എന്റെ ചിന്തകൾ

Sunday, November 28, 2010

ജീവൻ പൊട്ടിത്തെറിയിലൂടെ?

ഒരു പൊട്ടിത്തെറിയിലൂടെ താനേ ജീവൻ ഉണ്ടായിവരുമോ?

നഗരത്തിലുടനീളം ഇത്തരത്തിലുള്ള ഒരു പോസ്റ്റർ കണ്ടപ്പോഴാണ്‌ ഇതെന്താ പരിപാടി എന്നൊരു ആകാംക്ഷ തോന്നിയത്‌. മാതൃഭൂമിയിൽ ഒരു ന്യൂസ്‌ കഷ്ണം കണ്ടപ്പോൾ പോയി നോക്കാൻ തീരുമാനിച്ചു. ഒന്നുമില്ലെങ്കിലും മന്ത്രിയൊക്കെ ഉൽഘടിച്ച പരിപാടിയല്ലേ.
ദിശ-2010 മൾട്ടിമീഡിയ ഷോ തുടങ്ങി
തിരുവനന്തപുരം: ശാസ്ത്രം, യുക്തി, വിശ്വാസം എന്നീ വിഷയങ്ങൾ ആസ്പദമാക്കിയുള്ള മൾട്ടിമീഡിയ പ്രദർശനമായ 'ദിശ 2010' പുത്തരിക്കണ്ടം മൈതാനത്ത്‌ മന്ത്രി വി.സുന്ദ്രേൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.വി.എബ്രഹാം അധ്യക്ഷതവഹിച്ചു. മലങ്കര ഓർത്തഡോക്‌സ്‌ സിറിയൻ ചർച്ച്‌ ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്‌ മുഖ്യസന്ദേശം നൽകി.
തിരുവട്ടാർ കൃഷ്ണൻകുട്ടി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ്‌ വർഗീസ്‌ എന്നിവർ പ്രസംഗിച്ചു. 11 മുതൽ വൈകീട്ട്‌ 7 വരെ പൊതുജനങ്ങൾക്ക്‌ പ്രവേശനം ഉണ്ടായിരിക്കും.
17, 18, 19, 20 തീയതികളിൽ കരിയർ സെലക്ഷൻ, കുടുംബജീവിതം, കുട്ടികളെ എങ്ങനെ വളർത്താം, സ്‌ട്രെസ്‌ മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളെ ആസ്പദമാക്കി രാവിലെ 11 മുതൽ ഒരുമണിവരെ സെമിനാറുകളും ഉണ്ടായിരിക്കും. പ്രദർശനം 21ന്‌ അവസാനിക്കും.


പുത്തരിക്കണ്ടം മൈതാനിയിൽ വലിയൊരു സ്റ്റാൾസമുച്ചയം കെട്ടിയിട്ടാണ്‌ പരിപാടി, കണ്ടാലറിയാം പണം ചെലവഴിക്കാൻ കപ്പാസിറ്റിയുള്ള സംഘടനകളാണ്‌ പിന്നിലെന്ന്. ഏതാണ്‌ ദിശ എന്നേ അറിയേണ്ടതുള്ളു.

പേരും നാളുമൊക്കെ എഴുതിക്കൊടുത്ത്‌ അകത്തുകടന്നപ്പോൾ ഒരു കുട്ടിസെറ്റ്‌ ആകാംക്ഷയോടെ പോസ്റ്ററുകളിൽ നോക്കി അന്തംവിട്ട്‌ നിൽക്കുന്നതുകണ്ടു. ഞാനും അവരുടെ കൂടെ കൂടി.

കൃത്യമായ വഴികൾ, എല്ലായിടത്തും പോസ്റ്ററുകൾ, അവയിലെഴുതിയവ 'വിശദീകരിക്കാൻ' ഒരു കമന്റേറ്ററും, ഇടയ്ക്കിടെ ഇക്കാര്യങ്ങൾക്കെല്ലാം കൂടുതൽ ദൃശ്യാനുഭവം നൽകാൻ മൾടിമീഡിയ പ്രെസന്റേഷൻ, അതാണ്‌ പ്രദർശനത്തിന്റെ ഘടന.


ആദ്യസെക്ഷൻ നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചാണ്‌.
നമ്മുടെ പ്രപഞ്ചം എന്നാൽ "ഇത്ര" വലുതാണെന്നും നമ്മുടെ പ്രപഞ്ചത്തിൽ കോടിക്കണക്കിന്‌ ഗ്രഹങ്ങളുണ്ടെന്നും പ്രകാശവേഗത്തിൽ സഞ്ചരിച്ചാൽപ്പോലും അടുത്ത നക്ഷത്രത്തിലെത്താൻ മനുഷ്യായസ്സ്‌ മതിയാവില്ലെന്നും പറഞ്ഞപ്പോൾ കുട്ടികൾ അദ്ഭുതത്തോടെ നോക്കിനിന്നു. പിന്നെ ഗ്യാലക്സികളുടെ വിവരണമായിരുന്നു. വിവിധതരം ഗ്യാലക്സികൾ, പടങ്ങൾ ഒക്കെയായി ഒരു പോസ്റ്റർ. അതുകഴിഞ്ഞ്‌ സൂര്യൻ, ഭൂമി എന്നിവയുടെ പ്രത്യേകതകൾ.

അടുത്ത ഊഴം ബിഗ്‌ബാംഗിന്റേതായിരുന്നു. കാര്യങ്ങൾ വിഷയത്തോട്‌ അടുക്കുന്നത്‌ ഇവിടെയാണ്‌

ബിഗ്‌ബാംഗ്‌ എന്ന പൊട്ടിത്തെറിയോടെയാണ്‌ പ്രപഞ്ചത്തിന്റെ ആരംഭം എന്ന്‌ ശാസ്ത്രം പറയുന്നു എന്ന ആമുഖമാണ്‌ ആദ്യം കേട്ടത്‌.
ബിഗ്‌ബാംഗിന്റെ ടൈംലൈൻ വിശദമാക്കുന്ന പോസ്റ്റർ. ഇന്ന സമയത്ത്‌ താപനില ഇത്രയായിരുന്നു, പിന്നീട്‌ ഇത്രയായി, പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ ഒക്കെ ഉണ്ടായി ഗ്രഹങ്ങൾ ഉണ്ടായി....... വിശദീകരണം ഇത്രമാത്രം.

അവസാനം ഒരു ചോദ്യവും. നേരത്തെ പ്രപഞ്ചത്തിന്റെ വലിപ്പവും മറ്റും നിങ്ങൾ കണ്ടതല്ലെ, ഇങ്ങിനെ ഒരു പൊട്ടിത്തെറിയിലൂടെയാണ്‌ ഇതൊക്കെ ഉണ്ടായതെന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ? ഉത്തരവും കമന്റേറ്ററുടേത്‌ തന്നെ ഇല്ല.
കമന്റേറ്റർ തുടർന്നു. നമുക്കറിയാം, ഒരു പൊട്ടിത്തെറിയിൽ സംഭവിയ്ക്കുന്നത്‌ സാധനങ്ങൾ ചിതറിത്തെറിക്കുകയാണെന്ന്‌. അങ്ങിനെ ചിതറിത്തെറിച്ച്‌ ഇക്കാണുന്ന സങ്കീർണ്ണമായ പ്രപഞ്ചം ഉണ്ടാകുമോ? ചിന്തിക്കൂ.
ഞാനൊരു കുഞ്ഞുസംശയം ചോദിച്ചു. ബിഗ്‌ബാംഗ്‌ എന്നാൽ പൊട്ടിത്തെറിയാണെന്ന്‌ നിങ്ങളോടാരാണ്‌ പറഞ്ഞത്‌?
ഉത്തരം സഹായിയായി നിന്ന ഒരാളുടേതായിരുന്നു.
നമുക്കറിയാം ഇവിടെ എന്തുമാത്രം എനർജി ഉണ്ടെന്ന്‌. സൂര്യനിൽ നിന്നുതന്നെ എത്രയോ ഊർജം നമുക്ക്‌ ലഭിയ്ക്കുന്നുണ്ട്‌. ഇക്കാണുന്ന വലിയ ഗ്രഹങ്ങളും പദാർത്ഥങ്ങളും ഊർജവുമൊക്കെ എങ്ങിനെയാണ്‌ ഒരു മൈന്യൂട്ട്‌ പോയിന്റിൽ എത്തിയത്‌? ഇതൊന്നും ശാസ്ത്രം പറയുന്നേയില്ല.

ചോദ്യവും ഉത്തരവും തമ്മിൽ ബന്ധമൊന്നും കണ്ടില്ല. ബിഗ്‌ബാംഗിനെക്കുറിച്ച്‌ അൽപമെങ്കിലും വായിച്ചുനോക്കൂ എന്നൊരു വാചകത്തോടെ ഞാൻ ചർച്ച നിർത്തി നടന്നുനീങ്ങി.
Meanwhile, കമന്റേറ്റർ അടുത്ത ബാച്ചിനുള്ള പ്രസംഗത്തിലാണ്‌. ഈ പൊട്ടിത്തെറിയിൽ നിന്നും ഉണ്ടായ ഒരു ചെറിയ കഷ്ണമാണ്‌ ഭൂമി എന്ന്‌ നിങ്ങൾക്ക്‌ കരുതാനാവുമോ എന്നൊരു ചോദ്യം കൂടി കേട്ടു.
ഓഹോ, അപ്പോൾ കാര്യം ഇതാണ്‌. ഇക്കണ്ട പദാർത്ഥങ്ങളെല്ലാം കൂടി ഞെക്കിപ്പിഴിഞ്ഞ്‌ സത്ത മാത്രമാക്കി ഒരു ആറ്റത്തിന്റെ വലിപ്പത്തിലേയ്ക്കെത്തിച്ച്‌ പൊട്ടിച്ചതാണ്‌ ബിഗ്‌ബാംഗ്‌. ഹാവൂ, സമാധാനമായി.

പിന്നീട്‌ കണ്ട പോസ്റ്റർ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയെക്കുറിച്ചായിരുന്നു. ആന്ത്രോപ്പിക്‌ കോൺസ്റ്റന്റുകൾ വെച്ചൊരു കളി.

ഭൂമിയുടെ അന്തരീക്ഷത്തിൽ 21% ഓക്സിജൻ ആണ്‌. അതെങ്ങാൻ 15% ആയാൽ നമ്മളൊക്കെ ശ്വാസം കിട്ടാതെ മരിക്കും. 25% ആയാലോ, ഒരു സ്പാർക്ക്‌ മതി, ഭൂമി മുഴുവൻ കത്തിച്ചാമ്പലാകും.അയ്യൊ, അതൊരു സംഭവം തന്നെ. അപ്പോൾ ഓക്സിജൻ ഇങ്ങിനെ നിലനിൽക്കുന്നതിനാലാണ്‌ ഭൂമി തന്നെ നിലനിൽക്കുന്നത്‌. മനുഷ്യനുവേണ്ടിയാണ്‌ ഭൂമിയിൽ ഓക്സിജൻ എന്നതും പുതിയ അറിവാണ്‌.ഗുരുത്വാകർഷണം ഇന്ന ശതമാനം (Decimal point കഴിഞ്ഞുള്ള പൂജ്യങ്ങൾ എണ്ണാൻ സമയം കിട്ടിയില്ല) കൂടുകയോ കുറയുകയോ ചെയ്താൽ സൂര്യൻ നിലനിൽക്കില്ല.ഓഹോ, അങ്ങിനെയാണോ കാര്യം. ഈ ഗുരുത്വാകർഷണം എന്ന് പറയുന്നത്‌ വസ്തുവിന്റെ mass അനുസരിച്ചാണെന്നാണ്‌ ഞാൻ പഠിച്ചിട്ടുള്ളത്‌. ഇതിലിപ്പൊ ഏത്‌ ഗുരുത്വാകർഷണശക്തിയെക്കുറിച്ചാണ്‌ പറയുന്നത്‌? സൂര്യന്റെയോ ഭൂമിയുടേയോ മറ്റുവല്ലതിന്റേതുമോ?

വീണ്ടും കമന്റേറ്റർ വക ചോദ്യം
ഇതെല്ലാം ഇങ്ങിനെ സന്തുലിതമായി ഇരിയ്ക്കുന്നത്‌ വെറുതെയങ്ങ്‌ ഉണ്ടായിവന്നതാണോ? അതോ ഒരു ബുദ്ധിമാനായ സ്രഷ്ടാവിന്റെ രൂപകൽപനയാണോ?
സംശയമെന്ത്‌
(വീണ്ടും ഉത്തരം പറയുന്നത്‌ ചോദ്യകർത്താവ്‌ തന്നെ), ഇതെല്ലാം ഒരു സ്രഷ്ടാവിന്റെ രൂപകൽപനയാണ്‌. ഇതെല്ലാം മനുഷ്യനുവേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നതാണ്‌.

മനുഷ്യാ, നീ മണ്ണല്ല, പാപിയല്ല. ഈ ലോകം മുഴുവൻ നിനക്ക്‌, നിനക്കുവേണ്ടി മാത്രം, ഉള്ളതാകുന്നു.

ഞാനധികം നിന്നില്ല, ഒരു മൾടിമീഡിയ ഷോ കാത്തിരിക്കുന്നു.
ഞാൻ അകത്ത്‌ കയറി. ആദ്യഷോ പ്രപഞ്ചത്തിന്റെ സങ്കീർണ്ണതയെക്കുറിച്ച്‌. കുറേ ആനിമേഷൻ സംഭവങ്ങളും ചിത്രങ്ങളുമൊക്കെയായി ഒരു ജഗപൊക.

ഷോ കഴിഞ്ഞ്‌ പുറത്തെത്തിയപ്പോൾ പിന്നെ കാണാവുന്നത്‌ ഭൂമിയിലെ ജീവനെക്കുറിച്ചാണ്‌. ഭൂമിയിൽ എന്തല്ലാം ഉണ്ടെന്നും ജീവിവർഗ്ഗത്തിന്റെ വൈവിധ്യവും ഒക്കെയായി ചില പോസ്റ്ററുകൾ.

അതിനുശേഷം അടുത്ത മൾടിമീഡിയ ഷോ. കുറേ വീഡിയോ ദൃശ്യങ്ങൾ, (നാഷണൽ ജ്യോഗ്രാഫിക്കും അനിമൽ പ്ലാനറ്റുമൊക്കെ ഉള്ളപ്പോൾ വീഡിയോ ദൃശ്യങ്ങൾക്കാണോ പഞ്ഞം) ഡിഎൻഏ ഘടന, അതിന്റെ സങ്കീർണ്ണത....
കണ്ണ്‌ ബൾബാക്കി ഇരുന്നുകണ്ടു. ശ്ശെടാ, ഇവന്മാർക്ക്‌ പരിണാമം എന്നത്‌ ഒരു കഥയല്ലായിരിക്കുമോ? അതേക്കുറിച്ചൊന്നും കണ്ടില്ല?
ഏറെ വിഷമിക്കേണ്ടിവന്നില്ല.

അടുത്ത സെക്ഷൻ പരിണാമത്തിനുള്ളതാണ്‌. പരിണാമം എന്നാൽ ചുമ്മാ അങ്ങ്‌ ഉണ്ടായി വരുന്നതാണ്‌. ഡിഎൻഎ പോലൊരു സാധനം ചുമ്മാ ഉണ്ടായി വരുമോ?

ചില ഇക്വേഷനുകളും കണ്ടു.

പദാർത്ഥം+സമയം+പ്രപഞ്ചനിയമങ്ങൾ+പ്രകൃതിശക്തികൾ+യാദൃശ്ചികസംഭവങ്ങൾ=ജീവൻ എന്നതാണോ ശരി പദാർത്ഥം+ബുദ്ധിമാനായ ഡിസൈനർ+സമയം=ജീവൻ ഇതാണൊ ശരി.
കോളേജിൽ പഠിക്കുന്ന പ്രായം തോന്നിയ്ക്കുന്ന ഒരു കുട്ടിയാണ്‌ എക്സ്പർട്ട്‌.

ഇവിടെയും എന്റെ ക്ഷമ ചെറുതായൊന്ന്‌ വഴിവിട്ടു. ഞാൻ ചോദിച്ചു.
ഈ ബുദ്ധിമാനായ ഡിസൈനർ ഉണ്ടെങ്കിൽ സമയം എന്തിനാണ്‌? ചുമ്മാ അങ്ങ്‌ ഉണ്ടാക്കിയാൽ പോരേ?
പാവം കൊച്ച്‌, ഒന്ന്‌ വിരണ്ടോ എന്നൊരു സംശയം. അവർ പറഞ്ഞു അതുതന്നെയാണ്‌ കാര്യം. ഇതിൽ സമയം ഒരു ഫാക്റ്റർ അല്ല

അതെനിക്കത്ര സുഖകരമായി തോന്നിയില്ല. ഞാൻ വീണ്ടും ചോദിച്ചു. "ഭൂമിയിൽ ജീവൻ ഉണ്ടായിട്ട്‌ മൂന്നര ബില്യൺ വർഷങ്ങളിലധികമായെന്നാണല്ലൊ ശാസ്ത്രം പറയുന്നത്‌"
കൊച്ച്‌ വീണ്ടും പറഞ്ഞു. "അതത്ര വിശ്വസിക്കാമോ, കാർബൺ ഡേറ്റിങ്ങ്‌ ഒക്കെ വിശ്വസനീയമാണോ"
ഹൗ, ഇതൊരു വഴിക്ക്‌ പോകില്ല. "പഴയ ഫോസിലുകളുടെ കാലഗണന കാർബൺ ഡേറ്റിങ്ങ്‌ ഉപയോഗിച്ചാണ്‌ നിർണ്ണയിക്കുന്നതെന്ന്‌ ആരാ പറഞ്ഞത്‌?"
ഇത്തവണ കമന്റേറ്റർ കുട്ടി ആശയക്കുഴപ്പത്തിലായി. "എനിക്ക്‌ അത്‌ വലിയ പിടിയില്ല, സംശയങ്ങൾ അപ്പുറത്ത്‌ ചോദിച്ചോളൂ"
അൽപം കൂടി പ്രിപറേഷൻ ആവാം എന്നൊരു കമന്റോടെ എന്റെ കമന്ററി അവസാനിപ്പിച്ചു. പുറത്തേയ്ക്കിറങ്ങാനുള്ള വഴികൾ അന്വേഷിക്കലായി അടുത്ത പടി.


പിന്നീടുള്ള വഴി നിറയെ പോസ്റ്ററുകളുടെ സ്വഭാവം അൽപം വ്യത്യസ്തമാണ്‌. മനുഷ്യൻ പാപിയായാണ്‌ ജനിക്കുന്നത്‌, അരുതാത്തത്‌ ചെയ്തു, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.....

അത്ര പെട്ടെന്ന്‌ ഇറങ്ങാൻ എനിക്ക്‌ സാധിച്ചില്ല.

ഒരു ഭാഗത്ത്‌ കുറച്ചുപേരെ ഇരുത്തി വലിയൊരു പ്രസംഗം നടത്തുന്നുണ്ട്‌. അത്‌ കേൾക്കാതെ കടന്നുപോകാൻ അനുവാദമില്ല. മുഴുവൻ കേട്ട്‌ നിന്നു. വിഷയം അതുതന്നെ. ഏറ്റവും കഷ്ടമായി തോന്നിയത്‌ Accept that you are a sinner എന്ന ആശയമാണ്‌.

ഒരു ഫൈനൽ മൾടിമീഡിയ പ്രസന്റേഷൻ കൂടിയുണ്ടായിരുന്നു. യേശുവിന്റെ കുരിശുമരണവും മറ്റും വിശദമായി കാണിയ്ക്കുന്ന സെക്ഷൻ. അവിടെ പുറത്തേയ്ക്കുള്ള വഴിയിൽ ഒരു ബോർഡ്‌ വെച്ച്‌ അടച്ചിട്ടുണ്ട്‌, ആ സിനിമ മുഴുവൻ കാണാതെ പുറത്തേയ്ക്കിറങ്ങാൻ സാധിയ്ക്കില്ലപോലും. (മറ്റൊരിടത്തും ഇടയ്ക്ക്‌ ഇറങ്ങുന്നതിൽ കുഴപ്പമില്ല).

ഞാൻ കണ്ട രംഗം യേശുവിനെ കുരിശിൽ തറയ്ക്കുന്നതുതന്നെയായിരുന്നു. കുട്ടികൾക്ക്‌ കാണാൻ പാകത്തിൽ ശരീരം മുഴുവൻ രക്തമൊലിപ്പിച്ച രൂപത്തെ (നടനെ) കുരിശിലേറ്റുന്ന രംഗം. ഒരു വിധത്തിൽ ഞാൻ പുറത്തെത്തി, ബോർഡ്‌ ഒന്ന്‌ ചെരിച്ചുവെച്ച്‌ തന്നെ.


പുറത്തേയ്ക്കിറങ്ങാനുള്ളയിടത്ത്‌ ഒരു കടമ്പ കൂടിയുണ്ട്‌, ഫീഡ്‌ബാക്ക്‌. എനിക്ക്‌ ഒന്നേ എഴുതാനുണ്ടായിരുന്നുള്ളു.

ഇങ്ങിനെ ശാസ്ത്രം തെറ്റായി പറഞ്ഞുകൊടുത്ത്‌ കുട്ടികളെക്കൂടി വഴിതെറ്റിയ്ക്കരുതേ ദയവായി.

+++++++++++++++++++++++++++++++++++++++++

ദൈവവിശ്വാസം എന്തോ ആകട്ടെ, ശാസ്ത്രം പറയുന്ന കാര്യങ്ങൾ തെറ്റിദ്ധരിപ്പിയ്ക്കുംവിധം അവതരിപ്പിച്ച്‌ (പലപ്പോഴും തെറ്റായ വിവരം നൽകി) ഇതെല്ലാം തെറ്റാണെന്ന്‌ തെളിയിച്ച്‌ ആളെക്കൂട്ടുന്നതെന്തിന്‌?
ശാസ്ത്രം പറയുന്ന ഒരുപാട്‌ കാര്യങ്ങൾ (പ്രപഞ്ചം എത്ര വിശാലം, സൂര്യനിൽ എന്ത്‌ സംഭവിയ്ക്കുന്നു, ആറ്റത്തിന്റെ ഘടനയെന്ത്‌, ഡിഎൻഎയുടെ ഘടനയെന്ത്‌ തുടങ്ങിയവ) അവർക്ക്‌ നൂറുശതമാനം ശരിയാണ്‌. പക്ഷെ മറ്റുപലതും, വേദപുസ്തകങ്ങളിലുള്ളവയെ അപ്രസക്തമാക്കുന്നവ, സ്വീകാര്യമല്ലതാനും. അതിനായി അവർ കണ്ടെത്തുന്ന വഴിയോ?


ഒരു ഫൈനൽ ചോദ്യം കൂടി.
ഒരു മതവിശ്വാസസംബന്ധമായ കാര്യത്തിന്‌ മന്ത്രി സംബന്ധിക്കുന്നതും ഉൽഘാടനം ചെയ്യുന്നതും മനസിലാക്കാം. പക്ഷെ ശാസ്ത്രത്തെ തെറ്റിദ്ധരിപ്പിച്ച്‌ നടത്തുന്ന ഒരു മതപ്രചരണസംരംഭത്തിന്‌ മന്ത്രി എന്തിന്‌ കൂട്ടുനിൽക്കണം?

Wednesday, November 10, 2010

ഇതിലെന്താ കേസ്‌?

മാതൃഭൂമിയിലെ ന്യൂസ്‌....


ശബരിമല ദേവപ്രശ്‌ന കേസ്‌: ജയമാല മൂന്നാം പ്രതി



കോട്ടയം: ശബരിമലയിൽ 2006ൽ നടന്ന വിവാദ ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട കേസിൽ കന്നട സിനിമാനടി ജയമാലയെ ക്രൈംബ്രാഞ്ച്‌ മൂന്നാം പ്രതിയായി ചേർത്തു. കേസിൽ 15-ാ‍ം തീയതിക്കുള്ളിൽ റാന്നി ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.


ജ്യോ‍ത്സ്യൻ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തിൽ നടന്ന ദേവപ്രശ്‌നത്തിൽ, ശബരിമലയിൽ സ്ത്രീസാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന പരാമർശം വൻ വിവാദത്തിനിടയാക്കിയിരുന്നു. ഈ പരാമർശം സാധൂകരിക്കാനായി പണിക്കരും ജയമാലയും ചേർന്ന്‌ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്‌. ശബരിമലയിൽ ദർശനം നടത്തിയപ്പോൾ താൻ ശ്രീകോവിലിനുള്ളിൽ കയറി അയ്യപ്പവിഗ്രഹത്തെ തൊട്ടെന്ന്‌ അവകാശപ്പെട്ട്‌ ജയമാല ഫാക്‌സ്‌ സന്ദേശം അയയ്ക്കുകയും ചെയ്തു. ഇത്‌ ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. ജ്യോ‍ത്സ്യന്റെ വെളിപ്പെടുത്തലിന്‌ വിശ്വാസ്യത നൽകാനാണ്‌ ഇത്തരത്തിൽ ഗൂഢാലോചന നടത്തിയത്‌. മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയതിനാണ്‌ ജയമാലയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്‌.


കേസിൽ ഉണ്ണിക്കൃഷ്ണപ്പണിക്കർ ഒന്നാം പ്രതിയും സഹായി രഘുപതി രണ്ടാം പ്രതിയുമാണ്‌

**********************************************


ഉണ്ണികൃഷ്ണപ്പണിക്കർ ഒന്നാം പ്രതി, ജയമാല മൂന്നാം പ്രതി. എന്താണ്‌ കേസ്‌?


ഒന്നാം പ്രതി ദേവപ്രശ്നം വെച്ചു, സ്ത്രീസാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി, അത്‌ ഞമ്മളാണ്‌ എന്നുപറഞ്ഞ്‌ മൂന്നാം പ്രതി വന്നു, അത്‌ ഒരു ഒത്തുകളി ആണെന്ന് ആരോപിക്കപ്പെട്ടു, മൂന്നാം പ്രതി നുണ പറഞ്ഞതാണത്രെ.

ഒരു ക്രൈം നടന്നാൽ അതിൽ ആർക്കെങ്കിലും ലാഭം ഉണ്ടാകണം.

ഇതിൽ ഉണ്ണികൃഷ്ണപ്പണിക്കർക്ക്‌ എന്താണ്‌ നേരിട്ടുള്ള ലാഭം? ഒന്നുമില്ല.

ജയമാലയ്ക്ക്‌? അൽപം പ്രശസ്തി.... അതിനപ്പുറം? ഒന്നുമില്ല.
അത്‌ കേസാക്കണോ? അതിനും മാത്രം എന്തെങ്കിലും അതിലുണ്ടെന്ന് തോന്നുന്നില്ല.

Indirect benefit ഉണ്ടായിരിക്കാം, ഉണ്ണികൃഷ്ണപ്പണിക്കർക്ക്‌. കൂടുതൽ അമ്പലങ്ങൾ ഇത്തരത്തിൽ പ്രശ്നവുമായി വന്നേയ്ക്കാം. അതിലിത്ര കേസാക്കാൻ എന്തെങ്കിലുമുണ്ടോ?
പരസ്യങ്ങളും അവയിലൂടെ വരുന്ന ടെസ്റ്റിമോണിയലുകളും അതുതന്നെയല്ലേ ചെയ്യുന്നത്‌? അമ്പലങ്ങൾ വരെ പരസ്യം ചെയ്യുന്നു, ടെസ്റ്റിമോണിയൽ ഒപ്പിച്ചെടുക്കുന്നു. ചില അമച്വർ നടീനടന്മാരെ വെച്ച്‌ കുബേർകുഞ്ചിക്കും മറ്റും ടെസ്റ്റിമോണിയലുകൾ (വക്കീലായും ബിസിനസുകാരനായും ഒക്കെ അമച്വർ നടന്മാർ അഭിനയിയ്ക്കുന്നതാണെന്ന് ആർക്കുമറിയാം) ഇഷ്ടം പോലെ ഇറങ്ങുമ്പോഴാണ്‌ ഇത്‌.

പൊതുഖജനാവിന്‌ നഷ്ടം വല്ലതും?


ഉണ്ട്‌, പക്ഷെ അങ്ങിനെയെങ്കിൽ ആദ്യപ്രതി ദേവപ്രശ്നം വെയ്ക്കാൻ തീരുമാനിച്ച ഗ്രൂപ്പ്‌ തന്നെയാണ്‌.

പൊലീസ്‌ കേസന്വേഷിച്ചു എന്നതിന്റെ ചെലവുണ്ട്‌. ഈയൊരു കേസിൽ പൊലീസ്‌ ഇടപെടേണ്ട കാര്യമുണ്ടായിരുന്നോ എന്നതുതന്നെ ഒരു ചോദ്യമാണ്‌. ജയമാല വിഗ്രഹത്തിൽ തൊട്ടു എന്നത്‌ ക്രിമിനൽ കുറ്റമല്ല. തൊട്ടിട്ടുണ്ടെങ്കിൽ അതന്വേഷിക്കേണ്ടത്‌ ശബരിമല അധികൃതരല്ലേ? അപ്പോൾ പൊലീസിനെ ഇടപെടീച്ചതിലും കുറ്റക്കാർ ഈ മൂന്നുപേരുമല്ല.

പിന്നെയുള്ളത്‌ ഗൂഢാലോചനയുടെ കാര്യമാണ്‌.

എത്രയോ കൂടിയാലോചനകൾ നടക്കുന്നു. പലതിന്റെയും ഫലങ്ങൾ പുറത്തുവരാറുമുണ്ട്‌. രാഷ്ട്രീയപാർട്ടികൾ തന്നെ ക്ലോസ്‌ഡ്‌ റൂം മീറ്റിങ്ങുകൾ നടത്താറുണ്ട്‌, പ്രത്യേകിച്ചും രാഷ്ട്രീയപ്രശ്നങ്ങളിൽ അവരുടെ തന്ത്രപരമായ നീക്കം എങ്ങിനെയായിരിക്കണം എന്ന് തീരുമാനിക്കാൻ. അതിന്റെ ഫലങ്ങൾ പുറത്ത്‌ കൊണ്ടുവരാറുമുണ്ട്‌, പ്രഖ്യാപനങ്ങളായോ ആക്ഷൻ പ്ലാൻ ആയോ. പൊതുജനത്തിന്‌ വലിയ പ്രശ്നം ഉണ്ടാക്കാത്തിടത്തോളം അവയൊന്നും ക്രിമിനൽ കുറ്റമാകാറില്ല.
 
ഈയൊരു ഗൂഢാലോചന കൊണ്ട്‌ ആർക്കെങ്കിലും നഷ്ടമുണ്ടായോ?


ഉണ്ടായി എന്ന് പറയുന്ന ഒരേയൊരു ഐറ്റം വിശ്വാസികളുടെ വികാരം വ്രണപ്പെട്ടു എന്നതാണ്‌. ആകെമൊത്തം ഒരേയൊരു നഷ്ടം.

നമുക്ക്‌ ഒരിക്കൽക്കൂടി ആ സംഭവശൃംഖല ഒന്ന് നോക്കാം.

ദേവപ്രശ്നം നടക്കുന്നു, സ്ത്രീസാന്നിദ്ധ്യം ഉണ്ടെന്ന് വിധിക്കപ്പെടുന്നു, അതാരെന്ന് ആ വ്യക്തി തന്നെ പുറത്ത്‌ പറയുന്നു, പിന്നീടത്‌ നുണയാണെന്ന് തെളിയിയ്ക്കപ്പെടുന്നു (എന്നുതന്നെ കരുതാം).

വിശ്വാസികളുടെ വികാരം എങ്ങിനെയാണ്‌ വ്രണപ്പെട്ടത്‌?

സംഭവം ഒന്ന് തിരിച്ച്‌ ആലോചിക്കാം.

ദേവപ്രശ്നം നടക്കുന്നു, സ്ത്രീസാന്നിദ്ധ്യം ഉണ്ടെന്ന് വിധിക്കപ്പെടുന്നു, അതാരെന്ന് ആ വ്യക്തി തന്നെ പുറത്ത്‌ പറയുന്നു, പിന്നീടത്‌ സത്യമാണെന്ന് തെളിയിയ്ക്കപ്പെടുന്നു.

അപ്പോൾ വിശ്വാസികളുടെ വികാരം വ്രണപ്പെടില്ലേ? അപ്പോഴും ഇതേ പോലീസ്‌ കേസെടുക്കുമോ? അന്വേഷണത്തിൽ അവിടെയും ഒരു ഗൂഢാലോചന (ജയമാലയും ശബരിമല ദേവസ്വം അധികൃതരും തമ്മിൽ ഒരു അണ്ടർസ്റ്റാന്റിങ്ങ്‌) ഉണ്ടായെന്ന് തെളിഞ്ഞാൽ പൊലീസ്‌ കേസെടുക്കുമോ?



ജയമാല വിഗ്രഹത്തിൽ തൊട്ടിട്ടുണ്ടെങ്കിലല്ലേ വിശ്വാസികളുടെ വികാരം വ്രണപ്പെടേണ്ടത്‌. ഇതിപ്പൊ തൊട്ടില്ലെങ്കിലും അങ്ങിനെ പറഞ്ഞു എന്നതായി വ്രണപ്പെടൽ. ഒരു കണക്കിന്‌ വിശ്വാസികൾക്ക്‌ ആശ്വാസമാകുകയല്ലേ വേണ്ടത്‌, സ്ത്രീസാന്നിദ്ധ്യം ഉണ്ടായില്ല എന്നതിൽ. ഇതെന്ത്‌ വികാരമാണാവോ...



*****************************************************
Finally, ഒരു ചോദ്യം കൂടി. ഇത്‌ പലരും ചോദിച്ചിട്ടുള്ളതാണ്‌, എന്റെ വക കൂടി ഒന്ന് കിടക്കട്ടെ.

ഒരു സ്ത്രീസാന്നിദ്ധ്യം ഉണ്ടായി എന്നതുകൊണ്ട്‌ കോപിക്കാൻമാത്രം നിലവാരമേയുള്ളു ദൈവത്തിന്‌ എന്നുണ്ടോ?