എന്റെ ചിന്തകൾ

Wednesday, November 11, 2009

വിധി..... അഥവാ ദൈവേച്ഛ

ലതീഫിന്റെ ബ്ലോഗിൽ ദൈവേച്ഛയും മനുഷ്യന്റെ പ്രവർത്തനങ്ങളും എന്ന പേരിൽ ഒരു പോസ്റ്റ്‌ വായിച്ച്‌ അതിൽ കമന്റിടുവാൻ ഇടയായി. വിധിയെ കുറിച്ച്‌ ഒരു പോസ്റ്റ്‌ ഇടണമെന്ന് കുറച്ചുകാലമായി ചിന്തിക്കുന്നു, ഇപ്പോൾ ഏതായാലും അവിടെ പറഞ്ഞതും വിധി എന്ന സങ്കൽപത്തെക്കുറിച്ച്‌ എന്റെ ചിന്തകളും എല്ലാം ചേർത്ത്‌ ഒരു പോസ്റ്റ്‌ ആക്കിയിടാൻ തീരുമാനിച്ചു.

എന്റെ ജീവിതത്തിലെ ഒരു സംഭവത്തോടെ തുടങ്ങട്ടെ.

ഇത്‌ 2001-ലെ കാര്യമാണ്‌. ഞാനന്ന് ബാംഗ്ലൂരിൽ ജോലിയെടുക്കുന്ന കാലം. വിവാഹം കഴിഞ്ഞ്‌ നാലാഴ്ച കഴിഞ്ഞു. എന്റെ ഭാര്യയുടെ ചില ബന്ധുക്കൾ തങ്ങളുടെ ആദ്യസന്ദർശനത്തിനായി വരുന്നു. അതിരാവിലെ ഞാൻ എന്റെ ഒരു കസിനോടൊപ്പം രണ്ടു ബൈക്കുകളിലായി അവരെ പിക്‌ ചെയ്യാൻ മഡിവാളയിലേക്ക്‌ യാത്ര ചെയ്യുകയായിരുന്നു.
പോകുന്ന വഴിക്ക്‌ ഒരു Y ആകൃതിയിൽ റോഡ്‌ രൂപപ്പെടുന്ന ഇടമുണ്ട്‌ (ബാംഗ്ലൂരുകാർക്ക്‌ കോറമംഗലയിലെ കൃപാനിധി കോളേജ്‌ ജങ്ങ്ഷൻ അറിയുമായിരിക്കും). അതിന്റെ വാൽഭാഗത്തുനിന്നാണ്‌ എന്റെ യാത്ര. എതിരെ Y-ടെ വലതുഭാഗത്തുനിന്നും (എന്റെ വലതുഭാഗം, എതിരെ വരുന്നയാൾക്ക്‌ ഇടതുഭാഗത്തുള്ള റോഡ്‌) ഒരു ലോറി (അതന്നെ.... പാണ്ടിലോറി) വരുന്നു. ഞാൻ കാണുമ്പോൾ അയാൾ വലത്തോട്ട്‌ തിരിക്കുകയാണ്‌, അതായത്‌ Y-ടെ മറ്റേ വാലിലേയ്ക്ക്‌ പോകാൻ തീരുമാനിക്കുകയാണ്‌. സ്വാഭാവികമായും എന്റെ യാത്രയിൽ ഞാൻ വലത്തോട്ടൊന്ന് തിരിക്കണം, എന്നാൽ എനിക്ക്‌ അയാളുടെ ഇടത്തുഭാഗത്തുകൂടി യാത്ര ചെയ്യാൻ സാധിക്കും. ഞാൻ അപ്രകാരം തന്നെ ചെയ്തു.

ലോറിയുടെ ഡ്രൈവർക്ക്‌, എന്തുകൊണ്ടോ, ഒരു മനംമാറ്റം. വലത്തോട്ട്‌ തിരിച്ച വണ്ടി അയാൾ വീണ്ടും ഇടത്തോട്ട്‌ തിരിച്ച്‌ യാത്ര നേരെയാക്കി, അതും സ്പീഡിൽ അധികമൊന്നും കുറവുവരുത്താതെ.
ഫലം..... ആക്സിഡന്റ്‌. ഞാൻ കാലൊടിഞ്ഞ്‌ അഞ്ചാഴ്ച കിടപ്പിൽ.

ഈ അഞ്ചാഴ്ചയ്ക്കിടയിൽ ഞാൻ ധാരാളം കേട്ട ചില പദങ്ങളുണ്ട്‌.
കഷ്ടകാലം (കിടപ്പായില്ലേ), ഭാഗ്യം (തട്ടിപ്പോയില്ലല്ലൊ, ലോറിക്കടിയിലേക്കല്ലേ ഓടിക്കയറിയത്‌), വിധി (തലയിലെഴുതിയതല്ലേ നടക്കൂ)...വണ്ടിയുടെ നിർഭാഗ്യം എന്ന് പറഞ്ഞവരുമുണ്ട്‌ (ചരിത്രം അത്തരത്തിലാണ്‌)

ഇത്‌ വിധിയാണോ? ഈ ആക്സിഡന്റ്‌ എന്റെ തലയിൽ (അല്ലെങ്കിൽ ദൈവമോ മലക്കോ ചിത്രഗുപ്തനോ സൂക്ഷിക്കുന്ന എന്റെ വിധിപുസ്തകത്തിൽ) എഴുതിവെയ്ക്കപ്പെട്ടിട്ടുള്ളതാണോഎന്റെ ജീവിതത്തിൽ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും സെക്കന്റ്‌ വിടാതെ എഴുതിവെച്ചിരിക്കും എന്റെ വിധിയിൽ എന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്‌. സർവ്വേശ്വരൻ കാലാതീതമായി കാര്യങ്ങൾ അറിയുന്നവനാണെന്നും എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും എന്ന് ദൈവത്തിനറിയാം എന്നുമാണ്‌ പലരും പറയുന്നത്‌.

എന്നുവെച്ചാൽ ഞാൻ അപകടത്തിൽ പെടും എന്നതും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്‌. എന്നെ ഇടിക്കും എന്നത്‌ ആ ഡ്രൈവറുടെ വിധിയിൽ എഴുതപ്പെട്ടതാണ്‌.

കാര്യം സിമ്പിൾ... ഞങ്ങളുടെ രണ്ടുപേരുടേയുമായി വിധിയിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു.

  1. ഡ്രൈവർക്ക്‌ വലത്തോട്ട്‌ തിരിക്കാൻ തോന്നുന്നു.
  2. അയാൾ തിരിക്കുന്നു, അത്‌ ഞാൻ കാണുന്നു.
  3. എനിക്ക്‌ എന്റെ വലത്തോട്ട്‌ തിരിക്കാൻ തോന്നുന്നു.
  4. ഡ്രൈവർക്ക്‌ മനസ്‌ മാറാൻ തോന്നുന്നു, അയാൾ തന്റെ ഗതി മാറ്റുന്നു.
  5. പക്ഷെ അയാൾക്ക്‌ സ്പീഡ്‌ കുറയ്ക്കാൻ തോന്നുന്നില്ല
  6. എനിക്ക്‌ എന്റെ ദിശ മാറ്റാൻ തോന്നുന്നില്ല.

ഇത്രയും കാര്യങ്ങൾ ഒന്നിച്ച്‌ വന്നാലേ എന്റെയും ആ ഡ്രൈവറുടേയും വിധിയനുസരിച്ച്‌ കാര്യങ്ങൾ നടക്കൂ. ഒരെണ്ണം മാറിയാൽ എന്റെയും ആ ഡ്രൈവറുടേയും വിധി മറ്റൊന്നായിരിക്കും.

എന്നുവെച്ചാൽ ഞാൻ എപ്പോൾ, എന്ത്‌ ചിന്തിക്കും എന്നും എന്റെ വിധിയിൽ ഉണ്ടായിരിക്കും. എല്ലാവരുടേയും കഥ ഇതുതന്നെ.

അപ്പോൾ നേരത്തെ എഴുതിവെയ്ക്കപ്പെടുന്ന നാടകം ആടുന്ന നൂലറ്റത്തെ പാവകളാണോ മനുഷ്യൻ? ഇത്തരം നാടകമാടാൻ മാത്രമായാണോ ഇക്കണ്ട ആയിരം ബില്യണിലധികം മനുഷ്യർ (ഇതുവരെ ജീവിച്ച മനുഷ്യർ, കണക്ക്‌ തെറ്റാണെന്നറിയാം, എളുപ്പത്തിന്‌ ഇട്ടെന്നേയുള്ളു) ഇവിടെ ജീവിച്ചത്‌, തൊണ്ണൂറു ശതമാനത്തിനും ചരിത്രത്തിൽ പ്രസക്തിയില്ലാതെ.

ഈ നാടകം വേറൊരു രീതിയിൽ കണ്ടുനോക്കിയാലൊ.

സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച്‌ കാര്യങ്ങൾ നേടിയെടുത്തവരെ ചരിത്രത്തിൽ നാം ധാരാളം കണ്ടിട്ടുണ്ട്‌. കപിൽദേവ്‌, യേശുദാസ്‌, അംബേദ്കർ, ചാപ്ലിൻ തുടങ്ങിയവർ ആരംഭകാലത്ത്‌ അവഗണന സഹിച്ചും സ്വപ്രയത്നത്താൽ ഉയർന്നുവന്നവരാണ്‌. അബ്രഹാം ലിങ്കൺ ഒരു self-made man ആയാണ്‌ നാം അറിയുന്നത്‌. എഡിസനും ഐൻസ്റ്റീനും ശാരീരികവൈകല്യങ്ങളെ വകവെയ്ക്കാതെ പരിശ്രമിച്ചവരാണ്‌.
നാമറിയുന്ന കേവലവിധിവിശ്വാസത്തെ ചോദ്യം ചെയ്യുന്നവയാണ്‌ ഇത്തരം അറിവുകൾ. എഴുതിവെയ്ക്കപ്പെട്ട സ്വന്തം വിധി (അങ്ങിനെയൊന്നുണ്ടെങ്കിൽ) സ്വയം തിരുത്തിയെഴുതുവാനുള്ള കഴിവ്‌ മനുഷ്യനുണ്ടെന്ന്‌ ഇത്തരം വ്യക്തികൾ നമ്മെ പഠിപ്പിക്കുന്നു. സ്വന്തം ഇച്ഛ പരിശ്രമത്തിലൂടെ നേടിയെടുത്തവരാണിവർ.

ഇതിൽ യേശുദാസിന്റെ കാര്യം എടുക്കാം.
സംഗീതാഭിനിവേശവുമായി ജീവിക്കുന്ന അദ്ദേഹത്തിന്റെ ആരംഭകാലത്ത്‌ സംഗീതപഠനം എന്ന മോഹത്തെ പുച്ഛിച്ചുതള്ളിയവരുണ്ട്‌, ആകാശവാണി അദ്ദേഹത്തിന്റെ ശബ്ദം റിജക്റ്റ്‌ ചെയ്തിട്ടുണ്ട്‌. അത്തരം സംഭവങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെ തളർത്തിയില്ല, മറിച്ച്‌ കൂടുതൽ ആവേശത്തോടെ അദ്ദേഹം മറ്റുവഴികൾ അന്വേഷിക്കുകയാണുണ്ടായത്‌, സംഗീതപഠനവും ആലാപനവും തുടരുകയാണുണ്ടായത്‌. ശേഷം ചരിത്രമാണ്‌.
ഇവിടെ വിധി എങ്ങിനെയാണ്‌ യേശുദാസിന്റെ ജീവിതത്തിൽ?

രണ്ടു വ്യാഖ്യാനങ്ങൾ കേട്ടിട്ടുണ്ട്‌.
ഒന്ന്‌ - യേശുദാസ്‌ അവഗണനകളിൽ തളരാതെ പ്രയത്നിച്ചു. ആ പ്രയത്നത്തിൽ സന്തുഷ്ടനായി ദൈവം അദ്ദേഹത്തിന്റെ വിധി നാം ഇന്നുകാണുന്ന തരത്തിലാക്കി.
രണ്ട്‌ - യേശുദാസ്‌ അവഗണനകളെ എതിർത്തുതോൽപ്പിക്കും എന്നതും ദൈവനിശ്ചയമാണ്‌. അതും അദ്ദേഹത്തിന്റെ വിധിയിൽ പെടും.

ആദ്യത്തെ കേസിൽ വിധി തിരുത്തിയെഴുതപ്പെടാനുള്ള സാധ്യതയുണ്ട്‌. എന്നുവെച്ചാൽ വിധി മാറ്റമില്ലാത്തവിധം എഴുതപ്പെട്ട ഒന്നല്ലെന്നർത്ഥം. നമ്മുടെ ശ്രമമനുസരിച്ചുള്ള ഫലം നമുക്കു ലഭിക്കുന്നു. നീതി നടപ്പിലാക്കപ്പെടുന്നു. പക്ഷെ ഇവിടെ സർവ്വജ്ഞനായ ദൈവത്തിന്റെ കാലാതീതമായ അറിവ്‌ എന്ന സങ്കൽപം തെറ്റും. യേശുദാസ്‌ ഇച്ഛിക്കുമോ ഇല്ലയോ എന്നത്‌ അറിഞ്ഞതിനുശേഷമല്ലേ ദൈവം തീരുമാനമെടുക്കുന്നുള്ളു.
രണ്ടാമത്തേത്‌ ആപൽക്കരമായ ഒരു വിശ്വാസമായാണ്‌ എനിക്ക്‌ തോന്നുന്നത്‌. നേരത്തെ പറഞ്ഞ നൂൽപ്പാവയുടെ അവസ്ഥ. എന്റെ മാനസികാവസ്ഥ, ശുഭാപ്തിവിശ്വാസം എന്നിവയൊക്കെ എപ്പോൾ വരുമെന്നുവരെ എഴുതിവെക്കപ്പെട്ടിട്ടുണ്ടെങ്കിൽ നല്ലൊരു അവസ്ഥ വരുന്നതുവരെ കാത്തിരിക്കാനും ഞാൻ തയ്യാറായേയ്ക്കും. ഫലം.... ഞാൻ പറയേണ്ടതില്ലല്ലൊ.

നൂൽപ്പാവയാവാൻ ആർക്കും താൽപര്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ പ്രയത്നം കൊണ്ടുമാത്രം കാര്യമുണ്ടൊ?

ഇതിനു സമാനമായ ഒരു ഉദാഹരണം കൂടി നോക്കാം
അതിയായ ഇച്ഛാശക്തി ഉണ്ടായിട്ടും ഫലപ്രാപ്തി നേടാനാവാതെ പോയ എത്രയോ പേരെ നാം കണ്ടിട്ടുണ്ട്‌. ഇന്ത്യയ്ക്കു വേണ്ടി കളിക്കുക എന്ന അഭിലാഷവുമായി ക്രിക്കറ്റ്‌ കളിയിൽ പരിപൂർണസമർപ്പണം ചെയ്തവരുണ്ട്‌, പക്ഷെ എത്തിയവർ വളരെ കുറവ്‌. ആഭ്യന്തരക്രിക്കറ്റിൽ ഏറ്റവുമധികം വിക്കെറ്റെടുത്തിട്ടുള്ള രജീന്ദർ ഗോയൽ എന്ന ബൗളർ രാജ്യാന്തരക്രിക്കറ്റ്‌ കളിച്ചിട്ടേയില്ല, കാരണം അദ്ദേഹം കളിച്ചത്‌ ബേഡി/ചന്ദ്ര/പ്രസന്ന/വെങ്കട്ട്‌ എന്നിവർ കളിച്ചിരുന്ന അതേ കാലയളവിലാണ്‌.

അപ്പോൾ ഇച്ഛാശക്തി മാത്രം പോരാ.
അപ്പോൾ വിധി എന്നത്‌ ഒന്നുകൂടി ചികഞ്ഞുനോക്കേണ്ടിവരും. വീണ്ടും ദൈവനിശ്ചയം എന്നത്‌ പുറത്തേയ്ക്കെടുക്കേണ്ടിവരും. അന്തുമതീരുമാനം ദൈവേച്ഛയനുസരിച്ചാണ്‌ എന്നാണ്‌ ഇക്കാര്യത്തിൽ അഭിപ്രായം കാണാറ്‌.

നാം ഇച്ഛിച്ചാൽ മാത്രം പോരാ, ദൈവം കൂടി ഇച്ഛിക്കണമെന്ന് സാരം.
അപ്പോൾ ഇവിടെ രണ്ട്‌ കാര്യങ്ങളുണ്ട്‌, മനുഷ്യന്റെ ഇച്ഛയും ദൈവത്തിന്റെ ഇച്ഛയും.

ഇവയുടെ കോമ്പിനേഷൻ ഒന്ന് നോക്കാം.

  1. മനുഷ്യൻ ഇച്ഛിക്കുന്നില്ല, ദൈവവും ഇച്ഛിക്കുന്നില്ല.
    ഇവിടെ ഞാൻ ആഗ്രഹിക്കാത്തത്‌ എനിക്കു കിട്ടുന്നില്ല, പരാതിയുമില്ല.
  2. മനുഷ്യൻ ഇച്ഛിക്കുന്നില്ല, പക്ഷെ ദൈവം ഇച്ഛിക്കുന്നു, അതായത്‌ മനുഷ്യൻ ഇച്ഛിക്കാത്ത ഒരു കാര്യം (ഭാഗ്യം) ദൈവം അവന്‌ കൊടുക്കുന്നു.
    നല്ലകാര്യമാണെങ്കിൽ അസുലഭഭാഗ്യം എന്നൊക്കെ പറയാം. പക്ഷെ അർഹിക്കാത്തത്‌ കിട്ടുമ്പോൾ ചിലപ്പോൾ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലെയാവും.
    നമുക്ക്‌ ദോഷകരമായൊരു കാര്യമാണെങ്കിലോ. ആക്സിഡന്റ്‌ പോലൊരു കാര്യം ആരും ഇച്ഛിക്കാറില്ലല്ലൊ. ഇതും നിനച്ചിരിക്കാതെ വരുന്ന ഒന്നുതന്നെ. സഹിക്കുക, അത്രയേ വഴിയുള്ളു.
  3. മനുഷ്യൻ ഇച്ഛിക്കുന്നു, ദൈവം ഇച്ഛിക്കുന്നില്ല.
    ഭാഗ്യം കെട്ട ജന്മം.പണ്ട്‌ കാരണവന്മാർ പറഞ്ഞതുപോലെ "യോഗല്ല്യ കുട്ടിക്ക്‌". വീണ്ടും സഹിക്ക്യന്നെ.
  4. മനുഷ്യൻ ഇച്ഛിക്കുന്നു, ദൈവവും ഇച്ഛിക്കുന്നു.

ഇവിടെ ദൈവം എന്തെല്ലാം നിയന്ത്രിക്കുന്നുണ്ട്‌ എന്നതാണ്‌ പ്രധാനപ്രശ്നം. ഈ പോസ്റ്റിൽ കൂടുതൽ പറയാനാഗ്രഹിക്കുന്നതും ഇതിലേയ്ക്ക്‌ തന്നെ.
നേരത്തെ കണ്ടതുപോലെ സ്വന്തം ഇച്ഛയെ അല്ലെങ്കിൽ ജീവിതാഭിലാഷത്തെ ആവേശപൂർവ്വം പിന്തുടർന്ന് ലക്ഷ്യത്തിലെത്തിയവർ ധാരാളമുണ്ട്‌, അതിൽ പരാജയപ്പെട്ടവരുമുണ്ട്‌.
ഇവിടെ ദൈവം നേരത്തെ നിശ്ചയിച്ചാലും കണ്ടറിഞ്ഞ്‌ നൽകിയാലും ദൈവത്തിന്റേതാണ്‌ അന്തിമതീരുമാനം.

ഇസ്ലാം തത്വചിന്തയിൽ പറഞ്ഞുകേൾക്കാറുള്ള ഒന്നാണ്‌ Freewill.
ഇച്ഛിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്‌, പക്ഷെ അന്തിമമായ തീരുമാനം ദൈവത്തിന്റേതാണ്‌.

ഇവിടെയും നേരത്തെ നിശ്ചയിക്കപ്പെട്ടതാണോ അതോ കണ്ടറിഞ്ഞു തരുന്നതാണോ എന്ന സംശയം വരാം. ലതീഫിന്റെ പോസ്റ്റിൽ കണ്ട കമന്റ്‌ പ്രകാരം ദൈവത്തിന്‌ മുൻകൂട്ടി അറിയും, പക്ഷെ അത്‌ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതിനാലല്ല, കാലാതീതമായി ദൈവം അറിയുന്നു എന്നതിനാലാണ്‌.

ഇത്‌ രണ്ടും തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന് എനിക്കുറപ്പില്ല. ഞാൻ എന്ത്‌ ഇച്ഛിച്ചാലും, തിരഞ്ഞെടുത്താലും അത്‌ ദൈവത്തിനു മുൻകൂട്ടി അറിയാം, ആ അറിവിന്‌ വിരുദ്ധമായി എനിക്കൊരു തീരുമാനമെടുക്കാനാവില്ല, കാരണം ആ അറിവിന്‌ തെറ്റുപറ്റാൻ സാധിക്കില്ലല്ലൊ.
യേശുദാസ്‌ പ്രയത്നിക്കുമെന്നും ഹിറ്റ്ലർ വംശീയവികാരം ഇളക്കിവിടുമെന്നും ഒക്കെ ദൈവം മുൻകൂട്ടി അറിഞ്ഞിട്ടുണ്ട്‌. ആ അറിവിന്‌ വിരുദ്ധമായൊന്നും അവർ തിരഞ്ഞെടുത്തതുമില്ല.

ഏതായാലും ഈ വിഷയത്തിൽ ദൈവത്തിന്‌ അറിവേയുള്ളു എന്ന് തന്നെ അംഗീകരിക്കാം. മനുഷ്യന്റെ ഇച്ഛയെ ദൈവം നിയന്ത്രിക്കുന്നില്ല, പക്ഷെ അതിന്റെ ഫലപ്രാപ്തി ദൈവത്തിന്റെ അനുമതിയോടുകൂടി മാത്രമേ സിദ്ധിക്കൂ. Freewill സിദ്ധാന്തത്തിന്റെ രത്നച്ചുരുക്കം ഇതാണ്‌.

ഇച്ഛ, അതിനോടനുബന്ധമായ പ്രവൃത്തി, അതിന്റെ ഫലം.. ഈ മൂന്നു ഘടകങ്ങളായാണ്‌ ജീവിതത്തിലെ എല്ലാ പ്രധാനസംഭവങ്ങളും നടക്കുന്നത്‌.
ഇവിടെ ദൈവം ആദ്യത്തേത്‌, അതായത്‌ ഇച്ഛ, നിയന്ത്രിക്കുന്നില്ല. അത്‌ മനുഷ്യന്‌ വിട്ടുകൊടുത്തിരിക്കുന്നു.

പ്രവൃത്തിയോ? അത്‌ നിയന്ത്രിക്കപ്പെടുന്നുണ്ടോ? എനിക്കതിന്റെ ഉത്തരം അറിയില്ല. പക്ഷെ നിയന്ത്രിച്ചില്ലെങ്കിൽ?
ഒരാൾ കൊലപാതകം നടത്താൻ ഉദ്ദേശിക്കുന്നുവെന്നിരിക്കട്ടെ. ആ ഇച്ഛ ദൈവം നിയന്ത്രിക്കുന്നില്ല. പ്രവൃത്തി നിയന്ത്രിക്കുന്നില്ലയെങ്കിൽ ഇര കൊല്ലപ്പെടാം, കുറഞ്ഞത്‌ മാരകമാം വിധം പരിക്കേൽപ്പിക്കപ്പെടാം. ഏതുതന്നെയായാലും ഈ ഒരു ഇച്ഛയിലൂടെ ഇരയുടെ കാര്യം കഷ്ടത്തിലാവും, ഫലം എന്നത്‌ മുഴുവനായി നടന്നില്ലെന്നേയുള്ളു.

ഇനി പ്രവൃത്തിയെ ദൈവം നിയന്ത്രിക്കുന്നുണ്ടെന്നിരിക്കട്ടെ. പ്രവൃത്തിയെ എങ്ങിനെ നിയന്ത്രിക്കുന്നു ദൈവം? തക്കസമയത്ത്‌ ആയുധം കിട്ടാതെ വരാം, ഇര പ്രതീക്ഷിച്ച സമയത്ത്‌ എത്തിയില്ലെന്നുവരാം, ഇത്തരം സാധ്യതകൾ ഉണ്ടാവാം. പക്ഷെ കത്തിയും ഇരയും മുന്നിൽ കാണുമ്പോഴാണ്‌ കൊലയാളിക്ക്‌ ഇച്ഛ ഉണ്ടാവുന്നതെങ്കിൽ?

അപ്പോൾ ഇച്ഛ നിയന്തിച്ചില്ലെങ്കിൽപ്പോലും ചിലയിടത്തെങ്കിലും പ്രവൃത്തി നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് മനസിലാക്കാം.

അപ്പോൾ അടുത്ത പ്രശ്നം വരികയായി

ചരിത്രത്തിലെ പല സുപ്രധാനവഴിത്തിരിവുകളും സംഭവിച്ചിട്ടുള്ളത്‌ ചില പ്രമുഖരുടെ ഇച്ഛ മൂലമാണെന്ന് നാം മനസിലാക്കിയിട്ടുണ്ട്‌. പലപ്പോഴും സ്വന്തം ഇച്ഛ മറ്റൊരാളുടേതുകൂടി ആക്കിയാണ്‌ പലരും ചരിത്രം രചിച്ചിട്ടുള്ളത്‌.
ഗാന്ധിജിയും ഹിറ്റ്ലറുമൊക്കെ സ്വന്തം ഇച്ഛ ഒരു രാജ്യത്തിന്റെ ഇച്ഛയാക്കിയവരാണ്‌, അതിലൂടെയാണ്‌ ചരിത്രം മാറിയിട്ടുള്ളത്‌.
ഇവിടെ പ്രവർത്തനഫലം എന്നതുതന്നെ മറ്റൊരാളിൽ ഇച്ഛ ഉണ്ടാക്കുക എന്നതാണല്ലൊ. ഇപ്പറയുന്ന മറ്റൊരാളുടേയും ഇച്ഛ ദൈവം നിയന്ത്രിക്കുന്നില്ല, അപ്പോൾ ദൈവം നിയന്ത്രിക്കാതെ തന്നെ ഒരു ചരിത്രമാറ്റത്തിന്‌ തിരികൊളുത്തപ്പെടും. ഇത്തരത്തിൽ ചരിത്രവ്യതിയാനം വരെ സംഭവിച്ചിട്ടുള്ള പല കാര്യങ്ങളിലും ഇച്ഛ നിയന്ത്രിക്കാത്ത ദൈവം എങ്ങിനെയാണ്‌ ചരിത്രം നിയന്ത്രിച്ചത്‌?
ചിലപ്പോൾ എന്റെ ഇച്ഛ മാത്രം മതിയാവും മറ്റൊരാളുടെ വിധി മാറ്റി മറിക്കാൻ. ഞാൻ ഇന്റർവ്യൂ ചെയ്ത ഒരാളെ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്റെ ഇച്ഛ മാത്രം മതിയാവും. അപ്പോൾ എന്റെ ഇച്ഛയിൽ നിയന്ത്രണം ഇല്ലെങ്കിൽ ദൈവം എങ്ങിനെ മറ്റൊരാളുടെ വിധി നിർണ്ണയിക്കും?

വിധിവിശ്വാസത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രശ്നമെന്നത്‌ നാമറിയുന്ന പല സംഭവങ്ങളിൽ ചിലതിനുമാത്രമേ ഇവ വിശദീകരണം തരുന്നുള്ളൂ എന്നതാണ്‌. പലതിനും കൃത്യമായൊരു ഉത്തരം ഇല്ലതന്നെ. വിശ്വാസികളുടെ എളുപ്പത്തിന്‌ തന്റെ നിയന്ത്രണത്തിലില്ലാത്തതെല്ലാം ദൈവത്തിൽ അർപ്പിക്കുന്നു എന്നുമാത്രം. അതാണ്‌ സത്യത്തിൽ വിധി എന്നപേരിൽ നാം അറിയുന്നത്‌, വലിയൊരു അടിത്തറയില്ലാത്ത സങ്കൽപം. സ്വാഭാവികമായും വൈരുദ്ധ്യങ്ങളും ധാരാളം.

താൻതാൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻതാൻ അനുഭവിച്ചീടുകെന്നേ വരൂ എന്നു പറയുന്നവർ തന്നെ കർമ്മത്തിനപ്പുറം ദൈവവിധിയെ കാണും. എല്ലാം ദൈവം അറിയുന്നു എന്നു പറയുമ്പോൾ തന്നെ ദൈവം കോപിച്ച കഥകളും സമൂഹത്തെ ഒന്നടങ്കം നശിപ്പിച്ച കഥകളും പറയും.

----------------------------------------------------------
ഇനി ഇതിലെ എന്റെ ചില ചിന്തകൾ പറയാം. എല്ലാത്തിനും ഉത്തരം എനിക്കുമില്ല, പക്ഷെ എന്നെ ജീവിതത്തിൽ മുന്നോട്ടു പോകാൻ ഇത്‌ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌, ദൈവവിശ്വാസമില്ലാതെ തന്നെ.

വിധി എന്ന പദം നാം ഉപയോഗിക്കുന്നതെപ്പോഴാണ്‌? ദൈവപ്രാർത്ഥനയുടെ സമയത്ത്‌, അല്ലെങ്കിൽ താത്വികമായ ചിന്തകളോ ചർച്ചകളോ വരുമ്പോൾ ആണ്‌ നിത്യജീവിതത്തിൽ നാം വിധിയെക്കുറിച്ചോർക്കുന്നത്‌.

പിന്നീട്‌ വിധി എന്ന പ്രയോഗം വരുന്നത്‌ ജീവിതത്തിൽ അസാധാരണമായ സംഭവങ്ങൾ ഉണ്ടാകുമ്പോഴാണ്‌. പ്രതീക്ഷിക്കാതെ (അല്ലെങ്കിൽ ഏറെ പ്രതീക്ഷിച്ച്‌ പ്രയത്നിച്ച്‌) കിട്ടുന്ന ഭാഗ്യമോ അല്ലെങ്കിൽ നിരാശയോ ആണ്‌ സാധാരണയായി വിധി എന്ന പദത്തിൽ നാം ചേർത്തുവായിക്കുന്നത്‌. സ്വാഭാവികമായും നമ്മുടെ പരിമിതികൾ മനസിലാക്കിത്തരുന്ന, ഏറെക്കാലം മനസിൽ തങ്ങിനിൽക്കുന്ന സംഭവങ്ങളായിരിക്കും ഇവ.
ഇത്രയും പറയുമ്പോൾ നമുക്ക്‌ മനസിലാക്കാവുന്ന ഒരു കാര്യം നിത്യജീവിതത്തിൽ വിധിയുടെ പ്രയോഗം (അഥവാ കളി) വളരെ കുറവാണെന്നുള്ളതാണ്‌. ജീവിതത്തിന്റെ ഏറിയപങ്കും സംഭവരഹിതമാണ്‌ എല്ലാവർക്കും.

ഞാൻ ദിവസവും ഓഫീസിൽ പോകുന്നു, വരുന്നു, അതൊന്നും വിധിയായി ആരും കാണില്ലല്ലൊ (ജോലി കിട്ടിയത്‌ വിധി എന്നു പറയാം, പക്ഷെ അത്‌ ഞാൻ നേരത്തെ പറഞ്ഞതിൽ പെടും). ഞാനോടിക്കുന്ന വണ്ടി ഏറിയപങ്കും അപകടമില്ലാതെ പോകുന്നു, അത്‌ ഇടിച്ചാലാണ്‌ വിധിയാവുന്നത്‌. എന്റെ നിയന്ത്രണത്തിലുള്ളവ വിധിയല്ലാതാകുമ്പോൾ അതിനപ്പുറം എല്ലാം വിധി.

ആകസ്മികതകൾ ജീവിതത്തിൽ വിരളമല്ല. ഞാൻ ആദ്യം പറഞ്ഞ ആക്സിഡന്റ്‌ ഉദാഹരണത്തിലെ 6 ഘടകങ്ങൾ ഒന്നിച്ചുവന്നത്‌ ഒരു ആകസ്മികമായ സംഭവമാണ്‌. അതില്ലാതെ എത്രയോ തവണ ഞാൻ വണ്ടിയോടിച്ചിട്ടുണ്ട്‌. ഈ സംഭവത്തിനൊരു Surprise element ഉണ്ട്‌. ഈ സംഭവം എന്റെയും എന്നെ അറിയുന്നവരുടേയും മനസിൽ ഉണ്ടെന്നതിനാൽ അതെന്റെ വിധിയായി വ്യാഖ്യാനിക്കപ്പെടുന്നു. അതിനപ്പുറം വിധി എന്നതിന്‌ എന്റെ ജീവിതത്തിൽ വാച്യാർത്ഥത്തിൽ സ്ഥാനമില്ല.

എന്റെ ഇച്ഛകളും ആശയങ്ങളും വരുന്നത്‌ ഞാൻ ജീവിക്കുന്ന സമൂഹത്തിൽ നിന്നാണ്‌. സ്വാഭാവികമായും എന്റെ ഇച്ഛയുടേയും പ്രവൃത്തിയുടേയും ഫലപ്രാപ്തിയും അതിനോട്‌ ബന്ധപ്പെട്ടുകിടക്കുന്ന വ്യക്തികളുടെ ഇച്ഛ, പ്രവൃത്തി എന്നിവയുമായി ബന്ധമുണ്ടായിരിക്കും. പ്രകൃതി പോലും ഇവിടെ ഘടകമായി വരും. ഇതിലൊക്കെ എനിക്ക്‌ നിയന്ത്രിക്കാവുന്നതിന്‌, എന്തിന്‌, അറിയാവുന്നതിനുവരെ, പരിധിയുണ്ട്‌. ഇവയെല്ലാം നല്ലൊരുതോതിൽ അനുകൂലമായി വന്നാലെ എന്റെ പ്രവൃത്തിയുടെ ഫലം ഞാനുദ്ദേശിച്ച രീതിയിൽ വരൂ.
ആകസ്മികമായി തന്നെ ഇവ ഒന്നിച്ചുവരാം, വരാതിരിക്കാം. ഇത്‌ ഭൗതികമായി കാണണോ അതോ ദൈവനിശ്ചയമായി കാണണോ എന്നത്‌ വ്യക്തിപരമായ ഇഷ്ടം.

എനിക്കു ചെയ്യാവുന്ന കാര്യങ്ങളും എന്റെ പ്രവൃത്തിയുടെ പരിസമാപ്തി വിജയമാണോ പരാജയമാണോ എന്ന്‌ നിശ്ചയിക്കുന്നതിലും അതിനനന്തരം എന്റെ ഭാഗത്തുനിന്നും സ്വീകരിക്കേണ്ട നടപടികളിലുമാണ്‌ എന്റെ നിയന്ത്രണാധീനമായ കാര്യങ്ങൾ. ഈ അനന്തര നടപടികൾക്കു ശേഷവും വ്യക്തമായ, നമുക്കാവശ്യമായ റിസൽറ്റ്‌ കിട്ടണമെന്നില്ല, അപ്പോൾ ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും.

ലതീഫിന്റെ ബ്ലോഗിലെ ചർച്ചയ്ക്കിടയിൽ നന്ദന എന്ന ബ്ലോഗർ വിധിയെക്കുറിച്ചൊരു പരാമർശം നടത്തുകയുണ്ടായി. ഒട്ടകത്തെ കെട്ടിയിട്ടശേഷം വിധിയിൽ അർപ്പിക്കുക, അല്ലാതെ ഒട്ടകത്തെ കെട്ടാതെ അത്‌ ഓടിപ്പോകാതിരിക്കാൻ പ്രാർത്ഥിക്കുകയല്ല വേണ്ടത്‌ എന്നാണ്‌ ആ സുഹൃത്ത്‌ പറഞ്ഞത്‌. ചുരുക്കിപ്പറഞ്ഞാൽ തനിക്ക്‌ ചെയ്യാനുള്ളത്‌ ചെയ്തതിനുശേഷം മാത്രം വിധിയിൽ വിശ്വസിക്കുക.

എന്റെ ചിന്തകൾ പറയാൻ നല്ലൊരു ഉദാഹരണമായി എനിക്കുതോന്നി. അതിപ്രകാരം.

ഒട്ടകത്തെ കെട്ടിയിടൽ മാത്രമല്ല, അത്‌ കെട്ടുപൊട്ടിക്കാതെ ഓടുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കുന്നതിലും ഉണ്ട്‌ കാര്യം. ഇതൊക്കെയായിരുന്നാലും ഒട്ടകം കെട്ടുപൊട്ടിച്ച്‌ പോയേക്കാം, ഒരുപക്ഷെ ഒട്ടകത്തിന്റെ ശക്തിയെക്കുറിച്ച്‌ എനിക്ക്‌ ധാരണയില്ലാത്തതായിരിക്കാം കാരണം. ഞാൻ പിന്നീട്‌ ചെയ്യേണ്ടത്‌ ഒട്ടകം പോയി എന്ന്‌ വിചാരിച്ച്‌ ദു:ഖിച്ചിരിക്കുകയോ അതാണ്‌ വിധി എന്നുപറഞ്ഞ്‌ മിണ്ടാതിരിക്കുകയോ അല്ല. ഒട്ടകത്തെ തേടി പിടിക്കാൻ ശ്രമിക്കണം, എന്നിട്ടും കിട്ടിയില്ലെങ്കിൽ അടുത്ത ഒട്ടകത്തെ വാങ്ങാൻ ശ്രമിക്കണം, പിന്നീട്‌ മുൻപ്‌ പറ്റിയ തെറ്റു ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അപ്പോൾ പുതിയ എന്തെങ്കിലും കാരണമായിരിക്കാം ഒട്ടകം വീണ്ടും ഓടുന്നതിനു കാരണം. അത്‌ കണ്ടുപിടിക്കലും തിരുത്തലുമാണ്‌ അടുത്ത നടപടി. ഇത്തരത്തിൽ തെറ്റിയും തിരുത്തിയുമാണ്‌ നാം മുന്നോട്ട്‌ പോകുന്നത്‌.

വിധിവിശ്വാസികൾ പോലും നിലനിൽപ്പ്‌ അപകടത്തിലാകുന്ന അവസരത്തിൽ വിധിയെ മറികടക്കാൻ പ്രയത്നിക്കാറുണ്ടെന്നതും അറിയേണ്ട ഒരു കാര്യമാണ്‌. അത്‌ ഒന്നുകൂടി മിനുക്കിയെടുത്ത്‌ ജീവിതത്തിന്റെ എല്ലാ അവസ്ഥയിലും പ്രയോഗിക്കേണ്ട ആവശ്യം മാത്രമേ മനുഷ്യൻ ചെയ്യേണ്ടതുള്ളു.
തന്റെ വിധിയെക്കുറിച്ച്‌ അറിയാൻ കവിടി നിരത്തിയും അതിനെ തനിക്കനുകൂലമാക്കാൻ തേങ്ങയുടച്ചും അനുകൂലമായില്ലെങ്കിൽ പൂജ നടത്തിയും ഒക്കെ നാം വിധിയെ നേരിടാൻ ശ്രമിക്കുന്നുണ്ട്‌!!! ഇവയൊക്കെ ആത്മവിശ്വാസത്തിനുവേണ്ടിയോ തകർന്നമനസിന്റെ സമാധാനത്തിനുവേണ്ടിയോ ആശ്വാസത്തിനു വേണ്ടിയോ ഒക്കെ ആണെന്ന് പറയാം. ഒട്ടേറെ പരിമിതികളിൽ സാമൂഹികപ്രതീക്ഷകൾ നിറവേറ്റാൻ പാടുപെട്ട്‌ ജീവിക്കുന്ന മനുഷ്യന്‌ ഇതൊരു സഹായമാണ്‌, ആശ്വാസമാണ്‌ എന്നതും ശരിതന്നെ. പക്ഷെ നമുക്ക്‌ നഷ്ടമാകുന്നത്‌ ഒരുപക്ഷെ നമ്മുടെ തോൽവിയുടെ വസ്തുനിഷ്ഠമായ പഠനത്തിനുള്ള അവസരമായേക്കാം.

അതൊരിക്കലും ദൈവത്തിനുപോലും ഇഷ്ടമായെന്നുവരില്ല.

20 comments:

അപ്പൂട്ടൻ said...

തലയിലെഴുത്ത്‌ മായ്ച്ചാൽ മായുമോ?
അപ്പോൾ മാറ്റിയവരുടെ കഥയോ? അതും തലയിലെഴുത്ത്‌.
ഇങ്ങിനെ എന്തെല്ലാം എഴുതിയിട്ടുണ്ട്‌ തലയിൽ? അറിയില്ല (ചില ജ്യോത്സ്യന്മാർക്കറിയും, പറഞ്ഞാൽ അച്ചട്ടാ)
തലവര മായില്ലെങ്കിൽ പിന്നെന്തിന്‌ പരിഹാരകർമ്മങ്ങൾ? ??
വിധി വിശ്വാസത്തെക്കുറിച്ചുതന്നെ പലരും പലരീതിയിലാണ്‌ വ്യാഖ്യാനിച്ചു കണ്ടിട്ടുള്ളത്‌. പലർക്കും ഈ വിശ്വാസം ഒരു ആശ്വാസമാണ്‌.
ഞാൻ കേട്ടിട്ടുള്ള, അറിഞ്ഞിട്ടുള്ള ചില വകഭേദങ്ങൾ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണിവിടെ.
ഒരു ഭൗതികന്റെ ചില ചിന്തകളും.

Calvin H said...

വിധി എന്നത് ദൈവവിശ്വാസം ഉണ്ടാക്കാൻ വേണ്ടി മാത്രം ഉള്ള നമ്പർ ആണ്. എല്ലാം നേരത്തെ എഴുതപ്പെട്ടതാണെങ്കിൽ പിന്നെ എന്തിനു നമ്മൾ എന്തിനെങ്കിലും ശ്രമിക്കണം..

കൊലപാതകങ്ങളും അതിക്രമങ്ങളും ഇല്ലാത്ത ഒരു സമൂഹത്തെ എന്തുകൊണ്ട് സർവശക്തനായ ദൈവം സൃഷ്ടിച്ചില്ല എന്നൊരു വാലിഡ് ചോദ്യം ഉണ്ട്.
അതിനു മതവാദികളുടെ ഉത്തരം സിമ്പിൾ.
മനുഷ്യന് ഫ്രീവിൽ കൊടുത്താണ് ദൈവം സൃഷ്ടിച്ചത്. നല്ലതും ചീത്തയും തിരഞ്ഞെടുക്കാൻ അവനു അവകാശമുണ്ട്. നല്ലതായിരുന്നാൽ നല്ലത് ഭവിക്കും. ഇല്ലെങ്കിൽ ചീത്ത.


അപ്പോൾ ആണ് അടുത്ത ചോദ്യം. അങ്ങനെ മനുഷ്യനു ഫ്രീവിൽ മാത്രം കൊടുത്താൽ മതിയോ. പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും ഒക്കെയോ? ദൈവം എന്തിനു അവയെ സൃഷ്ടിച്ചു?

അതൊക്കെ മനുഷ്യന്റെ പാപത്തിന്റെ ഫലമാണ്.

നെക്സ്റ്റ് ക്വസ്റ്റ്യൻ.
അപ്പോൽ ജനിതകവൈകല്യവുമായി ജനിക്കുന്ന കുഞ്ഞ് എന്ത് തെറ്റ് ചെയ്തു?

സെമിറ്റിക് മതങ്ങൾക്ക് ഇവിടെ ഉത്തരം മുട്ടും. അവർക്ക് പിന്നെ ആകെയുള്ള ആശ്രയം സ്വർഗരാജ്യത്ത് ലഭിക്കാൻ പോകുന്ന സുഖങ്ങളും സൌകര്യങ്ങളും മാത്രമാണ്.
(“ഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർ ഭാഗ്യവാന്മാർ, എന്തെന്നാൽ സ്വർഗരാജ്യം അവർക്കുള്ളതാകുന്നു”)

ഹിന്ദുമതം അതിലും കടന്ന് ചിന്തിച്ചു. കഴിഞ്ഞ ജന്മത്തിലെ പാപമാണ് ഈ ജന്മത്തിൽ രോഗപീഢകൾ ആയി അനുഭവിക്കുന്നത് എന്ന്... അപ്പോൾ നവജാതശിശുവിന് വരുന്ന വൈകല്യത്തിനും അസുഖങ്ങൾക്കും കൂടെ സിമ്പിൾ സൊല്യൂഷൻ ആയില്ലേ?

ചുരുക്കിപ്പറഞ്ഞാൽ ജീവിതത്തിൽ നല്ലത് വല്ലതും ഉണ്ടായാൽ അതിനു ദൈവത്തോട് നന്ദി പറയുക. ചീത്ത വല്ലതും വന്നാൽ അവനവന്റെ കയ്യിൽ ഇരിപ്പ് ( അല്ലെങ്കിൽ പാവം ചൊവ്വയോ ശനിയോ കാരണം..)

എപ്പടി?

Anonymous said...

http://jaimonp.blogspot.com/2008/04/blog-post.html

http://jaimonp.blogspot.com/2008/04/blog-post_09.html

"വിധി..... അഥവാ ദൈവേച്ഛ" ഇതുമായി ബന്ധപ്പെട്ട കുറച്ചുവിവരങ്ങള്‍ ഈ ലിങ്കിലുണ്ട്.

ചിന്തകന്‍ said...

വിധിവിശ്വാസികൾ പോലും നിലനിൽപ്പ്‌ അപകടത്തിലാകുന്ന അവസരത്തിൽ വിധിയെ മറികടക്കാൻ പ്രയത്നിക്കാറുണ്ടെന്നതും

പ്രിയ അപ്പൂട്ടന്‍
ഏതെങ്കിലും അപകടം,ഭാഗ്യം,നിര്‍ഭാഗ്യം, അല്ലെങ്കില്‍ നാം പ്രതീക്ഷിക്കാതെ നടക്കുന്ന ഒന്ന് മാത്രമല്ല; ഈ പ്രപഞ്ചത്തില്‍ നടക്കുന്ന ഓരോ ചലനവും ദൈവത്തിന്റെ അറിവോടും ഇച്ഛയോടും കൂടിയാണ് നടക്കുന്നത് വിശ്വാസികള്‍(ഇസ് ലാം) മനസ്സിലാക്കുന്നത്.

1)താങ്കള്‍ മനസ്സിലാക്കിയത് വിശ്വാസികള്‍ എല്ലാം ദൈവത്തിന്റെ വിധിയാണെന്ന് സമാധാനിച്ച് വീട്ടില്‍ ഇരിപ്പാണെന്നാണ്. സാമാന്യമായി ചിന്തിക്കുന്നവര്‍ക്ക് പോലും ഇത്തരത്തില്‍ ഇതിനെ മനസ്സിലാക്കാന്‍ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്.
2)നാം നമ്മുടെ ഭാഗത്തു നിന്നുള്ള എല്ലാം ശ്രമങ്ങളും നടത്തിയിട്ടും കൈവിട്ട് പോയ കാര്യത്തെ പറ്റിയാണ്, ഇത് അലംഘനീയമായ വിധിയുടെ ഭാഗമായത് കൊണ്ടാണ് എനിക്ക് അനുകൂലമാകാതിരുന്നത് എന്നാണ് വിശ്വാസികള്‍ ധരിക്കുന്നത്. ഉദാഹരണമായി താങ്കള്‍ക്ക് പറ്റിയ അപകടം തന്നെയെടുക്കാം. ഇത് താങ്കള്‍ ഒരിക്കലും ആഗ്രഹിച്ചതല്ല എന്നുറപ്പാണ്. അപകടം സംഭവിക്കാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകള്‍ താങ്കള്‍ കൈകൊണ്ടിട്ടുണ്ടാവാം. എന്നിട്ടും അത് സംഭവിച്ചു.

ഇവിടെ മനസ്സിലാക്കേണ്ട കാര്യം: അപകടം സംഭവിച്ചു കഴിഞ്ഞു; ചികിത്സിക്കാതെ, ഒന്നും ചെയ്യാതെ, ഇതെന്റെ വിധിയാണെന്ന് സമാധാനിച്ചിരിക്കാനല്ല വിശ്വാസം പറയുന്നത്.താങ്കളുടെ ഭാഗത്തുനിന്നുള്ള എല്ലാ കരുതലുകള്‍ ഉണ്ടായിട്ടും അപകടം പറ്റിയതിലെ നിരാശ മാറാനാണ് സത്യത്തില്‍ വിധി വിശ്വാസം ഉപകരിക്കുക. അത് ചികിത്സിച്ച് മാറ്റുക എന്ന പരിശ്രമത്തിന് കൂടുതല്‍ കരുത്ത് പകരുകയാണ് ചെയ്യുന്നത്.

നാം ഉദ്ദേച്ച പ്രകാരം നടക്കുന്നതും നടക്കാത്തതും എല്ലാം ദൈവ വിധിയുടെ ഭാഗമാണ്. ദൈവിധിയെ തോല്പിക്കുക എന്നത് അസാധ്യമാണ്.

ഒട്ടകത്തെ കെട്ടിയതിന് ശേഷം മാത്രം ദൈവത്തില്‍ ഭരമേത്പിക്കുക എന്നാല്‍ .. നാം നമ്മുടെ ഭാഗത്ത് നിന്ന് എന്തൊക്കെ ചെയ്യേണ്ടതുണ്ടോ അതെല്ലാം ചെയ്തതിന് ശേഷം നമ്മുടെ പരിധിക്കപ്പുറമുള്ളതില്‍ ദൈവത്തെ ഭരമേല്പിക്കുക എന്നതാണ്.

യേശുദാസിന്റെയും ഹിറ്റ്ലറുടെയും പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല(ഉദാഹരണമായെടുത്തതാണ്); ജനനം,മരണം,എവിടെ എപ്പോള്‍ ആരുടെ മകനായി/മകളായി ജനിക്കണമെന്ന് തീരുമാനിച്ചതോ/തീരുമാനിക്കുന്നതോ നാമല്ല. ഇതെല്ലാം അലംഘനീയമായ വിധിയുടെ ഭാഗമായി മാത്രം സംഭവിച്ചതാണ്.അല്ലെന്ന് പറയാന്‍ ഒരു ഭൌതിക വാദിക്കും കഴിയില്ല.
യേശുദാസിന്റെ ശ്രമത്തോടൊപ്പം ജന്മ സിദ്ധമായ കഴിവ് കൂടിയില്ലെങ്കില്‍ എന്ത് തന്നെ ശ്രമം അദ്ദേഹം നടത്തിയാലും അതില്‍ അദ്ദേഹം വിജയിച്ചു കൊള്ളണമെന്നില്ല. ഞാന്‍ എത്ര തന്നെ ശ്രമിച്ചാലും എനിക്ക് യേശുദാസിനെ പോലെ പാടാന്‍ കഴിഞ്ഞെന്ന് വരില്ല. കാരണം എന്റെ അത് വിധിയുടെ ഭാഗമാണ്.

പറഞ്ഞ് വരുന്നത് കഴിവിനപ്പുറമുള്ള ഒരു കാര്യത്തിന് നാം ശ്രമിച്ചാലും പ്രയോജനമുണ്ടായെന്ന് വരില്ല. അവിടെ ഇത്രമാത്രമേ എനിക്ക് വിധിച്ചിട്ടുള്ളൂ എന്ന് സമാധാനിക്കനല്ലാതെ എന്താണതില്‍ കൂടുതല്‍ താങ്കള്‍ക്ക് ചെയ്യാന്‍ സാധിക്കുക എന്ന് വ്യക്തമാക്കാമോ?

- സാഗര്‍ : Sagar - said...

അപ്പൂട്ടന്‌ ഉത്തരമുണ്ടോ ??

- സാഗര്‍ : Sagar - said...

അപ്പൂട്ടന്‌ ഉത്തരമുണ്ടോ ??

Calvin H said...

[[പറഞ്ഞ് വരുന്നത് കഴിവിനപ്പുറമുള്ള ഒരു കാര്യത്തിന് നാം ശ്രമിച്ചാലും പ്രയോജനമുണ്ടായെന്ന് വരില്ല. അവിടെ ഇത്രമാത്രമേ എനിക്ക് വിധിച്ചിട്ടുള്ളൂ എന്ന് സമാധാനിക്കനല്ലാതെ എന്താണതില്‍ കൂടുതല്‍ താങ്കള്‍ക്ക് ചെയ്യാന്‍ സാധിക്കുക എന്ന് വ്യക്തമാക്കാമോ? ]]

ഒരു തുലാഭാരം നേർന്നാ‍ൽ മതി. കഴിഞ്ഞിറങ്ങുമ്പോഴേക്കും ചിലപ്പോൾ ഐ.എസ്.ആർ.ഓ ചെയ‌ർമാൻ വരെ ആയെന്നിരിക്കും.

CKLatheef said...

ഈ വിഷയത്തില്‍ അപ്പൂട്ടന്‍ നല്‍കിയ എന്റെ ലിങ്കിന് പുറമെ ഇതുകൂടി വായിക്കുക ആശംസകള്‍

അപ്പൂട്ടൻ said...

കാൽവിൻ,
പല ഉത്തരങ്ങളും വരുന്നതിന്റെ കൂടെ തന്നെ അവസാനം ചെന്നെത്തുക ഒരുപക്ഷെ ദൈവത്തിന്റെ നിശ്ചയം അല്ലെങ്കിൽ ദൈവത്തിനേ അറിയൂ എന്ന ഫൈനൽ ഉത്തരത്തിലാണ്‌. മനുഷ്യന്റെ യുക്തി പ്രയോഗിക്കരുത്‌ ദൈവത്തെ അളക്കാൻ എന്ന് വിശ്വാസികൾക്ക്‌ വിശ്വാസം കൊണ്ട്‌ പറയാം. ഒരു അവിശ്വാസിയും അതേ പറയുന്നുള്ളു, പക്ഷെ അത്‌ സ്വീകരിക്കപ്പെടുന്നില്ലെന്ന് മാത്രം.. അനോണി സുഹൃത്ത്‌ തന്ന ലിങ്കിലും ഈ പ്രയോഗം കാണാം. (സുഹൃത്തിനും നന്ദി പറയട്ടെ, വായിക്കാൻ സന്മനസ്‌ കാണിച്ചതിന്‌)
സാഗർ,
എനിക്ക്‌ ഉത്തരമുണ്ട്‌, എന്നെ കൺവിൻസ്‌ ചെയ്യുന്ന ഉത്തരം. അത്‌ ചിന്തകന്‌ കൺവിൻസിങ്ങ്‌ ആയിരിക്കുമോ എന്നത്‌ അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്‌.
ലതീഫ്‌,
താങ്കളുടെ പോസ്റ്റ്‌ വായിച്ചുകഴിഞ്ഞില്ല. വായിച്ചതിനു ശേഷം എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാം.
ചിന്തകൻ,
അഭിപ്രായങ്ങൾക്ക്‌ നന്ദി.

താങ്കൾ ആദ്യം പറഞ്ഞത്‌ ഒരു ജനറൽ സ്റ്റേറ്റ്‌മന്റ്‌ ആണെന്നത്‌ പറയട്ടെ. താങ്കൾ ഓഫീസിൽ നിന്നും നടന്ന് വീട്ടിലെത്തിയാൽ അതും വിധി ആണെന്ന് പറയുമോ അതോ അതൊരു സാധാരണ സംഭവം മാത്രമായി കാണുമോ, പോകട്ടെ, അതേക്കുറിച്ച്‌ ചിന്തിക്കുക പോലും ചെയ്യുമോ? സാധാരണയായി നടക്കുന്ന സംഭവങ്ങളെക്കുറിച്ച്‌ നാം ചിന്തിക്കുക പോലും പതിവില്ല എന്നതല്ലേ സത്യം. (താങ്കൾ എല്ലാ സമയത്തും ഇങ്ങിനെ ചിന്തിക്കാറുണ്ടെന്ന് പറയരുതേ..... ദയവായി).
വിശ്വാസികൾ എല്ലാം താങ്കൾ ചോദിച്ചതുപോലെ ചിന്തിക്കുന്നവരാണെന്ന് ഞാൻ പറഞ്ഞില്ല. നിലനിൽപ്പ്‌ അപകടത്തിലാവുന്ന സമയത്ത്‌ എല്ലാവരും (വിധിവിശ്വാസികൾ പോലും) വിധിയേക്കുറിച്ച്‌ ചിന്തിക്കാതെ നടപടിയെടുക്കും എന്നേ ഞാൻ പറഞ്ഞതിന്‌ അർത്ഥമുള്ളു. അപകടം പറ്റിയാൽ ചികിൽസിക്കുന്നതും ഇതുപോലൊരു സംഭവം തന്നെയാണ്‌.

വിധിയ്ക്കെതിരെ അല്ലെങ്കിൽ വിധിയുടെ തീവ്രത കുറയ്ക്കാനെങ്കിലും എന്തെങ്കിലും ചെയ്യാനാവുമോ എന്ന ചോദ്യത്തിന്‌ ഉത്തരം തരുന്നത്‌ ശാസ്ത്രം തന്നെയാണ്‌.
മനുഷ്യന്റെ Life Expectancy പണ്ടത്തെ അപേക്ഷിച്ച്‌ കൂടുതലാണെന്നത്‌ ചിന്തകനും അറിയാവുന്നതാണെന്ന് കരുതുന്നു. അപ്പോൾ വിധി എന്നത്‌ മുൻനിശ്ചയിക്കപ്പെട്ടതാണെങ്കിൽ കാലഘട്ടത്തിനനുസരിച്ച്‌ അപ്‌ഡേറ്റ്‌ ചെയ്യപ്പെടുന്നുണ്ട്‌ എന്നു കരുതേണ്ടിവരും.
ഏ പ്ലേഗ്‌ മൂലം മരിക്കും, ബി സ്മോൾ പോക്സ്‌ മൂലം മരിക്കും എന്നീ വിധികൾ ഇന്ന് അധികം എഴുതപ്പെടുന്നുണ്ടെന്ന് കരുതാൻ വയ്യ. കൂടാതെ സി അമേരിക്കയിൽ ജനിക്കും എന്നതിനാൽ മലേറിയ മൂലം മരിക്കില്ല എന്നും വിധി ഉണ്ടാവുമായിരിക്കാം.
പരിഹസിക്കാൻ പറയുന്നതല്ല. പക്ഷെ ഒരുകാലത്ത്‌ വിധി ആയി എഴുതപ്പെട്ടിരുന്ന പല മഹാമാരികളും ഇന്ന് നിയന്ത്രണാധീനമാണ്‌. ആരോഗ്യപരിപാലനരംഗത്ത്‌ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളിൽ ശരാശരി ജീവിതകാലഘട്ടം മറ്റുള്ളവയേക്കാൾ മെച്ചമാണ്‌. വിധിയെ നേരിടാൻ എന്ത്‌ ചെയ്യാൻ കഴിയും എന്നതിന്‌ ശാസ്ത്രം മറുപടി പറയുന്നുണ്ട്‌. പുതിയ രോഗങ്ങൾ വരുന്നു, അപ്പോൾ അവയെ നിയന്ത്രണത്തിലാക്കാൻ ശാസ്ത്രം ശ്രമിക്കുന്നു. ഈ പ്രക്രിയ തുടരും, മനുഷ്യനുള്ള കാലത്തോളം.

ഇനി ശാസ്ത്രത്തിന്റെ പുരോഗതിയും ദൈവം അനുവദിച്ചതിനാൽ മാത്രമാണ്‌ സംഭവിക്കുന്നത്‌ എന്ന് താങ്കൾ പറയുകയാണെങ്കിൽ......ക്ഷമിക്കണം, ആ രീതിയിൽ ഒരു തർക്കത്തിന്‌ ഞാനില്ല.

യേശുദാസിന്റെ കാര്യം പറഞ്ഞതിൽ നിന്നും....

കഴിവിനോടൊപ്പം തന്നെ, ഒരുപക്ഷെ കഴിവിനേക്കാളധികം തന്നെ, Aptitude-ഉം Attitude-ഉം ഉണ്ടെങ്കിൽ മാത്രമേ ഏതൊരു രംഗത്തും വളരാനാവൂ. യേശുദാസിനേക്കാൾ മധുരതരമായ ശബ്ദം ഉള്ളവർ ഉണ്ടാവാം, അവരെല്ലാം ഗായകരാവണമെന്നില്ലല്ലൊ. ഇവിടെയും വിധി നിർണ്ണയിക്കുന്നതിന്‌ ഒരു പ്രധാനഘടകം നമ്മുടെ താൽപര്യവും പ്രസ്തുതവിഷയത്തിൽ നമുക്കുള്ള മനോഭാവവുമാണ്‌, meaning, it's the self who decides which way to go. ഇതിനെല്ലാം പുറമെ നമ്മെ പുറകോട്ടടിക്കുന്ന ഒരു ഘടകം സാമൂഹികസാഹചര്യങ്ങളാണ്‌. മകൻ/ൾ സംഗീതം പഠിക്കേണ്ട എന്നൊരു രക്ഷിതാവ്‌ പറഞ്ഞാൽ പിന്നെ എന്ത്‌ ചെയ്യും? അവിടെയും പഴിക്കേണ്ടത്‌ വിധിയേയാണോ അതോ മനുഷ്യനെ തന്നെയാണോ?

അവിടെ ഇത്രമാത്രമേ എനിക്ക് വിധിച്ചിട്ടുള്ളൂ എന്ന് സമാധാനിക്കനല്ലാതെ എന്താണതില്‍ കൂടുതല്‍ താങ്കള്‍ക്ക് ചെയ്യാന്‍ സാധിക്കുക എന്ന് വ്യക്തമാക്കാമോ?

ഇതേക്കുറിച്ച്‌ എന്റെ ചിന്തകൾ ഈ പോസ്റ്റിന്റെ അവസാനഭാഗത്ത്‌ ഞാൻ പറഞ്ഞിട്ടുണ്ട്‌. എന്റെ നിയന്ത്രണത്തിനകത്തുള്ളവയെ തിരിച്ചറിയാൻ സാധിക്കാത്തവിധം വിധിവിശ്വാസം നമ്മുടെ വീക്ഷണത്തെ മൂടരുതെന്നൊരു കാര്യം മാത്രമേ എനിക്ക്‌ പറയാനുള്ളു. ബാക്കി ദൈവത്തിന്‌ വിടുകയോ വിടാതിരിക്കുകയോ ചെയ്യാം, വിശ്വാസം പോലെ.

ചിന്തകന്‍ said...

അപ്പൂട്ടാ മറുപടിക്ക് നന്ദി...

താങ്കള്‍ വീണ്ടും പഴയ സ്ഥലത്ത് തന്നെ....

എന്റെ അവസാന കമന്റ് ഒറ്റവാചകത്തില്‍ ഇങ്ങനെ....

ഭൂതം വര്‍ത്തമാനം ഭാവി ഇവയേലേതിലെങ്കിലും ഒരു കാലത്ത് നടക്കുന്ന ഒരു നിസ്സാരമായ ഇല പൊഴിച്ചില്‍ പോലും ദൈവത്തിന്റെ തീരുമാന പ്രകാരവും വിധിപ്രകാരവുമാണ് നടക്കുന്നത്. ഇതാണ് വിധി വിശ്വാസം. അതില്‍ ഒന്നും തന്നെ ഒഴിവല്ല.

അനില്‍@ബ്ലോഗ് // anil said...

അപ്പൂട്ടാ,
എത്താന്‍ വൈകി, വൈകിയതല്ല എങ്ങിനെയോ മിസ്സായി.

പരസ്പരം ബന്ധിപ്പിച്ചാല്‍ വൈരുദ്ധ്യങ്ങളുടെ ഒരു ഘോഷയാത്രയാണ് ഇത്തരം ചിന്തകള്‍. അതിനാല്‍ കരണീയമായ സംഗതി എന്തെന്നാല്‍ ഇവയെല്ലാം എടുത്ത് തോട്ടില്‍ കളയുക.

ഒരു പാട് ജീവനുള്ളവയും അല്ലാത്തവയും ചലികുന്നവയും ചലിക്കാത്തവയുമൊക്കെയുള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഈ കൂട്ടപ്പാച്ചിലിനിടയില്‍ ചിലതെല്ലാം സംഭവിക്കുന്നു, ഓരോ സംഭവങ്ങളുടേയും പ്രോബബിലിറ്റി അനുസരിച്ച്.

ദൈവമെന്നോ മറ്റെന്തെങ്കിലുമെന്നോ പേരിട്ട് വിളിക്കാവുന്ന ഒരു അമാനുഷിക ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതാം എന്നു തന്നെയാണ് എന്റെ വിശ്വാസം. പക്ഷെ അതിന് മനുഷ്യന്റേയോ മറ്റേതെങ്കിലും ജീവജാലങ്ങളുടേയോ കാര്യത്തില്‍ പ്രത്യേക റോളൊന്നും ഉണ്ടെന്ന് കരുതുന്നില്ല. ഓരോ ചലനങ്ങളും അതിന്റെ താള ക്രമത്തില്‍ അങ്ങിനെ പോകുന്നു.
അതിനാല്‍ തന്നെ മുമ്പ് തലയില്‍ എന്തെങ്കിലും വരച്ചു വച്ചിട്ടുണ്ട് എന്നു കരുതാനാവില്ല, മുട്ടുകുത്തി പ്രാര്‍ത്ഥിച്ചിട്ടോ കോഴിത്തലയില്‍ കൂടോത്രം ചെയ്തിട്ടോ എന്തിനെയെങ്കിലും മാറ്റാനാവുമെന്നോ കരുതുന്നുമില്ല.
വിശ്വാസങ്ങള്‍ അവനവന്റെ മനോനില അനുസരിച്ച് വ്യത്യാസപ്പെടുന്നു.വയസ്സായ ബുജീകള്‍ ധ്യാനം കൂടാന്‍ പോകുന്നത് കണ്ടിട്ടില്ലെ, അതുപോലെ.

അപ്പൂട്ടൻ said...

ചിന്തകൻ,
ഞാൻ പഴയ സ്ഥലത്ത്‌ തന്നെയായിരിക്കാം, താങ്കളോ? (ഇത്‌ ചോദിക്കേണ്ടിവരുന്നതിൽ വിഷമമുണ്ട്‌, ക്ഷമിക്കൂ)
ഈ ചർച്ചയിൽ എന്റെ പോയിന്റുകളിൽ താങ്കൾക്ക്‌ ഖണ്ഡിക്കാനുള്ളവ ഖണ്ഡിക്കൂ, എനിക്കറിയാവുന്നവ ഞാൻ പറയാം. ഒരു ബ്ലാങ്കറ്റ്‌ സ്റ്റേറ്റ്‌മന്റ്‌ ഇടുന്നതുകൊണ്ട്‌ എനിക്കോ താങ്കൾക്കോ നേട്ടമൊന്നുമില്ല.
താങ്കൾ അവസാനം പറഞ്ഞകാര്യം, അതിന്റെ വാച്യാർത്ഥത്തിൽ എടുത്താൽ ഫ്രീവിൽ എന്ന പദം തന്നെ നിഷ്പ്രഭമാകും എന്നുകൂടി ഓർമ്മിപ്പിക്കട്ടെ.

അനിൽ,
മനുഷ്യന്റെ പരിധിക്കപ്പുറമുള്ള ശക്തി ഇല്ലെന്നൊന്നും ഞാനും പറയുന്നില്ല. മനുഷ്യന്റെ ചിന്തയേയും പ്രവർത്തനത്തേയും ഭാവിയേയും ഒക്കെ നിയന്ത്രിക്കുന്നവിധത്തിൽ ആ ശക്തി പ്രവർത്തിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നേ എനിക്ക്‌ പറയാനാവൂ. നാം ഇന്ന് അനുഭവിക്കുന്ന അനിശ്ചിതാവസ്ഥയിൽ നല്ലൊരുപങ്കും സാമൂഹികമായതും, വ്യക്തികളുടെ പരസ്പര ബന്ധങ്ങളിലും ചിന്തകളിലും വരുന്ന പ്രവചനാതീതമായ മാറ്റങ്ങളടങ്ങുന്നതുമായ കാരണങ്ങളാലാണ്‌ എന്നതിനാൽ മനുഷ്യമനസിനെ നിയന്ത്രിക്കാതെ ഒരു ശക്തിയ്ക്ക്‌ ഒന്നും നിയന്ത്രിക്കാനാവില്ല. അതിനപ്പുറമുള്ള പല കാര്യങ്ങളും ശാസ്ത്രം ചെറിയതോതിലെങ്കിലും നിയന്ത്രിക്കുകയും ചെയ്യുന്നു. എന്റെ ചിന്തകൾ വരുന്നത്‌ ഈ ബേസിൽ നിന്നാണ്‌.
സാധാരണ പലരും വിധി എന്നുപറഞ്ഞ്‌ താടിക്ക്‌ കയ്യും കൊടുക്കുന്ന ആക്സിഡന്റുകൾ വിധിയിലെ അവിശ്വാസത്തെ കൂടുതൽ ഉറപ്പിക്കുകയാണുണ്ടായത്‌!!!!

CKLatheef said...

'ദൈവമെന്നോ മറ്റെന്തെങ്കിലുമെന്നോ പേരിട്ട് വിളിക്കാവുന്ന ഒരു അമാനുഷിക ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതാം എന്നു തന്നെയാണ് എന്റെ വിശ്വാസം.'

പ്രിയ അനില്‍, അപ്പൂട്ടന്‍

ഒരു അമാനുഷിക ശക്തിപ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിങ്ങള്‍ രണ്ടുപേരും അംഗീകരിക്കുന്നു എന്നിരിക്കെ ആ ശക്തി നിര്‍ഗുണനും മനുഷ്യരുടെ കാര്യത്തില്‍ ഇടപെടാത്തവനുമാണെന്ന നിങ്ങളുടെ വാദം ഒന്നുകൂടി പുനപരിശോധനയര്‍ഹിക്കുന്നു എന്നാണെന്റെ വിനീതമായ അഭിപ്രായം. ദൈവത്തെ പ്രീതിപ്പെടുത്താനെന്ന രൂപത്തില്‍ നടത്തപ്പെടുന്ന ഒട്ടേറെ ആചാരങ്ങളിലും അനാചാരങ്ങളിലുമുള്ള നിങ്ങളുടെ യുക്തിസഹമായ വിയോജിപ്പാകാം ഒരു പക്ഷേ മനുഷ്യനുമായി ദൈവത്തിന് പ്രത്യേക താല്‍പര്യമൊന്നുമില്ല എന്ന് കരുതാനുള്ള കാരണം. മനുഷ്യനെ സൃഷ്ടിക്കുകയും അവന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്ന ഒരു ദൈവത്തെ നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാതെ പോകുന്നതിന് മറ്റെന്ത് കാരണമാണ് നിരത്താനുള്ളത്. മനുഷ്യ ചരിത്രത്തിലിന്നോളം ഇത്തരം വേദങ്ങളും നിയമങ്ങളും നല്‍കപ്പെട്ടത് നിങ്ങള്‍ കാണുന്നില്ലേ. ദൈവത്താല്‍ നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരുടെ സാന്നിദ്ധ്യവും അവിടെ കാണുന്നു എന്നിരിക്കെ ഇങ്ങനെയും ഒരന്വേഷണം ആയിക്കൂടെ.

അപ്പൂട്ടൻ said...

ലതീഫ്‌,
താങ്കളുടെ അഭിപ്രായത്തെ ബഹുമാനിക്കുന്നു, താങ്കളുടെ വിശ്വാസത്തെ ഞാൻ ആദരവോടെ തന്നെയാണ്‌ കാണുന്നത്‌.

എന്തെഴുതണം എന്നതിലുപരി എങ്ങിനെയെഴുതണം എന്ന ആശയക്കുഴപ്പത്തിലാണ്‌ ഞാൻ. താങ്കളുടെ വിശ്വാസങ്ങളെ മുറിവേൽപ്പിക്കാൻ തൽക്കാലം ഞാനില്ല, അതിനാൽ പ്രവാചകന്മാരുടേയും മറ്റും കാര്യങ്ങളിലേക്ക്‌ ഞാൻ കടക്കുന്നില്ല.
വേദഗ്രന്ഥങ്ങൾ ദൈവവചനങ്ങളാണെന്ന താങ്കളുടെ വിശ്വാസത്തെ ആദരിച്ചുകൊണ്ടുതന്നെ ഞാൻ വിയോജിക്കുന്നു എന്നുമാത്രം പറയട്ടെ.

പ്രപഞ്ചം മുഴുവൻ മനുഷ്യന്റെ കാൽക്കീഴിലാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല, ഒരുപക്ഷെ ചില ഏകാധിപതികളൊഴിച്ചാൽ. തന്റെ നിയന്ത്രണത്തിലില്ലാത്ത ഒരുപാട്‌ കാര്യങ്ങൾ പ്രപഞ്ചത്തിൽ നടക്കുന്നുണ്ടെന്നത്‌ ഏതൊരു മനുഷ്യനും മനസിലാക്കുന്ന കാര്യമാണ്‌. ശാസ്ത്രം ഇക്കാര്യത്തിൽ നമ്മുടെ ധാരണകൾ മാറ്റിയിട്ടുമില്ല. ഓരോ കാര്യം അറിയുംതോറും അറിയാത്തതെത്ര എന്ന ചിന്ത കൂടി ശാസ്ത്രം നമുക്ക്‌ നൽകുന്നുണ്ട്‌. ഒരുകണക്കിന്‌ ശാസ്ത്രം നമ്മെ കൂടുതൽ വിനയാന്വിതരാക്കുകയാണ്‌ ചെയ്യുന്നത്‌, ഒരുപക്ഷെ വിശ്വാസങ്ങളേക്കാൾ കൂടുതലായി തന്നെ. ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന മതവിശ്വാസങ്ങളെ മാറ്റിമറിച്ച്‌ നാം ഈ വിശാലമായ പ്രപഞ്ചത്തിന്റെ നിസ്സാരമായ ഒരു പൊട്ടുമാത്രമാണെന്ന് നമുക്ക്‌ പറഞ്ഞുതന്നത്‌ ശാസ്ത്രമാണ്‌, നമ്മുടെ നിസ്സാരത കൂടുതൽ വ്യക്തമായത്‌ അവിടെനിന്നാണ്‌, മതവിശ്വാസങ്ങളിൽ നിന്നല്ല.

നമ്മുടെ കഴിവിനുമപ്പുറം ഒരു ശക്തി (ഒന്നോ അതിലധികമോ ആകട്ടെ) ഉണ്ട്‌ എന്ന് അംഗീകരിക്കാൻ ഒരു മടിയുമില്ല. പക്ഷെ അത്‌ സ്വാഭാവികമായി മറ്റുള്ള കാര്യങ്ങളിലേക്കും വ്യാപിക്കും എന്ന് ധരിക്കാനാവുമോ?
ചുറ്റും കാണുന്നതെല്ലാം ദൈവം നമുക്കു കാണിച്ചുതരുന്ന ദൃഷ്ടാന്തങ്ങളാണെന്ന് താങ്കൾ വിശ്വസിക്കുന്നു. അറിയാത്തതെന്തും ദൈവനിയന്ത്രണത്തിന്റെ ദൃഷ്ടാന്തമായി കണ്ട ഒരു കാലമുണ്ടായിരുന്നു. ഗ്രഹണവും മഴയും വെയിലും എന്തിന്‌, രാപ്പകലുകൾ പോലും ദൈവത്തിന്റെ പ്രത്യേക നിയന്ത്രണമായി മനുഷ്യൻ കരുതിയിട്ടുണ്ട്‌. ഇന്നതെല്ലാം, നിയന്ത്രിക്കാനാവില്ലെങ്കിലും, എങ്ങിനെ സംഭവിക്കുന്നുവെന്ന് (ഒരു പരിധി വരെ) നാം അറിയുന്നു, എന്ന് മാത്രമല്ല, ഗ്രഹണം പോലുള്ള കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാനും നമുക്കിന്ന് കഴിയും.
അതിനാൽ ഇവയെല്ലാം ഒരു Natural Phenomena എന്നതിലുപരി ഒന്നുമല്ല എന്നതാണ്‌ എന്റെ അഭിപ്രായം.


ആചാരങ്ങളും അനാചാരങ്ങളും മാത്രം കണ്ടാണ്‌ ദൈവവിശ്വാസം ഇല്ലാതായതെന്നത്‌ അത്ര നല്ലൊരു വിലയിരുത്തലായി എനിക്ക്‌ തോന്നിയില്ല. ഒരുപാട്‌ ചിന്താധാരകൾ അതിന്‌ കാരണമായുണ്ട്‌. ഞാൻ നേരത്തെ പറഞ്ഞതുപോലെ ആക്സിഡന്റുകൾ എന്നെ വേറൊരു വിധത്തിൽ ചിന്തിക്കാനാണ്‌ പ്രേരിപ്പിച്ചത്‌.

ആചാരങ്ങളെ ആസ്പദമാക്കി ചിന്തിക്കുകയാണെങ്കിൽ സാമൂഹികമായൊരു എതിർപ്പ്‌ മാത്രമല്ലേ തോന്നൂ. ദൈവവിശ്വാസം കൈവെടിയാൻ അതൊരു കാരണമാകണമെന്നില്ല.

CKLatheef said...

അപ്പൂട്ടന്‍ മാന്യമായി പ്രതികരിച്ചതിന് നന്ദി.

ഞാനിങ്ങനെ പറയാന്‍ കാരണം. താങ്കളുടെ ഈ വരിയാണ്.

'താങ്കളുടെ വിശ്വാസങ്ങളെ മുറിവേൽപ്പിക്കാൻ തൽക്കാലം ഞാനില്ല, അതിനാൽ പ്രവാചകന്മാരുടേയും മറ്റും കാര്യങ്ങളിലേക്ക്‌ ഞാൻ കടക്കുന്നില്ല.'

എന്റെ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമുള്ള പൂര്‍ണമായ മറുപടി താങ്കളുടെ മുകളിലെ കമന്റിലുണ്ട്. മനുഷ്യാതീതമായ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് മറ്റുകാര്യങ്ങളിലേക്കും വ്യാപിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു. അതിന് ബുദ്ധിയും യുക്തിയും അടിയറവെക്കുകയോ മനുഷ്യന്‍ കണ്ടെത്തിയ ശാസ്ത്രവസ്തുതകളെ നിഷേധിക്കുകയോ ചെയ്യേണ്ടതില്ല. ശാസ്ത്രത്തിന്റെ പ്രപഞ്ചത്തെക്കുറിച്ചുള്ള കണ്ടെത്തല്‍ നമ്മുടെ നിസ്സാരത കൂടുതല്‍ വ്യക്തമാക്കി തന്നിട്ടുണ്ട് എന്നത് പൂര്‍ണാര്‍ഥത്തില്‍ ഞാന്‍ അംഗീകരിക്കുന്നു. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നത് മതവിശ്വാസത്തിന്റെ ഭാഗമല്ല. തികച്ചും ഭൗതികമായ മാര്‍ഗങ്ങളിലൂടെ കണ്ടെത്താവുന്ന പ്രപഞ്ചയാഥാര്‍ഥ്യങ്ങളില്‍ ഒന്നിലും വിശ്വസിക്കേണ്ട ആവശ്യവുമില്ല. മഴക്കും കാറ്റിനും ഗ്രഹണത്തിനും കാര്യകാരണബന്ധങ്ങളുണ്ടെന്ന യാഥാര്‍ഥ്യം ദൈവവിശ്വാസികള്‍ നിഷേധിക്കുന്നില്ല എന്ന് മാത്രമല്ല ഭൗതികമായ ഇത്തരം കാര്യങ്ങള്‍ക്ക് പ്രപഞ്ചനാഥന്‍ അത്തരം ബന്ധങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട് എന്നതാണ് ഒരു വിശ്വാസി മനസ്സിലാക്കുന്നത്. അതിനെ എന്ത് പേരിട്ട് വിളിച്ചാലും ദൈവത്തിന് (അല്ലെങ്കില്‍ നിങ്ങള്‍ ഉണ്ടെന്ന് ധരിക്കുന്ന ശക്തിക്ക്)അവയിലൊന്നും ഒരു കാര്യവുമില്ല എന്ന് വരുന്നില്ല. അനില്‍ ഏതാനും അനാചാരങ്ങള്‍ സൂചിപ്പിച്ചതുകൊണ്ടാണ് ദൈവനിഷേധത്തിന് കാരണം അത്തരം കാര്യങ്ങളല്ലേ എന്ന് ഞാന്‍ അന്വേഷിച്ചത്. അതിലുപരിയായി മതങ്ങളെക്കുറിച്ചും പ്രവാചകന്‍, ദൈവം, വേദം എന്നിവയെക്കുറിച്ചുമുള്ള മൂടുറച്ചുപോയ ധാരണകളാണ് നിങ്ങളെ ദൈവനിഷേധികളാക്കുന്നത് എന്ന മറുപടി താങ്കളുടെ മുകളില്‍ ഞാന്‍ എടുത്തുദ്ധരിച്ച വരികളില്‍ എനിക്ക് വായിച്ചെടുക്കാനാവും.
നന്‍മ നേരുന്നു..

അപ്പൂട്ടൻ said...

ലതീഫ്‌,
തന്റെ നിയന്ത്രണത്തിലല്ലാത്ത ശക്തി ഉണ്ടെന്ന സമ്മതം (അഥവാ വിശ്വാസം) സ്വാഭാവികമായി ദൈവവിശ്വാസത്തിൽ, അതും നാമിന്ന് അറിയുന്ന ദൈവത്തിൽ (ഏത്‌ മതവിശ്വാസത്തിൽ നിന്നോ ആകട്ടെ) ഉള്ള വിശ്വാസത്തിൽ, ചെന്നെത്തും എന്നത്‌ താങ്കളുടെ കാഴ്ചപ്പാടാണ്‌. അതിനെ ഞാൻ കുറ്റം പറയുന്നില്ല, പക്ഷെ അംഗീകരിക്കുന്നുമില്ല. രണ്ടും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്‌.
ഒരേ ഇസത്തിൽ വിശ്വസിക്കുന്നവർ പോലും പല സിദ്ധാന്തങ്ങൾ സ്വീകരിച്ചിട്ടുണ്ട്‌. ദൈവവിശ്വാസികൾ തന്നെ ഒരേ രീതിയിൽ ചിന്തിക്കുന്നവരല്ല. എന്തിന്‌, ഒരേ ദൈവത്തിൽ വിശ്വസിക്കുന്നവർ പോലും പല സൈദ്ധാന്തികവിഷയങ്ങളിലും വ്യത്യസ്തമായി ചിന്തിച്ച്‌ അവരുടേതായ സഭകൾ ഉണ്ടാക്കിയിട്ടുണ്ട്‌. അപ്പോൾ ഒരു സ്റ്റാർട്ടിങ്ങ്‌ പോയിന്റിൽ ഒരേ ചിന്തയാണെങ്കിലും വഴികൾ വ്യത്യസ്തമാകാം.
എന്റെ നിയന്ത്രണത്തിലല്ലാത്ത ദൈവം എന്ന ശക്തി എന്നെ നിയന്ത്രിക്കുന്നുണ്ടോ എന്നതിലാണ്‌ ഞാൻ ഇവിടെ പോസ്റ്റ്‌ ഇട്ടത്‌. സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു ശക്തിയാണ്‌ താങ്കൾക്ക്‌ ദൈവം, എനിക്കാ അഭിപ്രായമില്ല.
ഞാൻ ആശയങ്ങൾ രൂപപ്പെടുത്തുന്നത്‌ ഈ സമൂഹത്തിൽ നിന്നുതന്നെയാണ്‌. ആ വിശാലാർത്ഥത്തിൽ, തീർച്ചയായും, ഞാൻ കാണുന്ന കാര്യങ്ങൾ തന്നെയാണ്‌ എന്റെ ചിന്തകളെ സ്വാധീനിക്കുന്നത്‌. അവയെല്ലാം ആചാരങ്ങളല്ല. വ്യത്യസ്തമായ പല വീക്ഷണകോണുകളും ഇസങ്ങളും ശാസ്ത്രവുമെല്ലാം ഇതിൽ പെടും.
പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവുകൾ സംശയത്തിനിടയില്ലാത്തവിധം ശാസ്ത്രം തെളിയിക്കുന്നതുവരെ ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന ധാരണ മിക്കവാറും എല്ലാ മതങ്ങളും വെച്ചുപുലർത്തിയിട്ടുണ്ട്‌. അതിന്‌ വിരുദ്ധമായ ചിന്തകളെ പ്രതിരോധിക്കുന്നതിൽ എല്ലാവരും വ്യഗ്രത കാണിച്ചിട്ടില്ലെന്നേയുള്ളു. Geo-centric മോഡൽ നിരാകരിച്ചതിന്‌ ഗലീലിയോ അനുഭവിച്ച പീഡനങ്ങൾ ചരിത്രമാണ്‌. ഖുർആൻ വായിച്ചാലും അന്ന് ജനം അത്തരത്തിൽ തന്നെയാണ്‌ മനസിലാക്കിയിരുന്നതെന്ന് അറിയാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇന്ന് ശാസ്ത്രം ഈ തിയറി തെറ്റാണെന്ന് തെളിയിച്ചുകഴിഞ്ഞു. ഇന്ന് വിശ്വാസികളായാലും വായിക്കുന്നത്‌ ഇന്നിന്റെ അറിവ്‌ പ്രകാരമാണ്‌, സ്വാഭാവികമായും താങ്കൾക്ക്‌ ഇന്നതു പറയാം, ഒരു 500 കൊല്ലം മുൻപ്‌ അതായിരുന്നില്ല അവസ്ഥ.
ശാസ്ത്രവുമായി ബന്ധപ്പെട്ട്‌ താങ്കൾ പറഞ്ഞ മറ്റുകാര്യങ്ങൾക്കും ഈ ഉത്തരം ബാധകമാണ്‌.
ഒരുകാര്യം കൂടി പറയട്ടെ.
ഇസ്ലാം വിശ്വാസവുമായി ബന്ധമൊന്നുമില്ലാത്ത കാലം മുതൽക്ക്‌ തന്നെ ഞാൻ "ദൈവനിഷേധി" ആണ്‌, അഥവാ പ്രാർത്ഥനാവിശ്വാസി അല്ല. വേണമെങ്കിൽ സാധിക്കുമായിരുന്നുവെങ്കിലും വേദങ്ങൾ ഞാൻ പഠിച്ചിട്ടുമില്ല. അതിനാൽ പ്രവാചകനേയും വേദങ്ങളേയും ഇവിടെ കൊണ്ടുവരേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഉറച്ചുപോയ ധാരണകളാണ്‌ താങ്കളെ വിശ്വാസിയക്കിയത്‌ എന്ന് ഞാൻ പറഞ്ഞാൽ താങ്കൾക്ക്‌ നിഷേധിക്കാനാവുമോ? അതിന്റെ മറുവശമാണ്‌ ഞാൻ വായിക്കുന്നതെന്ന് കരുതിയാൽ മതി.
ഒരു ചെറിയ കാര്യം കൂടി.
ദൈവനിഷേധി എന്ന പദം താങ്കൾ പലയിടത്തായി ഉപയോഗിച്ചുകണ്ടു. നിഷേധി എന്ന പദം സാധാരണയായി കുറച്ച്‌ നെഗറ്റീവ്‌ ആയാണ്‌ പ്രയോഗിക്കാറ്‌, എല്ലാവർക്കും അതിഷ്ടമാകണമെന്നില്ല.

Let me reiterate, I just have a different view than yours, I don't have anything against your following your belief.

CKLatheef said...
This comment has been removed by the author.
CKLatheef said...

പ്രിയ അപ്പൂട്ടന്‍...

പലതവണ സൂചിപ്പിച്ചതെങ്കിലും ഒരുകാര്യം കുറച്ചുകൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ദൈവം പ്രവാചകന്‍മാരെ നിയോഗിച്ചതും ഒരു ജീവിതദര്‍ശനം മനുഷ്യന് നല്‍കിയതും നമ്മുക്ക് കണ്ടെത്താവുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാനല്ല. ഭൂമി ഉരുണ്ടതോ പറന്നതോ എന്ന് വ്യക്തമാക്കിക്കൊടുക്കുക പ്രവാചകന്‍മാരുടെ ചുമതലയില്‍ പെട്ടതായിരുന്നില്ല. അവ സ്വയം കണ്ടെത്താനാണ് ഖുര്‍ആന്‍ ആവശ്യപ്പെട്ടത്. നമ്മുക്ക് ഭൗതികമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ എത്തിപ്പെടാന്‍ സാധിക്കാത്ത അഭൗതിക കാര്യങ്ങളെക്കുറിച്ച് അറിവ് നല്‍കാനും, മനുഷ്യന് ഈ ജീവിതത്തില്‍ പാലിക്കേണ്ട നിയമവിധികള്‍ പഠിപ്പിച്ചുകൊടുക്കാനുമാണ് പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടത്. ഭൂമി ഉരുണ്ടതാണ് എന്ന് ശാസ്ത്രം തെളിയിക്കുന്നത് വരെ (ഇസ്്‌ലാമും ശാസ്ത്രവും തമ്മില്‍ ഒരു സംഘടനവുമില്ല. പരസ്പര സഹകരണം മാത്രം.) ജനങ്ങള്‍ എന്ത് ഭൂമിയെക്കുറിച്ച് എന്ത് മനസ്സിലാക്കിയോ അതുതന്നെ ജനതയുടെ ഭാഗമായ ഖുര്‍ആന്‍ അനുയായികളും മനസ്സിലാക്കി. പക്ഷേ അന്നും ഇന്നും ഖുര്‍ആനിന്റെ അനുയായികള്‍ (മറ്റുമതങ്ങളെപ്പറ്റിപറയാന്‍ ഞാനാളല്ല) ദൈവമാണ് ഈ പ്രപഞ്ചത്തിന്റെ സ്രഷ്്ടാവ് എന്ന് വിശ്വസിച്ചു അതിനനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തി. അത് അല്ല എന്ന് തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഒരിക്കലും കഴിയുകയുമില്ല. ഇത് പറയുമ്പോള്‍ ഉയര്‍ത്തുന്ന ഒരു തര്‍ക്കുത്തരമുണ്ട് മായാവി ഉണ്ടോ എന്ന് തെളിയിക്കാന്‍ ശാസ്ത്രത്തിനാവില്ല. അതിനാല്‍ ദൈവമുണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാനും ശാസ്ത്രം ആളല്ല എന്നതാണ് ആ വാദം.

ഗലീലിയോ അനുസ്മരിക്കപ്പെടുന്ന പശ്ചാതലത്തില്‍ ഒരു കാര്യം വ്യക്തമാക്കട്ടേ. ശാസ്ത്രത്തിനോ ശാസ്ത്രജ്ഞര്‍ക്കോ പൊളിച്ചുകളായാന്‍ ഇസ്്‌ലാമില്‍ ഒന്നുമില്ല. അതിനാല്‍ ചരിത്രത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഇസ്്‌ലാം ശാസ്ത്രത്തിന് എതിരുനിന്നു എന്ന് ചൂണ്ടിക്കാണിക്കാനാവില്ല. ഇസ്്‌ലാം ശോഭയോടെ നിന്ന കാലത്ത് അറിയപ്പെട്ട ശാസ്ത്രജ്ഞരല്ലാം മുസ്്‌ലിംകളായത് യാദൃശ്ചികമെന്ന് കരുതാനാവില്ല.

ഖുര്‍ആന്‍ വായിക്കേണ്ടത് ഓരോ കാലഘട്ടത്തിലേയും ഏറ്റവും മുന്തിയ അറിവ് വെച്ചാണ് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട തത്വമാണ്. അതിന്റെ ഒരു സൈഡ് ഇഫക്ടാണ് ചില വ്യാഖ്യാനഗ്രന്ഥങ്ങളില്‍ അതാത് കാലത്തെ അറിവുകള്‍ കൂടികലര്‍ന്ന് ഇന്ന് നോക്കുമ്പോള്‍ യുക്തിവാദികളടക്കമുള്ളവര്‍ക്ക് പരിഹസിക്കാവുന്ന ചില വ്യാഖ്യാനങ്ങള്‍ കാണുന്നത്.

ഇനി താങ്കളുടെ കാര്യം. താങ്കളെക്കുറിച്ച് നല്ല മതിപ്പുള്ളതുകൊണ്ടുതന്നെയാണ് ഞാന്‍ താങ്കളുടെ ബ്ലോഗിനെ പിന്തുടര്‍ന്ന് കമന്റുകള്‍ എഴുതുന്നത്. വളരെ മിതവും ബുദ്ധിപരവുമാണ് താങ്കളുടെ വാദങ്ങള്‍. അവമതിയുടെ ലാഞ്ജനപോലും നിങ്ങളുടെ അഭിപ്രായ പ്രകടനങ്ങളില്‍ കാണുന്നില്ല. ഇത്തരം പോസ്റ്റുകളില്‍ വേദങ്ങളും പ്രവാചകന്‍മാരും കടന്നുവരുന്നത് ചര്‍ചചെയ്യുന്ന വിഷയത്തെ കൂടുതല്‍ സജീവമാക്കും എന്ന് ഞാന്‍ കരുതുന്നു. കാരണം പോസ്റ്റിന്റെ വിഷയം ഭൗതികമെന്നതിനുപരി അതിഭൗതികവുമായി ബന്ധപ്പെട്ടതാണ് എന്നതുതന്നെ.

ദൈവനിഷേധി എന്ന പദം ഉപയോഗിക്കുമ്പോള്‍ കുറേകൂടി ശ്രദ്ധപുലര്‍ത്തുന്നതാണ്. നന്ദി.

ചര്‍ച തുടരട്ടേ. നന്‍മ നേരുന്നു.

ബയാന്‍ said...

അപ്പൂട്ടാ : താങ്കളെ വായിക്കാറുണ്ട്.
ചോദ്യങ്ങള്‍ക്കിടയില്‍ നിന്നു തന്നെ ഉത്തരം ഉരുളയാക്കുന്ന താങ്കളുടെ പ്രതികരണങ്ങള്‍ എനിക്കിഷ്ടവുമാണ്.

അസ്തിത്വചിന്തകള്‍ നിമിത്തങ്ങളില്‍ ഉടക്കി കണ്ണില്‍ ഇരുട്ട് കയറുമ്പോള്‍ അടിയറവുപറയാന്‍ ഉപയോഗിക്കാവുന്ന വാക്കുക്കകളായേ ഇത്തരം ഉമ്മാക്കികളെ കാണേണ്ടതുള്ളൂ, ഇടിയേയും മിന്നലിന്നേയും ഭയപ്പെട്ടിരുന്ന കാലത്ത് തന്നെ ഇത്തരം ശക്തിമരുന്നുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇന്നും ബലഹീനമായ വിശ്വാസലോകത്തിന് നല്ലൊരത്താണിയാണിത്. നാം ജീവിക്കുന്ന ലോകം തന്നെ വല്യൊരു വിധിയാവുന്നേടത്ത് തന്റെ സ്വകാര്യങ്ങളുടെ വിധിവൈപരീത്യങ്ങള്‍ അന്വേഷിക്കുന്നത് എത്രവിചിത്രമാണ്. അപ്പൂട്ടാ, ഈ ദൈവത്തേയും ചിത്രഗുപ്തനേയും കുടാതെ ജീവിക്കാന്‍ ചില്ലറ ചങ്കൂറ്റമൊന്നും പോരാട്ടോ, അതു കൊണ്ടായിരിക്കണം ദൈവം എന്നെ സ്വതന്ത്രനായി വിട്ടത്, ഇപ്പോ വിധിയും അറിയേണ്ട, വിധിവിലക്കും അറിയേണ്ട, ഈശ്വാരാ...

“എന്താ, സുഖം തന്നെയല്ലെ ?“ എന്ന് ചോദിച്ചാല്‍

“ങാ.. ഇങ്ങിനെ പോകുന്നു” എന്നു പറയുമ്പോലെ എല്ലാം ഇങ്ങിനെ പോകുന്നു.

നന്ദന said...

ഇവിടെ നിന്നും ഇതിലേയാണ് ഇവിടെ എത്തിയത് അപ്പോഴേക്കും ചർച്ച അവസാനിപ്പിച്ച് കട്ടയും പടവും മടക്കി എല്ലാവരും പോയിരിക്കുന്നു എന്നാലും ഞാൻ എന്റെ അഭിപ്രായ പറയാം അതിന്റെ മുമ്പ് ഞാൻ അവിടെ പറഞ്ഞത് കൂടി വായിക്കണമായിരുന്നു ഇത്രയും പറഞ്ഞ് ഈ പ്രപഞ്ചത്തിന് ഒരു നാഥൻ ഉണ്ട് എന്ന് പറഞ്ഞതിൽ എന്തോ ഒരു ചേർച്ചയില്ലായ്മ കാണുന്നു, അങ്ങിനെയൊന്നുണ്ടായാൽ വിശ്വാസികൽ പറയുന്നിടത്ത് താങ്കൽ കഴുത്ത് വെച്ചു കൊടുക്കുകയാണെന്നേ ഞാൻ പറയൂ.