം അത്ര ഗംഭീരമല്ലാത്തതിനാൽ ഇംഗ്ലീഷ്‌ പദങ്ങൾ തന്നെ ഉപയോഗിക്കേണ്ടിവരുന്നു, സദയം ക്ഷമിക്കുക)



ശാസ്ത്രം ഒരു പ്രൊപ്പോസൽ, അത്‌ തിയറിയോ കണ്ടുപിടുത്തമോ പരീക്ഷണഫലമോ എന്തോ ആകട്ടെ, അംഗീകരിക്കുന്നതിന്‌ ഒരുപാട്‌ കടമ്പകൾ ഉണ്ട്‌.

  • ആദ്യമേ തന്നെ ഈ പ്രൊപ്പോസലിന്റെ ഫലം consistent ആയിരിക്കണം, അഥവാ എന്തെങ്കിലും വ്യതിയാനങ്ങൾ ഉണ്ടെങ്കിൽ അതിന്‌ ഹേതുവായ പരാമീറ്ററുകൾ തൃപ്തികരമാംവിധം നിർവ്വചിക്കപ്പെട്ടിരിക്കണം.
  • പ്രൊപ്പോസൽ verifiable ആയിരിക്കണം. നിഷ്പക്ഷരായ വിദഗ്ദ്ധർക്ക്‌ വിശകലനം ചെയ്യാനും സ്വതന്ത്രമായി നിർവ്വഹിക്കാനും സാധിക്കുന്നവയായിരിക്കണം.
  • അധാരമായി മുന്നറിവുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അംഗീകൃതമായ ശാസ്ത്രവസ്തുതകൾ ഉപയോഗിക്കണം. ഭൂമി പരന്നാതാണെങ്കിൽ എന്ന രീതിയിലുള്ള നിഗമനങ്ങൾ അംഗീകരിക്കാനാവില്ലല്ലൊ.
  • കൃത്യമായ ഫലമല്ല ഉള്ളതെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്‌ അംഗീകരിച്ചിട്ടുള്ള analytical tools മാത്രമെ ഉപയോഗിക്കാനാവൂ.
  • നിലവിലുള്ള ഏതെങ്കിലും അംഗീകൃത തിയറിയ്ക്ക്‌/വസ്തുതയ്ക്ക്‌ ബദലായാണ്‌ പുതിയത്‌ വരുന്നതെങ്കിൽ പഴയതിനേക്കാൾ വിശദമായതോ കൃത്യതയുള്ളതോ cost effective ആയതോ ആയിരിക്കണം പുതിയത്‌.

ഇത്‌ ഒരു എക്സ്ക്ലൂസീവ്‌ ലിസ്റ്റ്‌ ആണെന്ന് അവകാശപ്പെടുന്നില്ല, ശാസ്ത്രത്തിൽ കൂടുതൽ അറിവുള്ളവർക്ക്‌ തിരുത്താം.


ഇത്രയും പറഞ്ഞത്‌ ജനറൽ പ്രിൻസിപ്പിൾ ആണ്‌. ശാസ്ത്രത്തിൽ വിശ്വാസം വരുന്നതും ഈയൊരു പ്രോസസിലൂടെയാണ്‌. "പിശകുകളില്ലേ എന്ന് സംശയം" എന്നത്‌ ശാസ്ത്രം അതേപടി അംഗീകരിച്ചിരുന്നുവെങ്കിൽ നമുക്ക്‌ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. രാമർ പെട്രോൾ സത്യമാണെന്നും നാം പറഞ്ഞുകൊണ്ടേയിരുന്നേനെ.

ഒരു യുക്തിവാദി (ദൈവവിശ്വാസമില്ലാത്തയാൾക്കാരെ മാത്രമല്ല ഉദ്ദേശിക്കുന്നത്‌, സ്വന്തം നിരീക്ഷണം സ്വതന്ത്രമായി നിർവ്വഹിക്കാൻ സന്നദ്ധരായ ആരും -ആ സമയത്തേക്കെങ്കിലും- യുക്തിവാദിയാണ്‌) എല്ലാ കാര്യവും സ്വതന്ത്രമായി അന്വേഷിച്ചാണോ കണ്ടെത്തുന്നത്‌, അതോ ശാസ്ത്രം പറയുന്നത്‌ അതേപടി വിഴുങ്ങുകയാണോ?

വീണ്ടും ഒരു അനാലജി...


ഭൂമി ഉരുണ്ടതാണെന്ന് ഇന്ന് അനിഷേധ്യമായൊരു വസ്തുതയാണ്‌.

ആരെങ്കിലും കണ്ടിട്ടുണ്ടോ ഭൂമി ഉരുണ്ടതാണെന്ന്? ഒരുപക്ഷെ, മനുഷ്യൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച്‌ അവയിൽ നിന്നും ഫോട്ടോ എടുക്കുന്നതുവരെ ആർക്കും കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല ഭൂമി ഉരുണ്ടതാണെന്ന്. ഇനി അഥവാ നാം ഒരു ചിത്രം കണ്ടാൽ തന്നെ ആർക്കറിയാം അത്‌ ഭൂമിയുടെ പടം തന്നെയാണോ എന്ന് (അങ്ങിനേയും ചോദിക്കാമല്ലൊ). (ഒരു ഉപഗ്രഹം ഞാൻ നേരിട്ട്‌ കണ്ടിട്ടില്ല) ഉപഗ്രഹങ്ങൾ ഉള്ള സാധനം തന്നെയാണോ, ഇതൊക്കെ ആകാശത്തേയ്ക്ക്‌ തന്നെയാണോ പോകുന്നത്‌, അവിടെ ചെന്ന് ഭൂമിയുടെ പടം തന്നെയാണോ എടുക്കുന്നത്‌, അതു തന്നെയാണോ നമുക്ക്‌ ലഭ്യമാകുന്നത്‌? അവിശ്വസിക്കുകയാണെങ്കിൽ ചോദ്യങ്ങൾ നീളാം.

പക്ഷെ അവസാനം ചോദിച്ച ചോദ്യങ്ങൾക്ക്‌ യെസ്‌ ആണ്‌ ഉത്തരമെങ്കിൽ നമുക്ക്‌ irrefutable ഉത്തരമായി, നേരിട്ട്‌ കണ്ടിട്ടില്ലെങ്കിലും അനുഭവിച്ചിട്ടില്ലെങ്കിലും.

വസ്തുത ഇതാണ്‌. എവിടെയെങ്കിലും ചെന്ന് നമ്മുടെ മുന്നറിവുകളുടെ വ്യക്തിപരമായ അന്വേഷണം മുട്ടും. ആ സമയത്ത്‌ നിഷേധിക്കാനാവാത്ത കാര്യം എന്ന നിലയിൽ ആ സോഴ്സ്‌ അംഗീകരിച്ചേ മതിയാവൂ.

In a very broad sense, is this blind belief? And what if you are adamant about verifying everything, yes everything, that science has given you
ഇതെല്ലാം സ്വയം വിശകലനം ചെയ്യാൻ സാധിക്കുമോ?

ആയിരക്കണക്കിന്‌ വർഷങ്ങളിലെ നിരന്തരമായ അന്വേഷണവും ആ അന്വേഷണങ്ങളിലൂടെ പരിണമിച്ച അറിവുമാണ്‌ നാം ഇന്ന് നേടിയിരിക്കുന്നത്‌. ഓരോ അറിവും ഫൈനൽ അല്ല, അടുത്ത അറിവിന്റെ ആധാരമാണ്‌. ഇത്രയും അറിവ്‌ സ്വയം വിലയിരുത്താൻ ഒരുപക്ഷെ ചക്രം മുതൽ തുടങ്ങേണ്ടിവരും (Reinventing the wheel എന്നു പറയാറില്ലെ, അതുതന്നെ). ഒരു മനുഷ്യായുസ്സ്‌ പോരാ ഇതൊക്കെ സ്വതന്ത്രമായി വെരിഫൈ ചെയ്യാൻ.

നിരവധി ശാസ്ത്രശാഖകളുമുണ്ട്‌ നമുക്ക്‌. എല്ലാത്തിലും ഒരേപോലെ വിശാരദനാവാൻ സാധിക്കില്ലല്ലൊ. ജിയോളജി പഠിച്ച ഒരാൾ ഡോക്ടർ കുറിച്ചുകൊടുക്കുന്ന മരുന്ന് ഉപയോഗിക്കുകയല്ലാതെ അതേക്കുറിച്ച്‌ സ്വയം പരീക്ഷിച്ച്‌ ബോധ്യപ്പെടാൻ നിന്നാൽ കാര്യം കുഴയും.


അതിനാണ്‌ ശാസ്ത്രം തന്നെ ഒരു കാര്യം അംഗീകരിക്കുന്നതിനു മുൻപ്‌ കടമ്പകൾ വെയ്ക്കുന്നത്‌. ഒരിക്കൽ ഈ കടമ്പകൾ കടക്കുന്ന പ്രൊപ്പോസൽ ശാസ്ത്രാംഗീകാരമുള്ള വസ്തുതയാകുന്നത്‌ അങ്ങിനെയാണ്‌. അങ്ങിനെ, അന്നന്നത്തെ അറിവിൽ, അനിഷേധ്യമായ വസ്തുതയായിക്കഴിഞ്ഞാൽ അത്‌ അംഗീകരിക്കുന്നതിനും വിശ്വസിക്കുന്നതിനും പ്രശ്നമില്ല. ആവശ്യത്തിന്‌ പഠനം നടത്തി അതാത്‌ മേഖലയിലെ വിദഗ്ദ്ധർ അംഗീകരിച്ച്‌ കൃത്യമായി പരീക്ഷണവഴികൾ ഡോക്യുമന്റ്‌ ചെയ്തുവെയ്ക്കുന്നതിലൂടെ ഇത്‌ repeatable ആകുന്നു, താൽപര്യമുള്ളവർക്ക്‌ അത്‌ പുനർവിശകലനം ചെയ്യാം, പുതുക്കാം (കടമ്പകൾ തൃപ്തികരമായി കടന്നാൽ).

ഇനി, കൽക്കി പറഞ്ഞ റേഡിയോ കമ്പ്യൂട്ടർ ഉപമയിലേയ്ക്ക്‌.


ശരിയാണ്‌, റേഡിയോ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് ഉപയോഗിക്കുന്ന പലർക്കും അറിയില്ല. അതിൽ ട്രാൻസിസ്റ്റർ ആണോ അതോ വാൽവ്‌ ആണോ ഉപയോഗിച്ചിരിക്കുന്നതെന്ന് ചോദിച്ചാൽ പലരും വായ പൊളിച്ചുപോകും.

പക്ഷെ, അവർക്ക്‌ അതറിയേണ്ട ആവശ്യമില്ല, ഇക്കാര്യങ്ങളൊന്നും നിഗൂഢങ്ങളുമല്ല. വേണമെങ്കിൽ അറിയാൻ സാധിക്കുകയും ചെയ്യും. ഇത്രയൊന്നും അറിയാതെ സ്വയം റേഡിയോ ഉണ്ടാക്കിയവർ ധാരാളമുണ്ട്‌. ഒരു സാദാ റേഡിയോ മെക്കാനിക്കിന്‌ ട്രാൻസിസ്റ്റർ എങ്ങിനെ പ്രവർത്തിക്കുന്നു എന്നറിയേണ്ട ആവശ്യമില്ല, പക്ഷെ അറിയണമെന്നുണ്ടെങ്കിൽ സാധ്യമാണുതാനും, കാരണം അത്‌ well documented ആണ്‌.


----------------------------


വിശ്വാസങ്ങളുടെ കാര്യത്തിൽ ഈ സമീപനം സാധ്യമാണോ? സ്വർഗ്ഗവും നരകവും ഉള്ളതാണെന്ന് മുഹമ്മദ്‌ (അദ്ദേഹം പോലും കണ്ടിട്ടില്ല) പറഞ്ഞതല്ലാതെ വേറെയെന്തെങ്കിലും തെളിവുണ്ടോ? പ്രാർത്ഥിച്ചാൽ രോഗം മാറുമെന്ന്, അല്ലെങ്കിൽ പരീക്ഷയിൽ ജയിക്കുമെന്ന് തെളിയിക്കാൻ സ്റ്റാറ്റിസ്റ്റിക്സ്‌ എന്തെങ്കിലുമുണ്ടോ? കൃസ്തു വെള്ളത്തിനുമുകളിലൂടെ നടന്നതും ഹനുമാൻ ലങ്കയിലേയ്ക്ക്‌ ചാടിയതും അതാത്‌ വിശ്വാസപരമായ ഗ്രന്ഥങ്ങളിലല്ലാതെ വേറെയെവിടെയെങ്കിലും പറയുന്നുണ്ടോ, (അനുയായികളല്ലാതെ നിഷ്പക്ഷരായ) ആരെങ്കിലും ടെസ്റ്റിഫൈ ചെയ്തിട്ടുണ്ടോ?

ഇനി ഒരു കാര്യം കൂടി പറഞ്ഞിട്ട്‌ നിർത്തട്ടെ.


ഏതെങ്കിലും അറിവ്‌ ആധാരമാക്കേണ്ടിവരും നമുക്ക്‌ ഏതെങ്കിലും കാര്യം വെരിഫൈ ചെയ്യാൻ.

അപ്പോഴും ഇതേ ചോദ്യം ചോദിക്കാം, വിശ്വാസമല്ലേ അത്‌? ഏവർക്കും തുടക്കം മുതൽക്ക്‌ വിശകലനം ചെയ്യാൻ സാധിക്കില്ലെങ്കിൽ പിന്നെന്താണ്‌ യുക്തിയെന്നു പറയുന്നതിന്റെ ആധാരം?

ചിന്തകനും ലതീഫും അവരുടെ ബ്ലോഗുകളിൽ കമന്റിട്ട സുഹൃത്തുക്കളും ഈയൊരു ചോദ്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നു.

ഈ വിഷയത്തിൽ ഒരു കമന്റിന്റെ പരിധിയിൽ നിന്നുകൊണ്ട്‌ പറയാവുന്ന രീതിയിൽ ഞാൻ അവതരിപ്പിച്ചു എന്നാണ്‌ ഞാൻ വിലയിരുത്തുന്നത്‌. പക്ഷെ ചോദ്യം മാറിയില്ല, സ്വയം പരീക്ഷിക്കാൻ സാധിക്കില്ലെങ്കിൽ നിങ്ങൾ വിശ്വസിക്കുകയല്ലേ ചെയ്യുന്നത്‌ എന്ന ചോദ്യം തന്നെ വീണ്ടും വരുന്നു. ആ ഒരു സ്റ്റേജിൽ ചർച്ചയിൽ നിന്നും പിൻവാങ്ങുന്നതാണ്‌ നല്ലതെന്ന് എനിക്ക്‌ ബോധ്യമായി. ഒന്നുകിൽ ഞാൻ പറയാനുദ്ദേശിച്ച കാര്യം അവർക്ക്‌ ബോധ്യപ്പെട്ടിട്ടില്ല, അല്ലെങ്കിൽ അവർക്കത്‌ അംഗീകരിക്കാനായിട്ടില്ല. രണ്ടായാലും കൂടുതൽ സമയം കളയുന്നതിൽ കാര്യമില്ലല്ലൊ.

കമന്റിൽ ഒതുക്കേണ്ട എന്നു കരുതിത്തന്നെയാണ്‌ ഞാൻ എന്റെ ചിന്തകൾ എന്റെ ബ്ലോഗിൽ പോസ്റ്റായി ഇട്ടത്‌. ഇതൊരു ചർച്ചയാക്കിക്കളയാം എന്ന ചിന്തയാലല്ല, മറിച്ച്‌ എനിക്ക്‌ പറയനുള്ള കാര്യങ്ങൾ എന്റെ ബ്ലോഗിൽ ഇടാം എന്നു കരുതി മാത്രമാണ്‌ ഞാനിവിടെ പോസ്റ്റാക്കിയത്‌.

ചിന്തകനും ലതീഫും മറ്റു സുഹൃത്തുക്കളും ക്ഷമിക്കൂ. നിങ്ങളുടെ ബ്ലോഗിൽ ഒരേ കാര്യം പലരീതിയിൽ അവതരിപ്പിക്കാനായി കമന്റിട്ട്‌ (എന്റെയും നിങ്ങളുടേയും)സമയം കളയാൻ താൽപര്യമില്ല.