എന്റെ ചിന്തകൾ

Tuesday, April 5, 2011

ഈ പ്രാർത്ഥന ആരോട്?

അനന്തപുര് (ഹൈദരാബാദ്): ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്ന്ന് പുട്ടപര്ത്തിയിലെ ആസ്പത്രിയില് പ്രവേശിപ്പിച്ച ശ്രീസത്യസായിബാബയുടെ ആരോഗ്യസ്ഥിതിയില് നേരിയ പുരോഗതി. ബാബ വെന്റിലേറ്ററില്ത്തന്നെയാണുള്ളത്. ഇതേത്തുടര്ന്ന് രാജ്യത്തിന് അകത്തും പുറത്തുമുള്ള ബാബയുടെ വിശ്വാസികള് പ്രാര്ഥനയിലാണ്.
=======================

സായിബാബ എന്ന വ്യക്തിയോട് എനിക്ക് വിരോധമൊന്നുമില്ല, സായിബാബ എന്ന ദൈവത്തോട്, ആ സങ്കല്പത്തോട്, വിയോജിപ്പുണ്ട്, വിയോജിപ്പ് മാത്രമേയുള്ളൂ.

മാതൃഭൂമിയിൽ വന്ന വാർത്തയാണ് മുകളിൽ കൊടുത്തത്. സായിബാബയുടെ ആരോഗ്യനില അത്ര മെച്ചമല്ല, നേരിയ പുരോഗതിയുണ്ട്, ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്, പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട് എന്നൊക്കെ വാർത്തയുണ്ട്.

സാധിക്കാവുന്നിടത്തോളം അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ വൈദ്യശാസ്ത്രം ശ്രമിക്കട്ടെ, ഓരോ മനുഷ്യജീവനും (എന്നല്ല, ഏതൊരു ജീവനും) അമൂല്യമാണ്, കാരണം ഓരോ ജീവിയ്ക്കും, അറിയാവുന്നിടത്തോളം, ഒരു ജീവനേയുള്ളൂ, അത് നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാവുന്ന ഒന്നല്ല. അന്നിലയ്ക്ക് സായിബാബയും അദ്ദേഹത്തിന്റെ ശരീരം അനുകൂലമായി പ്രതികരിയ്ക്കുംവരെ ജീവനോടെ തന്നെ തുടരട്ടെ.

പക്ഷെ, സായിബാബയെക്കുറിച്ച് അദ്ദേഹത്തിന്റെ വിശ്വാസികളുടെ നിലപാടെന്താണ്?
കുറച്ചുകാലം മുൻപ് ഓഫീസിൽ ഉച്ചഭക്ഷണത്തിനിടെ ഒരു സഹപ്രവർത്തക (തെലുഗു കുട്ടിയാണ്) സായിബാബയെക്കുറിച്ച് പറയുകയുണ്ടായി. ചർച്ചയ്ക്ക് തുടക്കമിട്ടത് ഞാനല്ലെങ്കിലും അതിൽ ഒരു കേൾവിക്കാരനായി ഞാനും ഇരുന്നു. ഒരു പാവം കുട്ടിയായതുകാരണം ഞാനായിട്ട് ഒന്നും പറഞ്ഞില്ല.

അവളുടെ അഭിപ്രായത്തിൽ ബാബ എന്നാൽ ദൈവം തന്നെയാണ്. ഈ ലോകത്ത് എന്തു നടക്കുന്നുവെന്നും ആരൊക്കെ വന്നുവെന്നും എല്ലാം അറിയുന്ന ദൈവം. ഭക്തരെ കാണുന്നമാത്രയിൽ തന്നെ അവരുടെ വിഷമങ്ങൾ എല്ലാം അറിയുന്ന ദൈവം. എല്ലാ സങ്കടങ്ങൾക്കും പരിഹാരം.

ഇപ്പോൾ ഇതേ ഭക്തർ പ്രാർത്ഥനയിലാണ് എന്നാണ് പത്രവാർത്ത.

ഇവർ എന്താണ് പ്രാർത്ഥിക്കുന്നത്?

പ്രാർത്ഥന സായിബാബയുടെ ആരോഗ്യത്തിനുവേണ്ടിയായിരിക്കാം, അദ്ദേഹത്തിന്റെ ആയുസ്സിനുവേണ്ടിയായിരിക്കാം, അസുഖം പെട്ടെന്ന് മാറേണമേ എന്നായിരിക്കാം.

അപ്പോഴൊരു കുഞ്ഞു സംശയം.

ഇവരേത് ദൈവത്തെ വിളിച്ചാണ് പ്രാർത്ഥിക്കുന്നത്?
സായിബാബ ഭക്തരെ സംബന്ധിച്ചിടത്തോളം ദൈവം സായിബാബ തന്നെയാണ് (എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്). അപ്പോൾ ഈ ദൈവത്തിന്റെ ആയുസ്സിനുവേണ്ടിയുള്ള പ്രാർത്ഥന ആരോടായിരിക്കാം?
പ്രാർത്ഥന കേൾക്കേണ്ടയാൾ അസുഖമായി കിടപ്പാണ്, പ്രാർത്ഥന കേൾക്കുമോ എന്നുറപ്പൊന്നുമില്ല.
പ്രാർത്ഥനയാകട്ടെ, പ്രാർത്ഥന കേൾക്കേണ്ടയാളുടെ തന്നെ ആരോഗ്യത്തിനുവേണ്ടിയാണ്.

അപ്പോൾ ഈ ദൈവം പ്രാർത്ഥന കേട്ടു എന്നുതന്നെയിരിക്കട്ടെ, എന്തായിരിക്കാം ദൈവത്തിന്റെ തുടർനടപടി?

സ്വന്തം തടി രക്ഷിക്കലോ?
അതിനുപോലും സാധിക്കാത്ത ദൈവമാണോ ഭൂമി ഭരിക്കുന്ന ദിവ്യശക്തിയുള്ള അമാനുഷൻ?
മീശമാധവൻ സിനിമയിൽ മാധവൻ വിഗ്രഹം മോഷ്ടിക്കുമോ എന്ന സംശയം തോന്നിയ പൂജാരി പറയുന്ന ഡയലോഗ് ആണ് ഓർമ വരുന്നത്.


ഭഗവാനേ… നിന്നെ നീ തന്നെ കാത്തോളണേ